പേജുകള്‍‌

2021 ജനുവരി 13, ബുധനാഴ്‌ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 2


അങ്ങനെയെങ്കിൽ കുട്ടിയെ കിട്ടാൻ കർണ്ണാടക ഹൈക്കോടതിയിൽ ഹേബിയസ്‌ ഫയൽ ചെയ്യണം. കുട്ടി കൂടെ വരും എന്ന് പറഞ്ഞാൽ കൂടെ കൊണ്ടുവരണം. അതാണ്‌ ആവശ്യം. സീനിയറിനോട്‌ കാര്യങ്ങൾ ചോദിച്ചിട്ട്‌ പറയാമെന്ന് പറഞ്ഞു. സീനിയറിനോട്‌ ചോദിച്ചപ്പോൾ ഫീസ്‌ ഒരു ലക്ഷം!! ഹേബിയസ്‌ ഫയൽ ചെയ്താൽ 15-20 ദിവസമെങ്കിലുമെടുക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ ഫയൽ കോടതിയിൽ വിളിക്കാൻ. അതിനും മുൻപ്‌ പോലീസിൽ പരാതി കൊടുക്കണം പോലും! പൂർത്തിയായി. അതോടുകൂടി ആ ക്ഡാവിന്റെ കാര്യത്തിലൊരു തീരുമാനമാകും. ഇനിയിപ്പോ ഫയൽ വേഗം വിളിച്ചാൽ തന്നെ ക്ഡാവ്‌ ഇവന്റെ കൂടെ പോരുമെന്ന് വല്ല ഉറപ്പുമുണ്ടോ? അതുമില്ല.
പയ്യന്റെ ആവശ്യം കേട്ടതേ ഞാൻ പറഞ്ഞു "പൊന്നു ചങ്ങാതീ... ഒരുലക്ഷമൊക്കെ കൊടുത്ത്‌ കേസിന്‌ പോയാൽ ക്ഡാവ്‌ വരുമെന്ന് വല്ല ഉറപ്പുമുണ്ടോ? വന്നില്ലേൽ ടീം ഗൗഡകളാണ്‌. വെട്ടിത്തുണ്ടമാക്കും. നീ ആലോചിക്ക്‌. കടുക്കനിട്ടവൻ പോയാൽ കമ്മലിട്ടവൻ വരുമെന്നല്ലേ? ആ ഒരു ലക്ഷം കൊണ്ട്‌ എത്ര ബിരിയാണി കഴിക്കാം!!"
പയ്യൻ കൺഫ്യൂസ്ഡായി! ഞാനൊന്നുകൂടി ചോദിച്ച്‌ നോക്കിയിട്ട്‌ വരാം മാഡം എന്നും പറഞ്ഞ്‌ അവൻ പോയി. പിന്നെ കുറേ നാളേയ്ക്ക്‌ നിശ്ശബ്ദത. ഇടയ്ക്ക്‌ ഞാനൊന്ന് അങ്ങോട്ട്‌ വിളിച്ചു നോക്കി. നമുക്ക്‌ ക്ലയന്റാണല്ലോ. കൈവിട്ട്‌ പോയോ എന്നൊന്നറിയണമല്ലോ..! അന്നേരം ഇതുവരെ മറുപടി കിട്ടിയില്ല എന്നവൻ. ഒരു തേപ്പ്‌ മണക്കുന്നല്ലോാന്ന് ഞാൻ. സാരല്യ പോയാൽ പോകട്ടും. ആദ്യത്തെ ആകുമ്പോഴേ വിഷമമാകൂ, പിന്നെ പിന്നെ ശീലമാകും എന്ന് ഞാൻ ആശ്വസിപ്പിച്ച്‌ ഫോൺ വെച്ചു.
(തുടരും)

2021 ജനുവരി 12, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ!

 ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ!

ഒരൂസം എന്റെ സുഹൃത്ത് രഞ്ജിത്‌ വക്കീലാണ് ‌ "അനൂ... കർണ്ണാടക ഹൈക്കോടതിയിൽ ഒരു ഹേബിയസ്‌ ഫയൽ ചെയ്യാനുണ്ട്‌ പറ്റുമോ?" എന്ന് ചോദിച്ചത്‌. "ചെയ്യാലോ.. പക്ഷേ നല്ല റേറ്റാകൂലോ വക്കീലേ" എന്ന് ഞാൻ മറുപടിയും പറഞ്ഞു. വക്കീൽ പയ്യന്‌ എന്റെ നമ്പർ കൊടുത്തു. പ്രേമക്കേസാണ്‌. പയ്യൻ ഒരു ഗൗഡ പെൺകുട്ടിയുമായി പ്രേമത്തിലാണ്‌. ഒളിച്ചോടാൻ പ്ലാനിട്ടപ്പോൾ അവൾക്ക്‌ അതുവരെ വളർത്തിയുണ്ടാക്കിയ രക്ഷിതാക്കളോട്‌ കാര്യം പറയണം. പെൺകുട്ടിയുടെ അമ്മ മരിക്കുകയും അച്ഛൻ വേറെ കല്യാണം കഴിക്കുകയും ചെയ്തതോടെ അവളെ വളർത്തി വലുതാക്കിയത്‌ അമ്മയുടെ ചേച്ചിയും ഭർത്താവുമാണ്‌. അതിന്റെയൊരു നന്ദി കാണിക്കണം എന്നവൾക്ക്‌ തോന്നി. ഇങ്ങനൊരു കാര്യം പറഞ്ഞതേ അവർ അവളെ പൂട്ടി. വീടിന്‌ പുറത്തേയ്ക്കുള്ള സ്വാതന്ത്ര്യം നിഷേധിച്ചു. പൂർണ്ണമായും വീട്ടുതടങ്കൽ. എന്നാലും മൊബൈൽ ഉണ്ടായിരുന്നു. അവനും അവളും ചേർന്ന് ചാടിപ്പോകാനുള്ള പ്ലാനിട്ടു. വാട്ട്സാപ്പിലിട്ട പ്ലാനെല്ലാം വായിച്ചത്‌ വീട്ടുകാർ. അതോടെ മൊബൈൽ ബന്ദവസ്സായി. അത്‌ സ്വിച്ച്‌ ഓഫ്‌ ചെയ്തു അച്ഛൻ എന്ന് അവൾ വിളിക്കുന്ന വല്യച്ഛൻ പൂട്ടിവെച്ചു. അവൾക്ക്‌ അവനുമായുള്ള എല്ലാ കണക്ഷൻ ഉപാധികളും വെട്ടി. അവൾ പൂർണ്ണമയും റൂം ക്വാറന്റൈൻ.
അവളുമായി യാതൊരു ആശയവിനിമയവുമില്ല. ആഗസ്റ്റ്‌ 15-ന്‌ അവളുടെ സ്വാതന്ത്ര്യം അവർ നിഷേധിച്ചതാണ്‌. അങ്ങനെയിരിക്കുമ്പോഴാണ്‌ അവന്‌ അവളുടെ മെയിൽ വരുന്നത്‌. "എന്നെ കൊണ്ടു പോണം... എങ്ങനെയായാലും ഞാൻ വരാം." പക്ഷേ എങ്ങനെ? അതായിരുന്നു അവന്റെ ഉള്ളിലെ ചോദ്യം.എങ്ങനെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാം എന്നതിന്റെ വിവിധമാർഗ്ഗങ്ങൾ അവൻ ഗൂഗിൾ ചെയ്തു. പ്ലാൻ ചെയ്തു. പക്ഷേ ഒന്നിനും കട്ടയ്ക്ക്‌ കൂടെ നിക്കാൻ ധൈര്യമുള്ള കൂട്ടുകാരില്ല.ഗൗഡ പെൺകുട്ടി എന്ന് കേട്ടതോടെ ചാടിപ്പുറപ്പെട്ടവരെല്ലാം നൈസായി സ്കൂട്ടായി. പോരാത്തതിന്‌ അവളുടെ അച്ഛൻ റിട്ടയേർഡ്‌ പോലീസും!
(തുടരും)

2021 ജനുവരി 8, വെള്ളിയാഴ്‌ച

“പരതലപ്രാന്തി”

 കഴിഞ്ഞ വർഷം ജനുവരി 7-നായിരുന്നു ഞാൻ അവളെ ആദ്യമായി കാണുന്നത്. അതിലും ഏതാനും മാസങ്ങൾ മുൻപേ ഞങ്ങൾ ഫോണിലൂടെയും എഫ് ബി കമന്റുകളിലൂടെയും സംവദിച്ചു. ആദ്യ ഫോൺ വിളി തന്നെ മണിക്കൂറുകളോളം നീണ്ടുപോയത് അറിഞ്ഞതേയില്ല. അപരിചിതത്വത്തിന്റെ ലാഞ്ഛന പോലും ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. ഗൂഗിൽ പ്ലസ് കാലത്ത് ഒന്നോ രണ്ടോ വട്ടം അവളുടെ പേര്‌ ഒരു പൊതുസുഹൃത്തിൽ നിന്നും കേട്ടിട്ടുണ്ട് എന്നതല്ലാതെ അവളെ കുറിച്ച് എനിയ്ക്കൊന്നും അറിയില്ലായിരുന്നു. ഫെയ്സ്ബുക്ക് ചുപ്ല വന്നപ്പോഴാണ്‌ ഇങ്ങനെയൊരു കക്ഷിയെ ശ്രദ്ധിക്കുന്നത് പോലും. ശാരി ശാന്താനാഥൻ എന്നാണ്‌ പേര്‌. ഞാൻ സരി എന്ന് വായിച്ചുകൊണ്ടേയിരുന്നു. പ്രൊഫൈൽ ചെന്ന് നോക്കിയപ്പോൾ മഞ്ഞ് പെയ്യുന്ന നാടുകളിലൊക്കെ നിന്നുള്ള കുടുംബ ഫോട്ടോകൾ. ന്റെ പൊന്നോ... വല്യ മൊതലാ.. മൈന്റാക്കണ്ട എന്നോർത്ത് മിണ്ടാതെ പോന്നു. ഞാൻ ഒന്നോ രണ്ടോ വട്ടമേ ഈ പേര്‌ കേട്ടിട്ടുള്ളായിരുന്നു എങ്കിലും പൊതുസുഹൃത്തിൽ നിന്നും യഥേഷ്ടം അവൾ എന്റെ പേര്‌ കേട്ടിരുന്നു. നല്ലതും ഇച്ചിരെ ചീത്തതുമായി കേട്ടതിൽ ആ ചീത്തതിൽ മാത്രം മനസുടക്കിയ അവൾ നേരത്തേ കാലത്തേ “ഈ മൊതലിനെ വിട്ടുകളയാതെ കൂടെ കൂട്ടും” എന്ന് എന്നെ സ്കെച്ച് ചെയ്തിരുന്നു! അതൊക്കെ പിന്നീടവൾ പറഞ്ഞറിഞ്ഞത്.

