പേജുകള്‍‌

2019 ഒക്‌ടോബർ 29, ചൊവ്വാഴ്ച

മാളവികയെന്ന എന്റെ കൂട്ടുകാരി...

     2009 മുതലാണ് ഞാൻ ബ്ലോഗെഴുത്ത് ആരംഭിച്ചത്. വലിയ കാര്യമായിട്ടൊന്നും എഴുതിയിരുന്നില്ല. വല്ലപ്പോഴും ഓരോ കുറിപ്പുകൾ. അത്രയേ ഉണ്ടായിരുന്നുള്ളൂ. 2012 മുതലാണ് ബ്ലോഗെഴുത്തിൽ കുറച്ചെങ്കിലും സജീവമായത്. ഒന്നര വർഷം മുൻപ് എന്റെ ബ്ലോഗ് വായനയിലൂടെ എന്നോട് ചങ്ങാത്തം കൂടിയ ചില സുഹൃത്തുക്കൾ എനിയ്ക്കുണ്ടായി. മാളവികയും ആൻഡ്രൂസും അങ്ങിനെ രണ്ട് പേരായിരുന്നു. അവരും ബ്ലോഗെഴുത്തുകാർ തന്നെ. രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന് എനിയ്ക്ക് തോന്നി. എന്റെ ബ്ലോഗുകളിലെ മാളവികയുടെ സജീവസാന്നിധ്യം കണ്ടിട്ടാണെന്ന് തോന്നുന്നു, ഒരിക്കൽ ആൻഡ്രൂസ് എന്നോട് ചോദിച്ചു, “മാളവികയേ അറിയുമോ?” എന്ന്. “ഉവ്വ്. എന്റെ നല്ലൊരു സുഹൃത്താണവൾ” എന്ന് ഞാൻ മറുപടി പറയുകയും ചെയ്തു

      മാളവികയുമായി ഇക്കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ എനിയ്ക്ക് മാസത്തിൽ രണ്ടോ മൂന്നോ ചാറ്റ്, ഇതുവരെയുള്ള കണക്കിൽ ഏറിക്കൂടിയാൽ അഞ്ച് തവണത്തെ ഫോൺ വിളി, രണ്ടോ മൂന്നോ കൂടിക്കാഴ്ച ഇത്രയൊക്കെയേ ഉണ്ടായിട്ടുള്ളൂ... ആൻഡ്രൂസുമായി ഒരുപാട് ചാറ്റുകളും ഫോൺ വിളികളും എനിയ്ക്കുണ്ടായിരുന്നു. പക്ഷേ ആൻഡ്രൂസ് എന്നോട് അങ്ങിനെ ഒരു ചോദ്യം ചോദിച്ചതിനു ശേഷം, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ മാളവികയെ അറിയുന്നത് ആൻഡ്രൂസിന്റെ വാക്കുകളിലൂടെ ആയിരുന്നു. അത് ഒന്നും തന്നെ മാളവികയെ കുറിച്ചുള്ള നന്മകളായിരുന്നില്ല. എല്ലാം മാളവികയെ കുറിച്ചുള്ള അപവാദ കഥകൾ. പക്ഷേ എന്തുകൊണ്ടെന്നറിയില്ല, മാളവികയെ കുറിച്ച് ഓരോ കഥകൾ കേൾക്കുമ്പോഴും എനിയ്ക്ക് മാളവികയോടുള്ള ഇഷ്ടത്തിന്റെ ത്രാസിൽ ഘനം കൂടിക്കൂടി വന്നുകൊണ്ടേയിരുന്നു

   ഒരിയ്ക്കൽ മാളവികയോട്ആൻഡ്രൂസിനെ അറിയുമോ” എന്ന് ചോദിച്ചപ്പോൾഅറിയും, എന്റെ നല്ലൊരു സുഹൃത്താണ്” എന്ന് മറുപടി എനിയ്ക്ക് അവളിൽ നിന്നും ലഭിച്ചു. അവളുടെ നല്ല സുഹൃത്ത് അവളെ കുറിച്ച് മറ്റുള്ളവരോട് എന്താണ് പറയുന്നത് എന്ന് അവൾ അറിയുന്നില്ലല്ലോ എന്ന് എനിയ്ക്ക് വേദന തോന്നി. അവളെ അതറിയിക്കുന്നത് മറ്റൊരാളോട്(ആൻഡ്രൂസിനോട്) ചെയ്യുന്ന അനൗചിത്യമല്ലേ എന്ന ചിന്തയിൽ ഞാൻ അതൊന്നും അവളെ അറിയിച്ചതുമില്ല

   പക്ഷേ പിന്നീടുള്ള ഒരു സംഭാഷണങ്ങളിൽ പോലും അവൾ ആൻഡ്രൂസിനെക്കുറിച്ച് ഒരിക്കൽ പോലും ചീത്തയായി ഒരു കാര്യവും പറഞ്ഞിരുന്നില്ല. മാത്രമല്ല ഞങ്ങൾ ആൻഡ്രൂസിനെ കുറിച്ച് സംസാരിക്കുവാൻ പോലും മെനക്കെടാറില്ലായിരുന്നു. ഇതൊക്കെയായിരിക്കാം എനിയ്ക്ക് മാളവികയോട് ബഹുമാനത്തോടൊപ്പം സ്നേഹവും അധികരിപ്പിച്ചത്.

     മാളവികയെ കുറിച്ചുള്ള അപവാദങ്ങൾ ഏറിയപ്പോൾനമുക്കിടയിൽ മാളവിക ഒരു വിഷയമാകണ്ടഎന്ന് നിവൃത്തികെട്ട് ഒടുവിൽ എനിയ്ക്ക് ആൻഡ്രൂസിനോട് പറയേണ്ടി വന്നു. പിന്നീട് അറിവിലുള്ള മറ്റേതൊക്കെയോ സ്ത്രീകളെ കുറിച്ച് അയാൾ അപവാദം പറയാൻ തുടങ്ങി. അതിൽ എനിയ്ക്ക് നേരിട്ടറിവില്ലാത്ത, ബ്ലോഗെഴുതുന്ന സ്ത്രീകളും സിനിമാനടികളും വരെ ഉണ്ടായിരുന്നു. വിവാഹിതരായ സ്ത്രീകളുടെ അപഥസഞ്ചാരം ആയിരുന്നു അപവാദപ്രചരണത്തിലെ തന്തു. അവയുടെ തുടക്കത്തിൽ തന്നെ, “ആൻഡ്രൂസ്, മറ്റാരോ പറഞ്ഞു കേട്ടതിന്റെ ബലത്തിൽ ഇയാൾ ഏതൊക്കെയോ സ്ത്രീകളെ കുറിച്ച് അപവാദം പറയുന്നത് കേൾക്കുവാൻ എനിയ്ക്ക് താല്പര്യമില്ലഎന്ന് പറഞ്ഞതിൽ പിന്നെ അയാൾ അതും നിർത്തി

    ആരെയൊക്കെയോ കുറിച്ച് എന്നോട് അപവാദം പറയുവാൻ തുനിയുന്ന വ്യക്തി നാളെ എന്നെക്കുറിച്ചും അപവാദപ്രചരണം നടത്തുവാൻ മടിയ്ക്കില്ല എന്ന ചിന്തയായിരുന്നു എനിയ്ക്ക്. ചെറുപ്പം മുതലേ അമ്മ പറഞ്ഞു തന്നിരുന്ന ഒരു വസ്തുതയായിരുന്നു അത്. “നമ്മളോട് മറ്റുള്ളവരെ കുറിച്ച് അപവാദം പറയുവാൻ മടിയ്ക്കാത്തവർ നമ്മളെ കുറിച്ച് മറ്റുള്ളവരോടും അപവാദം പറയുന്നുണ്ടാകും എന്ന് നീ ഓർക്കുകഎന്ന് അമ്മ പറയുമായിരുന്നു. മാത്രമല്ല ആരെക്കുറിച്ചും, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ച് ആര് അമ്മയോട് അപവാദം പറഞ്ഞാലും അമ്മ അവരെ അതിൽ നിരുൽസാഹപ്പെടുത്തുമായിരുന്നു

