പേജുകള്‍‌

2015 ജനുവരി 16, വെള്ളിയാഴ്‌ച

തെറ്റിദ്ധാരണകൾ...

നാല് വർഷം മുൻപ്, ഞാൻ താമസിച്ചിരുന്നത് ഒരു 10 x 10 ചതുരശ്രയടി വലുപ്പമുള്ള, ടോയ്ലറ്റ് അറ്റാച്ച്ഡ് ആയ ഒരു ഒറ്റമുറിയിലായിരുന്നു. അതിനുള്ളിൽ ഒരു സിംഗിൾ കോട്ടും ഗ്യാസ് സ്റ്റൗ വയ്ക്കുവാൻ ഒരു മേശയും കമ്പ്യൂട്ടർ കം ടി.വി. വയ്ക്കുവാൻ മറ്റൊരു മേശയും പിന്നെ ഒരു ഫ്രിഡ്ജും ഉണ്ടായിരുന്നു. വെപ്പും കുടിയും ഊണും ഉറക്കവും വരയും എഴുത്തും എല്ലാം ആ ഒറ്റമുറിയിൽ തന്നെ. കാവലിനായി ഒരു നായക്കുട്ടിയും ഉണ്ടായിരുന്നു, കൂബി. അവനെ കുറിച്ച് ഞാൻ മുൻപോസ്റ്റിൽ എഴുതിയിട്ടുണ്ട്. നേരെ വന്ന് നിന്നാൽ വാതിൽ മറഞ്ഞ് അവന് നിൽക്കാൻ പാകത്തിൽ ആയിരുന്നു അവനെ വരാന്തയിൽ കെട്ടിയിട്ടിരുന്നത്. എന്റെയോ അവന്റെയോ അനുവാദമില്ലാതെ ആർക്കും ആ ഒറ്റമുറിയിൽ പ്രവേശിക്കുവാൻ സാധ്യമല്ല.




എന്റെ സഹപ്രവർത്തകനായിരുന്ന ഒരു സുഹൃത്ത് കുറേ വർഷത്തെ ഇടവേളയ്ക്ക് ശേഷം എന്നെ കാണുവാനായി ആ ഒറ്റമുറിയിലേയ്ക്ക് വന്നു. അയാളെ കണ്ടപ്പോൾ കൂബി ഉഷാറായി ഒന്ന് മുരണ്ടു. അതുകൊണ്ടുതന്നെ സുഹൃത്തിന് മുറിയിലേയ്ക്ക് പ്രവേശിയ്ക്കുവാനായി കൂബിയെ ഞാൻ ചങ്ങലയിൽ പിടിച്ച് ഒതുക്കി നിർത്തി. സുഹൃത്തിന് ചായയൊക്കെ ഉണ്ടാക്കി കൊടുത്ത് ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ജാഗരൂകനായി കൂബി വാതിൽക്കൽ തന്നെ ഉറക്കം നടിച്ച് കിടപ്പുണ്ടായിരുന്നു. ഇവിടെ നിന്നുയരുന്ന ഓരോ ശബ്ദത്തിനും അവന്റെ ചെവിയുടെ ചലനങ്ങളിൽ നിന്ന് ഞാൻ മനസിലാക്കുന്നുണ്ടായിരുന്നു ഉറക്കം നടിച്ച് കിടപ്പാണെങ്കിലും അവന്റെ ശ്രദ്ധ അകത്തേയ്ക്കാണെന്ന്. അല്പസമയത്തെ കുശലാന്വേഷണത്തിനു ശേഷം സുഹൃത്ത് പോകാൻ തയ്യാറായി. കൂബി വീണ്ടും ഉഷാറായി ഒന്നു മുരണ്ടു. സുഹൃത്തിന് പുറത്ത് കടക്കാനായി ഞാൻ വീണ്ടും കൂബിയെ ഒതുക്കി നിർത്തി. ആശ്വാസത്തോടെ സുഹൃത്ത് പുറത്ത് കടന്ന് യാത്ര പറഞ്ഞ് ഇറങ്ങി. കൂടെ ഞാനും ഇറങ്ങി, ബസ് സ്റ്റോപ്പ് വരെ കൊണ്ടുചെന്നാക്കാനായി. ഒന്ന് ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട് ബസ് സ്റ്റോപ്പിലേയ്ക്ക്. ആ നടപ്പിൽ അയാൾ എന്നോട് പറഞ്ഞു; "നിന്നെ കണ്ടപ്പോൾ നിന്നെ പൂണ്ടടക്കം കെട്ടിപ്പിടിയ്ക്കുവാനും ഉമ്മ വെയ്ക്കുവാനും  എനിയ്ക്ക് തോന്നി. ഞാൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ നീയത് ആസ്വദിക്കുകയും എന്നെ എന്തിനും അനുവദിയ്ക്കുകയും ചെയ്യുമായിരുന്നില്ലേ...? പിന്നെ വാതിൽക്കൽ കിടക്കുന്ന ആ പട്ടിയെ പേടിച്ചാ ഞാൻ നിന്നെ ഒന്നും ചെയ്യാഞ്ഞത്."

"നന്നായി നീയങ്ങനെ ചെയ്യാഞ്ഞത്. അങ്ങനെ വല്ല ദുർബുദ്ധിയും നിനക്ക് തോന്നിയിരുന്നെങ്കിൽ എന്റെ കയ്യിന്റെ ചൂട് നിന്റെ കവിളത്തും കൂട്ടത്തിൽ കൂബിയുടെ കടിയും നിനക്ക്  സമ്മാനമായി ഉറപ്പായും കിട്ടിയേനെ" എന്ന് ഞാൻ മറുപടി പറഞ്ഞു.

