ഒരിക്കൽ, വർഷങ്ങൾക്ക് മുൻപ് എന്റെ ആദ്യപ്രണയത്തിന്റെയൊപ്പം അവന്റെ കൂട്ടുകാരനും കൂടി വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ കാണാൻ വീട്ടിൽ വന്നു. അമ്മയെ കാണാൻ അകത്തുകയറിവന്ന അവരെ “അമ്മേ.. ഇത് സഞ്ജു. ഇത് സുന്ദരൻ. എനിയ്ക്ക് ജീവിതം തരാമെന്ന് പറഞ്ഞ് പറ്റിച്ച കശ്മലൻ” എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സഞ്ജുവിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലായിരുന്നു. ഞാൻ തന്നെ പറഞ്ഞ്, എന്റെ ആദ്യപ്രണയത്തെ കുറിച്ച് അമ്മയ്ക്ക് നല്ല അറിവാണ്!! ആദ്യപ്രണയത്തെ കുറിച്ച് അത്രമേൽ ലളിതമായി അമ്മയോട് പറയാനുള്ള ധൈര്യം കിട്ടാൻ വർഷങ്ങളൊരുപാട് വേണ്ടി വന്നു എന്നതാണ് സത്യം. എന്നും പ്രണയിക്കുന്ന ആളെ കുറിച്ച് അമ്മയോട് അത്ര ലാഘവത്തോടെ പറയുവാൻ എനിയ്ക്കാവില്ലായിരുന്നു. പ്രണയിക്കുന്ന ആളുടെ പേര് പോലും പറയാൻ ഇപ്പോഴും എന്തോ ഒരു വൈക്ലബ്യമാണ്. അതെന്താന്നറിയില്ല.
പറഞ്ഞ് വന്നത് അതല്ലല്ലോ.. വിഷയത്തിൽ നിന്നും അറിയാതെ വഴുതിപ്പോയി! സുന്ദരനെ അങ്ങനെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അമ്മ അന്തം വിട്ടു. കൂട്ടത്തിൽ സുന്ദരനും. അവൻ എന്റെ ഭാഗത്ത് നിന്നും അങ്ങനൊരു പ്രവൃത്തി പ്രതീക്ഷിച്ചതല്ലായിരുന്നു! എന്നോ ഒരു വാരാന്ത്യത്തിൽ, കുടിച്ച് ബോധം പോയപ്പോൾ, ഇഷ്ടകൂട്ടുകാരൻ പ്രണയിച്ച്, പിന്നീട് കാലത്തിന്റെ കളികളിൽ കൈവിട്ടു പോയ, ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്ന ആ സ്ത്രീയോടുള്ള സഹതാപം മനസിൽ വഴിഞ്ഞൊഴുകിയപ്പോൾ അവൻ അറിയാതെ ചോദിച്ചു പോയ ചോദ്യമായിരുന്നു “അനൂ.., നിനക്ക് ഞാനൊരു ജീവിതം തരട്ടെ?” എന്ന്! ഭാര്യയും കുഞ്ഞുങ്ങളുമുള്ള ആളാണെന്നതും അവനെനിയ്ക്ക് കൂട്ടുകാരൻ മാത്രമാണെന്നതുമൊക്കെ വെള്ളപ്പുറത്ത് അവൻ മറന്നു പോയിരുന്നു!
അമ്മയോട് ഞാനിക്കാര്യം പറഞ്ഞിരുന്നു. എങ്കിലും അവനെ ഇരുത്തിക്കൊണ്ട് ഒന്ന് ‘ആക്കാൻ’ ഒരു അവസരം കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. അവനങ്ങനെ അവിടെയിരുന്ന് വളയുന്നത് കണ്ടപ്പോൾ ഞങ്ങളെല്ലാം കൂട്ടത്തോടെ ചിരിച്ചു. ‘എന്നാലും, ഇമ്മാതിരിയൊരു ചെയ്ത്ത് എന്നോട് വേണ്ടായിരുന്നു അനൂ... വെള്ളപ്പുറത്ത് പറഞ്ഞ ഒരു അബദ്ധമല്ലായിരുന്നോ അത്?’ എന്നവൻ പിന്നീട് ഞങ്ങൾ മൂന്ന് പേർ മാത്രമായപ്പോൾ ചോദിച്ചു. ‘ഇനി നീ വെള്ളപ്പുറത്തങ്ങനെ പറയരുത്. അതിനിത് ഓർമ്മയുണ്ടായിരിക്കണം’ എന്ന് പറഞ്ഞ് ഞാനത് ലഘൂകരിച്ചു. അമ്മ് എന്ത് പറഞ്ഞു എന്ന് അവൻ അഭിപ്രായമൊന്നും ചോദിച്ചില്ല എങ്കിലും പിന്നീട് അവൻ വിളിച്ചപ്പോൾ അമ്മയുടെ അഭിപ്രായം അതേ പടി ഞാനവനോട് പറഞ്ഞു. ഒട്ടും വെള്ളം ചേർക്കാതെ.