  മാളവികയെ കൂടുതൽ കൂടുതൽ അറിയുവാൻ തുടങ്ങിയപ്പോൾ അവളെക്കുറിച്ച് കേട്ട കഥകളിലെ പോലെയൊന്നും അല്ലല്ലോ  ഇവൾ എന്ന് മനസ് പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ അവളോടുള്ള സ്നേഹവും ബഹുമാനവും കൂടുകയും ചെയ്തു

  മാളവികയെ കുറിച്ച് എന്തെങ്കിലും പറയുവാൻ ആൻഡ്രൂസ് തുനിയുമ്പോഴൊക്കെ എന്റെ മനസിൽ എന്തുകൊണ്ടോ ചലച്ചിത്ര താരങ്ങളായ മനോജ് കെ.ജയനും ഉർവശിയും കടന്നു വന്നു. അവരുടെ വിവാഹമോചന വിവാദ സമയത്ത്, മനോജ് കെ. ജയൻ പല ഇന്റർവ്യൂകളിലും ഉർവശിയെ കുറിച്ച് മദ്യപാനി, അത്, ഇത് എന്നൊക്കെ കുറ്റപ്പെടുത്തുമ്പോഴും ഒറ്റ അഭിമുഖത്തിലും ഉർവശി മനോജ് കെ. ജയനെ കുറിച്ച് ഒരു വാക്കും പറഞ്ഞതായി കേട്ടിട്ടില്ല. പക്ഷേ മനോജ് പറഞ്ഞ വാക്കുകളെ ചേർത്ത് വെച്ച് പലരും പല കഥകളും മെനഞ്ഞു, ഉർവശിയെ കുറ്റപ്പെടുത്തി. അതുപോലെയാണ് എനിയ്ക്കിതും തോന്നിയത്.

  ഒരുപക്ഷേ ആൻഡ്രൂസ് മാളവികയെ കുറിച്ച് ഇതുപോലെ ആരോടൊക്കെയോ അപവാദകഥകൾ പറഞ്ഞിട്ടുണ്ടാകാം. അവരിൽ കുറേ ആളുകളെങ്കിലും മാളവികയെ അറിയാൻ ശ്രമിയ്ക്കാതെ, അതൊക്കെ വിശ്വസിച്ച് മാളവികയെ കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ ചെയ്തിരിക്കാം. മറ്റുള്ളവരിൽ പയറ്റിത്തെളിഞ്ഞ അതേ നയം തന്നെയായിരിക്കാം ആൻഡ്രൂസ് എന്നോടും പ്രയോഗിച്ചത്. പക്ഷേ ആൻഡ്രൂസ് മറ്റുള്ളവരിൽ കണ്ടറിഞ്ഞ പരിണിതഫലമല്ലായിരുന്നു എന്റെ ഉള്ളിൽ സംഭവിച്ചത് എന്ന് അയാൾ അറിഞ്ഞതേയില്ല. അയാൾ പറയുന്ന ഓരോ അപവാദകഥകളും എന്നെ മാളവികയുമായി കൂടുതൽ കൂടുതൽ മനസുകൊണ്ട് അടുപ്പിക്കുകയായിരുന്നു. ദിനം പ്രതി മാളവികയോടുള്ള എന്റെ ഇഷ്ടം കൂടി കൂടി വരുകയായിരുന്നു.

     ഇന്ന് നിമിഷം വരെ എനിയ്ക്ക് മാളവിക എന്ന വ്യക്തിത്വത്തോട് വളരെയധികം ബഹുമാനവും അതിലധികം സ്നേഹവുമാണ്. നാളെ അതെങ്ങിനെ ആയിരിക്കും എന്നെനിയ്ക്കറിയില്ല. ഇന്നത്തെ, ഇപ്പോൾ നിമിഷത്തെ കാര്യമേ എനിയ്ക്കറിയൂ. നാളെ ഞാൻ തന്നെ ഉണ്ടാകുമോ എന്ന് ആർക്കറിയാം. അതുകൊണ്ടു തന്നെ മാളവികയോടുള്ള ഇഷ്ടം കുറയാതിരിക്കാൻ മനസ് വെച്ച്, ഇന്നിൽ ജീവിച്ചുകൊണ്ട്, നാളെയ്ക്കായി ഞാൻ കാത്തിരിക്കുന്നു; സ്നേഹം നാളെയും നിലനിൽക്കണേ.., അതിൽ കുറവുണ്ടാകരുതേ… എന്ന പ്രാർത്ഥനയോടെ...

കുറിപ്പ്: എന്റെ സുഹൃത്തുക്കളുടെ സ്വകാര്യതയെ മാനിച്ച് യഥാർത്ഥ നാമമല്ല ഞാൻ ഉപയോഗിച്ചിരിക്കുന്നത്.

ശത്രുത - ഓർമ്മകൾ ഉണ്ടായിരിക്കണം

ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഏഴ് വയസ് വരെ അവൾക്ക് ചിറകുകൾ ഉണ്ടായിരുന്നു. ഏഴ് വയസ്സിൽ അവൾക്കുണ്ടായ ചില അനുഭവങ്ങൾ അവൾ അമ്മയോട് പറഞ്ഞതിനു ശേഷം, അവളെ അമ്മ അവളുടെ സഹോദരന്മാരിൽ നിന്നും കുടുംബത്തിലെ പൊതുമാന്യനായ ഒരു വ്യക്തിയിൽ നിന്നും പിന്നെ പുരുഷന്മാരിൽ നിന്നാകമാനം അവളെ അകറ്റി നിർത്തി എപ്പോഴും സ്വന്തം ചിറകിനടിയിൽ, തള്ളക്കോഴി കുഞ്ഞുങ്ങളെ കൊണ്ടു നടക്കുന്നത് പോലെ കൊണ്ടു നടന്നു. 

അമ്മയുടെ സാരിത്തുമ്പിൽ എപ്പോഴും തൂങ്ങി നടന്നിരുന്ന അവളെ എല്ലാവരും കളിയാക്കുമായിരുന്നു. “നീയെന്താ എപ്പോഴും അമ്മയുടെ പിറകിൽ?” എന്ന് ചോദിച്ച്. “ഞാൻ നോക്കുന്നിടത്ത് നീയുണ്ടായിരിക്കണം” എന്നാണ്‌ അമ്മ അവളോട് പറഞ്ഞിട്ടുള്ളത് എന്നത് അവൾക്ക് മാത്രമാണല്ലോ അറിയുക. കുടുംബത്തിൽ ആഘോഷങ്ങൾ വരുമ്പോഴും മറ്റെന്ത് കൂട്ടം കൂടലുകൾ ഉണ്ടാകുമ്പോഴും അവൾ സമപ്രായക്കാരുടെ കൂടെ കളിക്കുവാൻ പോകാറില്ലായിരുന്നു. അഥവാ പോയാലും ഒന്നോ രണ്ടോ മിനുട്ടുകൾക്കുള്ളിൽ അവൾ അമ്മയുടെ പുറകിൽ വന്ന് ചേരുമായിരുന്നു. കാരണം, അമ്മ നോക്കുന്നിടത്ത് അവളെ കാണണമല്ലോ... കളിക്കാൻ പോയാൽ അമ്മ നോക്കുമ്പോൾ തന്നെ കാണാനൊത്തില്ലെങ്കിലോ എന്നവൾ ഭയന്നു. അമ്മയുടെ വാക്കുകൾ അവൾ വേദവാക്യമായെടുത്തിരുന്നിരുന്നു. അല്ലെങ്കിൽ തനിയ്ക്ക് ആപത്തുണ്ടാകും എന്നൊരു ബോധം അവളെ സദാ നയിച്ചു. അവളുടെ ബാല്യത്തിലെ വർണ്ണങ്ങൾ അങ്ങനെ ഒന്നൊന്നായി കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. അവൾ തന്നിലേയ്ക്ക് തന്നെ ചുരുങ്ങുകയായിരുന്നു. എന്നിരുന്നാലും അവൾ വളരുന്നതിനനുസരിച്ച് അവളുടെ മനസിൽ താൻ ചെയ്യാത്ത തെറ്റിന്റെ കുറ്റബോധവും അതിനോടനുബന്ധിച്ച മാനസികാഘാതങ്ങളും വളരുകയായിരുന്നു. 

