മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
എപ്പോഴും
എന്തെങ്കിലുമൊക്കെ ചെയ്ത് വിശ്രമമില്ലാതെ ചറുപിറാന്ന് നടന്നിരുന്ന ആളാണ് ദിവസങ്ങളായി
ഒരേ കിടപ്പ്... ലോകത്തിലെ മാറ്റങ്ങൾ അറിയാതെ, തനിയ്ക്കുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാതെ...
ആരോഗ്യനില വഷളായി വഷളായി...
കണ്ട്
സഹിയ്ക്കാൻ വയ്യാതെ വന്നപ്പോൾ ഒരു രാത്രി റൂമിൽ തനിച്ചിരുന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു.
“ദൈവമേ... എന്റെ ജനനസമയത്ത് ചില പ്രശ്നങ്ങൾ പ്രസവത്തിലുണ്ടായപ്പോൾ അമ്മയെയും കുഞ്ഞിനെയും
ആരോഗ്യത്തോടെ കിട്ടാൻ വേണ്ടി അച്ഛ പ്രാർത്ഥിച്ച തുലാഭാരം, അത് ഞാൻ നടത്തിയേക്കാം...
ഒന്നുകിൽ എനിയ്ക്ക് എന്റെ അമ്മയെ തിരിച്ചു താ... അതല്ല, എന്റെ അമ്മയെ എനിയ്ക്ക് തരാനല്ല
ഉദ്ദേശ്യമെങ്കിൽ.., അമ്മയെ ഇട്ട് ഇങ്ങനെ നരകിപ്പിക്കാതെ നീ വിളിച്ചോളൂ... എന്തും നേരിടുവാൻ
ഞാൻ മനസിനെ ഒരുക്കിയേക്കാം... അടുത്ത വ്യാഴാഴ്ച്ച ഞാൻ ഗുരുവായൂർ വന്ന് അത് നടത്തിയേക്കാം...
എനിയ്ക്കാരും ഇല്ലാതാകുമെങ്കിലും സാരമില്ല... എന്റെ അമ്മയെ ഇനിയും കൂടുതൽ നരകിപ്പിക്കല്ലേ
ന്റെ ഗുരുവായുരപ്പാ...” മനസുരുകിത്തന്നെയായിരുന്നു ഞാനങ്ങനെ പ്രാർത്ഥിച്ചത്. വഴിപാട്
നേർന്നിട്ട് ചെയ്യാതിരുന്നാൽ അവർ നരകിച്ച് മരിക്കുമെന്ന് ആരൊക്കെയോ പണ്ട് പറഞ്ഞ് കേട്ടൊരു
ഓർമ്മയുണ്ടായിരുന്നു. കയ്യിൽ പണം വന്നപ്പോൾ അച്ഛ നേർന്ന വഴിപാട് നടത്താൻ ഞാൻ ഒരുങ്ങിയതാണ്.
പക്ഷേ അന്നേരം വെറുതെ ഒരു ദുശ്ചിന്ത മനസിൽ വന്നു. വഴിപാട് ചെയ്തുകഴിഞ്ഞാൽ എനിയ്ക്കെന്റെ
അമ്മ നഷ്ടപ്പെടും എന്ന്... അന്ധവിശ്വാസമാണ് എന്നറിഞ്ഞിട്ടും, അതങ്ങനെയല്ല എന്ന്
തെളിയിക്കാനൊരു പരീക്ഷണത്തിനൊരുങ്ങാൻ ഞാൻ തയ്യാറല്ലായിരുന്നു. വിശ്വാസവും അന്ധവിശ്വാസവുമെല്ലാം
നമ്മളെ ബാധിക്കാത്ത മറ്റുള്ളവരുടെ കാര്യത്തിൽ മാത്രമേ ബാധകമാകൂ എന്ന് മനസ് മനസിലാക്കിയ
ദിവസങ്ങൾ...പക്ഷേ ഇപ്പോൾ... ഇങ്ങനെ കിടന്ന് നരകിക്കുന്നതിനേക്കാൾ അമ്മ പോകുന്നതാണ്
നല്ലത് എന്ന് മനസ് പറഞ്ഞു.
അതൊരു ഞായറാഴ്ചയായിരുന്നു. പ്രാർത്ഥന ദൈവം കേട്ടതാണൊ എന്തോ.. പിറ്റേന്ന് തിങ്കളാഴ്ച
മുതൽ അമ്മയുടെ ആരോഗ്യനിലയിൽ മാറ്റം വന്നു തുടങ്ങി. എനിയ്ക്ക് അമ്മയെ തിരിച്ചു തരാൻ
തന്നെയായിരുന്നു തീരുമാനം...
ഡോക്ടർ
അന്ന് വളരെ സന്തോഷത്തോടെ എന്നെ അമ്മയുടെ ആരോഗ്യനിലയിലെ പുരോഗതി അറിയിച്ചു. മനസെന്നിട്ടും
സന്തോഷിക്കുവാൻ തയ്യാറല്ലായിരുന്നു. ആശങ്കയുടെ മുൾമുനയിൽ അപ്പോഴും മനസ്. വൈകുന്നേരമാകുമ്പോഴേയ്ക്കും
പുരോഗതി പ്രാപിച്ച ആരോഗ്യനില വീണ്ടും താഴുമോ എന്ന്... പക്ഷേ ആശങ്കയിൽ കാര്യമില്ലായിരുന്നു.
