സമ്മാനങ്ങൾ
സർപ്രൈസ് ആയി നൽകുക
എന്നത് എന്നു മുതലാണ് എനിയ്ക്ക്
ഇഷ്ടമായിത്തുടങ്ങിയത് എന്നോർമ്മയില്ല. പക്ഷേ സർപ്രൈസ് സമ്മാനങ്ങൾ
ഏറ്റവും പ്രിയപ്പെട്ടവർക്ക് നൽകുവാൻ ഞാൻ ശ്രദ്ധിയ്ക്കാറുണ്ടായിരുന്നു. അത് കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം കാണുവാൻ ഞാനെന്നും ഇഷ്ടപ്പെട്ടിരുന്നു...
ജീവിതത്തിലെ ഏതോ ഒരു
ഘട്ടം മുതൽ ആദ്യമായി സർപ്രൈസുകൾ
നൽകിയിരുന്നത് അമ്മയ്ക്കായിരുന്നു. അത് സമ്മാനമൊന്നുമല്ലായിരുന്നു.
അറപ്പിക്കുന്ന സർപ്രൈസുകൾ!
എട്ടുകാലികളോട് എനിയ്ക്കെന്തോ ഒരു ശത്രുതയായിരുന്നു
എന്റെ ഇരുപതുകളിൽ. നട്ടപ്പാതിരയ്ക്ക് അമ്മയെ ഉണർത്താതെ, ശബ്ദമുണ്ടാക്കാതെ
എഴുന്നേറ്റ് വലിയ വലിയ എട്ടുകാലികളെ
മണ്ണെണ്ണ ഒഴിച്ച് കൊല്ലുക എന്നത്
ഒരു നിഷ്ടയായിരുന്നു എനിയ്ക്ക്
അന്നൊക്കെ. എപ്പൊഴോ മുതൽ ഇങ്ങിനെ
കൊല്ലുന്ന എട്ടുകാലികളെ അടുക്കളയിൽ പാതകമ്പുറത്ത് വെച്ച്
വലിയ വട്ടക കൊണ്ട്
മൂടി വയ്ക്കും. ആദ്യത്തെ
തവണ, പുലർച്ചെ അമ്മ
എഴുന്നേറ്റ് അടുക്കളയിൽ വന്നപ്പോൾ കാണുന്നത്
കമിഴ്ത്തി വെച്ച വട്ടകയാണ്. പതുക്കെ
പതുക്കെ പൊക്കി നോക്കിയപ്പോൾ 'അറച്ചു
പോയി' എന്നാണ് അമ്മ പറഞ്ഞത്.
മാത്രമല്ല അതേ പടി
വന്ന് നല്ല രണ്ടടി എനിയ്ക്കിട്ടു
തരാനും തോന്നിയത്രേ... പിന്നെ പിന്നെ വട്ടക
കാണുമ്പോൾ അമ്മ കണക്ക് കൂട്ടും.
അത് എട്ടുകാലിയാണ്. അത്
പ്രതീക്ഷിച്ചു തന്നെ വട്ടക പൊക്കി
നോക്കും.
പ്രതീക്ഷ തെറ്റിയത് പിന്നീട്
അമ്മയുടെ ഒരു പിറന്നാൾ രാവിലായിരുന്നു. അടച്ചു
വച്ച വട്ടക എട്ടുകാലിയാകും
എന്ന പ്രതീക്ഷയോടെ പൊക്കി
നോക്കിയ അമ്മ കണ്ടത് ഒരു
സെറ്റ് മുണ്ടും കൂട്ടത്തിൽ ;ജന്മദിനാശംസകൾ'
എന്ന ഒരു കുറിപ്പുമായിരുന്നു...
അത് കണ്ടപ്പോൾ അമ്മയുടെ
കണ്ണുകൾ നിറഞ്ഞൊഴുകിയത്രേ... എന്നെ വന്ന് കെട്ടിപ്പിടിയ്ക്കുവാനും
തോന്നിയെന്ന്!! കാരണം അമ്മയ്ക്ക് ജന്മദിനങ്ങളിൽ
ആരും സമ്മാനം കൊടുത്തിട്ടില്ല;
ഓർക്കുക പോലുമുണ്ടായിരുന്നില്ല അമ്മയുടെ ജന്മദിനങ്ങൾ... നാട്
വിടുന്നതുവരെയുള്ള എല്ലാ ജന്മദിനങ്ങളിലും അമ്മയ്ക്കായി
അങ്ങിനെ എന്തെങ്കിലും സർപ്രൈസുകൾ നേരിട്ടും പിന്നീടിതു
വരെ എന്റെ സുഹൃത്തുക്കൾ
മുഖേനയും ഞാൻ ഒരുക്കുമായിരുന്നു.
