പേജുകള്‍‌

2014 ഏപ്രിൽ 9, ബുധനാഴ്‌ച

എനിയ്ക്ക് ലഭിച്ചിരുന്ന വിഷുക്കൈനീട്ടം




ഫോട്ടോ കടപ്പാട് : mazhavils.com



വിഷുക്കൈനീട്ടം എന്നത് ഒരു ഐശ്വര്യമാണ്. ഒരുവർഷത്തേയ്ക്കുള്ള ഐശ്വര്യം കൈനീട്ടം തരുന്ന ആളുടെ മനസിന്റെ നന്മയെ ആശ്രയിച്ചിരിക്കുമത്രേ... വിശ്വാസം അന്ധമാണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ അതിൽ അർത്ഥമുണ്ട് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ തെളിയിച്ചു. 

വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ഞാൻ കൈനീട്ടം വാങ്ങുമായിരുന്നു. വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങൾക്ക് നാട്ടിൽ പോകുക പതിവില്ലാത്തതിനാൽ അയാളിൽ നിന്നേ എനിയ്ക്ക് കൈനീട്ടം കിട്ടാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം.  ഓരോ കൈനീട്ടങ്ങൾക്ക് ശേഷവും മനസിലെ പോസിറ്റീവ് ഊർജ്ജങ്ങളെല്ലാം ഊർന്നൂർന്ന് വിപരീതചിന്തകൾ മാത്രം മനസിൽ നിറഞ്ഞുകൊണ്ടേയിരുന്നു. ഓരോ വർഷങ്ങളിലും... ഒടുവിൽ ആത്മഹത്യാശ്രമങ്ങളിലേയ്ക്ക് വരെ നീണ്ട വിപരീത ഊർജ്ജപ്രഭാവം...!!! പിന്നെ കുറേ വർഷങ്ങൾ ആ വ്യക്തിയുമായി യാതൊരു ബന്ധങ്ങളും ഉണ്ടായില്ല. വല്ലപ്പോഴുമുള്ള ഇ-മെയിൽ സന്ദേശങ്ങളല്ലാതെ. 

പിന്നീടുള്ള വർഷങ്ങളിലെല്ലാം വിഷുക്കൈനീട്ടം എവിടെ നിന്നും ലഭ്യമായിരുന്നില്ല എങ്കിലും ജീവിതത്തിൽ നിന്നും മനസിൽ നിന്നും നഷ്ടപ്പെട്ടുപോയിരുന്ന ശുഭചിന്തകളും ഐശ്വര്യങ്ങളും പതുക്കെ പതുക്കെ തിരികെ വന്നു തുടങ്ങിയിരുന്നു. എല്ലാ വർഷാവസാനങ്ങളും എവിടെ നിന്നും ശുഭലാഭങ്ങൾ  മാത്രം. ചിന്തകളിലും ജീവിതത്തിലും..

എന്നാൽ, കഴിഞ്ഞതിനുമുൻപത്തെ വിഷുനാൾ കൈനീട്ടം പോലെ എന്നെ ഒരു സന്ദേശം തേടിയെത്തി. വിഷു ആശംസയുടെ രൂപത്തിൽ.  അപ്പോൾ തോന്നിയ സന്തോഷം വർഷാവസാനത്തോടെ മാറിക്കിട്ടി. കഷ്ടപ്പെട്ടുണ്ടാക്കിയ ആഭരണങ്ങളൊക്കെ വിറ്റൊഴിയേണ്ടി വന്നു ഒരാവശ്യത്തിനായി.

ഒരു വർഷം തികഞ്ഞ അടുത്ത വിഷുനാളിൽ (അതായത് കഴിഞ്ഞ വിഷുനാളിൽ) വലിയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കി അതേ ആൾ എനിയ്ക്ക് നേരിട്ട് വന്ന് കൈനീട്ടം തന്നു. ഒരൊന്നൊന്നര വിഷുക്കൈനീട്ടം!! മാസങ്ങൾ അധികം കഴിയുന്നതിനു മുൻപേ കഷ്ടപ്പെട്ടുണ്ടാക്കിയ അടുത്ത സമ്പാദ്യവും ചിലവഴിച്ചു അമ്മയുടെ ആശുപത്രിച്ചിലവിലേയ്ക്കായി. മാത്രമല്ല നല്ലൊരു തുക കടവും വാങ്ങി!! കൂട്ടത്തിൽ ജീവിതത്തിലിന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ടെൻഷനും. 