എല്ലാ ധാതുക്കളും പതുക്കെ പതുക്കെ ഉയർന്ന് തുടങ്ങി. പതുക്കെ പതുക്കെ അമ്മ ജീവിതത്തിലേയ്ക്ക്....
ഒന്നു സംസാരിക്കാനൊക്കെ ആയിത്തുടങ്ങിയപ്പോൾ അമ്മ വേഷം കെട്ട് തുടങ്ങി!! “എനിയ്ക്ക്
റൂമിൽ പോണം. എനിയ്ക്കെന്റെ മോളുടടുത്ത് പോണം. എന്നെ കൊല്ലാനാണോ നിങ്ങളിതിന്റെ ഉള്ളിൽ
ഇട്ടിരിക്കുന്നെ?” ചോദ്യശരങ്ങൾ... വാശികൾ... പിന്നീടാണ് അമ്മ അങ്ങനെ വാശി പിടിച്ചതിന്റെ
കാരണം അറിഞ്ഞത്. ഐ.സി.യു.വിനുള്ളിൽ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ... രാത്രി കാലങ്ങളിൽ
അതിനുള്ളിലെ ഭീകരമായ ഏകാന്തതയും പിന്നെ അതികഠിനമായ തണുപ്പും അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നുവത്രേ...
ഒരു
രക്ഷയുമില്ല. സഹികെട്ട് അമ്മയുടെ നെഫ്രോ ഡോക്ടർ ശകുന്തള ഡോക്ടർ വർഗ്ഗീസിനോട് അഭിപ്രായം
പറഞ്ഞു. ‘പേഷ്യന്റ് ഇന്ദുമതിയെ റൂമിലേയ്ക്ക് മാറ്റാം. പ്ലെയ്റ്റ്ലെറ്റ് കൗണ്ട് കുറവാണ്.
എങ്കിലും പേഷ്യന്റ് ഇത്രമാത്രം വാശിപിടിക്കുന്ന സ്ഥിതിയ്ക്ക് റൂമിലേയ്ക്ക് മാറ്റുന്നതാണ്
അഭികാമ്യം. അതാണ് പേഷ്യന്റിന്റെ ആരോഗ്യത്തിന് നല്ലത്.‘
അമ്മയെ
നന്നായി പരിചരിക്കുകയും യാതൊരു സന്ദർശകരെ അനുവദിക്കുകയില്ല എന്ന് ഉറപ്പ് കൊടുക്കുകയും
ചെയ്താൽ റൂമിലേയ്ക്ക് മാറ്റാം എന്ന് അവർ തീരുമാനിച്ചു. ഇൻഫെക്ഷൻ വരും എന്നതായിരുന്നു
സന്ദർശകരെ ഒഴിവാക്കാൻ കാരണം.
ഡോക്ടർ
ശകുന്തളയുടെ അഭിപ്രായം ഡോക്ടർ വർഗ്ഗീസ് പരിഗണിച്ചു. അമ്മയെ റൂമിലേയ്ക്ക്... മൂക്കിലൂടെ ഭക്ഷണം കഴിയ്ക്കുന്നതിനുള്ള ട്യൂബ്.
വലത് മാറിടത്തിന്റെ ഭാഗത്ത് ഒരു ട്യൂബും അതിനോടനുബന്ധിച്ച് ഒരു ബാഗ്. ചെസ്റ്റ് ഇൻഫെക്ഷനോട്
ബന്ധപ്പെട്ട് അതിൽ നിന്നുമുള്ള വെള്ളം വാർന്ന് വരുന്നതിനുള്ളതാണ്. വയറ്റിൽ മലം പോകുന്നതിനുള്ള
കൊളോസ്റ്റമി ബാഗ്. പൊക്കിളിലൂടെ അരയടി നീളത്തിൽ ഇരിഞ്ഞാലക്കുട ഹോസ്പിറ്റലിൽ വെച്ച്
സർജറി ചെയ്തതിന്റെ കീറൽ. അതിൽ പഴുപ്പുണ്ട്. വയറിന്റെ വലത് വശത്തായി മറ്റൊരു ചെറിയ ദ്വാരം.
ഡേർട്ട് പോകാനുള്ളതാണത്രേ... ഇടത് വശത്ത് പഴയ ഹോസ്പിറ്റലിൽ വെച്ച് ഇതേ ആവശ്യത്തിനായി
ഉണ്ടാക്കിയ മറ്റൊരു ദ്വാരം. മൂത്രം പോകാൻ കത്തീറ്റർ. കഴുത്തിൽ തൊണ്ടക്കുഴിയിലായി വെന്റിലേറ്റർ.
കൂട്ടത്തിൽ കൈയ്യിൽ കുത്തിയിട്ടിരിക്കുന്ന സിറിഞ്ചും ട്യൂബും. മരുന്ന് കയറ്റുന്നത്
അതിലൂടെയാണ്.
ഇതാണ്
അമ്മയുടെ അവസ്ഥ. ഉറക്കവും മയക്കവും ഇടകലർന്ന രീതിയിൽ അമ്മ. ഇടയ്ക്കിടെ കൈ ഉയർത്തി അമ്മ
തല ചൊറിയുന്നുണ്ട്. ശരിക്കും കൊച്ചുകുഞ്ഞുങ്ങളെ പോലെ... കാരണം, അമർത്തി തല ചൊറിയാനുള്ള
ആരോഗ്യം പോലും അമ്മയ്ക്കില്ലായിരുന്നു. എന്നും തടിച്ചുരുണ്ട്, നിത്യഗർഭിണി എന്ന് പ്രിയപ്പെട്ടവരുടെ
ഇടയിൽ രഹസ്യമായി വിളിക്കപ്പെട്ടിരുന്ന അമ്മയാണിതെന്ന് വിശ്വസിക്കുവാൻ പ്രയാസം. നിറഞ്ഞ
മാറിടങ്ങളും തടിച്ചുരുണ്ട കൈകളും വലിയ വയറും എല്ലാം എങ്ങോ പോയി. വെറും തൊലി മൂടിയ എല്ലുമാത്രം.
എങ്കിലും എനിയ്ക്കാശ്വാസമായിരുന്നു തോന്നിയത്. എനിയ്ക്കെന്റെ അമ്മയെ തിരികെ കിട്ടിയല്ലോ...
എല്ലാവരും
പോയിക്കഴിഞ്ഞ്.., ഞാനും അമ്മയും റൂമിൽ തനിച്ചായപ്പോൾ.., ആ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത്
നെറ്റിയിൽ ഞാനൊന്ന് ഉമ്മ വെച്ചു. എന്റെ എല്ലാ സ്നേഹവും അതിലുണ്ടായിരുന്നു. എനിയ്ക്കപ്പോൾ
രാജ്യം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു മനസിൽ...
അന്ന്
റൂമിലേയ്ക്ക് മാറ്റുമ്പോൾ അമ്മയുടെ അപ്പോഴത്തെ പ്ലേറ്റ്ലെറ്റ് കൗണ്ട് 60000 ആണ്. ഒന്നര
ലക്ഷം വേണമത്രേ... എങ്കിലും റൂമിലേയ്ക്ക് മാറ്റി. അമ്മയ്ക്ക് എന്റടുത്ത് വന്നപ്പോൾ
ആശ്വാസം. പിറ്റേന്ന് പ്ലേറ്റ്ലെറ്റ് കൗണ്ടും മറ്റ് ധാതുക്കളുടെ ഫലവുമെല്ലാം നോക്കിയപ്പോൾ
അത്ഭുതകരമായ ഉയർച്ച!!
അമ്മ
മിക്കവാറും സമയം ഉറക്കത്തിൽ തന്നെയായിരുന്നു. ഇടയ്ക്ക് ഉറക്കത്തിൽ തന്നെ തല മാന്തുന്നുണ്ട്.
അതെന്താണെന്നറിയാൻ ചുമ്മാ ഞാൻ അമ്മയുടെ തലയൊന്നു പരതി... ഈശ്വരാ... പേനും ഈരും നിറഞ്ഞിരിക്കുന്നു.
ഈരാണെങ്കിൽ മണ്ണ് വാരിയിട്ടതു പോലെ. പേനാണെങ്കിൽ, മുടിയൊന്ന് വെറുതെ വകഞ്ഞാൽ കിട്ടും
ഒരുപാടെണ്ണം. അതും നല്ല മുഴുത്ത പേനുകൾ... അമ്മയുടെ തലയിൽ ചുമ്മാ കൈ വെയ്ക്കുമ്പോഴേയ്ക്കും
അമ്മ ആ സുഖത്തിൽ ഉറങ്ങുന്നു. പാവം... സ്വയം ഒന്നിനും കഴിയില്ല.
കൊളോസ്റ്റമി
ബാഗ് മാറ്റാൻ നഴ്സുമാർ വന്നപ്പോഴാണ് ഞാനറിഞ്ഞത്, ടെമ്പററി ബാഗ് ആയതുകൊണ്ട് എന്നും
വലിച്ചു പറിച്ച് അമ്മയുടെ വയറ്റിലെ അത്രയും വട്ടത്തിൽ തൊലി പോയിരിക്കുകയാണ്. നല്ല
ചുവന്നിരിക്കുന്നു. ബാഗിനുള്ളിലൂടെ റോസ് നിറത്തിൽ എന്തോ ഞാൻ കാണുന്നുണ്ടായിരുന്നു.
അതെന്താണാവോ നല്ല ഭംഗിയുള്ള വസ്തു എന്നു മനസിൽ കരുതിയിരുന്നു. ടെമ്പററി ബാഗിനു പകരം
പെർമനന്റ് ബാഗ് വേണം എന്ന് ഡോക്ടർ നിർദ്ദേശിച്ചത് പ്രകാരം പുതിയ ബാഗിടാൻ വേണ്ടിയാണ്
നഴ്സുമാർ അത് തുറന്നത്. അവരോട് ഞാൻ ചോദിച്ചു “എന്താണാ ഭംഗിയുള്ള ചുവന്ന സാധനം അതിനുള്ളിൽ
കാണുന്നത്?” അവർ പരസ്പരം നോക്കി ചൈരിച്ചു. എന്നിട്ടെന്നോട് പറഞ്ഞു, “അത് അമ്മയുടെ കുടലാണ്
ചേച്ചീ....” ഹൊ!! ശരിക്കും ഞെട്ടലായിരുന്നു എനിയ്ക്ക്.
വാങ്ങിക്കൊണ്ടുകൊടുത്ത
പെർമനെന്റ് കൊളോസ്റ്റമി ബാഗ് എങ്ങനെ ഉറപ്പിക്കണം എന്നുള്ള ശ്രമത്തിലായിരുന്നു അപ്പോൾ
അവർ. മരുന്നു പുരട്ടുമ്പോൾ അമ്മ വേദന കൊണ്ട് കരയുന്നു. പക്ഷേ ശബ്ദം കാറ്റായി പുറത്ത്
വരുന്നു. കാരണം ട്രക്യോസ്റ്റമി ചെയ്തത് കൊണ്ട് ശബ്ദമില്ല. വലിയ വായിൽ കരയുന്നുണ്ടെങ്കിലും
അതെല്ലാം കാറ്റായി പുറത്തേയ്ക്ക്. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മുഖം വേദന കൊണ്ട് ചുളിയുന്നു.
ഇതെല്ലാം കണ്ട് എന്റെ കണ്ണുകൾ ധാരയൊഴുക്കുന്നു. നഴ്സുമാർക്കാണെങ്കിൽ ഇതെങ്ങനെയാണ്
ഫിറ്റ് ചെയ്യുക എന്നറിയുന്നില്ല.
അവർ
പല വിധത്തിൽ പയറ്റുന്നുണ്ട്. അഞ്ജു സിസ്റ്ററും ഋഷഭ സിസ്റ്ററും. അവർ പരസ്പരം പറയുന്നുണ്ട്
ലിജിൻ ബ്രദറിനറിയാം ഇതെങ്ങനാ ചെയ്യുന്നത് എന്ന്. ബ്രദറിനെ വിളിച്ചാലോ..? എന്നൊക്കെ.
അവർ ഫോണിൽ വിളിക്കുന്നു. എന്തൊക്കെയോ പ്രശ്നങ്ങൾ. അവരുടെ ഫോണിൽ ചാർജ്ജില്ലാത്തതോ എന്തോ...
അമ്മയുടെ നിസ്സഹായാവസ്ഥയിലുള്ള കരച്ചിലും ഇവരുടെ പരീക്ഷണങ്ങളും ഒക്കെ കണ്ട് എനിയ്ക്ക്
പതുക്കെ പതുക്കെ നിയന്ത്രണം വിട്ടു തുടങ്ങിയിരിക്കുകയാണ്. വീണ്ടും അവർ എന്തോ മരുന്നു അമ്മയുടെ വയറ്റിൽ പുരട്ടുന്നു.
നീറ്റൽ സഹിക്കാതെ അമ്മ വലിയ വായിൽ നിലവിളിക്കുന്നു.... സഹികെട്ട് ഞാൻ അവരോട് ചോദിച്ചു
“ നിങ്ങളെന്തൂട്ടാ ചെയ്യുന്നത്? കുറേ നേരായല്ലോ... നിങ്ങൾ പറഞ്ഞ ബ്രദറിനേ ഇതറിയൂ എങ്കിൽ
അദ്ദേഹത്തെ വിളിക്കൂ. നിങ്ങടെ മൊബൈലിൽ ബാലൻസില്ലെങ്കിൽ ദാ എന്റെ മൊബൈൽ . വിളിക്ക്.
എനിയ്ക്കിത് കാണാൻ വയ്യ”
ഉയർന്ന
രോഷത്തിലാണ് ഞാനത് പറഞ്ഞ് തുടങ്ങിയതെങ്കിലും, അവസാനിപ്പിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു.
അത് കേട്ടപ്പോഴേ ബാഗ് ശരിയ്ക്കും ഫിറ്റ് ആയി!! അഞ്ജു സിസ്റ്ററിനോടും ഋഷഭ സിസ്റ്ററിനോടും അമ്മയുടെ അവസ്ഥയിൽ സങ്കടം സഹിക്കാൻ പറ്റാതെയാണെന്ന് പിന്നീട് ഞാൻ മാപ്പ് പറഞ്ഞു. “അത് സാരമില്ല ചേച്ചീ..
ഞങ്ങൾക്കത് മനസിലാകും”എന്ന് അവരെന്നെ ആശ്വസിപ്പിച്ചു. കൊളോസ്റ്റമി ബാഗ് മാറ്റുമ്പോഴെല്ലാം
അമ്മ വേദനയോടെ കരഞ്ഞു. മാറി നിന്ന് ഞാനും.
അമ്മയ്ക്ക്
കൊളോസ്റ്റമി ബാഗ് മാറ്റുവാൻ നഴ്സുമാർ വരുമ്പോഴെല്ലാം ഞാൻ അമ്മയുടെ തലയിൽ പേൻ നോക്കും.
അതിന്റെ സുഖത്തിൽ അമ്മ വേദന അറിയാതെ ഉറങ്ങും. വല്ലാത്ത വേദനയുണ്ടാകുമ്പോൾ മാത്രം ഞരങ്ങും.
റൂമിൽ
മാറ്റിൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ നഴ്സ് ഡോക്ടറോട് അമ്മയുടെ തലയിലെ പേനിന്റെ
കാര്യം പറഞ്ഞു. “ഇതുവരേയും അമ്മയെ കുളിപ്പിച്ചില്ലേ? ഇന്നുതന്നെ തല കഴുകൂ...” എന്ന്
നിർദ്ദേശം നല്കി ഡോക്ടർ. അമ്മയുടെ തല കഴുകുവാൻ തയ്യാറായി നഴ്സുമാർ വന്നു. എന്നോട് മുറിയിൽ
നിന്നും പുറത്തിറങ്ങി നില്ക്കുവാൻ അവർ ആവശ്യപ്പെട്ടു. കുറച്ചു കഴിഞ്ഞപ്പോൾ നഴ്സുമാർ
കയ്യിൽ ഒരു കത്രികയുമായി വരുന്നു. “അമ്മയുടെ മുടി ഏറെ നാളായി കെട്ടിവെച്ചിരുന്നതിനാൽ
നിറയെ ജഡ പിടിച്ചിരിക്കുകയാണ്. ഞങ്ങൾ അത് മുറിച്ചു കളയട്ടെ?” അതായിരുന്നു അവരുടെ ആവശ്യം.
മുറിച്ചുകളഞ്ഞോട്ടെ എന്നുതന്നെ ഞാനും കരുതി. എങ്കിലും വല്യേട്ടനെ ഫോൺ വിളിച്ച് കാര്യം
പറഞ്ഞു. എന്നും മുടിയുടെ ആരാധകൻ ഏട്ടനായിരുന്നു.
കേട്ടതേ
വല്യേട്ടൻ പറഞ്ഞു. “വേണ്ടടീ... മുടിയൊക്കെ മുറിച്ചാൽ അമ്മയെ കാണാൻ ശരിയ്ക്കും ഒരു രോഗിയെപ്പോലെയാകും.
അങ്ങനെ കാണാൻ വയ്യടീ... മുടി വെട്ടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ നിനക്ക്?”
ഞാൻ നോക്കട്ടെ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു. നഴ്സുമാരോട് 15 മിനുട്ട് സമയം ആവശ്യപ്പെട്ടു.
അമ്മയുടെ തലമുടി ഞാൻ നോക്കി. നിറയെ ജഡകെട്ടിയിരിക്കുന്നു. ഒക്ടോബർ 2 - ന് കെട്ടിവച്ച
മുടിയാണ്!! ദീർഘകാലം ഒരേകിടപ്പ് കിടന്ന് അതെല്ലാം ജഡയുടെ ഒരു കെട്ടായി. ഞാൻ പതുക്കെ അത് അഴിച്ചു തുടങ്ങി. കുറച്ച് നേരമെടുത്തെങ്കിലും
ജഡയെല്ലാം അഴിച്ചെടുക്കുന്നതിൽ ഞാൻ വിജയിച്ചു. നഴ്സുമാർ വന്ന് അമ്മയുടെ തലമുടി പേൻ
നിവാരിണി ഷാമ്പു ഉപയോഗിച്ച് കഴുകി. അതുകഴിഞ്ഞ് തലമുടി തോർത്തിയപ്പോൾ.. ഹൊ്!!! ഒരു നാലുതലമുറയെങ്കിലുമുണ്ടാകും
അമ്മയുടെ തലയിലെ പേൻ കുടുംബം!!!
നല്ല
ഉരുണ്ടുരുണ്ട കാർന്നോമ്മാർ മുതൽ കണ്ണിൽ പോയാൽ പോലും അറിയാത്തത്ര ചെറിയ പേങ്കുഞ്ഞുങ്ങൾ
വരെ. അത്രയധികം പേനുകളെ ഞാൻ ആദ്യമായിട്ടാ ഒരുമിച്ച് കാണുന്നത്!! അതിനുശേഷം അമ്മയ്ക്ക്
വളരെയധികം ആശ്വാസമുണ്ടായി. പിന്നെയുള്ള ഈരുകളെ വലിച്ചുകളയുലായിരുന്നു പിന്നെ എന്റെ
ജോലി.
അമ്മയ്ക്ക്
സ്വയം എഴുന്നേല്ക്കാൻ പോലും ത്രാണിയില്ലായിരുന്നു. കരയാൻ ശബ്ദവും.. എഴുന്നേല്ക്കണമെങ്കിൽ ആരെങ്കിലും
താങ്ങിയെഴുന്നേല്പ്പിക്കണം. അമ്മയുടെ കഴുത്തിനു
പിന്നിൽ കൈ വെച്ച് താങ്ങി ഞാൻ എഴുന്നേല്പ്പിക്കും. ഒറ്റക്കൈകൊണ്ട് എഴുന്നേല്പ്പിക്കാനേയുള്ളാരുന്നു
അമ്മ. 60 കിലോ ഭാരമുണ്ടായിരുന്ന ആൾ ഇപ്പോൾ കഷ്ടി 35 കിലോ ഉണ്ടാകും. വളരെ സുഖമായി കൈകാര്യം
ചെയ്യാം.
രാത്രി
മുറിയുടെ വാതിലടയ്ക്കരുത് എന്ന് സിസ്റ്റർമാർ നിർദ്ദേശിച്ചതുപ്രകാരം അതെപ്പോഴും തുറന്ന്
കിടക്കും. അവർ ഇടയ്ക്കിടെ വന്ന് മരുന്ന് നല്കിക്കൊണ്ടേയിരുന്നു. അവർ വരുന്നതും പോകുന്നതും
എല്ലാം ഉറക്കത്തിനിടയിൽ ഞാനറിയുന്നുണ്ട്. അതിരാവിലെ ഒരു ചേച്ചി വന്ന് അമ്മയെ ദേഹമെല്ലാം
തുടച്ച് വൃത്തിയാക്കും.
