പേജുകള്‍‌

2009, മാർച്ച് 13, വെള്ളിയാഴ്‌ച

എന്‍റെ കുഞ്ഞുങ്ങള്‍. എന്‍റെ അമ്മുവും

ദൈവത്തിന്‍റെ ഹൃദയത്തിലാണ് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത്. ദൈവം അതിനെ, രണ്ടു ഹൃദയങ്ങള്‍ ചേര്‍ത്ത് വെച്ച് അവര്‍ക്ക് കൊടുക്കുന്നു. എനിക്കും തന്നിരുന്നു, മൂ‌ന്ന് അവസരങ്ങള്‍. പക്ഷെ, എന്‍റെ വയറ്റില്‍ വളരാനുള്ള ഭാഗ്യം(?) അവര്‍ക്കോ അവരെ വളര്‍ത്താനുള്ള ഭാഗ്യം എനിക്കോ ദൈവം തന്നില്ല. മുളയിലേ കരിഞ്ഞു പോകാന്‍ വിധിക്കപ്പെട്ട ജീവനുകള്‍. എന്‍റെ കുഞ്ഞുങ്ങള്‍. അവര്‍ എന്‍റെ മാത്രം കുഞ്ഞുങ്ങളായിരുന്നു. എനിക്ക് മാത്രം വേണ്ടിയുള്ളവര്‍. ഹൃദയങ്ങളുടെ ചേര്‍ച്ചയില്ലായ്മയായിരിക്കാം അവരെ വളരാന്‍ അനുവദിക്കണ്ട എന്ന് ദൈവം കരുതിയത്‌. ദിയ. എനിക്കുണ്ടാകുന്ന എന്‍റെ ആദ്യത്തെ മോള്‍ക്ക്‌ ഞാന്‍ കണ്ടു വെച്ച പേരാണ്. വ്യര്‍ത്ഥമായിപ്പോയ എന്‍റെ കാത്തിരിപ്പ്‌.

ഇപ്പോള്‍ ഞാന്‍ കാത്തിരിക്കുകയാണ്. ദൈവം ചേര്‍ത്തുവെച്ച ഹൃദയങ്ങള്‍ക്ക്‌ നല്‍കിയിട്ടും അവര്‍ക്ക് വേണ്ടാതെ ഉപേക്ഷിക്കുന്ന ഒരു കുഞ്ഞിനു വേണ്ടി. അവളെ എനിക്ക് വേണം. എന്‍റെതായി വളര്‍ത്താന്‍. എന്‍റെ മാത്രമായി വളര്‍ത്താന്‍. അവള്‍ക്ക് ഞാന്‍ കാവേരി എന്ന് പേരിടും. അമ്മു എന്ന് വിളിക്കും. അവള്‍ എന്‍റെ മാത്രം മകളായിരിക്കും. എന്‍റെ മാത്രം അമ്മു. എന്നാണു അവള്‍ വരുക? അവള്‍ വരും... വരാതിരിക്കില്ല...

2 അഭിപ്രായങ്ങൾ:

  1. സുഹൃത്തേ,
    നിങ്ങള്‍ക്കെന്തിനാണു കുഞ്ഞ്? നല്ലൊരു മകളായില്ല എന്ന നിങ്ങളുടെ വിലാപം വായിച്ചു, മറ്റൊരു പോസ്റ്റില്‍. ഇനി കുറെ നാളുകള്‍ക്കു ശേഷം, നല്ലൊരു അമ്മയായില്ല, നല്ലൊരു വളര്‍ത്തമ്മയായില്ല എന്നെല്ലാമുള്ള ഒരു പോസ്റ്റു കൂടി ഇടാനായിട്ടാണോ?
    എനിക്കു കുട്ടികളില്ല(ഭാര്യയുണ്ടു). നിങ്ങളെപ്പോലെ തന്നെ നല്ലൊരു പേരു കണ്ടുവെച്ചു കുറെ നാളായി ഇരിക്കുന്നു. പക്ഷെ ഞാന്‍ ഭാര്യയോടു ഒരു നിബന്ധന വച്ചിരിക്കുകയാണു. ഒരു കുഞ്ഞു വേണമെന്നു ഒരിയ്ക്കലും പ്രാര്‍ത്ഥിക്കരുതെന്നു. കുഞ്ഞുണ്ടായാല്‍ കൂടെ സന്തോഷം കൂട്ടു വരുമെന്നു വിശ്വസിക്ക വയ്യ. വരാം, വരാതിരിയ്ക്കാം. Bedazzled എന്ന സിനിമ കണ്ടതു കൊണ്ടു തോന്നുന്നതാണിത്. എന്താണെനിക്കു വേണ്ടതെന്നു ശരിയ്ക്കറിയില്ല എനിക്കു. പക്ഷെ ഒരു കുഞ്ഞു വന്നതുകൊണ്ടു മാത്രം മാറുന്ന ഒരു പ്രശ്നവും ആര്‍ക്കെങ്കിലും ഉണ്ടാവും എന്നെനിക്കു തോന്നുന്നില്ല.
    പലപ്പോഴും, നമുക്കെന്തുണ്ടു എന്നു കണക്കെടുക്കുന്നതിലും എളുപ്പം നമുക്കെന്തില്ല എന്നു കണക്കെടുക്കുന്നതാണെന്നു തോന്നുന്നു. ഒന്നുമില്ലാത്തതായി ആരെങ്കിലുമുണ്ടോ?
    നിങ്ങള്‍ക്കമ്മയില്ലേ? ആ അമ്മയ്ക്കു നിങ്ങള്‍ മകളായിട്ടില്ലേ? പിന്നെ എന്തുകൊണ്ടാണു നിങ്ങള്‍ക്കാരുമില്ല എന്നു കരുതുന്നതു? ജീവിതത്തില്‍ നിങ്ങള്‍ക്കാരുണ്ടു എന്നതു മാത്രമാണോ വിഷയം? നിങ്ങള്‍ ആര്‍ക്കു എന്താണു എന്നതും തുല്യ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യം ആണു. ഈ നിമിഷം നമ്മള്‍ ആരാണൊ, എന്താണൊ, ആ സ്ഥിതി കൂടുതല്‍ നന്നാക്കുവാന്‍ നമുക്കു പറ്റില്ലെ? പറ്റും എന്നാണുത്തരം എന്നു തോന്നുന്നു. അപ്പോള്‍ നിങ്ങള്‍ക്കു ഒരു കൂടുതല്‍ നല്ല മകളാകുവാന്‍ പറ്റും.
    പിന്നെ അമ്മയെ പറ്റിക്കുന്ന കാര്യം: ഒരാള്‍ക്കും ജീവിതത്തില്‍ മറ്റൊരാളോടു 100% സിന്‍സിയര്‍ ആയി ഇരിയ്ക്കുവാന്‍ സാധിക്കില്ല എന്നാണു തോന്നുന്നതു. നമ്മളെല്ലാവരും ഓരോ വ്യക്തികളാണു. സ്വന്തം സ്വകാര്യതയ്ക്കു മൂല്യം കല്പിക്കുന്നവര്‍.(പക്ഷെ സ്വകാര്യത വേറെ, കള്ളം പറച്ചില്‍ വേറെ :)). നമ്മുടെ കയ്യില്‍ മാതാപിതാക്കള്‍ക്കു കൊടുക്കുവാന്‍ എന്താണുള്ളതു? സന്തോഷത്തോടെ കൊടുക്കുന്നതെന്തും നല്ലതു. അത്ര തന്നെ.