ഹെന്റെ ദൈവമേ.... ഇത്തരം വിഷുക്കൈനീട്ടം ഇനിയും കിട്ടരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു. എന്തായാലും ആ വ്യക്തിയിൽ നിന്നും ഇനി കൈനീട്ടം കിട്ടുകയില്ല. ആ ബാധ എന്നേയ്ക്കുമായി ഒഴിഞ്ഞുപോയി. സമാധാനം. ഈശ്വരാാാാ... ഇത്തരം ബാധകൾ ഇനി ജീവിതത്തിൽ ഉണ്ടാകരുതേ.... ഇത്തരം കൈനീട്ടങ്ങളും...

2013 ഡിസംബർ 26, വ്യാഴാഴ്‌ച

"അയാൾ എന്ന കള്ളനാണയം"

അയാളുടെ  കൂട്ടുകാരായ മുഹമ്മദും കുര്യാക്കോസും അവളോട് പറഞ്ഞു 'അവനെ സൂക്ഷിയ്ക്കണം' എന്ന്. അവൾ കേട്ടില്ല. ജോസുകുട്ടി പറഞ്ഞു 'ഞങ്ങളുടെ കുടുംബത്തിലെ പുരുഷന്മാർ കാളകളിച്ചുനടന്ന് ഒടുവിൽ വീട്ടുകാരുടെ കുഞ്ഞാടായി മാറുകയാണ് പതിവ്' അവൾ അതും കേട്ടില്ല. അന്നേരമൊക്കെ അവൾ മനസിൽ പറഞ്ഞു 'അവനെ കുറിച്ച് ഇവർക്കൊന്നും ഒന്നും അറിയില്ല. മറ്റുള്ളവരാൽ തെറ്റിദ്ധരിയ്ക്കുവാൻ വിധിയ്ക്കപ്പെട്ട ഒരുവനാണവൻ' എന്ന്... പക്ഷേ തെറ്റിദ്ധരിച്ചത് താനായിരുന്നു എന്ന് അവൾക്ക് കാലം തെളിയിച്ചുകൊടുത്തു.

ഒരിയ്ക്കൽ അയാൾ അവളോട് പറഞ്ഞു, "വിവാഹം ഏതാണ്ട് ആയി. വീട്ടുകാർ കണ്ടെത്തിയതാണ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചതാണ്. കെട്ടുന്നേയില്ല എന്ന് കരുതി ജീവിച്ചതാ. അവൾക്ക് വെടിവെപ്പാണ് പണി. ഞാനവളുടെ ജീവിതത്തിലെ പതിമൂന്നാമനാണത്രെ!!" "അത് നീയെങ്ങിനെ അറിഞ്ഞു?" ചോദിച്ചു.
"ഞാൻ അവളുടെ മൊബൈലിൽ വിളിച്ചിരുന്നു; പാർട്ടിയായിട്ട്. ഒരുമണിക്കൂർ എന്റെ കൂടെ വരാമെന്ന് പറഞ്ഞു. ഒപ്പം അവളുടെ റെയ്റ്റും!! അന്നേരം അവൾ പറഞ്ഞതാണ് ഞാൻ പതിമൂന്നാമനാണെന്ന്. കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന് ഞാനിപ്പോൾ മനസിലാക്കുന്നു. എന്റെ കണ്മുന്നിലൂടെ അവൾ മറ്റൊരാളെ തേടി പോകുന്നത് കാണേണ്ടിവരുമായിരിക്കാം എനിയ്ക്കൊരിയ്ക്കൽ..." അയാൾ പറഞ്ഞു.

"നീയെന്തിന് അവളുടെ ചരിത്രം അന്വേഷിച്ചു പോയി? നിന്റെ ജീവിതത്തിലെ എത്രാമത്തെ പെണ്ണാണ് അവൾ എന്ന് നിനക്ക് പറയുവാനൊക്കുമോ? പിന്നെ നീയെന്തിന് നിനക്കാ ഔചിത്യം പ്രതീക്ഷിയ്ക്കുന്നത്?" അവൾ പറഞ്ഞു നിർത്തിയെങ്കിലും എന്തുകൊണ്ടോ അവളുടെ മനസിൽ എവിടെയോ സഹതാപത്തിൽ കലർന്ന ഒരു നീറ്റൽ അയാളെക്കുറിച്ചോർത്തപ്പോൾ പൊട്ടിമുളച്ചു. 

പക്ഷേ...

