ഫോട്ടോ കടപ്പാട് : mazhavils.com
വിഷുക്കൈനീട്ടം എന്നത് ഒരു ഐശ്വര്യമാണ്. ഒരുവർഷത്തേയ്ക്കുള്ള ഐശ്വര്യം കൈനീട്ടം തരുന്ന ആളുടെ മനസിന്റെ നന്മയെ ആശ്രയിച്ചിരിക്കുമത്രേ... വിശ്വാസം അന്ധമാണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷെ അതിൽ അർത്ഥമുണ്ട് എന്ന് കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങൾ തെളിയിച്ചു.
വർഷങ്ങൾക്ക് മുൻപ് ഒരു വ്യക്തിയുടെ കയ്യിൽ നിന്നും ഞാൻ കൈനീട്ടം വാങ്ങുമായിരുന്നു. വിഷു, ഓണം തുടങ്ങിയ ആഘോഷങ്ങൾക്ക് നാട്ടിൽ പോകുക പതിവില്ലാത്തതിനാൽ അയാളിൽ നിന്നേ എനിയ്ക്ക് കൈനീട്ടം കിട്ടാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം. ഓരോ കൈനീട്ടങ്ങൾക്ക് ശേഷവും മനസിലെ പോസിറ്റീവ് ഊർജ്ജങ്ങളെല്ലാം ഊർന്നൂർന്ന് വിപരീതചിന്തകൾ മാത്രം മനസിൽ
നിറഞ്ഞുകൊണ്ടേയിരുന്നു. ഓരോ വർഷങ്ങളിലും... ഒടുവിൽ
ആത്മഹത്യാശ്രമങ്ങളിലേയ്ക്ക് വരെ നീണ്ട വിപരീത ഊർജ്ജപ്രഭാവം...!!! പിന്നെ കുറേ വർഷങ്ങൾ ആ വ്യക്തിയുമായി യാതൊരു ബന്ധങ്ങളും ഉണ്ടായില്ല. വല്ലപ്പോഴുമുള്ള ഇ-മെയിൽ സന്ദേശങ്ങളല്ലാതെ.
പിന്നീടുള്ള വർഷങ്ങളിലെല്ലാം വിഷുക്കൈനീട്ടം എവിടെ നിന്നും ലഭ്യമായിരുന്നില്ല എങ്കിലും ജീവിതത്തിൽ നിന്നും മനസിൽ നിന്നും നഷ്ടപ്പെട്ടുപോയിരുന്ന ശുഭചിന്തകളും ഐശ്വര്യങ്ങളും പതുക്കെ പതുക്കെ തിരികെ വന്നു തുടങ്ങിയിരുന്നു. എല്ലാ വർഷാവസാനങ്ങളും എവിടെ നിന്നും ശുഭലാഭങ്ങൾ മാത്രം. ചിന്തകളിലും ജീവിതത്തിലും..
എന്നാൽ, കഴിഞ്ഞതിനുമുൻപത്തെ വിഷുനാൾ കൈനീട്ടം പോലെ എന്നെ ഒരു സന്ദേശം തേടിയെത്തി. വിഷു ആശംസയുടെ രൂപത്തിൽ. അപ്പോൾ തോന്നിയ സന്തോഷം വർഷാവസാനത്തോടെ മാറിക്കിട്ടി. കഷ്ടപ്പെട്ടുണ്ടാക്കിയ ആഭരണങ്ങളൊക്കെ വിറ്റൊഴിയേണ്ടി വന്നു ഒരാവശ്യത്തിനായി.
ഒരു വർഷം തികഞ്ഞ അടുത്ത വിഷുനാളിൽ (അതായത് കഴിഞ്ഞ വിഷുനാളിൽ) വലിയ കോലാഹലങ്ങളൊക്കെ ഉണ്ടാക്കി അതേ ആൾ എനിയ്ക്ക് നേരിട്ട് വന്ന് കൈനീട്ടം തന്നു. ഒരൊന്നൊന്നര വിഷുക്കൈനീട്ടം!! മാസങ്ങൾ അധികം കഴിയുന്നതിനു മുൻപേ കഷ്ടപ്പെട്ടുണ്ടാക്കിയ അടുത്ത സമ്പാദ്യവും ചിലവഴിച്ചു അമ്മയുടെ ആശുപത്രിച്ചിലവിലേയ്ക്കായി. മാത്രമല്ല നല്ലൊരു തുക കടവും വാങ്ങി!! കൂട്ടത്തിൽ ജീവിതത്തിലിന്നുവരെ അനുഭവിച്ചിട്ടില്ലാത്തത്ര ടെൻഷനും.
ഹെന്റെ ദൈവമേ.... ഇത്തരം വിഷുക്കൈനീട്ടം ഇനിയും കിട്ടരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു. എന്തായാലും ആ വ്യക്തിയിൽ നിന്നും ഇനി കൈനീട്ടം കിട്ടുകയില്ല. ആ ബാധ എന്നേയ്ക്കുമായി ഒഴിഞ്ഞുപോയി. സമാധാനം. ഈശ്വരാാാാ... ഇത്തരം ബാധകൾ ഇനി ജീവിതത്തിൽ ഉണ്ടാകരുതേ.... ഇത്തരം കൈനീട്ടങ്ങളും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