പേജുകള്‍‌

2021, ജനുവരി 14, വ്യാഴാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 3

 

രണ്ടാഴ്ച കഴിഞ്ഞ്‌, കൃത്യം പറഞ്ഞാൽ ഞാൻ നാട്ടിൽ വന്ന് കയറിയ ദിവസം സെപ്റ്റംബർ ഏഴിന്‌ ഉറക്കമൊക്കെ കഴിഞ്ഞ്‌ എഴുന്നേറ്റ്‌ നോക്കുമ്പോ ഫോണിൽ ഒരു അഞ്ചെട്ട്‌ മിസ്ഡ്‌ കോൾ. നമ്പർ സേവ്‌ ചെയ്തിട്ടില്ലാഞ്ഞതിനാൽ ആളെ മനസിലായില്ല. വിളിച്ചപ്പോൾ പയ്യൻ. അവളുടെ മറുപടി വന്നു മേഡം. ഇറങ്ങി വരാമെന്ന് പറഞ്ഞു. മേഡമൊന്ന് സീനിയറിനോട്‌ അന്വേഷിക്കൂ എന്നവൻ. കൂട്ടത്തിൽ, കേരളത്തിൽ എത്തുന്നത്‌ വരെ പ്രൊട്ടക്ഷനും വേണമെന്ന്! ഓക്കെ പറഞ്ഞ്‌ ഞാനെന്റെ സീനിയറിനെ വിളിച്ചു. വക്കീലിനോട്‌ പറഞ്ഞപ്പോൾ ഫീ ഒരുലക്ഷം, പിന്നെ പ്രൊട്ടക്ഷന്‌ ആറാളുകൾ ചോദിക്കുന്ന റെയ്റ്റ്‌. മിനിമം ഒരാൾക്ക്‌ 50,000 രൂപ. അടിപൊളി!! നാലാളുകൾ പോരേ വക്കീലേ എന്നുള്ള എന്റെ ചോദ്യത്തിന്‌ പോരാ എന്ന് മറുപടി.
ഞാൻ സൂര്യയെ വിളിച്ചു. "ഡാ.. ഒരു കൊട്ടേഷൻ ഉണ്ട്‌. ഇതാണ്‌ കാര്യം, നിനക്ക്‌ ചെയ്യാനൊക്കുമോ?" എന്ന് ചോദിച്ചപ്പോൾ അവൻ ആ കേസ്‌ വിട്ടളയാൻ ഉപദേശിച്ചു. ചുമ്മാ ഗൗഡകളുടെ വെട്ട്‌ കൊണ്ട്‌ ചാവാൻ നിക്കണ്ട എന്നവൻ. ശരി എന്ന് പറഞ്ഞ്‌ ഫോൺ വെച്ചെങ്കിലും അതങ്ങനെ വിട്ട്‌ കളയാൻ മനസനുവദിച്ചില്ല. പണത്തിന്‌ അത്രയും അത്യാവശ്യമുണ്ടായിരുന്നു. സീനിയറിന്‌ കേസെത്തിച്ച്‌ കൊടുത്താൽ ഫീസിന്റെ ഒരു പങ്ക്‌ കിട്ടും. അതാണ്‌ ലക്ഷ്യം. എന്നാലോ ഈ പയ്യനെ കൊണ്ട്‌ അത്രയും തുക മുടക്കിക്കാനും മനസില്ല.
പ്രൊട്ടക്ഷനുള്ള ആളെ കുറഞ്ഞ തുകയ്ക്ക്‌ കിട്ടുമോ എന്നറിയാൻ നാട്ടിലുള്ള ഒരു ചങ്ങാതിയോട്‌ ചോദിച്ചു. "എന്തിനാ ചേച്ചീ പ്രൊട്ടക്ഷനാളെ തപ്പുന്നത്‌? മ്മക്ക്‌ ക്ഡാവിനെ തന്നെ അടിച്ചു മാറ്റി കൊടുക്കാലോ. ഒന്നര ലക്ഷം തന്നാൽ മതി. ചേച്ചി കട്ടയ്ക്ക്‌ കൂടെ നിന്നാൽ മതി" എന്നവൻ. എങ്കിൽ പിന്നെ അങ്ങനെയെങ്കിൽ അങ്ങനെ എന്ന് ഞാനും പറഞ്ഞു. പയ്യനോട്‌ കാര്യം പറഞ്ഞു. പെൺകുട്ടിയോട്‌ കാര്യം പറയാൻ പറഞ്ഞു. പ്ലാനും പറഞ്ഞു. എന്റെ ചങ്ങാതിയോട്‌ പറഞ്ഞ്‌ ഒന്നര ലക്ഷം എന്നത്‌ ഒന്നാക്കി. വീട്ടുകാർ മൊബൈലും എല്ലാം പിടിച്ച്‌ പറിച്ച്‌ ക്ഡാവിനെ റൂം ക്വാറന്റൈൻ ആക്കിയിരുന്നെങ്കിലും സ്മാർട്ട്‌ ടി.വി. എന്ന ഓപ്ഷനിലൂടെ മെയിലയച്ച്‌ അവർ ആശയവിനിമയം നടക്കുന്നുണ്ടായിരുന്നു!! അങ്ങനൊരു പരിപാടിയൊക്കെ ഉണ്ടെന്ന് ഞാനറിഞ്ഞത്‌ ഇവർ പറയുമ്പോഴാണ്‌! എന്താലേ? മൊബൈൽ പിടിച്ചുവെച്ച്‌ സ്വസ്ഥമായ കുടുംബക്കാർ അപ്പോ ആരായി?!
ക്ഡാവ്‌ സമ്മതിച്ച സ്ഥിതിയ്ക്ക്‌ എങ്ങനെ എപ്പോ എന്ന് എന്നൊക്കെയുള്ള പ്ലാനുകൾ കൊടുത്തു. ആദ്യം തന്നെ വീടിന്റെ ലൊക്കേഷൻ വാങ്ങി നാട്ടിലെ ചങ്ങാതി ഏൽപ്പിച്ച ഓട്ടോക്കാരൻ ചേട്ടന്‌ കൊടുത്തു. മൂപ്പര്‌ പോയി വീട്‌ സ്കെച്ച്‌ ചെയ്തു. 16-ആം തിയതി പ്ലാനുകളുടെ ആദ്യ പടിയായി അവളുടെ വീടിനു മുന്നിൽ കാത്തുകിടക്കുന്ന ഓട്ടോറിക്ഷയുടെ നമ്പർ കൊടുത്തു. അവൾക്ക്‌ ഇറങ്ങാനൊക്കുന്ന ദിവസം ബുധൻ അല്ലെങ്കിൽ വ്യാഴം രാവിലെ ആറ്‌ മുതൽ എട്ട്‌ വരെ.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