എന്റെ ഏട്ടൻ... പറയാതെ പോയ ഒരു ‘മാപ്പ്’ ആണ് എനിയ്ക്ക് ഏട്ടൻ...
സോഷ്യൽ മീഡിയയും ഗൂഗിൽ പ്ലസ്സും എന്തിന്?, ചുപ്ലയെ പോലും വെറുത്ത ദിവസമായിരുന്നു ഇന്നലെ കടന്ന് പോയത്. ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ, അയാൾക്ക് അസൂയയാണ്. നല്ല മനുഷ്യരോട്, നല്ല ദമ്പതികളോട്, എല്ലാവരാലും സ്നേഹിക്കപ്പെടുന്നവരോട്... എന്ന് ഇന്നലെ മുഴുവൻ പറഞ്ഞോണ്ട് നടന്നു. മനസടക്കാൻ അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പാഞ്ഞു നടന്നു. ആ സമയമത്രയും കണ്ണുകൾ ഒഴുകിക്കൊണ്ടേയിരുന്നു...
അമ്മയുടെ അസുഖമെല്ലാം ഭേദമായി ഞാൻ ജീവിതത്തിലേയ്ക്ക് തിരിച്ചു വന്ന സമയത്തായിരുന്നു ഗൂഗിൾ പ്ലസ്സിൽ, ‘അപകടത്തിൽ ഗുരുതരമായി പരിക്കു പറ്റിയ അനന്തരവനെ കുറിച്ചും മകന്റെ സ്ഥാനത്ത് നിർത്തിയിരിക്കുന്ന അവൻ തനിയ്ക്ക് മുൻപേ ലോകം വിട്ടു പോകുമോ’ എന്നുള്ള ആശങ്കയെല്ലാം പങ്ക് വെച്ചുകൊണ്ട് ഏട്ടന്റെ പോസ്റ്റ് കാണുന്നത്. അന്നുവരെ ഏട്ടന്റെ പോസ്റ്റുകൾ കാണുമെങ്കിലും പ്ലസ് കൊടുത്ത് പോകുമെന്നല്ലാതെ മറ്റൊരു ഇന്ററാക്ഷനും ഉണ്ടായിരുന്നില്ല. പക്ഷേ, ആ പോസ്റ്റ് കണ്ടപ്പോൾ, അവിടെ ആർക്കോ കൊടുത്ത ഏട്ടന്റെ നമ്പറിൽ വിളിക്കണമെന്ന് തോന്നി. ‘ജയറാമേട്ടാ.. അനാമികയാണ്“ എന്ന് പരിചയപ്പെടുത്തി മനസിനെ ബലപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ചും പോസിറ്റീവ് ആയി ചിന്തിക്കേണ്ടതിനെ കുറിച്ചും എല്ലാം സംസാരിച്ച് അവൻ തിരികെ വരും, ഓർമ്മ നഷ്ടപ്പെട്ട അവന് എല്ലാം തിരികെ കിട്ടും എന്നെല്ലാം ആശ്വസിപ്പിച്ചായിരുന്നു അന്ന് ഫോൺ വെച്ചത്. സംസാരം തുടങ്ങിയപ്പോൾ മുതൽ അവസാനിപ്പിക്കുന്നത് വരെയും യാതൊരു അപരിചിതത്വവും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. പിന്നീട് ഏട്ടൻ പറഞ്ഞു, ”നീ അന്ന് തന്ന ധൈര്യം എന്നിൽ വല്ലാത്ത ഊർജ്ജവും ആത്മവിശ്വാസവും തന്നു“ എന്ന്. അനന്തരവന്റെ മാറ്റങ്ങൾ എല്ലാം സമയാസമയം ഏട്ടൻ അറിയിച്ചുകൊണ്ടേയിരുന്നു.
പോകെ പോകെ ഏട്ടനെ സ്ഥിരം വിളിക്കുന്ന അത്രയും അടുപ്പത്തിലെത്തി. ഏട്ടനോടൊപ്പം ഭാമേടത്തിയോടും സംസാരിച്ചു തുടങ്ങി. രണ്ട് പേരും അത്രമേൽ നല്ലവരാണ് എന്ന് ഓരോ വിളിയിലും ഉറച്ചു കൊണ്ടേയിരുന്നു.
