2009 മുതലാണ്
ഞാൻ ബ്ലോഗെഴുത്ത് ആരംഭിച്ചത്.
വലിയ കാര്യമായിട്ടൊന്നും എഴുതിയിരുന്നില്ല.
വല്ലപ്പോഴും ഓരോ കുറിപ്പുകൾ.
അത്രയേ ഉണ്ടായിരുന്നുള്ളൂ. 2012 മുതലാണ് ബ്ലോഗെഴുത്തിൽ കുറച്ചെങ്കിലും
സജീവമായത്. ഒന്നര വർഷം മുൻപ്
എന്റെ ബ്ലോഗ് വായനയിലൂടെ എന്നോട്
ചങ്ങാത്തം കൂടിയ ചില സുഹൃത്തുക്കൾ
എനിയ്ക്കുണ്ടായി. മാളവികയും ആൻഡ്രൂസും അങ്ങിനെ
രണ്ട് പേരായിരുന്നു. അവരും ബ്ലോഗെഴുത്തുകാർ തന്നെ.
രണ്ട് പേരും നല്ല സുഹൃത്തുക്കളാണെന്ന്
എനിയ്ക്ക് തോന്നി. എന്റെ ബ്ലോഗുകളിലെ
മാളവികയുടെ സജീവസാന്നിധ്യം കണ്ടിട്ടാണെന്ന് തോന്നുന്നു, ഒരിക്കൽ ആൻഡ്രൂസ് എന്നോട്
ചോദിച്ചു, “മാളവികയേ അറിയുമോ?” എന്ന്.
“ഉവ്വ്. എന്റെ നല്ലൊരു സുഹൃത്താണവൾ”
എന്ന് ഞാൻ മറുപടി
പറയുകയും ചെയ്തു.
മാളവികയുമായി
ഇക്കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ എനിയ്ക്ക്
മാസത്തിൽ രണ്ടോ മൂന്നോ ചാറ്റ്,
ഇതുവരെയുള്ള കണക്കിൽ ഏറിക്കൂടിയാൽ അഞ്ച്
തവണത്തെ ഫോൺ വിളി,
രണ്ടോ മൂന്നോ കൂടിക്കാഴ്ച ഇത്രയൊക്കെയേ
ഉണ്ടായിട്ടുള്ളൂ... ആൻഡ്രൂസുമായി ഒരുപാട് ചാറ്റുകളും ഫോൺ
വിളികളും എനിയ്ക്കുണ്ടായിരുന്നു. പക്ഷേ ആൻഡ്രൂസ് എന്നോട്
അങ്ങിനെ ഒരു ചോദ്യം
ചോദിച്ചതിനു ശേഷം, ഏതാനും ദിവസങ്ങൾക്കുള്ളിൽ
ഞാൻ മാളവികയെ അറിയുന്നത്
ആൻഡ്രൂസിന്റെ വാക്കുകളിലൂടെ ആയിരുന്നു. അത് ഒന്നും
തന്നെ മാളവികയെ കുറിച്ചുള്ള നന്മകളായിരുന്നില്ല.
എല്ലാം മാളവികയെ കുറിച്ചുള്ള അപവാദ
കഥകൾ. പക്ഷേ എന്തുകൊണ്ടെന്നറിയില്ല, മാളവികയെ
കുറിച്ച് ഓരോ കഥകൾ
കേൾക്കുമ്പോഴും എനിയ്ക്ക് മാളവികയോടുള്ള ഇഷ്ടത്തിന്റെ
ത്രാസിൽ ഘനം കൂടിക്കൂടി
വന്നുകൊണ്ടേയിരുന്നു.
ഒരിയ്ക്കൽ
മാളവികയോട് “ആൻഡ്രൂസിനെ അറിയുമോ” എന്ന്
ചോദിച്ചപ്പോൾ “അറിയും, എന്റെ നല്ലൊരു സുഹൃത്താണ്” എന്ന് മറുപടി എനിയ്ക്ക്
അവളിൽ നിന്നും ലഭിച്ചു. അവളുടെ
നല്ല സുഹൃത്ത് അവളെ
കുറിച്ച് മറ്റുള്ളവരോട് എന്താണ് പറയുന്നത് എന്ന്
അവൾ അറിയുന്നില്ലല്ലോ എന്ന്
എനിയ്ക്ക് വേദന തോന്നി. അവളെ
അതറിയിക്കുന്നത് മറ്റൊരാളോട്(ആൻഡ്രൂസിനോട്) ചെയ്യുന്ന അനൗചിത്യമല്ലേ എന്ന
ചിന്തയിൽ ഞാൻ അതൊന്നും
അവളെ അറിയിച്ചതുമില്ല.