അച്ഛന്റെ സ്നേഹസ്പർശത്തെ പോലും അവൾ ഭയന്നു. സകല പുരുഷന്മാരെയും അവൾ സംശയക്കണ്ണുകളോടെ വീക്ഷിച്ചു. എല്ലാവരിൽ നിന്നും അകന്ന് നടക്കുവാൻ അവൾ പഠിച്ചു. അവളുടെ ലോകം അമ്മയും അടുത്ത കൂട്ടുകാരിയും പിന്നെ വിശാലമായ പറമ്പും മാത്രമായി ചുരുങ്ങി. കൂട്ടായ്മകളേക്കാൾ അവളുടെ ജീവിതത്തിൽ ഏറെയുണ്ടായിരുന്നത് ഏകാന്തതയായിരുന്നു. 

അച്ഛനമ്മമാരുടെ കട്ടിലിൽ നിന്നും മാറി തനിയെ കിടക്കേണ്ട പ്രായമായപ്പോൾ കതകില്ലാത്ത വാതിലിൽ അവൾ കർട്ടനിട്ടു. ചിലങ്കമണി തുന്നിപ്പിടിപ്പിച്ച കർട്ടനായിരുന്നു രാത്രി ഉറങ്ങുമ്പോൾ അവളുടെ ബലം. ചിലങ്കമണികളുടെ കിലുക്കത്തിൽ എന്തെങ്കിലും മാറ്റം വന്നാൽ അവളുണരും. ഗാഢമായ ഉറക്കം അവൾക്കെന്നും അന്യമായിരുന്നു. മകൾക്ക് കൂട്ടായി, മകളുടെ മുറിയിൽ അമ്മ കാവൽ കിടന്നു. 

ഒരിക്കലും ആരും അവളെ സഹോദരന്മാർക്കൊപ്പം കണ്ടതേയില്ല. അമ്മ അവൾക്ക് കൊടുക്കുന്ന അമിതശ്രദ്ധയിലും പരിഗണനയിലും സഹോദരന്മാർ അസ്വസ്ഥരായി. അവൾക്കിട്ട് എങ്ങനെ പാര പണിയാം എന്ന് അവരും ചിന്തിച്ചു. അവൾക്ക് സഹായമാവശ്യമായ ഒരു സന്ദർഭങ്ങളിലും അവരുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അവർക്കാവുന്ന വിധത്തിലൊക്കെ അവർ അമ്മയേയും സഹോദരിയേയും മാനസികമായി തളർത്തുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നിരുന്നാലും അവളെ തളരാതെ നിലനിർത്താൻ എന്നും അമ്മ കൂടെ നിന്നിരുന്നു. ഓരോ അതിജീവനവും അവൾക്ക് ശക്തിയേകുകയായിരുന്നു. രണ്ട് ആൺതരികളും ആകെയുള്ള പെൺതരിയോട് ചെറുപ്പം മുതലേ ഒരുപോലെ ആയിരുന്നല്ലോ എന്ന നെടുവീർപ്പ് മാത്രമായിരുന്നു ആ അമ്മയ്ക്കുണ്ടായിരുന്നത്.


അവൾക്ക് അമ്മ തന്നെയായിരുന്നു എന്നും ബലവും ബലഹീനതയും. അണിയറക്കഥകൾ ഒന്നുമേ പോലും അറിഞ്ഞിരുന്നില്ലെങ്കിലും അച്ഛനവൾക്ക് പെൺകുട്ടിയെന്ന അതിർ വരമ്പുകൾ പണിതില്ലായിരുന്നു എന്നത് അവളിലെ സ്വത്വം ഉരുത്തിരിയുവാൻ അവളെ സഹായിച്ചു. സ്വന്തമായ നിലപാടുകളും സ്വന്തമായ അഭിപ്രായങ്ങളും സ്വന്തമായ തീരുമാനങ്ങളും എടുക്കുവാൻ അത് അവളെ പ്രാപ്തയാക്കി. അവളെ കെട്ടിച്ചു വിടണമെന്ന് അച്ഛനാഗ്രഹിച്ചപ്പോൾ തനിയ്ക്ക് പഠിയ്ക്കണമെന്ന് അവളും ആഗ്രഹിച്ചു. ആഗ്രഹങ്ങളുടെ മത്സരങ്ങൾക്കൊടുവിൽ അവൾ പൊരുതി തന്റെ പഠനമെന്ന ആഗ്രഹം നേടിയെടുത്തു, ഒന്നിനുപുറകെ ഒന്നായി...

കാലങ്ങൾ പോകെ പോകെ അവളും സഹോദരങ്ങളും തമ്മിലുള്ള ദൂരം കൂടിക്കൂടി വന്നതേയുള്ളു. അവരുടെ മനോഭാവത്തിലും ശത്രു അവളായിരുന്നു. അവരുടെ വാക്കുകൾ ഗൗനിക്കാത്ത അവൾ... അവരുടെ വാക്കുകൾ ഗൗനിക്കപ്പെടാനുള്ള അവകാശം അവരെന്നേ കളഞ്ഞുകുളിച്ചു എന്നത് അവർ മറന്നു കളഞ്ഞു.

വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞപ്പോൾ, കഞ്ചാവിന്റെ ലഹരിയിൽ അവൾക്ക് നേരെ ‘സുഖത്തിന്റെ’ വാഗ്ദാനമുണ്ടായത് അവളുടെ ഇരുപത്തിയഞ്ചാമത്തെ വയസിലായിരുന്നു. ആദ്യത്തെ ആവശ്യം 'അവളുടെ സ്വകാര്യഭാഗം കാണിച്ചുകൊടുക്കണം അല്ലെങ്കിൽ നശിച്ചു ജീവിക്കും' എന്നതായിരുന്നു! "അങ്ങനെയെങ്കിൽ പോയി നശിയ്ക്ക്" എന്നവൾ മറുപടി പറഞ്ഞ് ഒഴിഞ്ഞു. പിന്നീടായിരുന്നു സുഖത്തിന്റെ വാഗ്ദാനം!! എങ്ങിനെയോ അവൾ അവിടെ നിന്നും ഒഴിഞ്ഞു മാറി. പകപ്പും ഭയവുമാണ്‌ ആ നിമിഷവും പിന്നീടും അവളെ ഗ്രസിച്ചത്. അതോടെ അവളുടെ മുന്നിൽ തെളിഞ്ഞു വന്ന വഴികൾ രണ്ടായിരുന്നു. ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ ഒളിച്ചോട്ടം. 

“എനിയ്ക്ക് പേടിയാകുന്നു അമ്മേ.. ഞാനിനി ഇവിടെ നില്ക്കില്ല. ഞാൻ നശിച്ച് പോകും..“ എന്നവൾ അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ് വാഗ്ദാനം അമ്മയെ അറിയിച്ചപ്പോൾ അമ്മയുടെ മുഖം ഭീതികൊണ്ട് കടലാസ് പോലെ വിളർക്കുന്നത് അവൾ കണ്ടു. കുഞ്ഞുപ്രായത്തിന്റെ അറിവില്ലായ്മ എന്ന് കരുതി മനസിലടക്കി വെച്ചത് അങ്ങനെയല്ലായിരുന്നു എന്നത് അവളുടെ അമ്മയ്ക്കൊരു ആഘാതമായിരുന്നു. മകൾക്ക് സുരക്ഷ കൊടുക്കാൻ എങ്ങോട്ടിനി പോകേണ്ടൂ  എന്ന് ചിന്തിക്കേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ...  അതിനു പിന്നാലെയായിരുന്നു അവൾ തന്റെ തീരുമാനത്തിന്റെ കെട്ട് പൊട്ടിക്കുന്നത്. “നിന്നെ ഞങ്ങൾ പറഞ്ഞയച്ചേക്കാം. നീ ഒളിച്ചോടുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ട” എന്ന് ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ  അമ്മ അവൾക്ക് ഉറപ്പ് കൊടുത്തു. 

അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സിൽ അവൾ നാട് വിട്ടു. “എന്നെക്കൊണ്ടാവുന്ന വിധം ഞാൻ നിന്നെ ഇതുവരെ കൊണ്ടു നടന്നു. നിനക്കിപ്പോൾ തെറ്റും ശരിയും എന്തെന്ന് മനസിലാക്കാനുള്ള പ്രായമായി. ഇനി നീ ചെയ്യുന്ന എന്തിനും, അത് നല്ലതാവട്ടെ ചീത്തയാവട്ടെ, അതിനുള്ള ഉത്തരവാദിത്തം നിന്നിൽ മാത്രമാണ്‌. അത് നീ എപ്പോഴും ഓർക്കണം. എന്ത് ചെയ്യുമ്പോഴും” എന്ന് മാത്രമായിരുന്നു അവൾക്ക് അമ്മ നല്കിയ ഉപദേശം.  മനസ് വിട്ടുറങ്ങാൻ അവൾക്ക് സാധിച്ച ദിനങ്ങളായിട്ടും അവളുടെ അതുവരെയുണ്ടായിരുന്ന ശീലങ്ങൾ അവൾക്കൊരിക്കലും അങ്ങനെയൊരു ഭാഗ്യം കൊടുത്തില്ല എന്നത് അവസ്ഥ! 

അന്യനാട്ടിലെ കഷ്ടപ്പാടുകളിൽ അവൾ വെന്തുരുകിയെങ്കിലും ഒരിക്കലും ഒരു തിരിച്ചു പോക്ക് അവൾ തിരഞ്ഞെടുത്തില്ല. അവളുടെ ബാല്യത്തിന്റെ നിറം കെടുത്തിയ, അവളുടെ മനസിൽ കുറ്റബോധം നിറച്ച് അർമ്മാദിച്ചു നടന്ന അവർ വിവാഹിതരായി, കൂടായി, കുടുംബമായി... അപ്പോഴും അവൾ എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകിത്തീർന്നു. 

എന്നിട്ടും അവളുടെ അമ്മയ്ക്ക് വേണ്ടി, അമ്മയുടെ സമാധാനം പോകാതിരിക്കാൻ വേണ്ടി, സഹോദരങ്ങൾക്ക് ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അവൾ അവരുടെ കൈ പിടിച്ചു കൂടെ നിന്നു. അവളുള്ളിടത്തേയ്ക്ക് അവൾ അവരെയും കൂടെക്കൂട്ടി. അവളുടെ വാടക വീട്ടിൽ താമസിപ്പിച്ച് അവർക്ക് കാലുകുത്താനുള്ള ഇടം കണ്ടെത്തുവാൻ സഹായിച്ചു. അവൾക്ക് ദാരിദ്ര്യവും പട്ടിണിയുമൊക്കെ ആയിരുന്നെങ്കിലും, അതൊന്നും ആരെയും അറിയിക്കാതെ അവളാലാകുന്ന വിധമെല്ലാം അവൾ അവരുടെ ഉന്നമനത്തിനായി ചെയ്തു. അവർ ഉത്തരവാദിത്തങ്ങളിൽ നിന്നും മുഖം തിരിച്ച് തൻകാര്യം നോക്കി നടന്നപ്പോഴും അവളൊന്ന് കരപറ്റിയ സമയം, മരിക്കുന്നതിനു മുൻപ് അച്ഛനുണ്ടാക്കിയ ബാധ്യതകളും അവളേറ്റെടുത്തു. പറ്റാവുന്ന വിധത്തിലെല്ലാം അവൾ അവരെ സഹായിച്ചു, അമ്മയെന്ന ഒരേയൊരാളെ പ്രതി. അമ്മ സങ്കടപ്പെടുന്നത് മാത്രം അവൾക്ക് അസഹനീയമായിരുന്നു എന്നതുകൊണ്ട്.

 അച്ഛ മരിച്ച സമയം അവിവാഹിതയായ മകളെയോർത്ത് രണ്ടാമത്തെ മകനോട് അമ്മ പരിതപിച്ചപ്പോൾ “അച്ഛനില്ലാത്ത ഉത്തരവാദിത്വമൊന്നും ആങ്ങളമാർക്കില്ല” എന്ന് പറഞ്ഞ് രണ്ടാമത്തവൻ പെട്ടന്ന് തന്നെ ബാധ്യതയിൽ നിന്നും തലയൂരി. പക്ഷേ, ഒരിക്കലും ‘ആർക്കെങ്കിലുമൊക്കെ, പ്രത്യേകിച്ചും ആങ്ങളമാർക്ക്, ബാധ്യതയായി ജീവിക്കണം’ എന്ന് അവളുടെ ദുസ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു എന്നതായിരുന്നു സത്യം. എന്നും അവർ അവൾക്കായിരുന്നു ബാധ്യത എന്നതും അവർ മനസിലാക്കിയില്ല!

അവളുണ്ടാക്കിയ അടിത്തറയിൽ ചവിട്ടി നിന്ന് പടർന്ന് പന്തലിച്ചിട്ടും അവർക്ക് അവളോടുള്ള ശത്രുതയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല.  അവളുടെ ബാല്യവും കൗമാരവും യൗവനവുമെല്ലാം ഇല്ലാതാക്കിയ അവർക്ക് ഇന്നും അവളോടുള്ള ശത്രുതയ്ക്ക് മാത്രം കുറവില്ല എന്നത് മാത്രം അവൾ തിരിച്ചറിഞ്ഞു!!! അവൾക്കെതിരെ നുണക്കഥകളാൽ കൊട്ടാരം തീർക്കുന്നതും ആയുധം മൂർച്ച കൂട്ടുന്നതും അവൾ അറിയുന്നു.
തൊടുക്കുന്ന ഓരോ അമ്പും അവളിൽ ആയിരങ്ങളും പതിനായിരങ്ങളുമായി തുളച്ചുകയറണമെന്ന് അവർ ആഗ്രഹിക്കുന്നു എന്നത് കാലം തെളിയിക്കുന്നു! പക്ഷേ അവളുടെ കൂട്ടുകാർ അവൾക്ക് കവചമായി നിന്ന് ഒരു അമ്പ് പോലും ഏറ്റ് അവൾക്ക് മുറിവേൽക്കാതെ അവളെ കാക്കുന്നു!  

രണ്ട് സഹോദരന്മാരും ഒരുപോലെ നൽകിയ മാനസികാഘാതങ്ങളിൽ നിന്നും, ചെയ്യാത്ത തെറ്റിലെ കുറ്റബോധത്തിൽ നിന്നും എല്ലാം കരകയറുവാൻ അവൾക്ക് അവളുടെ മുപ്പത്തിരണ്ട് വയസ് വരെ കാത്തിരിക്കേണ്ടി വന്നിരുന്നു... 

അതിനവൾക്ക് കൂട്ടായത്, എല്ലാ പുരുഷന്മാരും ചീത്തയല്ല എന്നവൾക്ക് മനസിലാക്കി കൊടുത്ത അവളുടെ ആൺസുഹൃത്തുക്കൾ തന്നെയായിരുന്നു. പുതിയ ഇടത്തിൽ അവൾ കണ്ടെത്തിയ അവളുടെ സുഹൃത്തുക്കൾ പതിയെ പതിയെ അവളിൽ മറ്റുള്ളവരെ വിശ്വസിക്കാം എന്നതിന്റെ വിത്തുകൾ പാകി മുളപ്പിച്ചു. അവളുടെ മനസിലെ കുറ്റബോധത്തിന്റെയും മാനസികാഘാതത്തിന്റെയും വിഷവിത്തുകൾ അവർ വേരോടെ പിഴുതെറിഞ്ഞു. ഇന്നവൾക്ക്, വിശ്വസിക്കാൻ കൊള്ളാവുന്ന, എന്തിനും ഏതിനും കട്ടയ്ക്ക് കൂടെ നില്ക്കുന്ന ആൺസുഹൃത്തുക്കളും പെൺസുഹൃത്തുക്കളും ഉണ്ട്.

