പേജുകള്‍‌

2015 സെപ്റ്റംബർ 9, ബുധനാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 8



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
http://anaamikam.blogspot.in/2015/09/part-7.html 



ഹ ഹ ഹ!!! എന്തൊക്കെ പ്ലാനുകളായിരുന്നു!!! ന്യൂ ഇയർ ഈവ് ശ്രീലങ്കയിൽ. അത് കഴിഞ്ഞ് അവിടത്തെ കറക്കം മതിയാക്കി നേരെ ദുബായ് ഫെസ്റ്റ്!! ഒരുമാസം അവിടെ കറക്കം!! പവനായി അങ്ങനെ ശവമായി!!

ന്യൂ ഇയർ ഈവിന്‌ നിലവിളി ശബ്ദവുമിട്ട് നാട്ടുകാരെയൊക്കെ അറിയിച്ച് ആംബുലൻസിൽ വ്യഥിതമനസുമായി ഹോസ്പിറ്റലിലേയ്ക്ക്. അടിപൊളി!! ശ്രീലങ്ക എന്നത് വെസ്റ്റ്‌ ഫോട്ട് ഹൈടെക് ഹോസ്പിറ്റൽ. ദുബായ് ഫെസ്റ്റും അവിടേയ്ക്ക് മാറ്റി!

പതിവു പോലെ ഐ.സി.യു.വിൽ രണ്ടു ദിവസം കിടന്നു. പിറ്റേന്നായപ്പോഴേക്കും അമ്മ വേഷം കെട്ട് തുടങ്ങി. “ഇവിടെ ഭയങ്കര തണുപ്പാ... എന്നെ എന്തിനാ ഇവിടെ കിടത്തിയിരിക്കുന്നത്? എന്നെ കൊല്ലാനാണോ ഇതിനകത്തിട്ടിരിക്കുന്നത്?” തുടങ്ങിയ ചോദ്യശരങ്ങൾ. “എനിയ്ക്കെന്റെ മോളുടടുത്ത് പോണം എന്ന വാശി. ഡോക്ടർമാർ ഒരു കൊച്ചുകുട്ടിയുടെ വാശിയ്ക്കെന്ന മുന്നിൽ വഴങ്ങി അമ്മയെ റൂമിലേയ്ക്ക് മാറ്റി.

ബാക്കിയുള്ള പരിചരണങ്ങൾ റൂമിൽ വന്നതിനു ശേഷം. കൂട്ടിന്‌ നഴ്സുമാരുണ്ടെന്ന ആശ്വാസം എനിയ്ക്ക്. അമ്മയ്ക്ക് വേണ്ട പരിചരണങ്ങൾ മുറപോലെ നടന്നു. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഡോക്ടർമാർ മനസിലാക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ചികിൽസാ ആവശ്യങ്ങൾക്കുള്ള പണം സ്വരൂപിക്കുവാനും വാങ്ങിയ കടങ്ങൾ തിരിച്ചു നല്കുവാനും വേണ്ടി സ്ഥലം പണയം വെയ്ക്കുന്നതിനുള്ള കാര്യങ്ങൾ നീക്കാൻ ഞാൻ ഒരുങ്ങി. നഴ്സുമാരെ അമ്മയ്ക്ക് കൂട്ടിനിരുത്തി പ്രത്യേകിച്ച് മറ്റ് ആവശ്യങ്ങളൊന്നും ഇല്ല എന്നുറപ്പ് വരുത്തി ഞാൻ ഇടയ്ക്കിടെ വീട്ടിലേയ്ക്ക് പോയി. വില്ലേജാഫീസ്, സൊസൈറ്റി എന്നിവിടങ്ങളിലെ നിത്യ സന്ദർശനം ആവശ്യമായിരുന്നു വായ്പയ്ക്കുള്ള രേഖകൾ ശരിയാക്കുവാൻ.

ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മയ്ക്ക് രക്തം ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചു. ഐ.എം.എ.യിൽ പോയി അത് വാങ്ങി കൊണ്ടു കൊടുത്തു. അമ്മയ്ക്ക് വീണ്ടും മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം കൊടുക്കുന്നതിനാൽ ന്യൂട്രീഷൻ ഭക്ഷണം വീണ്ടും വേണമെന്ന ആവശ്യം വന്നു. ഇതിനു മുൻപ് ആദ്യ ഒരു മാസം കിടന്നപ്പോളും ന്യൂട്രീഷൻ ഭക്ഷണം വേണ്ടി വന്നിരുന്നു. അന്ന് ഡോക്ടർ വർഗ്ഗീസ് എന്റെ സാമ്പത്തികാവസ്ഥ കണ്ട് ഹോസ്പിറ്റൽ ഫാർമസിയിൽ വരുത്തിക്കാതെ നേരിട്ട് പോയി വാങ്ങാനുള്ള സൗകര്യം ഒരുക്കി തന്നിരുന്നു. അദ്ദേഹം നിർദ്ദേശിച്ച ആളായതുകൊണ്ട് 500 രൂപ കുറവ് കിട്ടി. അതും ഒരാശ്വാസമായിരുന്നു അപ്പോൾ.

വീണ്ടും അങ്ങോട്ടേയ്ക്ക് ഡോക്ടർ എന്നെ പറഞ്ഞയച്ചു. അതെല്ലാം ശരിയാക്കി കൊടുത്തു. അമ്മയുടെ ശരീരത്തിൽ വേണ്ട ധാതുക്കളുടെ അളവ് അത്യാവശ്യം ഉയർന്നു. ഇനിയൊരു സർജ്ജറിയ്ക്ക് അമ്മയെ തയ്യാറെടുപ്പിച്ചാലോ എന്ന് ഡോക്ടർ വർഗ്ഗീസും ഡോക്ടർ ശകുന്തളയും കൂടി ആലോചിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ അതായിരിക്കും നല്ലതെന്ന് അവർ തീരുമാനിച്ചു. വേർപെട്ട് കിടക്കുന്ന കുടലുകൾ കൂട്ടി യോജിപ്പിക്കുവാനുള്ള ശസ്ത്രക്രിയ അങ്ങനെ തീരുമാനമായി.

“അനൂ.. നാളെ അമ്മയ്ക്ക് ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. വേണ്ട നടപടികൾ ചെയ്തോളൂ.. കാശൊക്കെയുണ്ടല്ലോ കയ്യിൽ അല്ലെ?”

പണം കയ്യിലുണ്ടായിരുന്നു. ബിസിനസ്സിൽ നിന്നുമുള്ള വരുമാനം കുറച്ച് നീക്കിയിരിപ്പുണ്ടായിരുന്നു. വീട്ടുടമയും ടീമംഗങ്ങളും താല്ക്കാലികമായി അവരുടെ വരുമാനം വേണ്ട എന്ന് പറഞ്ഞിരുന്നതുകൊണ്ട് അതൊരു സമാധാനമായിരുന്നു. പക്ഷേ പെട്ടന്ന് “നാളെ ശസ്ത്രക്രിയ എന്ന് പറഞ്ഞപ്പോൾ ഞാൻ പതറി. ധൈര്യം ചോരുന്നതുപോലെ ഒരവസ്ഥ. ഒറ്റയ്ക്കാണ്‌. ഉടൻ വല്യേട്ടനെ വിളിച്ചു. “ഏറ്റത്ത്യമ്മയെ ഒന്ന് വിടാമോ ഇങ്ങോട്ട്..? നാളെ അമ്മയുടെ ഓപ്പറേഷനാണ്‌. ഞാനൊറ്റയ്ക്കേയുള്ളൂ... ഒരു ധൈര്യത്തിനാരെങ്കിലും... ഏടത്ത്യമ്മ ഇന്ന് വണ്ടി കയറിയാൽ നാളെ എത്തുമല്ലോ... നാളെ വൈകിട്ടാണ്‌ ഓപ്പറേഷൻ ഞാൻ ഏട്ടനോട് ചോദിച്ചു.

ഇന്ന് പറ്റില്ല. പെട്ടന്നിങ്ങനെ പറഞ്ഞാൽ എങ്ങനാ... രണ്ട് ദിവസം കഴിഞ്ഞ് അവളെ വിടാം.” ഏട്ടൻ പറഞ്ഞു. എന്റെ മനസ് ചതഞ്ഞു. രണ്ട് ദിവസം കഴിഞ്ഞിട്ടല്ല, എനിയ്ക്ക് നാളെയാണ്‌ ആവശ്യം. എന്റെ മനസിന്‌ ധൈര്യം കിട്ടാൻ... ഞാനത് ഏട്ടനോട് പറഞ്ഞില്ല. ഒന്നും പറയാതെ ഞാൻ ഫോൺ വെച്ചു. പറയാനല്ലേ ആകൂ.. എനിയ്ക്ക് നിർബന്ധിക്കാനാകില്ലല്ലോ... ഒറ്റയ്ക്കായതിന്റെ നിസ്സഹായത അറിഞ്ഞ ഒരു സന്ദർഭം കൂടി...

അന്ന് രാത്രി മുഴുവൻ മനസിലെന്തെന്നില്ലാത്ത ഒരു വേവലാതി. ഹോസ്പിറ്റലിനടുത്ത് തന്നെ താമസിക്കുന്ന വസന്ത ചാച്ചയെ അറിയിച്ചാലോ എന്ന് ചിന്തിച്ചു. പിന്നെയത് വേണ്ട എന്ന് വെച്ചു. കാരണം ചെറ്യമ്മയ്ക്ക് (സജിത ചെറ്യമ്മ) നടുവേദനയാണ്‌. അതിന്റെ ട്രീറ്റ്മെന്റും കാര്യങ്ങളുമായി ചാച്ച തിരക്കിലാണ്‌. വെറുതെ അവരെ കൂടെ ബുദ്ധിമുട്ടിക്കണ്ട എന്ന് ചിന്തിച്ചു. പിറ്റേന്ന് ഓപ്പറേഷനു വേണ്ട പണമെല്ലാമടച്ച് ഞാൻ കാത്തിരുന്നു.