എന്നിട്ടും അവൾ എന്നോട് മിണ്ടാൻ പിന്നെയും വർഷങ്ങളെടുത്തു! അവൾ മിണ്ടിയപ്പോഴേ പ്രൊഫൈൽ നോക്കിയ ഞാൻ എന്തുകൊണ്ടോ അവളുടടുത്ത് കൊത്തുകോഴിയെ പോലെ ചെറയാനാണ്‌ നിന്നത്. സ്കെച്ച് ഇട്ടാൽ പിന്നെ കൊണ്ടേ പോകൂ എന്ന് തീരുമാനിച്ചുറച്ച അവൾക്ക് എന്റെ ചെറയലൊക്കെ എന്ത്?! എന്റെ കണ്ടാൽ പ്രായം തോന്നാത്തതിനെ കുറിച്ച് നന്നായൊന്ന് പ്രശംസിച്ചു! എനിയ്ക്കതങ്ങ് ക്ഷ സുഖിച്ചു! ഞാൻ ഫ്ലാറ്റ്!! പിന്നെ കുഞ്ഞാടായി അവളോട് കമന്റിൽ മറുപടി പറഞ്ഞു. സ്കൂൾ കൂട്ടുകാരിയുടെ മകളുടെ ഐ.എ.എസ്.കോച്ചിംഗിനെ കുറിച്ച് ഒരു പോസ്റ്റിട്ടപ്പോഴാണ്‌ ഇവൾ വീണ്ടും സഹായഹസ്തവും കൊണ്ട് ഓടി വന്നത്. നമ്പർ തന്ന് വിളിക്കാൻ പറഞ്ഞു. ബാല്യകാലകൂട്ടുകാരിയുടെ മകൾക്ക് വേണ്ടിയായതിനാൽ വേഗം വിളിച്ചു. മണിക്കൂറുകൾ നിമിഷങ്ങളാകുക എന്നൊക്കെ പറഞ്ഞാൽ അതാണ്‌. ഫോൺ കട്ട് ചെയ്യുമ്പോൾ മൂന്ന് മണിക്കൂറിലധികമായി ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു എന്നൊരു തോന്നൽ പോലുമുണ്ടായില്ല! പിന്നെയും പറയാൻ എന്തൊക്കെയോ ബാക്കി! ദിനവും വിളിയും മണിക്കൂറുകൾ നിമിഷങ്ങളാകലും അനർഗളം നടന്നു കൊണ്ടേയിരുന്നു. ഒരു വിഷയത്തിൽ തുടങ്ങി ഉപവിഷയവും അതിന്റെ ഉപവിഷയവും പിന്നതിന്റെ ശാഖാവിഷയവും അങ്ങനെയങ്ങനെ പറയാൻ വന്നതെന്തെന്ന് മറന്ന് ഞങ്ങൾ നിത്യവും ഫോൺ വെച്ചു.
അങ്ങനെയിരിക്കെയാണ്‌ അവൾ നാട്ടിലേയ്ക്ക് വരുന്നെന്ന് പറഞ്ഞത്. വരുമ്പോൾ കാണാമെന്ന് ഞാനും. ജനുവരി എട്ടിനോ ഒമ്പതിനോ തിരികെ പോകുന്ന അവൾ അതിലും മുൻപേ എന്നെയും അമ്മയേയും കാണാൻ വരും കണ്ടിട്ടേ പോകൂ എന്ന് ഉറപ്പ് പറഞ്ഞു.
ഡൽഹിയിൽ നിന്ന് അവൾ നാട്ടിലെത്തിയപ്പോഴും ഞാൻ നാട്ടിലെത്തിയിട്ടുണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ നിന്നും എന്റെ ടിക്കറ്റ് ജനുവരി ആറിനായിരുന്നു. ഏഴിന്‌ രാവിലെയേ ഞാനെത്തൂ എന്ന് പറഞ്ഞപ്പൊഴേ അവൾ പറഞ്ഞു “ഇത്തവണ കാണാൻ വരാനൊക്കില്ലഡീ.. മത്തായിയ്ക്ക് പെട്ടന്ന് തിരികെ പോകേണ്ടി വന്നു. ഞങ്ങൾ 5-ന്‌ തിരികെ പോകും. കാണലൊക്കെ ഇനി അടുത്ത തവണ വരുമ്പോഴാകാം” എന്ന്. അയ്യ്യോ.. കാണാനൊക്കില്ലല്ലോ ഇനി അടുത്ത വരവ് എന്നാണോ ഉണ്ടാകുക എന്നൊരു വിഷമം മനസിൽ വന്നു. എങ്കിലും മത്തായിയ്ക്ക് ജോലിസംബന്ധമായി തിരികെ പോകേണ്ടി വരുമ്പോൾ പിന്നെ അവൾക്കും കൂടെ പോകാതിരിക്കാനൊക്കില്ലല്ലോ..
പുട്ടിന്‌ പീര പോലെ അവളും ആമിയും എയർപോർട്ടിലിരിക്കുന്നതിന്റെയും കാറിലിരിക്കുന്നതിന്റെയുമൊക്കെ ഫോട്ടോകൾ ഇട്ടുകൊണ്ടേയിരുന്നു. ശാരി കാണാൻ വരും എന്നെ കണ്ടില്ലെങ്കിലും അമ്മയെയെങ്കിലും കണ്ടിട്ടേ അവൾ പോകൂ എന്ന് പറഞ്ഞിരുന്ന എന്നോട് അവൾ തിരികെ പോകുന്നതിന്റെ ഫോട്ടോ ഇട്ടെന്ന് പറഞ്ഞപ്പോൾ “അല്ലേലും നിന്റെ കൂട്ടുകാരുടെ വാക്കൊന്നും വിശ്വസിക്കാനൊക്കില്ല എന്ന് അമ്മ എന്നെ കളിയാക്കി.
ഏഴിന്‌ രാവിലെ യാത്രാക്ഷീണം ഉറങ്ങിത്തീർത്ത് കിടക്കയിൽ നിന്നും എണീക്കണോ വേണ്ടയോ എന്ന് മേല്ക്കൂരയും നോക്കി ചിന്തിച്ച് കിടക്കുമ്പോൾ മനസിൽ പെട്ടന്നൊരു ഉൾവിളി! ‘ചിലപ്പോൾ ശാരി എന്നെ പറ്റിക്കാൻ പറഞ്ഞതാണെങ്കിലോ അഞ്ചാം തിയതി പോയെന്ന്? അവൾ എനിയ്ക്കൊരു സർപ്രൈസ് വിസിറ്റ് തരാനാണെങ്കിലോ? ഹേയ്.. എന്നാലും അവൾക്ക് വന്നാൽ എന്നെ വിളിക്കാണ്ട് വീട്ടിലെത്താനൊക്കില്ല. അതുകൊണ്ട് അവളുടെ സർപ്രൈസ് പൊളിയും’ അങ്ങനെ മനസിലുറപ്പിച്ച് പിന്നെയും ഉറങ്ങണോ എഴുന്നേല്ക്കണോ എന്നുള്ള കൂലങ്കഷമായ ചിന്തയിലേയ്ക്ക് ഞാൻ തിരികെ പോകുമ്പോഴാണ്‌ “മോളേ...ഇതാ...” എന്ന് അമ്മയുടെ ഉറക്കെയുള്ള അപൂർണ്ണമായ വിളി കേട്ടത്. എന്താണാവോ.. എന്നും വെച്ച് എഴുന്നേല്ക്കണോന്ന് പിന്നെയും ആലോചിച്ച് ഇനിയും വിളിക്കുകയാണെങ്കിൽ എഴുന്നേല്ക്കാമെന്ന് ചിന്തിച്ച് അമ്മയുടെ അടുത്ത വിളിക്കായി കാതോർത്ത് കിടന്ന എന്നെ ഞെട്ടിച്ചു കൊണ്ട് “എണീക്കഡീ പോത്തേ” എന്നും പറഞ്ഞുള്ള ചിരിയും കർട്ടൻ മാറലുമാണുണ്ടായത്. എന്റെ കിടപ്പുമുറിയുടെ കർട്ടനിൽ നിറയെ ചിലങ്ക മണി കെട്ടി വെച്ചിരിക്കുന്നതിനാൽ അവളുടെ ചിരിയും ചിലങ്കമണികളുടെ കിലുക്കവും ഒരേ പോലെയിരുന്നു!
അപ്രതീക്ഷിതമായി, എന്റെ നിഗമനത്തെ തെറ്റിച്ചുകൊണ്ട് അവൾ നേരെ വീട്ടിലേയ്ക്ക് കയറി വന്നു! ഞങ്ങൾക്കിടയിൽ ഒരു പൊതുസുഹൃത്തുണ്ടെന്നും പലവട്ടം എന്റെ വീട്ടിൽ വന്നിട്ടുള്ള അവർ ഇവൾക്ക് വഴി പറഞ്ഞുകൊടുക്കുമെന്നും ചിന്തിക്കാൻ ഞാൻ മറന്ന് പോയിരുന്നു!
ആ സമാഗമത്തിന്‌ ഇപ്പോൾ ഇന്നലെ ഒരു വർഷം തികഞ്ഞു. ഇന്നും മുഖം നിറയെ ചിരിയുമായി ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങിയ ഒരു അമ്മയും കുഞ്ഞും എന്റെ അമ്മയുടെ മനസിൽ അതേ പോലെ നില്ക്കുന്നുണ്ട്. അമ്മയ്ക്ക് അവളെ കണ്ടപ്പോഴേ ആളാരെന്ന് മനസിലായി. അതിന്റെ ആഹ്ലാദം എന്നെ കൂവി വിളിച്ചറിയിക്കാൻ പോയപ്പോൾ മിണ്ടല്ലേ..ന്ന് അമ്മയും മകളും ആംഗ്യം കാട്ടി അമ്മയെ നിശ്ശബ്ദയാക്കിയതായിരുന്നു! യാതൊരു വിധ സ്നേഹപ്രകടനങ്ങളോ കെട്ടുകാഴ്ചകളോ ഇല്ലാതെ നിമിഷനേരം കൊണ്ട് തന്നെ അവൾ അമ്മയുടെ മനസിൽ കയറിക്കൂടി, ഒപ്പം ആമിക്കുട്ടിയും.
എന്നേക്കാൾ കൂടുതൽ അവൾ സംസാരിച്ചത് അമ്മയോടായിരുന്നു! അമ്മ അവളുടെ ചിരിയും സംസാരവും എല്ലാം യാതൊരു അപരിചിതത്വവുമില്ലാതെ കേട്ടിരുന്നു. അവൾക്ക് സ്നേഹത്തോടെ ഒരു വിളിപ്പേരും എന്നോട് പറഞ്ഞുതന്നു “പരതലപ്രാന്തി”
അതുവരെ ഫോണിലൂടെ “വല്യമ്മ എന്ന് വിളിക്കണം, മോൾടെ അമ്മയേക്കാൾ മൂത്തതാ” എന്നൊക്കെ പറഞ്ഞ് ബിൽഡപ്പ് ചെയ്ത് ആമിക്കുട്ടിയെക്കൊണ്ട് അങ്ങനെ തന്നെ വിളിപ്പിച്ചിരുന്ന എന്നെ അവൾ കണ്ടതേ വിളി മാറ്റി “അനുച്ചേച്ചി” എന്ന് ‘സ്ഥാന ഇറക്കം’ തന്നു!!
സത്യം പറഞ്ഞാൽ അവൾ വന്നപ്പോൾ ഞാനെണീറ്റ് പല്ലൊക്കെ തേച്ച് ഒരുമിച്ചിരുന്ന് ചായയൊക്കെ കുടിച്ചെങ്കിലും എനിയ്ക്കതാലോചിക്കുമ്പോൾ ഇപ്പോഴും ഒരു സ്വപ്നം പോലെയാണ്‌ തോന്നുന്നത്.
ഇന്നും എന്തൊക്കെയോ പറഞ്ഞ് തുടങ്ങി മറ്റെന്തിലൂടെയൊക്കെയോ ചുറ്റിക്കറങ്ങി പറഞ്ഞു തീരാത്ത വിഷയങ്ങളോടെ ഞങ്ങൾ ഫോൺ വെയ്ക്കുന്നു. ഞങ്ങൾക്കിടയിലുള്ള ബോണ്ട് ദിനം പ്രതി ശക്തിയാർജ്ജിച്ചുകൊണ്ടേയിരിക്കുന്നു. കഷ്ടതകൾ ഒരുപോലെ അനുഭവിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് പരസ്പരം വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു. ജീവിതാവസാനം വരെ അത് നിലനില്ക്കണേ എന്ന് മാത്രം ആശിച്ചുകൊണ്ട് “ഡീ പരതലപ്രാന്തീ... മ്മക്കിനീം കാണണം ട്ടാ”
💞💞💞

2020 മാർച്ച് 31, ചൊവ്വാഴ്ച

ആശങ്ക



രാവിലെ പതിവുപോലെ ആറുമണിയ്ക്കുണർന്ന് അവൾ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. അനുരാധാപൊതുവാളിന്റെ ഗായത്രീമന്ത്രജപം റെക്കോർഡറിലൂടെ ഒഴുകിയെത്തി.

വീണ്ടും തന്റെ ചുവന്ന ബ്ലാങ്കറ്റ് കൊണ്ട് മൂടിപ്പുതച്ച് സുഖകരമായ തണുപ്പിന്റെ ആലസ്യത്തിലേയ്ക്കൂളിയിട്ടുറങ്ങുവാൻ അവളുടെ മനസ്സ് വെമ്പിയെങ്കിലും ഇനിയും കിടന്നാൽ ഈ ദിവസത്തെ തന്റെ മൂഡ് മൊത്തം പോകുമെന്ന തിരിച്ചറിവിൽ അവൾ മനസില്ലാമനസ്സോടെ എഴുന്നേറ്റു.

പ്രാഥമികകൃത്യനിർവഹണത്തിനു ശേഷം തന്റെ സ്ഥിരം കട്ടൻ ചായയുമിട്ട് അന്നത്തെ മൊത്തം ദിവസത്തിനു വേണ്ട ഭക്ഷണത്തിനുള്ള അരിയും കുക്കറിലിട്ട് അവൾ തന്റെ വാടക വീടിന്റെ വരാന്തയിൽ വന്നിരുന്നു. താമസം ഒന്നാം നിലയിലായിരുന്നതിനാൽ ആ ഇരുപ്പ് അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. നാലും കൂടിയ ആ വഴിയിലൂടെ ആര്‌ വന്നാലും അവൾക്ക് കാണാമായിരുന്നു. തൊട്ടുമുന്നിലുള്ള വെള്ള പെയിന്റടിച്ച വലിയ കെട്ടിടവും അതിനു മുന്നിലെ റോഡിനപ്പുറത്തുള്ള ചെറിയ വീടും എല്ലാം എന്നും കൗതുകകരമായ നിമിഷങ്ങൾ നല്കിയിരുന്നു.

തണുപ്പ് രോമകൂപങ്ങളിലൂടെ അരിച്ചിറങ്ങുമ്പോഴും അവൾ ചിന്തിച്ചത് വെളുത്ത വീടിനു മുന്നിൽ എന്നും കാണാറുള്ള ആൾക്കൂട്ടത്തെ കുറിച്ചായിരുന്നു. എന്തുകൊണ്ടോ ആ നേരമായിട്ടും അവിടെ ആരുമെത്തിയിട്ടില്ലായിരുന്നു. സാധാരണ ദിവസങ്ങളിൽ അവിടെ അതിരാവിലെ മുതലേ പണിക്കാർ തലേദിവസത്തെ കൂലിയ്ക്കായി നിരന്ന് നില്ക്കാറുണ്ടായിരുന്നു. ആ വെളുത്ത വീടിന്റെ ഉടമസ്ഥർ കെട്ടിട കരാർ മുതലാളിയാണെന്ന് വാടകവീട്ടിലെ ആറുമാസത്തെ താമസക്കാലം കൊണ്ടുതന്നെ  മനസ്സിലാക്കിയിരുന്നു.

