പേജുകള്‍‌

2019, ജനുവരി 10, വ്യാഴാഴ്‌ച

വീട്ടുകാരിയായ അതിഥി

പുതിയ വീട്ടിലേയ്ക്ക് മാറിയതിനു ശേഷം ആദ്യമായി നാട്ടിൽ പോയി തിരികെ വന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു ഞാനന്ന്. നാട്ടിൽ നിന്നും അമ്മയുണ്ടാക്കി തന്നുവിട്ട മീൻ കറിയും കൂട്ടി രുചിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ്‌ പെട്ടന്ന് കിടപ്പു മുറിയുടെ വാതില്ക്കൽ നിന്നും ഒരു ചോദ്യം “നീയേതാടീ പെണ്ണേ.. നിന്നെ ഇവിടെങ്ങും മുൻപ് കണ്ടിട്ടില്ലാലോ?”

പെട്ടന്നുള്ള ചോദ്യമായതുകൊണ്ട് ഒന്നമ്പരന്നു. ആളെ നോക്കിയപ്പോൾ ഒരു പൂച്ചക്കുറുഞ്ഞ്യാരാണ്‌. 

“ഞാൻ... ഞാൻ.. ഇവിടെ പുതുതായി താമസം മാറി വന്നതാ”

“നിന്നെ വിശ്വസിക്കാൻ കൊള്ളാമോ?”

“അതിപ്പോ... ഞാനെന്ത് പറയാനാ?”

“നീയെന്തൂട്ടാ കഴിക്കുന്നെ? ഇത്തിരിയിങ്ങ് തന്നേ.. വിശന്നിട്ട് കണ്ണുകാണാൻ വയ്യ!”

“ഓ.. ശരി. ഇപ്പോ തരാം”

ഞാൻ ഉണ്ണുന്നത് നിർത്തി വേഗം ഒരു പാത്രം തപ്പിയെടുക്കാൻ അടുക്കളയിലേയ്ക്ക് നീങ്ങി. അടുക്കളയുടെ വാതിലും കിടപ്പുമുറിയുടെ വാതിലും അടുത്തടുത്തായതുകൊണ്ട്, എന്റെ വരവ് കണ്ട് മൂപ്പത്ത്യാരൊന്ന് പേടിച്ചെന്ന് തോന്നുന്നു. വേഗം കട്ടിലിന്റെ കീഴിലേയ്ക്ക് മാറി. ഞാൻ ഒരു പാത്രമെടുത്ത് അതിലേക്കിത്തിരി ചോറുമിട്ട് കിടപ്പു മുറിയുടെ വാതില്ക്കലേയ്ക്ക് നീക്കി വെച്ച് തിരികെ വന്നിരുന്ന് എന്റെ ഭക്ഷണം കഴിപ്പ് തുടങ്ങി.

അന്നേരം അവളും പമ്മി പമ്മി വന്ന് കഴിപ്പ് തുടങ്ങി. 

