രാവിലെ അഞ്ചേ മുക്കാലായപ്പോഴേക്കും ചങ്ങാതിയും പയ്യനും കൂടി ഞൻ താമസിക്കുന്ന കൂട്ടുകാരന്റെ വീടിനു മുന്നിലെത്തി. അവിടന്ന് യാത്ര പറഞ്ഞ് ഞാനിറങ്ങി. ചങ്ങാതിയ്ക്ക് മഡിവാളയിലെ വഴികളൊന്നും അത്ര കൃത്യതയില്ല. എനിയ്ക്കാണെങ്കിൽ അവിടെ പണ്ട് ഒമ്പത് വർഷം ജീവിച്ചതിനാൽ കൈരേഖയാണ്. ഞാൻ പറഞ്ഞുകൊടുത്ത വഴികളിലൂടെ അവൻ വണ്ടിയോടിച്ച് സിൽക് ബോർഡ് ജംഗ്ഷനിലേയ്ക്കെത്താൻ ശ്രമിച്ചു. സിൽക് ബോർഡ് ഓവർ ബ്രിഡ്ജ് കയറാൻ നിർദ്ദേശിച്ച എന്റെ വാക്കുകളെ അവഗണിച്ച് അവൻ പയ്യൻ പറഞ്ഞതുപ്രകാരം താഴെക്കൂടി വണ്ടിയെടുത്തു. നേരെ വഴിയില്ല. വലതെടുത്ത് പിന്നെ യു ടേൺ എടുത്താലേ വിചാരിച്ച സ്ഥലത്തെത്തൂ! സമയം ആറ് മണി. ചങ്ങാതിയ്ക്ക് ടെൻഷനായി. ആറേ കാൽ മുതലാണ് നമ്മുടെ കൗണ്ട് ഡൗൺ തുടങ്ങുകയാണ്. അതിനിടയിൽ പയ്യൻ പറയുന്നു “നമ്മൾ കാത്ത് നില്ക്കുന്ന പോയിന്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമേയുള്ളു ക്ഡാവിന്റെ വീട്ടിലേയ്ക്ക്. പിന്നാലെ ആളെത്തിയാൽ പിടിയ്ക്കാൻ എളുപ്പമാണ്.”
കാലത്ത് ഞങ്ങൾ ഇരുവരും കണ്ട ദുഃസ്വപ്നം മനസിലുണ്ട്. “നിന്നെ ആന കുത്താൻ ഓടിച്ചിട്ട് കുത്തിയോടാ?” വീട്ടിൽ നിന്നും പോരുന്ന വഴിക്ക് ഞാനവനോട് ചോദിച്ചിരുന്നു. “ഹെയ്, ഇല്ലേച്ചീ.. പക്ഷേ എന്നെ ഇതുവരെ ആന ഓടിച്ചതായി സ്വപ്നം കണ്ടിട്ടില്ല. അതോണ്ട് ഒരു ടെൻഷനുണ്ട്.
വിനായകാാ... കാത്തോളണേ...“
എന്നോടുള്ള പറച്ചിലും വിനായകനോടുള്ള പ്രാർത്ഥനയും ഒരുമിച്ചായിരുന്നു. നിരീശ്വരവാദി എന്നൊക്കെ മനസിൽ ചിന്ത്ക്കുന്ന ഞാനും ന്യൂട്രലായിട്ട് ”വിനായകാ ഇവന്റെ പ്രാർത്ഥന കേട്ടോണേ“ എന്ന്. എങ്ങാനും കേൾക്കാൻ ആളുണ്ടേൽ അതിലൂടെ ഞാനും വാഴയുടെ ചുവട്ടിലെ ചീര പോലെ നനയുമല്ലോ എന്നൊരു വിചാരം.
ദുസ്വപ്നത്തിന്റെ ഓർമ്മയിൽ ഞാൻ ആകാശത്തേയ്ക്ക് നോക്കി. ആഹാ.. രണ്ട് മൈനകൾ അതാ കിഴക്ക് നോക്കി പറന്നു പോകുന്നു. “രണ്ട് മൈനയെ കണ്ടാൽ കാര്യം നടക്കുമെന്നാഡാ” മനസിലെ ആശങ്കയെ ലഘൂകരിക്കാൻ ഞാൻ അന്നേരം അന്ധവിശ്വാസത്തെ കൂട്ടു പിടിച്ചു എന്ന് പറയുന്നതാണ് ശരി!
