രാവിലെ പതിവുപോലെ ആറുമണിയ്ക്കുണർന്ന് അവൾ ടേപ്പ് റെക്കോർഡർ ഓൺ ചെയ്തു. അനുരാധാപൊതുവാളിന്റെ ഗായത്രീമന്ത്രജപം റെക്കോർഡറിലൂടെ ഒഴുകിയെത്തി.
വീണ്ടും തന്റെ ചുവന്ന ബ്ലാങ്കറ്റ് കൊണ്ട് മൂടിപ്പുതച്ച് സുഖകരമായ തണുപ്പിന്റെ ആലസ്യത്തിലേയ്ക്കൂളിയിട്ടുറങ്ങുവാൻ അവളുടെ മനസ്സ് വെമ്പിയെങ്കിലും ഇനിയും കിടന്നാൽ ഈ ദിവസത്തെ തന്റെ മൂഡ് മൊത്തം പോകുമെന്ന തിരിച്ചറിവിൽ അവൾ മനസില്ലാമനസ്സോടെ എഴുന്നേറ്റു.
പ്രാഥമികകൃത്യനിർവഹണത്തിനു ശേഷം തന്റെ സ്ഥിരം കട്ടൻ ചായയുമിട്ട് അന്നത്തെ മൊത്തം ദിവസത്തിനു വേണ്ട ഭക്ഷണത്തിനുള്ള അരിയും കുക്കറിലിട്ട് അവൾ തന്റെ വാടക വീടിന്റെ വരാന്തയിൽ വന്നിരുന്നു. താമസം ഒന്നാം നിലയിലായിരുന്നതിനാൽ ആ ഇരുപ്പ് അവൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. നാലും കൂടിയ ആ വഴിയിലൂടെ ആര് വന്നാലും അവൾക്ക് കാണാമായിരുന്നു. തൊട്ടുമുന്നിലുള്ള വെള്ള പെയിന്റടിച്ച വലിയ കെട്ടിടവും അതിനു മുന്നിലെ റോഡിനപ്പുറത്തുള്ള ചെറിയ വീടും എല്ലാം എന്നും കൗതുകകരമായ നിമിഷങ്ങൾ നല്കിയിരുന്നു.
തണുപ്പ് രോമകൂപങ്ങളിലൂടെ അരിച്ചിറങ്ങുമ്പോഴും അവൾ ചിന്തിച്ചത് വെളുത്ത വീടിനു മുന്നിൽ എന്നും കാണാറുള്ള ആൾക്കൂട്ടത്തെ കുറിച്ചായിരുന്നു. എന്തുകൊണ്ടോ ആ നേരമായിട്ടും അവിടെ ആരുമെത്തിയിട്ടില്ലായിരുന്നു. സാധാരണ ദിവസങ്ങളിൽ അവിടെ അതിരാവിലെ മുതലേ പണിക്കാർ തലേദിവസത്തെ കൂലിയ്ക്കായി നിരന്ന് നില്ക്കാറുണ്ടായിരുന്നു. ആ വെളുത്ത വീടിന്റെ ഉടമസ്ഥർ കെട്ടിട കരാർ മുതലാളിയാണെന്ന് വാടകവീട്ടിലെ ആറുമാസത്തെ താമസക്കാലം കൊണ്ടുതന്നെ മനസ്സിലാക്കിയിരുന്നു.
വിജനമായ വഴിത്താരകളിലേയ്ക്ക് വെറുതേ നോക്കിയിരുന്നുകൊണ്ട് അവൾ തന്റെ കയ്യിലിരുന്ന ചായ മെല്ലെ മൊത്തിക്കുടിയ്ക്കുവാൻ തുടങ്ങി.
അപ്പോൾ തെക്ക് ഭാഗത്ത് നിന്ന് ഒരു കൈവണ്ടിയിൽ ജമന്തിപ്പൂക്കളുമായി ഒരാൾ വന്നു. ഒരു വീടിന്റെ മുന്നിലെങ്കിലും ആളെ കണ്ടല്ലോ എന്ന ആശ്വാസത്തിൽ അയാൾ അവളെ നോക്കി.
“ജമന്തിപ്പൂവ് വേണോ?” അയാൾ പ്രത്യാശയോടെ അവളോടു ചോദിച്ചു. “വേണ്ട” എന്ന മറുപടി ലഭിച്ചപ്പോൾ അയാൾ വണ്ടി തള്ളിക്കൊണ്ട് മുന്നോട്ട് നടന്നു.
