പേജുകള്‍‌

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 7

മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

http://anaamikam.blogspot.in/2015/08/part-6.html



അമ്മയുടെ ആരോഗ്യം ദിനംപ്രതി നന്നായി വരുന്നുണ്ട്. ക്രിസ്തുമസ് വെക്കേഷൻ പ്രമാണിച്ച് വല്യേട്ടനും കുടുംബവും വരുന്നുണ്ട് കുറച്ച് ദിവസത്തേയ്ക്ക്. ഏടത്തിയമ്മയ്ക്ക് അമ്മയെ മാനേജ് ചെയ്യാൻ പറ്റും എന്ന ഉറപ്പിൽ രണ്ട് ദിവസത്തേയ്ക്ക് ഞാൻ ബാംഗ്ലൂർ പോകാൻ തീരുമാനിച്ചു. എല്ലാത്തിൽ നിന്നും ഒരു താല്ക്കാലികമാറ്റം എനിയ്ക്കാവശ്യമുണ്ടായിരുന്നു. അന്തം വിട്ടുറങ്ങുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ അത്യാവശ്യം!! കൊളോസ്റ്റമി ബാഗ് ഞാൻ വരുന്നതുവരെയും ഉറച്ചിരിക്കും എന്ന വിശ്വാസത്തിൽ ഏടത്ത്യമ്മയെ ഏല്പ്പിച്ചു. ചുമരിൽ പതിച്ചു വെച്ചിട്ടുള്ള ടൈം ടേബിൾ പ്രകാരം ഭക്ഷണം കൊടുക്കുവാൻ പറഞ്ഞേല്പ്പിച്ചു. ഡിസംബർ 23 -ആം തിയതി ഞാൻ ബാംഗ്ലൂരിലേയ്ക്ക്. 21 - ആം തിയതി ഏട്ടനും കുടുംബവും വന്നിരുന്നു. ആ രണ്ട് ദിവസത്തിൽ ഏടത്ത്യമ്മയ്ക്ക് വേണ്ട പരിശീലനം നല്കി.

ബാംഗ്ലൂരിൽ എന്റെ മുറിയിൽ. ഇടയ്ക്കിടെ ഏടത്ത്യമ്മയുടെ ഫോൺ വിളികൾ എത്തി. “ഉണ്ണീ​‍ീ.. അമ്മ അത് വേണം എന്ന് ചോദിക്കുന്നു.. കൊടുക്കണോ..? ഇതു വേണമെന്ന് വാശി പിടിക്കുന്നു... കൊടുക്കണോ...? അമ്മയ്ക്ക് പച്ചക്കറി വേവിച്ചത് എത്ര കൊടുക്കണം? അമ്മ ഇനീം വേണമെന്ന് വാശി പിടിക്കുന്നു.. കൊടുക്കണോ..?” ഇങ്ങനെ ഇടയ്ക്കിടെ ചോദ്യങ്ങൾ. അമ്മ വാശി പിടിച്ചാൽ ‘ഇത്ര തരാനേ ഉണ്ണി പറഞ്ഞിട്ടുള്ളൂ. ഇനീം വേണമെന്ന് വാശി പിടിച്ചാൽ ഉണ്ണിയോട് പറയും എന്നും പറഞ്ഞേക്കൂ എന്ന് അമ്മയോട് പറയാൻ ഞാൻ നിർദ്ദേശിച്ചു. അത് പറഞ്ഞാൽ പിന്നെ ‘ഭദ്രകാളി എന്ന മുറുമുറുപ്പോടെ അമ്മ അടങ്ങും. എനിയ്ക്ക് അമ്മ തന്ന ഓമനപ്പേരാണത്!! കാരണം, ഭീഷണിയും പിണക്കവും പരിഭവവും വഴക്കുമൊക്കെ എന്റെ ആയുധങ്ങളാക്കി ഞാൻ ഭദ്രകാളിയെ പോലെ പൊരുതുകയാണല്ലോ അമ്മയുടെ ആരോഗ്യം വീണ്ടെടുക്കുവാനായി.