    :) ഞാന്‍ നിങ്ങളെ പ്രകോപിപ്പിക്കുവാന്‍ പറഞ്ഞതല്ല ഇതൊന്നും. പരിഭവം വേണ്ട കേട്ടോ. നിങ്ങളുടെ ബ്ലോഗു മൊത്തം വായിച്ചപ്പോള്‍ പോസിറ്റീവായിട്ടെന്തെങ്കിലും പറയണമെന്നു തോന്നി. ആരെങ്കിലും എപ്പോഴെങ്കിലും നല്ലതു പറയണമല്ലോ. അത്രമാത്രം.
    സുഹൃത്തേ, നിങ്ങളില്‍ നിന്നു പോസിറ്റീവ് ആയ ഒരു പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി സുഹൃത്തേ. ഇത്തരം വെളിപ്പെടുത്തലുകളാണെനിക്കാവശ്യം. ധനാത്മകമായ ഒരു കൈത്താങ്ങ്‌. നല്ല മകളായില്ല എന്ന വിലാപം, കുറ്റബോധത്തില്‍ നിന്നുമുടലെടുക്കുന്നതാണ്. എന്നെ വല്ലാതെ വേട്ടയാടുന്ന കുറ്റബോധം. ഒരമ്മയും ഒരു മകളെ ഇതുപോലെ സ്നേഹിചിട്ടുണ്ടാവില്ലായിരിക്കാം, ഇതുപോലെ വിശ്വസിചിട്ടില്ലായിരിക്കാം. എന്നിട്ടും എപ്പോഴോ എന്‍റെ കാലിടറി. പാപത്തിന്‍റെ ചെളിക്കുഴിയിലേക്ക്. അതില്‍ നീറുകയാണിപ്പോള്‍. ആ ചെളിക്കുഴിയിലെക്കുള്ള പതനം എന്നിലെ ധനാത്മക ഊര്‍ജ്ജത്തെയെല്ലാം നഷ്ട്ടപ്പെടുത്തി. എന്‍റെ അമ്മ എന്നിലേക്ക്‌ പകര്‍ന്നു തന്ന ഊര്‍ജ്ജമെല്ലാം എനിക്ക്... ഋണാത്മക ചിന്തകളാണ് ഇപ്പോള്‍ എന്നെ ഭരിക്കുന്നത്‌. അറിയില്ല, എങ്ങിനെ കരകയറുമെന്നു. പശ്ചാത്താപമുണ്ട്. ഇനി തെറ്റ് ചെയ്യില്ല എന്ന തീരുമാനവും. പക്ഷെ വേട്ടയാടുന്ന കുറ്റബോധം...
    ഞാന്‍ നശിപ്പിച്ചുകളഞ്ഞ അവരുടെ സ്വപ്‌നങ്ങള്‍... ഒന്നും അവരറിയരുതെ എന്ന ചിന്തയില്‍ ഒളിച്ചോടുകയാണ് ഞാന്‍ അവരില്‍ നിന്നും. ദീര്‍ഘകാലം അവരുടെ നല്ല മകളായിരുന്നിട്ടു, ഇടയ്ക്ക് വെച്ചുണ്ടായ ആ പതനം...

    മറുപടിഇല്ലാതാക്കൂ