പറഞ്ഞ ഇടത്തിൽ എത്തുന്നതിനും മുൻപ് അവന്റെ വക മനസിൽ കുറ്റബോധം ഉണർത്തുന്ന ഡയലോഗ് വേറെ. “ചേച്ചീ.. നമ്മളീ ചെയ്യുന്നത് ഒരു പാപമാണ് ട്ടാ... വളർത്തി വലുതാക്കിയ ടീമിന്റടുത്തൂന്നാ നമ്മളടിച്ച് മാറ്റാൻ പോണത്. അച്ഛനുമമ്മയുമല്ലെങ്കിൽ പോലും അവരുടെ ശാപം മ്മക്ക് ഏല്ക്കൂട്ടാ... മ്മടെ അടുത്ത തലമുറയ്ക്ക്”
“എന്റെ അടുത്ത തലമുറയ്ക്ക് ഏല്ക്കൂലാഡാ.. ഞാനിനീം കെട്ടീട്ടില്ലാത്തോണ്ട് എനിയ്ക്കാ പേടിയില്ല. നീ സൂക്ഷിച്ചോ. നിന്റെ ക്ഡാവ് വലുതാവുമ്പോ ഓടി പോകാണ്ടിരുന്നാ മതി”
“ഹെയ്. എന്റെ മോളോട് ഞാൻ പറഞ്ഞിട്ടുണ്ട്, അങ്ങനെ വല്ലോമുണ്ടേൽ നീ എന്നോട് പറഞ്ഞാ മതി അച്ഛൻ കൂടെ നിക്കും ന്ന്”
“അപ്പോ പിന്നെന്തൂട്ടാഡാ... ഇനിപ്പോ എങ്ങാനും വല്ലോം ഉണ്ടെങ്കിൽ തന്നെ ഓട്ടോ ചേട്ടന്റെ ഭാര്യയ്ക്ക് കീമോയല്ലേ? പറഞ്ഞതിലും കൂടുതൽ മ്മക്ക് കൊടുക്കാം. അപ്പോ കിട്ടുന്ന പാപമങ്ങ് ടാലിയായിപ്പോകും. ആ ചേട്ടന്റെ ഭാര്യയ്ക്ക് അസുഖം മാറ്റാനല്ലേ. സംഗതി ക്ലീൻ!”
“അത് നല്ലൊരൈഡിയയാ.. അപ്പോ അങ്ങനെ ചെയ്യാലേ?”
“പിന്നല്ല!!”
അങ്ങനെ ഞങ്ങൾ ഞങ്ങടെ ഒരാശ്വാസത്തിനായി ഞങ്ങടെ പാപം പുണ്യവുമായി ടാലി ചെയ്തു.
യൂ ടേൺ എടുത്ത് വിചാരിച്ച സ്ഥലത്തെത്തിയപ്പോഴേക്കും മണി ആറ്. ഓട്ടോ ചേട്ടനെ വിളിച്ചു പറഞ്ഞു ”ഞങ്ങൾ സിൽക് ബോർഡ് ജംഗ്ഷനിൽ കാത്ത് നില്ക്കുന്നു. പുറപ്പെട്ടാലുടൻ വിളിച്ച് പറയണം.“
“എടാ.. സർവീസ് റോഡിലാണെന്ന് പറ. മെയിൻ റോഡിലൂടെ വന്നാൽ കഷ്ടാവില്ലേ?” എന്ന് ഞാൻ.
“ആദ്യം അവർ എത്തട്ടെ. എന്നിട്ടാകാം ബാക്കിയൊക്കെ. വെറുതെ ചേട്ടനെ പേടിപ്പിക്കണ്ടാ നമ്മളായിട്ട്” എന്നവൻ.
എന്നാ പിന്നെ വരുന്നേടത്ത് വരട്ടെ എന്ന് കരുതി ഞാൻ നിശ്ശബ്ദയായി.
എനിയ്ക്കാണെങ്കിൽ അതുവരെയുണ്ടായിരുന്ന ശാന്തതയൊക്കെ മനസിൽ നിന്നും പോയി. കാത്ത് കിടക്കുന്ന ആ നിമിഷം മുതൽ മനസിൽ ഒരു ഭാരം പതുക്കെ അരിച്ചരിച്ച് കയറുന്നു. ആറേകാൽ ആയപ്പോഴേക്കും അത് നിറഞ്ഞ് ശ്വാസം തിക്കുന്നതുപോലുള്ള അവസ്ഥ. ചങ്ങാതിയും പയ്യനും രാവിലന്നെ ധൈര്യത്തിന് ഓരോന്നടിച്ചിട്ടാണ് കയറിയിരിക്കുന്നത്. അതിന്റൊരു ആശ്വാസം അവരുടെ മുഖത്തുണ്ടെങ്കിലും മുറുക്കത്തിന് അധികം അയവൊന്നുമില്ല. ഞാനാണെങ്കിൽ ആശ്വാസനിധിയൊന്നുമില്ലാതെ പച്ചയ്ക്കാണ്. ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച സമയം. അവന്മാരാണെങ്കിൽ വലിയില്ല, കുടിയേയുള്ളു!
നെഞ്ചകത്ത് അമ്മിക്കല്ല് കയറ്റി വെച്ച ഭാരം. എന്റെ ഹൃദയമിടിപ്പ് എനിയ്ക്ക് തന്നെ കേൾക്കാം. മുറുകിയ മൂന്ന് മുഖങ്ങൾ!
ആറേകാൽ കഴിഞ്ഞു... നിർണ്ണായകമായ നിമിഷങ്ങൾ! ആറ് പത്തൊമ്പതിന് ഓട്ടോ ചേട്ടന്റെ വിളി. “ക്ഡാവ് വണ്ടീൽ കേറീട്ടുണ്ട് ട്ടാ...”
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