ഒരു ദിവസം ഏടത്ത്യമ്മയുടെ പരിഭ്രമം നിറഞ്ഞ വിളി. ക്രിസ്തുമസ്സിനന്നാണ്‌. “അമ്മയുടെ കൊളോസ്റ്റമി ബാഗ് അഴിഞ്ഞു പോന്നു. എന്ത് ചെയ്യണം.?” വല്യേട്ടൻ പഠിച്ച പണിയൊക്കെ നോക്കി പരാജയപ്പെട്ടു. അതിനൊരു നേക്കുണ്ട് അതിനനുസരിച്ച് ചെയ്താൽ മതി എന്ന് നിർദ്ദേശിച്ചു. രക്ഷയില്ല. ഫോണിലൂടെ ആകുംവിധമൊക്കെ വിശദീകരിച്ചു കൊടുത്തു. എന്നിട്ടും പറ്റുന്നില്ല. ബാഗ് ഒട്ടിക്കാൻ നോക്കുമ്പോൾ ഖരരൂപത്തിൽ മലം പുറത്തേയ്ക്ക് വന്നുകൊണ്ടിരിക്കുന്നു. അതാണ്‌ പ്രശ്നം. “എന്തിനാ അമ്മ ഇങ്ങനെ കഴിക്കുന്നത്? ഇതെപ്പഴുമെപ്പഴും ഇങ്ങനെ തിന്നോണ്ടിരിക്കേണ്ട ആവശ്യണ്ടോ?” എന്നൊരു ചോദ്യം വല്യേട്ടന്റെ വായിൽ നിന്നും വന്നു. അതുകേട്ടപ്പോൾ എനിയ്ക്ക് കലി വന്നു. “അങ്ങനെ കൊടുത്തിട്ടാ അമ്മയ്ക്ക് ഇത്രയെങ്കിലും ആരോഗ്യം കിട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി ഒരു പരാതിയുമില്ലാതെ ഞാനമ്മയെ നോക്കുന്നു. രണ്ട് ദിവസം നോക്ക്യപ്പോഴേയ്ക്കും മടുപ്പായോ??!!” ഞാൻ ചോദിച്ചു. ഏട്ടൻ ഒന്നും പറഞ്ഞില്ല. അദ്ദേഹത്തെ കുറ്റം പറയാനും ഒക്കില്ല. കാരണം, അല്ലെങ്കിലേ ആളൊരു ലോലഹൃദയനാണ്‌. അങ്ങനെയുള്ള ആളാണ്‌ അമ്മയുടെ കുടലൊക്കെ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്‌ ടെൻഷനായി എന്നതാണ്‌ സത്യം. വീട്ടിൽ മനക്കട്ടിയുള്ളവർ ഞാനും കുഞ്ഞേട്ടനുമാണ്‌. വല്യേട്ടൻ പാവമാണ്‌.

അവർ ഉടൻ തന്നെ അടുത്തുള്ള ഹെൽത് സെന്ററിലെ നഴ്സിനെ വിളിപ്പിച്ചു. അവർ അത് ശരിയാക്കി പോയി. പക്ഷേ അത് ശരിയായി ഘടിപ്പിച്ചില്ലായിരുന്നു. അത് വീണ്ടും വിട്ടുപോന്നു. അടുത്തുള്ള ഹോസ്പിറ്റലുകളിൽ കൊണ്ടുപോയി. പക്ഷേ അവരൊന്നും എടുത്തില്ല. അവർക്ക്‌ ഡോക്ടർ നല്കുന്ന കേസ്‌ ഹിസ്റ്ററി വേണമത്രേ.. പൂർണ്ണമായി ഡിസ്ചാർജ്ജ്‌ ആയിട്ടില്ലാത്തതിനാൽ (ആരോഗ്യസ്ഥിതി മെച്ചമായി ഇനിയുമുള്ള ശസ്ത്രക്രിയകളും കഴിഞ്ഞാലേ പൂർണ്ണമാകൂ) ഡോക്ടർ കേസ് ഹിസ്റ്ററി തന്നിട്ടുമില്ല. അതുകൊണ്ട് അമ്മയുടെ അരയ്ക്ക് ചുറ്റും ഡയപ്പർ ചുറ്റി ഏട്ടനും ഏടത്ത്യമ്മയും കൂടി അമ്മയെ വെസ്റ്റ് ഫോർട്ട് ഹൈടെക്കിലേയ്ക്ക് തന്നെ കൊണ്ടു പോയി. ഈയൊരു കൊളോസ്റ്റമി ബാഗിനെ പ്രതി ഏട്ടനും ഏടത്ത്യമ്മയും തീരുമാനിച്ച് അമ്മയെ അവിടെ കാഷ്വാലിറ്റിയിൽ അന്ന് 25 - ന്‌ രാത്രിയും പിറ്റേന്ന് 26 - ന്‌ പകലും അവിടെ അഡ്മിറ്റ് ചെയ്യിച്ചു!! ഞാൻ 26 - ന്‌ തിരിച്ച് പുറപ്പെടും. 27 - ന്‌ രാവിലെ അവിടെ എത്തും. അതാണ്‌ അവരുടെ ആശ്വാസം.

27 - ന്‌ രാവിലെ ഞാൻ തിരിച്ചെത്തി. വല്യേടത്ത്യമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം. പ്രധാന ഡോക്ടർ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയല്ലോ!! 28 - ന്‌ അവർക്ക് തിരിച്ച് പോണം. അവർ പോയി. വീണ്ടും ഞാനും അമ്മയും മാത്രം. അമ്മ അവർ വന്ന വിശേഷങ്ങളൊക്കെ പങ്ക് വെച്ചു. അമ്മയെ പതുക്കെ പിടിച്ച് കസേരയിലൊക്കെ ഇരുത്താറായിരുന്നു ഞാൻ പോകുമ്പോൾ തന്നെ. ഏടത്ത്യമ്മ അങ്ങനെ അമ്മയെ പതുക്കെ പിടിച്ച് കൊണ്ടുപോയി കിഴക്കേപ്പുറത്ത് ഇറയത്ത് കസേരയിൽ ഇരുത്തി ക്രിസ്തുമസ്സിനുള്ള ചിക്കൻ കറി വെയ്ക്കുകയായിരുന്നു. അമ്മയാണെങ്കിൽ മുറ്റത്ത് കുട്ടികൾ (ഏട്ടന്റെ മക്കൾ) കളിയ്ക്കുന്നത് നോക്കിയിരിക്കുന്നു. അതിനിടയിൽ അമ്മയുടെ ബാഗ് നിറഞ്ഞു. അതാരും ശ്രദ്ധിച്ചില്ല. അമ്മയും അതോർക്കാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് റൂമിലേയ്ക്ക് പോരണം എന്ന് പറഞ്ഞു. ഏടത്ത്യമ്മ പതുക്കെ അമ്മയെ പിടിച്ച് അകത്തേയ്ക്ക് കൊണ്ടു വരുന്നതിനിടയിൽ തൂങ്ങിക്കിടന്നിരുന്ന ബാഗ് ഭാരം കൊണ്ട് വിട്ടു പോന്നു. അതാണ്‌ സംഭവിച്ചത്. 
“പാവം ബാഷ (ഏടത്ത്യമ്മയുടെ വിളിപ്പേര്‌). അവൾ ഉണ്ടാക്കിയ ചിക്കനൊക്കെ കരിഞ്ഞു പോയെടീ മോളേ.. ഇതങ്ങ്  വിട്ടു പോന്നപ്പോൾ ബാഷയുടെ മുഖം കാണണം. ആകെ വെളുത്ത് വിളറി! പാവം ആകെ പേടിച്ചു പോയി എന്താ ചെയ്യേണ്ടത് എന്നറിയാതെ!!” അമ്മയ്ക്ക് പാവവും തമാശയും തോന്നിയെന്ന്. കേട്ടപ്പോൾ എനിയ്ക്കും പാവം തോന്നി. വല്ല വീട്ടിൽ നിന്നും വന്ന പെണ്ണാണ്‌. അവരിതൊക്കെ ചെയ്യുന്നുണ്ടല്ലോ... അക്കാര്യത്തിൽ എന്റെ വല്യേടത്ത്യമ്മയും കുഞ്ഞേടത്ത്യമ്മയും  ഒരുപോലെ തന്നെയായിരുന്നു. യാതൊരു വിധ അറപ്പോ വെറുപ്പോ മടിയോ കൂടാതെ അവർ അമ്മയെ പരിപാലിച്ചിരുന്നു. ഏതാനും ദിവസത്തേയ്ക്ക് മാത്രമാണെങ്കിൽ കൂടി അവർ നന്നായി ആത്മാർത്ഥമായിത്തന്നെ കാര്യങ്ങൾ ചെയ്തിരുന്നു.

രണ്ട് ദിവസം കുഴപ്പമൊന്നുമില്ലാതെ കടന്നു പോയി. 31 - ആം തിയതി പകൽ പലപ്പോഴും അമ്മ കണ്ണിനെന്തോ മങ്ങൽ എന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനത് അവഗണിച്ചു. ‘അതമ്മയ്ക്ക് ക്ഷീണം കൊണ്ട് തോന്നുന്നതാണ്‌ എന്നാശ്വസിപ്പിച്ചു. അന്ന് തന്നെ രാത്രി അമ്മയ്ക്ക് രാത്രി ഭക്ഷണം കൊടുക്കുവാനായി അമ്മയെ ഞാൻ താങ്ങിയിരുത്തി. ഭക്ഷണം കൊടുക്കുന്നതിനിടയിൽ തന്നെ അമ്മ പിന്നാക്കം മറിഞ്ഞു വീണു. തന്നെയിരിക്കുവാൻ സാധിക്കാത്തതുകൊണ്ടാണ്‌ വീണത് എന്ന് കരുതി ഞാൻ വീണ്ടും അമ്മയെ താങ്ങിയെണീപ്പിച്ചിരുത്തി ഭക്ഷണം കൊടുക്കൽ തുടർന്നു.

അത് കഴിഞ്ഞ് ഞാൻ അടുക്കളയിൽ എനിയ്ക്ക് വേണ്ടി എന്തെങ്കിലുമുണ്ടാക്കുവാൻ കയറി. സമയം 7 മണിയായിട്ടുണ്ടാകും. അതിനിടയിൽ അമ്മയ്ക്ക് കൊടുക്കുവാനുള്ള തൈര്‌ തീർന്നെന്നറിഞ്ഞ് ഞാൻ മുത്തുവിനെ വിളിച്ചു പറഞ്ഞു ഒരു പേക്കറ്റ് തൈര്‌ വാങ്ങിക്കൊണ്ടു വരാൻ. അവൻ ജോലി കഴിഞ്ഞെത്തുമ്പോൾ വാങ്ങിക്കൊണ്ടു വരാം എന്നും പറഞ്ഞു. ഞാനെന്റെ അടുക്കളപ്പണിയിൽ മുഴുകി. അതിനിടയിൽ അമ്മയോടും വർത്തമാനം പറയുന്നുണ്ട്. അപ്പോഴും അമ്മ പറയുന്നു, “മോളേ എനിയ്ക്ക് ഇടയ്ക്കിടെ കണ്ണ്‌ കാണാൻ പറ്റുന്നില്ലെടീ..” എന്ന്. “ഓ.. അതൊന്നുമല്ലമ്മേ... അമ്മേടെ കണ്ണടിച്ചു പോയിക്കാണും. അതാ കണ്ണ്‌ കാണാത്തെ. ഇത്ര നാളായില്ലേ ഒരേ കിടപ്പ്? ബ്ലഡ് സർക്കുലേഷനൊന്നും ഇല്യാത്തോണ്ട് അമ്മേടെ കണ്ണടിച്ചു പോയിട്ടുണ്ടാകും. ഉറപ്പാ“ഞാൻ വേണ്ടത്ര ഗൗരവമൊന്നും കൊടുക്കാതെ പറഞ്ഞു. “അയ്യോ...” എന്നൊരു ചെറുരോദനം മാത്രം അമ്മയിൽ നിന്നും ഉയർന്നു. പിന്നെ ആള്‌ മിണ്ടാതെ കിടന്നു.

ഞാൻ ചെന്ന് അടുത്ത ഗഡു ഭക്ഷണവും കൊടുത്തു. അന്നേരം അമ്മയ്ക്ക് മൂത്രമൊഴിക്കണം എന്ന് പറഞ്ഞു. അടുക്കളപ്പണിയൊക്കെ തീർത്തിരുന്നു അപ്പോഴേക്കും. ഇനി ഞാൻ കഴിയ്ക്കുകയേ വേണ്ടൂ. അമ്മയ്ക്കുള്ള ഭക്ഷണവും കൊടുത്തു. അമ്മയെ മൂത്രമൊഴിപ്പിച്ച് കിടത്തിക്കഴിഞ്ഞാൽ എനിയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കാം. അമ്മയെ പിടിച്ചെഴുന്നേല്പ്പിച്ച് പതുക്കെ ക്ലോസറ്റിന്റെയരുകിലേയ്ക്ക് നടത്തി. അതിൽ അമ്മയെ ഇരുത്തി ഞാനരികിൽ തന്നെ നിന്നു. അതാണ്‌ പതിവ്. നോക്കി നില്ക്കെ അമ്മയതാ പുറകിലേയ്ക്ക് ചായുന്നു. കൃഷ്ണമണിയൊക്കെ പിറകിലേയ്ക്ക് മറിയുന്നു. വായ് പാതി തുറന്ന മട്ടിൽ. “അമ്മേ...” എന്നലറി വിളിച്ച് ഞാനമ്മയെ പിടിച്ചു. അമ്മയുടെ കണ്ണുകൾ തുറിച്ചും വായ് പാതി തുറന്നും  തന്നെയിരിക്കുന്നു. ഞാൻ വിളിച്ചിട്ടും വിളി കേൾക്കുന്നില്ല. കൈകളെല്ലാം വെറുങ്ങലിച്ചിരിക്കുന്നു. ഞാൻ കുറച്ച് വെള്ളമെടുത്ത് അമ്മയുടെ മുഖത്തേയ്ക്ക് തളിച്ചു. മാറ്റമില്ല. മൊത്തത്തിൽ വെറുങ്ങലിച്ച അവസ്ഥയിൽ അമ്മ.

ഞാനുറക്കേ “മാഷേ.. മാഷേ...” എന്നലറി വിളിച്ചു. തൊട്ടുവടക്കേതിലെ അജയൻ മാഷെയാണ്‌. പക്ഷേ ഞങ്ങളുടെ വീടിന്റെയും മാഷിന്റെ വീടിന്റെയും ജനലുകളും വാതിലുകളുമെല്ലാം സന്ധ്യാനേരത്ത് തന്നെ അടച്ചിടുന്നതുകൊണ്ട് എന്റെ ശബ്ദം ഞങ്ങളുടെ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ തന്നെ കറങ്ങിയവസാനിച്ചു. എന്റെ മനസിലെ പ്രതീക്ഷയറ്റു. ഞാൻ അമ്മയെ നോക്കി കരയുകയാണ്‌.

