2005-ലാണെന്ന് തോന്നുന്നു അവനെ ഞാൻ ആദ്യമായി കാണുന്നത്. ജോസേട്ടന്റെ ട്രാവൽ ഏജൻസിയിൽ ചെന്നിരിക്കാറുള്ള എനിയ്ക്ക് അവനെ പരിചയപ്പെടുത്തി തന്നതും ജോസേട്ടനാണ്. എം ബി എ-യ്ക്ക് പഠിയ്ക്കുന്ന ചെറുക്കൻ. കാണാൻ നല്ല ഭംഗിയുണ്ട് എന്ന് ആദ്യ കാഴ്ചയിലേ ചിന്തിച്ചു.
അന്ന് മാഗസിൻ പ്രസിദ്ധീകരിച്ച്, അതിന്റെ പ്രാരാബ്ധങ്ങളുമായി നടക്കുന്ന കാലമാണ്. “എടേയ്.. ഇവളെ നിനക്കൊക്കെ ഒന്ന് സഹായിച്ചൂടെ? വല്ല പരസ്യമൊക്കെ പിടിച്ചുകൊടുക്കടേയ്.. നിനക്കൊരു വരുമാനവും ആകും” എന്ന് ജോസേട്ടൻ പറഞ്ഞപ്പോൾ അവൻ ചിരിച്ചുകൊണ്ട് നിന്നു.
പിന്നെയും പലവട്ടം ഞാനും അവനും കണ്ടുമുട്ടി. ജോസേട്ടന്റെ ട്രാവൽ ഏജൻസിയിൽ വെച്ചുതന്നെ. ചേച്ചിയായിരുന്നു അവന് ഞാൻ!
പോകെ പോകെ നല്ലൊരു സൗഹൃദവും ആത്മബന്ധവും ഞങ്ങളുടെ ഇടയിൽ ഉടലെടുത്തിരുന്നു. അവനും ഞാനും ഒരുപോലെ പ്രാരാബ്ധങ്ങൾ അനുഭവിക്കുന്നവരായിരുന്നതുകൊണ്ട്, അവന്റെ പ്രാരാബ്ധങ്ങൾക്ക് എന്നും ചെവികൊടുക്കാൻ ശ്രദ്ധിച്ചിരുന്നു.
ഒരു ഫ്രോഡുമായിട്ടുണ്ടായിരുന്ന എന്റെ പ്രണയം 2008-ൽ പൊട്ടിപ്പാളീസായി നിക്കുന്ന സമയം. ഡിപ്രഷന്റെ അങ്ങേയറ്റത്താണ് ഞാൻ പോയി തല മൊട്ടയടിച്ചത്. ആ കാലയളവിലൊന്നും ആർക്കും മുഖം കൊടുക്കാതെ നടന്നിരുന്ന ഞാൻ ഇവനെയും മറന്നിരുന്നു. ഫോൺ വിളികൾ പോലും നിലച്ച സമയം. എല്ലാം ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് പോയ ഞാൻ വീണ്ടും തിരികെ വന്നത് കുറച്ചുകൂടി ഉറച്ച മനസോടെയായിരുന്നു. ഡിപ്രഷനിൽ നിന്നും കരകയറിക്കൊണ്ടിരുന്ന കാലം. തോളൊപ്പം വളർന്നുനില്ക്കുന്ന മുടിയോടെ, ഒരു ഫോട്ടോ ഫെയ്സ്ബുക്കിൽ അപ്ലോഡ് ചെയ്തു. അതും കഴിഞ്ഞ് കുറേ നാൾ കഴിഞ്ഞപ്പോഴാണ് അവനെ ഞാൻ വീണ്ടും വിളിക്കുന്നത്.
ഫെയ്സ്ബുക്കിൽ കണ്ട ഫോട്ടോയെ കുറിച്ചായിരുന്നു അവന്റെ സംസാരം.
“ആ രൂപത്തിൽ എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ, കയ്യിലൊരു റോസാപ്പൂവും പിടിച്ച് ഞാൻ നിങ്ങളെ അന്നേരമേ പ്രൊപ്പോസ് ചെയ്തേനെ” എന്ന് അവൻ പറഞ്ഞപ്പോൾ അതിനെ ഞാൻ തമാശയായി തള്ളിക്കളഞ്ഞു. “അറിയാമോ.. നിങ്ങൾക്ക് എന്നേക്കാൾ അഞ്ച് വയസേ കൂടുതലുള്ളു” എന്ന് ഒരിക്കൽ അവനെന്നോട് പറഞ്ഞപ്പോൾ “അതിന്?” എന്ന മറുചോദ്യം കൊണ്ട് ഞാൻ തടയിട്ടു. “അതിനൊന്നും ഇല്ല” എന്നവനും ഒഴിഞ്ഞു.