വിജനമായ വഴിത്താരകളിലേയ്ക്ക് വെറുതേ നോക്കിയിരുന്നുകൊണ്ട് അവൾ തന്റെ കയ്യിലിരുന്ന ചായ മെല്ലെ മൊത്തിക്കുടിയ്ക്കുവാൻ തുടങ്ങി.

അപ്പോൾ തെക്ക് ഭാഗത്ത് നിന്ന് ഒരു കൈവണ്ടിയിൽ ജമന്തിപ്പൂക്കളുമായി ഒരാൾ വന്നു. ഒരു വീടിന്റെ മുന്നിലെങ്കിലും ആളെ കണ്ടല്ലോ എന്ന ആശ്വാസത്തിൽ അയാൾ അവളെ നോക്കി.

“ജമന്തിപ്പൂവ് വേണോ?” അയാൾ പ്രത്യാശയോടെ അവളോടു ചോദിച്ചു. “വേണ്ട” എന്ന മറുപടി ലഭിച്ചപ്പോൾ അയാൾ വണ്ടി തള്ളിക്കൊണ്ട് മുന്നോട്ട് നടന്നു.

വീണ്ടും വിജനമായ വഴിയിലേയ്ക്ക് കണ്ണും നട്ട് അവളിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് വിവേചിച്ചറിയാനാവാത്ത ഒരു അനുഭൂതി അവളിൽ ഉണ്ടാക്കി, അതേ ഇരിപ്പിൽ തന്നെ അവൾ എന്തോ ആലോചിച്ചു. ആ ആലോചനയ്ക്കിടയ്ക്ക് കിഴക്കുനിന്ന് വന്ന ആളെ അവൾ കണ്ടില്ലായിരുന്നു. പെട്ടന്നാണ്‌ അത് അവളുടെ ശ്രദ്ധയിൽ പെട്ടത്.

കിഴക്കുനിന്ന് വന്ന ആൾ വെളുത്ത വീടിന്റെ മുന്നിലുള്ള ചെറിയ വീടിന്റെ അരികിൽ വടക്കോട്ട് പോകുന്ന വഴിയുടെ ഭാഗത്തായി ഒളിച്ചുനിൽക്കുന്നു. അവിടെ മറഞ്ഞുനിന്നുകൊണ്ടുതന്നെ അയാൾ പതുക്കെ, ഒരു കള്ളനെ പോലെ താൻ വന്ന വഴിയിലേയ്ക്ക് ആകാംക്ഷയോടെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.

അയാളുടെ ചെയ്തികൾ അവൾ സാകൂതം വീക്ഷിച്ചു. എന്നാൽ അയാൾ അവളെ കാണുന്നില്ലായിരുന്നു. അനേകം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുവന്നു.

“എന്തിനാണയാൾ അവിടെ മറഞ്ഞു നിൽക്കുന്നത്?” അവൾ തന്നോടുതന്നെ ചോദിച്ചു. ആരെയോ കബളിപ്പിച്ച് വന്നിരിക്കുകയാണയാൾ. കബളിപ്പിക്കപ്പെട്ടയാൾ ഇയാളെ അന്വേഷിച്ചു വരുന്നുണ്ടായിരിക്കും. അതാണയാൾ ഇവിടെ ഒളിച്ചിരിക്കുന്നത്.

ചിന്ത ഇത്രത്തോളമായപ്പോഴേക്കും അവൾ കണ്ടു, അയാൾ ഒരു കുറുക്കന്റെ കൗശലത്തോടെ ചുറ്റും നോക്കുന്നു.

അപ്പോഴും ആ വഴിയിലൂടെ ആരും വരുന്നില്ലായിരുന്നു. അയാൾ ആരെയാണ്‌ ഇത്രമാത്രം ഒളിഞ്ഞുനിന്ന് വീക്ഷിക്കുന്നതെന്ന് എഴുന്നേറ്റ് ചെന്ന് നോക്കണമെന്ന് അവൾക്കുണ്ടായിരുന്നു. റോഡിലേയ്ക്ക് തള്ളിനിൽക്കുന്ന വരാന്തയുടെ മൂലയിൽ ചെന്ന് നോക്കുകയാണെങ്കിൽ അവൾക്ക് അയാൾ നോക്കുന്ന വഴിയുടെ അറ്റം വരെ കാണുവാൻ സാധിക്കുമായിരുന്നു. പക്ഷേ, താൻ ഇവിടെ നിന്ന് അനങ്ങിയാൽ ആ ചലനം കൊണ്ട് അയാൾ തന്നെ കാണുമെന്ന ഭയം അവളെ ആ പ്രവൃത്തിയിൽ നിന്നും പിന്തിരിപ്പിച്ചു.

“അയാൾ ആരെയെങ്കിലും പിടിച്ചുപറിക്കുവാനായിട്ടാണ്‌ ആ വിജനമായ വഴിയിൽ കാത്തുനിൽക്കുന്നതെങ്കിലോ?” എങ്കിൽ തനിക്കിതിൽ എന്ത് ചെയ്യാനാകും? വരുന്ന ആൾക്ക് അതേക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനാകും. ഏതായാലും ഇയാൾ തന്നെ കണ്ടിട്ടില്ല. ഇവിടെ അനങ്ങാതിരുന്ന് അയാളുടെ ഇനിയുള്ള നീക്കം ശ്രദ്ധിക്കാം. എന്തെങ്കിലും അക്രമകരങ്ങളായ കാര്യങ്ങളാണെങ്കിൽ, ബഹളം കൂട്ടി തന്റെ അയൽപക്കക്കാരെ ഉണർത്താം.

അയാളതാ വീണ്ടും തക്കും പുക്കും നോക്കുന്നു. “ഈശ്വരാ... ഇയാളിതെന്തിനുള്ള പുറപ്പാടാണ്‌?!”

എപ്പോഴും ആൾസഞ്ചാരമുള്ള വഴിയിൽ ഇന്നാണെങ്കിൽ ഒരാളും വരുന്നില്ലല്ലോ.. ഇതെന്താ.. ഈശ്വരനും അയാൾ ചെയ്യാൻ പോകുന്ന അക്രമത്തിന്‌ കൂട്ടുനിൽക്കുകയാണോ...? അയാളുടെ അക്രമത്തിനിരയാകുന്ന നിർഭാഗ്യവാൻ ആരാണാവോ? അയാൾ എന്തെങ്കിലും ആയുധം ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ? എങ്കിൽ ഈ തണുത്ത പ്രഭാതത്തിൽ അക്രമത്തിനു പുറമേ ചോരയും കാണേണ്ടി വരുമോ?“ അവൾ വേപഥു പൂണ്ടു.

ഭാഗ്യം.. അയാൾ നിരായുധനാണ്‌. പിടിച്ചുപറിക്കൽ മാത്രമേ അയാൾക്ക് ലക്ഷ്യമുണ്ടായിരിക്കുകയുള്ളൂ. എങ്കിലും, വരുന്ന ആൾക്ക് ഒരു മുന്നറിയിപ്പ് നൽകുവാൻ തനിയ്ക്കാവും. ബഹളം വയ്ക്കണോ അതോ ഒന്നുമറിയാത്ത ഭാവത്തിൽ, ഒന്നും കാണാത്ത മട്ടിൽ ഇരുന്നാൽ മതിയോ?

അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരിക്കേ, ഒരു ബാലൻ വരുന്നതവൾ കണ്ടു. അവന്‌ ആറോ ഏഴോ വയസ്സേ കാണുമായിരുന്നുള്ളു.

‘ഈ കുഞ്ഞിനെ അയാൾ ഒന്നും ചെയ്യുകയില്ലായിരിക്കും’ അവൾ ആകാംക്ഷയോടെ ആ ബാലനെ വീക്ഷിച്ചു കൊണ്ടിരുന്നു.

അവന്റെ കൊച്ചുമുഖത്ത് സംഭ്രമമോ ഭയമോ എല്ലാം കലർന്ന ഒരു ഭാവമുണ്ടായിരുന്നു. ആ കണ്ണുകളിൽ നിന്നും, അവൻ ആരെയോ തിരയുകയാണെന്ന് അവൾ മനസ്സിലാക്കി.

പതുങ്ങി നിൽക്കുന്ന മനുഷ്യനേയും അയാളുടെ ഉദ്ദേശ്യത്തേയും കുറിച്ചുള്ള ആശങ്കകൾ പാടെ മറന്ന അവൾ ആ കുഞ്ഞിനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്, ആ കുഞ്ഞിക്കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം! എന്താണവനെ സന്തോഷിപ്പിച്ചത് എന്ന ചിന്തയിലവൾ അവൻ നോക്കിയ ദിശയിലേയ്ക്ക് നോട്ടമയച്ചു.

അവിടെ, അയാളായിരുന്നു! അയാളുടെ മുഖത്തും ഒരു കള്ളച്ചിരി ഒളിച്ചിരുന്നിരുന്നു!

താൻ തിരയുന്നത് കണ്ടെത്തിയ സന്തോഷത്തിൽ അവൻ അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.

അത് കണ്ടുകൊണ്ടിരിക്കെ, അയാൾ പറയുന്നത് കേട്ടു.

“മോൻ പേടിച്ചോ? അച്ഛൻ വെറുതെ കളിപ്പിച്ചതല്ലേ?”
അതും പറഞ്ഞ് അവർ ഒരുമിച്ച് നടന്നകന്നു.

ഇത്രയും നേരം കൊണ്ട് താൻ ചിന്തിച്ചുകൂട്ടിയ മണ്ടത്തരങ്ങളോർത്ത് അവൾ തനിയെ ചിരിച്ചു!

അപ്പോഴും ആ വഴികൾ വിജനമായിരുന്നു...

2020 മാർച്ച് 30, തിങ്കളാഴ്‌ച

ആയിരുന്നുകൾ

2005-ലാണെന്ന് തോന്നുന്നു അവനെ ഞാൻ ആദ്യമായി കാണുന്നത്. ജോസേട്ടന്റെ ട്രാവൽ ഏജൻസിയിൽ ചെന്നിരിക്കാറുള്ള എനിയ്ക്ക് അവനെ പരിചയപ്പെടുത്തി തന്നതും ജോസേട്ടനാണ്‌. എം ബി എ-യ്ക്ക് പഠിയ്ക്കുന്ന ചെറുക്കൻ. കാണാൻ നല്ല ഭംഗിയുണ്ട് എന്ന് ആദ്യ കാഴ്ചയിലേ ചിന്തിച്ചു. 

അന്ന് മാഗസിൻ പ്രസിദ്ധീകരിച്ച്, അതിന്റെ പ്രാരാബ്ധങ്ങളുമായി നടക്കുന്ന കാലമാണ്‌. “എടേയ്.. ഇവളെ നിനക്കൊക്കെ ഒന്ന് സഹായിച്ചൂടെ? വല്ല പരസ്യമൊക്കെ പിടിച്ചുകൊടുക്കടേയ്.. നിനക്കൊരു വരുമാനവും ആകും” എന്ന് ജോസേട്ടൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് നിന്നു. 

പിന്നെയും പലവട്ടം ഞാനും അവനും കണ്ടുമുട്ടി. ജോസേട്ടന്റെ ട്രാവൽ ഏജൻസിയിൽ വെച്ചുതന്നെ. ചേച്ചിയായിരുന്നു അവന്‌ ഞാൻ!

പോകെ പോകെ നല്ലൊരു സൗഹൃദവും ആത്മബന്ധവും ഞങ്ങളുടെ ഇടയിൽ ഉടലെടുത്തിരുന്നു. അവനും ഞാനും ഒരുപോലെ പ്രാരാബ്ധങ്ങൾ അനുഭവിക്കുന്നവരായിരുന്നതുകൊണ്ട്, അവന്റെ പ്രാരാബ്ധങ്ങൾക്ക് എന്നും ചെവികൊടുക്കാൻ ശ്രദ്ധിച്ചിരുന്നു. 

ഒരു ഫ്രോഡുമായിട്ടുണ്ടായിരുന്ന എന്റെ പ്രണയം 2008-ൽ പൊട്ടിപ്പാളീസായി നിക്കുന്ന സമയം. ഡിപ്രഷന്റെ അങ്ങേയറ്റത്താണ്‌ ഞാൻ പോയി തല മൊട്ടയടിച്ചത്. ആ കാലയളവിലൊന്നും ആർക്കും മുഖം കൊടുക്കാതെ നടന്നിരുന്ന ഞാൻ ഇവനെയും മറന്നിരുന്നു. ഫോൺ വിളികൾ പോലും നിലച്ച സമയം. എല്ലാം ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോയ ഞാൻ വീണ്ടും തിരികെ വന്നത് കുറച്ചുകൂടി ഉറച്ച മനസോടെയായിരുന്നു. ഡിപ്രഷനിൽ നിന്നും കരകയറിക്കൊണ്ടിരുന്ന കാലം. തോളൊപ്പം വളർന്നുനില്ക്കുന്ന മുടിയോടെ, ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തു. അതും കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞപ്പോഴാണ്‌ അവനെ ഞാൻ വീണ്ടും വിളിക്കുന്നത്. 

