കഴിഞ്ഞ വർഷം ജനുവരി 7-നായിരുന്നു ഞാൻ അവളെ ആദ്യമായി കാണുന്നത്. അതിലും ഏതാനും മാസങ്ങൾ മുൻപേ ഞങ്ങൾ ഫോണിലൂടെയും എഫ് ബി കമന്റുകളിലൂടെയും സംവദിച്ചു. ആദ്യ ഫോൺ വിളി തന്നെ മണിക്കൂറുകളോളം നീണ്ടുപോയത് അറിഞ്ഞതേയില്ല. അപരിചിതത്വത്തിന്റെ ലാഞ്ഛന പോലും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. ഗൂഗിൽ പ്ലസ് കാലത്ത് ഒന്നോ രണ്ടോ വട്ടം അവളുടെ പേര് ഒരു പൊതുസുഹൃത്തിൽ നിന്നും കേട്ടിട്ടുണ്ട് എന്നതല്ലാതെ അവളെ കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. ഫെയ്സ്ബുക്ക് ചുപ്ല വന്നപ്പോഴാണ് ഇങ്ങനെയൊരു കക്ഷിയെ ശ്രദ്ധിക്കുന്നത് പോലും. ശാരി ശാന്താനാഥൻ എന്നാണ് പേര്. ഞാൻ സരി എന്ന് വായിച്ചുകൊണ്ടേയിരുന്നു. പ്രൊഫൈൽ ചെന്ന് നോക്കിയപ്പോൾ മഞ്ഞ് പെയ്യുന്ന നാടുകളിലൊക്കെ നിന്നുള്ള കുടുംബ ഫോട്ടോകൾ. ന്റെ പൊന്നോ... വല്യ മൊതലാ.. മൈന്റാക്കണ്ട എന്നോർത്ത് മിണ്ടാതെ പോന്നു. ഞാൻ ഒന്നോ രണ്ടോ വട്ടമേ ഈ പേര് കേട്ടിട്ടുള്ളായിരുന്നു എങ്കിലും പൊതുസുഹൃത്തിൽ നിന്നും യഥേഷ്ടം അവൾ എന്റെ പേര് കേട്ടിരുന്നു. നല്ലതും ഇച്ചിരെ ചീത്തതുമായി കേട്ടതിൽ ആ ചീത്തതിൽ മാത്രം മനസുടക്കിയ അവൾ നേരത്തേ കാലത്തേ “ഈ മൊതലിനെ വിട്ടുകളയാതെ കൂടെ കൂട്ടും” എന്ന് എന്നെ സ്കെച്ച് ചെയ്തിരുന്നു! അതൊക്കെ പിന്നീടവൾ പറഞ്ഞറിഞ്ഞത്.
എന്നിട്ടും അവൾ എന്നോട് മിണ്ടാൻ പിന്നെയും വർഷങ്ങളെടുത്തു! അവൾ മിണ്ടിയപ്പോഴേ പ്രൊഫൈൽ നോക്കിയ ഞാൻ എന്തുകൊണ്ടോ അവളുടടുത്ത് കൊത്തുകോഴിയെ പോലെ ചെറയാനാണ് നിന്നത്. സ്കെച്ച് ഇട്ടാൽ പിന്നെ കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചുറച്ച അവൾക്ക് എന്റെ ചെറയലൊക്കെ എന്ത്?! എന്റെ കണ്ടാൽ പ്രായം തോന്നാത്തതിനെ കുറിച്ച് നന്നായൊന്ന് പ്രശംസിച്ചു! എനിയ്ക്കതങ്ങ് ക്ഷ സുഖിച്ചു! ഞാൻ ഫ്ലാറ്റ്!! പിന്നെ കുഞ്ഞാടായി അവളോട് കമന്റിൽ മറുപടി പറഞ്ഞു. സ്കൂൾ കൂട്ടുകാരിയുടെ മകളുടെ ഐ.എ.എസ്.കോച്ചിംഗിനെ കുറിച്ച് ഒരു പോസ്റ്റിട്ടപ്പോഴാണ് ഇവൾ വീണ്ടും സഹായഹസ്തവും കൊണ്ട് ഓടി വന്നത്. നമ്പർ തന്ന് വിളിക്കാൻ പറഞ്ഞു. ബാല്യകാലകൂട്ടുകാരിയുടെ മകൾക്ക് വേണ്ടിയായതിനാൽ വേഗം വിളിച്ചു. മണിക്കൂറുകൾ നിമിഷങ്ങളാകുക എന്നൊക്കെ പറഞ്ഞാൽ അതാണ്. ഫോൺ കട്ട് ചെയ്യുമ്പോൾ മൂന്ന് മണിക്കൂറിലധികമായി ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്നൊരു തോന്നൽ പോലുമുണ്ടായില്ല! പിന്നെയും പറയാൻ എന്തൊക്കെയോ ബാക്കി! ദിനവും വിളിയും മണിക്കൂറുകൾ നിമിഷങ്ങളാകലും അനർഗളം നടന്നു കൊണ്ടേയിരുന്നു. ഒരു വിഷയത്തിൽ തുടങ്ങി ഉപവിഷയവും അതിന്റെ ഉപവിഷയവും പിന്നതിന്റെ ശാഖാവിഷയവും അങ്ങനെയങ്ങനെ പറയാൻ വന്നതെന്തെന്ന് മറന്ന് ഞങ്ങൾ നിത്യവും ഫോൺ വെച്ചു.
