http://anaamikam.blogspot.in/2015/09/part-7.html
ഹ
ഹ ഹ!!! എന്തൊക്കെ പ്ലാനുകളായിരുന്നു!!! ന്യൂ ഇയർ ഈവ് ശ്രീലങ്കയിൽ. അത് കഴിഞ്ഞ് അവിടത്തെ
കറക്കം മതിയാക്കി നേരെ ദുബായ് ഫെസ്റ്റ്!! ഒരുമാസം അവിടെ കറക്കം!! പവനായി അങ്ങനെ ശവമായി!!
ന്യൂ
ഇയർ ഈവിന് നിലവിളി ശബ്ദവുമിട്ട് നാട്ടുകാരെയൊക്കെ അറിയിച്ച് ആംബുലൻസിൽ വ്യഥിതമനസുമായി
ഹോസ്പിറ്റലിലേയ്ക്ക്. അടിപൊളി!! ശ്രീലങ്ക എന്നത് വെസ്റ്റ് ഫോട്ട് ഹൈടെക് ഹോസ്പിറ്റൽ.
ദുബായ് ഫെസ്റ്റും അവിടേയ്ക്ക് മാറ്റി!
പതിവു
പോലെ ഐ.സി.യു.വിൽ രണ്ടു ദിവസം കിടന്നു. പിറ്റേന്നായപ്പോഴേക്കും അമ്മ വേഷം കെട്ട് തുടങ്ങി.
“ഇവിടെ ഭയങ്കര തണുപ്പാ... എന്നെ എന്തിനാ ഇവിടെ കിടത്തിയിരിക്കുന്നത്? എന്നെ കൊല്ലാനാണോ
ഇതിനകത്തിട്ടിരിക്കുന്നത്?” തുടങ്ങിയ ചോദ്യശരങ്ങൾ. “എനിയ്ക്കെന്റെ മോളുടടുത്ത് പോണം” എന്ന വാശി. ഡോക്ടർമാർ
ഒരു കൊച്ചുകുട്ടിയുടെ വാശിയ്ക്കെന്ന മുന്നിൽ വഴങ്ങി അമ്മയെ റൂമിലേയ്ക്ക് മാറ്റി.
ബാക്കിയുള്ള
പരിചരണങ്ങൾ റൂമിൽ വന്നതിനു ശേഷം. കൂട്ടിന് നഴ്സുമാരുണ്ടെന്ന ആശ്വാസം എനിയ്ക്ക്. അമ്മയ്ക്ക്
വേണ്ട പരിചരണങ്ങൾ മുറപോലെ നടന്നു. എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഡോക്ടർമാർ മനസിലാക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ചികിൽസാ ആവശ്യങ്ങൾക്കുള്ള പണം സ്വരൂപിക്കുവാനും വാങ്ങിയ കടങ്ങൾ തിരിച്ചു
നല്കുവാനും വേണ്ടി സ്ഥലം പണയം വെയ്ക്കുന്നതിനുള്ള കാര്യങ്ങൾ നീക്കാൻ ഞാൻ ഒരുങ്ങി. നഴ്സുമാരെ
അമ്മയ്ക്ക് കൂട്ടിനിരുത്തി പ്രത്യേകിച്ച് മറ്റ് ആവശ്യങ്ങളൊന്നും ഇല്ല എന്നുറപ്പ് വരുത്തി
ഞാൻ ഇടയ്ക്കിടെ വീട്ടിലേയ്ക്ക് പോയി. വില്ലേജാഫീസ്, സൊസൈറ്റി എന്നിവിടങ്ങളിലെ നിത്യ
സന്ദർശനം ആവശ്യമായിരുന്നു വായ്പയ്ക്കുള്ള രേഖകൾ ശരിയാക്കുവാൻ.