ഫെയ്സ്ബുക്കിൽ കണ്ട ഫോട്ടോയെ കുറിച്ചായിരുന്നു അവന്റെ സംസാരം. 
“ആ രൂപത്തിൽ എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ, കയ്യിലൊരു റോസാപ്പൂവും പിടിച്ച് ഞാൻ നിങ്ങളെ അന്നേരമേ പ്രൊപ്പോസ് ചെയ്തേനെ” എന്ന് അവൻ പറഞ്ഞപ്പോൾ അതിനെ ഞാൻ തമാശയായി തള്ളിക്കളഞ്ഞു. “അറിയാമോ.. നിങ്ങൾക്ക് എന്നേക്കാൾ അഞ്ച് വയസേ കൂടുതലുള്ളു” എന്ന് ഒരിക്കൽ അവനെന്നോട് പറഞ്ഞപ്പോൾ “അതിന്‌?” എന്ന മറുചോദ്യം കൊണ്ട് ഞാൻ തടയിട്ടു. “അതിനൊന്നും ഇല്ല” എന്നവനും ഒഴിഞ്ഞു. 

മാസങ്ങളോളം ഫോൺ വിളിയോ ചാറ്റോ ഒന്നുമില്ലാതിരുന്നാലും ഞങ്ങളുടെ സൗഹൃദത്തിന്‌ കുറവൊന്നുമില്ലായിരുന്നു. ഇടയ്ക്ക് വഴക്കിട്ട് ഒരു വർഷത്തോളം പിണങ്ങിയിരുന്നു. പിന്നെ പിണങ്ങിയിരിക്കുന്നത് മറന്ന് വീണ്ടും വിളിച്ച് ഇണങ്ങി. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളും പ്രാരാബ്ധം പറച്ചിലും ഒക്കെയായി കാലങ്ങൾ കടന്നു പോയി. വിദ്യാർത്ഥിയായിരുന്ന അവൻ ഉദ്യോഗസ്ഥനായി. 

എവിടെയൊക്കെയോ വെച്ച് ഞങ്ങൾ ഇടയ്ക്ക് കാണും, ഓരോ ചായ കുടിച്ച് വിശേഷങ്ങൾ പറഞ്ഞ് പിരിയും. അങ്ങനെയിരിക്കെ 2015-ൽ ഒരുദിവസം ഒരുപാട് കാലങ്ങൾക്ക് ശേഷം അവൻ ഞാൻ താമസിക്കുന്ന വീട്ടിൽ വന്നു. അന്നാണ്‌ ഞാൻ എന്റെ കഴുത്തിൽ കുത്തിയ ടാറ്റു കാണിച്ചുകൊടുക്കുന്നത്. കഴുത്തിനു പുറകിലെ മയിൽ പീലി...

യാത്ര പറഞ്ഞ് പോകാൻ നേരം, അവനെ യാത്രയയയ്ക്കാൻ മുന്നിൽ നടന്ന എന്നെ അവൻ പുറകിൽ നിന്നും ചുറ്റിപ്പിടിച്ച് എന്റെ മയിൽ പീലിയിൽ ചുംബിച്ചു... അപ്പോഴായിരുന്നു, അപ്പോൾ മാത്രമായിരുന്നു സൗഹൃദം എന്ന ഞങ്ങളുടെ ബന്ധത്തിലേയ്ക്ക് പ്രണയത്തിന്റെ നിറം കടന്നുവന്നത്. പണ്ടെന്നോ അവൻ പറഞ്ഞ പ്രൊപ്പോസൽ കഥ അവൻ കാര്യമായി പറഞ്ഞതായിരുന്നു എന്ന് അതിനു ശേഷമാണ്‌ ഞാൻ മനസിലാക്കിയതും. 

ഹാ... പ്രണയം പൂത്തുലഞ്ഞ കുറച്ചുമാസങ്ങൾ!!ഇടയ്ക്കുള്ള സ്നേഹസന്ദർശനസംയോഗങ്ങൾ..  ഭാവിയൊഴികെ ഭൂതവും വർത്തമാനവും വർത്തമാനം പറഞ്ഞിരുന്ന ദിനരാത്രങ്ങൾ... അതിനിടയിലെപ്പോഴോ, അവന്റെ സംസാരത്തിൽ നിന്നും അവന്‌ അപ്പനെ ഭയമാണെന്നൊരു ധാരണ എന്നിലുണ്ടായി. അങ്ങനെയെങ്കിൽ... ഈ ബന്ധത്തിന്‌ ആയുസ് കുറയാനുള്ള സാധ്യതയും മനസിൽ രൂപപ്പെട്ടു. വിശ്വാസത്തിൽ ഒരു ചെറിയ വിള്ളൽ വീണുവോ..?

അതൊന്നും പുറമേ പ്രകടിപ്പിക്കാതെ പിന്നെയും തുടർന്നു. ഒരു രാത്രിയാണ്‌ അവൻ എന്നെ വിളിച്ച് പറഞ്ഞത് “നാളെ നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം” എന്ന്. മുൻപ്രണയത്തിലെ തിക്താനുഭവം അമ്മയെ അറിയിക്കാതെയുള്ള ഒരു വിവാഹത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. അമ്മയോട് പറഞ്ഞാലും എനിയ്ക്ക് എതിർപ്പൊന്നും ഉണ്ടാവില്ല എന്നത് അറിയാവുന്ന കാര്യമാണ്‌. പിന്നെ ഞാനെന്തിന്‌ ആരെയും അറിയിക്കാതെ രഹസ്യമായി ഒരു വിവാഹം ചെയ്യണം?! നടക്കില്ല എന്ന് അപ്പോൾ തന്നെ അറിയിച്ചു. 

അവന്റെ അടുത്ത സന്ദർശനത്തിൽ ഞാനെന്റെ നയം വ്യക്തമാക്കി. “എന്നെ വേണം എന്നുണ്ടെങ്കിൽ നീ എന്റെ അമ്മയോട് സംസാരിക്കൂ. ബാക്കി ഞാൻ നോക്കിക്കോളാം.” 

“അങ്ങനെയെങ്കിൽ എനിയ്ക്ക് എന്റെ അമ്മയേയും അറിയിക്കണം” എന്ന് അവൻ.

“അതെന്തുമായിക്കോളൂ. നിന്റെ ചോയ്സ്. എന്റെ കാര്യത്തിൽ എനിയ്ക്ക് എന്റെ അമ്മയെ അറിയിക്കാതെ മുന്നോട്ട് പോകാനൊക്കില്ല” ഞാൻ ആവർത്തിച്ചു. പറ്റില്ലെന്ന വാദത്തിൽ അവനും ഉറച്ചു നിന്നു. 

ഒരു ചെറിയ പിണക്കത്തിന്റെ തുടക്കമായിരുന്നു അത്. എങ്കിലും വളരെ ചെറിയ ഇടവേളയ്ക്ക് ശേഷം തന്നെ ഞങ്ങൾ പിണക്കം മറന്നു. വീണ്ടും പ്രണയം സ്മൂത്തായി പോകുന്നതിനിടയിലാണ്‌ ഒരുമിച്ച് വാടക വീട് ഷെയർ ചെയ്യാം എന്ന ചർച്ച വന്നത്. അത് നല്ലൊരു കാര്യമെന്ന ചിന്തയിൽ ഞാനും സമ്മതിച്ചു. പക്ഷേ എന്തൊക്കെയോ കാരണം കൊണ്ട് അവന്‌ ഉടൻ തന്നെ അവൻ താമസിക്കുന്ന ഒറ്റമുറി വീട് ഒഴിയാൻ സാധിച്ചില്ലായിരുന്നു. 

എന്റെ മനസിന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങിയ ഒരു സന്ദർഭത്തിലാണ്‌ വീട് ഷെയർ ചെയ്യാം എന്ന പ്ലാനിൽ നിന്നും ഞാൻ പിൻവാങ്ങിയത്. എന്തുകൊണ്ടോ.., അത് ശരിയാവില്ല എന്ന് മനസ് ആവർത്തികൊണ്ടേയിരുന്നതാണ്‌ അങ്ങനെയൊരു മനം മാറ്റത്തിനു പിന്നിൽ. അമ്മയെ ഒളിപ്പിച്ച് അങ്ങനെയൊരു പ്രവൃത്തി എന്നെ എന്തോ തെറ്റ് ചെയ്യിക്കാൻ പ്രേരിപ്പിക്കുകയാണ്‌ എന്നൊരു ആശങ്ക. 

അത് നീണ്ടൊരു പിണക്കത്തിലേയ്ക്കാണെത്തിച്ചത്. ആ സമയത്തിനുള്ളിൽ മനസിനുള്ളിൽ ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി ഒരു തീരുമാനത്തിലേയ്ക്കെത്തിക്കഴിഞ്ഞിരുന്നു ഞാൻ. പിണക്കം കഴിഞ്ഞുള്ള സംഭാഷണത്തിൽ തന്നെ ഞാനത് പറഞ്ഞു “നമുക്ക് ഇത് ശരിയാവില്ല. നമുക്ക് പഴയതുപോലെ സുഹൃത്തുക്കളായിത്തന്നെ തുടരാം. അതായിരിക്കും നല്ലത്... അങ്ങനെ ആ പ്രണയം അവിടെ കഴിഞ്ഞു. എങ്കിലും മനസിനുള്ളിൽ ഒരു ചെറുതരി കനൽ എപ്പോഴും ബാക്കിയാകുമല്ലോ.. 

രണ്ട് വർഷത്തിനുള്ളിൽ അവന്റെ വിവാഹമാണെന്നറിയിച്ചു. എന്റെ പേര്‌ തന്നെയായിരുന്നു അവളുടേതും! ഞാനും മറ്റൊരു പ്രണയത്തിൽ ചെന്നെത്തി. എങ്കിലും സൗഹൃദത്തിൽ യാതൊരു വിള്ളലുമുണ്ടായിരുന്നില്ല. ഇടയ്ക്ക് കാണും, ഇടയ്ക്ക് ഫോൺ വിളിയ്ക്കും. അങ്ങനെയങ്ങനെ.. ഒരിക്കൽ അവനൊരാഗ്രഹം പറഞ്ഞു.. ഒരു സിനിമയ്ക്ക് പോകാം... 

സിനിമയും ഭക്ഷണവും എനിയ്ക്ക് ആടിന്‌ ഇലകാണുന്നതുപോലെയാണെന്നതുകൊണ്ട് ഓക്കെ പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്റെ ആഗ്രഹപ്രകാരം ഞാൻ നിർദ്ദേശിച്ച സീറ്റ് തിരഞ്ഞെടുത്ത് അവനെന്നെ സിനിമയ്ക്ക് കൊണ്ടുപോയി! അങ്ങനെ ആദ്യമായി അവന്റെ ബൈക്കിൽ കയറി അവന്റെ കൂടെ  ആദ്യത്തെ സിനിമ കണ്ടു “96”! 

കണ്ടിറങ്ങിയപ്പോൾ “നമുക്ക് രണ്ടുപേർക്കും ചേർന്ന് കാണാൻ പറ്റിയ സിനിമ” എന്ന് ഞങ്ങൾ തമാശ പറഞ്ഞു. 
അതിനുശേഷം എന്തുകൊണ്ടെന്നറിയില്ല, ഒരു ദിവസത്തെ ഫോൺ സംഭാഷണത്തിൽ അവൻ പറഞ്ഞുതുടങ്ങി 
“എന്റെ ലൈഫിൽ, ഞാൻ ഏറ്റവും സന്തോഷിക്കുന്ന കാലമായിരുന്നു താനുമായുള്ള പ്രണയകാലം. എന്റെ പെണ്ണ്‌ എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്ന ഒരാൾ... എന്നെ ആത്മാർത്ഥതയോടെ.. 100 ശതമാനവും തന്ന് പ്രണയിച്ച എന്റെ പെണ്ണ്‌! ഇയാൾക്കറിയുമോ അന്ന് രാത്രി നാളെ രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന് ഞാൻ വിളിച്ച് പറഞ്ഞത് സാക്ഷികളായി ഒപ്പിടാൻ രണ്ട് കൂട്ടുകാരെ കൂടി റെഡി ആക്കിയിട്ടാണ്‌. പറ്റില്ല എന്ന് പറഞ്ഞ് കേട്ടപ്പോൾ വല്ലാതെ വിഷമമായി. അമ്മയോട് പറയണം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിക്കാതിരുന്നത്, പേടിച്ചിട്ടായിരുന്നു. തന്നെ എനിയ്ക്ക് നഷ്ടപ്പെടുമോ എന്ന്... അമ്മയോട് പറഞ്ഞാൽ, ആങ്ങളമാരൊക്കെ അറിഞ്ഞ് അവർ സമ്മതിച്ചില്ലെങ്കിലോ എന്ന്... അതുകൊണ്ടുമാത്രമാണ്‌ ഞാൻ പറ്റില്ല എന്ന് വാശി പിടിച്ചത്. അതും കഴിഞ്ഞ്, ഒരുമിച്ച് വാടകവീട് ഷെയർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിയ്ക്ക്. കൂടെ താമസിച്ച് എങ്ങനെയെങ്കിലും ഇയാടെ മനസ് മാറ്റിയെടുക്കാം എന്ന്... ഇനി എനിയ്ക്ക് ഇയാളെ നഷ്ടപ്പെടില്ല എന്ന്... അത്രമേൽ ഞാനുറപ്പിച്ചതായിരുന്നു ഇയാളിനി എന്റെ പെണ്ണായിരിക്കും എന്ന്... പക്ഷേ അതും ഇയാൾ തടസം പറഞ്ഞു.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്‌ ഇയാൾ.. എനിയ്ക്കുള്ളതായിരുന്നില്ല എന്ന് ഞാൻ ഒരു ഘട്ടത്തിലും ചിന്തിച്ചിരുന്നില്ല. അപ്പനെ പേടിയുണ്ടായിരുന്നു, എന്നാലും നമ്മൾ ജീവിച്ചുതുടങ്ങിയാൽ പിന്നെ ആരെ പേടിയ്ക്കാൻ?! അതിലെനിയ്ക്ക് നല്ല ഉറപ്പായിരുന്നു.
ഓരോ ഘട്ടത്തിലും എന്റേതാകും എന്ന് വ്യാമോഹിച്ചു.. പക്ഷേ..“