അവളാർക്കാണ്‌ നന്ദി പറയേണ്ടത്... അവളെ ചിറക് മുളപ്പിച്ച് പറത്തിവിട്ട അവളുടെ അമ്മയോടൊ..? അതോ രക്തബന്ധത്തേക്കാൾ..., രക്തത്തേക്കാൾ കട്ടി സൗഹൃദത്തിനാണെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുന്ന സുഹൃത്തുക്കളോടോ...


ഇപ്പോഴും അവളോട് അവളുടെ അമ്മ പറയുന്നു “എനിയ്ക്ക് ശേഷം.. നീ തളരരുത്...”

“ഇല്ല, തളരില്ല” എന്നവൾ ഉറപ്പിച്ചുകൊണ്ടേയിരിക്കുന്നു







2019 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

തമാശ

1.

എന്റെ ടീനേജുകളിൽ ഞാൻ അപകർഷതയുടെ പടുകുഴിയിൽ വീണു കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വരിതെറ്റിയ, വാ നിറയെ ഉണ്ടെന്ന് തോന്നിക്കുന്ന പല്ലുകൾ എന്നെ വാ തുറന്ന് ചിരിക്കുന്നതിൽ നിന്ന് എന്നും വിലക്കുമായിരുന്നു. ചിരിക്കുമ്പോൾ അറിയാതെ വാ മൂടുക എന്നത് ഒരു യാന്ത്രിക രീതിയായി മാറി.
പത്താം ക്ലാസ്സിലെ ഓട്ടോഗ്രാഫിൽ, എന്റെ പല്ലുകളെ സൂചിപ്പിച്ചുകൊണ്ടെഴുതിയ രണ്ട് താളുകൾ ഞാൻ കീറിക്കളഞ്ഞിട്ടുണ്ട്.
പല്ല് നിരപ്പാക്കുവാൻ കമ്പി കെട്ടിയായിരുന്നു പ്രീ ഡിഗ്രിയ്ക്ക് പോയത്. അപ്പോഴും വാ മൂടിയുള്ള ചിരിയ്ക്ക് മാറ്റമില്ലായിരുന്നു.
ആദ്യകാമുകനാണ്‌ "നിന്റെ പല്ലുകൾ വ്യത്യസ്തമാണ്‌, അഴകുള്ളതാണ്‌, എന്തിനാണ്‌ അതൊക്കെ നിരപ്പാക്കിയെടുക്കുന്നത്. അതാണ്‌ നിന്നെ വ്യത്യസ്തയാക്കുന്നത്" എന്ന് പറഞ്ഞത്. ആ വാക്കുകൾ തന്ന ആത്മവിശ്വാസം ചെറുതല്ലായിരുന്നു. പിന്നെ, പല്ല് നിരപ്പാക്കണം എന്ന ചിന്ത ഉപേക്ഷിച്ചു, ഒപ്പം പല്ലിന്മേലുണ്ടായിരുന്ന വേലിക്കെട്ടും എടുത്ത് ദൂരെ കളഞ്ഞു.
എന്റെ പല്ലുകൾ അതിന്റേതായ ഒരു ഭംഗി നല്കുന്നുണ്ട് എന്ന് ഞാൻ തന്നെ എന്നെ വിശ്വസിപ്പിച്ചു. പതിയെ പതിയെ അപകർഷതയുടെ മൂടുപടം ഞാനങ്ങ് വലിച്ചു കീറിക്കളഞ്ഞു. ചിരിക്കുമ്പോൾ വാ പൊത്താനായുന്ന കൈയ്യിനെ ഞാൻ മനഃപ്പൂർവ്വം വിലക്കി.
ഇന്നും മൊത്തം 28 പല്ലേയുള്ളു എങ്കിലും (രണ്ടെണ്ണം പല്ലിന്‌ വേലികെട്ടി നിരപ്പാക്കാനായി പണ്ടേ പറിച്ചു കളഞ്ഞു. രണ്ടെണ്ണം ഇനിയും വരാനുണ്ട്) കണ്ടാൽ വാ മൊത്തം പല്ലുകളാണ്‌! പക്ഷേ ഇപ്പോൾ അതിൽ അപകർഷതയില്ല. തുറന്ന് ചിരിക്കാൻ വിമുഖതയുമില്ല.
പിന്നീട്, ഞാൻ അപകർഷതയോടെ കണ്ടിരുന്ന എന്റെ അതേ പല്ലുകൾ എന്റെ ഐഡന്റിറ്റി ആയി മാറുകയും ചെയ്തിട്ടുണ്ട്. “പല്ലിന്‌ പ്രത്യേകതയുള്ള കുട്ടി” എന്ന്

2.

ബംഗളൂരു വന്ന കാലത്ത് എനിയ്ക്ക് വല്യ ബോധവും പൊക്കണവുമൊന്നും ഇല്ലായിരുന്നു. “ഓ.. ഇപ്പോ കുറേയുണ്ട്!” എന്ന് ചിന്തിക്കാനില്ല. പണ്ടത്തേതിനേക്കാൾ മാറ്റമുണ്ട്. അതിന്‌ ശരിക്കും പറഞ്ഞാൽ ഗൂഗിൾ പ്ലസ്സിനോടാണ്‌ നന്ദി പറയാനുള്ളത്. അവിടത്തെ ഇടപെടലുകൾ, പല കാര്യങ്ങളും ചിന്തിക്കാനും മാറ്റി ചിന്തിക്കാനും സഹായിച്ചിട്ടുണ്ട്.
വിഷയം അതല്ല, പണ്ടത്തെ ബോധക്കുറവാണ്‌. അന്ന് ഒരു തെലുങ്ക് സുഹൃത്തുണ്ടായിരുന്നു. ഒരു ആൺ സുഹൃത്ത്. (പേരൊക്കെ മറന്നു പോയി. അവനിപ്പം എവിടാണോ ന്തൊ!) അല്പം തടി കൂടുതലായിരുന്നു അവന്‌. ഒരിക്കൽ ഞാനും അവനും മാത്രമുള്ള സംഭാഷണ വേളയിൽ, അവന്റെ തടിയെ കുറിച്ച് ഞാനെന്തോ പറഞ്ഞു. “ചുമ്മാതല്ല നീയിങ്ങനെ തടി വെയ്ക്കുന്നത്” എന്നോ മറ്റോ ആരുന്നു. അതവന്‌ കളിയാക്കലായി തോന്നിക്കാണണം. “യു ക്യാൻ ടീസ് മി പേഴ്സണലി, നോട്ട് മൈ പേഴ്സണാലിറ്റി” എന്നവൻ പറഞ്ഞു.
നിന്നെ കളിയാക്കിയതല്ല, പെട്ടന്നങ്ങ് പറഞ്ഞു പോയതാ എന്ന് ഞാൻ പറഞ്ഞെങ്കിലും, അന്നാണ്‌ ഞാൻ പേഴ്സണലും പേഴ്സണാലിറ്റിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. അതിനു ശേഷം വ്യക്തിപരമായി കൂട്ടുകാർക്കിടയിൽ കളിയാക്കൽ നടത്തുമെങ്കിലും (അവർ എന്നെയും. പലപ്പോഴും ഞാൻ തന്നെ എന്നെ കളിയാക്കുന്നതിന്‌ തുടക്കമിട്ടു കൊടുക്കുമായിരുന്നു ) അവരുടെ പേഴ്സണാലിറ്റിയെ കളിയാക്കാൻ ഞാൻ ഒരിക്കലും മുതിർന്നിട്ടില്ല. അവന്റെ വാക്കുകൾ ഒരു പാഠമായിരുന്നു എനിയ്ക്ക്. പിന്നീട് പലർക്കും പറഞ്ഞു കൊടുക്കാൻ സാധിച്ച ഒരു പാഠം.