ഒരാഴ്ച
കഴിഞ്ഞപ്പോൾ അമ്മയ്ക്ക് രക്തം ആവശ്യമാണെന്ന് ഡോക്ടർ അറിയിച്ചു. ഐ.എം.എ.യിൽ പോയി അത്
വാങ്ങി കൊണ്ടു കൊടുത്തു. അമ്മയ്ക്ക് വീണ്ടും മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം കൊടുക്കുന്നതിനാൽ
ന്യൂട്രീഷൻ ഭക്ഷണം വീണ്ടും വേണമെന്ന ആവശ്യം വന്നു. ഇതിനു മുൻപ് ആദ്യ ഒരു മാസം കിടന്നപ്പോളും
ന്യൂട്രീഷൻ ഭക്ഷണം വേണ്ടി വന്നിരുന്നു. അന്ന് ഡോക്ടർ വർഗ്ഗീസ് എന്റെ സാമ്പത്തികാവസ്ഥ
കണ്ട് ഹോസ്പിറ്റൽ ഫാർമസിയിൽ വരുത്തിക്കാതെ നേരിട്ട് പോയി വാങ്ങാനുള്ള സൗകര്യം ഒരുക്കി
തന്നിരുന്നു. അദ്ദേഹം നിർദ്ദേശിച്ച ആളായതുകൊണ്ട് 500 രൂപ കുറവ് കിട്ടി. അതും ഒരാശ്വാസമായിരുന്നു
അപ്പോൾ.
വീണ്ടും
അങ്ങോട്ടേയ്ക്ക് ഡോക്ടർ എന്നെ പറഞ്ഞയച്ചു. അതെല്ലാം ശരിയാക്കി കൊടുത്തു. അമ്മയുടെ ശരീരത്തിൽ
വേണ്ട ധാതുക്കളുടെ അളവ് അത്യാവശ്യം ഉയർന്നു. ഇനിയൊരു സർജ്ജറിയ്ക്ക് അമ്മയെ തയ്യാറെടുപ്പിച്ചാലോ
എന്ന് ഡോക്ടർ വർഗ്ഗീസും ഡോക്ടർ ശകുന്തളയും കൂടി ആലോചിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ അതായിരിക്കും
നല്ലതെന്ന് അവർ തീരുമാനിച്ചു. വേർപെട്ട് കിടക്കുന്ന കുടലുകൾ കൂട്ടി യോജിപ്പിക്കുവാനുള്ള
ശസ്ത്രക്രിയ അങ്ങനെ തീരുമാനമായി.
“അനൂ..
നാളെ അമ്മയ്ക്ക് ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. വേണ്ട നടപടികൾ ചെയ്തോളൂ.. കാശൊക്കെയുണ്ടല്ലോ
കയ്യിൽ അല്ലെ?”
പണം
കയ്യിലുണ്ടായിരുന്നു. ബിസിനസ്സിൽ നിന്നുമുള്ള വരുമാനം കുറച്ച് നീക്കിയിരിപ്പുണ്ടായിരുന്നു.
വീട്ടുടമയും ടീമംഗങ്ങളും താല്ക്കാലികമായി അവരുടെ വരുമാനം വേണ്ട എന്ന് പറഞ്ഞിരുന്നതുകൊണ്ട്
അതൊരു സമാധാനമായിരുന്നു. പക്ഷേ പെട്ടന്ന് “നാളെ ശസ്ത്രക്രിയ” എന്ന് പറഞ്ഞപ്പോൾ ഞാൻ
പതറി. ധൈര്യം ചോരുന്നതുപോലെ ഒരവസ്ഥ. ഒറ്റയ്ക്കാണ്. ഉടൻ വല്യേട്ടനെ വിളിച്ചു. “ഏറ്റത്ത്യമ്മയെ
ഒന്ന് വിടാമോ ഇങ്ങോട്ട്..? നാളെ അമ്മയുടെ ഓപ്പറേഷനാണ്. ഞാനൊറ്റയ്ക്കേയുള്ളൂ... ഒരു
ധൈര്യത്തിനാരെങ്കിലും... ഏടത്ത്യമ്മ ഇന്ന് വണ്ടി കയറിയാൽ നാളെ എത്തുമല്ലോ... നാളെ വൈകിട്ടാണ്
ഓപ്പറേഷൻ”
ഞാൻ ഏട്ടനോട് ചോദിച്ചു.