കേട്ടപ്പോൾ ഞാൻ സ്തബ്ധയാകുകയായിരുന്നു. ”നിനക്കെന്നോട് ഒരുവാക്ക് പറയാമായിരുന്നില്ലേ നിന്റെ പ്ലാനുകൾ എന്തായിരുന്നെന്ന്? ഞാൻ ഒരു സ്വതന്ത്രസ്ത്രീയാണെന്ന് നിനക്കറിയാം. അങ്ങനെയുള്ള എന്നോടാലോചിക്കാണ്ടാണോ നീ പ്ലാൻ ചെയ്യുന്നത്? ഞാനും കൂടി അറിയേണ്ടതല്ലേ എന്റെ ജീവിതം? അതുകൊണ്ട് എന്തുണ്ടായി? അതപ്പോഴേ നിന്നില്ലേ? പിന്നെ, അമ്മയെ അറിയിക്കണമെന്നല്ലേ ഞാൻ പറഞ്ഞത്? എനിയ്ക്ക് എന്റെ അമ്മയെ മാത്രമേ ബോധിപ്പിക്കേണ്ടതുണ്ടായിരുന്നുള്ളു. ആങ്ങളമാരിൽ നിന്നൊക്കെ എന്നേ ഞാൻ അകന്നതാണ്‌! എന്റെ ജീവിതത്തിൽ ഒന്നിനും, ഒരുകാര്യത്തിനും എനിയ്ക്കവരുടെ സമ്മതത്തിന്റെ ആവശ്യമേയില്ല. നിനക്ക്.. നിനക്ക് ഒരുവാക്കെങ്കിലും എന്നോട് പറയാമായിരുന്നില്ലേ ഇതാണ്‌ കാരണമെന്ന്. എങ്കിൽ ഞാൻ നിന്നോട് പറഞ്ഞ് തരുമായിരുന്നില്ലേ ആങ്ങളമാർ എന്നത് എന്റെ കൺസേണെ അല്ല എന്ന്... നിന്റെ പദ്ധതികൾ.. നിന്റെ പെണ്ണ്‌ എന്ന് നീ കരുതുന്ന എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെയൊന്നുമാകുമായിരുന്നില്ലായിരുന്നു. ഇതിപ്പോൾ നിന്റെ ജീവിതവും വിചാരിച്ചതുപോലെ നല്ലതായില്ല... ഒരു വാക്ക് പറയാമായിരുന്നല്ലോ നിനക്ക്, ഇതൊക്കെയായിരുന്നു മനസിൽ എന്ന്... എല്ലാം സ്വന്തമായി പ്ലാൻ ചെയ്ത് ഹീറോ ആകാൻ നോക്കിയിട്ട് എല്ലാം കളഞ്ഞുകുളിക്കുകയാണല്ലോടാ നീ ചെയ്തത്... ഒരിക്കലെങ്കിലും പറയാമായിരുന്നു“

അവന്റെ വെളിപ്പെടുത്തലുകൾ എനിയ്ക്കും എന്റെ വെളിപ്പെടുത്തലുകൾ അവനും ആഘാതമായിരുന്നു. പക്ഷേ എന്ത് കാര്യം...!! ”ആയിരുന്നുകൾക്ക് ജീവിതത്തിൽ ഒരിടത്തും സ്ഥാനമില്ലല്ലോ!!



2020 ജനുവരി 26, ഞായറാഴ്‌ച

എന്റെ ഏട്ടൻ...




എന്റെ ഏട്ടൻ... പറയാതെ പോയ ഒരു ‘മാപ്പ്’ ആണ്‌ എനിയ്ക്ക് ഏട്ടൻ...
സോഷ്യൽ മീഡിയയും ഗൂഗിൽ പ്ലസ്സും എന്തിന്‌?, ചുപ്ലയെ പോലും വെറുത്ത ദിവസമായിരുന്നു ഇന്നലെ കടന്ന് പോയത്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ, അയാൾക്ക് അസൂയയാണ്‌. നല്ല മനുഷ്യരോട്, നല്ല ദമ്പതികളോട്, എല്ലാവരാലും സ്നേഹിക്കപ്പെടുന്നവരോട്... എന്ന് ഇന്നലെ മുഴുവൻ പറഞ്ഞോണ്ട് നടന്നു. മനസടക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പാഞ്ഞു നടന്നു. ആ സമയമത്രയും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരുന്നു...
അമ്മയുടെ അസുഖമെല്ലാം ഭേദമായി ഞാൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന സമയത്തായിരുന്നു ഗൂഗിൾ പ്ലസ്സിൽ, ‘അപകടത്തിൽ ഗുരുതരമായി പരിക്കു പറ്റിയ അനന്തരവനെ കുറിച്ചും മകന്റെ സ്ഥാനത്ത് നിർത്തിയിരിക്കുന്ന അവൻ തനിയ്ക്ക് മുൻപേ ലോകം വിട്ടു പോകുമോ’ എന്നുള്ള ആശങ്കയെല്ലാം പങ്ക് വെച്ചുകൊണ്ട് ഏട്ടന്റെ പോസ്റ്റ് കാണുന്നത്. അന്നുവരെ ഏട്ടന്റെ പോസ്റ്റുകൾ കാണുമെങ്കിലും പ്ലസ് കൊടുത്ത് പോകുമെന്നല്ലാതെ മറ്റൊരു ഇന്ററാക്ഷനും ഉണ്ടായിരുന്നില്ല. പക്ഷേ, ആ പോസ്റ്റ് കണ്ടപ്പോൾ, അവിടെ ആർക്കോ കൊടുത്ത ഏട്ടന്റെ നമ്പറിൽ വിളിക്കണമെന്ന് തോന്നി. ‘ജയറാമേട്ടാ.. അനാമികയാണ്‌“ എന്ന് പരിചയപ്പെടുത്തി മനസിനെ ബലപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും പോസിറ്റീവ് ആയി ചിന്തിക്കേണ്ടതിനെ കുറിച്ചും എല്ലാം സംസാരിച്ച് അവൻ തിരികെ വരും, ഓർമ്മ നഷ്ടപ്പെട്ട അവന്‌ എല്ലാം തിരികെ കിട്ടും എന്നെല്ലാം ആശ്വസിപ്പിച്ചായിരുന്നു അന്ന് ഫോൺ വെച്ചത്. സംസാരം തുടങ്ങിയപ്പോൾ മുതൽ അവസാനിപ്പിക്കുന്നത് വരെയും യാതൊരു അപരിചിതത്വവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഏട്ടൻ പറഞ്ഞു, ”നീ അന്ന് തന്ന ധൈര്യം എന്നിൽ വല്ലാത്ത ഊർജ്ജവും ആത്മവിശ്വാസവും തന്നു“ എന്ന്. അനന്തരവന്റെ മാറ്റങ്ങൾ എല്ലാം സമയാസമയം ഏട്ടൻ അറിയിച്ചുകൊണ്ടേയിരുന്നു.
പോകെ പോകെ ഏട്ടനെ സ്ഥിരം വിളിക്കുന്ന അത്രയും അടുപ്പത്തിലെത്തി. ഏട്ടനോടൊപ്പം ഭാമേടത്തിയോടും സംസാരിച്ചു തുടങ്ങി. രണ്ട് പേരും അത്രമേൽ നല്ലവരാണ്‌ എന്ന് ഓരോ വിളിയിലും ഉറച്ചു കൊണ്ടേയിരുന്നു.
എന്നിട്ടും ഞാൻ ഏട്ടനിൽ നിന്നും ഭാമേടത്തിയിൽ നിന്നും മുങ്ങി നടന്നു. എന്നോടുള്ള സ്നേഹം, എന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല, പിടിച്ച് കെട്ടിക്കണം എന്നിടം വരെയെത്തിയപ്പോൾ ഞാൻ പതുക്കെ സ്കൂട്ടാവാൻ തുടങ്ങി.
ഒരു അറേഞ്ച്ഡ് മാര്യേജിനോട് എനിയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ ഇവരുടെ സ്നേഹപൂർവമായ ആവശ്യത്തിനു മുൻപിൽ ഞാൻ വഴങ്ങിയാലോ എന്നെനിയ്ക്ക് തോന്നിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ പതുക്കെ മുങ്ങി നടക്കാൻ തുടങ്ങി. അവരുടെ ആവശ്യത്തെ നിരസിക്കാനോ ഒഴിഞ്ഞു മാറുവാനോ എനിയ്ക്ക് കഴിയില്ല എന്നുള്ള തിരിച്ചറിവായിരുന്നു കാരണം.
അതിനിടയിൽ നമ്പർ മാറി. പുതിയ നമ്പർ ഞാൻ ഏട്ടന്‌ കൊടുത്തതേയില്ല. ഏടത്തി ചോദിച്ചിരിക്കാം ഏട്ടനോട്, അനു എവിടെ എന്ന്... അവൾ അവിടെയൊക്കെ സുഖമായിരിക്കുന്നു എന്ന് ഏട്ടൻ മറുപടിയും പറഞ്ഞിരിക്കാം. എങ്കിലും ഒരിക്കൽ പോലും ഏട്ടൻ എന്നോട് നമ്പർ ചോദിച്ചിട്ടില്ല. ഞാൻ എന്തോ കാരണം കൊണ്ട് ഒഴിഞ്ഞു നടക്കുകയാണെന്ന് ഏട്ടനും മനസിലാക്കിയിരിക്കാം. പോസ്റ്റുകളിലൂടെ, കമന്റുകളിലൂടെ ഞങ്ങൾ പരസ്പരം ഇടപെടുന്നുണ്ടായിരുന്നു.
പലപ്പോഴും ഏട്ടനെ വിളിച്ച് എന്റെ മുങ്ങി നടപ്പിൽ മാപ്പ് പറയണമെന്നും കാരണം പറയണമെന്നും ഒക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, പിന്നെയാവട്ടെ എന്ന് കരുതി മാറ്റി വെച്ചു.. ഇനി എന്ന്... ഇനിയൊരിക്കലും അതിന്‌ സാധിക്കില്ലല്ലോ എന്ന് മനസ് വിങ്ങുകയാണ്‌...
എന്റെ സങ്കടത്തെ, എന്റെ വാക്കുകളിൽ നിന്നും എന്റെ എഴുത്തുകളിൽ നിന്നും ഒരല്പം പോലും മാറ്റമില്ലാതെ മനസിലാക്കിയ ആളായിരുന്നു ഏട്ടൻ. “അനൂ.. നിനക്ക് ആങ്ങളമാരുടെ സ്നേഹവും കരുതലും വല്ലാതെ മിസ്സാകുന്നുണ്ടല്ലേ? എന്തിനാടീ നീ വിഷമിക്കുന്നത്? നിനക്ക് ഞാനില്ലേടീ ഏട്ടനായി?” എന്ന് ഏട്ടൻ ചോദിച്ച ദിവസം, എന്റെ മനസിൽ രൂപപ്പെട്ട ആത്മവിശ്വാസം.. അന്ന് മുതലാണ്‌ ‘ജയരാമേട്ടൻ’ എന്ന വിളിയെ ഞാൻ “ഏട്ടൻ” എന്നാക്കി ചുരുക്കിയത്. ഓരോ തവണ, "ഏട്ടാ​‍ാ .." എന്ന് വിളിക്കുമ്പോഴും ഞാനത് ഹൃദയത്തിൽ തട്ടി, എന്റെ ഏട്ടനായി തന്നെയായിരുന്നു വിളിച്ചിരുന്നത്... രക്തത്തേക്കാൾ കട്ടി സ്നേഹത്തിനുണ്ട് എന്ന് ആ വാക്കുകളിലൂടെ ഞാൻ മനസിലാക്കി.
എന്നെങ്കിലും ഞാൻ കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ ആങ്ങളയുടെ സ്ഥാനത്ത് ഏട്ടനായിരിക്കുമെന്നും എന്റെ ആദ്യത്തെ വിരുത്തൂണ്‌ ഏട്ടന്റെയും ഏടത്തിയുടെയും കൂടെയായിരിക്കും എന്നും ഞാൻ തീരുമാനിച്ചിരുന്നു... ഇനി...? ഓർക്കും തോറും കണ്ണുകൾ തോരുന്നില്ലല്ലോ...
പലവട്ടം ഏട്ടനെ വിളിച്ചാലോ എന്ന് ചിന്തിച്ചിട്ടും വിളിക്കാഞ്ഞ നിമിഷങ്ങളെ ഞാനിപ്പോൾ ശപിക്കുന്നു. സാമ്പത്തികം ഒന്ന് മെച്ചപ്പെട്ടിട്ട് കൊല്ലൂർക്ക് പോകണമെന്നും ഏട്ടനെ അവിടെ ചെന്ന് വിളിച്ച് സർപ്രൈസ് ആക്കണമെന്നും അന്ന് എന്തുകൊണ്ടാണ്‌ ഞാൻ മുങ്ങി നടന്നിരുന്നത് എന്ന് വിശദീകരിക്കണമെന്നും ഒരു രാത്രി ഏട്ടന്റെയും ഏടത്തിയുടെയും കൂടെ കഴിയണമെന്നുമൊക്കെ ഞാൻ പ്ലാൻ ചെയ്തിരുന്നു. പക്ഷേ ഇനി..?
ഇനി ആ വിളികളൊന്നും ഞാൻ നടത്തില്ല. ഇനി ഞാൻ എന്ത് പറഞ്ഞ് ഏടത്തിയെ വിളിക്കും..? ഇനി ഞാൻ ആരോട് എന്ത് വിശദീകരണം നടത്തും? എന്ത് പറഞ്ഞ് ഞാൻ അങ്ങോട്ട് കയറിച്ചെല്ലും...?
വല്ലാതെ സങ്കടം വരുന്നു... വീണ്ടും ഒറ്റപ്പെട്ടതു പോലെ...
മിണ്ടിയില്ലെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും മനസിൽ ‘എനിയ്ക്കൊരു ഏട്ടനുണ്ട്..’ എന്നൊരു ബലം ഉണ്ടായിരുന്നു. ബംഗളൂരിൽ ഉണ്ടെന്ന് ഏട്ടൻ ഓരോ തവണ പോസ്റ്റിടുമ്പോഴും ഞാൻ നാട്ടിലായിരിക്കും. ഇനി അങ്ങനൊരു പോസ്റ്റ് വരുമ്പോൾ ഞാൻ ബംഗ്ലൂരിൽ ഉണ്ടെങ്കിൽ തീർച്ചയായും ഏട്ടനെ പോയി കാണും എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞാൻ അങ്ങനെയൊരു പോസ്റ്റ് കണ്ടിട്ടേയില്ല. ഇനി.. ഇനി കാണുകയുമില്ല.
“പറയാതെ പോയ ഒരു ‘മാപ്പ്’ ആണ്‌ എനിയ്ക്ക് ഏട്ടൻ...” ഇനിയൊരിക്കലും പറയാൻ സാധിക്കാത്തതും....
വല്ലാതെ നഷ്ടബോധവും കുറ്റബോധവും തോന്നുന്നു... വിളിക്കാതെ പോയ, കാണാതെ പോയ ആ സന്ദർഭങ്ങൾ.. ഇനിയൊരു തിരുത്തലിന്‌ അവസരം തരാനാകാത്ത വിധം പറ്റിച്ചു കളഞ്ഞല്ലോ ഏട്ടാ....