കണ്ണുകൾ തുറിച്ച്, കൃഷ്ണമണികൾ മറിഞ്ഞ്, വായ് പാതി തുറന്ന്, കൈകാലുകൾ വെറുങ്ങലിച്ച് അമ്മ എന്റെ കൈകളിൽ.. അമ്മയെ അവിടെ വിട്ട് പുറത്തേയ്ക്ക് പോകാൻ എനിയ്ക്കാവില്ല. ഞാൻ കൈവിട്ടാൽ അമ്മ മറിഞ്ഞു വീഴും. ക്ലോസറ്റിന്മേലിരിക്കുന്ന അമ്മയെ വിട്ട് പോയാൽ ഒരുപക്ഷേ അമ്മ എവിടെയെങ്കിലും തലയിടിച്ച് വീഴും. എന്റെ മനസ് അപ്പോൾ എന്തുകൊണ്ടോ പറഞ്ഞു ‘അമ്മ പോകുകയാണ്‌ എന്നെ വിട്ട്.. എന്നേയ്ക്കുമായി...’ എങ്കിൽ അമ്മ എന്റെ നെഞ്ചോട് ചേർന്ന് പോകട്ടെ എന്ന് മനസിൽ ചിന്തിച്ച് ഞാനെന്റെ അമ്മയെ എന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.

കണ്ണുകൾ ധാരയായി ഒഴുകുന്നുണ്ട്. ഇടയ്ക്കിടെ ‘അമ്മേ..’ എന്നത് തേങ്ങലായി ഉയരുന്നു. രണ്ട് മൂന്ന് മിനുട്ട് നേരം അങ്ങനെ തുടർന്നു. അമ്മയെ നെഞ്ചോട് ചേർത്ത്... വിങ്ങി വിങ്ങി.. നിസ്സഹായാവസ്ഥയുടെ മൂർദ്ധന്യത്തിൽ ഞാൻ തനിച്ച്... പെട്ടന്ന് അമ്മയിൽ ഒരനക്കം. “എനിയ്ക്കൊന്നുമില്ല മോളേ... മോള്‌ പേടിച്ചു പോയോ...?” അമ്മയുടെ ശബ്ദം. തികട്ടിവന്ന കരച്ചിൽ അടക്കി നിർത്താതെ തന്നെ ഞാനമ്മയെ മുറുകെ കെട്ടിപ്പിടിച്ചു. അമ്മയുടെ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അപ്പോഴും അമ്മയുടെ ദൃഷ്ടികൾ ഉറച്ചിട്ടില്ല എങ്കിലും അമ്മ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു “അമ്മയ്ക്കൊന്നുമില്ല മോളേ... മോള്‌പേടിക്കണ്ട..”

എന്റെ മനസിൽ ഒരു കുളിരു വീണു.. ആശ്വാസത്തിന്റെ കുളിര്‌. അമ്മയൊന്ന് നോർമ്മലാകാൻ ഞാൻ പിന്നെയും കുറച്ച് നേരം അതേ നില്പ് തുടർന്നു. പിന്നീട് അമ്മയെ പതുക്കെ എഴുന്നേല്പ്പിച്ച് കൊണ്ടുപോയി കിടത്തി. സോഡിയം കുറഞ്ഞതുകൊണ്ടാകും എന്ന് കരുതി ഉടൻ തന്നെ നാരങ്ങാവെള്ളം ഉപ്പിട്ട് കൊടുക്കാനായി കലക്കി. പെട്ടന്ന് തന്നെ സോഡിയം കൂടാൻ ഞാൻ അര ടീസ്പൂൺ ഉപ്പിനു പകരം ഒന്നര ടീസ്പൂൺ ഉപ്പ് കലക്കിയിരുന്നു. അതൊരു മണ്ടത്തരമായിരുന്നു എന്ന് ഉടൻ മനസിലായി. നാരങ്ങാവെള്ളം കൊടുത്തയുടനെ തന്നെ അമ്മയതെല്ലാം ശർദ്ദിച്ചു. അന്ന് മനസിലാക്കി ഉപ്പധികം ചെന്നാൽ നമ്മൾ ശർദ്ദിക്കും എന്ന്.

ഉടൻ തന്നെ ഡോക്ടർ വർഗ്ഗീസിനെ വിളിച്ചു. “ഇന്ന് രാത്രി മുഴുവൻ ഒബ്സർവ് ചെയ്യൂ.. എന്തെങ്കിലും കുഴപ്പമുണ്ടായാൽ, വീണ്ടും ബോധം കെടുകയോ മറ്റോ ചെയ്താൽ അമ്മയെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടു പോരൂ. നമുക്ക് അഡ്മിറ്റ് ചെയ്യാം. അല്ലെങ്കിൽ നാളെ കൊണ്ടുവന്ന് അഡ്മിറ്റാക്കാം. എന്ന് അദ്ദേഹം പറഞ്ഞു.