“ഇന്ന് പറ്റില്ല. പെട്ടന്നിങ്ങനെ പറഞ്ഞാൽ എങ്ങനാ...
രണ്ട് ദിവസം കഴിഞ്ഞ് അവളെ വിടാം.” ഏട്ടൻ പറഞ്ഞു. എന്റെ മനസ് ചതഞ്ഞു. രണ്ട് ദിവസം കഴിഞ്ഞിട്ടല്ല,
എനിയ്ക്ക് നാളെയാണ് ആവശ്യം. എന്റെ മനസിന് ധൈര്യം കിട്ടാൻ... ഞാനത് ഏട്ടനോട് പറഞ്ഞില്ല.
ഒന്നും പറയാതെ ഞാൻ ഫോൺ വെച്ചു. പറയാനല്ലേ ആകൂ.. എനിയ്ക്ക് നിർബന്ധിക്കാനാകില്ലല്ലോ...
ഒറ്റയ്ക്കായതിന്റെ നിസ്സഹായത അറിഞ്ഞ ഒരു സന്ദർഭം കൂടി...
അന്ന്
രാത്രി മുഴുവൻ മനസിലെന്തെന്നില്ലാത്ത ഒരു വേവലാതി. ഹോസ്പിറ്റലിനടുത്ത് തന്നെ താമസിക്കുന്ന
വസന്ത ചാച്ചയെ അറിയിച്ചാലോ എന്ന് ചിന്തിച്ചു. പിന്നെയത് വേണ്ട എന്ന് വെച്ചു. കാരണം
ചെറ്യമ്മയ്ക്ക് (സജിത ചെറ്യമ്മ) നടുവേദനയാണ്. അതിന്റെ ട്രീറ്റ്മെന്റും കാര്യങ്ങളുമായി
ചാച്ച തിരക്കിലാണ്. വെറുതെ അവരെ കൂടെ ബുദ്ധിമുട്ടിക്കണ്ട എന്ന് ചിന്തിച്ചു. പിറ്റേന്ന്
ഓപ്പറേഷനു വേണ്ട പണമെല്ലാമടച്ച് ഞാൻ കാത്തിരുന്നു.
വൈകുന്നേരം
ഏഴരയ്ക്ക് തന്നെ അമ്മയെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കൊണ്ടു പോയി. ആകുല ചിന്തകളുമായി
ഞാനൊറ്റയ്ക്ക് ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിൽ. കൂട്ടെന്ന് പറയാനൊക്കില്ലെങ്കിലും ഒരു
വയസായ അമ്മയും അവരുടെ മകളും മരുമകനും പിന്നെ വേറൊരു ആളും അവിടെ ഉണ്ടായിരുന്നു.
എന്തുകൊണ്ടോ മനസിൽ വരുന്നതെല്ലാം അരുതാത്ത ചിന്തകൾ
മാത്രം. പുറത്തേയ്ക്ക് വരുന്നവരോടെല്ലാം ചോദിച്ചു
“ഓപ്പറേഷൻ കഴിഞ്ഞോ?” “ഇല്ല ചേച്ചീ.. തുടങ്ങിയിട്ടില്ല. വേറെ ഒരെണ്ണം നടന്നോണ്ടിരിക്ക്യാ” എന്ന് മറുപടി വന്നു.
മനസിന്
വല്ലാത്ത ഭാരം. നെഞ്ചിൽ എന്തോ കയറ്റി വച്ചതു പോലെ... നെഞ്ച് പൊട്ടി പോകുമോ എന്ന് ഞാൻ
ആശങ്കപ്പെട്ടു. സങ്കടവും ആകുലതകളും അരുതാത്ത ചിന്തകളും എല്ലാം ചേർന്ന് വല്ലാത്തൊരു
വീർപ്പുമുട്ടൽ. കുറേ നേരം ഗായത്രിമന്ത്രം ജപിക്കുവാൻ ശ്രമിച്ചു... പക്ഷേ മനസുറയ്ക്കുന്നില്ല.