വൈകുന്നേരം ഏഴരയ്ക്ക് തന്നെ അമ്മയെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടു പോയി. ആകുല ചിന്തകളുമായി ഞാനൊറ്റയ്ക്ക് ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിൽ. കൂട്ടെന്ന് പറയാനൊക്കില്ലെങ്കിലും ഒരു വയസായ അമ്മയും അവരുടെ മകളും മരുമകനും പിന്നെ വേറൊരു ആളും അവിടെ ഉണ്ടായിരുന്നു.

 എന്തുകൊണ്ടോ മനസിൽ വരുന്നതെല്ലാം അരുതാത്ത ചിന്തകൾ മാത്രം.  പുറത്തേയ്ക്ക് വരുന്നവരോടെല്ലാം ചോദിച്ചു “ഓപ്പറേഷൻ കഴിഞ്ഞോ?” “ഇല്ല ചേച്ചീ.. തുടങ്ങിയിട്ടില്ല. വേറെ ഒരെണ്ണം നടന്നോണ്ടിരിക്ക്യാ എന്ന് മറുപടി വന്നു.
മനസിന്‌ വല്ലാത്ത ഭാരം. നെഞ്ചിൽ എന്തോ കയറ്റി വച്ചതു പോലെ... നെഞ്ച് പൊട്ടി പോകുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു. സങ്കടവും ആകുലതകളും അരുതാത്ത ചിന്തകളും എല്ലാം ചേർന്ന് വല്ലാത്തൊരു വീർപ്പുമുട്ടൽ. കുറേ നേരം ഗായത്രിമന്ത്രം ജപിക്കുവാൻ ശ്രമിച്ചു... പക്ഷേ മനസുറയ്ക്കുന്നില്ല. പരാജയപ്പെട്ടുകൊണ്ടേയിരുന്നു.  എന്ത് ചെയ്യണമെന്നറിയാതെ മനസ് വല്ലാതെ പതറി പതറി... കരയുവാനുള്ള ത്വര തിങ്ങി നില്ക്കുന്നു എങ്കിലും എന്തുകൊണ്ടോ കഴിയുന്നില്ല...

പെട്ടന്ന് വൈബ്രേറ്റർ മോഡിലുള്ള ഫോൺ വിറച്ചു. ചെറ്യച്ഛ വിളിക്കുന്നു. ഞാൻ വേഗം ഫോണെടുത്തു.
“കുഞ്ഞോളേ... നീയെവിടെയാ..?”
“ഞാൻ ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലിരിക്യാ ചാച്ചേ...” എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“എന്ത് പറ്റി?”
“അമ്മയുടെ കുടൽ യോജിപ്പിക്കാനുള്ള ഓപ്പറേഷന്‌ കയറ്റിയിരിക്യാ..”
“ആരാ അവിടെ നിന്റെ കൂടെയുള്ളത്?”
“ആരുമില്ല ചാച്ചേ..”
“ഞാൻ വരണോ..?” എനിയ്ക്ക് അപ്പോഴേക്കും ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഒരു കരച്ചിൽ വന്ന് എന്റെ ശബ്ദം തടഞ്ഞു...
അരമണിക്കൂറിനുള്ളിൽ ചാച്ച വന്നു. കൂടെ ഹരിയേട്ടനും. ഹരിയേട്ടൻ ചാച്ചയുടെ പെങ്ങളെ കല്യാണം കഴിച്ച വ്യക്തിയാണ്‌. അതുകൂടാതെ ഹരിയേട്ടൻ എനിയ്ക്ക് അമ്മായിയുടെ മകനും കൂടെയാണ്‌. അച്ഛയുടെ ഇളയമ്മയുടെ മകളുടെ എനിയ്ക്ക് അമ്മായി) മകനാണ്‌ ഹരിയേട്ടൻ. കല്യാണം കഴിച്ചിരിക്കുന്നത് അച്ഛയുടെ ഇളയച്ഛന്റെ മകളെ (എനിയ്ക്ക് അമ്മായി). അങ്ങനെ രണ്ടുവിധത്തിലും എനിയ്ക്ക് വേണ്ടപ്പെട്ടയാളാണ്‌ ഹരിയേട്ടൻ.

രണ്ടുപേരും എന്റെയടുക്കൽ വന്നിരുന്നു. നെഞ്ചിലെ ഭാരം പതുക്കെ ഒഴിഞ്ഞു പോകുന്നത് ഞാനറിഞ്ഞു. വസന്താച്ച എന്തൊക്കെയോ പറഞ്ഞ് രംഗത്തിന്റെ ഘനത്തിനു ലാഘവം വരുത്തി. പ്രാർത്ഥിക്കുവാൻ പോലും ഞാൻ മറന്നു. ചാച്ച എപ്പോഴും അങ്ങിനെയാണ്‌. എന്തെങ്കിലുമൊക്കെ പറഞ്ഞ് കൂടെയുള്ളവരെ ചിരിപ്പിക്കും. അതുകൊണ്ടുതന്നെ ചാച്ചയ്ക്ക് ഞങ്ങൾ കുറേ പേർ ആരാധകാരായിട്ടുണ്ട്. അദ്ദേഹം റിസർച്ചറാണെങ്കിലും അതിന്റെ യാതൊരു വിധ ജാഡയുമില്ലാത്ത ഒരു വ്യക്തി എന്നത് ‘ചാച്ചയെ പോലെ ആയിരിക്കണം ഞങ്ങളും. ഒരു ജാഡയും ഉണ്ടാകാൻ പാടില്ല എത്ര വലിയ സ്ഥാനത്തെത്തിയാലും എന്നതായിരുന്നു ഞങ്ങളുടെ നയം.

കുറച്ചുകഴിഞ്ഞ് ഹരിയേട്ടൻ ഭക്ഷണം കഴിക്കുവാൻ പോയി. ഭക്ഷണം കഴിച്ചുകഴിഞ്ഞ് വസുധേച്ചിയേയും കൂട്ടി (അമ്മായിയാണെങ്കിലും ചേച്ചി എന്നാണ്‌ വിളിച്ചിരുന്നത്) വന്നു. അപ്പോൾ വസന്താച്ച പോയി ഭക്ഷണം കഴിയ്ക്കാൻ. കുറച്ചുകഴിഞ്ഞ് നടുവേദനയുമുള്ള ചെറ്യമ്മയേയും കൊണ്ട് വന്നു. ഹരിയേട്ടന്റെ വീട്ടിൽ മകൾ പ്രസവിക്കാൻ വന്നിട്ടുള്ളതുകൊണ്ട് അവർക്ക് പോകണമായിരുന്നു. ചാച്ചയും ചെറ്യമ്മയും വന്നു കഴിഞ്ഞപ്പോൾ കുറച്ചുകൂടി നേരം വർത്തമാനം പറഞ്ഞിരുന്ന് അവർ പോയി. ഞാനും ചാച്ചയും ചെറ്യമ്മയും അമ്മയുടെ ഓപ്പറേഷൻ കഴിയുന്നതും കാത്തിരുന്നു.

പന്ത്രണ്ടരയോടെ ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നു. “പേഷ്യന്റ് ഇന്ദുമതിയുടെ ബൈസ്റ്റാന്റർ ഉണ്ടോ?” എന്ന ചോദ്യം വന്നതും ഞങ്ങളോടിച്ചെന്നു. അമ്മയെ കാണിച്ചു തന്ന്, കുഴപ്പമൊന്നുമില്ല, പേടിയ്ക്കാനൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടർ പോയി. അമ്മയെ കൊണ്ട് അവർ ഐ.സി.യു.വിലേയ്ക്കും.

രാത്രി ഏറെ വൈകി. ചാച്ചയും ചെറ്യമ്മയും എന്നോട് റൂമിലേയ്ക്ക് പോകാൻ നിർബന്ധിച്ചു. “ഞാൻ നിങ്ങൾ രണ്ടാളും പോയിക്കഴിഞ്ഞിട്ട് പൊയ്ക്കോളാം ചാച്ചേ...” എന്ന് പറഞ്ഞിട്ടും അവരത് ശ്രദ്ധിച്ചില്ല. എന്നെ നിർബന്ധപൂർവം ലിഫ്റ്റിൽ കയറ്റി ലിഫ്റ്റിന്റെ വാതിൽ അടയുന്നത് വരെ അവർ കാത്തു നിന്നു. എന്നിട്ടവർ പോയി. ഞാൻ ലിഫ്റ്റിൽ മുകളിൽ ചെന്നിറങ്ങി പടിയിറങ്ങി വീണ്ടും ഐ.സി.യു.വിന്റെ മുന്നിൽ വന്നിരുന്നു.

ഓപ്പറേഷൻ കഴിഞ്ഞാൽ അതിനോടനുബന്ധിച്ച് കുറേ മരുന്നുകളുടെ ലിസ്റ്റ് വരും എന്നെനിയ്ക്കറിയാം. അതുകൊണ്ട് ഞാനവിടെ വേണ്ടത് ആവശ്യമാണ്‌. അത് പറഞ്ഞാൽ ചാച്ചയും ചെറ്യമ്മയും പോകില്ല എന്നറിയാം. ചാച്ചയ്ക്ക് പിറ്റേന്ന് ഓഫീസിൽ പോകേണ്ടതാണ്‌. പാവം ചെറ്യമ്മയ്ക്കാണെങ്കിൽ നടുവേദനയുള്ളതാണ്‌. അവർ എന്നോടുള്ള സ്നേഹത്തിന്റെ മുകളിലാണ്‌ എല്ലാം അവഗണിച്ച് അവിടെ വന്ന് എനിയ്ക്ക് കൂട്ടിരുന്നത്.  ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലൊ... എന്ന് മനസ് ചിന്തിച്ചു.