2020 ജനുവരി 19, ഞായറാഴ്‌ച

ആദ്യപ്രണയം

പ്രീ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോഴാണ്‌ ഞാനവനെ ആദ്യമായി കാണുന്നത്. ഗംഗാധരൻ സർ വന്ന് ക്ലാസ് തുടങ്ങിയതിനു ശേഷമാണ്‌ അവൻ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വലിയ കണ്ണുകളും മുഖത്തേയ്ക്ക് അലസമായി വീണ്ടുകിടക്കുന്ന മുടിയുമായി മഞ്ഞക്കോല്‌ പോലെ ഒരു ചെറുക്കൻ. മെയ്നെ പ്യാർ കിയാ കണ്ട് സൽമാൻ ഖാനോട് കടുത്ത ആരാധനയുമായി നടക്കുന്ന പ്രായം! അതുപോലെ ഹെയർ സ്റ്റൈലുമായി കയറി വന്ന ആ ചെറുക്കനെ ഞാൻ ശ്രദ്ധിച്ചു. അന്നവൻ അവനേപോലെ ഒരാളെ കൂടി കയറ്റാവുന്നത്രയും വലുപ്പമുള്ള ഒരു കറുത്ത ഷർട്ടും കസവ് മുണ്ടുമായിരുന്നു ഉടുത്തിരുന്നത്. വിടർന്ന ചിരിയുമായി വാതില്ക്കൽ വന്ന് നിന്ന അവൻ കയറിയിരുന്നത് ഞാനിരിക്കുന്നതിനു നേരെ ഉള്ള ബെഞ്ചിലായിരുന്നു. ചിരിയ്ക്കുമ്പോൾ തെളിഞ്ഞു വരുന്ന ഡ്രാക്കുള പല്ലുകൾ എനിയ്ക്ക് ഏറെ ഇഷ്ടമായി. ക്ലാസ്സിൽ കലമ്പലുണ്ടാക്കിയതിന്‌ ഗംഗാധരൻ സർ അവനോട് “ഗെറ്റൗട്ട്” അടിച്ചപ്പോൾ “താങ്ക് യു സർ” എന്നും പറഞ്ഞ് അതേ വിടർന്ന ചിരിയോടെ പുറത്തേക്കിറങ്ങി പോകാനുണ്ടായ അവന്റെ കുസൃതിയും അന്ന് ഏറെ ഇഷ്ടമായി! അവന്റെ സന്തോഷവും പോക്കും കണ്ടപ്പോൾ അവനെ പോകാനനുവദിക്കാതെ സർ അവനെ പിടിച്ച് മുൻ ബെഞ്ചിലിരുത്തി!


പക്ഷേ ഇന്നത്തെ പോലെ പരിചയപ്പെടാനും സംസാരിക്കാനുമൊക്കെയുള്ള സാമൂഹികസാഹചര്യമൊന്നും അന്നുണ്ടായിരുന്നില്ലല്ലോ... എപ്പോഴോ അവൻ അവന്റെ കൂട്ടുകാരന്‌ കൂട്ടായി എന്റെ കൂട്ടുകാരിയുടെ അടുത്ത് വരുമ്പോഴൊക്കെ ഞങ്ങൾ അടുത്ത് കണ്ടു. ഇടയ്ക്കൊക്കെ സംസാരിച്ചു. പിന്നെ അവനും കൂട്ടുകാരനും എന്നും ഞങ്ങളിരിക്കുന്ന ഇടത്ത് വരും വർത്തമാനം പറഞ്ഞിരിക്കും. കൂട്ടുകാരനും കൂട്ടുകാരിയ്ക്കും വേണ്ടി ഞാൻ എന്റെ ഇടം ഒഴിഞ്ഞുകൊടുക്കുമ്പോൾ ഇവനുമായി സംസാരിച്ചിരിക്കും. എന്തൊക്കെയോ സംസാരിച്ചും ഇണപ്പക്ഷികളെ പുറകിലിരുന്ന് കളിയാക്കിയും ഞങ്ങൾ സമയം കളയും. ഒരിക്കൽ ഒരു പരീക്ഷാക്കാലത്താണ്‌ അപ്രതീക്ഷിതമായി അവനെന്നോട് പറയുന്നത്
“--അനൂനോട് എനിയ്ക്കൊരു കാര്യം പറയാനുണ്ട്” എന്ന്!
അന്നും ഇന്നും പരുക്കനായതുകൊണ്ട് ‘എന്തായിരിക്കുമ്പറയാനുള്ളത്’ എന്നതായിരുന്നു എന്റെ ചിന്ത. കാരണം, പ്രണയം എന്നത് ഒട്ടും പ്രതീക്ഷിക്കുന്നില്ലല്ലോ. ഉള്ളിൽ അവനോട് എനിയ്ക്കൊരു ഇഷ്ടം ഉണ്ടായിരുന്നു എങ്കിലും... (കപട) ബുദ്ധിജീവിയ്ക്ക് പ്രണയമന്യമല്ലോ...!
ഇടയ്ക്കിടെ അവനിങ്ങനെ “ഒരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞ് പോകുകയായിരുന്നു പതിവ്. ഒടുവിൽ പിടിച്ചു നിർത്തി എന്താണെന്ന് ചോദിച്ചപ്പോൾ അവൻ “ഇഷ്ടം” തുറന്നുപറഞ്ഞു. “ഞാനൊന്ന് ആലോചിക്കട്ടെ” എന്ന് ഗൗരവത്തിൽ എന്റെ മറുപടി! (എന്താലോചിക്കാൻ! ഇവനെ ആദ്യ നോട്ടത്തിൽ തന്നെ ഞാൻ കുറിയിട്ട് വെച്ചിരുന്നതായിരുന്നു എന്നെനിയ്ക്കല്ലേ അറിയൂ!!
അതിനു ശേഷം പിന്നെ ഞാനൊരു സ്വപ്നലോകത്തായിരുന്നു!! എപ്പോഴും ഒരേ ആലോചന. മുഖത്ത് എപ്പോഴും അറിയാതെ തന്നെ തങ്ങി നില്ക്കുന്ന ഒരു ചെറുപുഞ്ചിരി. അമ്മ പറയുന്നതൊന്നും പലപ്പോഴും ചെവിയിൽ കയറാതെയായി! “ഇപ്പെണ്ണിനിതെന്ത് പറ്റി?” എന്ന് അമ്മ.

ഒടുവിൽ ഒരു പരീക്ഷയുടെ അന്ന് അവനെന്നെ പിടിച്ചു നിർത്തി. പറഞ്ഞേ തീരൂ. യെസ് ഓർ നോ? അന്നവൻ ഓഫ് വൈറ്റ് ഷർട്ടും പതിവുപോലെ കസവ് കര മുണ്ടുമായിരുന്നു വേഷം. അതിനു മുൻപെപ്പൊഴോ ഒരു പരീക്ഷാ ദിവസം, പരീക്ഷ തുടങ്ങുന്നതിനു തൊട്ട് മുൻപ്, മടക്കിയ ഒരു കടലാസും കൂടെയൊരു കുഞ്ഞ് ഗ്രീറ്റിങ്ങ് കാർഡും തന്നു. ആദ്യത്തെ പ്രണയലേഖനം! പരീക്ഷാ ദിവസം പരീക്ഷയ്ക്ക് തൊട്ടുമുൻപ് കിട്ടിയ കത്ത് വായിച്ചു നോക്കാനോ പരീക്ഷയിൽ ശ്രദ്ധിക്കാനോ കഴിയാതെ മൊത്തം ഒരു എരിപൊരി സഞ്ചാരം. എങ്ങനെയോ പരീക്ഷ എഴുതിയെന്ന് വരുത്തി ഓടിപ്പോയി കത്ത് വായിക്കുകയായിരുന്നു ചെയ്തത്. എത്ര തവണ വായിച്ചു എന്നറിയില്ല. അതുകൊണ്ടാണല്ലോ, ഇന്നും ഓർമ്മയിൽ കുറച്ചെങ്കിലും അതിലെ വാക്കുകൾ നിലനില്ക്കുന്നത്. അതിന്റെ ഒരു ലഹരിയിൽ പിന്നീടുള്ള ദിവസങ്ങൾ!

 “പ്രിയപ്പെട്ട പെൺകുട്ടീ... പോരുന്നോ എന്റെ ഗ്രാമത്തിലേയ്ക്ക്... നിനക്കായി ഒന്നും തന്നെ ഞാൻ ഒരുക്കിയിട്ടില്ല. വെള്ളം വറ്റിയ തോടും പുഴകളുമല്ലാതെ....” എന്ന് തുടങ്ങുന്ന ആ കത്ത് അവസാനിക്കുന്നത് “എന്ന് നിന്റെ മുയൽ കുട്ടി” എന്നായിരുന്നു. ഇടയ്ക്കുള്ളതൊന്നും ഇപ്പോൾ ഓർമ്മയില്ല. ഭദ്രമായി സൂക്ഷിച്ചു വെച്ച ആ കത്ത് അമ്മയും ആങ്ങളയും ചേർന്ന് കത്തിച്ചു കളഞ്ഞു. ഗ്രീറ്റിംഗ് കാർഡ് പോലും ബാക്കി വെച്ചില്ല! ഗ്രീറ്റിംഗ് കാർഡിലെ വാക്ക് ജീവിതത്തിൽ അന്വർത്ഥമായി “ലൗ ഇസ് എ ലോംഗ് സൈ ബിഹൈന്റ് ദി സ്റ്റെപ്സ്”  അതെ... അതിന്നും ഒരു ദീർഘ നിശ്വാസമാണ്‌.

ഓ... പറഞ്ഞ് വന്നതെന്തായിരുന്നു, പറഞ്ഞെത്തിയത് എവിടെയായിരുന്നു!! അവിടെ ഞാനും അവനും ആ കോളജ് വരാന്തയുടെ അടുത്തുള്ള മരച്ചുവട്ടിൽ മരം ചുറ്റി നടക്കാൻ തുടങ്ങിയിട്ട് നേരമേറെയായല്ലേ...


യെസ് ഓർ നോ പറയേണ്ട ദിവസം, കൂട്ടുകാരനും കൂട്ടുകാരിയും അവരുടെ പ്രണയസല്ലാപത്തിൽ കുറച്ചകലെയായി ഇരിപ്പുണ്ട്. ഞങ്ങളാണെങ്കിൽ ചോദ്യവും ഉത്തരവുമായി ഇരിക്കുന്നു. ഞാനപ്പോഴും യെസ് ഓർ നോ പറഞ്ഞിട്ടില്ല! മറ്റെന്തൊക്കെയോ പറഞ്ഞ്, ഇടയ്ക്ക് കൂട്ടുകാരിയേയും കൂട്ടുകാരനേയും വിഷയമാക്കി സംസാരിച്ച്.. അങ്ങനെയങ്ങനെ സമയം പോകുന്നതറിയാതെ... ഒടുവിൽ, കൂട്ടുകാരി അടുത്ത് വന്ന് സമയം ആറാകാറായി എന്ന് ഓർമിപ്പിക്കുന്നു.