ആസ്വദിച്ചുള്ള ഭക്ഷണം കഴിപ്പിനിടയിൽ, ഇങ്ങനൊരാൾ വന്ന് ചോറുണ്ണുന്ന കാര്യം ഞാൻ  മറന്നിരുന്നു. അവളാണെങ്കിൽ അവൾക്ക് കിട്ടിയതും കഴിച്ചുതീർത്ത് കിടപ്പുമുറിയുടെ വാതില്ക്കൽ തന്നെ വിശ്രമിക്കാനുമിരുന്നു.  ഊണും കഴിഞ്ഞ് ഞാൻ കൈ കഴുകാനെണീറ്റപ്പോൾ മൂപ്പത്ത്യാര്‌ പിന്നേം പേടിച്ചു. പിന്നെ നോക്ക്യപ്പോൾ ആലാ പരിസരത്ത് പോലുമില്ല. കിടപ്പുമുറിയുടെ ജനലു വഴി ചാടിയോടി മറഞ്ഞു. 
അന്നേരമാണ്‌ വന്ന് കുറച്ചുനാൾ മുതൽ എന്റെ മനസിലുണ്ടായിരുന്ന ഒരു സംശയം മാറി കിട്ടിയത്. ജനലിന്റെ താഴെയുള്ള ചുമരിൽ കുഞ്ഞു കൈ കൊണ്ട് വരച്ച പോലെ രണ്ട് മൂന്ന് പാടുകളുണ്ടായിരുന്നു. പൊടിയാൽ വന്ന പാട്. അതെങ്ങനെ വന്നു എന്ന് ഞാൻ കുറേ കാലം ആലോചിച്ചു നടന്നിരുന്നു. എന്റെ തന്നെ കൈവിരൽ പാടായിരിക്കും എന്ന് ഒടുവിൽ ചിന്തിച്ച് ഞാനതങ്ങ് വിട്ടുകളഞ്ഞു. ഇവളുടെ ഓടി മറയൽ കണ്ടപ്പോഴാണ്‌ അതവളുണ്ടാക്കിയ പാടുകളാണെന്ന് മനസിലായത്. രാത്രി ഞാനുറങ്ങുമ്പോഴും പകൽ ഞാൻ വീട്ടിലില്ലാത്തപ്പോഴുമൊക്കെ അവളുടെ പോക്കുവരവുണ്ടായിരുന്നു എന്ന് ഞാനന്ന് മനസിലാക്കി.

അന്നത്തെ പോക്കിനു ശേഷം പിന്നെ ഞാനവളെ കാണുന്നത് ഒരു ദുഃസ്വപ്നത്തിന്റെ പിന്നാലെയാണ്‌. ഏതോ ഒരു ഭീകരസാന്നിധ്യത്തിന്റെ സന്നിവേശം ഒരു രാത്രിയുടെ ഉറക്കത്തിൽ ഞാനനുഭവിച്ചതിന്റെ പിറ്റേന്ന് രാവിലെ അപ്പുറത്തെ മുറിയിൽ നോക്കിയപ്പോളുണ്ട് മൂപ്പത്ത്യാരവിടെ വിരിച്ചിട്ട കിടക്കയിൽ നിന്ന് ആ മുറിയുടെ ജനൽ വഴി ചാടിയോടുന്നു!!

വേഗം തന്നെ ആ മുറിയിലെ കിടക്ക ചുരുട്ടി വെച്ചു. പിന്നെ കുറേ നാളേയ്ക്ക് അവളെ കണ്ടില്ല.

പിന്നൊരു ദിവസം, രാത്രിയിൽ മുറിയിലെന്തോ ശബ്ദം കേട്ടപ്പോൾ കണ്ണ്‌ തുറന്ന് നോക്കിയെങ്കിലും ഒന്നും കാണാനൊത്തില്ല. വീണ്ടും ഞാൻ മയക്കത്തിലേയ്ക്ക് വീണപ്പോൾ പിന്നെയും ശബ്ദം. പ്രേതകഥ എഴുതാനുള്ള ത്വരയുമായി നടക്കുന്ന കാലമായിരുന്നു അത്. ഉള്ളിലൊരു ഭയം അറിയാതെ കയറി. അരണ്ട വെളിച്ചത്തിൽ, ശബ്ദം വന്നതെവിടെ നിന്നെന്ന് നോക്കുന്നതിനിടയിൽ കുറച്ചു തുറന്ന് കിടന്നിരുന്ന അലമാരയുടെ വിടവിൽ രണ്ട് കണ്ണുകൾ. കിടുങ്ങി വിറച്ചുപോയി. പിന്നെയും നോക്കിയപ്പോൾ ഒരു കുഞ്ഞുമുഖം. “ഹൊ!! നീയാരുന്നോ? ഓഡ്രീ​‍ീ​‍ീ...” എന്ന് ഞാൻ പറഞ്ഞതും അവൾ ജനൽ വഴി ചാടിയോടി. 