രാത്രി ഒന്നരയായപ്പോഴാണ്‌ മരുന്നിന്റെ ലിസ്റ്റും കൊണ്ട് ഐ.സി.യു.വിൽ നിന്നും നഴ്സ് വന്നത്. ലിസ്റ്റും കൊണ്ട് ഞാനോടി ഫാർമസിയിലേയ്ക്ക്. ഗ്രൌണ്ട് ഫ്ലോറിലാണ്‌ ഫാർമസിയും ക്യാഷ് കൗണ്ടറും.  അന്നാണ്‌ ആ ഫ്ലോറിന്റെ ഭീകരാവസ്ഥ ഞാൻ കണ്ടത്. തികച്ചും വിജനമായി കിടക്കുന്നു. വെളിച്ചമെല്ലാം കെടുത്തിയിരുന്നു. കുറേ കസാരകൾ മാത്രം നിഴലായി അവിടെ. അതിലൂടെ ഞാൻ പണമടയ്ക്കുവാൻ ഹോസ്പിറ്റലിന്റെ മുൻ വശത്തുള്ള ക്യാഷ് കൗണ്ടറിലേയ്ക്ക് ഓടി. അന്തരീക്ഷം ഭീകരമായിരുന്നെങ്കിലും മനസിൽ പേടിയൊന്നും തോന്നിയില്ലായിരുന്നു. സത്യത്തിൽ പേടിയ്ക്കുവാനുള്ള മാനസികാവസ്ഥയൊന്നുമല്ലായിരുന്നു എന്നതായിരുന്നു സത്യം. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു ചെറിയ പേടി തോന്നുന്നുണ്ടെങ്കിലും.

ഐ.സി.യുവിന്റെ മുന്നിൽ വന്ന് അമ്മയ്ക്കുള്ള മരുന്നെല്ലാം കൊടുത്തു റൂമിലേയ്ക്ക് തിരിച്ചു പോരാൻ നോക്കുമ്പോൾ ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിൽ നേരത്തേ കണ്ട അമ്മ ഒറ്റയ്ക്കിരിക്കുന്നു. പ്രാർത്ഥനാനിരതമാണാ മുഖം. ഞാൻ ഒരു നിമിഷം നിന്നു. ആയമ്മയുടെ അടുത്തേയ്ക്ക് ഞാൻ ചെന്നു. “അമ്മ ഒറ്റയ്ക്കാണോ..? ആരുമില്ലേ കൂടെ? ഞാൻ കൂട്ടിരിക്കണോ എന്ന് ഞാൻ ചോദിച്ചു. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ ഒറ്റയ്ക്കിരിക്കുമ്പോഴത്തെ മാനസികാവസ്ഥ കുറച്ചു മണിക്കൂർ മുൻപ് ഞാനറിഞ്ഞതുകൊണ്ടായിരുന്നു ഞാനങ്ങനെ അവരോട് ചോദിച്ചത്.

“ഒറ്റയ്ക്കല്ല. മോളും മരുമകനുമുണ്ട് അവിടെ എന്നവർ മറുവശത്തേയ്ക്ക് ചൂണ്ടി. അവർ ആ അമ്മയെ ഒറ്റയ്ക്കിരുത്തി അപ്പുറത്ത് ഒരു മൂലയിൽ ഒരുമിച്ചിരിപ്പുണ്ടായിരുന്നു!!

ഞാൻ കൂട്ടിരിക്കണമെങ്കിൽ ഇവിടെ ഇരിയ്ക്കാം. എനിയ്ക്ക് ബുദ്ധിമുട്ടില്ല എന്ന് ഞാൻ പറഞ്ഞു. അതുകേട്ടപ്പോഴാണോ എന്തോ മോൾ വേഗം അങ്ങോട്ട് വന്നിരുന്നു. അതുകണ്ട് ഞാൻ റൂമിലേയ്ക്ക് പോയി.

2015 സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 7

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://anaamikam.blogspot.in/2015/08/part-6.html



അമ്മയുടെ ആരോഗ്യം ദിനംപ്രതി നന്നായി വരുന്നുണ്ട്. ക്രിസ്തുമസ് വെക്കേഷൻ പ്രമാണിച്ച് വല്യേട്ടനും കുടുംബവും വരുന്നുണ്ട് കുറച്ച് ദിവസത്തേയ്ക്ക്. ഏടത്തിയമ്മയ്ക്ക് അമ്മയെ മാനേജ് ചെയ്യാൻ പറ്റും എന്ന ഉറപ്പിൽ രണ്ട് ദിവസത്തേയ്ക്ക് ഞാൻ ബാംഗ്ലൂർ പോകാൻ തീരുമാനിച്ചു. എല്ലാത്തിൽ നിന്നും ഒരു താല്ക്കാലികമാറ്റം എനിയ്ക്കാവശ്യമുണ്ടായിരുന്നു. അന്തം വിട്ടുറങ്ങുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ അത്യാവശ്യം!! കൊളോസ്റ്റമി ബാഗ് ഞാൻ വരുന്നതുവരെയും ഉറച്ചിരിക്കും എന്ന വിശ്വാസത്തിൽ ഏടത്ത്യമ്മയെ ഏല്പ്പിച്ചു. ചുമരിൽ പതിച്ചു വെച്ചിട്ടുള്ള ടൈം ടേബിൾ പ്രകാരം ഭക്ഷണം കൊടുക്കുവാൻ പറഞ്ഞേല്പ്പിച്ചു. ഡിസംബർ 23 -ആം തിയതി ഞാൻ ബാംഗ്ലൂരിലേയ്ക്ക്. 21 - ആം തിയതി ഏട്ടനും കുടുംബവും വന്നിരുന്നു. ആ രണ്ട് ദിവസത്തിൽ ഏടത്ത്യമ്മയ്ക്ക് വേണ്ട പരിശീലനം നല്കി.

ബാംഗ്ലൂരിൽ എന്റെ മുറിയിൽ. ഇടയ്ക്കിടെ ഏടത്ത്യമ്മയുടെ ഫോൺ വിളികൾ എത്തി. “ഉണ്ണീ​‍ീ.. അമ്മ അത് വേണം എന്ന് ചോദിക്കുന്നു.. കൊടുക്കണോ..? ഇതു വേണമെന്ന് വാശി പിടിക്കുന്നു... കൊടുക്കണോ...? അമ്മയ്ക്ക് പച്ചക്കറി വേവിച്ചത് എത്ര കൊടുക്കണം? അമ്മ ഇനീം വേണമെന്ന് വാശി പിടിക്കുന്നു.. കൊടുക്കണോ..?” ഇങ്ങനെ ഇടയ്ക്കിടെ ചോദ്യങ്ങൾ. അമ്മ വാശി പിടിച്ചാൽ ‘ഇത്ര തരാനേ ഉണ്ണി പറഞ്ഞിട്ടുള്ളൂ. ഇനീം വേണമെന്ന് വാശി പിടിച്ചാൽ ഉണ്ണിയോട് പറയും എന്നും പറഞ്ഞേക്കൂ എന്ന് അമ്മയോട് പറയാൻ ഞാൻ നിർദ്ദേശിച്ചു. അത് പറഞ്ഞാൽ പിന്നെ ‘ഭദ്രകാളി എന്ന മുറുമുറുപ്പോടെ അമ്മ അടങ്ങും. എനിയ്ക്ക് അമ്മ തന്ന ഓമനപ്പേരാണത്!! കാരണം, ഭീഷണിയും പിണക്കവും പരിഭവവും വഴക്കുമൊക്കെ എന്റെ ആയുധങ്ങളാക്കി ഞാൻ ഭദ്രകാളിയെ പോലെ പൊരുതുകയാണല്ലോ അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുവാനായി.

ഒരു ദിവസം ഏടത്ത്യമ്മയുടെ പരിഭ്രമം നിറഞ്ഞ വിളി. ക്രിസ്തുമസ്സിനന്നാണ്‌. “അമ്മയുടെ കൊളോസ്റ്റമി ബാഗ് അഴിഞ്ഞു പോന്നു. എന്ത് ചെയ്യണം.?” വല്യേട്ടൻ പഠിച്ച പണിയൊക്കെ നോക്കി പരാജയപ്പെട്ടു. അതിനൊരു നേക്കുണ്ട് അതിനനുസരിച്ച് ചെയ്താൽ മതി എന്ന് നിർദ്ദേശിച്ചു. രക്ഷയില്ല. ഫോണിലൂടെ ആകുംവിധമൊക്കെ വിശദീകരിച്ചു കൊടുത്തു. എന്നിട്ടും പറ്റുന്നില്ല. ബാഗ് ഒട്ടിക്കാൻ നോക്കുമ്പോൾ ഖരരൂപത്തിൽ മലം പുറത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. അതാണ്‌ പ്രശ്നം. “എന്തിനാ അമ്മ ഇങ്ങനെ കഴിക്കുന്നത്? ഇതെപ്പഴുമെപ്പഴും ഇങ്ങനെ തിന്നോണ്ടിരിക്കേണ്ട ആവശ്യണ്ടോ?” എന്നൊരു ചോദ്യം വല്യേട്ടന്റെ വായിൽ നിന്നും വന്നു. അതുകേട്ടപ്പോൾ എനിയ്ക്ക് കലി വന്നു. “അങ്ങനെ കൊടുത്തിട്ടാ അമ്മയ്ക്ക് ഇത്രയെങ്കിലും ആരോഗ്യം കിട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി ഒരു പരാതിയുമില്ലാതെ ഞാനമ്മയെ നോക്കുന്നു. രണ്ട് ദിവസം നോക്ക്യപ്പോഴേയ്ക്കും മടുപ്പായോ??!!” ഞാൻ ചോദിച്ചു. ഏട്ടൻ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തെ കുറ്റം പറയാനും ഒക്കില്ല. കാരണം, അല്ലെങ്കിലേ ആളൊരു ലോലഹൃദയനാണ്‌. അങ്ങനെയുള്ള ആളാണ്‌ അമ്മയുടെ കുടലൊക്കെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്‌ ടെൻഷനായി എന്നതാണ്‌ സത്യം. വീട്ടിൽ മനക്കട്ടിയുള്ളവർ ഞാനും കുഞ്ഞേട്ടനുമാണ്‌. വല്യേട്ടൻ പാവമാണ്‌.