2019 ജൂലൈ 10, ബുധനാഴ്‌ച

രണ്ട് സൗഹൃദക്കൂടിക്കാഴ്ചകൾ



ഒരിക്കൽ, വർഷങ്ങൾക്ക് മുൻപ് എന്റെ ആദ്യപ്രണയത്തിന്റെയൊപ്പം അവന്റെ കൂട്ടുകാരനും കൂടി വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ കാണാൻ വീട്ടിൽ വന്നു. അമ്മയെ കാണാൻ അകത്തുകയറിവന്ന അവരെ “അമ്മേ.. ഇത് സഞ്ജു. ഇത് സുന്ദരൻ. എനിയ്ക്ക് ജീവിതം തരാമെന്ന് പറഞ്ഞ് പറ്റിച്ച കശ്മലൻ” എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സഞ്ജുവിന്‌ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലായിരുന്നു. ഞാൻ തന്നെ പറഞ്ഞ്, എന്റെ ആദ്യപ്രണയത്തെ കുറിച്ച് അമ്മയ്ക്ക് നല്ല അറിവാണ്‌!! ആദ്യപ്രണയത്തെ കുറിച്ച് അത്രമേൽ ലളിതമായി അമ്മയോട് പറയാനുള്ള ധൈര്യം കിട്ടാൻ വർഷങ്ങളൊരുപാട് വേണ്ടി വന്നു എന്നതാണ്‌ സത്യം. എന്നും പ്രണയിക്കുന്ന ആളെ കുറിച്ച് അമ്മയോട് അത്ര ലാഘവത്തോടെ പറയുവാൻ എനിയ്ക്കാവില്ലായിരുന്നു. പ്രണയിക്കുന്ന ആളുടെ പേര്‌ പോലും പറയാൻ ഇപ്പോഴും എന്തോ ഒരു വൈക്ലബ്യമാണ്‌. അതെന്താന്നറിയില്ല.

പറഞ്ഞ് വന്നത് അതല്ലല്ലോ.. വിഷയത്തിൽ നിന്നും അറിയാതെ വഴുതിപ്പോയി! സുന്ദരനെ അങ്ങനെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അമ്മ അന്തം വിട്ടു. കൂട്ടത്തിൽ സുന്ദരനും. അവൻ എന്റെ ഭാഗത്ത് നിന്നും അങ്ങനൊരു പ്രവൃത്തി പ്രതീക്ഷിച്ചതല്ലായിരുന്നു! എന്നോ ഒരു വാരാന്ത്യത്തിൽ, കുടിച്ച് ബോധം പോയപ്പോൾ, ഇഷ്ടകൂട്ടുകാരൻ പ്രണയിച്ച്, പിന്നീട് കാലത്തിന്റെ കളികളിൽ കൈവിട്ടു പോയ, ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്ന ആ സ്ത്രീയോടുള്ള സഹതാപം മനസിൽ വഴിഞ്ഞൊഴുകിയപ്പോൾ അവൻ അറിയാതെ ചോദിച്ചു പോയ ചോദ്യമായിരുന്നു “അനൂ.., നിനക്ക് ഞാനൊരു ജീവിതം തരട്ടെ?” എന്ന്! ഭാര്യയും കുഞ്ഞുങ്ങളുമുള്ള ആളാണെന്നതും അവനെനിയ്ക്ക് കൂട്ടുകാരൻ മാത്രമാണെന്നതുമൊക്കെ വെള്ളപ്പുറത്ത് അവൻ മറന്നു പോയിരുന്നു!

അമ്മയോട് ഞാനിക്കാര്യം പറഞ്ഞിരുന്നു. എങ്കിലും അവനെ ഇരുത്തിക്കൊണ്ട് ഒന്ന് ‘ആക്കാൻ’ ഒരു അവസരം കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. അവനങ്ങനെ അവിടെയിരുന്ന് വളയുന്നത് കണ്ടപ്പോൾ ഞങ്ങളെല്ലാം കൂട്ടത്തോടെ ചിരിച്ചു. ‘എന്നാലും, ഇമ്മാതിരിയൊരു ചെയ്ത്ത് എന്നോട് വേണ്ടായിരുന്നു അനൂ... വെള്ളപ്പുറത്ത് പറഞ്ഞ ഒരു അബദ്ധമല്ലായിരുന്നോ അത്?’ എന്നവൻ പിന്നീട് ഞങ്ങൾ മൂന്ന് പേർ മാത്രമായപ്പോൾ ചോദിച്ചു. ‘ഇനി നീ വെള്ളപ്പുറത്തങ്ങനെ പറയരുത്. അതിനിത് ഓർമ്മയുണ്ടായിരിക്കണം’ എന്ന് പറഞ്ഞ് ഞാനത് ലഘൂകരിച്ചു. അമ്മ് എന്ത് പറഞ്ഞു എന്ന് അവൻ അഭിപ്രായമൊന്നും ചോദിച്ചില്ല എങ്കിലും പിന്നീട് അവൻ വിളിച്ചപ്പോൾ അമ്മയുടെ അഭിപ്രായം അതേ പടി ഞാനവനോട് പറഞ്ഞു. ഒട്ടും വെള്ളം ചേർക്കാതെ.

പക്ഷേ വെള്ളം ചേർത്ത് ഒരാളോട് അമ്മയുടെ അഭിപ്രായത്തെ കുറിച്ച് പറയേണ്ടി വന്നു. പിന്നീടൊരു സുഹൃത്ത് അമ്മയെ കാണാൻ വീട്ടിൽ വന്ന സന്ദർഭത്തിൽ. അയാളും വന്നത് അസുഖമായി കിടക്കുന്ന അമ്മയെ കാണാനായിരുന്നു. കൂട്ടുകാരനൊപ്പം. അയാൾ ആദ്യമായി എന്നെ നേരിൽ കാണുന്നു എന്ന കാര്യവുമുണ്ടായിരുന്നു അതിൽ. വയ്യാത്ത അമ്മയെ ആശുപത്രിയിൽ ഏല്പ്പിച്ച് അയാളെ കാണാൻ ഒരു രാത്രിയോളം ട്രെയിൻ യാത്രാദൂരമുള്ള ഇടത്തേയ്ക്ക് അയാളെ കാണാൻ ചെല്ലാൻ അയാൾ നിർബന്ധിച്ചതായിരുന്നു. ‘താങ്കളെ കാണാൻ എനിയ്ക്കത്ര മുട്ടില്ല. എന്റെ അമ്മയെ വല്ലോരേം ഏല്പ്പിച്ച് ഞാനെന്റെ കാമുകനാണെങ്കിൽ പോലും പോകില്ല. പിന്നെയല്ലേ നിങ്ങൾ?!’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. ഏതൊക്കെയോ ‘അടുക്കള’ക്കൂട്ടങ്ങളിൽ, അയാൾ എന്റെ കാമുകനാണെന്ന ഒരു കഥ പരക്കുന്നുണ്ടായിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു അന്നൊക്കെ. അണുവിട തെറ്റാതെ ഇതൊക്കെ ഞാനെന്റെ അമ്മയോടും പറയുന്നുണ്ടായിരുന്നു.

‘നിങ്ങൾക്ക് എന്നെ കാണണമെന്നുണ്ടെങ്കിൽ വേണേൽ എന്റെ വീട്ടിലോട്ട് പോരെ. അവിടെ എന്റെ അമ്മയും ഞാനുമുണ്ട്.’ എന്ന് പറഞ്ഞു ഞാൻ.

അങ്ങനെയൊരു ദിവസം അയാളും കൂട്ടുകാരനും ചേർന്ന് വീട്ടിലെത്തി. “അമ്മേ... ഇതാണ്‌ ... എന്റെ ഹാമുഹൻ” എന്ന് പറഞ്ഞ് അമ്മയ്ക്ക് ഞാൻ പരിചയപ്പെടുത്തി. അമ്മ അയാളോട് സൗഹൃദത്തോടെ സംസാരിച്ചു. കുറച്ചുസമയം കഴിഞ്ഞ് അയാൾ പോയി.

വൈകീട്ട് അയാൾ എന്നെ വിളിച്ചു ചോദിച്ചു “അമ്മ എന്നെ കുറിച്ച് എന്ത് പറഞ്ഞു?”

