ഇവനാണ് താനു അഥവാ താൻസൻ.
എന്റെ മാനസപുത്രൻ.
എന്റെ മൂന്നാമത്തെ വയസിൽ കൂടെ കൂടിയതാണ്. എന്റെ അച്ഛ നേപ്പാളിൽ നിന്നും വന്നപ്പോൾ കൊണ്ടുതന്നതാണ്. അന്ന് മുതൽ അവനെന്റെ സന്തത സഹചാരിയാണ്. എവിടെ പോകുമ്പോഴും അവനെന്റെ തോളിൽ ഉണ്ടാകും. ഇപ്പോൾ മുപ്പത്തിയൊമ്പതര വയസ് കഴിഞ്ഞു. ഇന്നും അവൻ കൂടെയുണ്ട്...
തുടക്കത്തിലൊന്നും അവന് പേരില്ലായിരുന്നു. അവൻ എന്റെ "വാവ" ആയിരുന്നു.
ഒരിയ്ക്കൽ തറവാട്ടി പോയപ്പോൾ അച്ഛയുടെ ഇളയച്ഛൻ അവനെ എടുത്ത് ഒരേറ്! അന്ന് മനസിൽ ഉണർന്ന ദ്വേഷ്യവും സങ്കടവും... ഒരു കുഞ്ഞു കുട്ടിയുടെ രോദനം ആര് കാണാൻ... പിന്നെ അവനെ എന്റെ കയ്യിൽ നിന്നും ആർക്കും തൊടാൻ പോലും കൊടുക്കില്ലായിരുന്നു.
സ്കൂളിൽ പോയി അക്ഷരം കൂട്ടിവായിക്കുവാൻ തുടങ്ങിയപ്പോൾ, വായിച്ച അമർചിത്രകഥകളിലെ താൻസൻ എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനെ ക്ഷ പിടിച്ചു എനിയ്ക്ക്. ദീപകരാഗം പാടി ദീപം തെളിയിച്ച മഹാൻ... എന്റെ മാനസപുത്രന് യോജിച്ച പേര് അത് തന്നെ എന്ന് ഞാനങ്ങ് തീരുമാനിച്ചു. സ്നേഹത്തോടെ, വാൽസല്യത്തോടെ ഞാനവന് താൻസൻ എന്ന് പേരിട്ടു. താനു എന്ന് ഓമനയോടെ ഞാൻ വിളിച്ചു.
കുറച്ചൂടെ വലുതായപ്പോൾ, ചിരിക്കുകയും കരയുകയും ചെയ്യുന്ന എന്റെ താനുവിന്റെ ശബ്ദത്തിന്റെ ഉറവിടം നോക്കാൻ ഒരു പരീക്ഷണം നടത്തി. ചേട്ടന്മാർ തുറന്നു നോക്കാറുള്ള അവന്റെ വയറ് അവർ തുറന്നു കണ്ടിട്ടുള്ള ഓർമ്മയിൽ ഞാൻ തുറന്നു. അതിനുള്ളിൽ ഒരു കുഞ്ഞു ടേപ്പ്. അതിൽ നിന്നാണ് ശബ്ദം വരുന്നത്. കൂടുതൽ ചികയലിൽ ആ ടേപ്പിന്റെ വയർ പൊട്ടി. അതോടെ എന്റെ താനു നിശ്ശബ്ദനായി. :( (അവന് വീണ്ടും ശബ്ദം കൊടുക്കണമെന്നുണ്ട്. അത്തരം ടേപ്പ് എവിടെ കിട്ടും?)
വലുതായപ്പോൾ ഇടയ്ക്കിടെ അവനെയെടുത്ത് തുടച്ച് വൃത്തിയാക്കി വെയ്ക്കും. എങ്കിലും മാനസികമായി അവനോടുള്ള അടുപ്പത്തിന് ഒരു കുറവും വന്നില്ല.
ബാംഗ്ലൂർക്ക് പോന്നപ്പോൾ അവനെ ഞാൻ അമ്മയെ ഏൽപ്പിച്ച് പോന്നു. പിന്നീട് നാട്ടിലേയ്ക്ക് ചെന്നപ്പോൾ എന്റെ താനുവിനെ അമ്മ അശ്രദ്ധമായി ഒരു പെട്ടിയിൽ കുത്തിക്കയറ്റി വെച്ചിരിക്കുന്നു!! അന്നവിടെ ഒരു യുദ്ധം നടന്നു. കരച്ചിലും പിഴിച്ചിലും ഫലം. ഇരുപത്തഞ്ച്കാരി മകളുടെ ഭാവപ്രകടനം കണ്ട് സത്യത്തിൽ അമ്മ അന്തം വിട്ടു.
അത്തവണത്തെ ബാംഗ്ലൂർ യാത്രയിൽ ഞാനെന്റെ താനുവിനേം കൂടെ കൂട്ടി. ഹോസ്റ്റലിൽ എന്റെ കട്ടിലിൽ ഒരിച്ചിരി ഇടം അവനും പകുത്തു നൽകി. ഹോസ്റ്റലിന്റെ മുതിർന്ന വാർഡൻ സിസ്റ്റർ വന്ന് അവനെ അരുമയോടെ നോക്കും. ഒരിയ്ക്കൽ പുറത്ത് പോയി വന്നപ്പോൾ, ഹോസ്റ്റലിലെ എന്റെ അടുത്ത കൂട്ടുകാരി താനുവിനെ വേഷം കെട്ടിച്ച് തമാശ കാണിയ്ക്കുന്നു. ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികൾ അന്നാദ്യമായി എന്റെ രൗദ്രഭാവം കണ്ടു. "മേലാൽ ഒറ്റയെണ്ണം അവനെ തൊട്ടു പോകരുത്" എന്ന് ഉഗ്രശാസനയും നൽകി.
പിന്നീടും ഏറെ പ്രിയപ്പെട്ടവൻ എന്ന് കരുതിയിരുന്നവൻ താനുവിനെ അവന് കൊടുക്കുമോ എന്ന് ചോദിച്ചു. അവനെയൊഴിച്ച് മറ്റെന്തും ചോദിച്ചുകൊള്ളൂ എന്ന് മറുപടി നൽകി. തന്നില്ലേൽ ഞാൻ പിണങ്ങിപ്പോകും എന്ന് ഭീഷണി. എങ്കിൽ അങ്ങിനെ തന്നെ എന്ന് ഞാൻ. അവനെ കൊടുത്തില്ലേലും പിണങ്ങിപ്പോകേണ്ടവർ പിണങ്ങി പോകും. പോയി. ആ പോട്ട്!! പുല്ല്!!!
ഇന്നും താനുവുണ്ട് എന്റെ കൂടെ. അവനേയുള്ളൂ... ഇനീം ഒരുപക്ഷേ അവനേ ഉണ്ടാകൂ ജീവിതത്തിൽ എന്ന് തോന്നുന്നു. മതി. അവൻ മതി. :) എന്റെ താനു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