പേജുകള്‍‌

2021, മേയ് 4, ചൊവ്വാഴ്ച

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ – അവസാനഭാഗം


തമിഴ്നാട് ട്രാൻസിറ്റ് പാസും കേരള കോവിഡ് ജാഗ്രതാരജിസ്ട്രേഷനും കയ്യിലുണ്ടായിരുന്നെങ്കിലും പോലീസിനെ കണ്ടപ്പോൾ ഉള്ളൊന്ന് കാളി! പറന്ന് വന്ന ഞങ്ങൾ വണ്ടി സ്ലോവാക്കിയെങ്കിലും ഞങ്ങളെ മൈന്റ് പോലും ചെയ്യാതെ പോലീസ് തൊട്ടുമുന്നിലെ വണ്ടി തടഞ്ഞു. ഞങ്ങൾ ന്യൂട്രലിൽ മുന്നോട്ടെടുത്ത് പോന്നു.
ഹോ​ാ!!!
വീണ്ടും വേഗത കൂട്ടി വണ്ടിയുമെടുത്ത് പറന്നു. കുറേ നേരത്തേയ്ക്ക് കാറിന്റെ മുൻ സീറ്റുകളിൽ മൗനം മാത്രം. പിൻസീറ്റിൽ നിന്നും ഇടതടവില്ലാതെ ഇണക്കുരുവികളുടെ കുറുങ്ങൽ കേൾക്കാം.
ഏകദേശം ഏഴ് മണിയായപ്പോൾ ഞാൻ “ഇപ്പോൾ അവരറിഞ്ഞുകാണും അല്ലേ?” എന്നുള്ള ചിന്ത പങ്ക് വെച്ചു. അമ്മ നടക്കാൻ പോയതിന്റെ പിന്നാലെ ഒട്ടും സമയം വൈകിക്കാതെ ചാടിയതാണ്‌ ക്ഡാവ്. ചാടിയ കാര്യം അറിയണമെങ്കിൽ അമ്മ തിരികെ വരണം. എപ്പോൾ അമ്മ സാധാരണ തിരികെ വരും എന്ന ചോദ്യത്തിന്‌ ഏഴ് മണിയാകുമ്പോഴേക്കും എത്തും എന്ന് മറുപടി.
പിന്നെ ഞങ്ങൾ കൂലങ്കഷമായ ചർച്ചയാണ്‌. വന്നാലത്തെ പ്രതികരണം. ആദ്യം അച്ഛൻ അമ്മയെ കുറ്റപ്പെടുത്തും പിന്നെ അനിയത്തിമാരെ എടുത്തിട്ട് പൊതുക്കും. വഴി വെട്ടിക്കൊടുത്തു എന്ന സംശയത്തിൽ. പരസ്പരം പഴിചാരലൊക്കെ കഴിയുമ്പോഴായിരിക്കും ചിന്ത പ്രവർത്തിക്കുക. ഏത് വഴി അന്വേഷിക്കണം എന്ന കൺഫ്യൂഷനായിരിക്കും ആദ്യം. കാരണം ക്ഡാവിന്‌ ആരെങ്കിലുമായി ബന്ധപ്പെടാനുള്ള വഴിയായ മൊബൈൽ അവർ ബന്ദാക്കിയിട്ടുണ്ടല്ലോ. പിന്നെങ്ങനെ? എന്ന ചോദ്യത്തിൽ കുറേ സമയം പോകും. അപ്പോഴേക്കും നമ്മൾ കര പറ്റിയിരിക്കും. അതാണാശ്വാസം.
ഇടയ്ക്ക് മധുരം കൊടുക്കണം എന്ന് ചിന്തിച്ച ഞാൻ അക്കാര്യം മറന്നു. വന്നുകയറിയപ്പോഴേ വെള്ളം വേണം എന്ന ക്ഡാവിന്റെ ആവശ്യം തല്ക്കാലം ജീവൻ, പിന്നെ വെള്ളം എന്ന് ഒതുക്കി. എനിയ്ക്ക് വിശപ്പിന്റെ വിളി വന്നപ്പോൾ കൂടെയുള്ളവർക്കും വിശക്കുന്നുണ്ടാകുമല്ലോ എന്ന് ചിന്തിച്ചു. തലേന്ന് തന്നെ കൂട്ടുകാരന്റെ വീട്ടിൽ നിന്നും കരുതിയ കായ ചിപ്സ് പുറത്തെടുത്തു എല്ലാവർക്കും കൊടുത്തു. മധുരം കൊടുക്കുക എന്ന പദ്ധതി അവിടെ പോയി.
വണ്ടി സേലമടുത്തപ്പോഴേക്കും ഞാൻ എന്റെ പതിവ് പല്ലവിയായ “എനിയ്ക്ക് വിശക്കുന്നേ..” മന്ത്രം ഉരുവിടാൻ തുടങ്ങി. അപ്പോഴേക്കും ചങ്ങാതിയുടെയും ടെൻഷന്‌ അയവ് വന്നിരുന്നു. വിശന്നാൽ പിന്നെ ഞാൻ ഞാനല്ലാതാകുന്നതുകൊണ്ട് എന്റെ ടെൻഷനൊക്കെ വിശപ്പ് തുടങ്ങിയപ്പൊഴേ ആവിയായിരുന്നു.
ആശങ്കയകന്ന ചങ്ങാതി അപ്പോഴാണ്‌ ചിരിച്ചുകൊണ്ട് തിരിഞ്ഞ് “ഹായ് മീൻ, ഹൗ ആർ യു?” എന്ന് ചോദിക്കുന്നത്! അവൻ ചിരിച്ചപ്പോൾ എനിയ്ക്കും ആശ്വാസമായി, ആശങ്ക ഒഴിഞ്ഞു.
“രാവിലെ മഴ പെയ്യാഞ്ഞത് ഉപകാരമായി. ഇല്ലായിരുന്നെങ്കിൽ അമ്മ നടക്കാൻ പോകില്ലായിരുന്നു.” എന്ന് അവന്റെ പ്രസ്താവന ശരി തന്നെ എന്ന് ഞങ്ങളും ചിന്തിച്ചു. അവനുള്ളതാണ്‌ അവൾ എന്നത് നമുക്ക് തിരുത്താനൊക്കുന്നതല്ലല്ലോ.
പിന്നീടുള്ള യാത്രയിൽ പാലക്കാട് ചെന്നെത്തിയതിനു ശേഷമുള്ള പദ്ധതികളായിരുന്നു. ആശ്വാസത്തോടെ പ്ലാൻ ചെയ്തു. വരും വഴി കല്യാണം കഴിപ്പിക്കാനും പിന്നെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാനുമുള്ള പദ്ധതികളൊക്കെ ആ ടെൻഷനിൽ മറന്നു പോയി. വഴിയിൽ വെച്ച് ഒരു ഹോട്ടലിൽ കയറി വേഗം തന്നെ ഭക്ഷണം കഴിച്ച് ഇറങ്ങി, ഒപ്പം തെളിവിനായി ഒരു സെല്ഫിയുമെടുത്തു.
ഇണക്കുരുവികളുടെ കുറുങ്ങൽ കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടി “ഈ ഇഷ്ടമൊക്കെ എന്നും കാണണം, ക്ഡാവിന്‌ ഇനി തിരികെ പോകാനുള്ള ഓപ്ഷനില്ല കരയിക്കാണ്ട് നോക്കണം” എന്ന് ഫ്രീയായൊരു ഉപദേശവും കൊടുത്തു. തിരിഞ്ഞ് ക്ഡാവിനോട് “എന്ത് പ്രശ്നം വന്നാലും ഞങ്ങളെ അറിയിക്കണം. വേണ്ടി വന്നാൽ ഇവനെതിരെ കുട്ടിയ്ക്ക് വേണ്ടി ഞങ്ങൾ കൊട്ടേഷനെടുക്കും” എന്നൊരു ഉറപ്പും കൊടുത്തു.
ഒന്നരയോടെ പാലക്കാട് അവരെ ഇറക്കി വിട്ടു. അവരെ കൊണ്ടുപോകാൻ വണ്ടിയുമായി അവന്റെ സുഹൃത്ത് വന്നിരുന്നു. ബാക്കിയുള്ള വഴിയ്ക്ക് ഞങ്ങൾ ആശ്വാസത്തോടെ ചളുവടിച്ച് പോന്നു. പാലക്കാട്ടെ പയ്യനും മാണ്ഡ്യയിലെ പെൺകുട്ടിയ്ക്കും കല്യാണം കഴിക്കാൻ എറണാകുളത്തെ രഞ്ജിത് വക്കീലും റിശ്ശൂർത്തെ ഞങ്ങളും വേണ്ടി വന്നു!! ലോകം എത്ര ചെറുത് എന്നൊക്കെ ഞങ്ങൾ തത്വം പറഞ്ഞിങ്ങ് പോന്നു.
