പേജുകള്‍‌

2012, ജൂൺ 17, ഞായറാഴ്‌ച

അനന്തരം അത് ഇങ്ങിനെയായി...




ആ കഥ വായിച്ചതുമുതൽ മനസിലെന്തോ ഒരു വിഷമം. കുറ്റബോധമാണോ?

താൻ ചെയ്യുന്നത് ശരിയല്ലായിരുന്നെന്നൊ? ഞാനവളെ

മനസിലാക്കിയിരുന്നില്ലെന്നോ?

 അവൾക്ക് ഞാൻ അരക്ഷിതാവസ്ഥയാണൊ നൽകുന്നത്? ആകെ

ആശയക്കുഴപ്പത്തിലാണ് അയാൾ താമസസ്ഥലത്തേയ്ക്ക് പുറപ്പെട്ടത്.

ചിന്താഭാരത്തിൽ തലകുനിച്ചു കൊണ്ട് നടന്ന അയാൾ താമസസ്ഥലത്തെത്തിയപ്പോൾ

മുഖമുയർത്തി. സുസ്മേര വദനയായി സൈറ തന്നെയും കാത്തുനിൽക്കുന്നു.

ഇത് എന്നത്തേയും പതിവാണല്ലോ. എന്നും തനിയ്ക്ക് മുന്നേ ഓഫീസിൽ നിന്നും

പി.ജി.യിൽ എത്തി കുളിച്ചൊരുങ്ങി അവൾ ഓടി വരും, തന്നെ പുഞ്ചിരിയോടെ

സ്വീകരിയ്ക്കുവാൻ. ഇതു പോലെ ഒരുത്തിയെയായിരുന്നു താൻ സ്വപ്നം

കണ്ടിരുന്നതും. പഴയ കൂട്ടുകാരി... അവളും കാത്തുനിൽക്കുമായിരുന്നു.

പക്ഷേ... അവൾ തനിയ്ക്ക് എന്നും ഒരു തലവേദനയായിരുന്നു. ആവശ്യത്തിനും

അനാവശ്യത്തിനും എല്ലാം പിണക്കം, പരാതി. സ്നേഹത്തോടെ ഒരു പെരുമാറ്റം,

ഒരു സംസാരം, ഒരു കെയറിംഗ്.. ഒന്നും അവളിൽ നിന്നും തനിയ്ക്ക് കിട്ടിയിരുന്നില്ല.

 അവളുമായി കടന്നുപോയ മൂന്ന് വർഷങ്ങൾ... ഹൊ!! അതോർക്കുമ്പോഴേ

ഇപ്പോൾ മനസിലുള്ള സന്തോഷമെല്ലാം ഓടിയൊളിയ്ക്കുന്നു. ഒരിയ്ക്കൽ പോലും

തനിയ്ക്കായി അവൾ കാത്തിരുന്നിരുന്നില്ല. അവൾ എപ്പോഴും അവളെ കുറിച്ച്

മാത്രം ചിന്തിച്ചു. എന്തിനെങ്കിലുമൊക്കെ വേണ്ടി തന്നെ എപ്പോഴും

അലട്ടിക്കൊണ്ടേയിരുന്നു. ഓരോരോ ആവശ്യങ്ങൾ, എപ്പോഴും. താനതൊക്കെ

എങ്ങിനെ നിർവഹിയ്ക്കും എന്ന് ഒരിയ്ക്കൽ പോലും അവൾ ചിന്തിച്ചിരുന്നില്ല.

ഇപ്പോൾ മനസിൽ ഈ അസ്വസ്ഥത പാകിയതും അവൾ തന്നെ!! ഓർമ്മകളെ

കുടഞ്ഞുകളഞ്ഞുകൊണ്ട് അയാൾ സുസ്മേരവദനയായി നിൽക്കുന്ന സൈറയെ

നോക്കി പുഞ്ചിരിച്ചു.

'എന്താ നിജീ... ഒരു ആലോചന?'

'ഒന്നുമില്ല'

'ഓക്കെ.. ഞാൻ വിശ്വസിച്ചു. ഇപ്പോൾ ഞാൻ പോയി ഒരു കാപ്പിയെടുക്കാം.

അതു കുടിച്ച് കഴിയുമ്പോൾ എന്നോട്  കാര്യമെന്താന്നു പറയണം ട്ടോ.'

'ആലോചിയ്ക്കാം'

'ഹൊ!! ഒരു ആലോചനക്കാരൻ!!' പ്രേമപൂർവം അവന്റെ മൂക്കിന്തുമ്പിൽ

തിരുമ്മി അവൾ  അടുക്കളയിലേയ്ക്ക് കയറി.

'ടാ ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?'

'എന്താപ്പോ ഒരു മുഖവുര? അവൾ ചോദിച്ചു.

'ഒന്നുമില്ലെടീ പോത്തേ'

'പിന്നെ?'

'അല്ല, നിനക്ക് വല്ല പ്രശ്നവും തോന്നിയിട്ടുണ്ടോ, എന്റെ കൂടെ കൂടിയതിനു

ശേഷം?'

'അതെന്താ ചെക്കാ നീ അങ്ങിനെ ചോദിയ്ക്കുന്നത്?'

'അല്ലടീ ചക്കരേ... നിനക്ക് വല്ല അരക്ഷിതാവസ്ത്ഥയോ ആശങ്കയോ... അങ്ങിനെ

മറ്റ് വല്ലതും..?'

'അതേയ്..'

'ഏത്?'

'പോടാ.. അതല്ല'

'ഏതല്ല?'

'ഞാൻ പറയട്ടെ'

'നീ പറ, അതിനിത്രയും സംബോധന പാടില്ലാന്ന് ഒരായിരം തവണ ഞാൻ

പറഞ്ഞിട്ടുള്ളതാ'

'ശരി. ഞാൻ ചോദിയ്ക്കട്ടെ? എന്താ പ്രശ്നം? എന്താപ്പോ ആശങ്കയുണ്ടോ,

അരക്ഷിതാവസ്ഥയുണ്ടോ എന്നൊക്കെ ഒരുതരം നാടകീയമായി ചോദിയ്ക്കുന്നെ?'

'ഒന്നുമില്ല. ചുമ്മാ ചോദിച്ചതാ. നീ അത് വിട്ടുകളയെടീ പോത്തേ...'

'ഹും'

'അതില്ലേ..'

'ഏതില്ലേ?'

.....

അവൾ എന്തൊക്കെയോ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു.

പക്ഷേ മനസ് അവിടെയൊന്നുമില്ലായിരുന്നു. എങ്കിലും അതൊന്നും

കാണിയ്ക്കാതെ അവൾ പറയുന്നതെല്ലാം ശ്രദ്ധിയ്ക്കുന്ന മട്ടിൽ ഇരുന്നു.

എന്തൊക്കെയോ മറുപടിയും പറഞ്ഞു.

വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കി സൈറ തന്നെ വിളമ്പിത്തരുമ്പോഴും

മറ്റേതോ ലോകത്തായിരുന്നു അവൻ. പതിവുപോലെ ഭക്ഷണമെല്ലാം ഒരുമിച്ച്

കഴിച്ച് രാത്രി ഏറെ വൈകി അവൾ താൻ താമസിയ്ക്കുന്ന പി.ജി.യിലേയ്ക്ക്

പോകാനൊരുങ്ങി.

'നിജി, ഞാൻ പോകുവാണേ...' അവന്റെ നെറ്റിയിൽ പ്രേമവായ്പോടെ ഒരു

ചുംബനം നൽകി അവൾ തിരിഞ്ഞു നടന്നു.

'നിൽക്ക്. ഞാനും വരുന്നു. നീ ഒറ്റയ്ക്ക് പോകണ്ടാ'

'ഇതെന്താ പതിവില്ലാതെ? ഞാൻ ഒറ്റയ്ക്കാണല്ലോ പോകാറ്?'

