പേജുകള്‍‌

2012, ജൂൺ 20, ബുധനാഴ്‌ച

ദൈവത്തിന്‍റെ വികൃതികള്‍!!

സുഹൃത്തേ..., ബാഗ്ലൂര്‍  വഴികള്‍ എന്നെ ഒരുപാടു വേദനിപ്പിക്കുന്നല്ലോ...

 എന്റെ പുരുഷന്‍  പറയുമായിരുന്നു കുടകിലേക്ക് അദ്ദേഹം ഒരിക്കലും

പോകില്ല എന്ന്. എന്തുകൊണ്ടാണങ്ങിനെ   എന്ന് പലവട്ടം ചിന്തിച്ചിട്ടും 

എനിക്ക് മനസിലാകാറില്ലായിരുന്നു അതെന്തു കൊണ്ടു അങ്ങിനെ  എന്ന്.

പക്ഷെ, ഇപ്പോള്‍ കാലം  എനിക്ക് കണ്ണുതുറപ്പിച്ചു    കാണിച്ചു തരുന്നു,

 അതെന്തുകൊണ്ടാണെന്ന്. ബാഗ്ലൂര്‍ വഴികള്‍ എന്നിലെ  മുറിവുകള്‍

കൂടുതല്‍ ആഴമുള്ളതാക്കുന്നു. ഒരുമിച്ചു നടന്ന വഴികളിലൂടെ ഒറ്റയ്ക്ക്

 നടക്കുമ്പോഴത്തെ വേദന... ഞാനിപ്പോള്‍  അത് മനസിലാക്കുന്നു. എന്ത്

 കൊണ്ടായിരുന്നു എന്‍റെ പുരുഷന്‍ അങ്ങിനെ പറഞ്ഞിരുന്നത്  എന്ന്... ഇതു

 വരെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും കാലം  എനിക്ക് ഉത്തരം

 തന്നുകൊന്ടെയിരിക്കുന്നു. എന്‍റെ ജീവിതം തന്നെ ഉദാഹരണമാക്കി.

 ദൈവത്തിന്‍റെ വികൃതികള്‍!! എന്നല്ലാതെ എന്ത് പറയാന്‍, അല്ലെ?

2012, ജൂൺ 17, ഞായറാഴ്‌ച

അനന്തരം അത് ഇങ്ങിനെയായി...




ആ കഥ വായിച്ചതുമുതൽ മനസിലെന്തോ ഒരു വിഷമം. കുറ്റബോധമാണോ?

താൻ ചെയ്യുന്നത് ശരിയല്ലായിരുന്നെന്നൊ? ഞാനവളെ

മനസിലാക്കിയിരുന്നില്ലെന്നോ?

 അവൾക്ക് ഞാൻ അരക്ഷിതാവസ്ഥയാണൊ നൽകുന്നത്? ആകെ

ആശയക്കുഴപ്പത്തിലാണ് അയാൾ താമസസ്ഥലത്തേയ്ക്ക് പുറപ്പെട്ടത്.

ചിന്താഭാരത്തിൽ തലകുനിച്ചു കൊണ്ട് നടന്ന അയാൾ താമസസ്ഥലത്തെത്തിയപ്പോൾ

മുഖമുയർത്തി. സുസ്മേര വദനയായി സൈറ തന്നെയും കാത്തുനിൽക്കുന്നു.

ഇത് എന്നത്തേയും പതിവാണല്ലോ. എന്നും തനിയ്ക്ക് മുന്നേ ഓഫീസിൽ നിന്നും

പി.ജി.യിൽ എത്തി കുളിച്ചൊരുങ്ങി അവൾ ഓടി വരും, തന്നെ പുഞ്ചിരിയോടെ

സ്വീകരിയ്ക്കുവാൻ. ഇതു പോലെ ഒരുത്തിയെയായിരുന്നു താൻ സ്വപ്നം

കണ്ടിരുന്നതും. പഴയ കൂട്ടുകാരി... അവളും കാത്തുനിൽക്കുമായിരുന്നു.