ഐ.സി.യു.വിൽ
കിടക്കുമ്പോൾ അമ്മയുടെ പുറത്ത് ബെഡ്സോർ വരുന്നതിനുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡോക്ടർ പറഞ്ഞതനുസരിച്ച്
അന്നു തന്നെ എയർ ബാഗ് വാങ്ങിക്കൊടുത്തിരുന്നു. റൂമിലേയ്ക്ക് മാറ്റിയപ്പോൽ അതിന്റെ പാടുകൾ
അമ്മയുടെ പുറത്തുണ്ടായിരുന്നു. ഞാൻ പിടിച്ച് പിടിച്ച് വലുതാക്കിയ കടലയോളം വലുപ്പമുള്ള
ഒരു പാലുണ്ണി മാത്രമുണ്ടായിരുന്ന അമ്മയുടെ പുറത്ത് പൊരിഞ്ഞ പാടുകൾ ഒരു അഭംഗിയായി നില്ക്കുന്നു.
കടലയോളം വലുപ്പമുണ്ടായിരുന്ന പാലുണ്ണി ഇപ്പോൽ വെറും തൊലി മാത്രമായി ചുരുങ്ങിയിരിക്കുന്നു...
രാവിലെ വന്ന് അമ്മയെ ക്ലീനാക്കുന്ന ചേച്ചിയും പിന്നെ നഴ്സുമാരും നിർദ്ദേശിച്ചു എന്തെങ്കിലും
ക്രീം ഇട്ട് അമ്മയുടെ പുറം തടവണമെന്ന്. ഉടൻ തന്നെ ബേബി ക്രീം വാങ്ങി. കൂട്ടത്തിൽ ജോൺസൻ
വൈബ്സും. തുണി അമ്മയ്ക്ക് പറ്റില്ലായിരുന്നു. അത്രയ്ക്കും മൃദുലമായി അമ്മയുടെ ചർമ്മം.
കുഞ്ഞുകുട്ടികളുടെത് പോലെ... എന്നും ഞാൻ ക്രീമിട്ട് അമ്മയുടെ ദേഹം മുഴുവൻ തടവി മസാജ്
ചെയ്യും. പതുക്കെ പതുക്കെ ആ കറുത്ത പാടുകൾ മായ്ഞ്ഞു തുടങ്ങി. വൃത്തിയാക്കാൻ വരുന്ന
ചേച്ചി ഒരിക്കൽ പറഞ്ഞു. “അമ്മയെ മോൾ നന്നായി നോക്കുന്നുണ്ട് എന്ന് അമ്മയുടെ ദേഹം കണ്ടാലറിയാം.
നന്നായി മോളെ. അമ്മയുടെ ഭാഗ്യമാ മോൾ”
ദിനം
പ്രതി കയ്യിലെ കാശ് കുറഞ്ഞു കൊണ്ടേയിരുന്നു. വിലകൂടിയ മരുന്നുകൾ... റൂം വാടക... എല്ലാം
കയ്യിലൊതുങ്ങാതെ തുടരുന്നു. രാവിലെയും വൈകുന്നേരവും കൊടുക്കുന്ന ഒരു മരുന്നിനു മാത്രം
3000 രൂപ. പിന്നെ 300 - നും 500 - നും ഇടയിൽ വില വരുന്ന മറ്റ് കുഞ്ഞു കുഞ്ഞു മരുന്നുകൾ.
പണം ഒരു ചോദ്യചിഹ്നമായി മുന്നിൽ നിന്നെങ്കിലും ഒന്നിനും അമ്മയ്ക്ക് കുറവ് വരുത്തിയില്ല.
കയ്യിലെ നീക്കിയിരിപ്പുകൾ എടുത്തുപയോഗിച്ചു തുടങ്ങി. കൂടാതെ ബിസിനസ്സിൽ നിന്നും അത്യാവശ്യം
പണം വരുന്നുണ്ടായിരുന്നു. അതിലും കൂടുതൽ ആവശ്യമായി വന്നപ്പോൾ ആഭരണങ്ങൾ പണയത്തിലേയ്ക്ക്
പോയിക്കൊണ്ടിരുന്നു.
എന്റെ
കഷ്ടപ്പാട് കണ്ടിട്ട് സിസ്റ്റർമാർ ഡോക്ടറോട് കൂട്ടത്തിൽ വില കൂടിയ മരുന്ന് ഒഴിവാക്കുവാൻ
ആവശ്യപ്പെട്ടു. അതിന്റെ വില ഡോക്ടറും അപ്പോഴാണറിയുന്നത്. അദ്ദേഹം പകരം മറ്റൊരു മരുന്ന്
കുറിച്ചു. ആശ്വാസം!! ദിവസേനയുണ്ടാക്കേണ്ട 15000 രൂപയിൽ 6000 രൂപ കുറഞ്ഞുകിട്ടി.
രണ്ട്
ദിവസം അങ്ങനെ നീങ്ങി. രണ്ടാം ദിവസം പെട്ടന്ന് അമ്മയ്ക്ക് ശ്വാസം മുട്ടും വിറയലും നിമിഷം
കൊണ്ട് ഉയർന്ന് വരുന്ന ശരീരോഷ്മാവ്... ഭയന്ന് വിറച്ച് ഞാൻ... രണ്ട് ദിവസത്തേയ്ക്കായി
വല്യ്യേടത്ത്യമ്മ വന്നിരുന്നു അന്ന്. അമ്മയുടെ ദേഹത്ത് കുഞ്ഞ് കുഞ്ഞ് കുരുക്കൾ... നഴ്സുമാർ
ഓടി വന്ന് അമ്മയെ പരിചരിച്ചു. ഡോക്ടറെ വിളിച്ചു പറഞ്ഞു. 3000 രൂപയുടെ മരുന്ന് പിന്നെയും...