ഓട്ടോ ചേട്ടനുണ്ടാകാവുന്ന റിസ്കിനെ കുറിച്ചായിരുന്നു പിന്നീട് ഞങ്ങളുടെ സംസാരം. “അതിനിപ്പോന്താ? ആൾ വണ്ടിയിട്ട് ഫോണിൽ സംസാരിച്ചുകൊണ്ട് നില്ക്കുമ്പോൾ ഒരു ക്ഡാവ് വന്ന് ഓട്ടം വിളിച്ചു. പോന്നു. പറഞ്ഞ സ്ഥലത്ത് ഇറക്കി വിട്ടു. സിം പിൾ” അങ്ങനെ തന്നെ എന്ന് ശരി വെച്ചു.
വീട്ടിൽ വന്ന് ഒരുറക്കം കഴിഞ്ഞപ്പോഴാണ്‌ അതത്ര സിം പിൾ അല്ല എന്ന ബോധം എനിയ്ക്ക് വന്നത്. കാരണം ഓട്ടോ ചേട്ടൻ മൂന്നാലൂസായി അവിടെ ഇടയ്ക്കിടെ വന്ന് സ്കെച്ചിടുന്നു. മാത്രമല്ല അന്ന് പുലർച്ചെ നാല്‌ മണി മുതൽ ആളുടെ വണ്ടി അവിടെയുണ്ട്.
മിസ്സിംഗ് കമ്പ്ലൈന്റ് എങ്ങാനും കൊടുത്താൽ പോലീസ് ബുദ്ധിയുപയോഗിച്ച് വീടിനുതാഴെയുള്ള കടയിലെ സി സി ടി വി വെച്ച് ഓട്ടോ നമ്പർ കണ്ടെത്തിയാൽ ചേട്ടനിലേയ്ക്കെത്താൻ അധികം ദൂരമില്ല. മൊബൈൽ ട്രാക്ക് ചെയ്താൽ അത് ഒരു സാധാരണ ഓട്ടമല്ലായിരുന്നു എന്ന് ഈസിയായി കിട്ടും. പിന്നെ റിശ്ശൂർക്കെത്താൻ വല്യ പാടൊന്നുമില്ല. ഈ ബൾബ് മിന്നിയ കാര്യം ഞാൻ ചങ്ങാതിയെ അറിയിച്ചു.
അവന്‌ പിന്നെയും ടെൻഷൻ. ഉടൻ തന്നെ ക്ഡാവിന്റെ വീട്ടുകാരെ വിളിച്ചറിയിക്കണ്ട എന്ന തീരുമാനം മാറ്റാൻ പയ്യനെ വിളിച്ചു പറഞ്ഞു. ക്ഡാവ് വേണ്ടാ എന്ന് പറഞ്ഞതിൻ പ്രകാരമായിരുന്നു അങ്ങനൊരു തീരുമാനം. ആരും അന്വേഷിക്കില്ല എന്നായിരുന്നു അവളുടെ ഉറപ്പ്. പക്ഷേ നാട്ടുകാരെ ബോധിപ്പിക്കാൻ വേണ്ടിയെങ്കിലും അവർ അന്വേഷിക്കും എന്ന് ഞാൻ ഉറപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ പയ്യന്റെ കാൾ. അവൻ ജോലി ചെയ്തിരുന്നിടത്ത് അവർ പോയിരുന്നു.
എങ്കിൽ ഇനി വൈകണ്ട, അവർ മിസ്സിംഗ് കമ്പ്ലൈന്റ് കൊടുക്കുന്നതിനു മുൻപ് കാര്യം വിളിച്ചുപറയാൻ പറഞ്ഞു. ഇല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ഓട്ടോ ചേട്ടൻ വഴി അവർ നാട്ടിലെത്തിയാൽ, അവനൊരു പെങ്ങളുകുട്ടിയുള്ളതാണ്‌ അതിനു കൂടി പ്രശ്നമാകും എന്ന് ചുമ്മാ പേടിപ്പിച്ചു. കൂടാതെ നാളെ തന്നെ കെട്ട് നടത്തണമെന്നും. അങ്ങനെ തന്നെയല്ലേ വേണ്ടത് എന്ന് സംശയ ദൂരീകരണത്തിന്‌ രഞ്ജിത് വക്കീലിനെ വിളിച്ചു വ്യക്തത വരുത്തി.
അവരെ അറിയിക്കുകയും നാളെ കല്യാണം കഴിക്കുകയും ചെയ്ത് അതിന്റെ തെളിവ് നാളെ തന്നെ വാട്ട്സാപ്പിൽ കിട്ടണം എന്ന് കട്ടായം പറഞ്ഞ് ഫോൺ വെച്ചു. “ഇനിയിപ്പം വിളിച്ചുപറയാനുള്ള ധൈര്യമില്ലെങ്കിൽ നമ്പർ താ ഞങ്ങൾ അറിയിച്ചോളാം” എന്ന് ഉറപ്പും നല്കി. കുറച്ച് സമയത്തിനുള്ളിൽ അവളുടെ അനിയത്തിയ്ക്ക് വാട്ട്സാപ്പ് മെസേജ് അയച്ചതിന്റെയും അവരുടെ പ്രതികരണത്തിന്റെയും സ്ക്രീൻ ഷോട്ട് വന്നു. പിറ്റേന്ന് അവരുടെ വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും.
അവളുടെ വിവാഹഫോട്ടോ അയച്ച് കൊടുത്തപ്പോൾ “ഹൂ ആർ യു?” എന്നായിരുന്നു പ്രതികരണമത്രേ. എന്നിരുന്നാലും രണ്ട് ദിവസങ്ങൾക്ക് ശേഷം അവളുടെ അമ്മാവന്മാർ വിളിച്ച് എവിടെയാണെന്ന് പറയാൻ ആവശ്യപ്പെട്ടത്രേ. പറയണ്ട എന്ന് പറഞ്ഞു.
ഈയടുത്ത് ഹൈദ്രാബാദിൽ നടന്ന സമാനമായ കാര്യത്തിൽ ഏതാനും മാസങ്ങൾക്ക് ശേഷം വധുവിന്റെ ആളുകൾ വരനെ കൊന്ന ട്വീറ്റ് ശാരി അയച്ചു തന്നു. അതങ്ങിനെ ഫോർവേഡ് ചെയ്ത് ഇനി മേലാൽ ബംഗളൂർക്ക് പോകരുത് എന്ന് പറഞ്ഞിട്ടുണ്ട്. ക്ഡാവിന്‌ ആ ജീവിത ശൈലിയുമായി അധികകാലം ഒത്തുപോകാനൊക്കില്ല എന്നതിനാൽ തന്നെ അവളെയും കൊണ്ട് കൊയമ്പത്തൂരിലേയ്ക്കോ ചെന്നൈക്കോ പോയി ജോലി നോക്കും എന്ന് അവൻ കരുതലോടെ പറഞ്ഞിട്ടുണ്ട്. ഇനി അവർ ജീവിക്കട്ടെ. സന്തോഷമായി.
ഓഫ്1: ഇതിൽ പറഞ്ഞിരിക്കുന്ന എന്റെ ചങ്ങാതി വിവരവും വിദ്യാഭാസവും ഇല്ലാത്തവനാണെന്നൊരു തെറ്റിദ്ധാരണ ഒരു സുഹൃത്ത് ഇൻബോക്സിൽ പങ്ക് വെച്ചിരുന്നു. എം ബി എ കഴിഞ്ഞ് വീട്ടിൽ കൃഷിയും മറ്റുമായി ജീവിക്കുന്നു. ബംഗളൂർ രാമയ്യയിൽ പഠിക്കുന്ന കാലത്ത് പയറ്റാത്ത കളികളില്ല. മയക്ക് മരുന്ന്, കഞ്ചാവ് എന്നിങ്ങനെ സമൂഹത്തിന്‌ ദ്രോഹം ചെയ്യുന്ന കാര്യങ്ങളല്ലാതെ മറ്റെന്തിനും എന്ന് വെച്ചാൽ ചുമ്മാ അടി, ഇടി, വെട്ട്, ഗുണ്ടായിസം മുതലായവയ്ക്ക് ഞാൻ ആവശ്യപ്പെട്ടാൽ അവൻ കട്ടയ്ക്ക് കൂടെ നില്ക്കുമെന്നേയുള്ളു.
ശുഭം