ഒരു വർഷം മുൻപ്, ഫോണിലൂടെ മാത്രം പരിചയമുള്ള ഒരു സുഹൃത്ത്, എന്റെ അമ്മയ്ക്ക് വയ്യാതെ ഞാൻ നാട്ടിലായിരുന്ന സമയം എന്നേയും കൂട്ടത്തിൽ എന്റെ അമ്മയേയും കാണുവാനായി എന്റെ വീട്ടിൽ വന്നു. അയാളുടെ കൂട്ടുകാരനും ഉണ്ടായിരുന്നു ഒപ്പം. കുറച്ച് നേരം അമ്മയുമായി സംസാരിച്ചിരുന്നതിനുശേഷം വിൽക്കാനുണ്ടെന്ന് എപ്പോഴോ ഞാനയാളോട് പറഞ്ഞ ഞങ്ങളുടെ പറമ്പ് കാണാൻ അയാൾ എന്റെയൊപ്പം പുറത്തേയ്ക്കിറങ്ങി. കൂട്ടുകാരൻ അപ്പോഴും അമ്മയുടെ കൂടെ തന്നെ ഇരുന്നു. സ്ഥലമൊക്കെ ചുമ്മാ നടന്ന് കണ്ട് ഞങ്ങൾ തിരിച്ചെത്തി. പിന്നെയും കുറച്ച് നേരം കൂടിയിരുന്ന് സംസാരിച്ച് അവർ യാത്ര പറഞ്ഞിറങ്ങി. പിന്നീട് ഫോൺ വിളിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞു, "നിന്റെ വീടിന്റെ തെക്കേപ്പുറത്ത് വെച്ച് (അവിടം കുറച്ച് വിജനമായ സ്ഥലമാണ്)  നിന്നെ ഒറ്റയ്ക്ക് കിട്ടിയപ്പോ എനിയ്ക്ക് നിന്റെ ചുണ്ടുകളിൽ ചുംബിയ്ക്കുവാൻ തോന്നിയിരുന്നു. പിന്നെ കൂട്ടുകാരനേയും കൂട്ടി വന്നതോണ്ട് ഞാനത് ചെയ്യാഞ്ഞതാ... പക്ഷേ അന്ന് ഞാനത് ചെയ്തിരുന്നെങ്കിൽ നീയത് ആസ്വദിയ്ക്കുമായിരുന്നു എന്ന് എനിയ്ക്കുറപ്പുണ്ട്."

പഴയ സുഹൃത്തിനോട് പറഞ്ഞ ഉത്തരമേ എനിയ്ക്കിയാളോടും പറയാനുണ്ടായിരുന്നുള്ളൂ... കൂബിയുടെ കൂട്ടില്ലാതെ. "എങ്കിൽ എന്റെ കയ്യിന്റെ ചൂട് നീയറിയുകയും ചെയ്യും ഇവിടൊരു സീൻ ഉണ്ടാവുകയും ചെയ്യുമാരുന്നു നീ എന്നെ അങ്ങിനെ ചെയ്തിരുന്നെങ്കിൽ" എന്ന്. പിന്നീട് പലപ്പോഴും അയാൾ ഫോണിലൂടെ അത് ആവർത്തിച്ചപ്പോഴൊക്കെ ഇതേ മറുപടി തന്നെ ഞാനും ആവർത്തിച്ചു കൊണ്ടിരുന്നു. 'ഇയാളെന്നെ കുറിച്ച് എന്താ കരുതി വെച്ചിരിക്കുന്നെ എന്ന് എനിയ്ക്ക് മനസിലാകുന്നില്ല. പക്ഷേ ഇയാൾ എന്റെ സങ്കല്പത്തിലുള്ള പുരുഷനേയല്ല. എന്റെ മനസിലെ പുരുഷന്റെ ഏഴയലത്ത് പോലും ഇയാൾ വരില്ല' എന്ന്  അയാളത്  പിന്നെയും ആവർത്തിച്ചപ്പോൾ നിവൃത്തികെട്ട് പറയേണ്ടി വന്നു എനിയ്ക്ക്. പിന്നീടത് അയാൾ ആവർത്തിച്ചിട്ടില്ല.

എനിയ്ക്ക് മനസിലാകാത്തത്, ഇത്തരക്കാരൊക്കെ എന്താണാവോ അവരവരെ കുറിച്ചും ഒറ്റയ്ക്ക് ജീവിയ്ക്കുന്ന സ്ത്രീകളെ കുറിച്ചും ചിന്തിച്ച് വെച്ചിരിക്കുന്നത്  എന്നാ... ആരെങ്കിലും ഒന്ന് വന്ന് കെട്ടിപ്പിടിയ്ക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യാൻ ശ്രമിച്ചാൽ കാമപരവശയായി അവരുടെ ഇംഗിതത്തിന് വഴങ്ങുമെന്നോ??!! ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ തങ്ങളുടെ കാമനകളെ അടക്കി നിർത്താനാവാതെ ഏതെങ്കിലും ഒരു പുരുഷൻ ഒന്നിങ്ങ് വന്നാൽ മതി, തൊട്ടാൽ മതി എന്ന് മോഹിച്ചു നടക്കുകയാണെന്നോ? അതോ അങ്ങിനെയുള്ളവരെ മാത്രമേ അവർ കണ്ടിരിക്കുകയുള്ളോ? എങ്കിൽ ഇത്തരം പുരുഷന്മാർ അവരവരെ കുറിച്ച് മനസിലാക്കിയിട്ടില്ല എന്നേ കരുതാനാവൂ. ഏതൊരു പെണ്ണിനെയും പ്രലോഭിപ്പിച്ച് വശംവദരാക്കാനുള്ളത്ര ആകാര ഭംഗിയും പുരുഷ സൗന്ദര്യവും തങ്ങൾക്കുണ്ടെന്നായിരിക്കാം ഇത്തരം പുരുഷപ്രജകൾ സ്വയം വിശ്വസിച്ച് ധരിച്ച് വശായിരിക്കുന്നതെന്ന് തോന്നുന്നു!! ഇവരൊന്നും ഒരുകാര്യം മനസിലാക്കുന്നില്ല. ഒരു പെണ്ണ് ഒരു പുരുഷന് സ്വമേധയാ വഴങ്ങണമെങ്കിൽ ആ പുരുഷനോട് അത്തരം ഇഷ്ടം അവർക്ക് ഉള്ളിന്റെ ഉള്ളിൽ ഒരു നുള്ളെങ്കിലും വേണം എന്ന്. ഇത്തരക്കാർക്ക് അവനവനെ കുറിച്ചും മറ്റുള്ളവരെ കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ! അത് മാറ്റിയെടുക്കുവാൻ അവരവർ തന്നെ സ്വയം മുന്നിട്ടിറങ്ങണം എന്നല്ലാതെ എന്ത് പറയുവാൻ??!!

എല്ലാ പുരുഷന്മാരും ഇത്തരക്കാരെ പോലെയാണെന്ന് കരുതുന്നില്ല. ചിലർ.., വളരെ ചിലർ മാത്രം. എത്രയോ പുരുഷ സുഹൃത്തുക്കൾ എനിയ്ക്കുണ്ട്. മിക്കവരും വളരെ മാന്യമായ പ്രവൃത്തിയും സംസാരവും പെരുമാറ്റവും ഉള്ളവർ. പക്ഷേ ഇങ്ങിനെ ചിലർ മാത്രം ഈ ഭൂരിപക്ഷത്തിന് അപവാദമായി...

2014 ഡിസംബർ 1, തിങ്കളാഴ്‌ച

മനസിലെ പങ്കാളി...