ഹാളിലെ ജനാലയ്ക്കരികിലുള്ള ഇരിപ്പിടത്തിലിരുന്ന് ജോലി ചെയ്യുമ്പോഴാണ്‌ അപ്പുറത്തെ പണി തീരാത്ത വീടിന്റെ അരമതിലിൽ വന്നിരുന്ന് ഒരു ദിവസം അവളുടെ വിളി. “പെണ്ണേ... വല്ലതും തിന്നാനുണ്ടോടീ? വിശന്നിട്ട് വയ്യ!” 


ഞാൻ വേഗം പോയി അടുക്കളയിൽ നിന്നും ഒരു കഷ്ണം ബ്രഡെടുത്തുകൊണ്ടു കൊടുത്തു. അവളത് വേഗം കഴിച്ച് തീർത്ത് എങ്ങോട്ടൊ പ്പോയി. പിന്നെ കുറച്ചുനാളെയ്ക്ക് അവളെ കണ്ടില്ല. 

ഒരു രാത്രി, 12 മണി കഴിഞ്ഞു കാണും. ഞാൻ ചുമ്മാ വരാന്തയിൽ നിന്ന്, താഴത്തേയ്ക്ക് നോക്കി നിൽക്കെ, റോഡിലുണ്ടായിരുന്ന ഒരു നായ പെട്ടന്ന് കുരച്ചുകൊണ്ട് അവിടെയുള്ള ഷീറ്റിട്ട വീടിന്റെ കോമ്പൗണ്ടിലേയ്ക്ക് ഓടി വരുന്നു. നോക്കിയിട്ടാണേൽ ഒന്നും കാണുന്നില്ല. തെരുവു വിളക്കിന്റെ വെളിച്ചമുണ്ടെങ്കിലും നിഴലിനായിരുന്നു ആധിക്യം. നായയാണെങ്കിൽ ഒരു സ്ഥലത്തേയ്ക്ക് തന്നെ നോക്കി നിന്ന് കുരയ്ക്കുകയും അവിടെ തന്നെ നിൽപ്പൊരുങ്ങിയില്ലാതെ ഓടിനടക്കുകയും ചെയ്യുന്നുണ്ട്. എന്റെ ആകാംക്ഷ വർദ്ധിച്ചു. സംഭവം എന്താണെന്നറിയണമല്ലോ. വല്ല പ്രേതമോ മറുതയോ ആണോ എന്നറിയണ്ടേ!! ഞാനും അങ്ങോട്ട് നോക്കി നിൽപ്പായി. ഇരുട്ടിൽ എന്തോ സാവകാശം അനങ്ങുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ, നമ്മുടെ കഥാപാത്രമാണ്‌. അവൾ പതുക്കെ പതുക്കെ അടി വെച്ചടിവെച്ച് ഷീറ്റിന്റെ മുകളിലൂടെ അപ്പുറത്തെ വീടിന്റെ ചുവരിന്റെ ഓരം പറ്റി ഒരിടത്തിരുന്നു. നായയാണെങ്കിൽ കക്ഷി പോയതൊന്നും അറിയാതെ നേരത്തേ നോക്കി കുരച്ച ഭാഗത്ത് തന്നെ കുറേ നേരം മണ്ടി നടന്നു. 