അവർ ഉടൻ തന്നെ അടുത്തുള്ള ഹെൽത് സെന്ററിലെ നഴ്സിനെ വിളിപ്പിച്ചു. അവർ അത് ശരിയാക്കി പോയി. പക്ഷേ അത് ശരിയായി ഘടിപ്പിച്ചില്ലായിരുന്നു. അത് വീണ്ടും വിട്ടുപോന്നു. അടുത്തുള്ള ഹോസ്പിറ്റലുകളിൽ കൊണ്ടുപോയി. പക്ഷേ അവരൊന്നും എടുത്തില്ല. അവർക്ക്‌ ഡോക്ടർ നല്കുന്ന കേസ്‌ ഹിസ്റ്ററി വേണമത്രേ.. പൂർണ്ണമായി ഡിസ്ചാർജ്ജ്‌ ആയിട്ടില്ലാത്തതിനാൽ (ആരോഗ്യസ്ഥിതി മെച്ചമായി ഇനിയുമുള്ള ശസ്ത്രക്രിയകളും കഴിഞ്ഞാലേ പൂർണ്ണമാകൂ) ഡോക്ടർ കേസ് ഹിസ്റ്ററി തന്നിട്ടുമില്ല. അതുകൊണ്ട് അമ്മയുടെ അരയ്ക്ക് ചുറ്റും ഡയപ്പർ ചുറ്റി ഏട്ടനും ഏടത്ത്യമ്മയും കൂടി അമ്മയെ വെസ്റ്റ് ഫോർട്ട് ഹൈടെക്കിലേയ്ക്ക് തന്നെ കൊണ്ടു പോയി. ഈയൊരു കൊളോസ്റ്റമി ബാഗിനെ പ്രതി ഏട്ടനും ഏടത്ത്യമ്മയും തീരുമാനിച്ച് അമ്മയെ അവിടെ കാഷ്വാലിറ്റിയിൽ അന്ന് 25 - ന്‌ രാത്രിയും പിറ്റേന്ന് 26 - ന്‌ പകലും അവിടെ അഡ്മിറ്റ് ചെയ്യിച്ചു!! ഞാൻ 26 - ന്‌ തിരിച്ച് പുറപ്പെടും. 27 - ന്‌ രാവിലെ അവിടെ എത്തും. അതാണ്‌ അവരുടെ ആശ്വാസം.

27 - ന്‌ രാവിലെ ഞാൻ തിരിച്ചെത്തി. വല്യേടത്ത്യമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. പ്രധാന ഡോക്ടർ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയല്ലോ!! 28 - ന്‌ അവർക്ക് തിരിച്ച് പോണം. അവർ പോയി. വീണ്ടും ഞാനും അമ്മയും മാത്രം. അമ്മ അവർ വന്ന വിശേഷങ്ങളൊക്കെ പങ്ക് വെച്ചു. അമ്മയെ പതുക്കെ പിടിച്ച് കസേരയിലൊക്കെ ഇരുത്താറായിരുന്നു ഞാൻ പോകുമ്പോൾ തന്നെ. ഏടത്ത്യമ്മ അങ്ങനെ അമ്മയെ പതുക്കെ പിടിച്ച് കൊണ്ടുപോയി കിഴക്കേപ്പുറത്ത് ഇറയത്ത് കസേരയിൽ ഇരുത്തി ക്രിസ്തുമസ്സിനുള്ള ചിക്കൻ കറി വെയ്ക്കുകയായിരുന്നു. അമ്മയാണെങ്കിൽ മുറ്റത്ത് കുട്ടികൾ (ഏട്ടന്റെ മക്കൾ) കളിയ്ക്കുന്നത് നോക്കിയിരിക്കുന്നു. അതിനിടയിൽ അമ്മയുടെ ബാഗ് നിറഞ്ഞു. അതാരും ശ്രദ്ധിച്ചില്ല. അമ്മയും അതോർക്കാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് റൂമിലേയ്ക്ക് പോരണം എന്ന് പറഞ്ഞു. ഏടത്ത്യമ്മ പതുക്കെ അമ്മയെ പിടിച്ച് അകത്തേയ്ക്ക് കൊണ്ടു വരുന്നതിനിടയിൽ തൂങ്ങിക്കിടന്നിരുന്ന ബാഗ് ഭാരം കൊണ്ട് വിട്ടു പോന്നു. അതാണ്‌ സംഭവിച്ചത്. 
“പാവം ബാഷ (ഏടത്ത്യമ്മയുടെ വിളിപ്പേര്‌). അവൾ ഉണ്ടാക്കിയ ചിക്കനൊക്കെ കരിഞ്ഞു പോയെടീ മോളേ.. ഇതങ്ങ്  വിട്ടു പോന്നപ്പോൾ ബാഷയുടെ മുഖം കാണണം. ആകെ വെളുത്ത് വിളറി! പാവം ആകെ പേടിച്ചു പോയി എന്താ ചെയ്യേണ്ടത് എന്നറിയാതെ!!” അമ്മയ്ക്ക് പാവവും തമാശയും തോന്നിയെന്ന്. കേട്ടപ്പോൾ എനിയ്ക്കും പാവം തോന്നി. വല്ല വീട്ടിൽ നിന്നും വന്ന പെണ്ണാണ്‌. അവരിതൊക്കെ ചെയ്യുന്നുണ്ടല്ലോ... അക്കാര്യത്തിൽ എന്റെ വല്യേടത്ത്യമ്മയും കുഞ്ഞേടത്ത്യമ്മയും  ഒരുപോലെ തന്നെയായിരുന്നു. യാതൊരു വിധ അറപ്പോ വെറുപ്പോ മടിയോ കൂടാതെ അവർ അമ്മയെ പരിപാലിച്ചിരുന്നു. ഏതാനും ദിവസത്തേയ്ക്ക് മാത്രമാണെങ്കിൽ കൂടി അവർ നന്നായി ആത്മാർത്ഥമായിത്തന്നെ കാര്യങ്ങൾ ചെയ്തിരുന്നു.

രണ്ട് ദിവസം കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി. 31 - ആം തിയതി പകൽ പലപ്പോഴും അമ്മ കണ്ണിനെന്തോ മങ്ങൽ എന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനത് അവഗണിച്ചു. ‘അതമ്മയ്ക്ക് ക്ഷീണം കൊണ്ട് തോന്നുന്നതാണ്‌ എന്നാശ്വസിപ്പിച്ചു. അന്ന് തന്നെ രാത്രി അമ്മയ്ക്ക് രാത്രി ഭക്ഷണം കൊടുക്കുവാനായി അമ്മയെ ഞാൻ താങ്ങിയിരുത്തി. ഭക്ഷണം കൊടുക്കുന്നതിനിടയിൽ തന്നെ അമ്മ പിന്നാക്കം മറിഞ്ഞു വീണു. തന്നെയിരിക്കുവാൻ സാധിക്കാത്തതുകൊണ്ടാണ്‌ വീണത് എന്ന് കരുതി ഞാൻ വീണ്ടും അമ്മയെ താങ്ങിയെണീപ്പിച്ചിരുത്തി ഭക്ഷണം കൊടുക്കൽ തുടർന്നു.

അത് കഴിഞ്ഞ് ഞാൻ അടുക്കളയിൽ എനിയ്ക്ക് വേണ്ടി എന്തെങ്കിലുമുണ്ടാക്കുവാൻ കയറി. സമയം 7 മണിയായിട്ടുണ്ടാകും. അതിനിടയിൽ അമ്മയ്ക്ക് കൊടുക്കുവാനുള്ള തൈര്‌ തീർന്നെന്നറിഞ്ഞ് ഞാൻ മുത്തുവിനെ വിളിച്ചു പറഞ്ഞു ഒരു പേക്കറ്റ് തൈര്‌ വാങ്ങിക്കൊണ്ടു വരാൻ. അവൻ ജോലി കഴിഞ്ഞെത്തുമ്പോൾ വാങ്ങിക്കൊണ്ടു വരാം എന്നും പറഞ്ഞു. ഞാനെന്റെ അടുക്കളപ്പണിയിൽ മുഴുകി. അതിനിടയിൽ അമ്മയോടും വർത്തമാനം പറയുന്നുണ്ട്. അപ്പോഴും അമ്മ പറയുന്നു, “മോളേ എനിയ്ക്ക് ഇടയ്ക്കിടെ കണ്ണ്‌ കാണാൻ പറ്റുന്നില്ലെടീ..” എന്ന്. “ഓ.. അതൊന്നുമല്ലമ്മേ... അമ്മേടെ കണ്ണടിച്ചു പോയിക്കാണും. അതാ കണ്ണ്‌ കാണാത്തെ. ഇത്ര നാളായില്ലേ ഒരേ കിടപ്പ്? ബ്ലഡ് സർക്കുലേഷനൊന്നും ഇല്യാത്തോണ്ട് അമ്മേടെ കണ്ണടിച്ചു പോയിട്ടുണ്ടാകും. ഉറപ്പാ“ഞാൻ വേണ്ടത്ര ഗൗരവമൊന്നും കൊടുക്കാതെ പറഞ്ഞു. “അയ്യോ...” എന്നൊരു ചെറുരോദനം മാത്രം അമ്മയിൽ നിന്നും ഉയർന്നു. പിന്നെ ആള്‌ മിണ്ടാതെ കിടന്നു.

ഞാൻ ചെന്ന് അടുത്ത ഗഡു ഭക്ഷണവും കൊടുത്തു. അന്നേരം അമ്മയ്ക്ക് മൂത്രമൊഴിക്കണം എന്ന് പറഞ്ഞു. അടുക്കളപ്പണിയൊക്കെ തീർത്തിരുന്നു അപ്പോഴേക്കും. ഇനി ഞാൻ കഴിയ്ക്കുകയേ വേണ്ടൂ. അമ്മയ്ക്കുള്ള ഭക്ഷണവും കൊടുത്തു. അമ്മയെ മൂത്രമൊഴിപ്പിച്ച് കിടത്തിക്കഴിഞ്ഞാൽ എനിയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കാം. അമ്മയെ പിടിച്ചെഴുന്നേല്പ്പിച്ച് പതുക്കെ ക്ലോസറ്റിന്റെയരുകിലേയ്ക്ക് നടത്തി. അതിൽ അമ്മയെ ഇരുത്തി ഞാനരികിൽ തന്നെ നിന്നു. അതാണ്‌ പതിവ്. നോക്കി നില്ക്കെ അമ്മയതാ പുറകിലേയ്ക്ക് ചായുന്നു. കൃഷ്ണമണിയൊക്കെ പിറകിലേയ്ക്ക് മറിയുന്നു. വായ് പാതി തുറന്ന മട്ടിൽ. “അമ്മേ...” എന്നലറി വിളിച്ച് ഞാനമ്മയെ പിടിച്ചു. അമ്മയുടെ കണ്ണുകൾ തുറിച്ചും വായ് പാതി തുറന്നും  തന്നെയിരിക്കുന്നു. ഞാൻ വിളിച്ചിട്ടും വിളി കേൾക്കുന്നില്ല. കൈകളെല്ലാം വെറുങ്ങലിച്ചിരിക്കുന്നു. ഞാൻ കുറച്ച് വെള്ളമെടുത്ത് അമ്മയുടെ മുഖത്തേയ്ക്ക് തളിച്ചു. മാറ്റമില്ല. മൊത്തത്തിൽ വെറുങ്ങലിച്ച അവസ്ഥയിൽ അമ്മ.

ഞാനുറക്കേ “മാഷേ.. മാഷേ...” എന്നലറി വിളിച്ചു. തൊട്ടുവടക്കേതിലെ അജയൻ മാഷെയാണ്‌. പക്ഷേ ഞങ്ങളുടെ വീടിന്റെയും മാഷിന്റെ വീടിന്റെയും ജനലുകളും വാതിലുകളുമെല്ലാം സന്ധ്യാനേരത്ത് തന്നെ അടച്ചിടുന്നതുകൊണ്ട് എന്റെ ശബ്ദം ഞങ്ങളുടെ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തന്നെ കറങ്ങിയവസാനിച്ചു. എന്റെ മനസിലെ പ്രതീക്ഷയറ്റു. ഞാൻ അമ്മയെ നോക്കി കരയുകയാണ്‌.

കണ്ണുകൾ തുറിച്ച്, കൃഷ്ണമണികൾ മറിഞ്ഞ്, വായ് പാതി തുറന്ന്, കൈകാലുകൾ വെറുങ്ങലിച്ച് അമ്മ എന്റെ കൈകളിൽ.. അമ്മയെ അവിടെ വിട്ട് പുറത്തേയ്ക്ക് പോകാൻ എനിയ്ക്കാവില്ല. ഞാൻ കൈവിട്ടാൽ അമ്മ മറിഞ്ഞു വീഴും. ക്ലോസറ്റിന്മേലിരിക്കുന്ന അമ്മയെ വിട്ട് പോയാൽ ഒരുപക്ഷേ അമ്മ എവിടെയെങ്കിലും തലയിടിച്ച് വീഴും. എന്റെ മനസ് അപ്പോൾ എന്തുകൊണ്ടോ പറഞ്ഞു ‘അമ്മ പോകുകയാണ്‌ എന്നെ വിട്ട്.. എന്നേയ്ക്കുമായി...’ എങ്കിൽ അമ്മ എന്റെ നെഞ്ചോട് ചേർന്ന് പോകട്ടെ എന്ന് മനസിൽ ചിന്തിച്ച് ഞാനെന്റെ അമ്മയെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

കണ്ണുകൾ ധാരയായി ഒഴുകുന്നുണ്ട്. ഇടയ്ക്കിടെ ‘അമ്മേ..’ എന്നത് തേങ്ങലായി ഉയരുന്നു. രണ്ട് മൂന്ന് മിനുട്ട് നേരം അങ്ങനെ തുടർന്നു. അമ്മയെ നെഞ്ചോട് ചേർത്ത്... വിങ്ങി വിങ്ങി.. നിസ്സഹായാവസ്ഥയുടെ മൂർദ്ധന്യത്തിൽ ഞാൻ തനിച്ച്... പെട്ടന്ന് അമ്മയിൽ ഒരനക്കം. “എനിയ്ക്കൊന്നുമില്ല മോളേ... മോള്‌ പേടിച്ചു പോയോ...?” അമ്മയുടെ ശബ്ദം. തികട്ടിവന്ന കരച്ചിൽ അടക്കി നിർത്താതെ തന്നെ ഞാനമ്മയെ മുറുകെ കെട്ടിപ്പിടിച്ചു. അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അപ്പോഴും അമ്മയുടെ ദൃഷ്ടികൾ ഉറച്ചിട്ടില്ല എങ്കിലും അമ്മ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു “അമ്മയ്ക്കൊന്നുമില്ല മോളേ... മോള്‌പേടിക്കണ്ട..”

എന്റെ മനസിൽ ഒരു കുളിരു വീണു.. ആശ്വാസത്തിന്റെ കുളിര്‌. അമ്മയൊന്ന് നോർമ്മലാകാൻ ഞാൻ പിന്നെയും കുറച്ച് നേരം അതേ നില്പ് തുടർന്നു. പിന്നീട് അമ്മയെ പതുക്കെ എഴുന്നേല്പ്പിച്ച് കൊണ്ടുപോയി കിടത്തി. സോഡിയം കുറഞ്ഞതുകൊണ്ടാകും എന്ന് കരുതി ഉടൻ തന്നെ നാരങ്ങാവെള്ളം ഉപ്പിട്ട് കൊടുക്കാനായി കലക്കി. പെട്ടന്ന് തന്നെ സോഡിയം കൂടാൻ ഞാൻ അര ടീസ്പൂൺ ഉപ്പിനു പകരം ഒന്നര ടീസ്പൂൺ ഉപ്പ് കലക്കിയിരുന്നു. അതൊരു മണ്ടത്തരമായിരുന്നു എന്ന് ഉടൻ മനസിലായി. നാരങ്ങാവെള്ളം കൊടുത്തയുടനെ തന്നെ അമ്മയതെല്ലാം ശർദ്ദിച്ചു. അന്ന് മനസിലാക്കി ഉപ്പധികം ചെന്നാൽ നമ്മൾ ശർദ്ദിക്കും എന്ന്.

ഉടൻ തന്നെ ഡോക്ടർ വർഗ്ഗീസിനെ വിളിച്ചു. “ഇന്ന് രാത്രി മുഴുവൻ ഒബ്സർവ് ചെയ്യൂ.. എന്തെങ്കിലും കുഴപ്പമുണ്ടായാൽ, വീണ്ടും ബോധം കെടുകയോ മറ്റോ ചെയ്താൽ അമ്മയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോരൂ. നമുക്ക് അഡ്മിറ്റ് ചെയ്യാം. അല്ലെങ്കിൽ നാളെ കൊണ്ടുവന്ന് അഡ്മിറ്റാക്കാം. എന്ന് അദ്ദേഹം പറഞ്ഞു.

ഞാനക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ “നമുക്ക് രാത്രി മുഴുവൻ ഇരിക്കണ്ട മോളേ.. എന്റെ മോളിവിടെ ഒറ്റയ്ക്കല്ലേ.. രാത്രിയെങ്ങാനും വല്ലതും പറ്റിയാൽ നീയാരെ വിളിക്കാനാ..? നമുക്കിപ്പോൾ തന്നെ ആശുപത്രിയിലേയ്ക്ക് പോകാം എന്ന് അമ്മ നിർദ്ദേശിച്ചു. അതൊരു നല്ല നിർദ്ദേശമായി എനിയ്ക്കും തോന്നി. അപ്പോഴാണ്‌ മുത്തു തൈരും കൊണ്ട് വന്നത്. അവനോട് കാര്യം പറഞ്ഞു. “എങ്കിൽ നമുക്ക് കാറ്‌ വിളിക്കാം ചേച്ചീ.. ചേച്ചിയൊരുങ്ങിക്കോളൂ എന്നവൻ പറഞ്ഞു. ജയൻ ചേട്ടന്റെ കാറ്‌ വിളിക്കാനായി ചേട്ടനെ വിളിച്ചപ്പോൾ നമ്പർ ബിസി. ഉടൻ അടുത്തുള്ള സുനിയെ വിളിച്ചു. അവൻ വരാമെന്നേറ്റു.

അന്നേരമാണെനിയ്ക്ക് തോന്നിയത്, അമ്മയുടെ ആരോഗ്യനില മോശമാണ്‌. കാറിലാകുമ്പോൾ എത്താൻ സമയമെടുക്കും. 34 കി.മീറ്ററുകളുണ്ട്. ഇടയ്ക്ക് എന്തെങ്കിലും എമർജൻസി വേണ്ടി വന്നാൽ കാറിൽ അതിനുള്ള സൗകര്യമില്ല. ആംബുലൻസ് വിളിക്കുന്നതായിരിക്കും നല്ലത്. ഞാനത് മുത്തുവിനോട് പറഞ്ഞു. മുത്തുവും അത് ശരി വെച്ചു. ഉടൻ ആക്റ്റിന്റെ ആംബുലൻസ് വിളിച്ചു. അവർ അപ്പോൾ തന്നെ എത്താമെന്ന് പറഞ്ഞു. ഞാൻ വേഗം പോയി ആശുപത്രി വാസത്തിനുള്ളതൊക്കെ എടുത്തു വെച്ചു.

രാത്രി 8 മണി കഴിഞ്ഞിരുന്നു അപ്പോൾ. ആംബുലൻസ് ശബ്ദമൊക്കെയിട്ട് പാഞ്ഞെത്തി. ആംബുലൻസിന്റെ ശബ്ദം കേട്ട് അയലക്കത്തുള്ളവരൊക്കെ ഓടി വന്നു. “ഓഹ്!! ഇന്ദ്വേച്ചിയ്ക്ക് വേണ്ടിയാണോ ആംബുലൻസ് വന്നത്??!! അതിനിനി അധികം ഇല്ലല്ലോ..” എന്ന് ചിലരൊക്കെ പറഞ്ഞതായി പിന്നീട് ഞാനറിഞ്ഞു. ആരാണത് പറഞ്ഞത് എന്ന് എന്നെ അറിയിച്ചില്ലെങ്കിലും... അത് മനസിൽ വേദനയായി. അവരേയും പറഞ്ഞിട്ട് കാര്യമില്ല. അത്ര അവശനിലയായിരുന്നു അമ്മയുടേത്. ആരും പ്രതീക്ഷിച്ചതല്ല അമ്മ തിരിച്ചെത്തും എന്ന്. ആ പ്രതീക്ഷ എനിയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ... എനിയ്ക്ക് മാത്രം...

ആംബുലൻസുകാർ വേഗം സ്ട്രച്ചറെടുത്ത് കൊണ്ടുവന്ന് അമ്മയെ അതിലേയ്ക്ക് കയറ്റി കിടത്തി ആംബുലൻസിലേയ്ക്ക്. ഞാൻ പുറകേ കയറാനൊരുങ്ങിയപ്പോൾ മുത്തു അടുത്ത് വന്ന് ചോദിച്ചു “ചേച്ചീ.. ഒറ്റയ്ക്ക് പോകുമോ..? ആരെങ്കിലും കൂടെ വരണോ..?”  “കൂടെയുണ്ടായിരുന്നെങ്കിൽ... എന്നെനിയ്ക്കാഗ്രഹമുണ്ട്… നിനക്ക് വരാനൊക്കുമെങ്കിൽ നീ വരുമോ? എന്ന് അവന്‌ ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയിൽ പാതി മനസോടെ ഞാൻ ചോദിച്ചു. ബൈക്ക് മുറ്റത്ത് ഒതുക്കി അവൻ വീട്ടിൽ വിളിച്ച് പറഞ്ഞ് എന്റെ കൂടെ പോന്നു. അതൊരു ആശ്വാസമായിരുന്നു. അല്ലെങ്കിലും എന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം എന്റെ കുഞ്ഞനിയനായി അവൻ ഉണ്ടാകാറുണ്ടായിരുന്നു.

ആംബുലൻസ് ചീറിപ്പാഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക്. കാഷ്വാലിറ്റിയിൽ അമ്മയെ പ്രവേശിപ്പിച്ചു. അവർ രക്തപരിശോധന നടത്തിയപ്പോൾ ഹീമോ ഗ്ലോബിന്റെ അളവ് 8 പോയിന്റ്. ഇനിയും കാത്തിരുന്നിരുന്നെങ്കിൽ അത് പിന്നെയും കുറഞ്ഞ് ഒരുപക്ഷേ അമ്മയുടെ അവസ്ഥ ഗുരുതരമായേനെ എന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

ആക്റ്റ് പണമൊന്നും വാങ്ങിയില്ല. എത്രയോ കി.മീറ്ററുകൾക്കുള്ളിലെ സേവനത്തിന്‌ പണം വേണ്ടത്രേ... അത് കേട്ടപ്പോൾ മനസിൽ തീരുമാനമെടുത്തു. കയ്യിൽ കാശ് വരുമ്പോൾ ആക്റ്റിന്‌ സംഭാവന കൊടുക്കണം. എത്രയോ സന്നിഗ്ദ്ധഘട്ടങ്ങളിൽ എത്രയോ നിരാലംബർക്ക് ഇവരുടെ സേവനം ആശ്വാസമാകുന്നുണ്ടാകും. ആഗ്രഹം ഇതുവരെ സാധിച്ചിട്ടില്ല എങ്കിലും.. സാധിക്കും. ഇപ്പോഴത്തെ സാമ്പത്തിക അനിശ്ചിതാവസ്ഥയൊക്കെ മാറും. അന്ന് ഞാനത് ചെയ്യും. പറ്റുമ്പോഴൊക്കെ ആവും വിധം ഞാൻ അവർക്ക് സംഭാവന നല്കും. അതെന്റെ തീരുമാനമാണ്‌. അമ്മയെ കൊണ്ടുവന്ന ആംബുലൻസിൽ തന്നെ മുത്തു തിരിച്ചു പോയി. അമ്മ ഐ.സി.യു.വിൽ അഡ്മിറ്റായി. വീണ്ടും ആശുപത്രി ജീവിതം. എത്ര നാളേയ്ക്ക്...
 
                             
                                  (തുടരും...)

2015 ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 6



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
 
പരിചരണവും വഴക്കും പരിഭവവും എല്ലാമായി രണ്ടാഴ്ച കടന്ന് പോയി. ഡോക്ടറെ കാണുവാൻ ചെല്ലണമെന്ന് പറഞ്ഞ സമയമായി. പോകുന്നതിനു തലേദിവസം തന്നെ രക്തപരിശോധന നടത്തി. പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, ഹീമോഗ്ലോബിൻ മുതലായവയെല്ലാം പരിശോധിച്ചു. കുറച്ച് പുരോഗമനമുണ്ട് എല്ലാത്തിലും. പിറ്റേന്ന് ഡോക്ടറെ കാണുവാൻ ഹോസ്പിറ്റലിൽ പോയി. വീൽ ചെയറിൽ ഇരുത്തിയാണ്‌ കൊണ്ടുപോകുന്നത്. അവിടെയുള്ള സെക്യൂരിറ്റി ചേട്ടന്മാരും സ്വീപ്പർ ചേച്ചിമാരും നഴ്സുമാരും ഡോക്ടർമാരും എല്ലാം നല്ല പരിചയമാണ്‌.

അമ്മയെ കാണുമ്പോഴേയ്ക്കും സെക്യൂരിറ്റി ചേട്ടന്മാരും സ്വീപ്പർ ചേച്ചിമാരും ഓടിയെത്തും. വിശേഷമറിയുവാൻ. അമ്മയെ വീൽ ചെയറിലാക്കി കൊണ്ടുപോകുവാൻ എല്ലാവരും നല്ല ഉൽസാഹം കാണിക്കും. അവരുടെ അറിവിൽ ആ ഹോസ്പിറ്റലിലേയ്ക്ക് മരിച്ചു എന്ന് തീരുമാനിച്ച് വന്ന് പിന്നീട് തിരികെ ജീവനോടെ പോയ രണ്ടാമത്തെ രോഗിയാണ്‌ ഇന്ദുമതി. ആദ്യത്തേത് ഒരു മീരയായിരുന്നു എന്ന് അവർ പറഞ്ഞുള്ള അറിവ്. അതുകൊണ്ടുതന്നെ ഇവർ രണ്ട് പേരെയും അവരെല്ലാം നന്നായി ഓർക്കുന്നു.

ഡോക്ടറെ കണ്ടു. ഇതേ പോലെ തന്നെ പരിചരണം തുടരുക എന്ന് നിർദ്ദേശം ലഭിച്ചു. അമ്മയുടെ കത്തീറ്റർ എടുത്ത് മാറ്റിയിരുന്നു. തിരിച്ചു പോരുന്ന വഴി അടുത്ത തവണ വരുന്നതു വരേയ്ക്കും ആവശ്യമുള്ള കൊളോസ്റ്റമി ബാഗുകളും പശയും പഞ്ഞിയുമെല്ലാം വാങ്ങി പോന്നു. ആദ്യത്തെ വരവിൽ തന്നെ അമ്മയ്ക്ക് വേണ്ടി ഒരു ഹോസ്പിറ്റൽ ബെഡും വാങ്ങിയിരുന്നു. അമ്മയുടെ ശരീരത്തിൽ ഒട്ടും മാംസമില്ലാത്തതുകൊണ്ട് സാധാരണ കിടക്കയിൽ കിടക്കുവാൻ അമ്മയ്ക്കാവില്ലായിരുന്നു.

അമ്മയുടെ ഭക്ഷണ രീതിയിൽ ചെറിയ മാറ്റം വന്നു. അര മണിക്കൂറിൽ 50 മി.ലി. എന്നത് 100 മി.ലി. ആയി. ചെറിയ തോതിൽ, എന്ന് വച്ചാൽ വളരെ ചെറിയ തോതിൽ ഖരരൂപത്തിലുള്ള ഭക്ഷണവും കൊടുക്കാം. വീണ്ടും കഴിഞ്ഞ രണ്ടാഴ്ചകളുടെ തനിയാവർത്തനം. പരിചരണം, പിണക്കം, വഴക്ക്, പരിഭവം. പക്ഷേ എടുത്തു പറയേണ്ടത് എന്തെന്നാൽ, എന്റെ വഴക്കും പിണക്കവും പരിഭവവുമൊന്നും അമ്മയെ ഒട്ടുമേ ബാധിക്കുന്നില്ല എന്നതായിരുന്നു. ആൾ അതൊന്നും മനസിലേയ്ക്കേ എടുത്തിരുന്നില്ല.