എന്റെ മനസിൽ ഒരു പുരുഷരൂപമുണ്ടായിരുന്നു... എന്നെങ്കിലും പങ്കാളിയാകുകയാണെങ്കിൽ അയാൾക്കുണ്ടാകേണ്ട ഒരു സങ്കല്പ രൂപം... ഡാർക്ക് ചോക്ക്ലേറ്റ് നിറമുള്ള കുറച്ച് പക്വത വന്ന മുഖമുള്ള കുറച്ച് വലിപ്പമുള്ള കണ്ണുകളുള്ള കണ്ടാൽ വലിയ തെറ്റ് പറയാത്ത ഒരു മുഖം...

ഇന്നലെ അങ്ങിനെ ഒരാളെ ഞാൻ കണ്ടു. ഫോണിലൂടെ കുറേ കാലത്തെ പരിചയമുണ്ടായിരുന്നെങ്കിലും നേരിൽ കാണുന്നത് ഇത് ആദ്യമായിട്ടായിരുന്നു... അയാൾക്ക് എന്നെ ഇഷ്ടമാണെന്ന് ഫോണിലൂടെ തന്നെ അയാൾ പറയുകയും ചെയ്തിരുന്നു. എന്നിരുന്നാലും നേരിൽ കാണാത്ത ഒരാളുടെ വാക്കുകൾ ഞാൻ മുഖവിലയ്ക്കെടുത്തിരുന്നില്ല. മാത്രമല്ല, അയാളേക്കാൾ കാലങ്ങൾക്ക് മുൻപേ പറന്ന പക്ഷിയായിരുന്നു ഞാൻ... ഏഴ് വർഷം മുൻപെ...

ഇന്നലെ അയാളെ കാണുന്നതു വരേയും അതേ കാരണം തന്നെ പറഞ്ഞ് ഞാനയാളെ നിരുത്സാഹപ്പെടുത്തി. കൂടാതെ പാഴായി പോയ മുൻ പ്രണയത്തിലും പ്രായവ്യത്യാസം ഉണ്ടായിരുന്നു... അത് മനസിൽ ഒരു പൊള്ളലായി അവശേഷിച്ചതിനാൽ ഇനിയും ഒരു റിസ്ക് എടുക്കാൻ എന്തോ മനസനുവദിച്ചില്ല.

പക്ഷേ.. ഇന്നലെ അയാളെ കണ്ടപ്പോൾ... ഇങ്ങിനെ ഒരാളെയായിരുന്നല്ലോ ഞാൻ അന്വേഷിച്ച് നടന്നിരുന്നത് എന്ന് മനസ് പറഞ്ഞു... എങ്കിലും പ്രായം ഒരു വില്ലനായി തീർന്നല്ലോ എന്ന് ഉള്ളിൽ സങ്കടം തികട്ടി... നേരിൽ കണ്ടപ്പോഴും അയാൾ എന്നോടുള്ള ഇഷ്ടം പറഞ്ഞു കൊണ്ടേയിരുന്നു... ഒരിക്കലും ശരിയാകാത്ത ഒരു വസ്തുതയാണ് എന്ന് പറഞ്ഞ് വീണ്ടും വീണ്ടും ഞാനയാളെ നിരുത്സാഹപ്പെടുത്തിക്കൊണ്ടുമിരുന്നു...

ഒരുപാട് മണിക്കൂറുകൾ ഒന്നിച്ചിരുന്ന് എന്തൊക്കെയോ സംസാരിച്ചു... പല വിഷയങ്ങളിലും ഒരേ അഭിരുചി... പല ഇഷ്ടങ്ങളിലും ഒരേ തിരഞ്ഞെടുപ്പുകൾ... പക്ഷേ പ്രായം... അത് മാത്രം ഒരുപോലെയാകാതെ... ഒടുവിൽ പിരിയുമ്പോൾ ഞാനയാളോട് പറഞ്ഞത്... ഒരേയൊരു വാചകമായിരുന്നു... "I MISSED YOU AND I REGRET IN THAT...."


വാൽകഷ്ണം :: ഇതേക്കുറിച്ച് പിന്നീട് അമ്മയോട് പറയുകയും മുൻ അനുഭവത്തിലെ പൊള്ളലിനെ കുറിച്ച് ഞാൻ ഓർമ്മിപ്പിക്കുകയും ചെയ്തപ്പോൾ, അമ്മ പറഞ്ഞത് "അയാളെ ഇയാളുമായി നീ ഒരിക്കലും താരതമ്യപ്പെടുത്തരുത്. അയാൾ ശരിയല്ലായിരുന്നു എന്ന് ആദ്യമായി അയാളെ കണ്ടപ്പോഴേ എനിയ്ക്ക് തോന്നിയിരുന്നു. എന്റെ തോന്നൽ ശരിയായിരുന്നു എന്ന് അയാൾ തെളിയിക്കുകയും ചെയ്തു. എല്ലാ പുരുഷന്മാരും അയാളെ പോലെ ആത്മാർത്ഥതയില്ലാത്തവനാകണമെന്നില്ല. ഇയാളിൽ നീ കണ്ട പല ഗുണങ്ങളും അയാളിൽ ഉണ്ടായിരുന്നില്ല എന്നും നീ ഓർക്കുക. നിന്റെ ജീവിതമാണ്. ഇനി നീ തീരുമാനിക്കുക."

പക്ഷേ ഇപ്പോഴും എന്തൊക്കെയോ ആശങ്കകൾ വിട്ടകലാതെ മനസിനെ പിന്നോക്കം പിടിച്ചു വലിക്കുന്നു. ഒരുപക്ഷേ ഒരിക്കൽ വീണ ചൂടുവെള്ളത്തിന്റെ ചൂട് ഇപ്പോഴും പൊള്ളിക്കുന്നതാകാം...

2014 നവംബർ 13, വ്യാഴാഴ്‌ച

എന്റെ മാനസപുത്രൻ... താനു അഥവാ താൻസൻ...



ഇവനാണ് താനു അഥവാ താൻസൻ.
എന്റെ മാനസപുത്രൻ.
എന്റെ മൂന്നാമത്തെ വയസിൽ കൂടെ കൂടിയതാണ്. എന്റെ അച്ഛ നേപ്പാളിൽ നിന്നും വന്നപ്പോൾ കൊണ്ടുതന്നതാണ്. അന്ന് മുതൽ അവനെന്റെ സന്തത സഹചാരിയാണ്. എവിടെ പോകുമ്പോഴും അവനെന്റെ തോളിൽ ഉണ്ടാകും. ഇപ്പോൾ മുപ്പത്തിയൊമ്പതര വയസ് കഴിഞ്ഞു. ഇന്നും അവൻ കൂടെയുണ്ട്...