മാസങ്ങളോളം ഫോൺ വിളിയോ ചാറ്റോ ഒന്നുമില്ലാതിരുന്നാലും ഞങ്ങളുടെ സൗഹൃദത്തിന് കുറവൊന്നുമില്ലായിരുന്നു. ഇടയ്ക്ക് വഴക്കിട്ട് ഒരു വർഷത്തോളം പിണങ്ങിയിരുന്നു. പിന്നെ പിണങ്ങിയിരിക്കുന്നത് മറന്ന് വീണ്ടും വിളിച്ച് ഇണങ്ങി. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളും പ്രാരാബ്ധം പറച്ചിലും ഒക്കെയായി കാലങ്ങൾ കടന്നു പോയി. വിദ്യാർത്ഥിയായിരുന്ന അവൻ ഉദ്യോഗസ്ഥനായി.
എവിടെയൊക്കെയോ വെച്ച് ഞങ്ങൾ ഇടയ്ക്ക് കാണും, ഓരോ ചായ കുടിച്ച് വിശേഷങ്ങൾ പറഞ്ഞ് പിരിയും. അങ്ങനെയിരിക്കെ 2015-ൽ ഒരുദിവസം ഒരുപാട് കാലങ്ങൾക്ക് ശേഷം അവൻ ഞാൻ താമസിക്കുന്ന വീട്ടിൽ വന്നു. അന്നാണ് ഞാൻ എന്റെ കഴുത്തിൽ കുത്തിയ ടാറ്റു കാണിച്ചുകൊടുക്കുന്നത്. കഴുത്തിനു പുറകിലെ മയിൽ പീലി...
യാത്ര പറഞ്ഞ് പോകാൻ നേരം, അവനെ യാത്രയയയ്ക്കാൻ മുന്നിൽ നടന്ന എന്നെ അവൻ പുറകിൽ നിന്നും ചുറ്റിപ്പിടിച്ച് എന്റെ മയിൽ പീലിയിൽ ചുംബിച്ചു... അപ്പോഴായിരുന്നു, അപ്പോൾ മാത്രമായിരുന്നു സൗഹൃദം എന്ന ഞങ്ങളുടെ ബന്ധത്തിലേയ്ക്ക് പ്രണയത്തിന്റെ നിറം കടന്നുവന്നത്. പണ്ടെന്നോ അവൻ പറഞ്ഞ പ്രൊപ്പോസൽ കഥ അവൻ കാര്യമായി പറഞ്ഞതായിരുന്നു എന്ന് അതിനു ശേഷമാണ് ഞാൻ മനസിലാക്കിയതും.
ഹാ... പ്രണയം പൂത്തുലഞ്ഞ കുറച്ചുമാസങ്ങൾ!!ഇടയ്ക്കുള്ള സ്നേഹസന്ദർശനസംയോഗങ്ങൾ.. ഭാവിയൊഴികെ ഭൂതവും വർത്തമാനവും വർത്തമാനം പറഞ്ഞിരുന്ന ദിനരാത്രങ്ങൾ... അതിനിടയിലെപ്പോഴോ, അവന്റെ സംസാരത്തിൽ നിന്നും അവന് അപ്പനെ ഭയമാണെന്നൊരു ധാരണ എന്നിലുണ്ടായി. അങ്ങനെയെങ്കിൽ... ഈ ബന്ധത്തിന് ആയുസ് കുറയാനുള്ള സാധ്യതയും മനസിൽ രൂപപ്പെട്ടു. വിശ്വാസത്തിൽ ഒരു ചെറിയ വിള്ളൽ വീണുവോ..?