പക്ഷേ പിന്നീടുള്ള ഒരു
സംഭാഷണങ്ങളിൽ പോലും അവൾ ആൻഡ്രൂസിനെക്കുറിച്ച്
ഒരിക്കൽ പോലും ചീത്തയായി ഒരു
കാര്യവും പറഞ്ഞിരുന്നില്ല. മാത്രമല്ല ഞങ്ങൾ ആൻഡ്രൂസിനെ
കുറിച്ച് സംസാരിക്കുവാൻ പോലും മെനക്കെടാറില്ലായിരുന്നു. ഇതൊക്കെയായിരിക്കാം എനിയ്ക്ക്
മാളവികയോട് ബഹുമാനത്തോടൊപ്പം സ്നേഹവും അധികരിപ്പിച്ചത്.
മാളവികയെ കുറിച്ചുള്ള അപവാദങ്ങൾ ഏറിയപ്പോൾ “നമുക്കിടയിൽ
മാളവിക ഒരു വിഷയമാകണ്ട”
എന്ന് നിവൃത്തികെട്ട് ഒടുവിൽ എനിയ്ക്ക് ആൻഡ്രൂസിനോട്
പറയേണ്ടി വന്നു. പിന്നീട് അറിവിലുള്ള
മറ്റേതൊക്കെയോ സ്ത്രീകളെ കുറിച്ച് അയാൾ
അപവാദം പറയാൻ തുടങ്ങി. അതിൽ
എനിയ്ക്ക് നേരിട്ടറിവില്ലാത്ത, ബ്ലോഗെഴുതുന്ന സ്ത്രീകളും സിനിമാനടികളും വരെ
ഉണ്ടായിരുന്നു. വിവാഹിതരായ സ്ത്രീകളുടെ അപഥസഞ്ചാരം
ആയിരുന്നു അപവാദപ്രചരണത്തിലെ തന്തു. അവയുടെ തുടക്കത്തിൽ
തന്നെ, “ആൻഡ്രൂസ്, മറ്റാരോ പറഞ്ഞു
കേട്ടതിന്റെ ബലത്തിൽ ഇയാൾ ഏതൊക്കെയോ
സ്ത്രീകളെ കുറിച്ച് അപവാദം പറയുന്നത്
കേൾക്കുവാൻ എനിയ്ക്ക് താല്പര്യമില്ല” എന്ന്
പറഞ്ഞതിൽ പിന്നെ അയാൾ അതും
നിർത്തി.
ആരെയൊക്കെയോ
കുറിച്ച് എന്നോട് അപവാദം പറയുവാൻ
തുനിയുന്ന വ്യക്തി നാളെ എന്നെക്കുറിച്ചും
അപവാദപ്രചരണം നടത്തുവാൻ മടിയ്ക്കില്ല എന്ന
ചിന്തയായിരുന്നു എനിയ്ക്ക്. ചെറുപ്പം മുതലേ
അമ്മ പറഞ്ഞു തന്നിരുന്ന
ഒരു വസ്തുതയായിരുന്നു അത്.
“നമ്മളോട് മറ്റുള്ളവരെ കുറിച്ച് അപവാദം പറയുവാൻ
മടിയ്ക്കാത്തവർ നമ്മളെ കുറിച്ച് മറ്റുള്ളവരോടും
അപവാദം പറയുന്നുണ്ടാകും എന്ന് നീ ഓർക്കുക”
എന്ന് അമ്മ പറയുമായിരുന്നു. മാത്രമല്ല
ആരെക്കുറിച്ചും, പ്രത്യേകിച്ച് സ്ത്രീകളെക്കുറിച്ച് ആര് അമ്മയോട്
അപവാദം പറഞ്ഞാലും അമ്മ അവരെ
അതിൽ നിരുൽസാഹപ്പെടുത്തുമായിരുന്നു.
മാളവികയെ കൂടുതൽ കൂടുതൽ അറിയുവാൻ
തുടങ്ങിയപ്പോൾ അവളെക്കുറിച്ച് കേട്ട കഥകളിലെ പോലെയൊന്നും അല്ലല്ലോ
ഇവൾ
എന്ന് മനസ് പറഞ്ഞുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ
അവളോടുള്ള സ്നേഹവും ബഹുമാനവും കൂടുകയും
ചെയ്തു.
