പേജുകള്‍‌

2019, ജൂലൈ 10, ബുധനാഴ്‌ച

രണ്ട് സൗഹൃദക്കൂടിക്കാഴ്ചകൾ



ഒരിക്കൽ, വർഷങ്ങൾക്ക് മുൻപ് എന്റെ ആദ്യപ്രണയത്തിന്റെയൊപ്പം അവന്റെ കൂട്ടുകാരനും കൂടി വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ കാണാൻ വീട്ടിൽ വന്നു. അമ്മയെ കാണാൻ അകത്തുകയറിവന്ന അവരെ “അമ്മേ.. ഇത് സഞ്ജു. ഇത് സുന്ദരൻ. എനിയ്ക്ക് ജീവിതം തരാമെന്ന് പറഞ്ഞ് പറ്റിച്ച കശ്മലൻ” എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സഞ്ജുവിന്‌ പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമില്ലായിരുന്നു. ഞാൻ തന്നെ പറഞ്ഞ്, എന്റെ ആദ്യപ്രണയത്തെ കുറിച്ച് അമ്മയ്ക്ക് നല്ല അറിവാണ്‌!! ആദ്യപ്രണയത്തെ കുറിച്ച് അത്രമേൽ ലളിതമായി അമ്മയോട് പറയാനുള്ള ധൈര്യം കിട്ടാൻ വർഷങ്ങളൊരുപാട് വേണ്ടി വന്നു എന്നതാണ്‌ സത്യം. എന്നും പ്രണയിക്കുന്ന ആളെ കുറിച്ച് അമ്മയോട് അത്ര ലാഘവത്തോടെ പറയുവാൻ എനിയ്ക്കാവില്ലായിരുന്നു. പ്രണയിക്കുന്ന ആളുടെ പേര്‌ പോലും പറയാൻ ഇപ്പോഴും എന്തോ ഒരു വൈക്ലബ്യമാണ്‌. അതെന്താന്നറിയില്ല.

പറഞ്ഞ് വന്നത് അതല്ലല്ലോ.. വിഷയത്തിൽ നിന്നും അറിയാതെ വഴുതിപ്പോയി! സുന്ദരനെ അങ്ങനെ പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അമ്മ അന്തം വിട്ടു. കൂട്ടത്തിൽ സുന്ദരനും. അവൻ എന്റെ ഭാഗത്ത് നിന്നും അങ്ങനൊരു പ്രവൃത്തി പ്രതീക്ഷിച്ചതല്ലായിരുന്നു! എന്നോ ഒരു വാരാന്ത്യത്തിൽ, കുടിച്ച് ബോധം പോയപ്പോൾ, ഇഷ്ടകൂട്ടുകാരൻ പ്രണയിച്ച്, പിന്നീട് കാലത്തിന്റെ കളികളിൽ കൈവിട്ടു പോയ, ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്ന ആ സ്ത്രീയോടുള്ള സഹതാപം മനസിൽ വഴിഞ്ഞൊഴുകിയപ്പോൾ അവൻ അറിയാതെ ചോദിച്ചു പോയ ചോദ്യമായിരുന്നു “അനൂ.., നിനക്ക് ഞാനൊരു ജീവിതം തരട്ടെ?” എന്ന്! ഭാര്യയും കുഞ്ഞുങ്ങളുമുള്ള ആളാണെന്നതും അവനെനിയ്ക്ക് കൂട്ടുകാരൻ മാത്രമാണെന്നതുമൊക്കെ വെള്ളപ്പുറത്ത് അവൻ മറന്നു പോയിരുന്നു!

അമ്മയോട് ഞാനിക്കാര്യം പറഞ്ഞിരുന്നു. എങ്കിലും അവനെ ഇരുത്തിക്കൊണ്ട് ഒന്ന് ‘ആക്കാൻ’ ഒരു അവസരം കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. അവനങ്ങനെ അവിടെയിരുന്ന് വളയുന്നത് കണ്ടപ്പോൾ ഞങ്ങളെല്ലാം കൂട്ടത്തോടെ ചിരിച്ചു. ‘എന്നാലും, ഇമ്മാതിരിയൊരു ചെയ്ത്ത് എന്നോട് വേണ്ടായിരുന്നു അനൂ... വെള്ളപ്പുറത്ത് പറഞ്ഞ ഒരു അബദ്ധമല്ലായിരുന്നോ അത്?’ എന്നവൻ പിന്നീട് ഞങ്ങൾ മൂന്ന് പേർ മാത്രമായപ്പോൾ ചോദിച്ചു. ‘ഇനി നീ വെള്ളപ്പുറത്തങ്ങനെ പറയരുത്. അതിനിത് ഓർമ്മയുണ്ടായിരിക്കണം’ എന്ന് പറഞ്ഞ് ഞാനത് ലഘൂകരിച്ചു. അമ്മ് എന്ത് പറഞ്ഞു എന്ന് അവൻ അഭിപ്രായമൊന്നും ചോദിച്ചില്ല എങ്കിലും പിന്നീട് അവൻ വിളിച്ചപ്പോൾ അമ്മയുടെ അഭിപ്രായം അതേ പടി ഞാനവനോട് പറഞ്ഞു. ഒട്ടും വെള്ളം ചേർക്കാതെ.

പക്ഷേ വെള്ളം ചേർത്ത് ഒരാളോട് അമ്മയുടെ അഭിപ്രായത്തെ കുറിച്ച് പറയേണ്ടി വന്നു. പിന്നീടൊരു സുഹൃത്ത് അമ്മയെ കാണാൻ വീട്ടിൽ വന്ന സന്ദർഭത്തിൽ. അയാളും വന്നത് അസുഖമായി കിടക്കുന്ന അമ്മയെ കാണാനായിരുന്നു. കൂട്ടുകാരനൊപ്പം. അയാൾ ആദ്യമായി എന്നെ നേരിൽ കാണുന്നു എന്ന കാര്യവുമുണ്ടായിരുന്നു അതിൽ. വയ്യാത്ത അമ്മയെ ആശുപത്രിയിൽ ഏല്പ്പിച്ച് അയാളെ കാണാൻ ഒരു രാത്രിയോളം ട്രെയിൻ യാത്രാദൂരമുള്ള ഇടത്തേയ്ക്ക് അയാളെ കാണാൻ ചെല്ലാൻ അയാൾ നിർബന്ധിച്ചതായിരുന്നു. ‘താങ്കളെ കാണാൻ എനിയ്ക്കത്ര മുട്ടില്ല. എന്റെ അമ്മയെ വല്ലോരേം ഏല്പ്പിച്ച് ഞാനെന്റെ കാമുകനാണെങ്കിൽ പോലും പോകില്ല. പിന്നെയല്ലേ നിങ്ങൾ?!’ എന്ന് ഞാൻ ഉത്തരം പറഞ്ഞു. ഏതൊക്കെയോ ‘അടുക്കള’ക്കൂട്ടങ്ങളിൽ, അയാൾ എന്റെ കാമുകനാണെന്ന ഒരു കഥ പരക്കുന്നുണ്ടായിരുന്നത് ഞാനറിയുന്നുണ്ടായിരുന്നു അന്നൊക്കെ. അണുവിട തെറ്റാതെ ഇതൊക്കെ ഞാനെന്റെ അമ്മയോടും പറയുന്നുണ്ടായിരുന്നു.

‘നിങ്ങൾക്ക് എന്നെ കാണണമെന്നുണ്ടെങ്കിൽ വേണേൽ എന്റെ വീട്ടിലോട്ട് പോരെ. അവിടെ എന്റെ അമ്മയും ഞാനുമുണ്ട്.’ എന്ന് പറഞ്ഞു ഞാൻ.

അങ്ങനെയൊരു ദിവസം അയാളും കൂട്ടുകാരനും ചേർന്ന് വീട്ടിലെത്തി. “അമ്മേ... ഇതാണ്‌ ... എന്റെ ഹാമുഹൻ” എന്ന് പറഞ്ഞ് അമ്മയ്ക്ക് ഞാൻ പരിചയപ്പെടുത്തി. അമ്മ അയാളോട് സൗഹൃദത്തോടെ സംസാരിച്ചു. കുറച്ചുസമയം കഴിഞ്ഞ് അയാൾ പോയി.

വൈകീട്ട് അയാൾ എന്നെ വിളിച്ചു ചോദിച്ചു “അമ്മ എന്നെ കുറിച്ച് എന്ത് പറഞ്ഞു?”

“അമ്മ നല്ലതാ പറഞ്ഞത്. നല്ല പെരുമാറ്റമുള്ള ആൾ എന്ന് പറഞ്ഞു” ഞാനയാൾക്ക് മറുപടി കൊടുത്തു.

എന്നാൽ സത്യം അങ്ങനല്ലായിരുന്നു എന്ന് ഇപ്പോഴെങ്കിലും പറയണം എന്നൊരു തോന്നൽ. ഇപ്പോൾ അയാൾ എന്റെ സൗഹൃദവൃത്തത്തിലില്ല. അതുകൊണ്ട് തന്നെ പറയാമെന്ന് തോന്നുന്നു. അയാളറിയില്ല എന്നൊരു തോന്നലിൽ.

ചിലരെ സന്തോഷിപ്പിക്കാൻ ചില കുഞ്ഞു നുണകൾക്കാകുമെങ്കിൽ, നുണ പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളായതുകൊണ്ട് മാത്രമാണ്‌ ഞാനന്ന് അയാളോടങ്ങനെ പറഞ്ഞത്. ഇന്നും അതിൽ മനഃസാക്ഷിക്കുത്തൊന്നുമില്ല. പക്ഷേ ചെറിയൊരു കുറ്റബോധണ്ടോ​‍ാന്നൊരു.. 

“മേലാൽ ഇത്തരം ആൾക്കാരെ വീട്ടിൽ കേറ്റിയേക്കരുത്. നിന്റെ സുഹൃത്തായതുകൊണ്ട് മാത്രമാ ഞാനിന്ന് ക്ഷമിച്ചത്. പക്ഷേ ഇനി അങ്ങനൊന്നുണ്ടാകുമെന്ന് നീ പ്രതീക്ഷിക്കണ്ട. കുറുക്കന്റെ മുഖഭാവമാ അയാൾക്ക്” അരിശത്തോടെ അമ്മ പറഞ്ഞു നിർത്തിയത് ഇങ്ങനെയായിരുന്നു. പക്ഷേ എനിയ്ക്കത് അയാളോട് എങ്ങനെ പറയാനൊക്കും?! അതുകൊണ്ട് ഞാൻ ചെറുതായൊരു നുണ പറഞ്ഞു. അതിന്റെ പുറകെ പിന്നെ വന്ന പുകിലുകൾ ധാരാളമായിരുന്നു എങ്കിലും ഇതായിരുന്നു എന്റെ അമ്മയുടെ മനസ് എന്നത് എനിയ്ക്കറിയാവുന്നതുകൊണ്ട് ഒന്നും എന്നെ ബാധിച്ചില്ല.



ആർത്തവം

സസ്തനികളായ ജീവികൾക്കെല്ലാം ആർത്തവം ഉണ്ടാകും എന്ന് വായിച്ചറിവുണ്ട്. പണ്ട്, കുട്ടിക്കാലത്ത്, വീട്ടിൽ പൂച്ചകളുണ്ടായിരുന്നപ്പോൾ അതൊന്നും ശ്രദ്ധിച്ചിട്ടേയില്ലായിരുന്നു. അതിനുള്ള ബോധവും വിവരവും ഒന്നുമില്ലായിരുന്നു എന്ന് പറയുന്നതാണ്‌ ശരി.
കഴിഞ്ഞകൊല്ലം, ബംഗളൂരുവിലെ വാടക വീട്ടിൽ ഒരു പൂച്ചപ്പെണ്ണ്‌ വന്നുകയറി. ആദ്യമാദ്യമൊന്നും പ്രത്യേകിച്ചൊരു ശ്രദ്ധയും കൊടുത്തിരുന്നില്ല. കഴിഞ്ഞ രണ്ട് മൂന്ന് മാസമായി, അവൾക്ക് എല്ലാ മാസവും ഒരു രണ്ട് മൂന്ന് ദിവസം വല്ലാത്ത ക്ഷീണവും ഉറക്കവും ശ്രദ്ധയിൽ പെട്ടു. ആ ദിവസങ്ങളിൽ അവൾ അന്തം വിട്ടുറങ്ങും. ഒരു ചെറിയ ശബ്ദം കേട്ടാൽ പോലും ഉണരുന്നവയാണ്‌ പൂച്ചകൾ എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഈ ദിവസങ്ങളിൽ അവളുടെ ‘പൂച്ചയുറക്കത്തിന്റെ’ ഒരു വസ്തുതയും കണ്ടില്ലായിരുന്നു. എത്ര വലിയ ശബ്ദം കേട്ടാലും ഉണരാതെ അവൾ ആഴത്തിൽ, അത്രമേൽ ക്ഷീണിതയായി ഉറങ്ങി!
കഴിഞ്ഞ മാസമാണ്‌ തറയിൽ അവിടവിടെയായി രക്തത്തുള്ളികൾ ശ്രദ്ധിച്ചത്. കഴിഞ്ഞ മാസം 14-15-നായിരുന്നു അത്. ആ ദിവസം ഞാൻ ഓർത്തുവെച്ചു. അടുത്ത മാസവും ഇങ്ങനെയുണ്ടാകുമോ, പൂച്ചകളുടെ ആർത്തവചക്രം എത്ര ദിവസമായിരിക്കും എന്നൊക്കെയുള്ള സംശയങ്ങളോടെ.
ഈ മാസം നാലാം തിയതി മുതൽ അവൾക്ക് ക്ഷീണം തുടങ്ങി. ഉറക്കത്തോടുറക്കം. എട്ടാം തിയതി മുതൽ അവളിരിക്കുന്നിടത്ത് രക്തത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഏകദേശം, മനുഷ്യന്റെ പോലെ തന്നെയാണ്‌ പൂച്ചയുടെയും ആർത്തവചക്രം എന്ന് മനസിലായിത്തുടങ്ങി. ഇന്നലെ, തറയിൽ കൊഴുത്ത രക്തം കണ്ടപ്പോൾ ഞാനവളെ പരിശോധിച്ചു. ആർത്തവം തന്നെയാണോ അതോ മറ്റ് വല്ല അസുഖവുമാനോ എന്നറിയുകയായിരുന്നു ഉദ്ദേശം. അവളുടെ യോനിയിൽ നിന്നും രക്തമൊഴുകുന്നത് ഞാൻ കണ്ടു.




ഇന്ന് രാവിലെ നോക്കിയപ്പോൾ രക്തമൊഴുക്ക് കൂടുതലാണ്‌. ഇന്നോ നാളെയോ കൂടി അതുണ്ടാകും എന്നാണ്‌ നിഗമനം.

എലിയും അണ്ണാറക്കണ്ണനുമടക്കം സസ്തനികളായ സകലമാന പെൺ ജീവികൾക്കും ആർത്തവം എന്നത് ഉണ്ട്. അണ്ണാനും എലിയും പൂച്ചയുമൊക്കെ അമ്പലങ്ങളിലും കയറിയിറങ്ങുന്നുണ്ടാകാം. (ബംഗളൂരുവിൽ പട്ടിയടക്കം അമ്പലത്തിൽ കയറും. ആർക്കും അതിൽ പരാതിയില്ല. അവറ്റയും ദൈവത്തിന്റെ സൃഷ്ടികൾ എന്നാണിവിടെയുള്ളവർ ചിന്തിക്കുന്നത്). ചുരുങ്ങിയത്, അമ്പലപരിസരത്തുള്ള എലിയെങ്കിലും അതിന്റെ ഭക്ഷണാവശ്യത്തിനായി അമ്പലത്തിനകത്ത് കയറുന്നുണ്ടാകാം. അതിപ്പം, ലോക്കൽ അമ്പലമാണെങ്കിലും ശബരിമലയാണെങ്കിലും ഗുരുവായൂരാണെങ്കിലും! ദൈവം എന്നൊന്നുണ്ടെങ്കിൽ, അതൊക്കെ മൂപ്പര്‌ അറിയുന്നുമുണ്ടാകും!
ഈ ജീവികൾക്കൊന്നുമില്ലാത്ത അശുദ്ധി എങ്ങനെ മനുഷ്യകുലത്തിലെ സ്ത്രീജന്മങ്ങൾക്ക് മാത്രം വന്നു?! ആരാണത് കല്പ്പിച്ചു നല്കിയത്? എന്നുമുതലാണ്‌ മനുഷ്യകുലത്തിലെ സ്ത്രീ ജന്മങ്ങളുടെ ആർത്തവം അശുദ്ധിയായത്? ഏത് ദൈവമാണ്‌ ആർത്തവം അശുദ്ധിയാണെന്നും ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്നും പറഞ്ഞത്?
മനുഷ്യസ്ത്രീകളുടെ ആർത്തവരക്തത്താൽ അശുദ്ധരാകുന്ന ദൈവങ്ങൾ മൃഗങ്ങളിലെ ആർത്തവരക്തത്താൽ അശുദ്ധരാക്കപ്പെടുന്നില്ലേ? പിന്നെന്ത് കണ്ടിട്ടാണീ മനുഷ്യക്കോമരങ്ങൾ തുള്ളുന്നത്?!!

ഓർമ്മകൾ

റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ കാര്യം വായിച്ചപ്പോഴാണ്‌ പണ്ട് എനിയ്ക്കുണ്ടായ അനുഭവം ഓർമ്മ വന്നത്.
അന്ന് എനിയ്ക്ക് ഏഴോ എട്ടോ വയസ്സേ ഉണ്ടാകൂ. കയ്യിലുണ്ടായിരുന്ന ഗോലിക്കായ (അരീസ് കായ) വായിലിട്ട് ഉഴറ്റി നടക്കുന്നതിനിടയിൽ അത് തെരുപ്പിൽ കയറി. ശ്വാസം കിട്ടാതെ അമ്മയെ കെട്ടിപ്പിടിച്ചു. എന്റെ കയ്യിലുണ്ടായിരുന്ന അരീസ് കായ കാണാതായപ്പോ തന്നെ അമ്മയ്ക്ക് കാര്യം മനസിലായി. പക്ഷേ അമ്മ എന്ത് ചെയ്യാൻ?! ഒരു പറമ്പിനപ്പുറത്തുള്ള പുഷ്പേച്ചിയെ ഉറക്കെ വിളിച്ചു അമ്മ. എനിയ്ക്കാണെങ്കിൽ വാ തുറന്ന പടി, ശ്വാസം കിട്ടാതെ കണ്ണൊക്കെ തള്ളി തള്ളി വരുന്നു. ആ അവസ്ഥ ഇന്നും എനിയ്ക്കോർമ്മയുണ്ട്. കണ്ണിൽ നിന്നും കുടുകുടാ വെള്ളം ചാടുന്നുണ്ട്. അതിനൊപ്പം തന്നെ എന്റെ കണ്ണുകൾ തുറിച്ചു വരുന്നതും ശ്വാസം കിട്ടാതെയുള്ള ആ പിടച്ചിൽ നെഞ്ചിൽ ഏറിവരുന്നതും...
പുഷ്പേച്ചി വിളി കേട്ട് ഓടി വരുന്ന സമയമാകുമ്പോഴേക്കും എന്റെ കാറ്റങ്ങ് മേലോട്ട് പോകും എന്നതുറപ്പാണ്‌.
എന്തുകൊണ്ടോ, എന്റെ അവസ്ഥ കണ്ടിട്ട് അമ്മയ്ക്ക് എന്റെ നെറുകം തലയിൽ അധികം ശക്തമല്ലാതെ, എന്നാൽ തീരെ ദുർബലമല്ലാതെ, കൈപ്പത്തി കുമ്പിളു പോലെയാക്കി തട്ടാൻ തോന്നി. തുറന്നു വെച്ച വായിൽ നിന്നും അരീസ് കായ പുറത്തേയ്ക്ക് തെറിച്ചു.
ഹൊ! അപ്പോൾ കിട്ടിയ ഒരാശ്വാസം! പക്ഷേ ഇന്ന് ചിലപ്പോഴൊക്കെ ഓർക്കും, അന്നങ്ങ് തട്ടിപ്പോയാൽ മതിയാരുന്നു എന്ന്!
അതുപോലെ തന്നെ മറ്റൊരു അനുഭവമുണ്ടായതിലെ കഥാപാത്രവും ഞാൻ തന്നെ. പക്ഷേ വില്ലത്തിയായിരുന്നു എന്ന് മാത്രം. അമ്മ തറവാട്ടിൽ പോയിരിക്കുന്നു. കൂടെ ഞാനും രണ്ടാമത്തെ ഏട്ടനും ഉണ്ട്. കൂട്ടം കൂടി വർത്തമാനം പറയുന്ന അമ്മയുടെ മടിയിൽ ഏട്ടൻ കിടക്കുന്നു. അഞ്ചോ ആറോ വയസ്സായ ഞാൻ നിലത്തൊക്കെ ചുമ്മാ പരതി നടക്കുന്നു. എന്തിനെന്ന് ചോദിച്ചാൽ, വെറുതെ. ഒരു രസത്തിന്‌ എന്നേ പറയാനുള്ളു. വല്ല്യവരുടെ സംസാരം ശ്രദ്ധിക്കുന്ന സ്വഭാവം ഇല്ല, അന്നും ഇന്നും. അപ്പോൾ എന്തെങ്കിലുമൊക്കെ ടൈം പാസ് വേണ്ടേ!!
അങ്ങനെ പരതി നടക്കുമ്പോൾ ഒരു ബാൾസ് കിട്ടി. ബെയറിംഗിനൊക്കെ ഉപയോഗിക്കുന്ന ചെറിയ സാധനം. അത് കിട്ടിയ സ്ഥിതിയ്ക്ക് എവിടെയെങ്കിലുമൊക്കെ നിക്ഷേപിക്കണ്ടേ?! അതിനായി നോക്കിയപ്പോൾ കണ്ടത് അമ്മയുടെ മടിയിൽ കിടക്കുന്ന ഏട്ടന്റെ ചെവി! ഒന്നും നോക്കിയില്ല, അവിടെ തന്നെ നിക്ഷേപിച്ചു. ഞാനാരാ മോള്‌!!
ചെവിയിൽ ബോൾസ് പോയ ഏട്ടൻ പരാക്രമമടിക്കാൻ തുടങ്ങി. കിടന്നിടത്ത് കിടന്ന് പിടയുന്ന ഏട്ടനെ കൗതുകത്തോടെ നോക്കി ഞാനും ഇരുന്നു. വർത്തമാനത്തിൽ മുഴുകിയിരുന്ന അമ്മ ഇതൊന്നും അറിയുന്നില്ലായിരുന്നു. ഏട്ടന്റെ പരാക്രമം സംസാരത്തിന്‌ അലോസരമായപ്പോൾ “അടങ്ങിയിരിക്ക്” എന്നും പറഞ്ഞ് അമ്മ ഏട്ടന്റെ തുടയിൽ ഒറ്റയടി! ചെവിയിലെ ബോൾസ് പുറത്തേയ്ക്ക് തെറിച്ചു. അത് തെറിച്ചു വീണപ്പോൾ മാത്രമാണ്‌ ഇങ്ങനെയൊരു സംഭവം കൊണ്ടാണ്‌ ഏട്ടൻ പരാക്രമമടിച്ചിരുന്നത് എന്ന് അമ്മ മനസിലാക്കിയത്. പിന്നെ അതെവിടന്ന് വന്നു എന്ന ചോദ്യമായി, അതിനുള്ള ഉത്തരമായി. വില്ലത്തിയെ കയ്യോടെ പിടി കൂടി. സത്യം പറഞ്ഞാൽ ശിക്ഷയ്ക്ക് ഇളവുണ്ട് എന്ന ഓഫറുള്ളതിനാൽ ശിക്ഷയൊന്നും കിട്ടിയില്ല.