ഞാൻ മേലെ നിന്ന് ‘ശൂ ശൂ’ എന്ന് ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധയാകർഷിച്ചു. അവൾ എന്നോട് ‘മിണ്ടല്ലേ’ എന്ന് ആംഗ്യം കാണിച്ച് കണ്ണടച്ചു കാണിച്ചു. ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഇനിയവൾ എന്ത് ചെയ്യും എന്നറിയാനായി നോക്കി നിൽ പ്പ് തുടർന്നു. നായയാണെങ്കിൽ കുറേ നേരം അവിടെ തന്നെ ചുറ്റിപ്പറ്റി നടന്ന് മടങ്ങിപ്പോയി. നായ പോകുന്നതൊക്കെ സുരക്ഷിതമായ സ്ഥാനത്തിരുന്ന് അവൾ നോക്കിക്കാണുന്നുണ്ടായിരുന്നു. എന്നിട്ടും ഒരുറപ്പിന്‌ പിന്നെയും കുറേ നേരം അവൾ അവിടെ തന്നെയിരുന്നു. ആപത്തുകളൊന്നും ഇല്ല എന്ന് വിശ്വാസമായപ്പോൾ അവളവിടെ നിന്ന് നടന്ന് മറഞ്ഞു. ആശ്വാസത്തോടെ ഞാൻ കിടക്കാനും പോന്നു.



പിന്നീട് ഇടയ്ക്കിടെ അവൾ വിശക്കുമ്പോഴൊക്കെ എന്റെ ജനലരുകിൽ വന്ന് ചോദ്യമായി. ഞാൻ അവൾക്കായി കരുതി വെച്ച ബ്രഡ് എടുത്ത് കൊടുക്കുകയും ചെയ്തു. പക്ഷേ രണ്ട് മാസത്തിനു മേലെ കുറേ ദിവസങ്ങൾ അവളെ കാണാതായപ്പോൾ എനിയ്ക്കെന്തോ ഒരു വിഷമം. പണി തീരാത്ത വീട്ടിൽ പണിയെടുക്കാനായി കുറച്ചാളുകൾ അക്കാലമൊക്കെയും അവിടെയുണ്ടായിരുന്നു. അതായിരുന്നു അവളുടെ തിരോധാനത്തിന്റെ കാരണവും. അവളെ വല്ലാതെ മിസ്സ് ചെയ്യാൻ തുടങ്ങിയിരുന്നു ഞാൻ എന്നതായിരുന്നു സത്യം. പണിയെടുക്കാൻ വന്നവർ പണിയൊക്കെ നിർത്തി പോയിട്ടും അവൾ മാത്രം വന്നില്ല. എന്തുപറ്റിയോ എന്തോ എന്നുള്ള ചോദ്യം മനസിനെ അലട്ടിക്കൊണ്ടേയിരുന്നു. ഇനി വല്ല നായയും പിടിച്ച് കുടഞ്ഞുകാണുമോ, വല്ല വണ്ടിയ്ക്കടിയിലും പെട്ടുകാണുമോ.. എന്നിങ്ങനെ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ കറങ്ങി.

അങ്ങനെയിരിക്കെ പെട്ടന്നൊരു ദിവസം ജനലരികിലെ അര മതിലിൽ പ്രത്യക്ഷപ്പെട്ടു. “ഇവിടെ അപ്പ്ടി തിരക്കല്ലാരുന്നോടീ.. അതാ ഞാൻ വരാഞ്ഞെ. വല്ലോം തന്നേ നീ.. വിശക്കുന്നു!” 

വേഗം പോയി ഒരു കഷ്ണം കേക്കെടുത്ത് കൊണ്ടു കൊടുത്തു. അതൊരു ചെറിയ കഷ്ണമായിരുന്നു. വേഗം തിന്നുതീർത്ത് അവൾ വീണ്ടും അരമതിൽ കയറിയിരുന്ന് “ഒരു പീസ് കൂടി താടീ... വയറു നിറഞ്ഞില്ല” എന്ന്.