“അമ്മ നല്ലതാ പറഞ്ഞത്. നല്ല പെരുമാറ്റമുള്ള ആൾ എന്ന് പറഞ്ഞു” ഞാനയാൾക്ക് മറുപടി കൊടുത്തു.

എന്നാൽ സത്യം അങ്ങനല്ലായിരുന്നു എന്ന് ഇപ്പോഴെങ്കിലും പറയണം എന്നൊരു തോന്നൽ. ഇപ്പോൾ അയാൾ എന്റെ സൗഹൃദവൃത്തത്തിലില്ല. അതുകൊണ്ട് തന്നെ പറയാമെന്ന് തോന്നുന്നു. അയാളറിയില്ല എന്നൊരു തോന്നലിൽ.

ചിലരെ സന്തോഷിപ്പിക്കാൻ ചില കുഞ്ഞു നുണകൾക്കാകുമെങ്കിൽ, നുണ പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളായതുകൊണ്ട് മാത്രമാണ്‌ ഞാനന്ന് അയാളോടങ്ങനെ പറഞ്ഞത്. ഇന്നും അതിൽ മനഃസാക്ഷിക്കുത്തൊന്നുമില്ല. പക്ഷേ ചെറിയൊരു കുറ്റബോധണ്ടോ​‍ാന്നൊരു.. 

“മേലാൽ ഇത്തരം ആൾക്കാരെ വീട്ടിൽ കേറ്റിയേക്കരുത്. നിന്റെ സുഹൃത്തായതുകൊണ്ട് മാത്രമാ ഞാനിന്ന് ക്ഷമിച്ചത്. പക്ഷേ ഇനി അങ്ങനൊന്നുണ്ടാകുമെന്ന് നീ പ്രതീക്ഷിക്കണ്ട. കുറുക്കന്റെ മുഖഭാവമാ അയാൾക്ക്” അരിശത്തോടെ അമ്മ പറഞ്ഞു നിർത്തിയത് ഇങ്ങനെയായിരുന്നു. പക്ഷേ എനിയ്ക്കത് അയാളോട് എങ്ങനെ പറയാനൊക്കും?! അതുകൊണ്ട് ഞാൻ ചെറുതായൊരു നുണ പറഞ്ഞു. അതിന്റെ പുറകെ പിന്നെ വന്ന പുകിലുകൾ ധാരാളമായിരുന്നു എങ്കിലും ഇതായിരുന്നു എന്റെ അമ്മയുടെ മനസ് എന്നത് എനിയ്ക്കറിയാവുന്നതുകൊണ്ട് ഒന്നും എന്നെ ബാധിച്ചില്ല.



ആർത്തവം

സസ്തനികളായ ജീവികൾക്കെല്ലാം ആർത്തവം ഉണ്ടാകും എന്ന് വായിച്ചറിവുണ്ട്. പണ്ട്, കുട്ടിക്കാലത്ത്, വീട്ടിൽ പൂച്ചകളുണ്ടായിരുന്നപ്പോൾ അതൊന്നും ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. അതിനുള്ള ബോധവും വിവരവും ഒന്നുമില്ലായിരുന്നു എന്ന് പറയുന്നതാണ്‌ ശരി.
കഴിഞ്ഞകൊല്ലം, ബംഗളൂരുവിലെ വാടക വീട്ടിൽ ഒരു പൂച്ചപ്പെണ്ണ്‌ വന്നുകയറി. ആദ്യമാദ്യമൊന്നും പ്രത്യേകിച്ചൊരു ശ്രദ്ധയും കൊടുത്തിരുന്നില്ല. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി, അവൾക്ക് എല്ലാ മാസവും ഒരു രണ്ട് മൂന്ന് ദിവസം വല്ലാത്ത ക്ഷീണവും ഉറക്കവും ശ്രദ്ധയിൽ പെട്ടു. ആ ദിവസങ്ങളിൽ അവൾ അന്തം വിട്ടുറങ്ങും. ഒരു ചെറിയ ശബ്ദം കേട്ടാൽ പോലും ഉണരുന്നവയാണ്‌ പൂച്ചകൾ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഈ ദിവസങ്ങളിൽ അവളുടെ ‘പൂച്ചയുറക്കത്തിന്റെ’ ഒരു വസ്തുതയും കണ്ടില്ലായിരുന്നു. എത്ര വലിയ ശബ്ദം കേട്ടാലും ഉണരാതെ അവൾ ആഴത്തിൽ, അത്രമേൽ ക്ഷീണിതയായി ഉറങ്ങി!
കഴിഞ്ഞ മാസമാണ്‌ തറയിൽ അവിടവിടെയായി രക്തത്തുള്ളികൾ ശ്രദ്ധിച്ചത്. കഴിഞ്ഞ മാസം 14-15-നായിരുന്നു അത്. ആ ദിവസം ഞാൻ ഓർത്തുവെച്ചു. അടുത്ത മാസവും ഇങ്ങനെയുണ്ടാകുമോ, പൂച്ചകളുടെ ആർത്തവചക്രം എത്ര ദിവസമായിരിക്കും എന്നൊക്കെയുള്ള സംശയങ്ങളോടെ.
ഈ മാസം നാലാം തിയതി മുതൽ അവൾക്ക് ക്ഷീണം തുടങ്ങി. ഉറക്കത്തോടുറക്കം. എട്ടാം തിയതി മുതൽ അവളിരിക്കുന്നിടത്ത് രക്തത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഏകദേശം, മനുഷ്യന്റെ പോലെ തന്നെയാണ്‌ പൂച്ചയുടെയും ആർത്തവചക്രം എന്ന് മനസിലായിത്തുടങ്ങി. ഇന്നലെ, തറയിൽ കൊഴുത്ത രക്തം കണ്ടപ്പോൾ ഞാനവളെ പരിശോധിച്ചു. ആർത്തവം തന്നെയാണോ അതോ മറ്റ് വല്ല അസുഖവുമാനോ എന്നറിയുകയായിരുന്നു ഉദ്ദേശം. അവളുടെ യോനിയിൽ നിന്നും രക്തമൊഴുകുന്നത് ഞാൻ കണ്ടു.




ഇന്ന് രാവിലെ നോക്കിയപ്പോൾ രക്തമൊഴുക്ക് കൂടുതലാണ്‌. ഇന്നോ നാളെയോ കൂടി അതുണ്ടാകും എന്നാണ്‌ നിഗമനം.

എലിയും അണ്ണാറക്കണ്ണനുമടക്കം സസ്തനികളായ സകലമാന പെൺ ജീവികൾക്കും ആർത്തവം എന്നത് ഉണ്ട്. അണ്ണാനും എലിയും പൂച്ചയുമൊക്കെ അമ്പലങ്ങളിലും കയറിയിറങ്ങുന്നുണ്ടാകാം. (ബംഗളൂരുവിൽ പട്ടിയടക്കം അമ്പലത്തിൽ കയറും. ആർക്കും അതിൽ പരാതിയില്ല. അവറ്റയും ദൈവത്തിന്റെ സൃഷ്ടികൾ എന്നാണിവിടെയുള്ളവർ ചിന്തിക്കുന്നത്). ചുരുങ്ങിയത്, അമ്പലപരിസരത്തുള്ള എലിയെങ്കിലും അതിന്റെ ഭക്ഷണാവശ്യത്തിനായി അമ്പലത്തിനകത്ത് കയറുന്നുണ്ടാകാം. അതിപ്പം, ലോക്കൽ അമ്പലമാണെങ്കിലും ശബരിമലയാണെങ്കിലും ഗുരുവായൂരാണെങ്കിലും! ദൈവം എന്നൊന്നുണ്ടെങ്കിൽ, അതൊക്കെ മൂപ്പര്‌ അറിയുന്നുമുണ്ടാകും!
ഈ ജീവികൾക്കൊന്നുമില്ലാത്ത അശുദ്ധി എങ്ങനെ മനുഷ്യകുലത്തിലെ സ്ത്രീജന്മങ്ങൾക്ക് മാത്രം വന്നു?! ആരാണത് കല്പ്പിച്ചു നല്കിയത്? എന്നുമുതലാണ്‌ മനുഷ്യകുലത്തിലെ സ്ത്രീ ജന്മങ്ങളുടെ ആർത്തവം അശുദ്ധിയായത്? ഏത് ദൈവമാണ്‌ ആർത്തവം അശുദ്ധിയാണെന്നും ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്നും പറഞ്ഞത്?
മനുഷ്യസ്ത്രീകളുടെ ആർത്തവരക്തത്താൽ അശുദ്ധരാകുന്ന ദൈവങ്ങൾ മൃഗങ്ങളിലെ ആർത്തവരക്തത്താൽ അശുദ്ധരാക്കപ്പെടുന്നില്ലേ? പിന്നെന്ത് കണ്ടിട്ടാണീ മനുഷ്യക്കോമരങ്ങൾ തുള്ളുന്നത്?!!

ഓർമ്മകൾ

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ കാര്യം വായിച്ചപ്പോഴാണ്‌ പണ്ട് എനിയ്ക്കുണ്ടായ അനുഭവം ഓർമ്മ വന്നത്.
അന്ന് എനിയ്ക്ക് ഏഴോ എട്ടോ വയസ്സേ ഉണ്ടാകൂ. കയ്യിലുണ്ടായിരുന്ന ഗോലിക്കായ (അരീസ് കായ) വായിലിട്ട് ഉഴറ്റി നടക്കുന്നതിനിടയിൽ അത് തെരുപ്പിൽ കയറി. ശ്വാസം കിട്ടാതെ അമ്മയെ കെട്ടിപ്പിടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന അരീസ് കായ കാണാതായപ്പോ തന്നെ അമ്മയ്ക്ക് കാര്യം മനസിലായി. പക്ഷേ അമ്മ എന്ത് ചെയ്യാൻ?! ഒരു പറമ്പിനപ്പുറത്തുള്ള പുഷ്പേച്ചിയെ ഉറക്കെ വിളിച്ചു അമ്മ. എനിയ്ക്കാണെങ്കിൽ വാ തുറന്ന പടി, ശ്വാസം കിട്ടാതെ കണ്ണൊക്കെ തള്ളി തള്ളി വരുന്നു. ആ അവസ്ഥ ഇന്നും എനിയ്ക്കോർമ്മയുണ്ട്. കണ്ണിൽ നിന്നും കുടുകുടാ വെള്ളം ചാടുന്നുണ്ട്. അതിനൊപ്പം തന്നെ എന്റെ കണ്ണുകൾ തുറിച്ചു വരുന്നതും ശ്വാസം കിട്ടാതെയുള്ള ആ പിടച്ചിൽ നെഞ്ചിൽ ഏറിവരുന്നതും...
പുഷ്പേച്ചി വിളി കേട്ട് ഓടി വരുന്ന സമയമാകുമ്പോഴേക്കും എന്റെ കാറ്റങ്ങ് മേലോട്ട് പോകും എന്നതുറപ്പാണ്‌.
എന്തുകൊണ്ടോ, എന്റെ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് എന്റെ നെറുകം തലയിൽ അധികം ശക്തമല്ലാതെ, എന്നാൽ തീരെ ദുർബലമല്ലാതെ, കൈപ്പത്തി കുമ്പിളു പോലെയാക്കി തട്ടാൻ തോന്നി. തുറന്നു വെച്ച വായിൽ നിന്നും അരീസ് കായ പുറത്തേയ്ക്ക് തെറിച്ചു.
ഹൊ! അപ്പോൾ കിട്ടിയ ഒരാശ്വാസം! പക്ഷേ ഇന്ന് ചിലപ്പോഴൊക്കെ ഓർക്കും, അന്നങ്ങ് തട്ടിപ്പോയാൽ മതിയാരുന്നു എന്ന്!
അതുപോലെ തന്നെ മറ്റൊരു അനുഭവമുണ്ടായതിലെ കഥാപാത്രവും ഞാൻ തന്നെ. പക്ഷേ വില്ലത്തിയായിരുന്നു എന്ന് മാത്രം. അമ്മ തറവാട്ടിൽ പോയിരിക്കുന്നു. കൂടെ ഞാനും രണ്ടാമത്തെ ഏട്ടനും ഉണ്ട്. കൂട്ടം കൂടി വർത്തമാനം പറയുന്ന അമ്മയുടെ മടിയിൽ ഏട്ടൻ കിടക്കുന്നു. അഞ്ചോ ആറോ വയസ്സായ ഞാൻ നിലത്തൊക്കെ ചുമ്മാ പരതി നടക്കുന്നു. എന്തിനെന്ന് ചോദിച്ചാൽ, വെറുതെ. ഒരു രസത്തിന്‌ എന്നേ പറയാനുള്ളു. വല്ല്യവരുടെ സംസാരം ശ്രദ്ധിക്കുന്ന സ്വഭാവം ഇല്ല, അന്നും ഇന്നും. അപ്പോൾ എന്തെങ്കിലുമൊക്കെ ടൈം പാസ് വേണ്ടേ!!
അങ്ങനെ പരതി നടക്കുമ്പോൾ ഒരു ബാൾസ് കിട്ടി. ബെയറിംഗിനൊക്കെ ഉപയോഗിക്കുന്ന ചെറിയ സാധനം. അത് കിട്ടിയ സ്ഥിതിയ്ക്ക് എവിടെയെങ്കിലുമൊക്കെ നിക്ഷേപിക്കണ്ടേ?! അതിനായി നോക്കിയപ്പോൾ കണ്ടത് അമ്മയുടെ മടിയിൽ കിടക്കുന്ന ഏട്ടന്റെ ചെവി! ഒന്നും നോക്കിയില്ല, അവിടെ തന്നെ നിക്ഷേപിച്ചു. ഞാനാരാ മോള്‌!!
ചെവിയിൽ ബോൾസ് പോയ ഏട്ടൻ പരാക്രമമടിക്കാൻ തുടങ്ങി. കിടന്നിടത്ത് കിടന്ന് പിടയുന്ന ഏട്ടനെ കൗതുകത്തോടെ നോക്കി ഞാനും ഇരുന്നു. വർത്തമാനത്തിൽ മുഴുകിയിരുന്ന അമ്മ ഇതൊന്നും അറിയുന്നില്ലായിരുന്നു. ഏട്ടന്റെ പരാക്രമം സംസാരത്തിന്‌ അലോസരമായപ്പോൾ “അടങ്ങിയിരിക്ക്” എന്നും പറഞ്ഞ് അമ്മ ഏട്ടന്റെ തുടയിൽ ഒറ്റയടി! ചെവിയിലെ ബോൾസ് പുറത്തേയ്ക്ക് തെറിച്ചു. അത് തെറിച്ചു വീണപ്പോൾ മാത്രമാണ്‌ ഇങ്ങനെയൊരു സംഭവം കൊണ്ടാണ്‌ ഏട്ടൻ പരാക്രമമടിച്ചിരുന്നത് എന്ന് അമ്മ മനസിലാക്കിയത്. പിന്നെ അതെവിടന്ന് വന്നു എന്ന ചോദ്യമായി, അതിനുള്ള ഉത്തരമായി. വില്ലത്തിയെ കയ്യോടെ പിടി കൂടി. സത്യം പറഞ്ഞാൽ ശിക്ഷയ്ക്ക് ഇളവുണ്ട് എന്ന ഓഫറുള്ളതിനാൽ ശിക്ഷയൊന്നും കിട്ടിയില്ല.

2019 ജനുവരി 21, തിങ്കളാഴ്‌ച

അവളും അവനും

വേണ്ട എന്നവൾ വിലക്കിയപ്പോൾ

വേണം എന്ന് നടന്നടുത്തത് അവനായിരുന്നു.

അകലരുതേ എന്നവൾ ആവശ്യപ്പെട്ടപ്പോൾ

മറുവാക്ക് പോലും മിണ്ടാതെ നടന്നകന്നതും അവനായിരുന്നു...