പരാജയപ്പെട്ടുകൊണ്ടേയിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ
മനസ് വല്ലാതെ പതറി പതറി... കരയുവാനുള്ള ത്വര തിങ്ങി നില്ക്കുന്നു എങ്കിലും എന്തുകൊണ്ടോ
കഴിയുന്നില്ല...
പെട്ടന്ന്
വൈബ്രേറ്റർ മോഡിലുള്ള ഫോൺ വിറച്ചു. ചെറ്യച്ഛ വിളിക്കുന്നു. ഞാൻ വേഗം ഫോണെടുത്തു.
“കുഞ്ഞോളേ...
നീയെവിടെയാ..?”
“ഞാൻ
ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിലിരിക്യാ ചാച്ചേ...” എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
“എന്ത്
പറ്റി?”
“അമ്മയുടെ
കുടൽ യോജിപ്പിക്കാനുള്ള ഓപ്പറേഷന് കയറ്റിയിരിക്യാ..”
“ആരാ
അവിടെ നിന്റെ കൂടെയുള്ളത്?”
“ആരുമില്ല
ചാച്ചേ..”
“ഞാൻ
വരണോ..?” എനിയ്ക്ക് അപ്പോഴേക്കും ശബ്ദം നഷ്ടപ്പെട്ടിരുന്നു. ഒരു കരച്ചിൽ വന്ന് എന്റെ
ശബ്ദം തടഞ്ഞു...
അരമണിക്കൂറിനുള്ളിൽ
ചാച്ച വന്നു. കൂടെ ഹരിയേട്ടനും. ഹരിയേട്ടൻ ചാച്ചയുടെ പെങ്ങളെ കല്യാണം കഴിച്ച വ്യക്തിയാണ്.
അതുകൂടാതെ ഹരിയേട്ടൻ എനിയ്ക്ക് അമ്മായിയുടെ മകനും കൂടെയാണ്. അച്ഛയുടെ ഇളയമ്മയുടെ മകളുടെ
എനിയ്ക്ക് അമ്മായി) മകനാണ് ഹരിയേട്ടൻ. കല്യാണം കഴിച്ചിരിക്കുന്നത് അച്ഛയുടെ ഇളയച്ഛന്റെ
മകളെ (എനിയ്ക്ക് അമ്മായി). അങ്ങനെ രണ്ടുവിധത്തിലും എനിയ്ക്ക് വേണ്ടപ്പെട്ടയാളാണ് ഹരിയേട്ടൻ.
രണ്ടുപേരും
എന്റെയടുക്കൽ വന്നിരുന്നു. നെഞ്ചിലെ ഭാരം പതുക്കെ ഒഴിഞ്ഞു പോകുന്നത് ഞാനറിഞ്ഞു. വസന്താച്ച
എന്തൊക്കെയോ പറഞ്ഞ് രംഗത്തിന്റെ ഘനത്തിനു ലാഘവം വരുത്തി. പ്രാർത്ഥിക്കുവാൻ പോലും ഞാൻ
മറന്നു. ചാച്ച എപ്പോഴും അങ്ങിനെയാണ്. എന്തെങ്കിലുമൊക്കെ പറഞ്ഞ് കൂടെയുള്ളവരെ ചിരിപ്പിക്കും.
അതുകൊണ്ടുതന്നെ ചാച്ചയ്ക്ക് ഞങ്ങൾ കുറേ പേർ ആരാധകാരായിട്ടുണ്ട്. അദ്ദേഹം റിസർച്ചറാണെങ്കിലും
അതിന്റെ യാതൊരു വിധ ജാഡയുമില്ലാത്ത ഒരു വ്യക്തി എന്നത് ‘ചാച്ചയെ പോലെ ആയിരിക്കണം ഞങ്ങളും.
ഒരു ജാഡയും ഉണ്ടാകാൻ പാടില്ല എത്ര വലിയ സ്ഥാനത്തെത്തിയാലും’ എന്നതായിരുന്നു ഞങ്ങളുടെ
നയം.
