പേജുകള്‍‌

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

എങ്ങിനെയായിരിക്കണം ബ്ലോഗ്..?



ഈയടുത്ത കാലത്ത് എന്റെ ഒരു സുഹൃത്ത് സദുദ്ദേശ്യത്തോടെയാവാം ഒരു ലേഖനം അയച്ചു തന്നു. കൂടെ ഒരു കുറിപ്പും. 'ഇങ്ങിനെയാകണം ബ്ലോഗ് എഴുതാൻ' അദ്ദേഹത്തോടുള്ള സ്നേഹബഹുമാനങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, എഴുത്തിൽ ഓരോരുത്തർക്കും ഓരോ ശൈലി ഉണ്ടായിരിക്കും എന്ന് വിശ്വസിയ്ക്കുന്നു. എല്ലാവരും ഒരുപോലെ എഴുതിയാൽ വായനയിൽ എന്ത് വ്യത്യാസം? 

ആ ലേഖനം സരിത നായർ, ശാലു മേനോൻ, നിത്യ മേനോൻ തുടങ്ങി പേരുകളിൽ ജാതിവാൽ വയ്ക്കുന്ന ഒരു കൂട്ടം സ്ത്രീകളെ കുറിച്ച് മാത്രമുള്ളതാണ് എന്ന് പറയുവാൻ സാധിയ്ക്കില്ല. അവരുടെ പേരിലുള്ള വാലിനെ അടിസ്ഥാനമാക്കി കേരളത്തിലെ നായർ സ്ത്രീകൾ, അഭിനേത്രികൾ മുതലായവരെല്ലാം വേശ്യകൾ അല്ലെങ്കിൽ അവർക്ക് തുല്യം എന്ന് പറഞ്ഞു നിർത്തുന്നതാണ് ആ ലേഖനം.

ഏതാനും ചില സ്ത്രീകൾ എന്തൊക്കെയോ ചെയ്തെന്ന് കരുതി ഒരു സമൂഹത്തെ മൊത്തമായി അടച്ചാക്ഷേപിയ്ക്കുന്ന ആ ലേഖനത്തിന്റെ പാത പിന്തുടരുവാൻ എനിയ്ക്കേതായാലും താല്പര്യമില്ല. എനിയ്ക്ക് നേരിട്ടറിയാത്ത, കൂട്ടുകാരിലൂടെ പോലും അറിയുവാൻ സാധ്യതയില്ലാത്ത ആളുകളെ കുറിച്ച് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് എഴുതി വയ്ക്കുന്നതിലും കുറച്ചുകൂടി അഭികാമ്യമായി എനിയ്ക്ക് തോന്നിയിട്ടുള്ളത് കുറച്ചെങ്കിലും ആത്മകഥാംശം കലർന്നിട്ടുള്ള എന്റെ മണ്ടത്തരങ്ങൾ എഴുതുന്നതാണ്.

മണ്മറഞ്ഞ സാഹിത്യകാരി മാധവിക്കുട്ടി എന്ന ആമിയാണ് എന്റെ മാനസഗുരു. അവർ സഞ്ചരിച്ച പാതകളിലൂടെ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണെങ്കിലും ചെറിയ രീതിയിൽ പറ്റാവുന്ന വിധത്തിൽ സഞ്ചരിയ്ക്കുവാനുള്ള ഒരു ശ്രമം.


തുറന്നെഴുതുവാൻ അവർ കാണിച്ചിട്ടുള്ള ആർജ്ജവത്തിന്റെ ലക്ഷത്തിലൊരംശം ഞാൻ കടമായെടുക്കുന്നു. അത്രയേയുള്ളൂ... അതിൽ ആർക്കെങ്കിലും താല്പര്യക്കുറവുണ്ടെങ്കിൽ ക്ഷമിയ്ക്കുക എന്ന് അഭ്യർത്ഥിയ്ക്കുന്നു.

ഞാൻ ഞാനായിരിക്കുന്നതല്ലേ എപ്പോഴും നല്ലത്? അതാണെനിയ്ക്കിഷ്ടവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