അങ്ങനെയിരിക്കെയാണ് അവൾ നാട്ടിലേയ്ക്ക് വരുന്നെന്ന് പറഞ്ഞത്. വരുമ്പോൾ കാണാമെന്ന് ഞാനും. ജനുവരി എട്ടിനോ ഒമ്പതിനോ തിരികെ പോകുന്ന അവൾ അതിലും മുൻപേ എന്നെയും അമ്മയേയും കാണാൻ വരും കണ്ടിട്ടേ പോകൂ എന്ന് ഉറപ്പ് പറഞ്ഞു.
ഡൽഹിയിൽ നിന്ന് അവൾ നാട്ടിലെത്തിയപ്പോഴും ഞാൻ നാട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ നിന്നും എന്റെ ടിക്കറ്റ് ജനുവരി ആറിനായിരുന്നു. ഏഴിന് രാവിലെയേ ഞാനെത്തൂ എന്ന് പറഞ്ഞപ്പൊഴേ അവൾ പറഞ്ഞു “ഇത്തവണ കാണാൻ വരാനൊക്കില്ലഡീ.. മത്തായിയ്ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നു. ഞങ്ങൾ 5-ന് തിരികെ പോകും. കാണലൊക്കെ ഇനി അടുത്ത തവണ വരുമ്പോഴാകാം” എന്ന്. അയ്യ്യോ.. കാണാനൊക്കില്ലല്ലോ ഇനി അടുത്ത വരവ് എന്നാണോ ഉണ്ടാകുക എന്നൊരു വിഷമം മനസിൽ വന്നു. എങ്കിലും മത്തായിയ്ക്ക് ജോലിസംബന്ധമായി തിരികെ പോകേണ്ടി വരുമ്പോൾ പിന്നെ അവൾക്കും കൂടെ പോകാതിരിക്കാനൊക്കില്ലല്ലോ..
പുട്ടിന് പീര പോലെ അവളും ആമിയും എയർപോർട്ടിലിരിക്കുന്നതിന്റെയും കാറിലിരിക്കുന്നതിന്റെയുമൊക്കെ ഫോട്ടോകൾ ഇട്ടുകൊണ്ടേയിരുന്നു. ശാരി കാണാൻ വരും എന്നെ കണ്ടില്ലെങ്കിലും അമ്മയെയെങ്കിലും കണ്ടിട്ടേ അവൾ പോകൂ എന്ന് പറഞ്ഞിരുന്ന എന്നോട് അവൾ തിരികെ പോകുന്നതിന്റെ ഫോട്ടോ ഇട്ടെന്ന് പറഞ്ഞപ്പോൾ “അല്ലേലും നിന്റെ കൂട്ടുകാരുടെ വാക്കൊന്നും വിശ്വസിക്കാനൊക്കില്ല എന്ന് അമ്മ എന്നെ കളിയാക്കി.
ഏഴിന് രാവിലെ യാത്രാക്ഷീണം ഉറങ്ങിത്തീർത്ത് കിടക്കയിൽ നിന്നും എണീക്കണോ വേണ്ടയോ എന്ന് മേല്ക്കൂരയും നോക്കി ചിന്തിച്ച് കിടക്കുമ്പോൾ മനസിൽ പെട്ടന്നൊരു ഉൾവിളി! ‘ചിലപ്പോൾ ശാരി എന്നെ പറ്റിക്കാൻ പറഞ്ഞതാണെങ്കിലോ അഞ്ചാം തിയതി പോയെന്ന്? അവൾ എനിയ്ക്കൊരു സർപ്രൈസ് വിസിറ്റ് തരാനാണെങ്കിലോ? ഹേയ്.. എന്നാലും അവൾക്ക് വന്നാൽ എന്നെ വിളിക്കാണ്ട് വീട്ടിലെത്താനൊക്കില്ല. അതുകൊണ്ട് അവളുടെ സർപ്രൈസ് പൊളിയും’ അങ്ങനെ മനസിലുറപ്പിച്ച് പിന്നെയും ഉറങ്ങണോ എഴുന്നേല്ക്കണോ എന്നുള്ള കൂലങ്കഷമായ ചിന്തയിലേയ്ക്ക് ഞാൻ തിരികെ പോകുമ്പോഴാണ് “മോളേ...ഇതാ...” എന്ന് അമ്മയുടെ ഉറക്കെയുള്ള അപൂർണ്ണമായ വിളി കേട്ടത്. എന്താണാവോ.. എന്നും വെച്ച് എഴുന്നേല്ക്കണോന്ന് പിന്നെയും ആലോചിച്ച് ഇനിയും വിളിക്കുകയാണെങ്കിൽ എഴുന്നേല്ക്കാമെന്ന് ചിന്തിച്ച് അമ്മയുടെ അടുത്ത വിളിക്കായി കാതോർത്ത് കിടന്ന എന്നെ ഞെട്ടിച്ചു കൊണ്ട് “എണീക്കഡീ പോത്തേ” എന്നും പറഞ്ഞുള്ള ചിരിയും കർട്ടൻ മാറലുമാണുണ്ടായത്. എന്റെ കിടപ്പുമുറിയുടെ കർട്ടനിൽ നിറയെ ചിലങ്ക മണി കെട്ടി വെച്ചിരിക്കുന്നതിനാൽ അവളുടെ ചിരിയും ചിലങ്കമണികളുടെ കിലുക്കവും ഒരേ പോലെയിരുന്നു!