തുടക്കത്തിലൊന്നും അവന് പേരില്ലായിരുന്നു. അവൻ എന്റെ "വാവ" ആയിരുന്നു.
ഒരിയ്ക്കൽ തറവാട്ടി പോയപ്പോൾ അച്ഛയുടെ ഇളയച്ഛൻ അവനെ എടുത്ത് ഒരേറ്! അന്ന് മനസിൽ ഉണർന്ന ദ്വേഷ്യവും സങ്കടവും... ഒരു കുഞ്ഞു കുട്ടിയുടെ രോദനം ആര് കാണാൻ... പിന്നെ അവനെ എന്റെ കയ്യിൽ നിന്നും ആർക്കും തൊടാൻ പോലും കൊടുക്കില്ലായിരുന്നു.

സ്കൂളിൽ പോയി അക്ഷരം കൂട്ടിവായിക്കുവാൻ തുടങ്ങിയപ്പോൾ, വായിച്ച അമർചിത്രകഥകളിലെ താൻസൻ എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനെ ക്ഷ പിടിച്ചു എനിയ്ക്ക്. ദീപകരാഗം പാടി ദീപം തെളിയിച്ച മഹാൻ...  എന്റെ മാനസപുത്രന് യോജിച്ച പേര് അത് തന്നെ എന്ന് ഞാനങ്ങ് തീരുമാനിച്ചു. സ്നേഹത്തോടെ, വാൽസല്യത്തോടെ ഞാനവന് താൻസൻ എന്ന് പേരിട്ടു. താനു എന്ന് ഓമനയോടെ ഞാൻ വിളിച്ചു.

കുറച്ചൂടെ വലുതായപ്പോൾ, ചിരിക്കുകയും കരയുകയും ചെയ്യുന്ന എന്റെ താനുവിന്റെ ശബ്ദത്തിന്റെ ഉറവിടം നോക്കാൻ ഒരു പരീക്ഷണം നടത്തി. ചേട്ടന്മാർ തുറന്നു നോക്കാറുള്ള അവന്റെ വയറ് അവർ തുറന്നു കണ്ടിട്ടുള്ള ഓർമ്മയിൽ ഞാൻ തുറന്നു. അതിനുള്ളിൽ ഒരു കുഞ്ഞു ടേപ്പ്. അതിൽ നിന്നാണ് ശബ്ദം വരുന്നത്. കൂടുതൽ ചികയലിൽ ആ ടേപ്പിന്റെ വയർ പൊട്ടി. അതോടെ എന്റെ താനു നിശ്ശബ്ദനായി. :( (അവന് വീണ്ടും ശബ്ദം കൊടുക്കണമെന്നുണ്ട്. അത്തരം ടേപ്പ് എവിടെ കിട്ടും?)

വലുതായപ്പോൾ ഇടയ്ക്കിടെ അവനെയെടുത്ത് തുടച്ച് വൃത്തിയാക്കി വെയ്ക്കും. എങ്കിലും മാനസികമായി അവനോടുള്ള അടുപ്പത്തിന് ഒരു കുറവും വന്നില്ല.

ബാംഗ്ലൂർക്ക് പോന്നപ്പോൾ അവനെ ഞാൻ അമ്മയെ ഏൽപ്പിച്ച് പോന്നു. പിന്നീട് നാട്ടിലേയ്ക്ക് ചെന്നപ്പോൾ എന്റെ താനുവിനെ അമ്മ അശ്രദ്ധമായി ഒരു പെട്ടിയിൽ കുത്തിക്കയറ്റി വെച്ചിരിക്കുന്നു!! അന്നവിടെ ഒരു യുദ്ധം നടന്നു. കരച്ചിലും പിഴിച്ചിലും ഫലം. ഇരുപത്തഞ്ച്കാരി മകളുടെ ഭാവപ്രകടനം കണ്ട് സത്യത്തിൽ അമ്മ അന്തം വിട്ടു.

അത്തവണത്തെ ബാംഗ്ലൂർ യാത്രയിൽ ഞാനെന്റെ താനുവിനേം കൂടെ കൂട്ടി. ഹോസ്റ്റലിൽ എന്റെ കട്ടിലിൽ ഒരിച്ചിരി ഇടം അവനും പകുത്തു നൽകി. ഹോസ്റ്റലിന്റെ മുതിർന്ന വാർഡൻ സിസ്റ്റർ വന്ന് അവനെ അരുമയോടെ നോക്കും. ഒരിയ്ക്കൽ പുറത്ത് പോയി വന്നപ്പോൾ, ഹോസ്റ്റലിലെ എന്റെ അടുത്ത കൂട്ടുകാരി താനുവിനെ വേഷം കെട്ടിച്ച് തമാശ കാണിയ്ക്കുന്നു. ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികൾ അന്നാദ്യമായി എന്റെ രൗദ്രഭാവം കണ്ടു. "മേലാൽ ഒറ്റയെണ്ണം അവനെ തൊട്ടു പോകരുത്" എന്ന് ഉഗ്രശാസനയും നൽകി.

പിന്നീടും ഏറെ പ്രിയപ്പെട്ടവൻ എന്ന് കരുതിയിരുന്നവൻ താനുവിനെ അവന് കൊടുക്കുമോ എന്ന് ചോദിച്ചു. അവനെയൊഴിച്ച് മറ്റെന്തും ചോദിച്ചുകൊള്ളൂ എന്ന് മറുപടി നൽകി. തന്നില്ലേൽ ഞാൻ പിണങ്ങിപ്പോകും എന്ന് ഭീഷണി. എങ്കിൽ അങ്ങിനെ തന്നെ എന്ന് ഞാൻ. അവനെ കൊടുത്തില്ലേലും പിണങ്ങിപ്പോകേണ്ടവർ പിണങ്ങി പോകും. പോയി. ആ പോട്ട്!! പുല്ല്!!!
ഇന്നും താനുവുണ്ട് എന്റെ  കൂടെ. അവനേയുള്ളൂ... ഇനീം ഒരുപക്ഷേ അവനേ ഉണ്ടാകൂ ജീവിതത്തിൽ എന്ന് തോന്നുന്നു. മതി. അവൻ മതി. :) എന്റെ താനു...

2014 നവംബർ 6, വ്യാഴാഴ്‌ച

വിശപ്പിന്റെ രുചി...

പകൽ മുഴുവൻ പട്ടിണിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രണ്ടു നേരമായിരുന്നു ഭക്ഷണം. ഇന്ന് അതുമില്ലായിരുന്നു.

രണ്ട്‌ ചപ്പാത്തിയിരിപ്പുണ്ട്‌. കറിയൊന്നുമില്ല. എങ്ങിനേലും അത്‌ ശ്രീജ കഴിച്ചോട്ടെ. തന്നേക്കാൾ ഇളയവൾ അവളാണ്‌. അതുകൊണ്ടുള്ള പ്രത്യേക കരുതൽ. ഹോസ്റ്റലിൽ നിന്നും മാറി വീടെടുക്കുന്ന സമയത്ത്‌ അവൾക്ക്‌ ജോലിയുണ്ടായിരുന്നതാ. രണ്ട്‌ മാസം മുൻപ്‌ അവളുടെ കമ്പനി അടച്ചു പൂട്ടി. തനിയ്ക്കാണെങ്കിൽ വല്ലപ്പോഴും ഉണ്ടായിരുന്ന ഫ്രീലാൻസ്‌ വർക്കുകളും കിട്ടുന്നില്ല.

നാളെ വൈകിട്ട്‌ രണ്ട്‌ പേരും നാട്ടിലേയ്ക്ക്‌ പോകുകയാണ്‌. ഇന്ന് രാത്രിയും നാളെ പകലും എങ്ങിനെയെങ്കിലും തള്ളി നീക്കണം... അതിനു ഇനിയുള്ളത്‌ രണ്ട്‌ ചപ്പാത്തികളാണു. പകൽ വാട്ടർ ജ്യൂസും എയർ ഫ്രൈയും കൊണ്ട്‌ തൃപ്തിപ്പെട്ടു. ആട്ടപ്പാത്രം തപ്പിയപ്പോൾ കിട്ടിയ പൊടികൊണ്ട്‌ രണ്ട്‌ ചപ്പാത്തിയ്ക്കേ തികഞ്ഞുള്ളൂ...

"ശ്രീജേ നീയാ ചപ്പാത്തിയെടുത്ത്‌ കഴിചോളൂ ഞാനൊന്ന് പുറത്തിറങ്ങീട്ട്‌ വരാം"
"നീയെങ്ങോട്ടാ? നിനക്ക്‌ വിശക്കുന്നില്ലേ"
"ഹേയ്‌ ഇല്ല. നീ കഴിച്ചോളൂ... ഞാൻ ചുമ്മാ നടന്നിട്ട്‌ വരാം" കത്തിക്കാളുന്ന വിശപ്പിലും കൂട്ടുകാരിയുടെ വിശപ്പടക്കാൻ അവൾ കള്ളം പറഞ്ഞു പുറത്തേയ്ക്കിറങ്ങി.

അടുത്തെവിടെ നിന്നോ ഒരു പാട്ട്‌ കാറ്റിൽ വീശിയെത്തി. ശ്രദ്ധിച്ചപ്പോൾ മനസിലായി അടുത്തുള്ള ശ്രീനിവാസക്ഷേത്രത്തിൽ നിന്നാണ്‌. നേരെ അങ്ങോട്ട്‌ വെച്ചു പിടിച്ചു. നേരിയ തോതിൽ ചാറ്റൽ മഴയുണ്ട്‌. അത്‌ അവഗണിച്ചുകൊണ്ട്‌ അവൾ ക്ഷേത്ര മുറ്റത്തെത്തി.

അവൾ ചെന്നപ്പോൾ കാറ്റിൽ ഒഴുകി വന്നിരുന്ന പാട്ട്‌ നിലച്ചിരുന്നു. അടുത്ത പാട്ട്‌ പാടാനുള്ള ആളുടെ പേര്‌ മൈക്കിലൂടെ കന്നടയിൽ മുഴങ്ങി. ഒരു നരുന്ത്‌ പയ്യൻ സ്റ്റേജിലേയ്ക്ക്‌ കയറി വന്നു. എട്ടിലോ ഒൻപതിലോ പഠിക്കാനുള്ള പ്രായമേണ്ടാകൂ..
ഈ ചെക്കൻ എന്തൂട്ട്‌ പാടാനാ!! എന്നവൾ മനസിൽ കരുതി.

വിശപ്പ്‌ മറന്നുകൊണ്ട്‌ അവൾ അയാളുടെ പാട്ടിനായി കാത്തു. വിശപ്പ്‌ മറക്കുക എന്നത്‌ തന്നെയായിരുന്നു അവളുടെ ആവശ്യവും.

ആ പയ്യൻ പതുക്കെ പാടാൻ തുടങ്ങി.. "ഭീഗി ഭീഗി രാത്തോമെം ബർസ്സാവോനാ.... ഭീഗി ഭീഗി രാത്തൊമേം... ആവോനാ...."
വിശപ്പ്‌ മറന്ന് പാട്ടിൽ ലയിച്ചിരുന്നുപോയി... ഘനഗംഭീരമാർന്ന സുഖകരമായ ശബ്ദം... മഞ്ഞു വീഴുന്ന നനുത്ത ചാറ്റൽ മഴ സ്വർണ്ണപ്പൊടികളായി മഞ്ഞ പ്രകാശം പരത്തുന്ന മങ്ങിയ ബൾബ്‌ വെളിച്ചത്തീലൂടെ വീഴുന്ന ആ നിശ്ശബ്ദ രാത്രിയിൽ അവന്റെ ശബ്ദം സ്വരമാധുരിയോടെ ഒഴുകി വന്നു തഴുകി..

പാട്ട്‌ പകുതിയോളമെത്ിയപ്പോൾ അത്ഭുതമെന്ന് പറയട്ടെ പെട്ടന്ന് മഴയ്ക്ക്‌ കനം വെച്ചു. ഏകാന്ത രാത്രിയിലേയ്ക്ക്‌ വരുവാനുള്ള അവന്റെ സ്വരമധുരമായ വിളിയാണോ പെട്ടന്ന് മഴയെ കനം വെയ്ക്കുവാൻ പ്രേരിപ്പിച്ചത്‌?
ആളുകളെല്ലാം മഴ കൊള്ളാതെ മാറി നിന്ന് പാട്ട്‌ കേട്ടു. അവന്റെ പാട്ട്‌ കഴിഞ്ഞപ്പോൾ മഴയും നിലച്ചിരുന്നു!!

രാവേറെയാകുന്നു
എന്ന ചിന്തയിൽ അവൾ റൂമിലേയ്ക്ക്‌ നടന്നു. പാട്ടിന്റെ സുഖത്തിൽ എങ്ങോ പോയ്‌ മറഞ്ഞ വിശപ്പ്‌ അത്യധികം ശക്തിയോടെ വന്ന് അവളെ ആക്രമിച്ചു.

വീട്ടിൽ ചെന്ന് കയറിയപ്പോൾ ശ്രീജ ഉറങ്ങാൻ തയ്യാറായി കിടന്നിരുന്നു. അടുക്കളയിൽ വെള്ളം കുടിക്കുവാൻ കയറിയപ്പോൾ കണ്ടു രണ്ടു ചപ്പാത്തിലളും അതേപടിയിരിക്കുന്നു.
"ശ്രീജെ... നീ ചപ്പാത്തിയെന്തെ കഴിക്കാഞ്ഞെ? കഴിക്ക്യാരുന്നില്ലേ?"