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ – 9


വണ്ടിയിൽ കയറി എന്നറിഞ്ഞതേ ഞങ്ങൾ ജാഗരൂകരായി. കാറിന്റെ വലത് പിൻവാതിൽ തുറക്കാൻ കുറച്ച് ബുദ്ധിമുട്ടാണെന്ന് ചങ്ങാതി പറഞ്ഞു. കേട്ടതേ പയ്യൻ അത് കുറച്ച് തുറന്ന് കാത്തിരിപ്പായി.
ചങ്ങാതി ഓട്ടോ ചേട്ടന്‌ കൊടുക്കേണ്ട കാശ് കയ്യിൽ വാങ്ങി വണ്ടിയ്ക്ക് പുറത്തിറങ്ങി നിന്നു. ഓട്ടോയുടെ മുൻപിൽ മോദിയുടെ പടമുണ്ട് എന്നതാണ്‌ എനിയ്ക്കും പയ്യനുമുള്ള അറിവ്. ചങ്ങാതിയ്ക്കറിയാം. ഓട്ടോ വരുന്നത് സർവീസ് റോഡിലൂടെയാണ്‌ എന്ന ധാരണയിലാണ്‌ ചങ്ങാതിയും പയ്യനും. എന്റെ മനസെന്തോ വണ്ടി മെയിൻ റോഡിലൂടെ വരും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
“ചേച്ചീ... ക്ഡാവിന്റെ വീട്ടീന്ന് ഇവിടെ വരെയെത്താൻ എത്ര നേരമെടുക്കും?”
“കേട്ടിടത്തോളം ഒരു പത്ത് മിനുട്ടിനുള്ളിൽ അവരെത്തും”എന്ന് ഞാൻ
“ദാ വരുന്നതാണെന്ന് തോന്നുന്നു”എന്നും പറഞ്ഞ് സർവീസ് റോഡിലൂടെ വരുന്ന വണ്ടിയും നോക്കി ചങ്ങാതി നിന്നപ്പോൾ “ഡാ.. ദാ ബ്രിഡ്ജെറങ്ങി വരുന്നതാണെന്ന് തോന്നുന്നു” എന്ന് ഞാൻ.
പറഞ്ഞപോലെ തന്നെ വണ്ടിയുടെ വലത് വശത്ത് മെയിൻ റോഡിലൂടെ ഓട്ടോ ചേട്ടൻ വണ്ടി കൊണ്ടു വന്നു. ചങ്ങാതിയെ കണ്ടതും കൂവി.
അവൻ പരിഭ്രമത്തോടെ വേഗം വന്ന് വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. കാരണം ബാരിക്കേഡ് ഉള്ളതുകൊണ്ട് ക്ഡാവിന്‌ വന്ന് കയറാനൊക്കില്ല. വണ്ടി സ്റ്റാർട്ടാക്കിയെങ്കിലും നീങ്ങുന്നില്ല. വാതിൽ തുറന്നിരിക്കുകയാണല്ലോ എന്ന ഓർമ്മയിൽ വേഗം വാതിലടപ്പിച്ചു. വണ്ടിയെടുത്തു. ഓട്ടോ നിർത്താതെ ഓടിച്ചു പോയിരുന്നു. മെയിൻ റോഡും സർവീസ് റോഡും ചേരുന്ന ഭാഗത്ത് ഓട്ടോ നിർത്തിയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി.
ക്ഡാവ് ഉടൻ ഇറങ്ങി ഓടി വന്നു. പയ്യൻ പിൻവാതിൽ തുറന്ന് കാത്തിരിക്കുന്നു. വന്ന വഴി മുൻ ഭാഗത്തേയ്ക്ക് നോക്കി ക്ഡാവിന്റെ ചോദ്യം “ഹൂ ഈസ് ദിസ്?” എന്നെയാണ്‌. ഞാൻ മാസ്ക്കൊക്കെയിട്ട് ഇരിക്കുകയാണല്ലോ. ഒരു പെണ്ണ്‌ ഗുണ്ടാസംഘത്തിൽ ഉണ്ടാകും എന്ന് അവൾ പ്രതീക്ഷിക്കുന്നില്ലല്ലോ.
ചങ്ങാതി ഓട്ടോ ചേട്ടനുള്ള കാശ് സെറ്റിൽ ചെയ്ത് വേഗം ഓടി കാറിൽ കയറി വണ്ടിയെടുത്തു.
എന്റെ മനസിൽ കയറ്റി വെച്ചിരുന്ന ആ അമ്മിക്കല്ലിന്റെ ഭാരം പെട്ടന്ന് പാതിയായി മാറി. ഉടുത്ത തുണിയാലേ ഇറങ്ങി പോന്നു എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ഇതാദ്യമായതുകൊണ്ടുള്ള ഒരു കൗതുകം പകരം കയറി.
എനിയ്ക്കാണെങ്കിൽ പണ്ട് മുതലേ മുടിഞ്ഞ ആഗ്രഹമായിരുന്നു ഇങ്ങനൊക്കെ ചാടിയോടി പോകണമെന്ന്! പക്ഷേ നല്ല പ്രായമായപ്പോൾ തന്നെ അച്ഛനുമമ്മയും പറഞ്ഞു “ഓടിപ്പോകുകയോ ചാടിപ്പോകുകയോ ഒന്നും വേണ്ട, ഞങ്ങളോട് പറഞ്ഞാൽ മതി നടത്തി തരാം” എന്ന്! അതിലൊരു ത്രില്ലില്ലാത്തതുകൊണ്ട് ഞാനിപ്പോഴും നടന്ന് പോലും പോയില്ല!
എന്റെ മുഖത്ത് പാതിയും പയ്യന്റെ മുഖത്ത് മുഴുവനും മുറുക്കം മാറിയപ്പോൾ ചങ്ങാതിയുടെ മുഖത്ത് അതെല്ലാം ഒരുമിച്ച് കയറിയ മട്ട്.
വണ്ടിയെടുത്ത് മുന്നോട്ട് പോയപ്പോൾ അടഞ്ഞ ടോളിനു മുന്നിലേയ്ക്കായിപ്പോയി ഓടിച്ചു കയറ്റിയത്. മുൻപിൽ പോയ വണ്ടിയുടെ പുറകെ പോയതായിരുന്നു അബദ്ധം പിണഞ്ഞതിന്‌ കാരണം. അവിടെ വട്ടം വളച്ചെടുക്കുന്നതിലെ ടെൻഷൻ എന്റെ ഉള്ളിൽ പിന്നെയും ആശങ്കയുണർത്തി. അവനാണെങ്കിൽ അതിലും ടെൻഷനിൽ. ഇണക്കുരുവികൾ ഒന്നും അറിയുന്ന ഭാവമില്ല. കുണുകുണാന്ന് പറഞ്ഞോണ്ടിരിക്കുന്നു! അല്ലെങ്കിലും അവർക്കിനി ടെൻഷനടിയ്ക്കണ്ടാലോ...
ക്ഡാവ് വണ്ടിയിൽ കയറിയപ്പോൾ “എനിയ്ക്ക് പകുതി ആശ്വാസമായെഡാ” എന്ന് പറഞ്ഞ എന്നോട് ചങ്ങാതി പറഞ്ഞു “എനിയ്ക്കിപ്പൊഴാ ടെൻഷൻ പൂർണ്ണമായത്” എന്ന്!
വണ്ടി റിവേഴ്സെടുത്ത് ടോൾ കടക്കാനുള്ള പരവേശം കണ്ടപ്പോൾ അത് സത്യമാണെന്ന് എനിയ്ക്കും മനസിലായി. ഒരുവിധം വണ്ടിയെടുത്ത് സ്പീഡിൽ പോരുമ്പോൾ അവൻ പറയുന്നു “ഇങ്ങനെയൊക്കെ വല്ല സന്ദർഭങ്ങളും ഉണ്ടായാലോ എന്ന് കരുതിയാ ഞാൻ ചെറിയ വണ്ടിയെടുത്തത്. ഇതാകുമ്പോൾ ഏത് ഇടുങ്ങിയ വഴിയിലും വളയ്ക്കാം. ഇൻ കെയ്സ് ഓട്ടോ ചേട്ടന്‌ വരാനൊത്തില്ലെങ്കിൽ പോലും നമുക്ക് പോയി പൊക്കണം എന്നായിരുന്നു എന്റെ ഉദ്ദേശം. ഇനിയാണ്‌ പ്രശ്നം. അവരെങ്ങാൻ വന്നാൽ പെടുന്നത് നമ്മളെല്ലാവരും കൂടിയാണ്‌. അതുകൊണ്ടുതന്നെ റിസ്ക് ഇപ്പോഴാണ്‌ കൂടിയിരിക്കുന്നത്”
ബീറ്റ് എന്നോ മറ്റോ ആണ്‌ വണ്ടിയുടെ പേര്‌. അവന്റെ വർത്താനം കേട്ടതോടെ ഇറങ്ങിയ എന്റെ ആധി വീണ്ടും കയറി. പുല്ല്!! ശരിയാണല്ലോ.. ഇനിയാണ്‌ ശരിക്കും പ്രശ്നം. പിന്നീട് കുറേ നേരത്തേയ്ക്ക് ഞങ്ങൾ രണ്ടിനും സംസാരമില്ല. ഇണക്കുരുവികളുടെ കുറുങ്ങൽ മാത്രം കേൾക്കാം.
കുറച്ച് കഴിഞ്ഞപ്പോൾ ഇണക്കുരുവികൾക്ക് മധുരം കൊടുത്താലോഡാ എന്ന എന്റെ ചോദ്യത്തിന്‌ സമയമായിട്ടില്ല എന്നവൻ. സുരക്ഷിത ദൂരത്തെത്തട്ടെ എന്നിട്ടാവാം.
അതിനിടയിൽ വാട്സപ്പിൽ ശാരിയുടെ ഉദ്വേഗം നിറഞ്ഞ മെസേജ്. “എന്തൂട്ടായെഡീ... എനിയ്ക്കിങ്ങനെ ടെൻഷനടിയ്ക്കാൻ വയ്യ. ക്ഡാവ് വന്നാ?”
മിഷൻ സക്സസ് എന്ന് മറുപടി കൊടുക്കട്ടേഡാ എന്ന് ഞാനവനോട്. ആയില്ല. ആവുമ്പോ പറയാം എന്നവൻ.
“ബൈക്കിന്റെ ചാവി ഒളിപ്പിച്ചിട്ടല്ലേ പോന്നത് എന്ന് ചോദിക്ക്”എന്ന് ഇടയ്ക്ക് ഞാൻ പറഞ്ഞു.
ഒളിപ്പിക്കാനൊന്നും നിന്നില്ല, ചാവിയും കൊണ്ടിങ്ങ് ഇറങ്ങി എന്നവൾ! അടിപൊളി! ആധാരം എടുക്കാൻ പറഞ്ഞിരുന്നെങ്കിൽ അതും എടുത്തേനേർന്നല്ലോ എന്ന് ഞാൻ. വാടക വീടാ.. ആധാരമില്ല എന്ന് ക്ഡാവ്!!
ചങ്ങാതിയ്ക്കാണെങ്കിൽ ഇതൊന്നും കേട്ട് ചിരിക്കാനുള്ള മാനസികാവസ്ഥയൊന്നുമില്ല. നൂറ്റിയിരുപത് സ്പീഡിലാണ്‌ വണ്ടി. എത്രയും വേഗം എത്ര കൂടുതൽ ദൂരം താണ്ടുക എന്നതാണ്‌ ലക്ഷ്യം. വണ്ടിയുമായി പറന്ന് പോരവേ ഹൊസൂർ ചെക് പോസ്റ്റിൽ പോലീസ് വണ്ടി തടയുന്നു!
(തുടരും)