ഞാൻ പിന്നെയും പോയി ഒരു കഷ്ണം കൂടി എടുത്ത് കൊടുത്തു. അതും കഴിച്ച് അവളങ്ങ് പോയി. പിറ്റേന്നും അതിന്റെ പിറ്റേന്നും അങ്ങനെ എന്നും അവൾ വന്നു. ഒടുവിലൊടുവിലായപ്പോൾ ഞാൻ ജനലരികിലിരുന്ന് പണിയെടുക്കും സിനിമ കാണും ടി വി കാണും, അവൾ അരമതിലിൽ തന്നെ കിടന്ന് നല്ല ഉറക്കവും പാസ്സാക്കും. അഞ്ച് മണിയ്ക്ക് ഞാൻ നടക്കാൻ പോകാനായി ജനലടയ്ക്കുമ്പോൾ അവളും എണീറ്റ് അവൾടെ വഴിക്ക് പോകും. ഉച്ച നേരത്ത് വന്നിരുന്ന അവൾ പിന്നെ രാവിലെയും വന്നിരുപ്പ് തുടങ്ങി. അതിനിടയിൽ അവൾ അരമതിലിൽ നിന്നും ചാടി എന്റെ ജനലരുകിൽ വന്നിരുന്ന് കഴിപ്പ് തുടങ്ങിയിരുന്നു. എങ്കിലും അവൾക്കെന്നെ പൂർണ്ണ വിശ്വാസം വന്നിട്ടില്ലായിരുന്നു. തലയിൽ തൊടാനെങ്ങാൻ ഞാൻ കൈ നീട്ടിയാൽ അവൾ തിരികെ അരമതിലിലേയ്ക്ക് ചാടും. അങ്ങനെ അങ്ങോട്ട് ചാടിയും ഇങ്ങോട്ട് ചാടിയും ഞാൻ കൊടുത്തതൊക്കെ കഴിച്ചും വേണ്ടാന്ന് പറഞ്ഞും രണ്ടാഴ്ചയോളം കടന്നു പോയി.  കൊടുത്ത് കൊടുത്ത് കേക്കും ബ്രഡും അവൾക്ക് മട്ടി. എന്റേലുള്ള സ്റ്റോക്കും തീർന്നു. ഇന്നലെ ബാക്കിയുണ്ടായിരുന്ന ഒരു ബ്രെഡ് കൊടുത്തപ്പോൾ “നഹീന്ന് പറഞ്ഞാ നഹീ” എന്നും പറഞ്ഞ് അവൾ മുഖം തിരിച്ചു. 


ഇന്ന് രാവിലെ അവൾ വന്നപ്പോൾ “എന്റേലൊന്നുമില്ല തരാൻ. നിനക്ക് ബ്രഡും കേക്കും പിടിക്കൂലാലോ” എന്ന് ഞാൻ പരിഭവം പറഞ്ഞു. 
“എന്നാ ഞാൻ പോകുകാ”ന്നും പറഞ്ഞ് അവൾ പോയി. 

ഒന്ന് രണ്ടാളുകളെ കാണാനുണ്ടായിരുന്നതുകൊണ്ട് ഉച്ചയോടു കൂടെ ഞാനും വീട്ടിൽ നിന്നിറങ്ങി. തിരികെ വന്നത് അഞ്ച് മണി കഴിഞ്ഞിട്ടാണ്‌. ഒരു ഏഴ് മണിയായപ്പോൾ അവൾ അരമതിലിൽ വന്നിരിപ്പായി. ഞാനവൾക്കായി കുറച്ച് പാലെടുത്ത് വെച്ചിരുന്നു. അവളെ കണ്ടതേ വേഗമൊരു പാത്രത്തിൽ അതെടുത്ത് ജനലരികിൽ കൊണ്ടു വെച്ചു. ജനലരികിലേയ്ക്ക് വേഗം ചാടി വന്ന് അവൾ പാല്‌ കുടിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ആ പാത്രമെടുത്ത് അകത്തേയ്ക്ക് കൊണ്ടു വന്നു. പാലിന്റെ രുചിയിൽ അവൾ പിന്നാലെ വന്നു. പാത്രം വെച്ച് ഞാൻ വീണ്ടും വന്നിരുന്ന് എന്റെ ജോലി ചെയ്തു. അതിനിടയിൽ അവൾ ആ പാലൊക്കെ കുടിച്ചു തീർത്തു. ഞാനിടയ്ക്കെഴുന്നേറ്റ് അകത്തേയ്ക്ക് പോയപ്പോഴൊന്നും മൂപ്പത്ത്യാർക്ക് ഒരു മൈന്റുമില്ല. പിന്നെ ഞാൻ വന്നിരുന്നപ്പോ തുടങ്ങി മുടിഞ്ഞ സ്നേഹം! കാലിന്മേൽ മുഖമിട്ടുരയ്ക്കുന്നു, ദേഹമിട്ടുരയ്ക്കുന്നു. ആകെ ജഗപൊക. മൂപ്പത്ത്യാര്‌ അകത്തു തന്നെ! 