"എന്ത്‌ കൂട്ടിക്കഴിക്കും? ഒരു കറിയുമില്ലാതെ വെറുതെ കഴിക്കാനൊ? എനിയ്ക്ക്‌ വേണ്ട നീ കഴിച്ചൊ"

അവൾ ഒന്നും മിണ്ടിയില്ല. വിശപ്പിനെന്ത്‌ കറി!! എന്ന് മനസിൽ കരുതി അവൾ അടുക്കള ചുമ്മാ പരതി. എന്നോ വറുത്ത രണ്ട്‌ മൂന്ന് കൊണ്ടാട്ടം മുളക്‌ കിട്ടി. അതു കൂട്ടി ഒരു ചപ്പാത്തി കഴിച്ച്‌ വെള്ളവും കുടിച്ചു. ഒരു താൽക്കാലിക ശമനം. ബാക്കി ഒരു ചപ്പാത്തിയും മുളകും അവൾ അടച്ചു വെച്ചു. രാത്രിയെപ്പോഴെങ്കിലും വിശല്ലുകയാണെങ്കിൽ ഡിമാന്റൊന്നുമില്ലാതെ തന്നെ ശ്രീജ അതെടുത്തു കഴിച്ചോളും. വിശപ്പിനോടാണ്‌ കളി!!
നാളെ രാവിലെ എന്ത്‌ കഴിക്കും എന്നുള്ള ചോദ്യം മനസിൽ വന്നപ്പോൾ ശമിച്ച വിശപ്പ്‌ പിന്നേം കത്തിക്കാളി വന്നു. അടുത്ത നേരവും ഒന്നും കഴിക്കാനില്ല എന്ന തിരിച്ചറിവാണ്‌ വിശപ്പിന്റെ തീവ്രത കൂട്ടുന്നത്‌ എന്നവൾ മനസിലാക്കുകയായിരുന്നു.
കിടക്കാനൊരുങ്ങി ശ്രീജയുടെ അടുത്ത്‌ ചെന്നപ്പോൾ അവൾ ഉറങ്ങിയിട്ടില്ലായിരുന്നു.
"ടീ ഒരു ചപ്പാത്തി അടച്ചു വെച്ചിട്ടിണ്ട്‌. വേണേൽ കഴിച്ചൊ. ഒരെണ്ണം ഞാൻ കഴിച്ചു"
"നീയെന്ത്‌ കൂട്ടിക്കഴിച്ചു?"
"കൊണ്ടാട്ടം മുളക്‌ കൂട്ടി കഴിച്ചു"

"അയ്യേ.. അതിന്‌ രുചിണ്ടാവോ?"

"പിന്നേയ്‌... വിശപ്പ്‌ വിശപ്പായി വരുമ്പൊ രുചിയൊക്കെ തന്നിണ്ടാവും" അവളതും പറഞ്ഞ്‌ തിരിഞ്ഞ്‌ കിടന്നു.

അരികിൽ അനക്കം കേട്ടപ്പോൾ അവൾ കണ്ണു തുറന്ന് ചെരിഞ്ഞു നോക്കി.
ശ്രീജയെണീറ്റ്‌ പോകുന്നു.
കുറച്ച്‌ കഴിഞ്ഞ്‌ ശ്രീജ വന്ന് കിടക്കുന്നതറിഞ്ഞു.

"രുചിയുണ്ടാർന്നോ?"

"ഊം..."

"ഇത്രേള്ളൂ.."

രണ്ട്‌ പേരും ചിരിച്ചുകൊണ്ട്‌ ഉറങ്ങാൻ കിടന്നു...

2014 ജൂൺ 24, ചൊവ്വാഴ്ച

ഛായകൾ


വർഷങ്ങൾക്ക് മുൻപ്..., എന്റെ ചെറിയച്ഛന്റെ മകൻ ഒരു ദിവസം സംസാരിച്ചിരിക്കുമ്പോൾ പെട്ടന്നവന്റെ കാൽ നീട്ടിക്കൊണ്ട് പറഞ്ഞു "ചേച്ചി, നോക്കൂ എന്റെ കാലിന്റെ പെരുവിലലിലെ നഖം കാണുമ്പോൾ അമരീഷ് പുരിയെ പോലെയില്ലെ?"!!

അത് കേട്ട് ഒരുനിമിഷം ഞാനന്തം വിട്ടു. ഇവനിതെന്താണ് പറഞ്ഞു വരുന്നത്!! കളിയാക്കുന്നതാണോ അതോ ചുമ്മാ കളിപ്പിക്കാൻ പറയുന്നതാണോ??!! ഞാനവന്റെ മുഖത്തേയ്ക്ക് സാകൂതം നോക്കി.

പക്ഷേ അവന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല. മാത്രമല്ല അത്യന്തം ഗൗരവത്തിൽ അവൻ തന്റെ കാൽ നീട്ടി തള്ളവിരൽ ഉയർത്തിവെച്ച് അതിലെ നഖത്തിൽ അമരീഷ് പുരിയെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു! ഞാൻ വീണ്ടും വീണ്ടും അവന്റെ നഖത്തിലേയ്ക്ക് നോക്കിക്കൊണ്ടേയിരുന്നു അമരീഷ് പുരിയെ കാണുവാൻ. പക്ഷേ എനിയ്ക്കവന്റെ നഖമല്ലാതെ മറ്റൊന്നും അതിൽ ദർശിയ്ക്കുവാൻ സാധിയ്ക്കുന്നില്ലായിരുന്നു. ഞാനെന്റെ നഖത്തിലേയ്ക്കും നോക്കി. അപ്പോഴും തഥൈവ!!

"നോക്ക് ചേച്ചി.. ശരിയ്ക്കും നോക്ക്. അമരീഷ് പുരിയുടെ ഛായയില്ലേ?" അവൻ എന്നെ ബോധ്യപ്പെടുത്താനായി പിന്നെയും അതുതന്നെ ആവർത്തിച്ചുകൊണ്ടിരുന്നു. അവനന്ന് പതിനാലോ പതിനഞ്ചോ വയസ്. ഞാൻ അവനേക്കാൾ എട്ട് വയസിന് മൂത്തതാണ്. സ്വാഭാവികമായും ഞാൻ ചിന്തിച്ചു, ഇതവന്റെ പ്രായത്തിന്റെ തോന്നലുകളായിരിക്കും.