വീണ്ടും വിജനമായ വഴിയിലേയ്ക്ക് കണ്ണും നട്ട് അവളിരുന്നു. അരിച്ചിറങ്ങുന്ന തണുപ്പ് വിവേചിച്ചറിയാനാവാത്ത ഒരു അനുഭൂതി അവളിൽ ഉണ്ടാക്കി, അതേ ഇരിപ്പിൽ തന്നെ അവൾ എന്തോ ആലോചിച്ചു. ആ ആലോചനയ്ക്കിടയ്ക്ക് കിഴക്കുനിന്ന് വന്ന ആളെ അവൾ കണ്ടില്ലായിരുന്നു. പെട്ടന്നാണ് അത് അവളുടെ ശ്രദ്ധയിൽ പെട്ടത്.
കിഴക്കുനിന്ന് വന്ന ആൾ വെളുത്ത വീടിന്റെ മുന്നിലുള്ള ചെറിയ വീടിന്റെ അരികിൽ വടക്കോട്ട് പോകുന്ന വഴിയുടെ ഭാഗത്തായി ഒളിച്ചുനിൽക്കുന്നു. അവിടെ മറഞ്ഞുനിന്നുകൊണ്ടുതന്നെ അയാൾ പതുക്കെ, ഒരു കള്ളനെ പോലെ താൻ വന്ന വഴിയിലേയ്ക്ക് ആകാംക്ഷയോടെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു.
അയാളുടെ ചെയ്തികൾ അവൾ സാകൂതം വീക്ഷിച്ചു. എന്നാൽ അയാൾ അവളെ കാണുന്നില്ലായിരുന്നു. അനേകം ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നുവന്നു.
“എന്തിനാണയാൾ അവിടെ മറഞ്ഞു നിൽക്കുന്നത്?” അവൾ തന്നോടുതന്നെ ചോദിച്ചു. ആരെയോ കബളിപ്പിച്ച് വന്നിരിക്കുകയാണയാൾ. കബളിപ്പിക്കപ്പെട്ടയാൾ ഇയാളെ അന്വേഷിച്ചു വരുന്നുണ്ടായിരിക്കും. അതാണയാൾ ഇവിടെ ഒളിച്ചിരിക്കുന്നത്.
ചിന്ത ഇത്രത്തോളമായപ്പോഴേക്കും അവൾ കണ്ടു, അയാൾ ഒരു കുറുക്കന്റെ കൗശലത്തോടെ ചുറ്റും നോക്കുന്നു.
അപ്പോഴും ആ വഴിയിലൂടെ ആരും വരുന്നില്ലായിരുന്നു. അയാൾ ആരെയാണ് ഇത്രമാത്രം ഒളിഞ്ഞുനിന്ന് വീക്ഷിക്കുന്നതെന്ന് എഴുന്നേറ്റ് ചെന്ന് നോക്കണമെന്ന് അവൾക്കുണ്ടായിരുന്നു. റോഡിലേയ്ക്ക് തള്ളിനിൽക്കുന്ന വരാന്തയുടെ മൂലയിൽ ചെന്ന് നോക്കുകയാണെങ്കിൽ അവൾക്ക് അയാൾ നോക്കുന്ന വഴിയുടെ അറ്റം വരെ കാണുവാൻ സാധിക്കുമായിരുന്നു. പക്ഷേ, താൻ ഇവിടെ നിന്ന് അനങ്ങിയാൽ ആ ചലനം കൊണ്ട് അയാൾ തന്നെ കാണുമെന്ന ഭയം അവളെ ആ പ്രവൃത്തിയിൽ നിന്നും പിന്തിരിപ്പിച്ചു.
“അയാൾ ആരെയെങ്കിലും പിടിച്ചുപറിക്കുവാനായിട്ടാണ് ആ വിജനമായ വഴിയിൽ കാത്തുനിൽക്കുന്നതെങ്കിലോ?” എങ്കിൽ തനിക്കിതിൽ എന്ത് ചെയ്യാനാകും? വരുന്ന ആൾക്ക് അതേക്കുറിച്ച് മുന്നറിയിപ്പ് നൽകുവാനാകും. ഏതായാലും ഇയാൾ തന്നെ കണ്ടിട്ടില്ല. ഇവിടെ അനങ്ങാതിരുന്ന് അയാളുടെ ഇനിയുള്ള നീക്കം ശ്രദ്ധിക്കാം. എന്തെങ്കിലും അക്രമകരങ്ങളായ കാര്യങ്ങളാണെങ്കിൽ, ബഹളം കൂട്ടി തന്റെ അയൽപക്കക്കാരെ ഉണർത്താം.
അയാളതാ വീണ്ടും തക്കും പുക്കും നോക്കുന്നു. “ഈശ്വരാ... ഇയാളിതെന്തിനുള്ള പുറപ്പാടാണ്?!”
എപ്പോഴും ആൾസഞ്ചാരമുള്ള വഴിയിൽ ഇന്നാണെങ്കിൽ ഒരാളും വരുന്നില്ലല്ലോ.. ഇതെന്താ.. ഈശ്വരനും അയാൾ ചെയ്യാൻ പോകുന്ന അക്രമത്തിന് കൂട്ടുനിൽക്കുകയാണോ...? അയാളുടെ അക്രമത്തിനിരയാകുന്ന നിർഭാഗ്യവാൻ ആരാണാവോ? അയാൾ എന്തെങ്കിലും ആയുധം ഒളിപ്പിച്ചുവെച്ചിട്ടുണ്ടോ? എങ്കിൽ ഈ തണുത്ത പ്രഭാതത്തിൽ അക്രമത്തിനു പുറമേ ചോരയും കാണേണ്ടി വരുമോ?“ അവൾ വേപഥു പൂണ്ടു.
ഭാഗ്യം.. അയാൾ നിരായുധനാണ്. പിടിച്ചുപറിക്കൽ മാത്രമേ അയാൾക്ക് ലക്ഷ്യമുണ്ടായിരിക്കുകയുള്ളൂ. എങ്കിലും, വരുന്ന ആൾക്ക് ഒരു മുന്നറിയിപ്പ് നൽകുവാൻ തനിയ്ക്കാവും. ബഹളം വയ്ക്കണോ അതോ ഒന്നുമറിയാത്ത ഭാവത്തിൽ, ഒന്നും കാണാത്ത മട്ടിൽ ഇരുന്നാൽ മതിയോ?
അവളുടെ ചിന്തകൾ കാടുകയറിക്കൊണ്ടിരിക്കേ, ഒരു ബാലൻ വരുന്നതവൾ കണ്ടു. അവന് ആറോ ഏഴോ വയസ്സേ കാണുമായിരുന്നുള്ളു.
‘ഈ കുഞ്ഞിനെ അയാൾ ഒന്നും ചെയ്യുകയില്ലായിരിക്കും’ അവൾ ആകാംക്ഷയോടെ ആ ബാലനെ വീക്ഷിച്ചു കൊണ്ടിരുന്നു.
അവന്റെ കൊച്ചുമുഖത്ത് സംഭ്രമമോ ഭയമോ എല്ലാം കലർന്ന ഒരു ഭാവമുണ്ടായിരുന്നു. ആ കണ്ണുകളിൽ നിന്നും, അവൻ ആരെയോ തിരയുകയാണെന്ന് അവൾ മനസ്സിലാക്കി.
പതുങ്ങി നിൽക്കുന്ന മനുഷ്യനേയും അയാളുടെ ഉദ്ദേശ്യത്തേയും കുറിച്ചുള്ള ആശങ്കകൾ പാടെ മറന്ന അവൾ ആ കുഞ്ഞിനെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
പെട്ടന്ന്, ആ കുഞ്ഞിക്കണ്ണുകളിൽ സന്തോഷത്തിന്റെ തിരയിളക്കം! എന്താണവനെ സന്തോഷിപ്പിച്ചത് എന്ന ചിന്തയിലവൾ അവൻ നോക്കിയ ദിശയിലേയ്ക്ക് നോട്ടമയച്ചു.
അവിടെ, അയാളായിരുന്നു! അയാളുടെ മുഖത്തും ഒരു കള്ളച്ചിരി ഒളിച്ചിരുന്നിരുന്നു!
താൻ തിരയുന്നത് കണ്ടെത്തിയ സന്തോഷത്തിൽ അവൻ അയാളുടെ അടുത്തേയ്ക്ക് ഓടിച്ചെന്നു.
അത് കണ്ടുകൊണ്ടിരിക്കെ, അയാൾ പറയുന്നത് കേട്ടു.
“മോൻ പേടിച്ചോ? അച്ഛൻ വെറുതെ കളിപ്പിച്ചതല്ലേ?”
അതും പറഞ്ഞ് അവർ ഒരുമിച്ച് നടന്നകന്നു.
ഇത്രയും നേരം കൊണ്ട് താൻ ചിന്തിച്ചുകൂട്ടിയ മണ്ടത്തരങ്ങളോർത്ത് അവൾ തനിയെ ചിരിച്ചു!
അപ്പോഴും ആ വഴികൾ വിജനമായിരുന്നു...