അതൊന്നും പുറമേ പ്രകടിപ്പിക്കാതെ പിന്നെയും തുടർന്നു. ഒരു രാത്രിയാണ് അവൻ എന്നെ വിളിച്ച് പറഞ്ഞത് “നാളെ നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം” എന്ന്. മുൻപ്രണയത്തിലെ തിക്താനുഭവം അമ്മയെ അറിയിക്കാതെയുള്ള ഒരു വിവാഹത്തിൽ നിന്നും എന്നെ പിന്തിരിപ്പിച്ചു. അമ്മയോട് പറഞ്ഞാലും എനിയ്ക്ക് എതിർപ്പൊന്നും ഉണ്ടാവില്ല എന്നത് അറിയാവുന്ന കാര്യമാണ്. പിന്നെ ഞാനെന്തിന് ആരെയും അറിയിക്കാതെ രഹസ്യമായി ഒരു വിവാഹം ചെയ്യണം?! നടക്കില്ല എന്ന് അപ്പോൾ തന്നെ അറിയിച്ചു.
അവന്റെ അടുത്ത സന്ദർശനത്തിൽ ഞാനെന്റെ നയം വ്യക്തമാക്കി. “എന്നെ വേണം എന്നുണ്ടെങ്കിൽ നീ എന്റെ അമ്മയോട് സംസാരിക്കൂ. ബാക്കി ഞാൻ നോക്കിക്കോളാം.”
“അങ്ങനെയെങ്കിൽ എനിയ്ക്ക് എന്റെ അമ്മയേയും അറിയിക്കണം” എന്ന് അവൻ.
“അതെന്തുമായിക്കോളൂ. നിന്റെ ചോയ്സ്. എന്റെ കാര്യത്തിൽ എനിയ്ക്ക് എന്റെ അമ്മയെ അറിയിക്കാതെ മുന്നോട്ട് പോകാനൊക്കില്ല” ഞാൻ ആവർത്തിച്ചു. പറ്റില്ലെന്ന വാദത്തിൽ അവനും ഉറച്ചു നിന്നു.
ഒരു ചെറിയ പിണക്കത്തിന്റെ തുടക്കമായിരുന്നു അത്. എങ്കിലും വളരെ ചെറിയ ഇടവേളയ്ക്ക് ശേഷം തന്നെ ഞങ്ങൾ പിണക്കം മറന്നു. വീണ്ടും പ്രണയം സ്മൂത്തായി പോകുന്നതിനിടയിലാണ് ഒരുമിച്ച് വാടക വീട് ഷെയർ ചെയ്യാം എന്ന ചർച്ച വന്നത്. അത് നല്ലൊരു കാര്യമെന്ന ചിന്തയിൽ ഞാനും സമ്മതിച്ചു. പക്ഷേ എന്തൊക്കെയോ കാരണം കൊണ്ട് അവന് ഉടൻ തന്നെ അവൻ താമസിക്കുന്ന ഒറ്റമുറി വീട് ഒഴിയാൻ സാധിച്ചില്ലായിരുന്നു.
എന്റെ മനസിന്റെ ചിന്തകൾ കാടുകയറാൻ തുടങ്ങിയ ഒരു സന്ദർഭത്തിലാണ് വീട് ഷെയർ ചെയ്യാം എന്ന പ്ലാനിൽ നിന്നും ഞാൻ പിൻവാങ്ങിയത്. എന്തുകൊണ്ടോ.., അത് ശരിയാവില്ല എന്ന് മനസ് ആവർത്തികൊണ്ടേയിരുന്നതാണ് അങ്ങനെയൊരു മനം മാറ്റത്തിനു പിന്നിൽ. അമ്മയെ ഒളിപ്പിച്ച് അങ്ങനെയൊരു പ്രവൃത്തി എന്നെ എന്തോ തെറ്റ് ചെയ്യിക്കാൻ പ്രേരിപ്പിക്കുകയാണ് എന്നൊരു ആശങ്ക.
അത് നീണ്ടൊരു പിണക്കത്തിലേയ്ക്കാണെത്തിച്ചത്. ആ സമയത്തിനുള്ളിൽ മനസിനുള്ളിൽ ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി ഒരു തീരുമാനത്തിലേയ്ക്കെത്തിക്കഴിഞ്ഞിരുന്നു ഞാൻ. പിണക്കം കഴിഞ്ഞുള്ള സംഭാഷണത്തിൽ തന്നെ ഞാനത് പറഞ്ഞു “നമുക്ക് ഇത് ശരിയാവില്ല. നമുക്ക് പഴയതുപോലെ സുഹൃത്തുക്കളായിത്തന്നെ തുടരാം. അതായിരിക്കും നല്ലത്... അങ്ങനെ ആ പ്രണയം അവിടെ കഴിഞ്ഞു. എങ്കിലും മനസിനുള്ളിൽ ഒരു ചെറുതരി കനൽ എപ്പോഴും ബാക്കിയാകുമല്ലോ..
