ആറാട്ടുപുഴ പൂരം തൃശൂരിൽ അറിയപ്പെടുന്ന ഒന്നാണ്. തേവര് (ശ്രീരാമൻ ) ഗുരുവായ വസിഷ്ഠനെ കാണാൻ വർഷത്തിലൊരിക്കൽ തൃപ്രയാറ് നിന്ന് പോകുന്നതാ. മൂപ്പര് സ്വന്തം സ്ഥലത്തിക്കൂടെയേ പോകൂ. പോകുന്ന വഴി എന്ത് തടസമുണ്ടായാലും അതൊക്കെ തട്ടിനിരത്തി ഒറ്റപ്പോക്ക് പോകും. പോകും വഴി ചേർപ്പിലെ ശിവക്ഷേത്രത്തിന്റെ മുന്നിലെത്തുമ്പോ വാദ്യഘോഷങ്ങളൊക്കെ നിർത്തി ശ്മശാന മൂകതയോടെ പമ്മിപ്പമ്മിപ്പോകും. എന്താ കാര്യം? ശിവൻ ചേട്ടായീടെ കയ്യീന്ന് പണ്ടെങ്ങാണ്ട് തേവര് അര മുറി തേങ്ങയും ഇടങ്ങഴി അരിയും കടം വാങ്ങീട്ടുണ്ട്. അത് തിരിച്ചു കൊടുത്തിട്ടില്ല. മൂപ്പര് കണ്ടാ ചോദിക്കും. മിണ്ടാതെ പമ്മിപ്പോയാൽ അറിയില്ല. അറിഞ്ഞ് ഓടിപ്പാഞ്ഞ് പടിയ്ക്കലെത്തുമ്പോഴേയ്ക്കും തേവര് പടി കടന്ന് പോയിട്ടുണ്ടാകും. ഗുരുവെ കാണാൻ യാത്ര പോകുന്ന ആളല്ലേ? പിന്നീന്ന് വിളിക്കുന്നത് ശരിയല്ലല്ലോ എന്ന മാന്യതയിൽ ശിവൻ ചേട്ടായി പിന്നെ വിളിക്കില്ല. അടുത്ത കൊല്ലം പിടിക്കാം എന്ന് കരുതും! ശിവൻ ചേട്ടായിയുടെ പടിയങ്ങോട്ട് താണ്ടിയാൽ ഉടൻ കൊട്ടും പാട്ടും വാദ്യഘോഷങ്ങളും പൂർവ്വാധികം ശക്തിയിൽ "ഇത്തവണയും പറ്റിച്ചേ!!" എന്ന മട്ടിൽ ഒരു മാതിരി ആക്കിയ രീതിയിൽ വീണ്ടും തുടങ്ങും.
മുപ്പത്തിമുക്കോടി ദേവകളും അന്നേ ദിവസം ഗുരു - ശിഷ്യസംഗമം കാണാൻ ആറാട്ട് പുഴ പാടത്ത് വരും എന്നാണ് വിശ്വാസം. 66 ആനയൊക്കെ നിലാവിൽ ഇങ്ങനെ നിരന്ന് നിക്കും നെറ്റിപ്പട്ടമൊക്കെ കെട്ടി തിടമ്പൊക്കെ വെച്ച് ആലവട്ടവും വെൺചാമരവുമൊക്കെയായി. തട്ടകത്തുള്ള സകലമാന അമ്പലങ്ങളിലെയും ദൈവങ്ങളുടെ തിടമ്പായിരിക്കും ഓരോ ആനയുടെ പുറത്തും. അതൊരു കാണണ്ട കാഴ്ച തന്നെയാണ് !! ഇങ്ങനെ ഇക്കണ്ട ആനകൾ തൊട്ട് തൊട്ട് തേവരുടെ അപ്പുറവും ഇപ്പുറവുമായി നിരന്ന് നിക്കുമ്പോ ഒരു വശത്ത് ഒരാന മാത്രം മാറി നിക്കുന്നുണ്ടാകും. തിടമ്പും നെറ്റിപ്പട്ടവുമൊക്കെയുണ്ടാകും. അതാണ് തൊട്ടിപ്പാൾ ഭഗവതി. 'പുറത്തായി' നിക്കുന്നതാണ്. അയിത്തം !! തൊട്ടു കൂട്ടാൻ പാടില്ല!! വിശേഷ ദിവസങ്ങളിൽ പുറത്താകുന്ന പെണ്ണുങ്ങളെ വിശേഷിപ്പിക്കുന്നത് തന്നെ തൊട്ടിപ്പാൾ ഭഗവതി എന്നാണ് !
ഇത് ഞാൻ ചെറുപ്പത്തിൽ കണ്ട ദൃശ്യം. ഇപ്പോൾ അങ്ങനെ തൊട്ടിപ്പാൾ ഭഗവതിയെ മാറ്റി നിർത്തില്ല. കാരണം, ഭഗവതിയ്ക്ക് വയസായി പോലും !! തീണ്ടാരിയും അയിത്തവും വയസായവർക്കില്ലല്ലോ! ഏത്? അമൃത് സേവിച്ച് ജരാനരകൾ ബാധിക്കാതിരിക്കുന്ന ദൈവത്തിനാണ്‌ട്ടോ വയസായത്! പാവം തൊട്ടിപ്പാൾ ഭഗവതി മാത്രം ആ കൂട്ടത്തിൽ സീനിയർ ദൈവമായി നിക്കുന്നു. മറ്റ് ചുള്ളൻ / ചുള്ളത്തി ദൈവങ്ങൾക്കിടയിൽ ഇച്ചിരെ വയസായാലെന്താ കൂട്ടത്തിൽ ചേർന്ന് നിക്കാറായീലോ!!
അതായതുത്തമാ, ആരാധിക്കുന്ന മനുഷ്യന്മാർ വിചാരിച്ചാൽ ദൈവങ്ങളെയും വേണമെങ്കിൽ വൃദ്ധരാക്കി ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താം. പക്ഷേ, ലോകത്തിനുടയനെന്ന് കരുതുന്ന ദൈവത്തിന്റെ അയിത്തം മാറ്റാൻ 'അടിയൻ ലച്ചിപ്പോം' ടീമുകളായ മനുഷ്യർ വിചാരിക്കണമെന്ന് മാത്രം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