“എങ്കിൽ ശരി. നമുക്ക് പിന്നെ കാണാം” എന്ന് പറഞ്ഞ് പോകാനൊരുങ്ങുന്ന എന്നോട് “പറഞ്ഞിട്ട് പോകൂ.. യെസ് ഓർ നോ?” എന്ന് പ്രതീക്ഷയോടെ എന്നെ നോക്കുന്ന ആ കണ്ണുകൾ ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്. നടന്നകലാൻ തുടങ്ങുന്ന ഞാൻ നാടകീയമായി തിരിഞ്ഞ് “യെസ്” എന്ന് അവന്‌ കേൾക്കാൻ മാത്രം പാകത്തിൽ ചിരിച്ചുകൊണ്ട് പറഞ്ഞ് നടന്നകന്നു. ഏതാനും സ്റ്റെപ്പുകൾ നടന്ന് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ,  കേട്ടത് സത്യമോ മിഥ്യയോ എന്ന് മനസിലാകാത്ത ഭാവത്തിൽ നിർന്നിമേഷനായിരിക്കുന്ന അവനെയാണ്‌ ഞാൻ കണ്ടത്! പിന്നെ പത്ത് ദിവസം അവധിയായിരുന്നു.
     
                                  xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പ്രണയം ഉണങ്ങിയ കറിവേപ്പില പോലെയാണ്‌. മണമില്ലെന്ന് കരുതി നമ്മൾ കളയാനെടുക്കുമ്പോഴുള്ള ഒരു ചെറു സ്പർശം മതി പൂർവ്വാധികം ശക്തിയോടെ മണം കുതിച്ചു ചാടാൻ. ആദ്യപ്രണയത്തിന്‌ എന്നും സുഗന്ധം കൂടും. അതൊരിക്കലും അർദ്ധവിരാമത്തിൽ അവസാനിക്കില്ല, അത് മധുരമനോജ്ഞമായിരുന്നെങ്കിൽ. അതിനെ കുറിച്ചാലോചിക്കുമ്പോൾ നമ്മളിലെ പ്രണയി അതേ പ്രായത്തിലേയ്ക്ക് തിരികെ പോകും. ഞാനിപ്പോൾ ആ പതിനേഴുകാരിയുടെ മനസ്സോടെയാണിരിക്കുന്നത്.

ദാ.. എനിയ്ക്ക് ചുറ്റും വർണ്ണശബളമായ പ്രണയശലഭങ്ങൾ പറന്നു കളിയ്ക്കുന്നത് കാണാം. മുറ്റമടിയ്ക്കുമ്പോഴും അടുക്കളയിൽ അമ്മയെ സഹായിക്കുമ്പോഴും ആ പാവാടക്കാരിയുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്ന ചെറുപുഞ്ചിരി എനിയ്ക്ക് കാണാനാവുന്നുണ്ട്. പറയുന്നത് കേൾക്കാത്തതിൽ അമ്മയുടെ ആവർത്തിച്ചുള്ള വിളിയിൽ ഏതോ സ്വപ്നലോകത്തിൽ നിന്നെന്ന പോലെ ഞെട്ടിയുണർന്ന് അവൾ വിളി കേൾക്കുന്നത് എനിയ്ക്ക് കാണാം. അവളുടെ കണ്ണുകളിൽ പ്രണയം മയങ്ങിക്കിടക്കുന്നതെനിയ്ക്ക് കാണാം.. അവധിദിനങ്ങൾ ഓരോന്നും ഓരോ യുഗങ്ങളായി അനുഭവിക്കുന്നതിന്റെ വ്യഥ എനിയ്ക്കിപ്പോഴും അവളിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. വർഷങ്ങൾക്കിപ്പുറവും ഞാനവളായി രൂപാന്തരം പ്രാപിക്കുന്നത് എനിയ്ക്ക് മനസിലാവുന്നു. ഞാൻ തുടരുകയാണ്‌...

അവധി കഴിഞ്ഞ ഞാൻ കോളജിലേയ്ക്ക് ചെന്നത് അവനെ കാണാമല്ലോ എന്ന സന്തോഷത്തിലാണ്‌. പ്രതീക്ഷിച്ചതുപോലെ അവനെ ഒരു നോക്ക് കണ്ടു. ചിരിച്ചു. നടന്നകന്നു. പ്രണയിച്ച കാലം മുഴുവനും അതങ്ങനെ തന്നെയായിരുന്നു! 

ക്ലാസ്സിൽ നിന്നാൽ, അവൻ നടന്നുവരുന്ന വഴി കാണാമായിരുന്നു. രാവിലെ ക്ലാസ്സിലെത്തിയാൽ പിന്നെ ഞാൻ അവൻ നടന്ന് വരുന്ന വഴിയിലേയ്ക്ക് നോക്കിയിരിക്കും. പച്ചപ്പിനാൽ മൂടിയ ഒരു ഇടവഴിയിലൂടെ അവൻ നടന്ന് വരുന്നത് കാണാം. അതാണ്‌ ഞാൻ അവനെ കാണുന്ന കാഴ്ച! ഇടയ്ക്ക് അവൻ കൂട്ടുകാരന്റെ കൂടെ എന്റെ അടുത്ത് വരും. കുറച്ച് നേരം സംസാരിച്ചിരിക്കും. അതും ഞങ്ങളുടെ കൂടെയുള്ളവനോട് “അവനെവിടെ?” എന്ന് ഞാൻ ചോദിക്കുമ്പോൾ “പാറു (അന്നവൻ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു) എന്നെ അന്വേഷിച്ചോ?” എന്നും ചോദിച്ച് അവൻ വരും. “ഒന്നുമില്ല. കാണാതായപ്പോൾ ചോദിച്ചതാണെന്ന്” ഞാൻ മറുപടി പറയും. ഇടയ്ക്ക് എന്റെ കൂട്ടുകാരിയ്ക്ക് പോലും സംശയമായി, ഞങ്ങൾ തമ്മിൽ ശരിയ്ക്കും പ്രണയിക്കുന്നുണ്ടോ എന്ന്! കാരണം, അവളും കാമുകനും ഇണപ്രാവുകളായിരുന്നു. ചിലദിവസം വൈകുന്നേരങ്ങളിൽ ഒരുപറ്റം ആൺസുഹൃത്തുക്കൾക്കിടയിൽ അവനും കൂടും ബസ് സ്റ്റാന്റിലേയ്ക്ക്. അപ്പോഴും ഞങ്ങളെല്ലാവരും ചേർന്ന് സംസാരിച്ച് നടക്കും. ഇണക്കുരുവികൾ പ്രത്യേകമായി നടക്കും. അഞ്ച്‌ ആൺകുട്ടികളും ഞാനും മുൻപിൽ തമാശയൊക്കെ പറഞ്ഞ്, സ്കിറ്റും മോണോ ആക്റ്റും വഴിനീളെ കാണിച്ച് പരിസരം പോലും മറന്ന് രസിച്ച് നടക്കും.

അങ്ങനെയിരിക്കെ യൂണിയൻ ഡേ വന്നു. ക്ലാസ്സുണ്ടായിരുന്നില്ല. പരിപാടിയൊക്കെ കഴിഞ്ഞ് ആളുകൾ ഏകദേശം ഒഴിഞ്ഞു എങ്കിലും ഞങ്ങൾ വീട്ടിലേയ്ക്ക് പോയിട്ടില്ല. ഉച്ചയ്ക്ക് ട്യൂഷൻ ക്ലാസുണ്ട്. അതുവരെ സമയം പോക്കണം. ഇണക്കുരുവികൾ ഒരു ഭാഗത്ത് മാറി നിന്ന് സംസാരിക്കുന്നു. ഞാൻ കട്ടുറുമ്പായി സൈഡിൽ! അന്നേരമാണ്‌ അവൻ വന്നത്. ഇണക്കുരുവികളിൽ നിന്നും അകലം പാലിച്ച് ഞങ്ങളും എന്തൊക്കെയോ സംസാരിച്ച് നില്ക്കുന്നു. അപ്പോഴാണവൻ ആ ആവശ്യം എന്നോട് പറയുന്നത്. “ഉമ്മ” വേണം! അതൊന്നും ഇപ്പോൾ പറ്റില്ലെന്ന് ഞാൻ! അതിനെക്കുറിച്ച് കുറേ നേരം ഞങ്ങൾ തമ്മിൽ തർക്കം. ഒടുവിൽ, “തന്നില്ലെങ്കിൽ ഞാനെടുക്കും” എന്നവൻ! അതും പറഞ്ഞ് അവൻ എന്റടുത്തേയ്ക്ക് ആഞ്ഞപ്പോൾ ഞാനോടി. കോളജ് ക്യാമ്പസ്സിന്റെ തുറസ്സായ പച്ചപ്പിലൂടെ പച്ചപ്പട്ട് പാവാടയും ബ്ലൗസുമിട്ട ഞാൻ ഓടി. ചിരിച്ചുകൊണ്ടോടുന്ന എന്റെ പിന്നാലെ അവൻ! 

എനിയ്ക്കെഴുതാൻ പറ്റുന്നില്ലല്ലോ... ഞാൻ ഓടുകയാണല്ലോ... മനസ്സിൽ പൂത്തിരി കത്തിച്ച്, പൊട്ടിച്ചിരിച്ചുകൊണ്ട്.., ഞാനെന്ന പതിനേഴുകാരി അതാ ആ പച്ചപ്പിലൂടെ ഓടുന്നു. പുറകെ അവനും...

ഞാനാ നിമിഷം ഒന്നുകൂടി കണ്ണടച്ചിരുന്ന് ആസ്വദിയ്ക്കട്ടെ... ഇനി പിന്നെ എഴുതാം. പുറത്ത് മഴ പെയ്യുന്നു. എന്റെ ഉള്ളിൽ പ്രണയമഴയും പൊഴിയുന്നു...

                                 xxxxxxxxxxxxxxxxxxxxxxxxxxxxxxx

ഞങ്ങൾ പരിസരം മറന്ന് ഓടുകയാണ്‌! രണ്ട് മരമൊക്കെ ചുറ്റി ഓട്ടം തന്നെ. “ഡാ.. വല്ലവരും കാണും” എന്ന് അതിനിടയിൽ ഞാൻ വിളിച്ചുപറയുന്നുണ്ട്. ഞങ്ങൾ ഓടി വീണ്ടും ഇണക്കുരുവികളുടെ അടുത്തെത്തി. അന്നേരം അവർ അസൂയയോടെ പറയുന്നുണ്ട് “നോക്ക്, നമ്മൾ ഫുൾടൈം കുറുങ്ങിയിട്ടും അവർ ദാ മരം ചുറ്റിയോടി പ്രണയിക്കുന്നു” എന്ന്!

ഉമ്മയൊന്നും കൊടുത്തുമില്ല കിട്ടിയുമില്ല! പക്ഷേ, അതൊരു പാരയുടെ വരവായിരുന്നു! ഞങ്ങൾ ഓടുന്നത് ആരോ കണ്ടു. എന്റെ ‘അഭ്യുദയകാക്ഷികളായ’ ബന്ധുവിന്റെ വീട്ടിൽ കൊളുത്തിക്കൊടുത്തു! വല്യ തറവാട്ടിൽ ഞാനും അമ്മയും ചെന്നപ്പോൾ അമ്മയെ മാറ്റി നിർത്തി സംസാരം. വീട്ടിൽ വന്ന് അമ്മയുടെ വക ചോദ്യം ചെയ്യൽ! ഞാനറിയാതെ അമ്മയും ആങ്ങളയും പരിശോധന. പ്രണയലേഖനവും ഗ്രീറ്റിംഗ് കാർഡും അവരെടുത്ത് തീയിട്ടു! :(

ഞാൻ സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമത്തിലും. പ്രണയലേ ഖനത്തെക്കുറിച്ച് ചോദിച്ചപ്പോൾ “അത് വാങ്ങിയെന്നേയുള്ളു, മറ്റൊന്നുമില്ല” എന്ന് പറഞ്ഞൊഴിഞ്ഞു. “നീയും അവനും പച്ചത്തുരുത്തിലൂടെ ഓടുന്നത് കണ്ടെന്ന് പറഞ്ഞല്ലോ?” എന്നതിന്‌ “ഇക്കണ്ട ആളുകൾ ഉള്ളപ്പോൾ അങ്ങനൊക്കെ ചെയ്യും എന്ന് തോന്നുന്നുണ്ടോ?” എന്ന് നിഷ്ക്കളങ്കയായി അഭിനയിച്ച് ഞാൻ മറുചോദ്യം ചെയ്തു. “അത് ശരിയാണല്ലോ!!” എന്ന് അമ്മ. “ആരോ വെറുതെ കരുതിക്കൂട്ടി ഉണ്ടാക്കി പറഞ്ഞതാണ്‌” എന്ന് ഞാൻ. അതങ്ങനെ അവിടെ അവസാനിച്ചു.