അമ്മ സാവകാശം നേരെയാകുന്നു. ദേഹം നിറയെ ഉറുമ്പ് കടിച്ചതുപോലെ ഉഷ്ണക്കുരുക്കൾ. അതൊക്കെ
വെറുതെ കയ്യോടിച്ചപ്പോൾ പൊട്ടിപ്പോയി. പക്ഷേ അത് ഉള്ളിൽ ഒരു ഭയമായി നിലനിന്നു...
അമ്മയുടെ
ശരീരത്തിൽ നിന്നും ഓരോന്നോരോന്നായി അഴിച്ചു മാറ്റി തുടങ്ങി. മാറിടത്തിലുണ്ടായിരുന്ന
ട്യൂബും ബാഗും റൂമിൽ വന്ന് രണ്ട് ദിവസത്തിനുള്ളിൽ മാറ്റി. വയറ്റിലെ മറ്റ് ദ്വാരങ്ങൾ
വൃത്തിയാക്കി പ്ലാസ്റ്റർ വെച്ച് വെച്ച് കുറേശ്ശെ അതും ഉണങ്ങി തുടങ്ങി. കോ-ഓപ്പറേറ്റീവ്
ഹോസ്പിറ്റലിൽ നിന്നുണ്ടാക്കിയ ദ്വാരം മാത്രം ഉണങ്ങാൻ കൂട്ടാക്കാതെ... പൊക്കിളിനു കുറുകെയുള്ള
വലിയ മുറിവും ഏതാണ്ട് 80% വും ഉണങ്ങിത്തുടങ്ങി. മൂക്കിലൂടെയുള്ള ട്യൂബിരിക്കെ തന്നെ
വായിലൂടെ ദ്രാവക രൂപത്തിൽ ഭക്ഷണം കൊടുത്തു തുടങ്ങി. ന്യൂട്രീഷനിസ്റ്റിന്റെ നിർദ്ദേശപ്രകാരമുള്ള
ഭക്ഷണങ്ങൾ. എന്റെ വക നെറ്റിൽ അന്വേഷിച്ചും പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ്
തുടങ്ങിയവ വർദ്ധിപ്പിക്കുന്നതിനുള്ള ഭക്ഷണങ്ങൾ കണ്ടെത്തി അതും കൊടുത്തുകൊണ്ടിരുന്നു.
ഓരോ അരമണിക്കൂറിലും 50 മി.ലി. വെച്ച് അമ്മയ്ക്ക് ഭക്ഷണം കൊടുക്കണം. ഇപ്പോൾ കത്തീറ്ററും കൊളോസ്റ്റമിയും ട്രക്യോസ്റ്റമിയും
മാത്രമുണ്ട്. കൊളോസ്റ്റമി ബാഗ് തുറക്കാനും വൃത്തിയാക്കുവാനും ഞാൻ പഠിച്ചു.
നേരത്തേ
ബാഗ് നിറഞ്ഞ് വിട്ടുപോരാറാകുമ്പോൾ നഴ്സുമാരെ വിളിക്കുകയാണ് പതിവ്. അമ്മയോട് വലത് വശം
ചെരിഞ്ഞ് അഡ്ജസ്റ്റ് ചെയ്ത് കിടക്കാൻ പറഞ്ഞ് നിത്യം ഉപദേശമാണ്. പക്ഷേ അമ്മ അർദ്ധമയക്കത്തിൽ
അത് മറക്കും. ബാഗ് പൊട്ടി വയറിലും കിടക്കയിലുമൊക്കെ മലം പരക്കും. (മലം എന്ന് പറയാനൊക്കില്ല.
അതിനും മുൻപത്തെ ഒരു രൂപം. കുറഞ്ഞ ദുർഗന്ധത്തിൽ പൂർണ്ണരൂപമെത്താത്ത മലം). അത് വൃത്തിയാക്കുന്നതല്ലായിരുന്നു എന്റെ പ്രശ്നം.
പഴുപ്പ് നിറഞ്ഞ മുറിവിൽ ഇതാകുമ്പോൾ അത് വീണ്ടും പഴുക്കുകയില്ലേ എന്ന ആശങ്കയായിരുന്നു
എന്റെ മനസിൽ. അമ്മ അറിഞ്ഞുകൊണ്ടല്ല മറുവശം തിരിയുന്നത് എന്ന് മനസിലാക്കാനുള്ള മാനസികാവസ്ഥയൊന്നും
എനിയ്ക്കില്ലായിരുന്നു. പലതവണ പറഞ്ഞും കേൾക്കാതെയാകുമ്പോൾ ഇടയ്ക്കൊക്കെ വഴക്കും ശകാരവും
എന്റെ ഭാഗത്ത് നിന്നുണ്ടാകുമായിരുന്നു. ബാഗ് നിറയുന്നത് അറിയുമ്പോൾ പറയണേ എന്ന് പറഞ്ഞാലും
പലപ്പോഴും അമ്മ അതറിയാറില്ല. കാരണം ശക്തമായ മരുന്നിന്റെ ഫലമായി മിക്കവാറും ഉറക്കമായിരിക്കും
അമ്മ. അതിനിടയിൽ ബാഗ് വിട്ടുപോരും. പാവം അമ്മ.