കുറച്ചുകഴിഞ്ഞ്
ഹരിയേട്ടൻ ഭക്ഷണം കഴിക്കുവാൻ പോയി. ഭക്ഷണം കഴിച്ചുകഴിഞ്ഞ് വസുധേച്ചിയേയും കൂട്ടി (അമ്മായിയാണെങ്കിലും
ചേച്ചി എന്നാണ് വിളിച്ചിരുന്നത്) വന്നു. അപ്പോൾ വസന്താച്ച പോയി ഭക്ഷണം കഴിയ്ക്കാൻ.
കുറച്ചുകഴിഞ്ഞ് നടുവേദനയുമുള്ള ചെറ്യമ്മയേയും കൊണ്ട് വന്നു. ഹരിയേട്ടന്റെ വീട്ടിൽ മകൾ
പ്രസവിക്കാൻ വന്നിട്ടുള്ളതുകൊണ്ട് അവർക്ക് പോകണമായിരുന്നു. ചാച്ചയും ചെറ്യമ്മയും വന്നു
കഴിഞ്ഞപ്പോൾ കുറച്ചുകൂടി നേരം വർത്തമാനം പറഞ്ഞിരുന്ന് അവർ പോയി. ഞാനും ചാച്ചയും ചെറ്യമ്മയും
അമ്മയുടെ ഓപ്പറേഷൻ കഴിയുന്നതും കാത്തിരുന്നു.
പന്ത്രണ്ടരയോടെ
ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽ തുറന്നു. “പേഷ്യന്റ് ഇന്ദുമതിയുടെ ബൈസ്റ്റാന്റർ ഉണ്ടോ?”
എന്ന ചോദ്യം വന്നതും ഞങ്ങളോടിച്ചെന്നു. അമ്മയെ കാണിച്ചു തന്ന്, കുഴപ്പമൊന്നുമില്ല,
പേടിയ്ക്കാനൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടർ പോയി. അമ്മയെ കൊണ്ട് അവർ ഐ.സി.യു.വിലേയ്ക്കും.
രാത്രി
ഏറെ വൈകി. ചാച്ചയും ചെറ്യമ്മയും എന്നോട് റൂമിലേയ്ക്ക് പോകാൻ നിർബന്ധിച്ചു. “ഞാൻ നിങ്ങൾ
രണ്ടാളും പോയിക്കഴിഞ്ഞിട്ട് പൊയ്ക്കോളാം ചാച്ചേ...” എന്ന് പറഞ്ഞിട്ടും അവരത് ശ്രദ്ധിച്ചില്ല.
എന്നെ നിർബന്ധപൂർവം ലിഫ്റ്റിൽ കയറ്റി ലിഫ്റ്റിന്റെ വാതിൽ അടയുന്നത് വരെ അവർ കാത്തു
നിന്നു. എന്നിട്ടവർ പോയി. ഞാൻ ലിഫ്റ്റിൽ മുകളിൽ ചെന്നിറങ്ങി പടിയിറങ്ങി വീണ്ടും ഐ.സി.യു.വിന്റെ
മുന്നിൽ വന്നിരുന്നു.
ഓപ്പറേഷൻ
കഴിഞ്ഞാൽ അതിനോടനുബന്ധിച്ച് കുറേ മരുന്നുകളുടെ ലിസ്റ്റ് വരും എന്നെനിയ്ക്കറിയാം. അതുകൊണ്ട്
ഞാനവിടെ വേണ്ടത് ആവശ്യമാണ്. അത് പറഞ്ഞാൽ ചാച്ചയും ചെറ്യമ്മയും പോകില്ല എന്നറിയാം.
ചാച്ചയ്ക്ക് പിറ്റേന്ന് ഓഫീസിൽ പോകേണ്ടതാണ്. പാവം ചെറ്യമ്മയ്ക്കാണെങ്കിൽ നടുവേദനയുള്ളതാണ്.
അവർ എന്നോടുള്ള സ്നേഹത്തിന്റെ മുകളിലാണ് എല്ലാം അവഗണിച്ച് അവിടെ വന്ന് എനിയ്ക്ക് കൂട്ടിരുന്നത്. ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലൊ...