സ്വയം കണ്ടെത്തി പ്രണയിച്ച് വീട്ടുകാരോട് കല്യാണമാലോചിയ്ക്കുവാൻ മുൻകൈയെടുത്ത്കല്യാണമുറപ്പിയ്ക്കുവാൻ പോകുന്ന സ്വന്തം പ്രണയിനിയെ കുറിച്ചാണ് അയാൾ യാതൊരു ആത്മാർത്ഥതയോ ഉളുപ്പോ മനഃസാക്ഷിക്കുത്തോ ജളുത്വമോ ഇല്ലാതെ എന്തിനുവേണ്ടിയായിരുന്നായാലും അങ്ങിനെയൊരു ആരോപണമുന്നയിച്ചത് എന്ന് അവൾക്ക് പിന്നീടുണ്ടായ തിരിച്ചറിവ്  അയാളെ അന്നുവരെ അഗാധമായി സ്നേഹിച്ചിരുന്ന അവളിൽ ആ സ്നേഹത്തിന്റെ ലക്ഷം മടങ്ങ് വെറുപ്പ് സൃഷ്ടിച്ചു. അന്ന് മുതൽ അവൾ ഓടിയകന്നു; അയാളുടെ സൗഹൃദത്തിൽ നിന്നും...

സ്വന്തം പ്രണയിനിയോട് തരിമ്പും ആത്മാർത്ഥതയില്ലാതെ അയാൾക്കെങ്ങിനെ അങ്ങിനെയൊക്കെ പറയുവാൻ സാധിച്ചു എന്ന് അവൾ അത്ഭുതപ്പെട്ടു. അല്ലെങ്കിലും അയാൾക്ക് ആരോടാണ് ആത്മാർത്ഥതയുണ്ടായിട്ടുള്ളത്; തന്നോടു തന്നെയല്ലാതെ!! ജന്മം നൽകിയ അമ്മയോട് പോലും അയാൾക്ക് ആത്മാർത്ഥതയില്ലായിരുന്നല്ലോ എന്നും, മറ്റുള്ളവരോട് അയാൾക്കുള്ള ആത്മാർത്ഥത വാക്കുകളിൽ അല്ലാതെ പ്രവൃത്തികളിൽ ഉണ്ടായിരുന്നില്ലല്ലോ എന്നുമുള്ള ഓർമ്മ അവളിലുളവായ അത്ഭുതത്തെ തിരുത്തി.  

കൂട്ടുകാർ വിശേഷിപ്പിച്ച പേരല്ല അതിനേക്കാൾ  നികൃഷ്ടമായ നാമമുണ്ടെങ്കിൽ അതാണയാൾക്ക് ചേരുക എന്നവൾ തിരിച്ചറിഞ്ഞു. താൻ പ്രണയിച്ച പെണ്ണിനെയാണ് വിവാഹം ചെയ്യുവാൻ പോകുന്നത് എന്ന് കരുത്തനായ ഒരു പുരുഷനെ പോലെ  തന്റേടത്തോടെ  പറയുവാൻ പോലുമുള്ള നട്ടെല്ലില്ലാതെ, താൻ കെട്ടുവാൻ പോകുന്ന അവളെ കുറിച്ച് അങ്ങേയറ്റത്തെ അപവാദം പറഞ്ഞ അയാളെ എന്ത് വിശേഷിപ്പിക്കുവാൻ??!!

പൊൻനാണയമെന്ന് കരുതി താൻ പെറുക്കിയെടുത്തത് യാതൊരു വിലമതിയ്ക്കാത്ത ഒരു കള്ളനാണയം മാത്രമായിരുന്നല്ലോ എന്ന ഖേദം അവളിൽ ബാക്കിയായി...

2013 ഡിസംബർ 25, ബുധനാഴ്‌ച

നഷ്ടം!!!


അവനെ പുറകിലിരുത്തി വണ്ടിയോടിച്ച ദൂരവും അവന് വേണ്ടി വച്ചുണ്ടാക്കിയ ഭക്ഷണവും അവനുവേണ്ടി കാത്തിരുന്ന സമയവും നഷ്ടം!!! ആത്മാർത്തതയില്ലായ്മയുടെ മനുഷ്യരൂപം മാത്രമാണ് അവ എന്ന് മനസിലാക്കുവാ കാലത്തിന്റെ ഇടപെട വേണ്ടി വന്നു!!!

വാശി

അതൊരു വാശിയായിരുന്നു. 'എന്റെ പെണ്ണ്' എന്നും 'നിന്റെ സ്ഥാനത്താണ് അവൾ' എന്നും കേട്ടപ്പോഴുള്ള വാശി. നിന്റെ സ്ഥാനത്ത് എന്ന് പറഞ്ഞ് കൊണ്ടു നടക്കുന്നവളുടെ സ്ഥാനത്ത് മറ്റൊരുവൾ.