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ – 8


രാവിലെ അഞ്ചേ മുക്കാലായപ്പോഴേക്കും ചങ്ങാതിയും പയ്യനും കൂടി ഞൻ താമസിക്കുന്ന കൂട്ടുകാരന്റെ വീടിനു മുന്നിലെത്തി. അവിടന്ന് യാത്ര പറഞ്ഞ് ഞാനിറങ്ങി. ചങ്ങാതിയ്ക്ക് മഡിവാളയിലെ വഴികളൊന്നും അത്ര കൃത്യതയില്ല. എനിയ്ക്കാണെങ്കിൽ അവിടെ പണ്ട് ഒമ്പത് വർഷം ജീവിച്ചതിനാൽ കൈരേഖയാണ്‌. ഞാൻ പറഞ്ഞുകൊടുത്ത വഴികളിലൂടെ അവൻ വണ്ടിയോടിച്ച് സിൽക് ബോർഡ് ജംഗ്ഷനിലേയ്ക്കെത്താൻ ശ്രമിച്ചു. സിൽക് ബോർഡ് ഓവർ ബ്രിഡ്ജ് കയറാൻ നിർദ്ദേശിച്ച എന്റെ വാക്കുകളെ അവഗണിച്ച് അവൻ പയ്യൻ പറഞ്ഞതുപ്രകാരം താഴെക്കൂടി വണ്ടിയെടുത്തു. നേരെ വഴിയില്ല. വലതെടുത്ത് പിന്നെ യു ടേൺ എടുത്താലേ വിചാരിച്ച സ്ഥലത്തെത്തൂ! സമയം ആറ്‌ മണി. ചങ്ങാതിയ്ക്ക് ടെൻഷനായി. ആറേ കാൽ മുതലാണ്‌ നമ്മുടെ കൗണ്ട് ഡൗൺ തുടങ്ങുകയാണ്‌. അതിനിടയിൽ പയ്യൻ പറയുന്നു “നമ്മൾ കാത്ത് നില്ക്കുന്ന പോയിന്റിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ദൂരമേയുള്ളു ക്ഡാവിന്റെ വീട്ടിലേയ്ക്ക്. പിന്നാലെ ആളെത്തിയാൽ പിടിയ്ക്കാൻ എളുപ്പമാണ്‌.”
കാലത്ത് ഞങ്ങൾ ഇരുവരും കണ്ട ദുഃസ്വപ്നം മനസിലുണ്ട്. “നിന്നെ ആന കുത്താൻ ഓടിച്ചിട്ട് കുത്തിയോടാ?” വീട്ടിൽ നിന്നും പോരുന്ന വഴിക്ക് ഞാനവനോട് ചോദിച്ചിരുന്നു. “ഹെയ്, ഇല്ലേച്ചീ.. പക്ഷേ എന്നെ ഇതുവരെ ആന ഓടിച്ചതായി സ്വപ്നം കണ്ടിട്ടില്ല. അതോണ്ട് ഒരു ടെൻഷനുണ്ട്.
വിനായകാ​ാ... കാത്തോളണേ...“
എന്നോടുള്ള പറച്ചിലും വിനായകനോടുള്ള പ്രാർത്ഥനയും ഒരുമിച്ചായിരുന്നു. നിരീശ്വരവാദി എന്നൊക്കെ മനസിൽ ചിന്ത്ക്കുന്ന ഞാനും ന്യൂട്രലായിട്ട് ”വിനായകാ ഇവന്റെ പ്രാർത്ഥന കേട്ടോണേ“ എന്ന്. എങ്ങാനും കേൾക്കാൻ ആളുണ്ടേൽ അതിലൂടെ ഞാനും വാഴയുടെ ചുവട്ടിലെ ചീര പോലെ നനയുമല്ലോ എന്നൊരു വിചാരം.
ദുസ്വപ്നത്തിന്റെ ഓർമ്മയിൽ ഞാൻ ആകാശത്തേയ്ക്ക് നോക്കി. ആഹാ.. രണ്ട് മൈനകൾ അതാ കിഴക്ക് നോക്കി പറന്നു പോകുന്നു. “രണ്ട് മൈനയെ കണ്ടാൽ കാര്യം നടക്കുമെന്നാഡാ” മനസിലെ ആശങ്കയെ ലഘൂകരിക്കാൻ ഞാൻ അന്നേരം അന്ധവിശ്വാസത്തെ കൂട്ടു പിടിച്ചു എന്ന് പറയുന്നതാണ്‌ ശരി!
പറഞ്ഞ ഇടത്തിൽ എത്തുന്നതിനും മുൻപ് അവന്റെ വക മനസിൽ കുറ്റബോധം ഉണർത്തുന്ന ഡയലോഗ് വേറെ. “ചേച്ചീ.. നമ്മളീ ചെയ്യുന്നത് ഒരു പാപമാണ്‌ ട്ടാ... വളർത്തി വലുതാക്കിയ ടീമിന്റടുത്തൂന്നാ നമ്മളടിച്ച് മാറ്റാൻ പോണത്. അച്ഛനുമമ്മയുമല്ലെങ്കിൽ പോലും അവരുടെ ശാപം മ്മക്ക് ഏല്ക്കൂട്ടാ... മ്മടെ അടുത്ത തലമുറയ്ക്ക്”
“എന്റെ അടുത്ത തലമുറയ്ക്ക് ഏല്ക്കൂലാഡാ.. ഞാനിനീം കെട്ടീട്ടില്ലാത്തോണ്ട് എനിയ്ക്കാ പേടിയില്ല. നീ സൂക്ഷിച്ചോ. നിന്റെ ക്ഡാവ് വലുതാവുമ്പോ ഓടി പോകാണ്ടിരുന്നാ മതി”
“ഹെയ്. എന്റെ മോളോട് ഞാൻ പറഞ്ഞിട്ടുണ്ട്, അങ്ങനെ വല്ലോമുണ്ടേൽ നീ എന്നോട് പറഞ്ഞാ മതി അച്ഛൻ കൂടെ നിക്കും ന്ന്”
“അപ്പോ പിന്നെന്തൂട്ടാഡാ... ഇനിപ്പോ എങ്ങാനും വല്ലോം ഉണ്ടെങ്കിൽ തന്നെ ഓട്ടോ ചേട്ടന്റെ ഭാര്യയ്ക്ക് കീമോയല്ലേ? പറഞ്ഞതിലും കൂടുതൽ മ്മക്ക് കൊടുക്കാം. അപ്പോ കിട്ടുന്ന പാപമങ്ങ് ടാലിയായിപ്പോകും. ആ ചേട്ടന്റെ ഭാര്യയ്ക്ക് അസുഖം മാറ്റാനല്ലേ. സംഗതി ക്ലീൻ!”
“അത് നല്ലൊരൈഡിയയാ.. അപ്പോ അങ്ങനെ ചെയ്യാലേ?”
“പിന്നല്ല!!”
അങ്ങനെ ഞങ്ങൾ ഞങ്ങടെ ഒരാശ്വാസത്തിനായി ഞങ്ങടെ പാപം പുണ്യവുമായി ടാലി ചെയ്തു.
യൂ ടേൺ എടുത്ത് വിചാരിച്ച സ്ഥലത്തെത്തിയപ്പോഴേക്കും മണി ആറ്‌. ഓട്ടോ ചേട്ടനെ വിളിച്ചു പറഞ്ഞു ”ഞങ്ങൾ സിൽക് ബോർഡ് ജംഗ്ഷനിൽ കാത്ത് നില്ക്കുന്നു. പുറപ്പെട്ടാലുടൻ വിളിച്ച് പറയണം.“
“എടാ.. സർവീസ് റോഡിലാണെന്ന് പറ. മെയിൻ റോഡിലൂടെ വന്നാൽ കഷ്ടാവില്ലേ?” എന്ന് ഞാൻ.
“ആദ്യം അവർ എത്തട്ടെ. എന്നിട്ടാകാം ബാക്കിയൊക്കെ. വെറുതെ ചേട്ടനെ പേടിപ്പിക്കണ്ടാ നമ്മളായിട്ട്” എന്നവൻ.
എന്നാ പിന്നെ വരുന്നേടത്ത് വരട്ടെ എന്ന് കരുതി ഞാൻ നിശ്ശബ്ദയായി.
എനിയ്ക്കാണെങ്കിൽ അതുവരെയുണ്ടായിരുന്ന ശാന്തതയൊക്കെ മനസിൽ നിന്നും പോയി. കാത്ത് കിടക്കുന്ന ആ നിമിഷം മുതൽ മനസിൽ ഒരു ഭാരം പതുക്കെ അരിച്ചരിച്ച് കയറുന്നു. ആറേകാൽ ആയപ്പോഴേക്കും അത് നിറഞ്ഞ് ശ്വാസം തിക്കുന്നതുപോലുള്ള അവസ്ഥ. ചങ്ങാതിയും പയ്യനും രാവിലന്നെ ധൈര്യത്തിന്‌ ഓരോന്നടിച്ചിട്ടാണ്‌ കയറിയിരിക്കുന്നത്. അതിന്റൊരു ആശ്വാസം അവരുടെ മുഖത്തുണ്ടെങ്കിലും മുറുക്കത്തിന്‌ അധികം അയവൊന്നുമില്ല. ഞാനാണെങ്കിൽ ആശ്വാസനിധിയൊന്നുമില്ലാതെ പച്ചയ്ക്കാണ്‌. ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച സമയം. അവന്മാരാണെങ്കിൽ വലിയില്ല, കുടിയേയുള്ളു!
നെഞ്ചകത്ത് അമ്മിക്കല്ല് കയറ്റി വെച്ച ഭാരം. എന്റെ ഹൃദയമിടിപ്പ് എനിയ്ക്ക് തന്നെ കേൾക്കാം. മുറുകിയ മൂന്ന് മുഖങ്ങൾ!
ആറേകാൽ കഴിഞ്ഞു... നിർണ്ണായകമായ നിമിഷങ്ങൾ! ആറ്‌ പത്തൊമ്പതിന്‌ ഓട്ടോ ചേട്ടന്റെ വിളി. “ക്ഡാവ് വണ്ടീൽ കേറീട്ടുണ്ട് ട്ടാ...”
(തുടരും)

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ – 7

 