പക്ഷേ... അവൾ തനിയ്ക്ക് എന്നും ഒരു തലവേദനയായിരുന്നു. ആവശ്യത്തിനും

അനാവശ്യത്തിനും എല്ലാം പിണക്കം, പരാതി. സ്നേഹത്തോടെ ഒരു പെരുമാറ്റം,

ഒരു സംസാരം, ഒരു കെയറിംഗ്.. ഒന്നും അവളിൽ നിന്നും തനിയ്ക്ക് കിട്ടിയിരുന്നില്ല.

 അവളുമായി കടന്നുപോയ മൂന്ന് വർഷങ്ങൾ... ഹൊ!! അതോർക്കുമ്പോഴേ

ഇപ്പോൾ മനസിലുള്ള സന്തോഷമെല്ലാം ഓടിയൊളിയ്ക്കുന്നു. ഒരിയ്ക്കൽ പോലും

തനിയ്ക്കായി അവൾ കാത്തിരുന്നിരുന്നില്ല. അവൾ എപ്പോഴും അവളെ കുറിച്ച്

മാത്രം ചിന്തിച്ചു. എന്തിനെങ്കിലുമൊക്കെ വേണ്ടി തന്നെ എപ്പോഴും

അലട്ടിക്കൊണ്ടേയിരുന്നു. ഓരോരോ ആവശ്യങ്ങൾ, എപ്പോഴും. താനതൊക്കെ

എങ്ങിനെ നിർവഹിയ്ക്കും എന്ന് ഒരിയ്ക്കൽ പോലും അവൾ ചിന്തിച്ചിരുന്നില്ല.

ഇപ്പോൾ മനസിൽ ഈ അസ്വസ്ഥത പാകിയതും അവൾ തന്നെ!! ഓർമ്മകളെ

കുടഞ്ഞുകളഞ്ഞുകൊണ്ട് അയാൾ സുസ്മേരവദനയായി നിൽക്കുന്ന സൈറയെ

നോക്കി പുഞ്ചിരിച്ചു.

'എന്താ നിജീ... ഒരു ആലോചന?'

'ഒന്നുമില്ല'

'ഓക്കെ.. ഞാൻ വിശ്വസിച്ചു. ഇപ്പോൾ ഞാൻ പോയി ഒരു കാപ്പിയെടുക്കാം.

അതു കുടിച്ച് കഴിയുമ്പോൾ എന്നോട്  കാര്യമെന്താന്നു പറയണം ട്ടോ.'

'ആലോചിയ്ക്കാം'

'ഹൊ!! ഒരു ആലോചനക്കാരൻ!!' പ്രേമപൂർവം അവന്റെ മൂക്കിന്തുമ്പിൽ

തിരുമ്മി അവൾ  അടുക്കളയിലേയ്ക്ക് കയറി.

'ടാ ഞാനൊരു കാര്യം ചോദിയ്ക്കട്ടെ?'

'എന്താപ്പോ ഒരു മുഖവുര? അവൾ ചോദിച്ചു.

'ഒന്നുമില്ലെടീ പോത്തേ'

'പിന്നെ?'

'അല്ല, നിനക്ക് വല്ല പ്രശ്നവും തോന്നിയിട്ടുണ്ടോ, എന്റെ കൂടെ കൂടിയതിനു

ശേഷം?'

'അതെന്താ ചെക്കാ നീ അങ്ങിനെ ചോദിയ്ക്കുന്നത്?'

'അല്ലടീ ചക്കരേ... നിനക്ക് വല്ല അരക്ഷിതാവസ്ത്ഥയോ ആശങ്കയോ... അങ്ങിനെ

മറ്റ് വല്ലതും..?'

'അതേയ്..'

'ഏത്?'