എന്തിനു വേണ്ടിയായിരുന്നാലും ആർക്ക് വേണ്ടിയായിരുന്നാലും നുണയാൽ(?)സൃഷ്ടിച്ച ഒരു പണിയ്ക്ക് സത്യത്തിൽ തീർത്ത ഒരു മറുപണി. അതില്ലെങ്കിലും സംഭവിയ്ക്കുന്നതെല്ലാം ഇങ്ങിനെയായിരിക്കും എന്നറിയാമെങ്കിലും അതിനു നിമിത്തമായിരിക്കണം  എന്ന തീരുമാനം. ദൈവവും അതിനു കൂട്ടു നിന്നു. കാരണം, സത്യത്തിന് നുണയേക്കാൾ അചിന്തനീയമായ ശക്തിയുണ്ടെന്നതുതന്നെ....  

2013 ഡിസംബർ 2, തിങ്കളാഴ്‌ച

നിറമുള്ള കുപ്പിവളകൾ...


അവളുടെ കുപ്പിവളകളെല്ലാം അവ തല്ലിത്തകർത്തു.. ശേഷം അവ മറ്റൊരുവളെ കുപ്പിവളകളണിയിച്ചു. ചതിയുടെയും വഞ്ചനയുടെയും ആത്മാത്ഥതയില്ലായ്മയുടെയും നിറമുള്ള കുപ്പിവളക...

2013 നവംബർ 16, ശനിയാഴ്‌ച

രക്ഷപ്പെടൽ...

തന്നെമാത്രം സ്നേഹിയ്ക്കുന്ന, തന്നെ വിശ്വസിച്ചവരെയെല്ലാം വഞ്ചിയ്ക്കുന്ന, ആത്മാർത്ഥത പ്രവൃത്തിയിൽ തൊട്ടുതീണ്ടാതെ വാക്കുകളിൽ മാത്രം കൊണ്ടുനടക്കുന്ന ഒരു സ്നേഹം...

അത് എന്ത് കാരണത്താലായാലും സ്വയമേവ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തപ്പോൾ ഉരുത്തിരിഞ്ഞ വികാരം എന്നത് ആഴമളക്കുവാൻ കഴിയാത്ത ഒരു അഗാധഗർത്തത്തിന്റെ വക്കിൽ നിന്നും മുടിനാരിഴയുടെ ഭാഗ്യത്തിന് വീഴാതെ രക്ഷപ്പെടുമ്പോഴുണ്ടാകുന്ന ആശ്വാസമാണ്.

വൈകിവന്ന വിവേകമാണെങ്കിലും ശിഷ്ടജീവിതം മുഴുവൻ അനുഭവിയ്ക്കേണ്ട നരകത്തിൽ നിന്നും ദൈവകൃപ കൊണ്ടുണ്ടായ രക്ഷപ്പെടലിന് ദൈവത്തിനോടല്ലാതെ മറ്റാരോട് നന്ദി പറയുവാൻ...

2013 സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഓർമ്മകളുടെ കോശങ്ങൾ

നമ്മുടെ ചിന്തകളിലെ ചില ഓർമ്മകളുടെ കോശങ്ങൾ മാത്രം തിരഞ്ഞെടുത്ത് നശിപ്പിക്കുവാൻ സാധിയ്ക്കുന്ന സാങ്കേതികവിദ്യ ശാസ്ത്രലോകം വികസിപ്പിച്ചെടുക്കുന്നുണ്ടത്രേ...





അത് വ്യാപകമായി എത്രയും വേഗം നടപ്പിൽ വരുകയാണെങ്കിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ എന്റെ ചിന്തകളിലെ ചില പ്രത്യേക ഓർമ്മകളുടെ കോശങ്ങൾ അവ എന്റെ ജീവിതത്തിലെ സുവർണ്ണകാലമാണെങ്കിൽ പോലും അത്രമേൽ ഗാഢമായും ആഴത്തിലും ഇന്നും നീറ്റി നീറ്റി വേദനിപ്പിക്കുന്നവയായതിനാൽ എന്ത് വില കൊടുത്തും ഞാനവയെ എന്നേയ്ക്കുമായി എന്റെ ചിന്തകളിൽ നിന്നും തിരഞ്ഞെടുത്തു നശിപ്പിച്ചു കളഞ്ഞേനെ...


എല്ലാവർക്കും ഇതുപോലെ എന്നേയ്ക്കുമായി മായ്ച്ച് കളയുവാൻ ആഗ്രഹിയ്ക്കുന്ന ഓർമ്മകളുടെ കോശങ്ങൾ ഉണ്ടാകും എന്നറിയാം. എന്നിരുന്നാലും ഇപ്പറഞ്ഞ സാങ്കേതിക വിദ്യ എന്ന് വ്യാപകമാകും എന്നറിയില്ല. ഒരുപക്ഷേ അത് പ്രചാരത്തിൽ വരുമ്പോഴേയ്ക്കും നമ്മളിൽ ആരൊക്കെ വെറും ഓർമകളായി മാറിയിട്ടുണ്ടായിരിക്കാം!!!