പത്ത് മണിയോടെ ഞങ്ങൾ പാലക്കാടെത്തി. പയ്യനെ വിളിക്കുമ്പോ കിട്ടുന്നില്ല. തുടർച്ചയായി വിളിച്ചപ്പോൾ കിട്ടി. പത്ത് മിനുട്ട് എന്നവന്റെ മറുപടി പ്രകാരം ഞങ്ങൾ കാത്ത് നിന്നു. അവൻ വന്നയുടനെ ഒന്ന് പേടിപ്പിച്ചു. “ക്ഡാവിനെ വേണ്ടത് ആർക്കാ? നിനക്കൊരു ശുഷ്ക്കാന്തിയില്ല” എന്ന്. വിനയകുനിയനായി അവൻ കാറിൽ കയറി.
എന്റെ ചങ്ങാതി തൃശ്ശൂക്കാരനും എന്റെ സ്വന്തം നാട്ടുകാരനുമാണെങ്കിലും അവൻ പറയുന്ന റിശ്ശൂഭാഷ എനിയ്ക്കന്നെ മനസിലാവില്ല. അവന്റെ വർത്തമാനം അന്ന് പാലക്കാട് ചെന്ന് കണ്ട നേരത്ത് ആ പയ്യന്‌ ഒന്നും മനസിലയില്ലായിരുന്നു. ഞാൻ തർജ്ജമ ചെയ്ത് കൊടുക്കുകയായിരുന്നു. ഇന്നും അത് തന്നെ അവസ്ഥ. ഞാനും അവനും അവന്റെ പഴയകാല വീരകഥകളെല്ലാം പറഞ്ഞ് ചിരിച്ച് അർമ്മാദിച്ചിരിപ്പാണ്‌. കുറച്ചൊക്കെ പയ്യൻ ശ്രദ്ധിച്ചു. പിന്നെ ഇതേതോ കാട്ടുഭാഷ എന്ന മട്ടിൽ അവൻ ഫോണിലേയ്ക്ക് കൂപ്പുകുത്തി.
അതിനിടയിലെപ്പോഴോ, പ്ലാനിൽ മാറ്റമൊന്നുമില്ലല്ലോ എന്ന് ക്ഡാവ് ചോദിച്ചതായി അവൻ പറഞ്ഞു. എല്ലാം ശരിയായിവന്നാൽ പ്ലാനിലൊന്നും ഇതുവരെ മാറ്റമില്ലെന്ന് ഞാനും. ക്ഡാവിന്റെ അമ്മ (വല്യമ്മ) രാവിലെ ആറേകാലിന്‌ നടക്കാൻ പോകും അച്ഛനും അനിയത്തിമാരും അന്നേരം ഉറക്കമായിരിക്കും. പിന്നെ അച്ഛനുണർന്ന് ടോയ്‌ലറ്റിൽ പോകുമ്പോൾ അവൾ ഇറങ്ങാം എന്നാണ്‌ ധാരണ. അത് ഇപ്പറഞ്ഞ ആറിനും എട്ടിനും ഇടയ്ക്ക് എപ്പോൾ വേണമെങ്കിലുമാവാം. അവൾ ഇറങ്ങുന്ന കൂട്ടത്തിൽ ബൈക്കോ കാറോ വീട്ടിലുണ്ടെങ്കിൽ അതിന്റെ താക്കോലെടുത്ത് സോഫയ്ക്കടിയിലേയ്ക്കോ മറ്റോ എറിഞ്ഞ് കളയാൻ പറയണം എന്ന് ഞാൻ നേരത്തേ നിർദ്ദേശിച്ചിട്ടുണ്ട്. കാരണം, പിന്നാലെ വരണമെങ്കിലും വണ്ടി സ്റ്റാർട്ടാക്കണമല്ലോ. അതിലുള്ള താമസം നമുക്ക് സുരക്ഷിത ദൂരത്തേയ്ക്കെത്തുവാൻ സഹായിക്കും എന്നൊരു കണക്ക് കൂട്ടൽ.
ഇടയ്ക്കെപ്പോഴോ കുറേ ക്യാനുകൾ കെട്ടിവെച്ച ലോറി സൈഡിലൂടെ പോകുമ്പോൾ ചങ്ങാതി പറഞ്ഞു “ചിലപ്പോൾ തിരികെ വരുമ്പോൾ നമുക്ക് ഇങ്ങനെയുള്ളതിൽ കയറി വള്ളി പൊട്ടിച്ചിടേണ്ടിയൊക്കെ വരും” എന്ന്. പിന്നെ കുറേ നേരം പയ്യനെ ലോറിയിലേയ്ക്ക് കയറ്റിവിടുന്നതെങ്ങനെയെന്നും കെട്ട് പൊട്ടിച്ചുവിടേണ്ടതെങ്ങനെ എന്നുമൊക്കെയായി സംസാരം. അതിലെല്ലാം അവനും പങ്കെടുക്കുന്നുണ്ടായിരുന്നു. യാത്രയിലുടനീളം ചിന്താഭാരം ലഘൂകരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. ഇടയ്ക്ക് “എന്തിനാണോ ഇങ്ങനെ ചിരിക്കുന്നത്”എന്നുള്ള എന്റെ പറച്ചിലിന്‌ “നമുക്ക് ചിരിക്കാം” എന്ന് പറഞ്ഞ് തിരിഞ്ഞ് പയ്യനോട് “ഡാ.. നീയിന്ന് ചിരിക്കണ്ട. നാളെക്കഴിഞ്ഞ് ചിരിച്ചാൽ മതി” എന്ന് ഓർഡറിടുകയും ചെയ്യും.
നാലരയോടെ ഞങ്ങൾ ബംഗളൂരുവിൽ എത്തി. അവിടെ ചങ്ങാതിയുടെ ചങ്ങാതി കാത്ത് നില്പ്പുണ്ടായിരുന്നു. അവനെ ഞാൻ വർഷങ്ങൾ കഴിഞ്ഞാണ്‌ കാണുന്നത്. അവനും തൃശ്ശൂക്കാരൻ തന്നെ. ബംഗളൂരുവിൽ തന്നെ ജനിച്ചതും വളർന്നതും. കൊണ്ടും കൊടുത്തും ഇന്നും അവിവാഹിതനായി തുടരുന്നു. കാര്യം അവനറിയില്ല എങ്കിലും, ഒരാവശ്യം വന്നാൽ ബേക്കപ്പായി വെച്ചിരിക്കുകയാണവനെ. ബുധനാഴ്ച അവൾക്ക് ഇറങ്ങി വരാനൊക്കില്ല എങ്കിൽ നേരെ ഇവനെ കളത്തിലിറക്കി നൈസായി ക്ഡാവിനെ പൊക്കുക എന്നതായിരുന്നു ഞാനറിയാതെ എന്റെ ചങ്ങാതിയുടെ പ്ലാൻ! എന്തൊക്കെയായാലും തിരികെയുള്ള വരവിൽ ക്ഡാവ് ഞങ്ങളുടെ കൂടെയുണ്ടായിരിക്കും, പയ്യനെ ഏല്പ്പിച്ചിരിക്കും എന്നത് അവന്റെ തീരുമാനമായിരുന്നു. വാങ്ങിയ പണത്തിനുള്ളത് ചെയ്തിരിക്കും എന്ന തീരുമാനം. നന്നായി ഞാനതറിയാഞ്ഞത്!!
എന്നെ കൂട്ടുകാരന്റെ വീട്ടിലിറക്കി അവർ റൂമെടുത്തു. അവർ അപ്പൊഴേ ഒരു ഹാഫ് വാങ്ങി ഹോട്ടലിൽ ഇരുന്ന് കഴിപ്പ് തുടങ്ങി. എനിയ്ക്കും അവരുടെ കൂടെ ഹോട്ടലിൽ മുറിയെടുത്ത് കൂടിയാൽ മതിയാരുന്നു എന്ന് നഷ്ടബോധം തോന്നിയ നിമിഷം! “ഞങ്ങളിപ്പോൾ കഴിച്ച് കിടന്നുറങ്ങും. ഞാൻ ഏത് നേരത്തും വിളിക്കാം. ചേച്ചി റെഡിയായിരുന്നോണം. ചിലപ്പോൾ നാല്‌ മണിയ്ക്ക് ഞാൻ വിളിക്കും” എന്ന് ഇടയ്ക്ക് എന്നെ വിളിച്ചു പറഞ്ഞു.
ഞാനെന്റെ ബംഗളൂർ കൂട്ടുകാരനോട് കാര്യം വ്യക്തമായി പറഞ്ഞില്ലെങ്കിലും ഒരു ചെറിയ രൂപരേഖ കൊടുത്തു. രാവിലെ എഴുന്നേറ്റ് പോകുമെന്നും. എങ്കിൽ നേരത്തേ കിടന്നുറങ്ങൂ എന്നും പറഞ്ഞ് അവനും ഭാര്യയും എന്നെ ഉറങ്ങാൻ വിട്ടു.
പതിനൊന്ന് മണിയ്ക്ക് കിടന്നെങ്കിലും ഉറക്കം വരുന്നില്ല. യാത്രാക്ഷീണവും തലേ ദിവസത്തെ ഉറക്ക ക്ഷീണവും ഉണ്ടായിട്ടും ഉറക്കം വരുന്നില്ല. വല്ലാത്ത അസ്വസ്ഥതകൾ. ഒടുവിലെപ്പോഴോ ഉറങ്ങിയപ്പോൾ ദേഹം മുഴുവൻ ചോരയൊലിപ്പിച്ചുള്ള ഒരു കുട്ടി എന്റെ ദേഹത്തേയ്ക്ക് ചോര തൊട്ടുതേയ്ക്കുന്നു. അത് കണ്ട് ഞെട്ടിയുണർന്ന് നോക്കിയപ്പോൾ സമയം മൂന്ന് മുക്കാൽ. പുല്ല്!! ദുഃസ്വപ്നമാണല്ലോ എന്ന് ചിന്തിച്ച് അവനെ വിളിച്ചു. അവനെന്നെ നാല്‌ മണിയ്ക്ക് വിളിക്കുമെന്നല്ലേ പറഞ്ഞത്. അന്നേരം അവൻ എണീറ്റിട്ടുണ്ട്. ഓട്ടോ ചേട്ടൻ എത്തിയെന്ന് പറഞ്ഞു. അവനും ദുഃസ്വപ്നം കണ്ടാണുണർന്നത്. ആന ഓടിക്കുന്നെന്നോ മറ്റോ!! ആനയെ സ്വപ്നം കാണാറുണ്ടെങ്കിലും ആദ്യായിട്ടാണത്രേ ആന ഓടിയ്ക്കുന്നതായി സ്വപ്നം കണ്ടത്!
മനസിൽ ഒരു അപായ സൂചന
(തുടരും)