പിന്നൊരു ദിവസം അവൻ പറഞ്ഞു സ്വിച്ച് ബോർഡിന് മനീഷ കൊയ്_രാളയുടെ ഛായയുണ്ടെന്ന്. അപ്പോഴും എനിയ്ക്കവൻ പറഞ്ഞതുപോലെ ഒരു ഛായയൊന്നും സ്വിച്ച് ബോർഡിൽ കണ്ടെത്താനായില്ല.

                   


പിന്നീട് പലപ്പോഴും അവൻ പറഞ്ഞ ഛായകളുടെ യുക്തിയാലോചിച്ച് എന്റെ തല പുണ്ണായിട്ടുണ്ട്. പോകെ പോകെ ഞാനതിനെയൊക്കെ മറന്നു കളഞ്ഞു. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാൻ ബംഗലൂരുവിൽ ജോലി തേടിയെത്തി. പിന്നെയും വർഷങ്ങൾ കടന്നു പോയി.

ഇന്നലെ, വെള്ളം പിടിച്ചു വച്ച വലിയ ബോട്ടിൽ വെള്ളം കുടിയ്ക്കുവാനായി കയ്യിലെടുത്തപ്പോൾ പെട്ടന്നെനിയ്ക്ക് അതിന് സഞ്ജയ് ദത്തിന്റെ ഛായ തോന്നി!! സ്വാഭാവികമായും എനിയ്ക്കവനെ ഓർമ്മ വന്നു. പെരുവിരലിലെ നഖവും സ്വിച്ച് ബോർഡും അമരീഷ് പുരിയും മനീഷ കൊയ്_രാളയും ഒക്കെ ഓർമ്മയിലേയ്ക്കോടിയെത്തി!!

അറിയാതെ എന്റെ പെരുവിരലിലെ നഖത്തിലേയ്ക്ക് എന്റെ കണ്ണുകൾ നീണ്ടു. അത്ഭുതം!! അതിന് അമരീഷ് പുരിയുടെ ഛായ!! ഉടൻ ഞാൻ സ്വിച്ച് ബോർഡിലേയ്ക്ക്  കണ്ണയച്ചു... ഈശ്വരാാാ... അതിന് മനീഷ കൊയ്_രാളയുടെ ഛാായ.

ബോട്ടിൽ ഞാൻ ഒരിക്കൽ കൂടി നോക്കി. അതെ, അതിന് സഞ്ജയ് ദത്തിന്റെ ഛായയുണ്ട്!!
ഇതെങ്ങിനെ സംഭവിച്ചു!! വർഷങ്ങൾക്ക് മുൻപ് അവനത് പറഞ്ഞപ്പോൾ എനിയ്ക്ക് അവയിലൊന്നും പ്രത്യേകിച്ചൊരു ഛായയും തോന്നിയില്ല. പക്ഷേ ഇപ്പോൾ... ദൈവമേ.. എനിയ്ക്ക് വട്ടായതാണോ... അതോ അവന്റെ അന്നത്തെ പ്രായത്തിലേയ്ക്ക്, പ്രായത്തിന്റെ വികൃതികളിലേയ്ക്ക് എന്റെ മനസ് പോയതാണോ...

2014 മേയ് 19, തിങ്കളാഴ്‌ച

കഴിവ്

"എനിയ്ക്ക് ചെയ്യുവാൻ കഴിയാത്തത് എന്താണ് സമദിനു കഴിയുക?" അയാൾ അവളോട് ചോദിച്ചു.
"സമദ് ഇയാളെ പോലെ പാതിവഴിയിൽ തളർന്ന് പിൻ_വാങ്ങാതെ തൃപ്തികരമായും പെർഫെക്റ്റായും പൂർത്തിയാക്കും" അവൾ മറുപടി പറഞ്ഞ് തിരിഞ്ഞു നടന്നു.

മെയ് 5



ഒരു സുഹൃത്തുണ്ടായിരുന്നു. ആത്മാർത്ഥസുഹൃത്ത് എന്ന് നടിച്ചിരുന്ന ഒരു സുഹൃത്ത്. അയാൾക്കൊരു ഘട്ടത്തിൽ അത്യാവശ്യം എന്ന് കണ്ടറിഞ്ഞപ്പോൾ നിർബന്ധിച്ച് കുറേ പണം കൊടുത്തു. വാങ്ങുവാൻ അയാൾക്ക് വലിയ മടിയായിരുന്നു. "ഒരു നല്ല കാര്യത്തിനല്ലേ വാങ്ങൂ. വെറുതെ വേണ്ട ഒരു വർഷം കഴിയുമ്പോൾ ഇരട്ടിയായി തിരിച്ചു തന്നാൽ മതി" എന്ന് പറഞ്ഞു നിർബന്ധിച്ച് ഏൽപ്പിച്ചു. അത് കഴിഞ്ഞ കൊല്ലം മെയ് 5 -നായിരുന്നു.

പിന്നീട് ചിലകാരണങ്ങളാൽ ഞങ്ങൾക്കിടയിൽ അകലം വന്നു. എങ്കിലും കടം കൊടുത്ത പണം തിരിച്ചു ചോദിച്ചതേയില്ല. അപ്രതീക്ഷിതമായി എന്റെ അമ്മയ്ക്ക് അസുഖം വന്നു. അതയാൾ സന്ദർഭവശാൽ അറിഞ്ഞിരുന്നു. അമ്മയ്ക്ക് വളരെ ചിലവേറിയ സർജറിയും ചികിൽസയും ആവശ്യമായി വന്നു. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. പണമുണ്ടാക്കുന്നതിന്റെ ടെൻഷനുകൾക്കിടയിൽ അമ്മയുടെ ജീവൻ തിരിച്ചുകിട്ടുമോ എന്ന ആശങ്കയും തീച്ചൂളയിലെന്ന പോലെ എന്നെ നീറ്റി. എങ്കിലും മനോധൈര്യം കൈവിടാതെ ഞാൻ എല്ലാറ്റിനും ഓടി നടന്നു. അതിനിടയിൽ ഈ ആത്മാർത്ഥ സുഹൃത്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. 