എല്ലാ ജന്മദിനങ്ങളും അമ്മയ്ക്ക് അതിനാൽ തുടങ്ങുക
കണ്ണീരിലാണ്... പതിനെട്ട് വർഷങ്ങളിലധികമായി കണ്ണീരിൽ
നിറഞ്ഞ ജന്മദിനങ്ങൾ അമ്മ അറിയുന്നു... ആ
കണ്ണീർ സങ്കടത്തിന്റേതല്ല എന്ന ഒരു ആശ്വാസമുണ്ട്.
എനിയ്ക്കാരും
പക്ഷേ സർപ്രൈസുകൾ തന്നിട്ടില്ല. എന്താണ് അതിന്റെ കാരണം എന്ന് ഇപ്പോഴും എനിയ്ക്കറിയില്ല. ഒരുപക്ഷേ ഞാനത് ഏറെ ഇഷ്ടപ്പെടുന്നതുകൊണ്ടായിരിക്കാം അതെന്റെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയത്... സർപ്രൈസ് സന്ദർശനങ്ങൾ, സർപ്രൈസ് സമ്മാനങ്ങൾ ഒക്കെ ഞാനേറെ ഇഷ്ടപ്പെടുന്നു... പക്ഷേ ആരും എന്നോടങ്ങിനെ ചെയ്തിട്ടില്ല... എങ്കിലും
മനസിൽ ഇന്നും നിലനിൽക്കുന്ന ഒരു സർപ്രൈസ്
ഉണ്ട്. നിർഭാഗ്യവശാൽ സംഭവിച്ചു പോയ ഒരു സർപ്രൈസ്!! എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ
എനിയ്ക്ക് ആദ്യമായി വാങ്ങി തരുവാൻ
ഉദ്ദേശിച്ച സമ്മാനം. ഇന്നും അറിയില്ല
അതിലെന്താണെന്ന്!! അയാളെ പരിചയപ്പെട്ട് കണ്ടതിനു
ഏതാനും മാസങ്ങൾക്കുള്ളിലായിരുന്നു അത്. ഞങ്ങൾ രണ്ട്
പേരും ചേർന്ന് വിന്റോ ഷോപ്പിംഗ്
നടത്തുകയായിരുന്നു. വിന്റോ ഷോപ്പിംഗിന് കാശ്
കൊടുക്കണ്ടാലൊ! പെട്ടന്ന് അവനൊരു തോന്നൽ
എനിയ്ക്കൊരു സമ്മാനം വാങ്ങി തരണം
എന്ന്.
പുരുഷസുഹൃത്തുക്കളിൽ നിന്നും അതെന്തിന്റെ പേരിലായാലും
പരിചയപ്പെട്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ സമ്മാനങ്ങൾ
വാങ്ങുന്നത് ശരിയായ നടപടിയല്ല എന്ന്
അന്നും ഇന്നും വിശ്വസിയ്ക്കുന്ന ആളാണ്
ഞാൻ. അതുകൊണ്ട് തന്നെ,
അങ്ങിനെയൊരു ആലോചന അവന്റെ ഉള്ളിൽ
മുള പൊട്ടിയപ്പോൾ ഞാൻ
അവനോട് പറഞ്ഞു 'എനിയ്ക്ക് വേണ്ടാ..'
എന്ന്. അതും പറഞ്ഞ് ഞാൻ
ആ കടയിൽ നിന്നും
പുറത്തിറങ്ങി. അവൻ പക്ഷേ
ഉദ്ദേശിച്ച സമ്മാനം വാങ്ങിയിട്ടാണ് പുറത്തിറങ്ങിയത്.
പക്ഷേ ഞാൻ 'എനിയ്ക്ക് വേണ്ട'
എന്ന് പറഞ്ഞതിൽ മനസ് വിഷമിച്ച്
അവനത് എനിയ്ക്ക് കൈമാറിയില്ല.
ഇന്നും
എനിയ്ക്കറിയില്ല അതിലെന്താണെന്ന്!! ഒരിയ്ക്കലും കൈമാറ്റം ചെയ്യപ്പെടാത്ത, ഒരിയ്ക്കലും
കാണാത്ത സമ്മാനം. എന്നും എന്റെ
ജീവിതത്തിൽ അത് മാത്രം
എന്നും സർപ്രൈസ് ആയി നിലനിൽക്കും.
ഒരു കൂട്ടുകാരിയ്ക്ക് ഞാൻ കൊടുത്ത
എളിയ സർപ്രൈസ് ഇപ്പോഴും
വിളിയ്ക്കുമ്പോൾ അവൾ ഓർക്കാറുണ്ട്.
ഞാൻ ഹോസ്റ്റലിൽ ചേർന്ന
സമയം. ഒൻപത് കട്ടിലുകളുള്ള ആ വലിയ
മുറിയിലെ ഒരു കട്ടിലിന്റെ
അധിപതി ഞാനായിട്ട് ഏതാനും ദിവസങ്ങളേ
ആയിട്ടുണ്ടായിരുന്നുള്ളൂ.. ഏറിക്കൂടിയാൽ ഒരാഴ്ച. ആരുമായും വലിയ
കൂട്ടായിട്ടില്ല. ഒരു ഡിസംബർ
25 ന് രാവിലെ ഉറക്കമുണർന്നപ്പോൾ റൂമിലെ
ആരോ പറയുന്നത് കേട്ടു
'ജിജിയുടെ പിറന്നാളാണ് ഇന്ന്' എന്ന്. ഞാൻ
അവിടെ ചേർന്നിട്ട് വെറും ഒരാഴ്ച പോലുമായിട്ടില്ല
അപ്പോൾ. പക്ഷേ കേട്ടപ്പോൾ എന്തോ…
അവൾക്ക് എന്തെങ്കിലും സമ്മാനം കൊടുക്കണമെന്നാണ് എനിയ്ക്ക് തോന്നിയത്. കയ്യിലാണെങ്കിൽ
ആകെ പത്ത് രൂപയുണ്ട്.
ഇന്നത്തെ പോലെ മെച്ചപ്പെട്ട സാമ്പത്തിക
സ്ഥിതിയല്ല അന്ന്. ജോലിയില്ല. വീട്ടിൽ
കാശ് ചോദിയ്ക്കാൻ പറ്റില്ലാാാ...
എങ്കിലും വസ്ത്രം മാറി ഉള്ള
പത്ത് രൂപയുമെടുത്ത് പുറത്തിറങ്ങി, ജിജിയ്ക്ക് പിറന്നാൾ സമ്മാനം
വാങ്ങാൻ!!! പത്ത് രൂപയ്ക്ക് എന്ത്
വാങ്ങാനാ...!!! ഒടുവിൽ 3 രൂപ വിലയുള്ള
ഒരു റോസാപൂവ് വാങ്ങി.
ഹോസ്റ്റൽ മുറ്റത്തുള്ള എവർ ഗ്രീൻ
ചെടിയുടെ രണ്ടിതൾ പൊട്ടിച്ച് ആ
റോസ് പൂവിന് ചുറ്റിൽ
വച്ച് കെട്ടി. ജിജിയ്ക്ക് കൊടുക്കുവാൻ
വേണ്ടി റൂമിലേയ്ക്ക് കയറാൻ വാതിൽക്കൽ എത്തിയപ്പോൾ
കണ്ടു ആരൊക്കെയോ അവൾക്ക് സമ്മാന
പൊതികൾ കൊടുക്കുന്നു. ഉള്ളിലെ അപകർഷത പുറത്ത് വന്നു. കൊടുക്കണോ
വേണ്ടയോ എന്ന് ഒരു നിമിഷം
അറച്ചു. അപ്പോഴേയ്ക്കും അവൾ എന്നെ
കണ്ടിരുന്നു. 'എന്താ അനു അവിടെ
നിന്ന് പരുങ്ങുന്നത്?' എന്ന് അവൾ ചോദിച്ചപ്പോൾ
ഇനി കയറി ചെല്ലാതെ
നിവൃത്തിയില്ലാതെയായി. രണ്ടും കൽപ്പിച്ച് ചെന്ന്
ആ റോസാപൂവ് കയ്യിൽ കൊടുത്തു
ജന്മദിനാശംസ നേർന്നു. ഒരുപക്ഷേ അവൾക്ക്
ആദ്യമായും അവസാനമായും അങ്ങിനെ ഒരു
സമ്മാനം കൊടുക്കുന്ന അതും ഏറെ അടുപ്പമില്ലാത്ത,
അധികം സംസാരിക്കുക പോലും ചെയ്യാത്ത ഒരേയൊരാൾ
ഞാനാണെന്ന് തോന്നുന്നു!!
പിന്നീട് അവൾ എന്റെ
നല്ല സുഹൃത്തുക്കളിൽ ഒരാളായി.