അപ്രതീക്ഷിതമായി, എന്റെ നിഗമനത്തെ തെറ്റിച്ചുകൊണ്ട് അവൾ നേരെ വീട്ടിലേയ്ക്ക് കയറി വന്നു! ഞങ്ങൾക്കിടയിൽ ഒരു പൊതുസുഹൃത്തുണ്ടെന്നും പലവട്ടം എന്റെ വീട്ടിൽ വന്നിട്ടുള്ള അവർ ഇവൾക്ക് വഴി പറഞ്ഞുകൊടുക്കുമെന്നും ചിന്തിക്കാൻ ഞാൻ മറന്ന് പോയിരുന്നു!
ആ സമാഗമത്തിന് ഇപ്പോൾ ഇന്നലെ ഒരു വർഷം തികഞ്ഞു. ഇന്നും മുഖം നിറയെ ചിരിയുമായി ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ ഒരു അമ്മയും കുഞ്ഞും എന്റെ അമ്മയുടെ മനസിൽ അതേ പോലെ നില്ക്കുന്നുണ്ട്. അമ്മയ്ക്ക് അവളെ കണ്ടപ്പോഴേ ആളാരെന്ന് മനസിലായി. അതിന്റെ ആഹ്ലാദം എന്നെ കൂവി വിളിച്ചറിയിക്കാൻ പോയപ്പോൾ മിണ്ടല്ലേ..ന്ന് അമ്മയും മകളും ആംഗ്യം കാട്ടി അമ്മയെ നിശ്ശബ്ദയാക്കിയതായിരുന്നു! യാതൊരു വിധ സ്നേഹപ്രകടനങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ നിമിഷനേരം കൊണ്ട് തന്നെ അവൾ അമ്മയുടെ മനസിൽ കയറിക്കൂടി, ഒപ്പം ആമിക്കുട്ടിയും.
എന്നേക്കാൾ കൂടുതൽ അവൾ സംസാരിച്ചത് അമ്മയോടായിരുന്നു! അമ്മ അവളുടെ ചിരിയും സംസാരവും എല്ലാം യാതൊരു അപരിചിതത്വവുമില്ലാതെ കേട്ടിരുന്നു. അവൾക്ക് സ്നേഹത്തോടെ ഒരു വിളിപ്പേരും എന്നോട് പറഞ്ഞുതന്നു “പരതലപ്രാന്തി”
അതുവരെ ഫോണിലൂടെ “വല്യമ്മ എന്ന് വിളിക്കണം, മോൾടെ അമ്മയേക്കാൾ മൂത്തതാ” എന്നൊക്കെ പറഞ്ഞ് ബിൽഡപ്പ് ചെയ്ത് ആമിക്കുട്ടിയെക്കൊണ്ട് അങ്ങനെ തന്നെ വിളിപ്പിച്ചിരുന്ന എന്നെ അവൾ കണ്ടതേ വിളി മാറ്റി “അനുച്ചേച്ചി” എന്ന് ‘സ്ഥാന ഇറക്കം’ തന്നു!!
സത്യം പറഞ്ഞാൽ അവൾ വന്നപ്പോൾ ഞാനെണീറ്റ് പല്ലൊക്കെ തേച്ച് ഒരുമിച്ചിരുന്ന് ചായയൊക്കെ കുടിച്ചെങ്കിലും എനിയ്ക്കതാലോചിക്കുമ്പോൾ ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്.
ഇന്നും എന്തൊക്കെയോ പറഞ്ഞ് തുടങ്ങി മറ്റെന്തിലൂടെയൊക്കെയോ ചുറ്റിക്കറങ്ങി പറഞ്ഞു തീരാത്ത വിഷയങ്ങളോടെ ഞങ്ങൾ ഫോൺ വെയ്ക്കുന്നു. ഞങ്ങൾക്കിടയിലുള്ള ബോണ്ട് ദിനം പ്രതി ശക്തിയാർജ്ജിച്ചുകൊണ്ടേയിരിക്കുന്നു. കഷ്ടതകൾ ഒരുപോലെ അനുഭവിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് പരസ്പരം വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു. ജീവിതാവസാനം വരെ അത് നിലനില്ക്കണേ എന്ന് മാത്രം ആശിച്ചുകൊണ്ട് “ഡീ പരതലപ്രാന്തീ... മ്മക്കിനീം കാണണം ട്ടാ”