പേജുകള്‍‌

2021, ജനുവരി 30, ശനിയാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 4


ഈ പ്ലാനുകളെല്ലാം നടക്കുമ്പോഴും പയ്യന്‌ യാതൊരു വിശ്വാസവുമില്ല ഇത്‌ നടക്കുമെന്ന്. അഡ്വാൻസ്‌ ഇടാനൊക്കെ പറയുമ്പോ കാശ്‌ പോകുമോ എന്നൊരു ആശങ്ക. എനിയ്ക്കും എന്റെ ചങ്ങാതിക്കുമാണെങ്കിൽ പെട്ടന്നൊരു ദുശ്ശങ്ക. ഇവനിനി ക്ഡാവിനെ കടത്തീട്ട്‌ പീഡിപ്പിക്കാനാണോ? എനിയ്ക്കാണേൽ രഞ്ജിത്‌ വക്കീൽ പറഞ്ഞ അറിവ്‌ മാത്രമേയുള്ളു. ഇനിയിപ്പോ സിനിമയിലൊക്കെ കാണിന്നതുപോലെ ക്ഡാവിനെ കടത്തി മറിച്ചാലോ...
ഈ പയ്യനെ കാണണമല്ലോ. അടുത്താഴ്ച ക്ഡാവ്‌ ഇറങ്ങുകേം ചെയ്യും. ഞങ്ങൾ പെട്ടോ... എന്നൊരു... ദുശ്ശങ്ക വന്നത്‌ ഞങ്ങൾ രണ്ട്‌ പേർക്കും ഒരേ സമയത്ത്‌! "ചേച്ചീീ മ്മക്കവനെ ഒന്ന് പോയി നേരിൽ കാണണം. അവനോടിങ്ങോട്ട്‌ വരാൻ പറ" എന്ന് എന്റെ ചങ്ങാതി. "ഇങ്ങോട്ട്‌ വരാൻ പറയണ്ട. നമ്മളങ്ങോട്ട്‌ ചെല്ലുകാന്ന് ഞാൻ കട്ടായം പറയാൻ പോകുകാ. ആവന്റെ ഇടം നമുക്ക്‌ പോയി കാണണം. ഇങ്ങോട്ട്‌ വരാൻ പറഞ്ഞാൽ അത്‌ ശരിയാവില്ല" എന്ന് ഞാൻ. "അത്‌ മതി" എന്നവന്റെ പിന്തുണ. അന്ന് വൈകീട്ട്‌ ഞാനവനെ വിളിച്ച്‌ പറയുന്നു "നാളെ ഞങ്ങൾ അങ്ങോട്ട്‌ വരും. എവിടെയുണ്ടാകും?" ഇടവും സമയവും പറഞ്ഞുറപ്പിച്ചു. അന്നേരം ഞാൻ ക്വാറന്റൈൻ പത്താം ദിവസം. രാവിലെ ഇറങ്ങാൻ നേരം അമ്മയോട്‌ പറഞ്ഞു ഡോക്ടറെ കാണാൻ പോയെന്ന് പറഞ്ഞാൽ മതി. കാരണം ബ്ലീഡിംഗ്‌. അതാകുമ്പോ ഗൈനക്കിനെ തന്നെ കാണണം. അധികം ചോദ്യവും പറച്ചിലും ഉണ്ടാവില്ല. അമ്മ ഓക്കെ പറഞ്ഞു. ക്ലയന്റ്‌ മീറ്റ്‌ എന്നാണ്‌ അമ്മയോട്‌ പറഞ്ഞത്‌. വെറുതെ അമ്മയെ ടെൻഷനടിപ്പിക്കണ്ടാലോ.
ഞാനും ചങ്ങാതിയും കൂടി വണ്ടിയെടുത്ത്‌ യാത്രയായി, പാലക്കാട്ടേയ്ക്ക്‌.അവൻ അവിടത്തുകാരനാണല്ലോ. നേരിൽ കണ്ടപ്പോൾ പയ്യൻ കുഴപ്പക്കാരനല്ല എന്ന് തോന്നി.
അതിനും മുൻപേ, അവനെ ഒരു സംശയം തോന്നാൻ കാരണം തന്നെ അവന്റെ പേരായിരുന്നു. ക്രിസ്ത്യൻ പേര്‌. എന്നാൽ അവൻ ഹിന്ദുവാണെന്ന് അവൻ തന്നെ പറഞ്ഞു. ഇനിയിപ്പോ ഇന്നത്തെ പിള്ളാരല്ലേ. ക്രിസ്ത്യാനിയായി ജനിച്ച്‌ ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന... അങ്ങനൊക്കെയുണ്ടല്ലോന്ന് കരുതി. ചങ്ങാതിയോട്‌ പറഞ്ഞപ്പോൾ അവനും അതെന്ത്‌ എന്നൊരു ചോദ്യം. പിന്നെ പയ്യനെ വിളിച്ചപ്പോൾ ടക്കെന്ന് ചോദിച്ചു നിന്റച്ഛന്റെ പേരെന്താ? അമ്മയുടെ പേരെന്താ? ഓർമ്മിക്കണം സമയമെടുക്കാതെ അവൻ പേര്‌ പറഞ്ഞു. ഹിന്ദു പേരുകൾ. മേഡം, ഞാനിനി ആധാർ കാണിക്കണോ എന്നവൻ. വേണ്ട, കണ്ടിട്ടില്ലാത്ത ആളാണല്ലോ അതുകൊണ്ടൊരു മുൻ കരുതൽ എന്ന് പറഞ്ഞൊഴിഞ്ഞു അന്ന്. പിന്നീടാണ്‌ നേരിൽ കാണണം എന്ന ചിന്ത വന്നത്‌. കണ്ടു ബോധിച്ചു. ഇനി കാര്യങ്ങൾ തീരുമാനിച്ച പ്രകാരം എന്നുറപ്പിച്ചു.
(തുടരും)



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