ഞാനക്കാര്യം അമ്മയോട് പറഞ്ഞപ്പോൾ “നമുക്ക് രാത്രി മുഴുവൻ ഇരിക്കണ്ട മോളേ.. എന്റെ മോളിവിടെ ഒറ്റയ്ക്കല്ലേ.. രാത്രിയെങ്ങാനും വല്ലതും പറ്റിയാൽ നീയാരെ വിളിക്കാനാ..? നമുക്കിപ്പോൾ തന്നെ ആശുപത്രിയിലേയ്ക്ക് പോകാം എന്ന് അമ്മ നിർദ്ദേശിച്ചു. അതൊരു നല്ല നിർദ്ദേശമായി എനിയ്ക്കും തോന്നി. അപ്പോഴാണ്‌ മുത്തു തൈരും കൊണ്ട് വന്നത്. അവനോട് കാര്യം പറഞ്ഞു. “എങ്കിൽ നമുക്ക് കാറ്‌ വിളിക്കാം ചേച്ചീ.. ചേച്ചിയൊരുങ്ങിക്കോളൂ എന്നവൻ പറഞ്ഞു. ജയൻ ചേട്ടന്റെ കാറ്‌ വിളിക്കാനായി ചേട്ടനെ വിളിച്ചപ്പോൾ നമ്പർ ബിസി. ഉടൻ അടുത്തുള്ള സുനിയെ വിളിച്ചു. അവൻ വരാമെന്നേറ്റു.

അന്നേരമാണെനിയ്ക്ക് തോന്നിയത്, അമ്മയുടെ ആരോഗ്യനില മോശമാണ്‌. കാറിലാകുമ്പോൾ എത്താൻ സമയമെടുക്കും. 34 കി.മീറ്ററുകളുണ്ട്. ഇടയ്ക്ക് എന്തെങ്കിലും എമർജൻസി വേണ്ടി വന്നാൽ കാറിൽ അതിനുള്ള സൗകര്യമില്ല. ആംബുലൻസ് വിളിക്കുന്നതായിരിക്കും നല്ലത്. ഞാനത് മുത്തുവിനോട് പറഞ്ഞു. മുത്തുവും അത് ശരി വെച്ചു. ഉടൻ ആക്റ്റിന്റെ ആംബുലൻസ് വിളിച്ചു. അവർ അപ്പോൾ തന്നെ എത്താമെന്ന് പറഞ്ഞു. ഞാൻ വേഗം പോയി ആശുപത്രി വാസത്തിനുള്ളതൊക്കെ എടുത്തു വെച്ചു.

രാത്രി 8 മണി കഴിഞ്ഞിരുന്നു അപ്പോൾ. ആംബുലൻസ് ശബ്ദമൊക്കെയിട്ട് പാഞ്ഞെത്തി. ആംബുലൻസിന്റെ ശബ്ദം കേട്ട് അയലക്കത്തുള്ളവരൊക്കെ ഓടി വന്നു. “ഓഹ്!! ഇന്ദ്വേച്ചിയ്ക്ക് വേണ്ടിയാണോ ആംബുലൻസ് വന്നത്??!! അതിനിനി അധികം ഇല്ലല്ലോ..” എന്ന് ചിലരൊക്കെ പറഞ്ഞതായി പിന്നീട് ഞാനറിഞ്ഞു. ആരാണത് പറഞ്ഞത് എന്ന് എന്നെ അറിയിച്ചില്ലെങ്കിലും... അത് മനസിൽ വേദനയായി. അവരേയും പറഞ്ഞിട്ട് കാര്യമില്ല. അത്ര അവശനിലയായിരുന്നു അമ്മയുടേത്. ആരും പ്രതീക്ഷിച്ചതല്ല അമ്മ തിരിച്ചെത്തും എന്ന്. ആ പ്രതീക്ഷ എനിയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ... എനിയ്ക്ക് മാത്രം...