പക്ഷേ വെള്ളം ചേർത്ത് ഒരാളോട് അമ്മയുടെ അഭിപ്രായത്തെ കുറിച്ച് പറയേണ്ടി വന്നു. പിന്നീടൊരു സുഹൃത്ത് അമ്മയെ കാണാൻ വീട്ടിൽ വന്ന സന്ദർഭത്തിൽ. അയാളും വന്നത് അസുഖമായി കിടക്കുന്ന അമ്മയെ കാണാനായിരുന്നു. കൂട്ടുകാരനൊപ്പം. അയാൾ ആദ്യമായി എന്നെ നേരിൽ കാണുന്നു എന്ന കാര്യവുമുണ്ടായിരുന്നു അതിൽ. വയ്യാത്ത അമ്മയെ ആശുപത്രിയിൽ ഏല്പ്പിച്ച് അയാളെ കാണാൻ ഒരു രാത്രിയോളം ട്രെയിൻ യാത്രാദൂരമുള്ള ഇടത്തേയ്ക്ക് അയാളെ കാണാൻ ചെല്ലാൻ അയാൾ നിർബന്ധിച്ചതായിരുന്നു. ‘താങ്കളെ കാണാൻ എനിയ്ക്കത്ര മുട്ടില്ല. എന്റെ അമ്മയെ വല്ലോരേം ഏല്പ്പിച്ച് ഞാനെന്റെ കാമുകനാണെങ്കിൽ പോലും പോകില്ല. പിന്നെയല്ലേ നിങ്ങൾ?!’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. ഏതൊക്കെയോ ‘അടുക്കള’ക്കൂട്ടങ്ങളിൽ, അയാൾ എന്റെ കാമുകനാണെന്ന ഒരു കഥ പരക്കുന്നുണ്ടായിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു അന്നൊക്കെ. അണുവിട തെറ്റാതെ ഇതൊക്കെ ഞാനെന്റെ അമ്മയോടും പറയുന്നുണ്ടായിരുന്നു.
‘നിങ്ങൾക്ക് എന്നെ കാണണമെന്നുണ്ടെങ്കിൽ വേണേൽ എന്റെ വീട്ടിലോട്ട് പോരെ. അവിടെ എന്റെ അമ്മയും ഞാനുമുണ്ട്.’ എന്ന് പറഞ്ഞു ഞാൻ.
അങ്ങനെയൊരു ദിവസം അയാളും കൂട്ടുകാരനും ചേർന്ന് വീട്ടിലെത്തി. “അമ്മേ... ഇതാണ് ... എന്റെ ഹാമുഹൻ” എന്ന് പറഞ്ഞ് അമ്മയ്ക്ക് ഞാൻ പരിചയപ്പെടുത്തി. അമ്മ അയാളോട് സൗഹൃദത്തോടെ സംസാരിച്ചു. കുറച്ചുസമയം കഴിഞ്ഞ് അയാൾ പോയി.
വൈകീട്ട് അയാൾ എന്നെ വിളിച്ചു ചോദിച്ചു “അമ്മ എന്നെ കുറിച്ച് എന്ത് പറഞ്ഞു?”
“അമ്മ നല്ലതാ പറഞ്ഞത്. നല്ല പെരുമാറ്റമുള്ള ആൾ എന്ന് പറഞ്ഞു” ഞാനയാൾക്ക് മറുപടി കൊടുത്തു.
എന്നാൽ സത്യം അങ്ങനല്ലായിരുന്നു എന്ന് ഇപ്പോഴെങ്കിലും പറയണം എന്നൊരു തോന്നൽ. ഇപ്പോൾ അയാൾ എന്റെ സൗഹൃദവൃത്തത്തിലില്ല. അതുകൊണ്ട് തന്നെ പറയാമെന്ന് തോന്നുന്നു. അയാളറിയില്ല എന്നൊരു തോന്നലിൽ.
ചിലരെ സന്തോഷിപ്പിക്കാൻ ചില കുഞ്ഞു നുണകൾക്കാകുമെങ്കിൽ, നുണ പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളായതുകൊണ്ട് മാത്രമാണ് ഞാനന്ന് അയാളോടങ്ങനെ പറഞ്ഞത്. ഇന്നും അതിൽ മനഃസാക്ഷിക്കുത്തൊന്നുമില്ല. പക്ഷേ ചെറിയൊരു കുറ്റബോധണ്ടോാന്നൊരു..
“മേലാൽ ഇത്തരം ആൾക്കാരെ വീട്ടിൽ കേറ്റിയേക്കരുത്. നിന്റെ സുഹൃത്തായതുകൊണ്ട് മാത്രമാ ഞാനിന്ന് ക്ഷമിച്ചത്. പക്ഷേ ഇനി അങ്ങനൊന്നുണ്ടാകുമെന്ന് നീ പ്രതീക്ഷിക്കണ്ട. കുറുക്കന്റെ മുഖഭാവമാ അയാൾക്ക്” അരിശത്തോടെ അമ്മ പറഞ്ഞു നിർത്തിയത് ഇങ്ങനെയായിരുന്നു. പക്ഷേ എനിയ്ക്കത് അയാളോട് എങ്ങനെ പറയാനൊക്കും?! അതുകൊണ്ട് ഞാൻ ചെറുതായൊരു നുണ പറഞ്ഞു. അതിന്റെ പുറകെ പിന്നെ വന്ന പുകിലുകൾ ധാരാളമായിരുന്നു എങ്കിലും ഇതായിരുന്നു എന്റെ അമ്മയുടെ മനസ് എന്നത് എനിയ്ക്കറിയാവുന്നതുകൊണ്ട് ഒന്നും എന്നെ ബാധിച്ചില്ല.
ചില മനുഷ്യരെ കുറുക്കനോടൊന്നും ഉപമിക്കരുത്..കുറുക്കൻ മാനനഷ്ടത്തിന് കേസ് കൊടുക്കും ട്ടാ
മറുപടിഇല്ലാതാക്കൂഹ ഹ ഹാാ
മറുപടിഇല്ലാതാക്കൂ