'ഒന്നുമില്ല. നീ ഒറ്റയ്ക്ക് പോകണ്ട' അതും പറഞ്ഞ് അവൻ ഡ്രസ് മാറുവാൻ

അകത്തേയ്ക്ക് പോയി. ഡ്രസ് മാറി വരുമ്പോഴും തന്നെ അമ്പരപ്പോടെ നോക്കി

നിൽക്കുന്ന സൈറയെ നോക്കി

'എന്താടീ പോത്തേ?' എന്ന് ചോദിച്ച് അവനൊന്നു പുഞ്ചിരിച്ചു. അവളുടെ

കണ്ണുകളിൽ പ്രകടമായ തിളക്കം പുതിയതാണല്ലോ എന്നവൻ ഓർത്തു.

'ടാ... നിനക്ക് എപ്പോഴെങ്കിലും ഈ നേരത്ത് ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ

വിഷമം തോന്നിയിട്ടുണ്ടൊ?' പി.ജി.യിലേയ്ക്ക് ഒരുമിച്ചു നടന്നുപോകവേ

അവൻ അവളോട് ചോദിച്ചു.

'എന്താ നീ അങ്ങിനെ ചോദിച്ചത്?'

'ഒന്നുമില്ല. നീ ചോദിച്ചതിനുത്തരം പറ.'

'എന്ന് വെച്ചാൽ.. തോന്നിയിട്ടൊക്കെയുണ്ട്. പിന്നെ, ഞാനതിനെ അധികം

ഗൗനിച്ചിട്ടില്ലെന്നുമാത്രം'

'എന്നിട്ട് നീയെന്താ അതിതു വരെ എന്നോട് പറയാതിരുന്നത്? നിനക്കെന്നോട്

പറയാമായിരുന്നില്ലെ?'

'നീ എന്നെങ്കിലും അത് മനസിലാക്കി പെരുമാറട്ടെ എന്ന് കരുതി.'

ഒരു കുസൃതിചിരിയോടെ അവൾ പറഞ്ഞു. 'ഇപ്പോൾ കണ്ടോ ഞാൻ

ആഗ്രഹിച്ചതുപോലെ നീ അത് മനസിലാക്കിയത്?' അവൾ തുടർന്നു.

'ഉവ്വൊവ്വ്' ചിരിച്ചു കൊണ്ട് അവർ മുന്നോട്ട് നടന്നു.

പി.ജിയുടെ മുന്നിലെത്തിയപ്പോൾ അവർ നിന്നു. അവളുടെ കണ്ണുകളിലേയ്ക്ക്

പ്രേമവായ്പോടെ നൊക്കി അവൻ ഒരു ശുഭരാത്രി നേർന്നു. നിറഞ്ഞ ചിരിയോടെ

അവൾ പി.ജി.യിലേയ്ക്ക് കയറി പോകുന്നത് അവൻ നോക്കി നിന്നു. അവൾ

കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവൻ തിരിച്ചു നടന്നു. തന്റെ മനസിൽ ഒരു

സംതൃപ്തി നിറയുന്നത് അവൻ ആഹ്ലാദത്തോടെ, അവാച്യമായ

നിർവൃതിയോടെ മനസിലാക്കി. അറിയാതെ അവന്റെ മുഖത്തൊരു പുഞ്ചിരി

നിറഞ്ഞു.

2 അഭിപ്രായങ്ങൾ:

  1. നല്ല എഴുത്ത്. മനോഹരം...
    അനാമികയുടെ വരികള്‍ക്കായി ഇനിയും കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. എഴുത്ത് നന്നായീട്ടുണ്ടെങ്കിലും ത്രഡ് പോരാ...എന്തോ ആശങ്കയുണ്ടാക്കാനുള്ള കാരണം ഏറെ ബാലിശമാകുന്നു,ചിന്തയും

    മറുപടിഇല്ലാതാക്കൂ