ആദ്യമായി വന്ന ഹേബിയസ് കോർപ്പസിന്റെ അവസ്ഥ!
ഒരൂസം എന്റെ സുഹൃത്ത് രഞ്ജിത് വക്കീലാണ് "അനൂ... കർണ്ണാടക ഹൈക്കോടതിയിൽ ഒരു ഹേബിയസ് ഫയൽ ചെയ്യാനുണ്ട് പറ്റുമോ?" എന്ന് ചോദിച്ചത്. "ചെയ്യാലോ.. പക്ഷേ നല്ല റേറ്റാകൂലോ വക്കീലേ" എന്ന് ഞാൻ മറുപടിയും പറഞ്ഞു. വക്കീൽ പയ്യന് എന്റെ നമ്പർ കൊടുത്തു. പ്രേമക്കേസാണ്. പയ്യൻ ഒരു ഗൗഡ പെൺകുട്ടിയുമായി പ്രേമത്തിലാണ്. ഒളിച്ചോടാൻ പ്ലാനിട്ടപ്പോൾ അവൾക്ക് അതുവരെ വളർത്തിയുണ്ടാക്കിയ രക്ഷിതാക്കളോട് കാര്യം പറയണം. പെൺകുട്ടിയുടെ അമ്മ മരിക്കുകയും അച്ഛൻ വേറെ കല്യാണം കഴിക്കുകയും ചെയ്തതോടെ അവളെ വളർത്തി വലുതാക്കിയത് അമ്മയുടെ ചേച്ചിയും ഭർത്താവുമാണ്. അതിന്റെയൊരു നന്ദി കാണിക്കണം എന്നവൾക്ക് തോന്നി. ഇങ്ങനൊരു കാര്യം പറഞ്ഞതേ അവർ അവളെ പൂട്ടി. വീടിന് പുറത്തേയ്ക്കുള്ള സ്വാതന്ത്ര്യം നിഷേധിച്ചു. പൂർണ്ണമായും വീട്ടുതടങ്കൽ. എന്നാലും മൊബൈൽ ഉണ്ടായിരുന്നു. അവനും അവളും ചേർന്ന് ചാടിപ്പോകാനുള്ള പ്ലാനിട്ടു. വാട്ട്സാപ്പിലിട്ട പ്ലാനെല്ലാം വായിച്ചത് വീട്ടുകാർ. അതോടെ മൊബൈൽ ബന്ദവസ്സായി. അത് സ്വിച്ച് ഓഫ് ചെയ്തു അച്ഛൻ എന്ന് അവൾ വിളിക്കുന്ന വല്യച്ഛൻ പൂട്ടിവെച്ചു. അവൾക്ക് അവനുമായുള്ള എല്ലാ കണക്ഷൻ ഉപാധികളും വെട്ടി. അവൾ പൂർണ്ണമയും റൂം ക്വാറന്റൈൻ.
അവളുമായി യാതൊരു ആശയവിനിമയവുമില്ല. ആഗസ്റ്റ് 15-ന് അവളുടെ സ്വാതന്ത്ര്യം അവർ നിഷേധിച്ചതാണ്. അങ്ങനെയിരിക്കുമ്പോഴാണ് അവന് അവളുടെ മെയിൽ വരുന്നത്. "എന്നെ കൊണ്ടു പോണം... എങ്ങനെയായാലും ഞാൻ വരാം." പക്ഷേ എങ്ങനെ? അതായിരുന്നു അവന്റെ ഉള്ളിലെ ചോദ്യം.എങ്ങനെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാം എന്നതിന്റെ വിവിധമാർഗ്ഗങ്ങൾ അവൻ ഗൂഗിൾ ചെയ്തു. പ്ലാൻ ചെയ്തു. പക്ഷേ ഒന്നിനും കട്ടയ്ക്ക് കൂടെ നിക്കാൻ ധൈര്യമുള്ള കൂട്ടുകാരില്ല.ഗൗഡ പെൺകുട്ടി എന്ന് കേട്ടതോടെ ചാടിപ്പുറപ്പെട്ടവരെല്ലാം നൈസായി സ്കൂട്ടായി. പോരാത്തതിന് അവളുടെ അച്ഛൻ റിട്ടയേർഡ് പോലീസും!
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