രണ്ട് വർഷത്തിനുള്ളിൽ അവന്റെ വിവാഹമാണെന്നറിയിച്ചു. എന്റെ പേര് തന്നെയായിരുന്നു അവളുടേതും! ഞാനും മറ്റൊരു പ്രണയത്തിൽ ചെന്നെത്തി. എങ്കിലും സൗഹൃദത്തിൽ യാതൊരു വിള്ളലുമുണ്ടായിരുന്നില്ല. ഇടയ്ക്ക് കാണും, ഇടയ്ക്ക് ഫോൺ വിളിയ്ക്കും. അങ്ങനെയങ്ങനെ.. ഒരിക്കൽ അവനൊരാഗ്രഹം പറഞ്ഞു.. ഒരു സിനിമയ്ക്ക് പോകാം...
സിനിമയും ഭക്ഷണവും എനിയ്ക്ക് ആടിന് ഇലകാണുന്നതുപോലെയാണെന്നതുകൊണ്ട് ഓക്കെ പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്റെ ആഗ്രഹപ്രകാരം ഞാൻ നിർദ്ദേശിച്ച സീറ്റ് തിരഞ്ഞെടുത്ത് അവനെന്നെ സിനിമയ്ക്ക് കൊണ്ടുപോയി! അങ്ങനെ ആദ്യമായി അവന്റെ ബൈക്കിൽ കയറി അവന്റെ കൂടെ ആദ്യത്തെ സിനിമ കണ്ടു “96”!
കണ്ടിറങ്ങിയപ്പോൾ “നമുക്ക് രണ്ടുപേർക്കും ചേർന്ന് കാണാൻ പറ്റിയ സിനിമ” എന്ന് ഞങ്ങൾ തമാശ പറഞ്ഞു.
അതിനുശേഷം എന്തുകൊണ്ടെന്നറിയില്ല, ഒരു ദിവസത്തെ ഫോൺ സംഭാഷണത്തിൽ അവൻ പറഞ്ഞുതുടങ്ങി
“എന്റെ ലൈഫിൽ, ഞാൻ ഏറ്റവും സന്തോഷിക്കുന്ന കാലമായിരുന്നു താനുമായുള്ള പ്രണയകാലം. എന്റെ പെണ്ണ് എന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്ന ഒരാൾ... എന്നെ ആത്മാർത്ഥതയോടെ.. 100 ശതമാനവും തന്ന് പ്രണയിച്ച എന്റെ പെണ്ണ്! ഇയാൾക്കറിയുമോ അന്ന് രാത്രി നാളെ രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന് ഞാൻ വിളിച്ച് പറഞ്ഞത് സാക്ഷികളായി ഒപ്പിടാൻ രണ്ട് കൂട്ടുകാരെ കൂടി റെഡി ആക്കിയിട്ടാണ്. പറ്റില്ല എന്ന് പറഞ്ഞ് കേട്ടപ്പോൾ വല്ലാതെ വിഷമമായി. അമ്മയോട് പറയണം എന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിക്കാതിരുന്നത്, പേടിച്ചിട്ടായിരുന്നു. തന്നെ എനിയ്ക്ക് നഷ്ടപ്പെടുമോ എന്ന്... അമ്മയോട് പറഞ്ഞാൽ, ആങ്ങളമാരൊക്കെ അറിഞ്ഞ് അവർ സമ്മതിച്ചില്ലെങ്കിലോ എന്ന്... അതുകൊണ്ടുമാത്രമാണ് ഞാൻ പറ്റില്ല എന്ന് വാശി പിടിച്ചത്. അതും കഴിഞ്ഞ്, ഒരുമിച്ച് വാടകവീട് ഷെയർ ചെയ്യാം എന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിയ്ക്ക്. കൂടെ താമസിച്ച് എങ്ങനെയെങ്കിലും ഇയാടെ മനസ് മാറ്റിയെടുക്കാം എന്ന്... ഇനി എനിയ്ക്ക് ഇയാളെ നഷ്ടപ്പെടില്ല എന്ന്... അത്രമേൽ ഞാനുറപ്പിച്ചതായിരുന്നു ഇയാളിനി എന്റെ പെണ്ണായിരിക്കും എന്ന്... പക്ഷേ അതും ഇയാൾ തടസം പറഞ്ഞു.. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ഇയാൾ.. എനിയ്ക്കുള്ളതായിരുന്നില്ല എന്ന് ഞാൻ ഒരു ഘട്ടത്തിലും ചിന്തിച്ചിരുന്നില്ല. അപ്പനെ പേടിയുണ്ടായിരുന്നു, എന്നാലും നമ്മൾ ജീവിച്ചുതുടങ്ങിയാൽ പിന്നെ ആരെ പേടിയ്ക്കാൻ?! അതിലെനിയ്ക്ക് നല്ല ഉറപ്പായിരുന്നു.