പണത്തിന് ആവശ്യം കൂടുകയും സാമ്പത്തികഞ്ഞെരുക്കം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ആ അവസരത്തിൽ ഒരുവർഷം കഴിഞ്ഞ് ഇരട്ടി എന്നും അത് നവംബർ മാസമാണെന്നുമുള്ള വസ്തുതകൾ മനസിലുണ്ടായിരുന്നെങ്കിലും ആവശ്യം അത്യാവശ്യം ആയതിനാൽ ഞാൻ നൽകിയ പണം തിരിച്ചു തരാമോ എന്ന് ചോദിച്ചു. എന്റെ നിവൃത്തികേടായിരുന്നു എന്നെക്കൊണ്ട് അത് ചെയ്യിച്ചത്. അയാളുടെ മുഖം ജീവിതത്തിൽ ഇനിയൊരിക്കൽകൂടി കാണരുത് എന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ പണം എന്നിലേയ്ക്കെത്തിയ്ക്കുവാനുള്ള മാർഗ്ഗവും ഞാൻ അയാൾക്ക് പറഞ്ഞുകൊടുത്തു. പക്ഷേ അയാൾ മുട്ടുന്യായങ്ങൾ നിരത്തിക്കൊണ്ടേയിരുന്നു. അയാളുടെ കയ്യിൽ പണമില്ല എന്നതായിരുന്നു ആദ്യത്തെ വാദം. പിന്നെ ഒന്നിനുപിറകെ മറ്റൊന്നായി മുട്ടാപ്പോക്കുകൾ വന്നുകൊണ്ടേയിരുന്നു. പക്ഷേ ഞാൻ അറിയുന്നുണ്ടായിരുന്നു അയാൾ അയാളുടെ ആവശ്യങ്ങൾക്കായി കയ്യയച്ച് പണം ചിലവഴിയ്ക്കുന്ന വിവരം. 


പണം വീണ്ടും ആവശ്യപ്പെട്ടപ്പോൾ അയാൾ ശപിക്കുന്നതുപോലെ പറഞ്ഞു: "നിന്റെ ചീത്തമനസുകൊണ്ടാണ് നിന്റെ അമ്മയ്ക്ക് ഇങ്ങിനെ അസുഖമായത്' എന്ന്!!! അമ്മയുടെ ജീവൻ അങ്ങോട്ടോ ഇങ്ങോട്ടോ എന്നുറപ്പില്ലാതെ.., ചികിൽസിക്കുവാനുള്ള പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുമ്പോൾ ഒരിക്കൽ ആത്മാർത്ഥ സുഹൃത്ത് എന്ന് നടിച്ചിരുന്ന, ആത്മാർത്ഥ സുഹൃത്ത് എന്ന് ഞാൻ വിശ്വസിച്ചിരുന്ന ആൾ അത്തരം സന്ദർഭത്തിൽ സഹായിക്കേണ്ടതിനു പകരം പറഞ്ഞ ആ വാക്കുകൾ മനസിൽ ആഴത്തിൽ പതിച്ചു. ഞാൻ അയാളോട് സൗജന്യമല്ലായിരുന്നു ചോദിച്ചത്!! എന്നിട്ടും... പണം തിരിച്ചു തരുവാനുള്ള വൈമനസ്യത്തിൽ അയാൾ ഉതിർത്ത വാക്കുകൾ... ഒരു നിമിഷം ഞാൻ സ്തബ്ധയായി. 

ചിന്താശേഷി തിരിച്ചു കിട്ടിയപ്പോൾ അറിയാതെ ദൈവത്തോട് പ്രാർത്ഥിച്ചു പോയി; "ദൈവമേ... ഈ വാക്കുകൾ നീ കേൾക്കാതെ പോകട്ടെ" കാരണം അച്ഛനമ്മമാർ അയാൾക്കുമുണ്ട്. അയാൾക്ക് തന്നോടുതന്നെയല്ലാതെ മറ്റൊരാളോടും ആത്മാർത്ഥതയോ സ്നേഹമോ ഇല്ല എങ്കിലും അയാളുടെ രണ്ടനുജന്മാർക്ക് വേണ്ടി ആ അച്ഛനമ്മമാർക്ക് ഒന്നും സംഭവിയ്ക്കാതിരിക്കട്ടെ... ഞാൻ അനുഭവിക്കുന്ന സങ്കടങ്ങളും ആശങ്കകളും മറ്റുള്ളവരും അനുഭവിക്കാതിരിക്കട്ടെ...

പിന്നെ അയാളോട് പണം ചോദിയ്ക്കാൻ ഞാൻ മുതിർന്നില്ല. അതുതന്നെയായിരിക്കണം അയാളുടെ ഉദ്ദേശ്യവും. അയാളുടെ കാലുപിടിച്ച് കെഞ്ചിയാൽ തരാം എന്ന രീതിയിൽ ഒരു സംസാരവും അയാളിൽ നിന്നും ഉണ്ടായിരുന്നു. പക്ഷേ അയാൾ വാശിക്കാരനാണെങ്കിൽ വാശിയിൽ അയാളുടെ അച്ഛന്റെ അച്ഛനാണ്‌ ഞാൻ എന്നത് അയാൾ അറിയാതെ പോയി. അനാവശ്യമായി വാശി കാണിയ്ക്കാറില്ലെന്നുമാത്രം. മറ്റുള്ളവർ എനിയ്ക്കുണ്ടെന്ന് ചാർത്തിത്തന്ന എന്റെ അഹങ്കാരമാണ് എന്റെ അലങ്കാരം.  

എല്ലാ വൈതരണികളും കടന്ന് ഞാൻ എന്റെ അമ്മയെ തിരിച്ചു പിടിച്ചു എന്ന് തന്നെ പറയാം...

കഥയുടെ ബാക്കി: പറഞ്ഞ മെയ് 5 എന്ന ഒരു വർഷം ഇതാ കടന്നു പോയി. അയാൾ പറഞ്ഞ വാക്ക് പാലിച്ചില്ല എന്നത് പോയിട്ട് അത് ഓർത്തതുപോലുമില്ല. കാരണം തിരിച്ച് നൽകുവാൻ ഉദ്ദേശിയ്ക്കുന്ന പണത്തെ കുറിച്ചല്ലേ ചിന്തിക്കേണ്ടതുള്ളൂ...!! അങ്ങിനെ തിരിച്ചു തരാനായിരുന്നെങ്കിൽ അയാൾ എനിയ്ക്ക് നേരിട്ട ആ അത്യാവശ്യ സന്ദർഭത്തിൽ അത് നൽകുമായിരുന്നു!!!

പക്ഷേ ഇനി എനിയ്ക്കാ പണം വേണ്ട. എന്റെ മറ്റൊരു വാശിയാണത്. ഒരുപാടുകാലം അയാൾ എനിയ്ക്ക് ചെയ്ത് തന്ന സേവനങ്ങൾക്കുള്ള 'ടിപ്' പോലുമല്ല വെറും "കൂലി"  ആയി അതയാൾക്ക് നൽകി എന്ന് ഞാൻ ആ പണത്തെ കണക്കാക്കുന്നു. അയാളുടെ സേവനങ്ങൾ പറയത്തക്ക "മൂല്യമുള്ളതും മികവുറ്റതും തൃപ്തികരവും" അല്ലായിരുന്നു എങ്കിലും...