മാളവികയെ കുറിച്ച് എന്തെങ്കിലും പറയുവാൻ
ആൻഡ്രൂസ് തുനിയുമ്പോഴൊക്കെ എന്റെ മനസിൽ എന്തുകൊണ്ടോ
ചലച്ചിത്ര താരങ്ങളായ മനോജ് കെ.ജയനും ഉർവശിയും കടന്നു
വന്നു. അവരുടെ വിവാഹമോചന വിവാദ
സമയത്ത്, മനോജ് കെ. ജയൻ
പല ഇന്റർവ്യൂകളിലും ഉർവശിയെ
കുറിച്ച് മദ്യപാനി, അത്, ഇത്
എന്നൊക്കെ കുറ്റപ്പെടുത്തുമ്പോഴും ഒറ്റ അഭിമുഖത്തിലും ഉർവശി
മനോജ് കെ. ജയനെ
കുറിച്ച് ഒരു വാക്കും
പറഞ്ഞതായി കേട്ടിട്ടില്ല. പക്ഷേ മനോജ് പറഞ്ഞ
വാക്കുകളെ ചേർത്ത് വെച്ച് പലരും
പല കഥകളും മെനഞ്ഞു,
ഉർവശിയെ കുറ്റപ്പെടുത്തി. അതുപോലെയാണ്
എനിയ്ക്കിതും തോന്നിയത്.
ഒരുപക്ഷേ ആൻഡ്രൂസ് മാളവികയെ കുറിച്ച്
ഇതുപോലെ ആരോടൊക്കെയോ അപവാദകഥകൾ പറഞ്ഞിട്ടുണ്ടാകാം. അവരിൽ
കുറേ ആളുകളെങ്കിലും മാളവികയെ
അറിയാൻ ശ്രമിയ്ക്കാതെ, അതൊക്കെ വിശ്വസിച്ച് മാളവികയെ കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ
ചെയ്തിരിക്കാം. മറ്റുള്ളവരിൽ പയറ്റിത്തെളിഞ്ഞ അതേ നയം
തന്നെയായിരിക്കാം ആൻഡ്രൂസ് എന്നോടും പ്രയോഗിച്ചത്.
പക്ഷേ ആൻഡ്രൂസ് മറ്റുള്ളവരിൽ കണ്ടറിഞ്ഞ
പരിണിതഫലമല്ലായിരുന്നു എന്റെ ഉള്ളിൽ സംഭവിച്ചത്
എന്ന് അയാൾ അറിഞ്ഞതേയില്ല. അയാൾ
പറയുന്ന ഓരോ അപവാദകഥകളും
എന്നെ മാളവികയുമായി കൂടുതൽ കൂടുതൽ മനസുകൊണ്ട്
അടുപ്പിക്കുകയായിരുന്നു. ദിനം പ്രതി മാളവികയോടുള്ള
എന്റെ ഇഷ്ടം കൂടി കൂടി
വരുകയായിരുന്നു.
ഇന്ന് ഈ നിമിഷം
വരെ എനിയ്ക്ക് മാളവിക
എന്ന ആ വ്യക്തിത്വത്തോട്
വളരെയധികം ബഹുമാനവും അതിലധികം സ്നേഹവുമാണ്.
നാളെ അതെങ്ങിനെ ആയിരിക്കും
എന്നെനിയ്ക്കറിയില്ല. ഇന്നത്തെ, ഇപ്പോൾ ഈ
നിമിഷത്തെ കാര്യമേ എനിയ്ക്കറിയൂ. നാളെ
ഞാൻ തന്നെ ഉണ്ടാകുമോ
എന്ന് ആർക്കറിയാം. അതുകൊണ്ടു തന്നെ മാളവികയോടുള്ള ആ
ഇഷ്ടം കുറയാതിരിക്കാൻ മനസ് വെച്ച്, ഇന്നിൽ ജീവിച്ചുകൊണ്ട്, നാളെയ്ക്കായി
ഞാൻ കാത്തിരിക്കുന്നു; ഈ
സ്നേഹം നാളെയും നിലനിൽക്കണേ.., അതിൽ കുറവുണ്ടാകരുതേ… എന്ന പ്രാർത്ഥനയോടെ...
കുറിപ്പ്:
എന്റെ സുഹൃത്തുക്കളുടെ സ്വകാര്യതയെ മാനിച്ച് യഥാർത്ഥ നാമമല്ല
ഞാൻ ഉപയോഗിച്ചിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