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 6


പയ്യൻ കാര്യം എന്നോട് പറയുന്നു. ഞാനാണെങ്കിൽ ആൾട്ടർനേറ്റീവ് വഴികളും ആലോചിക്കുന്നുണ്ട്. എങ്ങാനും ഓട്ടോ ചേട്ടന്‌ എത്താനൊത്തില്ലെങ്കിൽ നമ്മൾ പോകുന്ന കാർ തന്നെ പോയി അവളെ പിക്ക് ചെയ്യാം. പക്ഷേ പ്രശ്നമെന്തെന്നാൽ, പ്ലാനിംഗിൽ കാർ ചിത്രത്തിലില്ല. എന്നാലും പയ്യൻ കൂടെയുണ്ടല്ലോ എന്ന ധൈര്യം.
അവനോട് കാര്യം പറയുമ്പോൾ അവൻ “മാഡം, പ്ലാൻ മാറ്റല്ലേ.. അവൾക്ക് പ്ലാൻ മാറിയാൽ പിന്നെ നിലനില്പ്പില്ല. അവളെ അവർ കൊല്ലും. അല്ലെങ്കിൽ മാണ്ഡ്യയ്ക്ക് കൊണ്ടുപോകും. പിന്നെ എനിയ്ക്ക് യാതൊരു വഴിയുമില്ല” എന്ന്.
പിന്നെ അച്ചെക്കനോട് ഒന്നും പറയാനൊക്കാത്ത അവസ്ഥ. അങ്ങിനെയൊക്കെ ആണെങ്കിലും പയ്യന്റെ കയ്യിൽ നിന്നും ഞാൻ ഫീസ് കുറേശ്ശെ കുറേശ്ശെയായി അഡ്വാൻസ് വാങ്ങിക്കൊണ്ടിരിക്കുന്നൂന്റായിരുന്നുട്ടാ. സകലമാന സീനിയർമാരും ആദ്യമേ ഉപദേശിച്ചിട്ടുള്ളത് ഫീസ് മുഖ്യം എന്നാണ്‌. അതിൽ ഞാൻ യാതൊരു വീഴ്ചയും വരുത്തിയില്ല.
ചൊവ്വാഴ്ച പുറപ്പെടണമെങ്കിൽ പറഞ്ഞ തുകയിൽ നിന്നും ഇത്ര രൂപ അഡ്വാൻസ് കിട്ടിയാലേ പുറപ്പെടൂ എന്ന് പയ്യനോട് പറഞ്ഞിരുന്നു. അവനാണെങ്കിൽ പൈസ ട്രാൻസ്ഫർ ചെയ്യാൻ നോക്കിയിട്ട് ഒരു രക്ഷയുമില്ല. “മേഡം.. ഞാൻ എങ്ങനെയെങ്കിലും പണം തന്നേക്കാം. മറ്റേ ആളോട് പറയണേ പൈസ വരാത്തോണ്ട് വരാതിരിക്കരുത് എന്ന്”. അവന്റെ പേടി അതായിരുന്നു. എങ്ങാനും വന്നില്ലെങ്കിൽ അവന്റെ ക്ഡാവാണല്ലോ കഷ്ടത്തിലാകുക.
ഇവിടെ നിന്ന് പോകുന്നതിനും മുൻപ് ഓട്ടോ ചേട്ടൻ സ്കെച്ച് ഇട്ട വീട് പെൺകുട്ടിയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ അവന്‌ ഫോട്ടോ വേണം എന്ന് ആവശ്യപ്പെട്ടു. ലാന്റ് മാർക്ക് പറഞ്ഞു തന്നു. വൈകുന്നേരം, അതായത് തിങ്കളാഴ്ച വൈകുന്നേരം ഫോട്ടോ കിട്ടി ബോധിച്ചു. ചൊവ്വാഴ്ചയാണ്‌ ഞങ്ങൾ പുറപ്പെടുന്നത്. ബുധനാഴ്ചയാണ്‌ മിഷൻ നടത്തേണ്ടത്. എങ്ങാനും ബുധനാഴ്ച നടന്നില്ലെങ്കിൽ, വ്യാഴാഴ്ചയും ഞങ്ങൾ അതേ സമയം അതേ വണ്ടി ഉണ്ടായിരിക്കും എന്ന് ക്ഡാവിനെ പ്ലാൻ മെയിലിൽ അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ പുറപ്പെടാനുള്ള സമയവും പ്ലാനും ഞാനും ചങ്ങാതിയും തയ്യാറാക്കി. രാവിലെ ഒമ്പത് മണിയ്ക്ക് പുറപ്പെടും. വൈകീട്ടാകുമ്പോഴേക്കും എത്തും. അതിനും മുൻപ് വണ്ടിയുടെ ടയറെല്ലാം മാറ്റി കണ്ടീഷനാക്കി. ആദ്യം ചൊവ്വാഴ്ച വൈകീട്ട് പുറപ്പെട്ട് ബുധനാഴ്ച രാവിലെ കാത്ത് നില്ക്കാം എന്നായിരുന്നു പ്ലാൻ. പിന്നെ അത് ചൊവ്വാഴ്ച ഉച്ചയോടെ പുറപ്പെടാമെന്നാക്കി. പിന്നീട് അത് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയാക്കി. ഫിക്സ്.
വൈകീട്ട് പിന്നെയും ചങ്ങാതി വിളിച്ചു. “ചേച്ചി മ്മക്ക് എട്ട് മണിയ്ക്ക് പുറപ്പെടാം. നേരത്തേ എത്തി നമുക്ക് പരിസരനിരീക്ഷണം നടത്താലോ” ശരി എന്ന് ഞാൻ. രാവിലെ ഏഴ് മണിയ്ക്ക് അലാം വെച്ച് കിടന്നു. പ്രശ്നമൊന്നുമില്ല. മനസ് ശാന്തമാണ്‌. നേരത്തേ എണീക്കാൻ വേണ്ടി പത്ത് മണിയ്ക്ക് നേരത്തേ കിടന്നു. കിടക്കാൻ നേരം കണക്ക് കൂട്ടി, ഉറങ്ങാൻ ഒമ്പത് മണിക്കൂർ ഉണ്ട്. ആഹാഹാ.. അന്തസ്സ്!
കൃത്യം പതിനൊന്ന് മണിയായപ്പോൾ ശാരി വിളിച്ചു. ഒരു ഡോക്യുമെന്റ് ശരിയാക്കാൻ അവളുടെ സഹായം ആവശ്യപ്പെട്ടിരുന്നു. “നാളെ രാവിലെ അത് നിന്റെ മെയിലിൽ എത്തിയിരിക്കും“ എന്ന് പറഞ്ഞ അവളുണ്ട് അന്ന് രാത്രി പതിനൊന്ന് മണിയ്ക്ക് വിളിച്ചിരിക്കുന്നു! ഒരു ഇ മെയിൽ ഐ ഡി കിട്ടാൻ വേണ്ടിയായിരുന്നു ആ വിളി. അത് പറഞ്ഞ് കൊടുത്ത് പിന്നെ ഉറങ്ങാൻ നോക്കിയിട്ട് നടക്കുന്നില്ല. പത്ത് മുതൽ പതിനൊന്ന് വരെയുള്ള ഉറക്കത്തിൽ ഞാൻ നല്ല ജിൽ ജിൽ എന്നിരിക്കുന്നു. ഫ്രെഷോട് ഫ്രെഷ്. എങ്ങനെ ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല! സമയം പോകും തോറും ആധി കേറുന്നു. ”ഈശ്വരാ... എന്റെ ഒമ്പത് മണിക്കൂർ ഉറക്കമല്ലേ ഈ ആവിയാകുന്നത്!!“ എന്ന വേവലാതി. ഒടുവിൽ രണ്ട് മണിയായി നിദ്രാദേവി കനിയാൻ!
സാധാരണ പത്ത് മണിയാകുമ്പോഴേക്കും അള്ളാ പടച്ചോനേ എന്നും പറഞ്ഞ് ഉറങ്ങുന്ന ശാരിയാണ്‌ കൃത്യം നോക്കി അന്ന് തന്നെ പതിനൊന്ന് മണിയ്ക്ക് വിളിച്ചിരിക്കുന്നത്!
ഉറക്കം ഇങ്ങനെ ഗാഢമായിരിക്കുമ്പോളതാ പിന്നെയും ഫോൺ. ചങ്ങാതി! ”ചേച്ചി എഴുന്നേറ്റോ?“
”ഇല്ലഡാ.. മണിയിപ്പോ അഞ്ചേമുക്കാലല്ലേ ആയുള്ളു. ഞാൻ ഏഴ് മണിയ്ക്ക് അലാം വെച്ചിട്ടുണ്ട്. അന്നേരം എണീറ്റോളാം. നീ പോയേ“ എന്ന് ഞാൻ.
”അത് വേണ്ട, ചേച്ചി എണീറ്റ് ഒരുങ്ങിക്കോ. മ്മക്ക് ഏഴ് മണിയ്ക്ക് പുറപ്പെടാം“ എന്ന് അവൻ.
ഉടനെ എഴുന്നേറ്റ് ഒരുങ്ങിയപ്പോഴേക്കും അവൻ പടിയ്ക്കൽ കാറുമായെത്തി. മ്മടെ പയ്യനോട് എട്ട് മണിയ്ക്ക് പുറപ്പെടുമ്പോൾ വിളിച്ച് പറയാമെന്നാണ്‌ പറഞ്ഞിരുന്നത്. ഏഴ് മണിയ്ക്ക് വിളി വന്നപ്പോൾ അവൻ എഴുന്നേറ്റിരുന്നോ എന്ന് പോലും സംശയം. എട്ട് മണിയെന്നല്ലേ പറഞ്ഞത് എന്നവൻ. രണ്ട് മണിക്കൂറിനുള്ളിൽ ഞങ്ങൾ അവിടെയെത്തും എന്നും പറഞ്ഞ് ഫോൺ വെച്ചു. ഞങ്ങൾ പുറപ്പെട്ടു.
(തുടരും)