തനിയെ എഴുന്നേല്ക്കുവാനോ നടക്കുവാനോ ഉള്ള ആരോഗ്യം അപ്പോഴും ഇല്ലായിരുന്നു അമ്മയ്ക്ക്. മറ്റേണിറ്റി നൈറ്റി ആണ്‌ അമ്മയെ ഉടുപ്പിച്ചിരുന്നത്. അത് പുറം തിരിച്ചിടും. പിൻ ഭാഗം എപ്പോഴും തുറന്ന് കിടക്കും. അമ്മയെ വസ്ത്രം മാറ്റുവാനും വൃത്തിയാക്കുവാനും എളുപ്പം അതായിരുന്നു. അമ്മയെ മൂത്രമൊഴിപ്പിക്കുവാനായി കൊണ്ടുപോകുമ്പോൾ അമ്മയുടെ നഗ്നമായ പുറം ഭാഗം കാണാം. അരങ്ങ് പോലെ ചർമം ഞൊറിയായി കിടക്കും കാലുകളുടെയും തുടകളുടെയും പിൻഭാഗത്തും പുറത്തും. അത് കാണുമ്പോഴൊക്കെ ഉള്ളിൽ സങ്കടം നുരഞ്ഞ് പൊന്തും. എത്ര തടിയും ആരോഗ്യവുമുള്ള വ്യക്തിയായിരുന്നു എന്ന് അറിയാതെ മനസ് ചിന്തിക്കും. അത്രകണ്ട് പരിതാപകരമായിരുന്നു അമ്മയുടെ അവസ്ഥ. എങ്കിലും മനസ് മാത്രം അതിശക്തമായി, ഒട്ടും പതറാതെ. അതാണ്‌ അമ്മയ്ക്ക് ദൈവം നല്കിയ അനുഗ്രഹം എന്ന് തോന്നുന്നു. 

അമ്മയെ കാണുവാൻ സന്ദർശകരെ അനുവദിച്ചു തുടങ്ങിയിരുന്നു ഞാൻ. അമ്മയുടെ ഇൻഫെക്ഷൻ സാധ്യത കുറഞ്ഞു. നാട്ടുകാരൊക്കെ പരസ്പരം പറഞ്ഞു തുടങ്ങിയിരുന്നു ‘അനുവിന്‌ ആരും ചെല്ലുന്നത് ഇഷ്ടമല്ല എന്ന്. കാരണം എന്തായിരുന്നു എന്നത് ആരും അറിഞ്ഞതുമില്ല അന്വേഷിച്ചതുമില്ല. വന്നവരോടെല്ലാം ഞാൻ കാര്യത്തിന്റെ അവസ്ഥ പറഞ്ഞു കൊടുത്തു. പലരും കുറച്ച് ദൂരെ നിന്ന് അമ്മയെ കണ്ട് പോയി. നാട്ടുകാർക്ക് പുറമേ  ഏറ്റവും വേണ്ടപ്പെട്ടവർ ഇടയ്ക്ക് വന്നു. അന്നേരം എനിയ്ക്ക് പിടിയ്ക്കാത്ത ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ... ആരെങ്കിലും കാണാൻ വന്നാൽ അമ്മ ഉടൻ എന്നോട് ആജ്ഞാപിക്കും “ചായയുണ്ടാക്കൂ... നാരങ്ങാ വെള്ളമുണ്ടാക്കൂ​‍ൂ...” എന്നിങ്ങനെ.

എനിയ്ക്കാണെങ്കിൽ എവിടെയെങ്കിലും ഇത്തിരി നേരം ഒന്നിരുന്നാൽ മതിയെന്നേ ഉണ്ടാകൂ. രാത്രിയും പകലും അത്ര മാത്രം വിശ്രമമില്ലാത്ത പണിയാണ്‌. അതൊന്നും അമ്മയ്ക്കറിയണ്ടാലൊ!! വന്നവർ എല്ലാവരും അത് മനസിലാക്കി സ്വയം അടുക്കളയിൽ കയറി അവർക്കാവശ്യമുള്ളത് ഉണ്ടാക്കി കഴിച്ചു. അവരെല്ലാം എനിയ്ക്കെത്ര വേണ്ടപ്പെട്ടവരാണെന്ന് അത്തരം ഇടപെടലുകൾ എന്നെ ഓർമ്മിപ്പിച്ചു.

ദിവസങ്ങൾ കഴിഞ്ഞു പോയി. അടുത്ത രണ്ടാമത്തെ ആഴ്ച. വീണ്ടും ഡോക്ടറെ കാണുവാനുള്ള സമയമായി. പതിവു രക്ത പരിശോധനാഫലങ്ങളും കൊണ്ട് വീണ്ടും ആശുപത്രിയിലേയ്ക്ക്. പതിവു ഡോക്ടർ വർഗ്ഗീസിനു പുറമേ നെഫ്രോളജിസ്റ്റ് പോൾ ഡോക്ടറും പരിശോധനയ്ക്കുണ്ടായിരുന്നു. ലോക ആരോഗ്യ സംഘടനയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്‌ ഡോ.പോൾ. അമിത ദുർമേദസ്സോടു കൂടിയ ആൾ. ഭക്ഷണകാര്യം സംസാരിച്ചപ്പോൾ ചിക്കൻ കഴിക്കാനാകുമോ എന്ന് അമ്മ ഡോക്ടറോട് ചോദിച്ചു. ഹോസ്പിറ്റലിലേയ്ക്ക് പോരുന്നതിനും രണ്ട് മൂന്ന് ദിവസം മുൻപേ തന്നെ ചിക്കൻ മോഹം അമ്മ പറയുന്നുണ്ടായിരുന്നു. ഞാനത് ചെവിക്കൊണ്ടിരുന്നില്ല. ഡോക്ടറെ കണ്ടതിനു ശേഷം ആകാം എന്നായിരുന്നു എന്റെ പ്രതികരണം.
ഡോ.പോളിനോട് അമ്മ കാര്യം ചോദിച്ചു. “ചിക്കൻ കഴിക്കാമോ?” അതായിരുന്നു അമ്മയുടെ അത്യാവശ്യം!!

അതിനെന്താ... ഇപ്പോൾ കുറേശ്ശെ ഖരഭക്ഷണമൊക്കെ കഴിക്കാമല്ലോ.. കൂട്ടത്തിൽ കുറേശ്ശെ ചിക്കനും കഴിച്ചോളൂ..” പിന്നെ എന്നോടായി ഡോക്ടർ തുടർന്നു “രോഗിയുടെ മനസ് ആഗ്രഹിക്കുന്ന ഭക്ഷണം കൊടുക്കണം. എങ്കിലേ ആരോഗ്യം വർദ്ധിക്കൂ 
ഈശ്വരാ​‍ാ...” എന്ന് ഞാൻ മനസിൽ വിളിച്ചു. ഇനി ചിക്കനും ഉണ്ടാക്കണം. മറ്റുള്ളവ തന്നെ എങ്ങനെയാണ്‌ ഞാൻ ഒപ്പിച്ചുണ്ടാക്കുന്നത് എന്ന് എനിയ്ക്ക് തന്നെ അറിയില്ല. എങ്കിലും സാരമില്ല. അമ്മയുടെ ആരോഗ്യത്തിന്‌ അതാവശ്യമാണെങ്കിൽ അതിനും തയ്യാറാകണമല്ലോ..

വർഗ്ഗീസ് ഡോക്ടറോടും പറയാൻ പരാതിയുണ്ടായിരുന്നു അമ്മയ്ക്ക്. ‘ഇവളെനിയ്ക്ക് രാത്രി ഇഷ്ടം പോലെ ഭക്ഷണം തരുന്നില്ല. ഡോക്ടറല്ലേ അരമണിക്കൂർ ഇടവിട്ട് എനിയ്ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ടുള്ളത്? ഇവൾ എനിയ്ക്ക് രാത്രി തരുന്നില്ല. കുറേശ്ശെയേ തരുന്നുള്ളൂ.’ എന്ന്!!

ഡോ.വർഗ്ഗീസ് ചിരിച്ചു കൊണ്ട് അമ്മയോട് പറഞ്ഞു “അല്ലെങ്കിലും രാത്രി ഭക്ഷണം തരാൻ ഞാൻ മോളോട് പറഞ്ഞിട്ടില്ല. പകൽ മാത്രമാണ്‌ ഭക്ഷണം തരാൻ പറഞ്ഞിട്ടുള്ളത്. രാത്രി അവൾ ഭക്ഷണം തരുന്നത് അവളുടെ സമാധാനത്തിനാ. രാത്രി ഉറങ്ങാനുള്ളതല്ലേ?” അമ്മയുടെ പ്രതീക്ഷ മങ്ങി. ഞാൻ ചിരിയമർത്തി. ഹോസ്പിറ്റലിലേയ്ക്ക് പോരുമ്പോഴേ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു ഡോക്ടറോട് പറയാൻ കുറച്ചുണ്ടെന്ന്. അതാണ്‌ ചീറ്റിപ്പോയത്.

ഖരഭക്ഷണത്തിന്റെ അളവ് കൂട്ടുവാൻ ഡോ.വർഗ്ഗീസ് നിർദ്ദേശിച്ചു. തിരിച്ചു പോരാൻ അമ്മയെ കാറിൽ കയറ്റിയിരുത്തി. അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോടൊക്കെ പതിവില്ലാതെ അമ്മ റ്റാറ്റയൊക്കെ പറഞ്ഞു. ഞാനും ഇത്തിരി സന്തോഷത്തിലായിരുന്നു, അമ്മയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ട് എന്നതിൽ.