എന്നിട്ടും ഞാൻ ഏട്ടനിൽ നിന്നും ഭാമേടത്തിയിൽ നിന്നും മുങ്ങി നടന്നു. എന്നോടുള്ള സ്നേഹം, എന്നെ ഇങ്ങനെ വിട്ടാൽ പറ്റില്ല, പിടിച്ച് കെട്ടിക്കണം എന്നിടം വരെയെത്തിയപ്പോൾ ഞാൻ പതുക്കെ സ്കൂട്ടാവാൻ തുടങ്ങി.
ഒരു അറേഞ്ച്ഡ് മാര്യേജിനോട് എനിയ്ക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. എന്നാൽ ഇവരുടെ സ്നേഹപൂർവമായ ആവശ്യത്തിനു മുൻപിൽ ഞാൻ വഴങ്ങിയാലോ എന്നെനിയ്ക്ക് തോന്നിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ പതുക്കെ മുങ്ങി നടക്കാൻ തുടങ്ങി. അവരുടെ ആവശ്യത്തെ നിരസിക്കാനോ ഒഴിഞ്ഞു മാറുവാനോ എനിയ്ക്ക് കഴിയില്ല എന്നുള്ള തിരിച്ചറിവായിരുന്നു കാരണം.
അതിനിടയിൽ നമ്പർ മാറി. പുതിയ നമ്പർ ഞാൻ ഏട്ടന് കൊടുത്തതേയില്ല. ഏടത്തി ചോദിച്ചിരിക്കാം ഏട്ടനോട്, അനു എവിടെ എന്ന്... അവൾ അവിടെയൊക്കെ സുഖമായിരിക്കുന്നു എന്ന് ഏട്ടൻ മറുപടിയും പറഞ്ഞിരിക്കാം. എങ്കിലും ഒരിക്കൽ പോലും ഏട്ടൻ എന്നോട് നമ്പർ ചോദിച്ചിട്ടില്ല. ഞാൻ എന്തോ കാരണം കൊണ്ട് ഒഴിഞ്ഞു നടക്കുകയാണെന്ന് ഏട്ടനും മനസിലാക്കിയിരിക്കാം. പോസ്റ്റുകളിലൂടെ, കമന്റുകളിലൂടെ ഞങ്ങൾ പരസ്പരം ഇടപെടുന്നുണ്ടായിരുന്നു.
പലപ്പോഴും ഏട്ടനെ വിളിച്ച് എന്റെ മുങ്ങി നടപ്പിൽ മാപ്പ് പറയണമെന്നും കാരണം പറയണമെന്നും ഒക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, പിന്നെയാവട്ടെ എന്ന് കരുതി മാറ്റി വെച്ചു.. ഇനി എന്ന്... ഇനിയൊരിക്കലും അതിന് സാധിക്കില്ലല്ലോ എന്ന് മനസ് വിങ്ങുകയാണ്...
എന്റെ സങ്കടത്തെ, എന്റെ വാക്കുകളിൽ നിന്നും എന്റെ എഴുത്തുകളിൽ നിന്നും ഒരല്പം പോലും മാറ്റമില്ലാതെ മനസിലാക്കിയ ആളായിരുന്നു ഏട്ടൻ. “അനൂ.. നിനക്ക് ആങ്ങളമാരുടെ സ്നേഹവും കരുതലും വല്ലാതെ മിസ്സാകുന്നുണ്ടല്ലേ? എന്തിനാടീ നീ വിഷമിക്കുന്നത്? നിനക്ക് ഞാനില്ലേടീ ഏട്ടനായി?” എന്ന് ഏട്ടൻ ചോദിച്ച ദിവസം, എന്റെ മനസിൽ രൂപപ്പെട്ട ആത്മവിശ്വാസം.. അന്ന് മുതലാണ് ‘ജയരാമേട്ടൻ’ എന്ന വിളിയെ ഞാൻ “ഏട്ടൻ” എന്നാക്കി ചുരുക്കിയത്. ഓരോ തവണ, "ഏട്ടാാ .." എന്ന് വിളിക്കുമ്പോഴും ഞാനത് ഹൃദയത്തിൽ തട്ടി, എന്റെ ഏട്ടനായി തന്നെയായിരുന്നു വിളിച്ചിരുന്നത്... രക്തത്തേക്കാൾ കട്ടി സ്നേഹത്തിനുണ്ട് എന്ന് ആ വാക്കുകളിലൂടെ ഞാൻ മനസിലാക്കി.