ആദ്യമായി വന്ന ഹേബിയസ്‌ കോർപ്പസിന്റെ അവസ്ഥ - 5


തിരികെയെത്തിയപ്പോഴാണ്‌ ക്ഡാവിനെ ചാടിച്ചുകൊണ്ടുവന്ന് കഴിഞ്ഞാൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ടല്ലോ. അതെന്ത്‌ എങ്ങനെ എന്നത്‌ മനസിൽ വന്നത്‌. ഉടൻ ശാരിയെ വിളിച്ചു. ഇങ്ങനൊരു പ്ലാൻ വന്നപ്പോഴേ ശാരിയെ വിളിച്ചിരുന്നെങ്കിലും നടക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാഞ്ഞതിനാൽ കാര്യമായി അന്വേഷിച്ചിരുന്നില്ല. കടത്തിക്കൊണ്ടുവന്ന് കഴിഞ്ഞാൽ നാട്ടിലെത്തിയാൽ ഉടനെ പോലീസിൽ റിപ്പോർട്ട്‌ ചെയ്യണമെന്നും അതിനും മുൻപ്‌ വരും വഴി തന്നെ അവരുടെ കല്യാണം ഏതെങ്കിലും അമ്പലത്തിൽ വെച്ച്‌ നടത്തി ഫോട്ടോകൾ എടുക്കണമെന്നും ശാരി നിർദ്ദേശിച്ചു. കല്യാണഫോട്ടോ ഉണ്ടെങ്കിൽ പിന്നെ ഏതെങ്കിലും വിധത്തിൽ പണി വന്നാൽ നമുക്ക്‌ പിടിച്ച്‌ നിക്കാനുള്ള വകുപ്പാകും എന്നതായിരുന്നു ഉദ്ദേശം.
പാലക്കാട്‌ പോയി പയ്യനെ കാണുന്നതിനും മുൻപ്‌, അവനുമായുള്ള ആശയവിനിമയത്തിൽ ക്ഡാവിന്റെ അച്ഛൻ റിട്ടയേർഡ്‌ എസ്‌.പി. ആണെന്നൊരു ധാരണ എവിടെ നിന്നോ എനിയ്ക്കുണ്ടായി. അതനുസരിച്ചാണ്‌ ഞാനെന്റെ ചങ്ങാതിയോട്‌ കാര്യങ്ങൾ പറഞ്ഞത്‌. "എസ്‌.പി. ആണെങ്കിൽ പണിയാണല്ലോ ചേച്ചീ.. അയാൾക്ക്‌ മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായും ബന്ധമുണ്ടാകും. നമ്മൾ പുറപ്പെട്ടാൽ തന്നെ പൂട്ടാൻ ആളുണ്ടാകും. കേരള രജിസ്ട്രേഷൻ വണ്ടി ചെക്‌ പോസ്റ്റിൽ പിടിക്കും. അതുകൊണ്ടുതന്നെ നമുക്ക്‌ തമിഴ്‌നാട്‌ രജിസ്ട്രേഷൻ വണ്ടിയും വേണ്ടി വരും. അതൊക്കെ ഞാൻ സെറ്റ്‌ ആക്കിക്കോളാം." ഓക്കെ പറഞ്ഞ്‌ ഞാൻ വെച്ചു. പിന്നെ വിളിച്ചപ്പോൾ അവൻ പറഞ്ഞു, "ചേച്ചീ ഇൻ കേയ്സ്‌, അവർ നമ്മടെ വണ്ടി പിടിക്കാൻ ചാൻസുണ്ടേൽ, ക്ഡാവിനെ മാറ്റാൻ ഞാൻ മീൻ വണ്ടി ഏൽപ്പിച്ചിട്ടുണ്ട്‌. അതിലാകുമ്പോ ചെക്കിംഗ്‌ ഉണ്ടാവില്ല. എസ്‌.പിയാണേലും നമ്മൾ അയാൾക്കിട്ട്‌ പണിയും. മ്മടേൽ പിള്ളേരുണ്ട്‌." എനിയ്ക്കത്‌ ധൈര്യം ഉറപ്പിച്ചു.
പയ്യനോട്‌ എസ്‌.പി.യെകുറുച്ച്‌ പറഞ്ഞപ്പോ അവൻ പറയുന്നു എസ്‌.പി. ആണെന്ന് മേഡത്തോടാരാ പറഞ്ഞത്‌? മാഡം വിചാരിക്കുന്നത്ര പ്രശ്നങ്ങളൊന്നും ഉണ്ടാവില്ല. അയാളൊരു കോൺസ്റ്റബിളാ. അതും കാശ്‌ കൊടുത്ത്‌ ഉദ്യോഗം വാങ്ങിയത്‌. ഇപ്പറയുന്നത്ര കോംബ്ലിക്കേഷനൊന്നും ഉണ്ടാവില്ല."
"അയ്യേ... കോൺസ്റ്റബിളായിരുന്നോ? ചേച്ചി ചുമ്മാ മനുഷ്യനെ ടെൻഷനടിപ്പിക്കാൻ നടക്കുകാണോ?"ന്ന് ചങ്ങാതി. എന്റെ ആവേശം കൊണ്ട്‌ കേട്ടതിൽ ഒരു ആശയക്കുഴപ്പം ഉണ്ടായതാണെന്ന് പറയാനൊക്കില്ലാലോ.
ഇതെല്ലാം കൂടി ഒന്നൂടെ ഉറപ്പിക്കാനാണ്‌ പയ്യനെ കാണാൻ തീരുമാനിച്ചത്‌. പ്ലാനും വ്യക്തമാക്കി തിരികെ പോരുമ്പോൾ ഫൈനൽ പ്ലാൻ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൊടുക്കാമെന്ന് പറഞ്ഞു.
സാധാരണയായി അവൾ മെയിൽ നോക്കുന്ന ദിവസം ബുധനാഴ്ചയാണ്‌. അല്ലെങ്കിൽ വ്യാഴാഴ്ച. അതും രാവിലെ. അതുകൊണ്ടു തന്നെ പ്ലാൻ വ്യക്തമായി അവൾക്ക്‌ തിങ്കളാഴ്ച രാവിലെ കിട്ടുന്ന വിധം അയച്ചു. ഇതിനെല്ലാം മുൻപ്‌, ഈ മെയിലെല്ലാം അയയ്ക്കുന്നത്‌ അവൾ തന്നെയാണോ അതോ അവനെ കുടുക്കാൻ വീട്ടുകാരുടെ ട്രാപ്പാണോ എന്ന് ഉറപ്പിക്കാനുള്ള നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അവർക്ക്‌ രണ്ടുപേർക്ക്‌ മാത്രം അറിയുന്ന കാര്യങ്ങൾ പറയാൻ ആവശ്യപ്പെടാനാണ്‌ ഞാൻ നിർദ്ദേശിച്ചത്‌. പ്രണയിക്കുന്നവർക്കിടയിൽ മാത്രമുള്ള ചില ടോപ്പ്‌ സീക്രട്ടുകൾ ഉണ്ടാകും എന്നത്‌ ഉറപ്പാണല്ലോ. ചിലപ്പോൾ ചില വാക്കുകളായിരിക്കാം അല്ലെങ്കിൽ ഏതെങ്കിലും സന്ദർഭങ്ങൾ. അങ്ങനെ അത്‌ അവൾ തന്നെയെന്ന് അവൻ ഉറപ്പിച്ചു. കോഡിലൂടെ മെയിൽ ഐ ഡിയുടെ പാസ്‌ വേഡ്‌ മാറ്റി. പൂർണ്ണമായും സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരുന്നു തുടർന്നുള്ള ആശയവിനിമയങ്ങൾ. അപ്പോഴും ഞങ്ങളുടെ കൂടെ പയ്യൻ ഉണ്ടാകും എന്ന് അവൾക്ക്‌ യാതൊരു ധാരണയുമില്ല. വല്ല ട്രാപ്പും ഉണ്ടേൽ അവനില്ല എന്ന വിശ്വാസത്തിൽ അവർ ഒഴിയുമല്ലോ എന്ന്.
തിങ്കളാഴ്ച തന്നെ പ്ലാൻ വായിച്ച്‌ അവൾ മറുപടിയയച്ചു "ഇനി ഞാൻ മെയിൽ നോക്കില്ല. പ്ലാനിൽ മാറ്റമുണ്ടാകില്ല എന്ന് തന്നെ വിശ്വസിക്കുന്നു. എന്തെങ്കിലും മാറ്റമുണ്ടായാൽ... അതെന്റെ അവസാനമായിരിക്കും. അവരെന്നെ കൊല്ലും"
(തുടരും)

അങ്ങനെ ഞാനും മോഡേണായി!!

 



ഇവിടെ മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ എത്ര പേരുണ്ടെന്നറിയില്ല. എന്റെ അനുഭവം പറയാമെന്ന് കരുതി. ഉപയോഗിക്കാൻ ഭയന്നിരിക്കുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒരു പ്രചോദനമായിക്കോട്ടേന്ന് വയ്ക്ക്യാ.

 

കിടുതാപ്പിനെ കുറിച്ച് എനിയ്ക്കുള്ള പേടികൾ എന്തായിരുന്നെന്ന് വെച്ചാൽ ഇത് വെച്ചാൽ ഉള്ളിലേയ്ക്ക് കയറിപ്പോകുമോ, തിരിച്ചെടുക്കാൻ പറ്റാണ്ടാവുമോ, ഇൻസർട്ട് ചെയ്യുമ്പോൾ വേദനയെടുക്കുമോ, ഇൻസർട്ട് ചെയ്യാൻ തന്നെ പറ്റുമോ, അങ്ങനെയങ്ങനെ ഒരുപാട്. ഒരാശ്വാസത്തിന് ചങ്ക് കൂട്ടുകാരന്റെ ഭാര്യയോട് സംസാരിച്ചപ്പോൾ അവൾക്കതിനേക്കാൾ പേടി!

എങ്കിൽ പുല്ല് ഞാനുപയോഗിക്കാതെ ചത്ത് പോട്ടെ എന്ന് ഞാനും ചിന്തിച്ചു. എന്നാലും, "നിനക്കും മോഡേണാവണ്ടേ പെണ്ണേ? കാലത്ത് ജീവിച്ചിട്ട് പീരിയഡ്സ് എന്നേയ്ക്കുമായി നിൽക്കുന്നതിനും മുൻപ് ടെക്നോളജിയുടെ മാറ്റം കൂടി ഒന്നറിയണ്ടേ?" എന്ന് ഉള്ളിലിരുന്ന് ആരോ പറഞ്ഞു കൊണ്ടേയിരുന്നു.

 

അതിനിടയിൽ ഇവിടെ ഏതൊക്കെയോ പുരുഷ പ്രജകൾ മെൻസ്ട്രുവൽ കപ്പിന്റെ ഗുണഗണങ്ങളെ കുറിച്ച് പോസ്റ്റിട്ട് കണ്ടതായി ഓർമ്മ. 🤭

വീണ്ടും അത് മനസിൽ കേറി. ഉള്ളിലെ ഭയമെടുത്ത് കളയണം എന്ന് ഒരു വശം. എന്തിന് റിസ്ക് എന്ന് മറ്റൊരു വശം. അതിനിടയിൽ വർഷങ്ങളായി മാസാമാസം ഗാർബേജിൽ കളയുന്ന ഉപയോഗിച്ച സാനിറ്ററി നാപ്കിനുകൾ ഉള്ളിൽ കുറ്റബോധമുണ്ടാക്കുന്നുണ്ടായിരുന്നു. ഉപയോഗിച്ച നാപ്കിൻ കാണാൻ പോലും ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക്, ഇത് വാരേണ്ടി വരുന്ന തൊഴിലാളികളെക്കുറിച്ചുള്ള ചിന്ത എപ്പോഴും അലട്ടിക്കൊണ്ടേയിരുന്നു. അവർക്ക് അതൊഴിവാക്കാനായി മന:പൂർവ്വം തന്നെ നാപ്കിൽ കവറിൽ അവ നിറയ്ക്കാറുണ്ട്. കാണുമ്പഴേ അവർക്ക് മുൻകരുതലെടുക്കാലോ എന്ന്.

 

അങ്ങനെയിരിക്കെ എന്റെ ബാല്യകാല ആത്മ സുഹൃത്ത്, കുടുംബിനിയായി നാട്ടിൽ കഴിയുന്ന സ്വർണ്ണ, മെൻസ്ട്രുവൽ കപ്പുപയോഗിക്കുന്നതിന്റെ ഗുണഗണങ്ങൾ, സുഖസൗകര്യങ്ങൾ, ആശ്വാസങ്ങൾ ഇത്യാദികളെ കുറിച്ച് വായാലയാകുന്നു! നാട്ടിൻപുറത്ത് ജീവിക്കുന്ന അവളടക്കം ഉപയോഗിക്കുന്നു! വല്യ ധൈര്യശാലി എന്ന് ഭാവിയ്ക്കുന്ന ഞാൻ പേടിച്ചിരിക്കുന്നു! നാണക്കേട് ! എന്നിലെ ഈഗോ എന്നെ നോക്കി പരിഹസിക്കുന്നു! ന്താലേ?!

