പത്ത് മണിയോടെ ഞങ്ങൾ പാലക്കാടെത്തി. പയ്യനെ വിളിക്കുമ്പോ കിട്ടുന്നില്ല. തുടർച്ചയായി വിളിച്ചപ്പോൾ കിട്ടി. പത്ത് മിനുട്ട് എന്നവന്റെ മറുപടി പ്രകാരം ഞങ്ങൾ കാത്ത് നിന്നു. അവൻ വന്നയുടനെ ഒന്ന് പേടിപ്പിച്ചു. “ക്ഡാവിനെ വേണ്ടത് ആർക്കാ? നിനക്കൊരു ശുഷ്ക്കാന്തിയില്ല” എന്ന്. വിനയകുനിയനായി അവൻ കാറിൽ കയറി.
എന്റെ ചങ്ങാതി തൃശ്ശൂക്കാരനും എന്റെ സ്വന്തം നാട്ടുകാരനുമാണെങ്കിലും അവൻ പറയുന്ന റിശ്ശൂഭാഷ എനിയ്ക്കന്നെ മനസിലാവില്ല. അവന്റെ വർത്തമാനം അന്ന് പാലക്കാട് ചെന്ന് കണ്ട നേരത്ത് ആ പയ്യന് ഒന്നും മനസിലയില്ലായിരുന്നു. ഞാൻ തർജ്ജമ ചെയ്ത് കൊടുക്കുകയായിരുന്നു. ഇന്നും അത് തന്നെ അവസ്ഥ. ഞാനും അവനും അവന്റെ പഴയകാല വീരകഥകളെല്ലാം പറഞ്ഞ് ചിരിച്ച് അർമ്മാദിച്ചിരിപ്പാണ്. കുറച്ചൊക്കെ പയ്യൻ ശ്രദ്ധിച്ചു. പിന്നെ ഇതേതോ കാട്ടുഭാഷ എന്ന മട്ടിൽ അവൻ ഫോണിലേയ്ക്ക് കൂപ്പുകുത്തി.
അതിനിടയിലെപ്പോഴോ, പ്ലാനിൽ മാറ്റമൊന്നുമില്ലല്ലോ എന്ന് ക്ഡാവ് ചോദിച്ചതായി അവൻ പറഞ്ഞു. എല്ലാം ശരിയായിവന്നാൽ പ്ലാനിലൊന്നും ഇതുവരെ മാറ്റമില്ലെന്ന് ഞാനും. ക്ഡാവിന്റെ അമ്മ (വല്യമ്മ) രാവിലെ ആറേകാലിന് നടക്കാൻ പോകും അച്ഛനും അനിയത്തിമാരും അന്നേരം ഉറക്കമായിരിക്കും. പിന്നെ അച്ഛനുണർന്ന് ടോയ്‌ലറ്റിൽ പോകുമ്പോൾ അവൾ ഇറങ്ങാം എന്നാണ് ധാരണ. അത് ഇപ്പറഞ്ഞ ആറിനും എട്ടിനും ഇടയ്ക്ക് എപ്പോൾ വേണമെങ്കിലുമാവാം. അവൾ ഇറങ്ങുന്ന കൂട്ടത്തിൽ ബൈക്കോ കാറോ വീട്ടിലുണ്ടെങ്കിൽ അതിന്റെ താക്കോലെടുത്ത് സോഫയ്ക്കടിയിലേയ്ക്കോ മറ്റോ എറിഞ്ഞ് കളയാൻ പറയണം എന്ന് ഞാൻ നേരത്തേ നിർദ്ദേശിച്ചിട്ടുണ്ട്. കാരണം, പിന്നാലെ വരണമെങ്കിലും വണ്ടി സ്റ്റാർട്ടാക്കണമല്ലോ. അതിലുള്ള താമസം നമുക്ക് സുരക്ഷിത ദൂരത്തേയ്ക്കെത്തുവാൻ സഹായിക്കും എന്നൊരു കണക്ക് കൂട്ടൽ.
ഇടയ്ക്കെപ്പോഴോ കുറേ ക്യാനുകൾ കെട്ടിവെച്ച ലോറി സൈഡിലൂടെ പോകുമ്പോൾ ചങ്ങാതി പറഞ്ഞു “ചിലപ്പോൾ തിരികെ വരുമ്പോൾ നമുക്ക് ഇങ്ങനെയുള്ളതിൽ കയറി വള്ളി പൊട്ടിച്ചിടേണ്ടിയൊക്കെ വരും” എന്ന്. പിന്നെ കുറേ നേരം പയ്യനെ ലോറിയിലേയ്ക്ക് കയറ്റിവിടുന്നതെങ്ങനെയെന്നും കെട്ട് പൊട്ടിച്ചുവിടേണ്ടതെങ്ങനെ എന്നുമൊക്കെയായി സംസാരം. അതിലെല്ലാം അവനും പങ്കെടുക്കുന്നുണ്ടായിരുന്നു. യാത്രയിലുടനീളം ചിന്താഭാരം ലഘൂകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഇടയ്ക്ക് “എന്തിനാണോ ഇങ്ങനെ ചിരിക്കുന്നത്”എന്നുള്ള എന്റെ പറച്ചിലിന് “നമുക്ക് ചിരിക്കാം” എന്ന് പറഞ്ഞ് തിരിഞ്ഞ് പയ്യനോട് “ഡാ.. നീയിന്ന് ചിരിക്കണ്ട. നാളെക്കഴിഞ്ഞ് ചിരിച്ചാൽ മതി” എന്ന് ഓർഡറിടുകയും ചെയ്യും.
നാലരയോടെ ഞങ്ങൾ ബംഗളൂരുവിൽ എത്തി. അവിടെ ചങ്ങാതിയുടെ ചങ്ങാതി കാത്ത് നില്പ്പുണ്ടായിരുന്നു. അവനെ ഞാൻ വർഷങ്ങൾ കഴിഞ്ഞാണ് കാണുന്നത്. അവനും തൃശ്ശൂക്കാരൻ തന്നെ. ബംഗളൂരുവിൽ തന്നെ ജനിച്ചതും വളർന്നതും. കൊണ്ടും കൊടുത്തും ഇന്നും അവിവാഹിതനായി തുടരുന്നു. കാര്യം അവനറിയില്ല എങ്കിലും, ഒരാവശ്യം വന്നാൽ ബേക്കപ്പായി വെച്ചിരിക്കുകയാണവനെ. ബുധനാഴ്ച അവൾക്ക് ഇറങ്ങി വരാനൊക്കില്ല എങ്കിൽ നേരെ ഇവനെ കളത്തിലിറക്കി നൈസായി ക്ഡാവിനെ പൊക്കുക എന്നതായിരുന്നു ഞാനറിയാതെ എന്റെ ചങ്ങാതിയുടെ പ്ലാൻ! എന്തൊക്കെയായാലും തിരികെയുള്ള വരവിൽ ക്ഡാവ് ഞങ്ങളുടെ കൂടെയുണ്ടായിരിക്കും, പയ്യനെ ഏല്പ്പിച്ചിരിക്കും എന്നത് അവന്റെ തീരുമാനമായിരുന്നു. വാങ്ങിയ പണത്തിനുള്ളത് ചെയ്തിരിക്കും എന്ന തീരുമാനം. നന്നായി ഞാനതറിയാഞ്ഞത്!!
എന്നെ കൂട്ടുകാരന്റെ വീട്ടിലിറക്കി അവർ റൂമെടുത്തു. അവർ അപ്പൊഴേ ഒരു ഹാഫ് വാങ്ങി ഹോട്ടലിൽ ഇരുന്ന് കഴിപ്പ് തുടങ്ങി. എനിയ്ക്കും അവരുടെ കൂടെ ഹോട്ടലിൽ മുറിയെടുത്ത് കൂടിയാൽ മതിയാരുന്നു എന്ന് നഷ്ടബോധം തോന്നിയ നിമിഷം! “ഞങ്ങളിപ്പോൾ കഴിച്ച് കിടന്നുറങ്ങും. ഞാൻ ഏത് നേരത്തും വിളിക്കാം. ചേച്ചി റെഡിയായിരുന്നോണം. ചിലപ്പോൾ നാല് മണിയ്ക്ക് ഞാൻ വിളിക്കും” എന്ന് ഇടയ്ക്ക് എന്നെ വിളിച്ചു പറഞ്ഞു.
ഞാനെന്റെ ബംഗളൂർ കൂട്ടുകാരനോട് കാര്യം വ്യക്തമായി പറഞ്ഞില്ലെങ്കിലും ഒരു ചെറിയ രൂപരേഖ കൊടുത്തു. രാവിലെ എഴുന്നേറ്റ് പോകുമെന്നും. എങ്കിൽ നേരത്തേ കിടന്നുറങ്ങൂ എന്നും പറഞ്ഞ് അവനും ഭാര്യയും എന്നെ ഉറങ്ങാൻ വിട്ടു.
പതിനൊന്ന് മണിയ്ക്ക് കിടന്നെങ്കിലും ഉറക്കം വരുന്നില്ല. യാത്രാക്ഷീണവും തലേ ദിവസത്തെ ഉറക്ക ക്ഷീണവും ഉണ്ടായിട്ടും ഉറക്കം വരുന്നില്ല. വല്ലാത്ത അസ്വസ്ഥതകൾ. ഒടുവിലെപ്പോഴോ ഉറങ്ങിയപ്പോൾ ദേഹം മുഴുവൻ ചോരയൊലിപ്പിച്ചുള്ള ഒരു കുട്ടി എന്റെ ദേഹത്തേയ്ക്ക് ചോര തൊട്ടുതേയ്ക്കുന്നു. അത് കണ്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ സമയം മൂന്ന് മുക്കാൽ. പുല്ല്!! ദുഃസ്വപ്നമാണല്ലോ എന്ന് ചിന്തിച്ച് അവനെ വിളിച്ചു. അവനെന്നെ നാല് മണിയ്ക്ക് വിളിക്കുമെന്നല്ലേ പറഞ്ഞത്. അന്നേരം അവൻ എണീറ്റിട്ടുണ്ട്. ഓട്ടോ ചേട്ടൻ എത്തിയെന്ന് പറഞ്ഞു. അവനും ദുഃസ്വപ്നം കണ്ടാണുണർന്നത്. ആന ഓടിക്കുന്നെന്നോ മറ്റോ!! ആനയെ സ്വപ്നം കാണാറുണ്ടെങ്കിലും ആദ്യായിട്ടാണത്രേ ആന ഓടിയ്ക്കുന്നതായി സ്വപ്നം കണ്ടത്!
മനസിൽ ഒരു അപായ സൂചന
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