പതിവുപോലെ അടുത്ത വരവ് വരെയുള്ള കൊളോസ്റ്റമി ബാഗ്, പഞ്ഞി മുതലായവ വാങ്ങി തിരിച്ചു പോരുകയാണ്‌. ജയൻ ചേട്ടന്റെ കാറാണ്‌ സ്ഥിരം വിളിക്കുന്നത്. പാതി വഴി കഴിഞ്ഞപ്പോഴേ അമ്മ പറഞ്ഞു തുടങ്ങി, “ചിക്കൻ വാങ്ങണം സമയം രാത്രി ഏഴര കഴിഞ്ഞിട്ടുണ്ട്. ഇനിയും 14 - 15 കി.മീറ്ററുകൾ പോണം വീട്ടിലെത്താൻ. ചിക്കനുള്ള വാശി അമ്മയ്ക്ക് കൂടിക്കൂടി വരുന്നു. “അമ്മേ, ഞാൻ നാളെ വാങ്ങി ഉണ്ടാക്കി തരാം. കടയിൽ നിന്നൊക്കെ വാങ്ങിയാൽ വല്ല കേടും ണ്ടാകും എന്ന് ഞാൻ.
ഇന്നത്തെ കാര്യം ഇന്ന്. ഡോക്ടർ പറഞ്ഞല്ലോ രോഗിയ്ക്കിഷ്ടമുള്ളത് കൊടുക്കണം എന്ന്?” അമ്മയുടെ മറുവാദം. അമ്മയ്ക്ക് പണ്ട് മുതലേ ഡാകിനിയമ്മൂമ്മയെ പോലെ രണ്ട് സൈഡിലും കുറച്ച് മുടിയുണ്ട്. അത് ആ രാത്രിയുടെ നിഴലിൽ കൂടുതൽ ഭീകരമായി തോന്നി. വാശി കൊണ്ട് മുറുകിയ അമ്മയുടെ മുഖവും ആരോഗ്യമില്ലാത്ത അമ്മയാണെങ്കിലും എന്നിലെ കുട്ടിയെ ഉണർത്തി. അതിനേക്കാൾ കുട്ടിയായി അമ്മ അമ്മയുടെ വാശി തുടർന്നു. “ചിക്കൻ വാങ്ങണം. ജയാ... അടുത്ത ഹോട്ടൽ കാണുമ്പോൾ വണ്ടി നിർത്തണം അമ്മ ആജ്ഞാപിച്ചു. ഞാനും ജയൻ ചേട്ടനും ഒരുപോലെ നിസ്സഹായരായി. എന്റെ വാക്കുകൾ ഒന്നും തന്നെ അമ്മ കേൾക്കുന്നില്ലായിരുന്നു.

ഒടുവിൽ നിവൃത്തിയില്ലാതെ ചിക്കൻ ഫ്രൈ വാങ്ങി. കറിയൊന്നും അമ്മയ്ക്ക് വേണ്ടായിരുന്നു. അമ്മയുടെ വാദഗതികൾക്ക് ബലം നല്കുവാൻ ഡോക്ടർ പോൾ പറഞ്ഞിട്ടുണ്ടെന്ന പറച്ചിലും. രണ്ട് കഷ്ണം ചിക്കൻ ഫ്രൈ വാങ്ങി. വീട്ടിലെത്തിയതേ അമ്മ അത് കൈക്കലാക്കി. ആർത്തിയോടെ കഴിച്ചു. ഒരെണ്ണം കഴിഞ്ഞു. അടുത്തത് പകുതിയായപ്പോഴേയ്ക്കും ഞാൻ പിടിച്ചു വാങ്ങി. കാരണം കഴിച്ചതു തന്നെ അധികമായിരുന്നു. അമ്മയ്ക്ക് ഞാൻ അനുവദിച്ചിട്ടുള്ളതിനേക്കാൾ അമ്മ അകത്താക്കി.

അന്ന് രാത്രി അമ്മയ്ക്കൊരു ശ്വാസം മുട്ടലും മറ്റും അനുഭവപ്പെട്ടു. “ഇനീം ചിക്കൻ കഴിയ്ക്കൂ എന്ന് ഞാൻ അമ്മയോട് പോര്‌ പറഞ്ഞു. പിറ്റേന്നായപ്പോഴേയ്ക്കും സംഭവം കുറച്ചു കൂടി ഗുരുതരമായി. ഉടൻ തന്നെ ജയൻ ചേട്ടനെ വിളിച്ചു. ഹോസ്പിറ്റലിലേയ്ക്ക്. ഞങ്ങളെ കണ്ടതേ രസികനായ ഒരു സെക്യൂരിറ്റി അങ്കിൾ ഉണ്ട്. അദ്ദേഹം പറയുന്നു “ദേ വരുന്നു ഇന്ദുമതി!! ഇവരാ മോളെയും കൊണ്ടേ പോകൂ...” തലേ ദിവസം ആ അങ്കിളിനോടാണ്‌ റ്റാറ്റയൊക്കെ വീശി പോന്നത്.

കാഷ്വാലിറ്റിയിൽ അമ്മയെ കിടത്തി. ഉടൻ തന്നെ പ്രാധമിക ശുശ്രൂഷ കൊടുത്തു. ഡോ.വർഗ്ഗീസ് എത്തി അത്യാവശ്യ കാര്യങ്ങൾക്ക് നിർദ്ദേശിച്ച് അമ്മയെ ഐ.സി.യു.വിൽ കയറ്റി. വീണ്ടും ഹോസ്പിറ്റൽ മുറിയിൽ ഞാൻ. പിറ്റേന്ന് അമ്മയേയും മുറിയിൽ കൊണ്ടുവന്നു. ചിക്കൻ കഴിച്ചതിന്റെ ബാക്കിയായിരുന്നു കഴിഞ്ഞത്. നഴ്സുകുട്ടികൾ വന്ന് അമ്മയോട് കുശലം ചോദിക്കുന്നു “അമ്മേ... അമ്മയ്ക്ക് ഇന്നന്നെ പോകണ്ടേ വീട്ടിലേയ്ക്ക്?”
ഹേയ്.. വേണ്ട. ഇന്നലെയിങ്ങ് വന്നല്ലേയുള്ളൂ.. ഒരാഴ്ച കഴിഞ്ഞ് പോയാൽ മതി വളരെ കാര്യമായിട്ടാണ്‌ അമ്മയുടെ മറുപടി!!

എന്ന് വെച്ചാൽ ഇത് അമ്മായീടെ വീടല്ലേ ഒരാഴ്ച വിരുന്നുണ്ട് പോകാൻ!!’ എന്ന് ഞാൻ മനസിൽ പറഞ്ഞു. ഇടയ്ക്ക് ഞാൻ അമ്മയെ ഭീഷണിപ്പെടുത്തി. “ഇനി ഞാൻ പറയുന്നത് കേട്ടാൽ മതി. ഞാൻ തരുന്ന ഭക്ഷണം മാത്രം അമ്മ കഴിച്ചാൽ മതി. അല്ലാതെ എന്തിനെങ്കിലും അനാവശ്യമായി അമ്മ വാശി പിടിച്ചാൽ, സത്യമായും ഞാൻ കിട്ടുന്ന ട്രെയിനിൽ കയറി എങ്ങോട്ടെങ്കിലും പോകും. പിന്നെ അമ്മയ്ക്കെന്നെ കാണാനേ സാധിക്കില്ല.” അതിൽ അമ്മ വീണു. അമ്മ എനിയ്ക്ക് വാക്ക് തന്നു, ‘ഇനി നീ പറയുന്നതു പോലെ ഞാൻ ചെയ്തോളാം. വാശി പിടിക്കില്ല.’

ഇങ്ങനെയൊക്കെ അമ്മയെ ഭീഷണിപ്പെടുത്തിയതിൽ എനിയ്ക്ക് സങ്കടമുണ്ടായിരുന്നു. നഴ്സുമാരുടെ ഡസ്കിൽ വന്നിരുന്നു രാത്രി സംസാരിക്കുമ്പോൾ അവിടേയ്ക്ക് മറ്റൊരു രോഗിയുടെ മകൾ വന്നു. ത്രേസ്യ എന്നായിരുന്നു രോഗിയുടെ പേര്‌. അവരുടെ മകൾ വന്നിരുന്ന് ഓരോന്ന് പറഞ്ഞതിനിടയിൽ പറഞ്ഞു അമ്മയോട് മര്യാദയ്ക്ക് മരുന്ന് കഴിച്ചില്ലെങ്കിൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും എന്ന് ഭീഷണിപ്പെടുത്തിയിരിക്യാ ഞാൻ  ഹൊ!! അത് കേട്ടപ്പോഴാണ്‌ എന്റെ സങ്കടം മാറിയത്. അപ്പോൾ ഞാൻ മാത്രമല്ല ഭീഷണിപ്പെടുത്തൽ ടീമിൽ ഉള്ളത്. അമ്മമാരെ സ്നേഹിക്കുന്ന മക്കളൊക്കെ ഇതന്നെ വകുപ്പ്!!

പറഞ്ഞതു പോലെ തന്നെ ഒരാഴ്ച ഹോസ്പിറ്റൽ വാസം. കാര്യമായ തുക വേണ്ടി വന്നില്ല. ഭാഗ്യം. കയ്യിൽ നീക്കിയിരിപ്പുള്ള പണം എങ്ങനെയൊക്കെയോ തള്ളി നീക്കുകയാണ്‌ ഞാൻ. അതിനിടയിലാണ്‌ അമ്മയുടെ കലാപരിപാടി.

വീണ്ടും വീട്ടിലേയ്ക്ക്. പഴയ പരിചരണങ്ങൾ. അര മണിക്കൂർ എന്നത് ഒരുമണിക്കൂർ എന്ന ഇടവേളയായി. ഖരഭക്ഷണത്തിന്റെ അളവ് കൂടി. അമ്മയുടെ ഇഷ്ടപ്രകാരം മീൻ വാങ്ങി വെറുതെ ഉപ്പും മഞ്ഞളും കുടമ്പുളിയുമിട്ട് വേവിച്ച് കൊടുത്തു. കൂടാതെ ഇടയ്ക്കിടയ്ക്ക് സൂപ്പ്, ജ്യൂസ്, പ്രോട്ടീൻ പൗഡർ, കട്ടിക്കഞ്ഞിവെള്ളം, നാരങ്ങാവെള്ളം ഇത്യാദികൾ കൂട്ടത്തിൽ.
  
                                 (തുടരും)