മനസിൽ ധൈര്യം എന്നിട്ടും വന്നില്ല. 🤭ശാരിയോട്

Sari Santhanathan

സംസാരിച്ചു. അവൾ ദാ പറയുന്നു അവളിത് ഉപയോഗിക്കാൻ തുടങ്ങീട്ട് വർഷങ്ങളായെന്ന്. ഉപയോഗിക്കുമ്പോൾ സംഗതി ഉള്ളിലുള്ള കാര്യം അവൾ മറന്ന് പോകുമെന്ന്! ആഹാ! ഇത്രയേയുള്ളോ കാര്യം! ഇപ്പോ ഉപയോഗിച്ചിട്ടന്നെ കാര്യം. തീരുമാനിച്ചു. പക്ഷേ അവളോട് സംസാരിച്ച് രണ്ടൂസം കഴിഞ്ഞപ്പോൾ കേറിയ ധൈര്യവും ആവേശവുമെല്ലാം ആവിയായി. വീണ്ടും ചങ്കരൻ തെങ്ങേൽ തന്നെ!

സ്വർണ്ണയെ വിളിക്കുമ്പോൾ അവളുടെ മുന്നറിയിപ്പ് "നീയെന്നെ എന്തേ മുൻപേ നിർബന്ധിച്ചില്ല?" എന്ന് ഉപയോഗിച്ചു തുടങ്ങുമ്പോൾ ഞാൻ അവളോട് ചോദിക്കുമെന്ന്! അത്രയ്ക്ക് ബെസ്റ്റ് സാധനമാണോ ഇത്?! 🤔

ശാരിയോട് വീണ്ടും! അവൾ ഗർഭപാത്രത്തെ കുറിച്ചും അനുബന്ധ പരിസരങ്ങളെ കുറിച്ചും വിശദമായ സ്റ്റഡി ക്ലാസ്! എന്നാലും ഇത് ഇൻസേർട്ട് ചെയ്യുമ്പഴത്തെ വേദന എന്നെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു. “പ്രസവിക്കാൻ ധൈര്യം കാണിക്കുന്ന നമ്മൾ വെറും ഒരു സിലിക്കൺ കപ്പിനോട് തോല്ക്കരുത്എന്നവൾ അവസാനത്തെ ആണിയടിച്ചു.😵 'അത് ശരിയാണല്ലോ!' എന്ന് ഞാനും ചിന്തിയ്ക്കാൻ തുടങ്ങി. 😁

മാർച്ചിൽ തീരുമാനമാക്കി. അടുത്ത പീരിയഡ്സ് വിത്ത് മെൻസ്ട്രുവൽ കപ്പ്. പിന്നല്ല!! 💪🏾

ഏത് സൈസ് വേണം എന്നായി പിന്നെ. ശാരിയോട് സംസാരിച്ചപ്പോൾ ബ്ലീഡിംഗ് കുറഞ്ഞവർക്ക് ചെറുത് എന്ന് അവൾ. എനിയ്ക്കാണെങ്കിൽ ബ്ലീഡിംഗ് നോർമലാണ്. സ്വർണ്ണയും അത് ശരി വെച്ചു. എന്നാലും എന്റെ ഉള്ളിൽ മീഡിയം വേണ്ടി വരും എന്നൊരു ചിന്ത. എങ്കിലും ചെറുത് മത്യേടീ എന്ന ശാരിയുടെ ഉറപ്പിൽ ഞാൻ ചെറുത് വാങ്ങാമെന്ന് തീരുമാനിച്ചു. പക്ഷേ ഓർഡർ ചെയ്യാൻ മനസ് പിന്നെയും വൈകിച്ചു. കഴിഞ്ഞ മൂന്ന് മാസത്തോളമായി മനസിനെ പ്രിപ്പയർ ചെയ്യിച്ചിട്ടും സംഗതിയങ്ങ് ഏശുന്നില്ല. ഭയം ഇങ്ങനെ പിന്നിലേയ്ക്ക് വലിക്കുകയാണ്! 🤭

ഏപ്രിലിൽ ഒരു ദിവസം. ഇന്ന് ഞാൻ ഓർഡർ ചെയ്യും എന്ന് ഉറച്ച് തന്നെ ഉറക്കമെണീറ്റു. ഉച്ചവരെ അതുമിതും ചെയ്ത് നേരം കളഞ്ഞു. ഓർഡർ ചെയ്യാനുള്ള ധൈര്യം കിട്ടുന്നില്ല. അന്നേരമുണ്ട് ഒരു മെസേജ്! "നിങ്ങൾ മൈന്ത്രയിൽ ഓർഡർ ചെയ്തതിന് നന്ദി! "

എഹ്! ഞാനെപ്പോ ഓർഡർ ചെയ്തു! നമ്പർ തെറ്റി വന്നതായിരിക്കും എന്നാദ്യം കരുതി. ബർത്ത്ഡേയല്ലേ വരുന്നത്. കൂട്ടുകാരാരെങ്കിലും സർപ്രൈസ് വിട്ടതാണെങ്കിലോ? അതിന് സാധ്യതയുള്ള മൂന്ന് പേരെ ലിസ്റ്റ് ചെയ്തു. ആദ്യ നറുക്ക് ശാരിയ്ക്ക്. വിളിച്ചു. " നീയാണോഡീ ?" എന്ന ഒറ്റ ചോദ്യത്തിൽ ഇങ്ങോട്ട് മറുപടി വന്നു. "മെൻസ്ട്രുവൽ കപ്പ് എന്റെ വക. മീഡിയം ആണ്. പറ്റിയില്ലേൽ വേറെ പിന്നീട് വാങ്ങാം.'' " ഉവ്വ! വേറെ ഞാൻ വാങ്ങീത് തന്നെ. ചുമ്മാ കാശ് കളയാനൊക്കില്ല. പാകമായില്ലേലും ഞാനുപയോഗിക്കും " എന്ന് ഞാൻ.

പീരിയഡ്സ് കഴിഞ്ഞ്, മെയ് ഒന്നിനേ സംഗതി വരൂത്രേ. ആയിക്കോട്ടെ. അടുത്തതിന് ഉപയോഗിക്കാലോ. ഏപ്രിൽ 25-ന് അവൾ വിളിച്ച് പറയുന്നു 26 - ന് കിട്ടുമെന്ന്. ആഹാ! അത് കൊള്ളാലോ. എങ്കിൽ ഇപ്പോന്നെ ഉപയോഗിക്കാം.

26 - ന് പിരിയഡ്സായി. ആദ്യ ദിവസം അടയാളം മാത്രേ കാണിക്കൂ. ബ്ലീഡിംഗ് തുടങ്ങാൻ രണ്ടാം ദിവസമാകണം. പറഞ്ഞ പോലെ സാധനം 26-നെത്തി. തുറന്ന് നോക്കിയപ്പോ പിന്നേം പേടി. ഉയ്യോ! ഇതെങ്ങനെ! 🤭

 

കുത്തിയിരുന്ന് വീഡിയോകൾ കാണാൻ തുടങ്ങി. എങ്ങനെ ഇൻസേർട്ട് ചെയ്യാം. എന്താക്കെ ശ്രദ്ധിക്കണം. ധാരണകൾ എന്തെല്ലാം ? തെറ്റിദ്ധാരണകൾ എന്തെല്ലാം? കുത്തിയിരുന്ന് ശ്രദ്ധയോടെ കണ്ടു. ഭയമെല്ലാം കുറേക്കൂടെ ഇല്ലാതാക്കാൻ വീഡിയോകൾ സഹായിച്ചു എന്നതാണ് സത്യം. കൂട്ടത്തിൽ, എളുപ്പം ഇൻസേർട്ട് ചെയ്യാനുള്ള വഴിയും കണ്ടു വെച്ചു.

ആദ്യം ഉപയോഗിക്കുമ്പോൾ ഒപ്പം നാപ്കിൻ കൂടി ഉപയോഗിക്കാൻ ശാരിയും സ്വർണ്ണയും മുന്നറിയിപ്പ് തന്നിരുന്നു. ശരിയായി ഫിറ്റ് ആയില്ലെങ്കിൽ ബ്ലഡ് വസ്ത്രത്തിൽ ആകാതിരിക്കാനായിരുന്നു മുൻകരുതൽ. അവർ പറഞ്ഞത് അപ്രകാരമേ ചെയ്തു.

ആദ്യം തന്നെ, ഇത് ഇൻസർട്ട് ചെയ്യുന്നതിന് മുൻപ് മനസിനെ ശാന്തമാക്കി. നന്നായി ദീർഘശ്വാസമെടുത്തു. ഇന്ത്യൻ ടോയ്ലറ്റിൽ ഇരിയ്ക്കുന്ന പോസാണ് ഉത്തമം. പേടിച്ച് പേടിച്ച് ഇൻസേർട്ട് ചെയ്തു! ആഹാ! കൊള്ളാലോ! പേടിച്ച പോലെ ഒന്നുമില്ല.

പിന്നെ ശരിയായി ഫിറ്റായിട്ടുണ്ടോ എന്ന സംശയമാണ്. ഒന്ന് രണ്ട് മണിക്കൂർ കഴിഞ്ഞ് പരിശോധിച്ചു. ഇല്ല. ഒരു തുള്ളി പോലും ലീക്കേജില്ല. സംഗതി സക്സസ്!! 💪🏾

കുളിയ്ക്കുമ്പോഴോ കിടക്കുമ്പോഴോ നടക്കുമ്പോഴോ ഇരിയ്ക്കുമ്പോഴോ ഒന്നും ഒരു പ്രശ്നവുമില്ല. സ്വസ്ഥം സമാധാനം!

8 - 10 മണിക്കൂർ കഴിഞ്ഞ് സംഭവം ഊരി. ഊരുമ്പോൾ മാത്രം ഒരു അസ്വസ്ഥത  ഉണ്ടായി (🤭) എന്നതൊഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ലായിരുന്നു. ശാരിയ്ക്ക് അബദ്ധം പറ്റിയതാണെങ്കിലും വാങ്ങിയ സൈസ് കൃത്യമായിരുന്നു!!

ഇവിടെ ഇനിയും ഉപയോഗിക്കാൻ ഭയമുള്ള സ്ത്രീകളുണ്ടെങ്കിൽ, " ഗഡീസ്..., വൈകണ്ട. ഒട്ടും ഭയക്കണ്ട. സംഗതി കിടുവാട്ടാ! വേഗം ഓർഡർ ചെയ്ത് ഉപയോഗിക്കാൻ തുടങ്ങിക്കോളൂ" 👌🏾👌🏾

പിൻകുറിപ്പ്: കൂട്ടുകാരന്റെ ഭാര്യയെ മോട്ടിവേഷൻ ചെയ്യാൻ നോക്കി. "അടുത്ത ജന്മത്തിൽ നോക്കാം " എന്നവൾ !! നോ രക്ഷ!!

ഫോട്ടൊ കടപ്പാട്: ഗൂഗിൾ