എന്റെ മാനസിക നില തെറ്റി
ഓർക്കാൻ പറ്റാതെ പോയ, എന്റെ
അമ്മയ്ക്ക് പോലുമറിയാത്ത ഒരു ദിവസം
ഇന്നും അതുപോലെ ഓർക്കുന്നത് അവൾ
മാത്രമാണ്. അവൾ അവളുടെ
കല്യാണം വിളിയ്ക്കുവാൻ വന്ന ഒരു വൈകുന്നേരം.
അലങ്കോലപ്പെട്ട എന്റെ വാടക മുറിയിൽ
കരഞ്ഞു വീർത്ത കണ്ണുകളും ഉറയ്ക്കാത്ത ദൃഷ്ടികളുമായി ഇരിയ്ക്കുകയായിരുന്നു അന്നു
ഞാൻ. കിടപ്പുമുറിയുടെ മൂലയിൽ
പേടിച്ചരണ്ട കണ്ണുകളുമായി
അരക്ഷിതാവസ്ത്ഥയുടെ മൂർത്തീമദ്ഭാവമായി ഞാൻ. എന്തുകൊണ്ടോ വാതിലടച്ചിട്ടില്ലായിരുന്നു
ഞാൻ. (അതെന്തു കൊണ്ടായിരുന്നു എന്ന് ഇപ്പോഴും എനിയ്ക്കറിയില്ല. സാധാരണ രാവിലെ തുറന്നാൽ രാത്രിയാകുവോളം ഞാൻ പൂമുഖവാതിൽ അടയ്ക്കാറില്ലായിരുന്നു. അതുകൊണ്ടായിരിക്കാം). വാതിൽ തള്ളിത്തുറന്ന് അകത്ത്
വന്ന അവൾ കണ്ടത്
ആ അവസ്ഥയിലുള്ള എന്നെയാണ്.
ഉടൻ അവൾ എന്റെ
പ്രിയ സുഹൃത്തിനെ ഫോണിൽ വിളിച്ചു.
'ഞാനും അവളുമായി യതൊരു ബന്ധവുമില്ല'
എന്നവൻ പറഞ്ഞു. (ഇതെല്ലാം പിന്നീട് അവൾ പറഞ്ഞറിഞ്ഞ കാര്യങ്ങളാണ്). മണിക്കൂറുകളോളം അവൾ എന്നെ
ചേർത്ത് പിടിച്ചിരുന്നു. ഏതാനും മണിക്കൂറുകളിലേയ്ക്ക് എനിയ്ക്ക്
നഷ്ടമായ എന്റെ ബോധം തിരിച്ചു
കിട്ടുവോളം അവൾ എന്നെ
ചേർത്തണച്ചിരുന്നു. ഓർമ്മ വരുമ്പോൾ ഞാൻ
അവളുടെ കരവലയത്തിലായിരുന്നു... 'നീ പേടിയ്ക്കണ്ടാ..
പൊയ്ക്കോളൂ' എന്ന് ഞാൻ പറയുമ്പോഴും
പോകാൻ മനസില്ലാതെ അവൾ... അത്
ഞാൻ ഇപ്പോഴും ഓർക്കുന്നു.
ഒടുവിൽ ഞാൻ കൊടുത്ത
ഉറപ്പിൽ അവൾ പോയി.
പിന്നീട് ഞാൻ അവളെ
കണ്ടിട്ടില്ല. കല്യാണം കഴിഞ്ഞതിനോടനുബന്ധിച്ച് അവൾ
നാട്ടിലേയ്ക്ക് ചേക്കേറി. പക്ഷേ ഇന്നും
അവളുടെ മനസിൽ എന്റേതെന്ന് പറയുവാൻ
അവൾ അവസാനം എന്നെ
കണ്ട ആ രൂപമാണ്...
എന്റെ കൂട്ടുകാരനെ കുറിച്ച് പിന്നീടൊരിയ്ക്കലും അവളോട്
പറയുവാൻ എനിയ്ക്ക് സാധിച്ചിട്ടില്ല. 'എനിയ്ക്ക്
കേൾക്കണ്ടാ ആ വൃത്തികെട്ടവനെ
കുറിച്ച്' എന്ന് അവൾ എന്നോട്
ആക്രോശിയ്ക്കും പിന്നീടെപ്പോഴും. വേദനയോടെയാണെങ്കിലും എനിയ്ക്ക് നിശ്ശബ്ദയാകേണ്ടി വരാറുണ്ട്
അത്തരം ഓരോ സന്ദർഭത്തിലും.