പക്ഷേ എന്റെ പഠനം അവസാനിപ്പിക്കാനുള്ള ഒരു ചർച്ച നടന്നു. പ്രീ ഡിഗ്രിയ്ക്ക് പകരം ടി ടി സിയ്ക്ക് വിടാം എന്ന് തീരുമാനമായി. അതിനുള്ള അന്വേഷണം. സമ്മതം മൂളിക്കൊണ്ട് ഞാനും. എന്റെ ‘നിഷ്കളങ്കത’ എനിയ്ക്ക് തെളിയിക്കണമല്ലോ!! കുറച്ചകലെയുള്ള ടി ടി സി സെന്ററിൽ പോയി അന്വേഷിച്ചപ്പോൾ അവിടെ ചേരേണ്ട സമയം അതിക്രമിച്ചു എന്ന് അറിയിപ്പ് കിട്ടി. സങ്കടഭാവം മുഖത്ത് വരുത്തി ഞാൻ നിന്നു, മനസ്സിൽ ശിങ്കാരിമേളം നടക്കുകയായിരുന്നെങ്കിലും. പഠിക്കണം, പഠിപ്പിക്കണം എന്നത് അമ്മയുടെ തീരുമാനമായതുകൊണ്ട്, എന്റെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാൻ അമ്മ തയ്യാറല്ലായിരുന്നു. അതിന്‌ കാരണമായത്, നന്നായി പഠിച്ചിട്ടും സ്കെയിലിൽ ഒരു പേര്‌ കണ്ടു എന്നതിന്റെ പേരിൽ കുടുംബത്തിലെ ഒരു അമ്മായിയുടെ പഠനം അവസാനിപ്പിക്കാൻ നടന്ന എന്റെ അച്ഛയുടെ ജ്യേഷ്ഠന്റെ ഭാര്യയായിരുന്നു. അവർ തന്നെയായിരുന്നു എന്റെ പഠനം അവസാനിപ്പിക്കാനായി നടന്നിരുന്നത്.
കൂട്ടുകാരോടെല്ലാം അവനുമായുള്ള ബന്ധം അവസാനിപ്പിച്ചു എന്ന് ഞാൻ തന്നെ പറഞ്ഞറിയിച്ചു. ഒറ്റുകാർ വല്ലവരുമുണ്ടെങ്കിൽ അത് ഒഴിഞ്ഞോട്ടെ എന്ന് കരുതിയായിരുന്നു അങ്ങനെയൊരു നീക്കം.  ഞങ്ങൾ മിണ്ടാതായപ്പോൾ അവരും അതൊക്കെ വിശ്വസിച്ചു.
                                                         xxxxxxxxxxxxxxxxxxxxx
എന്തെന്നും ഏതെന്നും എവിടെയെന്നും അറിയാത്ത ആ പത്ത് വർഷങ്ങൾക്കിടയിൽ  ‘97 - ൽ അവനെ വീണ്ടും  കണ്ടു. “നീയെന്തേ കല്യാണം കഴിക്കാത്തത്?” എന്ന് അവൻ. “ഞാൻ കല്യാണമേ കഴിക്കുന്നില്ല” എന്ന് ഞാൻ! അപ്പോഴും ഞാൻ അവനായി കാത്തിരിക്കുകയാണെന്ന് പറഞ്ഞില്ല. മനസിൽ ഒരു വിശ്വാസമുണ്ടായിരുന്നു, വരുന്ന കല്യാണമെല്ലാം മുടക്കിയാൽ, ഒരു പ്രായം കഴിയുമ്പോൾ ഒടുവിൽ അമ്മ തന്നെ എന്നോട് പറയും “നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ നീ അത് പറയൂ” എന്ന്. അന്ന് ഇവനെ പറ്റി പറയാം എന്ന് കരുതി.
2001-ൽ, ഞാൻ കൂട്ടുകാരികളുടെയൊക്കെ സമ്മർദ്ദത്തിൽ അവനൊരു ചെറിയ കത്തെഴുതി. മനസിലുള്ളത് വെളിപ്പെടുത്തിക്കൊണ്ടും എന്നിലെ പ്രണയം അറിയിച്ചുകൊണ്ടും. മറുപടിയൊന്നും വന്നില്ല. പിന്നെ ഞാനവന്‌ എഴുതിയതേയില്ല. 2002-ൽ ഇണക്കുരുവികളിലെ (അവരും വേറെ വിവാഹമായിരുന്നു. കാരണം കൂട്ടുകാരിയെ വീട്ടിൽ പിടിച്ചതും രണ്ടാം വർഷത്തിൽ അവളുടെ പഠിപ്പ് നിർത്തി)  കാമുകൻ എന്നോട് പറഞ്ഞു “അവന്റെ കല്യാണമാണ്‌ ആഗസ്റ്റ് -- ന്‌”. സങ്കടം വന്നു! അവന്റെ വിവാഹരാത്രി മുഴുവൻ ഉറങ്ങാതെ കൂട്ടുകാരിയുടെ വീട്ടിൽ പോയി കരഞ്ഞിരുന്നു!
എന്റെ കണ്ണുകൾ നിറയുന്നുവോ... അതോ കണ്ണിൽ കർപ്പൂരപ്പൊടി വീണുവോ... അക്ഷരങ്ങളെല്ലാം മങ്ങുന്നു...
x



“കുടുംബത്തിന്‌ ചീത്തപ്പേരുണ്ടാക്കരുത്. അന്യജാതിക്കാരൻ ചെക്കനുമായി പ്രേമമാണെന്നൊക്കെ ചീത്തപ്പേരുണ്ടാക്കിയാൽ അതോടെ തീർന്നു നിന്റെ ജീവിതം. അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ തറവാടിന്‌ ആദ്യമായി ചീത്തപ്പേരുണ്ടാക്കുന്ന പെണ്ണ്‌ നീയായിരിക്കും” എന്നൊക്കെ അമ്മയുടെ വക മസ്തിഷ്ക്കപ്രക്ഷാളനം! എല്ലാം കേട്ടുനിന്നു. ഇനി അവനോട് മിണ്ടുമോ എന്ന ചോദ്യത്തിന്‌ ഇല്ല എന്ന് മറുപടി നല്കി.

കോളജിലേയ്ക്ക് വീണ്ടും. എന്നെ കാണാൻ വന്ന അവനോട് കാര്യങ്ങൾ പറഞ്ഞു. നമ്മൾ ഇനി സംസാരിക്കില്ല. ക്ലാസ്സിനകത്ത് മാത്രം സംസാരം. അതും ഇതുവരെയുണ്ടായിരുന്നതു പോലെ വല്ലപ്പോഴും. ക്യാമ്പസ്സിലോ പുറത്തോ നമ്മൾ അപരിചിതർ.


പിന്നെയുള്ള ഒരു കൊല്ലം ഗോപ്യമായിരുന്നു എല്ലാം. കോഴ്സ് കഴിഞ്ഞ് ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. പിന്നീടുണ്ടായിരുന്നത് കാത്തിരിപ്പായിരുന്നു. ഒന്നും പറയാതെ, ഒന്നും അറിയാതെ, കാത്തിരിക്കണം എന്നോ കാത്തിരിക്കുമെന്നോ പറയാതെ, ദീർഘമായ 10 കൊല്ലം!



ഞാനും അവനും കത്തുകളെഴുതി. അതിലെല്ലാം, കല്യാണം കഴിക്കാൻ താല്പര്യമില്ലാത്ത ഞാൻ എന്ന ഇമേജ് അവന്‌ ഞാൻ കൊടുത്തുകൊണ്ടേയിരുന്നു. അവന്റെ മനസിൽ ഞാൻ ഉണ്ടാകും എന്നൊരു മൂഢവിചാരം. എനിയ്ക്ക് വേണ്ടി പറയാതെ തന്നെ അവൻ കാത്തിരിക്കുമെന്ന്... പലവട്ടം അവൻ ചോദിച്ചു “നിന്നെ ഞാൻ പെണ്ണന്വേഷിച്ച് വരട്ടേ?” എന്ന്. ജാതി വ്യത്യാസമുണ്ടായതുകൊണ്ട്, അവൻ അപമാനിക്കപ്പെട്ടാലോ എന്നുള്ള ഭയത്തിൽ, ഞാൻ വിവാഹമേ വിചാരമില്ല എന്ന നിലയിൽ ഉറച്ചു നിന്നു. അപ്പൊഴെങ്കിലും ഒരു വാക്ക് എനിയ്ക്കവനോട് പറഞ്ഞാൽ മതിയായിരുന്നു “സമയമാകുമ്പോൾ ഞാൻ പറയാം. നീ അന്ന് വന്നാൽ മതി” എന്ന്! ചെയ്തില്ല!!

പഠനമെല്ലാം കഴിഞ്ഞ് ഞാൻ നാട് വിട്ടു. ഇടയ്ക്കൊക്കെ അവന്‌ കത്തെഴുതും. ഹോസ്റ്റലിലേയ്ക്ക് അവൻ മറുപടിയയയ്ക്കും. അപ്പോഴും മനസിലെ പദ്ധതിയെന്തെന്ന് ഞാൻ അവനോട് വെളിപ്പെടുത്തിയതേയില്ല. കുറച്ച് കഴിഞ്ഞപ്പോൾ കത്തെഴുത്തും ഞാൻ നിർത്തി.  വർഷത്തിലൊരു ഗ്രീറ്റിംഗ് കാർഡ് അയയ്ക്കും. അതും എന്റെ അഡ്രസ്സില്ലാതെ. അവന്‌ മറുപടി അയയ്ക്കാൻ സാധിക്കാത്ത വിധം! അത് എന്തിനായിരുന്നു എന്നെനിയ്ക്കിപ്പോഴും അറിയില്ല.


അടുത്ത വർഷം അമ്മ എന്നോട് പറഞ്ഞു “നിനക്കാരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് പറയൂ, ഞങ്ങൾ നടത്തിത്തരാം. അതേത് മതമായാലും ജാതിയായാലും!!” കരഞ്ഞു പോയി ഞാൻ!! ഇത് രണ്ട് വർഷം മുൻപ് പറഞ്ഞിരുന്നെങ്കിൽ... എങ്ങനെയെങ്കിലും ഞാൻ അവനെ അന്വേഷിച്ച് കാര്യം പറഞ്ഞേനെ! അവൻ വിവാഹം ചെയ്തത് ഒരു മറാഠി പെൺകുട്ടിയെയായിരുന്നു. വിധി ഞങ്ങൾ രണ്ടുപേരെയും എങ്ങോട്ടേയ്ക്കോ കൊണ്ടുപോയി! നമ്മൾ ആഗ്രഹിക്കുന്നതും സംഭവിക്കുന്നതും ഒന്നും ഒരു ബന്ധവുമില്ലാതാകുന്നു

അവൻ എന്നെ എന്നെങ്കിലും അന്വേഷിക്കുമെന്ന് എനിയ്ക്കറിയാമായിരുന്നതുകൊണ്ട് ഞാൻ എന്റെ നമ്പർ അവനോ മറ്റാർക്കുമോ കൊടുക്കരുത് എന്ന് പറഞ്ഞുറപ്പിച്ചു. എന്നിട്ടും വർഷങ്ങൾക്കിപ്പുറം, അവനെന്റെ നമ്പർ കോളേജ് റീ-യൂണിയന്റെ പേരും പറഞ്ഞ് മറ്റൊരു സുഹൃത്തിനെക്കൊണ്ട് വിളിപ്പിച്ച് അമ്മയിൽ നിന്നും കൈപ്പറ്റി. പിന്നീടായിരുന്നു അവൻ കാര്യമെല്ലാം അറിഞ്ഞത്! ഞാൻ കാത്തിരിക്കുകയായിരുന്നെന്നും കത്തയച്ചിട്ട് അവൻ മറുപടി തന്നില്ലെന്നും! എല്ലാം കേട്ട് അവൻ അന്തം വിട്ടു. കത്ത് അവന്‌ ലഭിച്ചില്ലായിരുന്നു. അവന്റെ അമ്മ അവന്റെ കൂടെ ഉണ്ടായിരുന്ന സമയത്താണത് വന്നിരിക്കുക എന്നും അമ്മ അത് അവന്‌ തരാതെ കീറിക്കളഞ്ഞിരിക്കാമെന്നും അവൻ പറഞ്ഞു. “നീയെന്നെ കാത്തിരിക്കുകയായിരുന്നു എന്ന് എന്നോട് ഒരു വാക്കെങ്കിലും പറയാമായിരുന്നില്ലേ ഗൗരീ (കാതിൽ കാർന്നവർ ചൊല്ലിവിളിച്ച പേരാണത്. ഇവിടെ യഥാർത്ഥപേര്‌ ഉപയോഗിക്കാനൊക്കില്ലല്ലോ!) ഞാൻ എത്ര വർഷങ്ങൾ വേണമെങ്കിലും കാത്തിരിക്കുമായിരുന്നില്ലേ? നിന്നോട് എത്ര തവണ ഞാനത് ചോദിച്ചതാണ്‌“ എന്നവൻ സങ്കടം പറഞ്ഞു. എന്റെ സങ്കടം ഞാൻ മനസ്സിലൊതുക്കി. വിധിച്ചിട്ടില്ലാത്തത് എങ്ങനെ കൈവരാനാണ്‌!.


ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. ഇടയ്ക്കിടയ്ക്ക് മദ്യപിക്കുമ്പോൾ അവന്‌ കുറ്റബോധം ഉണരുമായിരുന്നു. പറഞ്ഞ് പറഞ്ഞ് അത് ഞാനവനിൽ നിന്നും നുള്ളിയെടുത്തു. ഇപ്പോൾ പരിശുദ്ധപ്രണയം പോലെ, പരിശുദ്ധ സൗഹൃദം മാത്രം.