'പോടാ.. അതല്ല'

'ഏതല്ല?'

'ഞാൻ പറയട്ടെ'

'നീ പറ, അതിനിത്രയും സംബോധന പാടില്ലാന്ന് ഒരായിരം തവണ ഞാൻ

പറഞ്ഞിട്ടുള്ളതാ'

'ശരി. ഞാൻ ചോദിയ്ക്കട്ടെ? എന്താ പ്രശ്നം? എന്താപ്പോ ആശങ്കയുണ്ടോ,

അരക്ഷിതാവസ്ഥയുണ്ടോ എന്നൊക്കെ ഒരുതരം നാടകീയമായി ചോദിയ്ക്കുന്നെ?'

'ഒന്നുമില്ല. ചുമ്മാ ചോദിച്ചതാ. നീ അത് വിട്ടുകളയെടീ പോത്തേ...'

'ഹും'

'അതില്ലേ..'

'ഏതില്ലേ?'

.....

അവൾ എന്തൊക്കെയോ പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നു.

പക്ഷേ മനസ് അവിടെയൊന്നുമില്ലായിരുന്നു. എങ്കിലും അതൊന്നും

കാണിയ്ക്കാതെ അവൾ പറയുന്നതെല്ലാം ശ്രദ്ധിയ്ക്കുന്ന മട്ടിൽ ഇരുന്നു.

എന്തൊക്കെയോ മറുപടിയും പറഞ്ഞു.

വൈകിട്ടത്തെ ഭക്ഷണം ഉണ്ടാക്കി സൈറ തന്നെ വിളമ്പിത്തരുമ്പോഴും

മറ്റേതോ ലോകത്തായിരുന്നു അവൻ. പതിവുപോലെ ഭക്ഷണമെല്ലാം ഒരുമിച്ച്

കഴിച്ച് രാത്രി ഏറെ വൈകി അവൾ താൻ താമസിയ്ക്കുന്ന പി.ജി.യിലേയ്ക്ക്

പോകാനൊരുങ്ങി.

'നിജി, ഞാൻ പോകുവാണേ...' അവന്റെ നെറ്റിയിൽ പ്രേമവായ്പോടെ ഒരു

ചുംബനം നൽകി അവൾ തിരിഞ്ഞു നടന്നു.

'നിൽക്ക്. ഞാനും വരുന്നു. നീ ഒറ്റയ്ക്ക് പോകണ്ടാ'

'ഇതെന്താ പതിവില്ലാതെ? ഞാൻ ഒറ്റയ്ക്കാണല്ലോ പോകാറ്?'

'ഒന്നുമില്ല. നീ ഒറ്റയ്ക്ക് പോകണ്ട' അതും പറഞ്ഞ് അവൻ ഡ്രസ് മാറുവാൻ

അകത്തേയ്ക്ക് പോയി. ഡ്രസ് മാറി വരുമ്പോഴും തന്നെ അമ്പരപ്പോടെ നോക്കി

നിൽക്കുന്ന സൈറയെ നോക്കി

'എന്താടീ പോത്തേ?' എന്ന് ചോദിച്ച് അവനൊന്നു പുഞ്ചിരിച്ചു. അവളുടെ

കണ്ണുകളിൽ പ്രകടമായ തിളക്കം പുതിയതാണല്ലോ എന്നവൻ ഓർത്തു.

'ടാ... നിനക്ക് എപ്പോഴെങ്കിലും ഈ നേരത്ത് ഒറ്റയ്ക്ക് നടന്നു പോകുമ്പോൾ

വിഷമം തോന്നിയിട്ടുണ്ടൊ?' പി.ജി.യിലേയ്ക്ക് ഒരുമിച്ചു നടന്നുപോകവേ

അവൻ അവളോട് ചോദിച്ചു.

'എന്താ നീ അങ്ങിനെ ചോദിച്ചത്?'

'ഒന്നുമില്ല. നീ ചോദിച്ചതിനുത്തരം പറ.'

'എന്ന് വെച്ചാൽ.. തോന്നിയിട്ടൊക്കെയുണ്ട്. പിന്നെ, ഞാനതിനെ അധികം

ഗൗനിച്ചിട്ടില്ലെന്നുമാത്രം'

'എന്നിട്ട് നീയെന്താ അതിതു വരെ എന്നോട് പറയാതിരുന്നത്? നിനക്കെന്നോട്

പറയാമായിരുന്നില്ലെ?'

'നീ എന്നെങ്കിലും അത് മനസിലാക്കി പെരുമാറട്ടെ എന്ന് കരുതി.'

ഒരു കുസൃതിചിരിയോടെ അവൾ പറഞ്ഞു. 'ഇപ്പോൾ കണ്ടോ ഞാൻ

ആഗ്രഹിച്ചതുപോലെ നീ അത് മനസിലാക്കിയത്?' അവൾ തുടർന്നു.

'ഉവ്വൊവ്വ്' ചിരിച്ചു കൊണ്ട് അവർ മുന്നോട്ട് നടന്നു.

പി.ജിയുടെ മുന്നിലെത്തിയപ്പോൾ അവർ നിന്നു. അവളുടെ കണ്ണുകളിലേയ്ക്ക്

പ്രേമവായ്പോടെ നൊക്കി അവൻ ഒരു ശുഭരാത്രി നേർന്നു. നിറഞ്ഞ ചിരിയോടെ

അവൾ പി.ജി.യിലേയ്ക്ക് കയറി പോകുന്നത് അവൻ നോക്കി നിന്നു. അവൾ

കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവൻ തിരിച്ചു നടന്നു. തന്റെ മനസിൽ ഒരു

സംതൃപ്തി നിറയുന്നത് അവൻ ആഹ്ലാദത്തോടെ, അവാച്യമായ

നിർവൃതിയോടെ മനസിലാക്കി. അറിയാതെ അവന്റെ മുഖത്തൊരു പുഞ്ചിരി

നിറഞ്ഞു.

2012, ജൂൺ 15, വെള്ളിയാഴ്‌ച

റിയൽ ടൈം സ്റ്റോറികൾ...





സുഹൃത്തിന്റെ വീട്ടിൽ വെറുതെ പോയതാണവൾ. അന്ന് അവൾ ധരിച്ചിരുന്നത്

ചുവപ്പിൽ വെള്ള പൂക്കളുള്ള ഒരു സ്ലീവ്ലെസ്സ് ടോപ്പും നീല ജീൻസുമായിരുന്നു.

കൂട്ടുകാരനോട് സംസാരിച്ചിരുന്നപ്പോഴാണ് ഒരു ബിയർ കഴിയ്ക്കുന്നതിനുള്ള

ആശയം വന്നത്. എങ്കിൽ നമുക്ക് പോകാം എന്ന് പറഞ്ഞ് അവർ ഇറങ്ങി.

അവന്റെ സി.ബി.ആർ. ബൈക്കിൽ കയറിയിരുന്ന് അവർ പുറപ്പെട്ടു.

പോകുന്ന വഴിയ്ക്ക് പെട്ടന്നവൻ വണ്ടി നിർത്തി.

'എന്താടാ പെട്ടന്ന് വണ്ടി നിർത്തിയത്?' അവൾ ചോദിച്ചു.

'ആ പോകുന്നതാരാന്ന് നോക്കിയേ' അവൻ പറഞ്ഞു. അവൾ നോക്കുമ്പോൾ

നാലുപേർ പോകുന്നു. ഒന്ന് അവളുടെ പൂർവകാമുകനായിരുന്നു.

'ആരൊക്കെയാ കൂടെ?' അവൾ ചോദിച്ചു.