ഞാൻ എന്റെ നല്ല
സുഹൃത്തായി ചിത്രീകരിച്ച അവനെ അവൻ സ്വന്തം
വാക്കുകളിലൂടെ സ്വയം ചീത്തയായി ചിത്രീകരിച്ചതാണല്ലോ എന്ന
ഒറ്റ ആശ്വാസമാണുള്ളത്. (മറ്റ് പലരുടെ അടുത്തും അത് തന്നെ അവൻ ആവർത്തിച്ചു. സ്വന്തം മുഖം സ്വയം ചീത്തയാക്കി!!!)
ഓരോ ഡിസംബർ 25 - നും മറക്കാതെ
അവളെ പിറന്നാൾ ആശംസിയ്ക്കുവാൻ
വിളിയ്ക്കുമ്പോൾ ഞാൻ അവൾക്ക്
ആദ്യമായി നൽകിയ പിറന്നാൾ സമ്മാനം
അവൾ ഓർക്കും. കുറേ
നാൾ ആ റോസാ
പൂവ് അവളുടെ പെട്ടിയിലിരുന്നത്രേ..
ഉണങ്ങിയ റോസാപൂവ്... ഒരു സ്നേഹസമ്മാനത്തിന്റെ
ഓർമ്മയായി അവൾ സൂക്ഷിച്ചു
വച്ചു. പിന്നീടെപ്പോഴോ അവൾക്കത് നഷ്ടപ്പെട്ടെങ്കിലും സ്നേഹം
ഇപ്പോഴും മങ്ങാതെ നിലനിൽക്കുന്നു....
ഈയടുത്തകാലത്ത്
സർപ്രൈസ് സമ്മാനങ്ങൾ നൽകുന്നത് ഞാൻ
നിർത്താൻ തീരുമാനിച്ചു. കാരണം, കഴിഞ്ഞ പിറന്നാളിന്
എന്റെ അമ്മയ്ക്ക് വേണ്ടി ഞാൻ
കരുതി വെച്ച സമ്മാനം എന്റെ
അമ്മ കണ്ടെത്തി. അത്
ഒളിച്ചു വെച്ചു എന്ന സമാധാനത്തിൽ
ഞാൻ നാട്ടിൽ നിന്ന്
പോന്നു. പക്ഷേ, പിറന്നാളിനു മുൻപ്
തന്നെ എന്റെ അമ്മയുടെ കയ്യിൽ
അത് ചെന്നെത്തി.
എങ്കിലും
ഒരു സമ്മാനം എന്റെ
അമ്മയ്ക്ക് വളരെ സർപ്രൈസായി ഞാൻ
കൊടുത്തുകൊണ്ട് സർപ്രൈസ് സമ്മാനം എന്ന
രീതി ഞാൻ അവസാനിപ്പിക്കുകയാണ്!
ഒരു മാല. വർഷങ്ങൾക്ക്
മുൻപ് നാട് വിട്ട് പോരുവാൻ
വേണ്ടി ഞാൻ പണയപ്പെടുത്തുകയും
പിന്നീട് വിൽക്കുകയും ചെയ്യേണ്ടി വന്ന ഒരു
സ്വർണ്ണ മാലയ്ക്ക് പകരമായി ഒരെണ്ണം
നൽകി കൊണ്ട് ഞാൻ
എന്റെ സർപ്രൈസ് ശൃംഖല അവസാനിപ്പിക്കുകയാണ്.
ഞാൻ മനസിലാക്കുന്നു, എന്നെ
പ്രതി ഇന്നും വെറും കഴുത്തോടെ
നടക്കുന്ന എന്റെ അമ്മ അങ്ങിനെയൊന്ന്
ഏറെ ആഗ്രഹിയ്ക്കുന്നു എന്ന്.. പലപ്പോഴും എന്റെ
അമ്മയുടെ ബോധപൂർവമല്ലാത്ത വാക്കുകളിൽ നിന്ന് ഞാനത്
വായിച്ചെടുത്തിട്ടുണ്ട്. ഒരു മകൾ
എന്ന നിലയ്ക്ക് എനിയ്ക്ക്
ചെയ്യുവാൻ കഴിയുന്ന ഒരു എളിയ
ശ്രമം... എനിയ്ക്കുറപ്പാണ്
ഇത് ലഭിയ്ക്കുമ്പോഴും എന്റെ
അമ്മ കരയും. ആനന്ദത്തിന്റേതായ
കണ്ണീർ... പക്ഷേ അത് ഒഴിവാക്കുവാൻ
ഞാൻ നിസ്സഹായയാണല്ലോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