എന്ന് മനസ് ചിന്തിച്ചു.
രാത്രി
ഒന്നരയായപ്പോഴാണ് മരുന്നിന്റെ ലിസ്റ്റും കൊണ്ട് ഐ.സി.യു.വിൽ നിന്നും നഴ്സ് വന്നത്.
ലിസ്റ്റും കൊണ്ട് ഞാനോടി ഫാർമസിയിലേയ്ക്ക്. ഗ്രൌണ്ട് ഫ്ലോറിലാണ് ഫാർമസിയും ക്യാഷ്
കൗണ്ടറും. അന്നാണ് ആ ഫ്ലോറിന്റെ ഭീകരാവസ്ഥ
ഞാൻ കണ്ടത്. തികച്ചും വിജനമായി കിടക്കുന്നു. വെളിച്ചമെല്ലാം കെടുത്തിയിരുന്നു. കുറേ
കസാരകൾ മാത്രം നിഴലായി അവിടെ. അതിലൂടെ ഞാൻ പണമടയ്ക്കുവാൻ ഹോസ്പിറ്റലിന്റെ മുൻ വശത്തുള്ള
ക്യാഷ് കൗണ്ടറിലേയ്ക്ക് ഓടി. അന്തരീക്ഷം ഭീകരമായിരുന്നെങ്കിലും മനസിൽ പേടിയൊന്നും തോന്നിയില്ലായിരുന്നു.
സത്യത്തിൽ പേടിയ്ക്കുവാനുള്ള മാനസികാവസ്ഥയൊന്നുമല്ലായിരുന്നു എന്നതായിരുന്നു സത്യം.
ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു ചെറിയ പേടി തോന്നുന്നുണ്ടെങ്കിലും.
ഐ.സി.യുവിന്റെ
മുന്നിൽ വന്ന് അമ്മയ്ക്കുള്ള മരുന്നെല്ലാം കൊടുത്തു റൂമിലേയ്ക്ക് തിരിച്ചു പോരാൻ നോക്കുമ്പോൾ
ഓപ്പറേഷൻ തിയറ്ററിന്റെ മുന്നിൽ നേരത്തേ കണ്ട അമ്മ ഒറ്റയ്ക്കിരിക്കുന്നു. പ്രാർത്ഥനാനിരതമാണാ
മുഖം. ഞാൻ ഒരു നിമിഷം നിന്നു. ആയമ്മയുടെ അടുത്തേയ്ക്ക് ഞാൻ ചെന്നു. “അമ്മ ഒറ്റയ്ക്കാണോ..?
ആരുമില്ലേ കൂടെ? ഞാൻ കൂട്ടിരിക്കണോ” എന്ന് ഞാൻ ചോദിച്ചു. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ
ഒറ്റയ്ക്കിരിക്കുമ്പോഴത്തെ മാനസികാവസ്ഥ കുറച്ചു മണിക്കൂർ മുൻപ് ഞാനറിഞ്ഞതുകൊണ്ടായിരുന്നു
ഞാനങ്ങനെ അവരോട് ചോദിച്ചത്.
“ഒറ്റയ്ക്കല്ല.
മോളും മരുമകനുമുണ്ട് അവിടെ” എന്നവർ മറുവശത്തേയ്ക്ക് ചൂണ്ടി. അവർ ആ അമ്മയെ
ഒറ്റയ്ക്കിരുത്തി അപ്പുറത്ത് ഒരു മൂലയിൽ ഒരുമിച്ചിരിപ്പുണ്ടായിരുന്നു!!
“ഞാൻ കൂട്ടിരിക്കണമെങ്കിൽ ഇവിടെ ഇരിയ്ക്കാം.
എനിയ്ക്ക് ബുദ്ധിമുട്ടില്ല” എന്ന് ഞാൻ പറഞ്ഞു. അതുകേട്ടപ്പോഴാണോ എന്തോ
മോൾ വേഗം അങ്ങോട്ട് വന്നിരുന്നു. അതുകണ്ട് ഞാൻ റൂമിലേയ്ക്ക് പോയി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