'നിനക്ക് മനസിലായില്ലെ? നിന്റെ പഴയ സുഹൃത്തും കൂട്ടുകാരുമാ. ദാ അത് പീറ്റർ

കുരിയനും ഭാര്യയും. മറ്റേത് നിജിൽ ജോർജ്ജും പിന്നെ അവൻ കെട്ടാൻ പോകുന്ന

പെണ്ണ് സൈറയും'

'കെട്ടാൻ പോകുന്ന പെണ്ണോ? അവൻ അങ്ങിനെ പറഞ്ഞോ?'

'അവൻ പറഞ്ഞിട്ടില്ല. പക്ഷേ അവനിരിയ്ക്കുമ്പോൾ അവൾ എന്നോട്

പറഞ്ഞിട്ടുണ്ട്'

'ഓഹ്. അപ്പോൾ അവൻ എന്ത് പറഞ്ഞു?'

'അവൻ... അവൻ ഒന്നും പറഞ്ഞില്ലാലൊ. അവൻ

ചിരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്താടാ അങ്ങിനെ ചോദിച്ചെ?'

'ഹേയ്, ഒന്നുമില്ല'. അവൾ പറഞ്ഞു.

'അവൻ ഒന്നും പറയില്ല. അതാണവന്റെ നയവും ജയവും!!' അവൾ മനസിൽ

പറഞ്ഞു.

'ആ കുട്ടിയ്ക്ക് ഇത്തിരി കൂടുതൽ പ്രായം തോന്നും ലേ?'

മനസിൽ വന്നത് മറച്ച് അവൾ അഭിപ്രായപ്പെട്ടു.

'ഹാ.. ഇത്തിരി കൂടുതൽ. എന്ന് വെച്ച് എല്ലാരും തന്നെപ്പോലെയാകണമെന്നുണ്ടൊ?'

 'ഒവ്വൊവ്വ്. സുഖിപ്പിക്കല്ലേടാ' അതും പറഞ്ഞവൾ ചിരിച്ചു.

നിജിലും കൂട്ടുകാരും കണ്ണിൽ നിന്നും മറഞ്ഞപ്പോൾ അവർ വീണ്ടും യാത്ര

തുടർന്നു, വൈൻ ഷോപ് ലക്ഷ്യമാക്കി. തന്റെ സ്വന്തം രൂപം എ.ടി.എം.

കൗണ്ടറിന്റെ കണ്ണാടിയിൽ കണ്ടപ്പോൾ അവൾ സ്വയം മനസിൽ അഭിമാനത്തോടെ

 പറഞ്ഞു 'കൊള്ളാമല്ലോടീ, നീയൊന്നു കൊഴുത്തു സുന്ദരിയായിട്ടുണ്ടല്ലോ!' തന്റെ

ചിന്ത ഓർത്തപ്പോൾ അവൾക്ക് ഉള്ളിൽ ചമ്മലോടെ ചുറ്റും നോക്കി.

'ആരും അറിഞ്ഞില്ല! സമീർ മാത്രമേ കണ്ടുള്ളൂ താൻ കണ്ണാടിച്ചില്ലിൽ നോക്കുന്നത്!'

 അവൾ വേഗം പണമെടുത്ത് പുറത്തിറങ്ങി.

'എടാ.. നിന്നെ ദാ ആമ്പിള്ളേരൊക്കെ നോക്കുന്നു കേട്ടോ. അവന്മാർ

വിചാരിയ്ക്കുന്നുണ്ടാകും ഏതാ ഈ പുതിയ ചരക്ക് എന്ന്' അവൻ പറഞ്ഞു.

 'അതെയതെ. അവർ നേരത്തേ കണ്ട രൂപമല്ലാലോ ഇപ്പോ എന്റേത്.

അതാ അവർക്ക് മനസിലാകാഞ്ഞെ. ഹി ഹി' എല്ലാവരേയും പറ്റിച്ച ഭാവത്തിൽ

അവൾ പറഞ്ഞു.