ഓരോ ഘട്ടത്തിലും എന്റേതാകും എന്ന് വ്യാമോഹിച്ചു.. പക്ഷേ..“
കേട്ടപ്പോൾ ഞാൻ സ്തബ്ധയാകുകയായിരുന്നു. ”നിനക്കെന്നോട് ഒരുവാക്ക് പറയാമായിരുന്നില്ലേ നിന്റെ പ്ലാനുകൾ എന്തായിരുന്നെന്ന്? ഞാൻ ഒരു സ്വതന്ത്രസ്ത്രീയാണെന്ന് നിനക്കറിയാം. അങ്ങനെയുള്ള എന്നോടാലോചിക്കാണ്ടാണോ നീ പ്ലാൻ ചെയ്യുന്നത്? ഞാനും കൂടി അറിയേണ്ടതല്ലേ എന്റെ ജീവിതം? അതുകൊണ്ട് എന്തുണ്ടായി? അതപ്പോഴേ നിന്നില്ലേ? പിന്നെ, അമ്മയെ അറിയിക്കണമെന്നല്ലേ ഞാൻ പറഞ്ഞത്? എനിയ്ക്ക് എന്റെ അമ്മയെ മാത്രമേ ബോധിപ്പിക്കേണ്ടതുണ്ടായിരുന്നുള്ളു. ആങ്ങളമാരിൽ നിന്നൊക്കെ എന്നേ ഞാൻ അകന്നതാണ്! എന്റെ ജീവിതത്തിൽ ഒന്നിനും, ഒരുകാര്യത്തിനും എനിയ്ക്കവരുടെ സമ്മതത്തിന്റെ ആവശ്യമേയില്ല. നിനക്ക്.. നിനക്ക് ഒരുവാക്കെങ്കിലും എന്നോട് പറയാമായിരുന്നില്ലേ ഇതാണ് കാരണമെന്ന്. എങ്കിൽ ഞാൻ നിന്നോട് പറഞ്ഞ് തരുമായിരുന്നില്ലേ ആങ്ങളമാർ എന്നത് എന്റെ കൺസേണെ അല്ല എന്ന്... നിന്റെ പദ്ധതികൾ.. നിന്റെ പെണ്ണ് എന്ന് നീ കരുതുന്ന എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെയൊന്നുമാകുമായിരുന്നില്ലായിരുന്നു. ഇതിപ്പോൾ നിന്റെ ജീവിതവും വിചാരിച്ചതുപോലെ നല്ലതായില്ല... ഒരു വാക്ക് പറയാമായിരുന്നല്ലോ നിനക്ക്, ഇതൊക്കെയായിരുന്നു മനസിൽ എന്ന്... എല്ലാം സ്വന്തമായി പ്ലാൻ ചെയ്ത് ഹീറോ ആകാൻ നോക്കിയിട്ട് എല്ലാം കളഞ്ഞുകുളിക്കുകയാണല്ലോടാ നീ ചെയ്തത്... ഒരിക്കലെങ്കിലും പറയാമായിരുന്നു“
അവന്റെ വെളിപ്പെടുത്തലുകൾ എനിയ്ക്കും എന്റെ വെളിപ്പെടുത്തലുകൾ അവനും ആഘാതമായിരുന്നു. പക്ഷേ എന്ത് കാര്യം...!! ”ആയിരുന്നുകൾക്ക് ജീവിതത്തിൽ ഒരിടത്തും സ്ഥാനമില്ലല്ലോ!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