രാത്രിയും
പകലും ബാഗ് നിറഞ്ഞ് പോകുന്നുണ്ടോ എന്ന് ഓരോ അരമണിക്കൂറിടവിട്ടും ഞാൻ നോക്കും. നിസ്സഹായയായ
അമ്മയെ സ്വന്തം മലത്തിൽ കിടക്കുവാൻ അനുവദിക്കരുത് എന്നൊരു ചിന്ത. ഞാൻ കുട്ടിയായിരുന്നപ്പോൾ
അമ്മ എന്നെ അങ്ങനെ കിടക്കാൻ അനുവദിച്ചിട്ടുണ്ടാവില്ലല്ലോ എന്ന ചിന്തയും കൂട്ടത്തിൽ..നിറയുമ്പോഴേയ്ക്കും
നഴ്സുമാരെ വിളിച്ച് പറയും. അവർ ഓടി വന്ന് അത് വൃത്തിയാക്കും. പിന്നെ അതെങ്ങനെ തുറന്ന്
വൃത്തിയാക്കണം എന്ന് ഞാനും പഠിച്ചു. നഴ്സുമാരെ കാത്തുനില്ക്കാതെയായി. രാത്രി എങ്ങാനും
ഞാൻ ഉറങ്ങിപ്പോയാൽ വൃത്തിയാക്കണെ എന്ന് മാത്രം അവരോട് ആവശ്യപ്പെട്ടു. അവർക്കും അത്
സഹായകരമായിരുന്നു പക്ഷേ കൊളോസ്റ്റമി ബാഗ് വയറിൽ ഘടിപ്പിക്കാൻ അപ്പോഴും എനിയ്ക്കറിയില്ല.
ഒരിയ്ക്കൽ
ഹെഡ് നഴ്സ് വന്ന് അമ്മയെ കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ അമ്മയെ ഇടത് വശത്തേയ്ക്ക്
തിരിച്ച് കിടത്തി. കൂട്ടത്തിലുള്ള നഴ്സിന് “അങ്ങനെ കിടത്തല്ലേ ബാഗ് പൊട്ടിപ്പോരും”
എന്ന് പറയാനുള്ള ധൈര്യമില്ലായിരുന്നു. ഞാൻ എന്റെ രക്തം പരിശോധിച്ച് കൊളസ്റ്റ്രോൾ നില
എന്തെന്നുള്ള റിസൾട്ട് വാങ്ങി വരുമ്പോൾ കാണുന്നത്
അമ്മയെ ഇടത് വശത്തേയ്ക്ക് തിരിച്ചു കിടത്തി പ്രസംഗിക്കുന്ന ഹെഡ് നഴ്സിനെയാണ്. കൂട്ടത്തിൽ
എന്നെ പ്രശംസിക്കുന്നുമുണ്ട് അവർ. ഇങ്ങനെയൊരു മകളെ കിട്ടിയതാണ് അമ്മയുടെ ഭാഗ്യം എന്നൊക്കെ...
എന്നെ കണ്ടപ്പോൾ, “എവിടെ പോയതാ?” എന്നൊരു അന്വേഷണം. കൊളസ്റ്റ്രോൾ പരിശോധിക്കാൻ പോയതാന്ന്
ഞാൻ മറുപടി പറഞ്ഞു. അന്നേരമാണ് അമ്മ കിടക്കുന്നതെങ്ങനെയാ എന്ന് ഞാൻ ശ്രദ്ധിച്ചത്.
“അമ്മയെ നേരെ കിടത്തൂ” എന്ന് ഞാൻ പറഞ്ഞു. അതൊന്നും ശ്രദ്ധിക്കാതെ അവർ പിന്നെയും ചോദ്യം
“ഈ ചെറുപ്രായത്തിൽ എങ്ങനെ കൊളസ്ട്രോൾ വന്നു?” എന്ന്. എനിയ്ക്ക് കലി കയറിയിരുന്നു അപ്പോഴേയ്ക്കും.
“എനിയ്ക്കിപ്പോൽ അതല്ല ടെൻഷൻ. അമ്മയെ നേരെ കിടത്തൂ... ഇല്ലെങ്കിൽ ബാഗ് പൊട്ടിയൊലിക്കും.
പിന്നത് പ്രശ്നാകും”
എന്ന് ഇത്തിരി കടുപ്പിച്ച് തന്നെ ഞാൻ പറഞ്ഞു. “അത് ലീക്കായാൽ വൃത്തിയാക്കാനല്ലേ ഇവരൊക്കെ
ഉള്ളത്?” എന്ന് കൂടെയുള്ള നഴ്സുമാരെ ചൂണ്ടി അവർ. അത് പറഞ്ഞ് തീർന്നപ്പോഴേയ്ക്കും ബാഗ്
വിട്ടുപോന്ന് ഒഴുകി തുടങ്ങിയിരുന്നു. “നിങ്ങൾക്കിപ്പോൾ സമാധാനമായില്ലേ?” എന്ന് ഞാൻ
അവരോട് ഒച്ച വെച്ചു.
രംഗം
പന്തിയല്ല എന്ന് കണ്ട് അവർ വേഗം സ്ഥലം വിട്ടു. പഴുപ്പിലൂടെ മലം ഒഴുകുന്നതു കൂടാതെ പുതിയതൊരെണ്ണം
ഒട്ടിക്കുമ്പോഴത്തെ അമ്മയുടെ വേദനയും എന്നെ അലട്ടുന്ന പ്രശ്നമായിരുന്നു. ആ സംഭവത്തിന്
ശേഷം ഹെഡ് നഴ്സ് കൂടുതൽ പ്രസംഗത്തിന് മുറിയിൽ വരാറില്ല. വന്നാലുടനെ പോകുകയും ചെയ്യും.!!
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