'അതെ' അവനും സമ്മതിച്ചു.

രണ്ട് കുപ്പി ബിയർ അകത്തക്കിയതിന്റെ ലാഘവത്തിൽ അവൾ സമീറിനോട്

എന്തൊക്കെയോ പറഞ്ഞു. സംസാരത്തിലൊരിടത്തും നിജിൽ എന്ന പേര്

കടന്നുവരാതിരിയ്ക്കുവാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.



കുടിച്ച ബിയറിന്റെ കെട്ടൊന്നടങ്ങിയപ്പോൾ അവൾ തന്റെ താവളത്തിലേയ്ക്ക്

പോകാൻ ഇറങ്ങി. അപ്പോൾ സമയം രാത്രി ഒൻപതര കഴിഞ്ഞിരുന്നു.

ഒരു മൂളിപ്പാട്ടും പാടി അവൾ വണ്ടിയെടുത്തു. ആരെക്കുറിച്ചാണോ അവൾ

മനസിൽ കൂടുതലായി ആലോചിച്ചത്, അയാൾ അവളുടെ വണ്ടിയുടെ

തൊട്ടുമുന്നിൽ. സൈറ. ഈ മുഖം താൻ പണ്ടൊരിയ്ക്കൽ കണ്ടതാണല്ലോ എന്ന്

അവൾ ഓർത്തു. അന്ന് അകലെ നിന്ന് അവളെ പറഞ്ഞു തന്നത് നിജിലായിരുന്നു,

തന്റെ പൂർവകാമുകൻ. താനെന്ത്ര വിഡ്ഡിയായിപ്പോയി എന്ന് അവൾ ഓർത്തു.

അന്ന് അവൻ 'അതാണ് സൈറ, എന്റെ കസിന്റെ കൂട്ടുകാരി' എന്ന് പറഞ്ഞു

തന്നപ്പോൾ അവളായിരിക്കും അവന്റെ ജീവിതസഖിയാകുവാൻ പോകുന്നത്

എന്ന് താനന്ന് മനസിലാക്കാതെ പോയി!! പക്ഷേ അവൾക്ക് അന്ന് ഇതിലും തുടുത്ത

മുഖമായിരുന്നു. ഇപ്പോൾ ഇതാ തന്റെ മുന്നിലൂടെ തന്റെ കണ്ണിൽ നോക്കി കടന്നു

പോയ സൈറയെ കണ്ടപ്പോൾ അവൾക്കെന്തോ സഹതാപമാണ് തോന്നിയത്. അന്ന്

കണ്ടതിനേക്കാൾ വളരെ ശോഷിച്ച മുഖമുള്ള ഒരു പെൺകുട്ടി. കണ്ണുകളിൽ

അകാരണമായ ഒരു പകപ്പ്. ഒരിയ്ക്കൽ അതേ പകപ്പ് തന്റെ കണ്ണുകളിലും

ഉണ്ടായിരുന്നല്ലോ എന്ന് അവൾ അറിയാതെ ഓർത്തുപോയി. ഇതു പോലെ

തന്നെ ഒരു രാത്രിയിൽ അവനെ കണ്ട് തനിച്ചു പോകുമ്പോൾ തന്റെ കണ്ണിലും

അതേ പകപ്പ് തന്നെയാണുണ്ടായിരുന്നത്. തന്റെ പെണ്ണിനെ ആത്മാർത്ഥമായി

 സ്നേഹിയ്ക്കുന്ന ഒരു പുരുഷനും അവളെ അസമയത്ത് തനിയെ വിടില്ല, എത്ര

ചെറിയ ദൂരമാണെങ്കിൽ പോലും. തന്നെ അയാൾ സ്നേഹിച്ചിരുന്നപ്പോഴും

തനിയ്ക്കും ഇതുപോലെ, അസമയത്ത് അരക്ഷിതമായ മനസോടെ ഒറ്റയ്ക്ക്

നടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഇതാ ഇപ്പോൾ സൈറയും... ഒരുപക്ഷേ

അയാൾ അവളേയും

ഒരു റിയൽ ടൈം കഥ പറഞ്ഞ് ഒഴിവാക്കിയേക്കും ഒടുവിൽ...