എന്നെങ്കിലും ഞാൻ കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ ആങ്ങളയുടെ സ്ഥാനത്ത് ഏട്ടനായിരിക്കുമെന്നും എന്റെ ആദ്യത്തെ വിരുത്തൂണ് ഏട്ടന്റെയും ഏടത്തിയുടെയും കൂടെയായിരിക്കും എന്നും ഞാൻ തീരുമാനിച്ചിരുന്നു... ഇനി...? ഓർക്കും തോറും കണ്ണുകൾ തോരുന്നില്ലല്ലോ...
പലവട്ടം ഏട്ടനെ വിളിച്ചാലോ എന്ന് ചിന്തിച്ചിട്ടും വിളിക്കാഞ്ഞ നിമിഷങ്ങളെ ഞാനിപ്പോൾ ശപിക്കുന്നു. സാമ്പത്തികം ഒന്ന് മെച്ചപ്പെട്ടിട്ട് കൊല്ലൂർക്ക് പോകണമെന്നും ഏട്ടനെ അവിടെ ചെന്ന് വിളിച്ച് സർപ്രൈസ് ആക്കണമെന്നും അന്ന് എന്തുകൊണ്ടാണ് ഞാൻ മുങ്ങി നടന്നിരുന്നത് എന്ന് വിശദീകരിക്കണമെന്നും ഒരു രാത്രി ഏട്ടന്റെയും ഏടത്തിയുടെയും കൂടെ കഴിയണമെന്നുമൊക്കെ ഞാൻ പ്ലാൻ ചെയ്തിരുന്നു. പക്ഷേ ഇനി..?
ഇനി ആ വിളികളൊന്നും ഞാൻ നടത്തില്ല. ഇനി ഞാൻ എന്ത് പറഞ്ഞ് ഏടത്തിയെ വിളിക്കും..? ഇനി ഞാൻ ആരോട് എന്ത് വിശദീകരണം നടത്തും? എന്ത് പറഞ്ഞ് ഞാൻ അങ്ങോട്ട് കയറിച്ചെല്ലും...?
വല്ലാതെ സങ്കടം വരുന്നു... വീണ്ടും ഒറ്റപ്പെട്ടതു പോലെ...
വല്ലാതെ സങ്കടം വരുന്നു... വീണ്ടും ഒറ്റപ്പെട്ടതു പോലെ...
മിണ്ടിയില്ലെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും മനസിൽ ‘എനിയ്ക്കൊരു ഏട്ടനുണ്ട്..’ എന്നൊരു ബലം ഉണ്ടായിരുന്നു. ബംഗളൂരിൽ ഉണ്ടെന്ന് ഏട്ടൻ ഓരോ തവണ പോസ്റ്റിടുമ്പോഴും ഞാൻ നാട്ടിലായിരിക്കും. ഇനി അങ്ങനൊരു പോസ്റ്റ് വരുമ്പോൾ ഞാൻ ബംഗ്ലൂരിൽ ഉണ്ടെങ്കിൽ തീർച്ചയായും ഏട്ടനെ പോയി കാണും എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും ഞാൻ അങ്ങനെയൊരു പോസ്റ്റ് കണ്ടിട്ടേയില്ല. ഇനി.. ഇനി കാണുകയുമില്ല.
“പറയാതെ പോയ ഒരു ‘മാപ്പ്’ ആണ് എനിയ്ക്ക് ഏട്ടൻ...” ഇനിയൊരിക്കലും പറയാൻ സാധിക്കാത്തതും....
വല്ലാതെ നഷ്ടബോധവും കുറ്റബോധവും തോന്നുന്നു... വിളിക്കാതെ പോയ, കാണാതെ പോയ ആ സന്ദർഭങ്ങൾ.. ഇനിയൊരു തിരുത്തലിന് അവസരം തരാനാകാത്ത വിധം പറ്റിച്ചു കളഞ്ഞല്ലോ ഏട്ടാ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