ആംബുലൻസുകാർ വേഗം സ്ട്രച്ചറെടുത്ത് കൊണ്ടുവന്ന് അമ്മയെ അതിലേയ്ക്ക് കയറ്റി കിടത്തി ആംബുലൻസിലേയ്ക്ക്. ഞാൻ പുറകേ കയറാനൊരുങ്ങിയപ്പോൾ മുത്തു അടുത്ത് വന്ന് ചോദിച്ചു “ചേച്ചീ.. ഒറ്റയ്ക്ക് പോകുമോ..? ആരെങ്കിലും കൂടെ വരണോ..?”  “കൂടെയുണ്ടായിരുന്നെങ്കിൽ... എന്നെനിയ്ക്കാഗ്രഹമുണ്ട്… നിനക്ക് വരാനൊക്കുമെങ്കിൽ നീ വരുമോ? എന്ന് അവന്‌ ബുദ്ധിമുട്ടാകുമോ എന്ന ആശങ്കയിൽ പാതി മനസോടെ ഞാൻ ചോദിച്ചു. ബൈക്ക് മുറ്റത്ത് ഒതുക്കി അവൻ വീട്ടിൽ വിളിച്ച് പറഞ്ഞ് എന്റെ കൂടെ പോന്നു. അതൊരു ആശ്വാസമായിരുന്നു. അല്ലെങ്കിലും എന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം എന്റെ കുഞ്ഞനിയനായി അവൻ ഉണ്ടാകാറുണ്ടായിരുന്നു.

ആംബുലൻസ് ചീറിപ്പാഞ്ഞ് ഹോസ്പിറ്റലിലേയ്ക്ക്. കാഷ്വാലിറ്റിയിൽ അമ്മയെ പ്രവേശിപ്പിച്ചു. അവർ രക്തപരിശോധന നടത്തിയപ്പോൾ ഹീമോ ഗ്ലോബിന്റെ അളവ് 8 പോയിന്റ്. ഇനിയും കാത്തിരുന്നിരുന്നെങ്കിൽ അത് പിന്നെയും കുറഞ്ഞ് ഒരുപക്ഷേ അമ്മയുടെ അവസ്ഥ ഗുരുതരമായേനെ എന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

ആക്റ്റ് പണമൊന്നും വാങ്ങിയില്ല. എത്രയോ കി.മീറ്ററുകൾക്കുള്ളിലെ സേവനത്തിന്‌ പണം വേണ്ടത്രേ... അത് കേട്ടപ്പോൾ മനസിൽ തീരുമാനമെടുത്തു. കയ്യിൽ കാശ് വരുമ്പോൾ ആക്റ്റിന്‌ സംഭാവന കൊടുക്കണം. എത്രയോ സന്നിഗ്ദ്ധഘട്ടങ്ങളിൽ എത്രയോ നിരാലംബർക്ക് ഇവരുടെ സേവനം ആശ്വാസമാകുന്നുണ്ടാകും. ആഗ്രഹം ഇതുവരെ സാധിച്ചിട്ടില്ല എങ്കിലും.. സാധിക്കും. ഇപ്പോഴത്തെ സാമ്പത്തിക അനിശ്ചിതാവസ്ഥയൊക്കെ മാറും. അന്ന് ഞാനത് ചെയ്യും. പറ്റുമ്പോഴൊക്കെ ആവും വിധം ഞാൻ അവർക്ക് സംഭാവന നല്കും. അതെന്റെ തീരുമാനമാണ്‌. അമ്മയെ കൊണ്ടുവന്ന ആംബുലൻസിൽ തന്നെ മുത്തു തിരിച്ചു പോയി. അമ്മ ഐ.സി.യു.വിൽ അഡ്മിറ്റായി. വീണ്ടും ആശുപത്രി ജീവിതം. എത്ര നാളേയ്ക്ക്...
 
                             
                                  (തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