എന്തുകൊണ്ടോ അതോർത്തപ്പോൾ അവളുടെ മനസിൽ ഒരു നീറ്റൽ അറിയാതെ

ഉണർന്നു. ഈശ്വരാ.. അങ്ങിനെ ആകാതിരിയ്ക്കട്ടെ. അവളുടെ സ്വപ്നങ്ങളെങ്കിലും

 സാക്ഷാത്കരിയ്ക്കട്ടെ... ആത്മാർത്ഥമായിത്തന്നെയാണ് അവൾ അങ്ങിനെ

പ്രാർത്ഥിച്ചത്. മനസുകൊണ്ട് നിജിലിന് അവൾ ആത്മാർത്ഥമായ ഒരു

ആശംസയും നേർന്നുകൊണ്ട് ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ എന്ന് ചിന്തിച്ച് അവൾ

തന്റെ താവളം ലക്ഷ്യമാക്കി വണ്ടിയോടിച്ചു.

2012, ജൂൺ 2, ശനിയാഴ്‌ച

നക്ഷത്രങ്ങളെ സ്നേഹിച്ച പെൺകുട്ടി

നക്ഷത്രങ്ങളെ അവൾക്ക് ഒരുപാടിഷ്ടമായിരുന്നു. എന്നും നക്ഷത്രങ്ങളെ നോക്കിയിരിക്കുവാൻ അവൾ ആഗ്രഹിച്ചു.  പൗർണ്ണമി ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാത്രികളെ അവൾ ഏറെ സ്നേഹിച്ചു. മുല്ലപ്പൂമൊട്ടുകൾ വാരിവിതറിയതുപോലെ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം അവളിൽ അവാച്യമായ അനുഭൂതിയുണർത്തി.അവളെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളോട് അവൾ രാവേറെ ചെല്ലുവോളം സംവദിച്ചു. അവളുടെ സന്തോഷവും സങ്കടങ്ങളും അവൾ അവയുമായി പങ്കുവെച്ചു. അവൾ കരയുമ്പോൾ അവരവളെ സാന്ത്വനിപ്പിച്ചു. അവൾ ചിരിയ്ക്കുമ്പോൾ കൂടെ ചിരിച്ചു.

ഗ്രാമത്തിൽ വളർന്ന അവൾക്ക് നഗരത്തിലെ കെട്ടിടസമുച്ചയങ്ങൾക്കിടയിൽ നക്ഷത്രങ്ങളെ കാണുവാൻ
 ഒരുപാട് ബുദ്ധിമുട്ടായിരുന്നു.  ശ്വാസം മുട്ടിയ്ക്കുന്ന ഏകാന്തതയും തന്റെ പ്രിയ സുഹൃത്തുക്കളായ നക്ഷത്രങ്ങളെ
 കാണുവാൻ സാധിയ്ക്കാത്ത സാഹചര്യവും അവളെ ഞെരുക്കിക്കൊണ്ടേയിരുന്നു.

നിറയെ നക്ഷത്രങ്ങളെ കാണുവാൻ സാധിയ്ക്കുന്ന ഒരു വീട് തനിയ്ക്ക് പാർക്കാൻ കിട്ടണേ എന്നവൾ എപ്പോഴും പ്രാർത്ഥിച്ചു. 

ഒടുവിൽ, നക്ഷത്രങ്ങളെ കാണുവാൻ കഴിയാതെ വന്നപ്പോൾ അവയ്ക്കൊപ്പം അവളും
 ഒരു നക്ഷത്രമായിത്തീർന്നു...