ഭക്ഷണം കഴിക്കുന്ന നേരമായപ്പോൾ ഞാനാ പാത്രം കഴുകി കുറച്ച് ചോറും മീൻ ചാറും കൂട്ടി കൊടുത്തു. മൂപ്പത്ത്യാര്‌ പതിയെ അതൊക്കെ തിന്നുതീർത്തു. പിന്നെ വാതില്ക്കൽ കുറച്ച് നേരം വിശ്രമം. അത് കഴിഞ്ഞ് പിന്നേം പോയി ബാക്കിയുള്ള ചോറുണ്ണൽ. 



എല്ലാം തീർന്ന് കഴിഞ്ഞപ്പോൾ എന്റടുത്ത് പിന്നേം മുട്ടാനും ഉരസാനും വരൽ. ഞാൻ കാലൊക്കെ കഴുകി വൃത്തിയാക്കിയതിനാൽ അവളുടെ വരവ് കണ്ടപ്പോഴേ കാലൊക്കെ മേശയിലെ തട്ടിൽ കയറ്റി വെച്ചു. പിന്നെ അവളെ നോക്ക്യപ്പോൾ അവളെന്നെയും നോക്കിയിരുന്ന് ഉറക്കം തൂങ്ങുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ അപ്പുറത്തെ കിടപ്പ് മുറിയിലേയ്ക്ക് പോകുന്നത് കണ്ടു. കുറച്ച് കഴിഞ്ഞ് പമ്മിപ്പമ്മി ഞാൻ ചെന്ന് നോക്കുമ്പോൾ പാവം ചൂലിന്മേൽ സ്വന്തം കിടപ്പ് സ്ഥാനം കണ്ടെത്തി. ഞാനാണേൽ കട്ടിലിന്മേൽ അവൾക്ക് കിടക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ടായിരുന്നു. അന്നൊരു ദിവസം ഞാനോടിച്ചപ്പോൾ എനിയ്ക്കത് ഇഷ്ടമായില്ലെന്ന് മനസിലാക്കിയിട്ടാണോ എന്തോ അവൾ ചൂലിന്റെ മുകളിൽ ആർക്കും ഇഷ്ടക്കേടില്ലാത്ത രീതിയിൽ കാര്യം പരിഹരിച്ചു!


നാളെയാവട്ടെ, അവൾക്കായി ഒരു  ചെറിയ പെട്ടി സെറ്റ് ആക്കി വെയ്ക്കണം. അവളിവിടെ നിന്നോട്ടേലേ...? എനിയ്ക്കും ഒരു കൂട്ടാകൂലൊ. കിടപ്പുമുറിയുടെ ജനൽ കുറച്ച് തുറന്നിട്ടിട്ടുണ്ട്. അവളുടെ ആവശ്യങ്ങൾക്ക് അവൾ പുറത്തേയ്ക്ക് പൊയ്ക്കോളും. ഇനി മുറിയ്ക്കകത്തെങ്ങാൻ അവൾ ‘കാര്യം’ സാധിച്ചാൽ... അതോടെ തീരും അവൾടെ ഇവിടെയുള്ള പൊറുപ്പ് എന്നും പറഞ്ഞ് ഞാൻ നിർത്തുകാ. 



2 അഭിപ്രായങ്ങൾ: