മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
http://anaamikam.blogspot.in/2015/09/part-9.html
ഓപ്പറേഷൻ
കഴിഞ്ഞ് പിറ്റേന്ന് രാവിലെ തന്നെ അമ്മയെ റൂമിലേയ്ക്ക് മാറ്റി. “ഇപ്പോൾ ഞാൻ ഒരു കുഴലിട്ടിട്ടുണ്ട്
കൂട്ടി യോജിപ്പിച്ചിടത്ത്. ഇനി ലീക്കുണ്ടാകുകയാണെങ്കിൽ ആ ട്യൂബിലൂടെ പോന്നോളും. അത്
ഇനിയും ശരിയായില്ലെങ്കിൽ കുറച്ച് നാൾ ഇങ്ങനെ പോട്ടെ. അതിനു ശേഷം ആവശ്യമെങ്കിൽ ഇനിയും
ഓപ്പറേഷൻ നടത്തേണ്ടി വരും. പക്ഷേ അതിന് അമ്മയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്.
ഇല്ലെങ്കിൽ ഒരുപക്ഷേ അമ്മയെ കിട്ടിയെന്ന് വരില്ല. അത്രയ്ക്ക് പരിതാപകരമാണ് അമ്മയുടെ
ആരോഗ്യം”
ഡോക്ടർ അറിയിച്ചു. പിന്നീട് ഡോക്ടറുടെ മുറിയിൽ ചെന്നപ്പോൾ “ഇനി ഏകദേശം 10 % മാത്രമേ
ഉണങ്ങാനുണ്ടായിരുന്നുള്ളൂ.. അപ്പോഴാ അമ്മയിങ്ങനെ അബദ്ധം കാണിച്ചത്” എന്ന് മുഖത്തൊരു സങ്കടത്തോടെ
ഡോക്ടർ എന്നോട് പറഞ്ഞു. “അമ്മയെ വഴക്ക് പറയരുത്. അത് അമ്മയുടെ മനസ് തളർത്തും” എന്നും ഡോക്ടർ എന്നെ
ഓർമിപ്പിച്ചു.
അന്ന്
വൈകുന്നേരം ദീപൻ ചേട്ടനും ഭാര്യയും കാണാൻ വന്നു. അവരോട് ഞാൻ കാര്യങ്ങൾ പറഞ്ഞു. എല്ലാത്തിനുമുപരി
എന്നെ അലട്ടിയിരുന്നത് പണമായിരുന്നു. “നീ പേടിക്കണ്ട മോളേ.. അങ്ങനെ വേണ്ടിവരുകയാണെങ്കിൽ
ദാ ഈ വളകൾ പണയം വെച്ച് നിനക്ക് ഞങ്ങൾ പണം തരാം. നീ ടെൻഷനടിക്കാതെ” സുജച്ചേച്ചി എന്നെ
ആശ്വസിപ്പിച്ചു.
ആശുപത്രി
ആവശ്യങ്ങൾക്കും മരുന്നുകൾക്കും മറ്റും പണം പണം ഒരുപാട് വേണ്ടിയിരുന്നതുകൊണ്ട് എന്റെ
ചിലവുകൾ ഞാൻ പരമാവധി ചുരുക്കിയിരുന്നു. ഭക്ഷണം ഓരോ പരിപ്പുവടയോ പഴം പൊരിയോ ചായയോടൊപ്പം
ആക്കി. അമ്മയ്ക്ക് കൊണ്ടു വന്നിരുന്ന കഞ്ഞിയിൽ അമ്മ കഴിച്ച് ബാക്കിയുണ്ടാകുന്ന ഇത്തിരി
കഞ്ഞി കുടിച്ച് ഞാൻ വിശപ്പ് ശമിപ്പിച്ചു. ചില നേരങ്ങളിൽ അതിൽ ഒന്നും ബാക്കിയുണ്ടാവാറില്ലായിരുന്നു.
എങ്കിലും എനിയ്ക്കതിൽ പരാതിയുണ്ടായിരുന്നില്ല. വയറു നിറയെ ചോറുണ്ണാൻ കൊതി തോന്നിയിരുന്ന
കാലം. എന്നിട്ടും ഓപ്പറേഷൻ കഴിഞ്ഞ് അമ്മയെ റൂമിലേയ്ക്ക് മാറ്റിയ അന്നുച്ചയ്ക്ക് ഞാൻ
ചിക്കൻ ബിരിയാണി വാങ്ങി.
അമ്മയുടെ
മുന്നിൽ ഇരുന്ന് അമ്മയുടെ മുഖത്തേയ്ക്ക് നോക്കി ഞാൻ ചിക്കൻ കാല് കടിച്ചു വലിച്ചു.
അമ്മ മുഖം തിരിച്ചു കിടന്നു. ഇതുകണ്ടുകൊണ്ടുവന്ന നഴ്സ് അന്തം വിട്ടു നിന്നു! വൈകിട്ട്
ശകുന്തള ഡോക്ടർ റൌണ്ട്സിനു വന്നപ്പോൾ നഴ്സ് ഇക്കാര്യം ഡോക്ടറെ അറിയിച്ചു. “ഈ ചേച്ചിയുണ്ടല്ലോ..
അമ്മയുടെ മുന്നിലിരുന്ന് ചിക്കൻ കാല് അമ്മയുടെ മുഖത്ത് നോക്കിയിരുന്ന് കഴിച്ചു” എന്ന്.
“അതെന്താ
അനൂ താനങ്ങനെ ചെയ്തത്?” എന്ന് ശകുന്തള ഡോക്ടർ അതിശയത്തോടെ ചോദിച്ചു.
“അത്
വേറൊന്നും കൊണ്ടല്ല ഡോക്ടർ, ആൾക്ക് ഒരുപാടിഷ്ടമുള്ള സാധനമാ ചിക്കൻ. അതിങ്ങനെ മുന്നിലിരുന്ന്
കഴിയ്ക്കുന്നത് കാണുമ്പോൾ കൊതി മൂത്ത് പെട്ടന്ന് അസുഖം മാറാൻ അമ്മയുടെ മനസ് ആഗ്രഹിക്കും.
അതൊരു തരം പോസിറ്റീവ് എനർജ്ജി തരുമല്ലോ.. അതിനു വേണ്ടിയുള്ള ഒരു ചെറിയ ട്രീറ്റ്മെന്റാ.
പിന്നെ ഇഡ്ഡലി കഴിച്ച് അധികച്ചിലവ് വരുത്തി വെച്ചതിനുള്ള ശിക്ഷയും.”
“താനാളുകൊള്ളാലൊ!! നല്ല ട്രീറ്റ്മെന്റും ശിക്ഷയും!!”
ഡോക്ടർ ചിരിച്ചു.
പണച്ചിലവ്
മുറപോലെ വന്നുകൊണ്ടിരുന്നു. ആരോടും കടം വാങ്ങുവാൻ താല്പര്യമില്ലാത്ത ഞാൻ അതൊന്നും ചിന്തിക്കാതെ
പലരിൽ നിന്നും കടം വാങ്ങി, യാതൊരു ഉളുപ്പുമില്ലാതെ കടം ചോദിച്ചു. അതിൽ ഒരിക്കൽ മാത്രം
കണ്ട സുഹൃത്തുക്കളും ഫോണിലൂടെ മാത്രം അറിയുന്ന സുഹൃത്തുക്കളും അടുത്ത കാലത്ത് മാത്രം
പരിചയപ്പെട്ട സുഹൃത്തുക്കളും വരെ ഉണ്ടായിരുന്നു. മിക്കവരും ആവശ്യമറിഞ്ഞ് സഹായിച്ചു.
ചിലരൊക്കെ തിരികെ കിട്ടില്ലെന്ന് ചിന്തിച്ച് ഒഴിഞ്ഞ് മാറി. എനിയ്ക്കതിലൊന്നും ആരോടും
പരിഭവമില്ലായിരുന്നു... കാരണം എന്റെ അവസ്ഥ അപ്പോൾ അതായിരുന്നു. കൂടെ പഠിച്ച കൂട്ടുകാർ
ഞാനറിയാതെ പണം സമാഹരിച്ച് കുറച്ച് കൊണ്ടുതന്നു. ഒന്നും നിരസിക്കാതെ എല്ലാം കൈപ്പറ്റി.
അഭിമാനവും അപമാനവുമൊന്നും അന്നേരം എന്റെ മനസിൽ ഉണ്ടായിരുന്നില്ല. അമ്മയുടെ തിരിച്ച്
വരവ് മാത്രം ഒരു പ്രാർത്ഥന പോലെ മനസിൽ എപ്പോഴും.
തുടക്കം
മുതലേ തീരെ നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ മാത്രം വല്യേട്ടനോട് പണം ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് കുടുംബവും കുട്ടികളും അതിന്റേതായ പ്രാരാബ്ധങ്ങളും ഉള്ളതുകൊണ്ട് പരമാവധി
അവരെ ബുദ്ധിമുട്ടിക്കണ്ട എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ അതിനിടയിൽ എന്റെ കഷ്ടപ്പാട് കണ്ട് “അവളെ നിങ്ങളല്ലാതെ
മറ്റാരാ സഹായിക്കുക? ഹോസ്പിറ്റലിലും അവൾ തന്നെ നില്ക്കണം കൂട്ടത്തിൽ പണവും അവൾ തന്നെ
കണ്ടെത്തണം. അവളൊന്നുമില്ലെങ്കിലും ഒരു പെൺകുട്ടിയല്ലേ? അത് നിങ്ങൾ മനസിലാക്കണ്ടേ?”
എന്ന് ഏട്ടനോട് ചോദിച്ച ഒരു ബന്ധുവിനോട് “എല്ലാം അവൾക്ക് തന്നെ ചെയ്യണം എന്ന വാശിയാ..
അല്ലാതെ ഞങ്ങൾ സഹായിക്കാത്തതല്ല” എന്ന് വല്യേട്ടൻ പറഞ്ഞതായി ഞാനറിഞ്ഞു. ഞാൻ
കരുതിയതെന്ത് അവർ കരുതിയതെന്ത് എന്ന തിരിച്ചറിവ് വല്ലാതെ വേദനിപ്പിച്ചു.
കുഞ്ഞേട്ടനാണെങ്കിൽ
സ്വത്ത് സംബന്ധമായുണ്ടായ ഒരു തർക്കത്തിൽ അമ്മയോടും എന്നോടും വഴക്കിട്ട് പിണങ്ങി നില്ക്കുകയാണ്.
ഈ അവസരത്തിൽ അദ്ദേഹം അത് നയമായി കണ്ടു. ഒരുകാലത്ത് അമ്മയെ ഒരുമിച്ചു കൊണ്ടുനടന്നിരുന്ന
അദ്ദേഹത്തിന് അച്ഛയുടെ മരണശേഷം അമ്മയോടുണ്ടായിരുന്ന ആ അടുപ്പമെല്ലാം കുറഞ്ഞിരുന്നു.
ആദ്യത്തെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷൻ കഴിഞ്ഞിരിക്കുമ്പോഴെങ്കിലും അമ്മയോടുള്ള
പിണക്കം തീർക്കാനുള്ള അവസരമായി കണ്ട് അദ്ദേഹം അമ്മയെ കാണുവാൻ വരും എന്ന് ഞങ്ങളോരോരുത്തരും
പ്രതീക്ഷിച്ചു. പക്ഷേ അദ്ദേഹം വന്നില്ല.
പിന്നീട്
അത്യാസന്ന നിലയിൽ വെസ്റ്റ് ഫോർട്ടിൽ അഡ്മിറ്റ് ചെയ്ത് ഓപ്പറേഷൻ കഴിഞ്ഞതിന്റെ പിറ്റേന്ന്
വന്നപ്പോൾ ഐ.സി.യു.വിന്റെ മുന്നിലിരുന്ന് “എന്റെ കയ്യിൽ കാശുണ്ടായിരുന്നെങ്കിൽ ഈ ചിലവെല്ലാം
ഞാൻ തനിയെ ചെയ്തേനെ”
എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. ഞാനും വല്യേട്ടനും പണം മുഴുവൻ നീക്കിയിരിപ്പായി ഉണ്ടായിട്ടല്ല
അമ്മയുടെ ചികിൽസയ്ക്കായി എല്ലാം ഉണ്ടാക്കിയെടുത്തത്. പണമില്ലെങ്കിലും ഉറ്റവർ എന്ന ചിന്ത
മനസിലുണ്ടായാൽ പണമുണ്ടാക്കുകയാണ് ചെയ്യുക. അതിന് ഉറ്റവർ എന്ന ചിന്ത മനസിലുണ്ടായിരിക്കണം
എന്ന് മാത്രം.
അന്ന്
ആ ഓപ്പറേഷൻ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോൾ നിഴലുപോലെ അമ്മ അബോധാവസ്ഥയിൽ കണ്ടതിനു ശേഷം അമ്മയെ
ഒന്ന് വന്നു കാണാനുള്ള മനസ് അദ്ദേഹത്തിന് ഇന്നുവരെ ഉണ്ടായിട്ടില്ല. ഞങ്ങൾ മൂന്ന് മക്കളിലും
ഒരു പണത്തൂക്കം മുൻപിൽ അമ്മയ്ക്ക് വാൽസല്യവും സ്നേഹവും ഉണ്ടായിരുന്ന മകനാണ് അമ്മയോടിപ്പോൾ
ഇങ്ങനെ ചെയ്യുന്നത്. ഇത്തരം മക്കളാണ് ശരിക്കും ഗർഭപാത്രം എന്ന ആ വലിയ സത്യത്തിനോട്
നന്ദികേട് കാണിക്കുന്നവർ.
വൃദ്ധരായ മാതാപിതാക്കളെ വല്ലപ്പോഴും ഒന്ന് വന്ന് കാണുവാൻ പോലുമുള്ള മനസില്ലാത്ത മക്കൾ ചെയ്യുന്നത് ഏറ്റവും നന്ദിഹീനമായ പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒമ്പത് മാസം കിടന്ന ഗർഭപാത്രത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദികേട്. ഇത്തരം മക്കളെ കണ്മുന്നിൽ കാണുമ്പോൾ, “വയസാകുമ്പോൾ നോക്കാൻ മക്കൾ വേണ്ടേ..? അതിനു വേണ്ടി ഒരു കല്യാണം കഴിയ്ക്കൂ..” എന്ന ഉപദേശങ്ങളെ പുച്ഛിച്ച് തള്ളുവാൻ എന്നെ പ്രേരിപ്പിക്കുന്നു. പ്രത്യുല്പാദനത്തിന് വേണ്ടി വിവാഹം കഴിക്കില്ല എന്ന് ഞാൻ കൂടുതൽ കൂടുതൽ ഉറപ്പിക്കുന്നു...
വൃദ്ധരായ മാതാപിതാക്കളെ വല്ലപ്പോഴും ഒന്ന് വന്ന് കാണുവാൻ പോലുമുള്ള മനസില്ലാത്ത മക്കൾ ചെയ്യുന്നത് ഏറ്റവും നന്ദിഹീനമായ പ്രവൃത്തിയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒമ്പത് മാസം കിടന്ന ഗർഭപാത്രത്തിനോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദികേട്. ഇത്തരം മക്കളെ കണ്മുന്നിൽ കാണുമ്പോൾ, “വയസാകുമ്പോൾ നോക്കാൻ മക്കൾ വേണ്ടേ..? അതിനു വേണ്ടി ഒരു കല്യാണം കഴിയ്ക്കൂ..” എന്ന ഉപദേശങ്ങളെ പുച്ഛിച്ച് തള്ളുവാൻ എന്നെ പ്രേരിപ്പിക്കുന്നു. പ്രത്യുല്പാദനത്തിന് വേണ്ടി വിവാഹം കഴിക്കില്ല എന്ന് ഞാൻ കൂടുതൽ കൂടുതൽ ഉറപ്പിക്കുന്നു...
അമ്മയുടെ
ആശുപത്രിവാസം മുതൽ ഇന്നുവരെ പണമില്ല എന്ന രീതിയിൽ ഒഴിഞ്ഞു മാറി എങ്കിലും അദ്ദേഹത്തിന്റേയും
കുടുംബത്തിന്റേയും ആവശ്യത്തിനും അനാവശ്യത്തിനും പണം വ്യയം ചെയ്യുന്നതും ദുർവ്യയം ചെയ്യുന്നതും
ഞാനറിയുന്നുണ്ടായിരുന്നു. അതൊന്നും ഒരിക്കലും എന്റെ പ്രശ്നമല്ലായിരുന്നു. സ്വമനസാലെ
അമ്മയെ വന്നുകാണാനുള്ള മനസിന് പണച്ചിലവൊന്നുമില്ലല്ലോ... അതുപോലും അദ്ദേഹം ചെയ്യുന്നില്ല
എന്നത് അമ്മയുടെ കലങ്ങുന്ന കണ്ണുകൾ കാണുമ്പോൾ എന്നിൽ അദ്ദേഹത്തോട് അവജ്ഞയുണ്ടാക്കുന്നു.
ഭാര്യയേയും മക്കളേയും അമ്മയുടെ അടുത്തേയ്ക്ക് അദ്ദേഹം പറഞ്ഞയയ്ക്കാറുണ്ട് എങ്കിലും
മകന്റെ സ്ഥാനം അവർക്കൊന്നുമുണ്ടാവില്ലല്ലോ...
ഇതൊക്കെ
കൊണ്ട് കുഞ്ഞേട്ടന് യാതൊരു ബാധ്യതയുമില്ല. വല്യേട്ടനെ മാത്രമാണ് ഞാൻ എല്ലാം അറിയിച്ചിരുന്നത്.
പക്ഷേ എന്റെ കരുതലിനെ കുറിച്ച് വല്യേട്ടൻ പറഞ്ഞതറിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു, ഇനിയും
അധികം കരുതൽ വേണ്ട അവരുടെ കാര്യത്തിൽ. ഓപ്പറേഷനു ശേഷം ആശുപത്രിയിൽ 20000 രൂപ കൊടുക്കണം
എന്ന് അവർ അറിയിച്ചപ്പോൾ ഞാൻ ഏട്ടനെ വിളിച്ചു പറഞ്ഞു. “ഏന്റെ കയ്യിൽ ഇനി കാശില്ല. ഏട്ടൻ
കാശയച്ചു തരണം”
അമ്മാവന്റെ മകനോട് വിളിച്ചുപറഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും 15000 കടം വാങ്ങി
ഏട്ടൻ. പൊന്നുച്ചേട്ടനോട് കടം വാങ്ങാൻ എനിയ്ക്കങ്ങനെ ഒരു മധ്യസ്ഥന്റെ ആവശ്യമൊന്നുമില്ല.
കടം ചോദിച്ചത് ഏട്ടനാണെങ്കിലും അതും തിരിച്ചുകൊടുക്കേണ്ട ബാധ്യത എന്നിൽ തന്നെ. കാരണം
അത് കൈപ്പറ്റിയത് ഞാനാണല്ലോ!!
അമ്മയുടെ
മാനസികാരോഗ്യത്തിനായി അമ്മയ്ക്ക് ഞാൻ ആനുകാലികങ്ങൾ വായിക്കുവാൻ കൊണ്ടു കൊടുത്തിരുന്നു.
എന്താണെന്നറിയില്ല, ഏത് ആനുകാലികങ്ങളിലും അമ്മ വായിച്ചിരുന്നത് ഭക്ഷണമുണ്ടാക്കുന്നതിനുള്ള
റസിപ്പികൾ മാത്രമായിരുന്നു. ഒരു വാശിയോടെ അമ്മ അതുമാത്രം വായിച്ചു കൊണ്ടിരുന്നു. സാമ്പത്തിക
പരാധീനത വല്ലാതെ ഞെരുക്കുമ്പോൾ ഇടയ്ക്ക് എന്റെ രോഷം അണപൊട്ടി ഞാനെന്തെങ്കിലും പറയാൻ
തുടങ്ങിയാൽ “എനിയ്ക്ക് പേടിയാകുന്നു നിന്നെ” “നിന്റെ മുഖം കാണുന്നതേ എനിയ്ക്ക് പേടിയാ” എന്നിങ്ങനെ അമ്മ പറഞ്ഞുകൊണ്ടിരുന്നു.
അമ്മയെ പേടിപ്പിക്കാതിരിക്കാൻ പിന്നെ പിന്നെ ഞാൻ മുറിയിൽ ഇരിയ്ക്കാതെയായി. രാത്രി ഏറെ
വൈകി അമ്മ ഉറങ്ങുവോളം ഞാൻ താഴെ റിസപ്ഷനിലെ കസേരയിൽ ചെന്നിരുന്നു. ആ സംഭവത്തിനു ശേഷം
അമ്മ എന്നെ അത്ര കണ്ട് അവഗണിച്ചിരുന്നു. സത്യത്തിൽ മനസിലെ സംഘർഷവും ആശങ്കയും ആകുലതകളും
ചേർന്ന് എന്റെ മുഖവും പേടിപ്പിക്കുന്ന വിധത്തിൽ അത്രമാത്രം വലിഞ്ഞു മുറുകിയിരുന്നു.
ഒരു
ദിവസം എന്തോ പറഞ്ഞപ്പോൾ അമ്മ എന്നോട് പറഞ്ഞു “നാശം. ഇത് മരിക്കുന്നുമില്ലല്ലോ എന്ന്
നീയിന്നലെ പറഞ്ഞില്ലേ?” എന്ന്. ഞാൻ സ്തബ്ദ്ധയായിപ്പോയി. ഞാൻ മനസിന്റെ ഒരു കോണിൽ പോലും
ചിന്തിക്കാത്ത ഒരു കാര്യമാണ് അമ്മ എന്നിൽ ആരോപിക്കുന്നത്. ഞാൻ കരഞ്ഞുകൊണ്ട് പുറത്തേയ്ക്കിറങ്ങി
പോന്നു. ഇതുകണ്ട് ജിയോ ബ്രദർ കാര്യം തിരക്കി. ഞാൻ അമ്മയുടെ ആരോപണത്തെക്കുറിച്ച് പറഞ്ഞു
കരഞ്ഞു. “അതൊന്നും സാരമില്ല ചേച്ചീ. അമ്മയ്ക്ക് ഉണ്ടാകുന്ന ഹാലൂസിനേഷന്റെ ഭാഗമാണത്.
ഇല്ലാത്തത് ഉണ്ടായെന്നൊക്കെ തോന്നും. അത് സത്യമാണെന്ന് കരുതി അങ്ങനൊക്കെ പറയുകയും ചെയ്യും.
ചേച്ചി അതിൽ സങ്കടപ്പെടണ്ട.” അപ്പോഴാണ് എന്റെ മനസിനൊരു സമാധാനം വന്നത്.
ദിനം
പ്രതി അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരുന്നപ്പോൾ ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ
അഭാവവും അലച്ചിലും കാരണം എന്റെ ആരോഗ്യം ദിനം പ്രതി കുറഞ്ഞു വന്നുകൊണ്ടിരുന്നു. അതെല്ലാം
അവഗണിച്ച് ആശുപത്രിയും മരുന്നും വായ്പാവശ്യത്തിനായി വീടും സൊസൈറ്റിയും ഒക്കെയായി ഞാൻ
അലഞ്ഞു.
“ജോലി നഷ്ടപ്പെടുത്തരുത് മോളേ” എന്ന് ശകുന്തള ഡോക്ടർ
ഇടയ്ക്കിടെ ഓർമിപ്പിച്ചു. കുറേശ്ശെ കുറേശ്ശെയായി ബിസിനസും തളർന്നു തുടങ്ങിയിരുന്നു
എങ്കിലും അത്യാവശ്യം പണം മാസാമാസം വന്നുകൊണ്ടിരുന്നു.
ഒരു
ദിവസം രാത്രി അമ്മയെന്തോ എന്നോട് പറഞ്ഞപ്പോൾ “ഇനിയും അമ്മയിങ്ങനെ ചെയ്താൽ ഞാൻ ഏതെങ്കിലും
വണ്ടിയിൽ കയറി നാട് വിടും” എന്ന പഴയ ഭീഷണി എടുത്തിട്ടു. അത് കേട്ട് “ഇനിയങ്ങനെയൊന്നും
ഉണ്ടാവില്ല. നീ പറയുന്നത് കേട്ട് ഞാൻ നടന്നോളാം” എന്ന് അമ്മ ആണയിട്ടു. അങ്ങനെ തന്നെ അമ്മ ഉറങ്ങിപ്പോകുകയും
ചെയ്തു.
രാത്രി
പതിനൊന്നര കഴിഞ്ഞപ്പോൾ അമ്മയുടെ കയ്യിൽ ഘടിപ്പിച്ച ഡ്രിപ്പ് കഴിഞ്ഞത് മാറ്റുവാൻ നഴ്സിനെ
വിളിയ്ക്കാൻ റൂമിനു പുറത്തിറങ്ങിയതാണ് ഞാൻ. നഴ്സിംഗ് ഡസ്കിനടുത്തെത്തിയപ്പോഴേയ്ക്കും
വലിയവായിൽ “മോളേ... മോളേ...” എന്നുള്ള അമ്മയുടെ ശബ്ദം. എന്നേക്കാൾ മുന്നേ നഴ്സ് അങ്ങോട്ട്
ഓടിയെത്തി. “എന്റെ മോളെന്ത്യേ..?” എന്ന് പരിഭ്രമത്തോടെ അമ്മ അന്വേഷിക്കുന്നതുകേട്ടാണ്
ഞാൻ ചെന്നത്. “മോളിവിടെ തന്നെയുണ്ട്. അമ്മ പേടിക്കണ്ട” എന്ന് നഴ്സ് പറയുന്നു.
“അല്ല, അവളെങ്ങോട്ടേയ്ക്കെങ്കിലും ഇറങ്ങിപ്പോകും എന്ന് പറഞ്ഞിരുന്നേയ്..” എന്ന്
അമ്മ. “അമ്മയെ വിട്ട് ആ മോളെവിടെ പോകാനാ അമ്മേ?” എന്ന് നഴ്സ്. എന്നിട്ടും എന്നെ
നേരിൽ കണ്ടപ്പോഴേ അമ്മയ്ക്ക് ആശ്വാസമായുള്ളൂ..
ഉറക്കത്തിനു
തൊട്ടുമുൻപ് കേട്ടത് ഓർമ്മയിൽ വെച്ച് ഉറക്കപ്പിച്ചിൽ എഴുന്നേറ്റപ്പോൾ അടുത്തുള്ള കട്ടിലിൽ
എന്നെ കാണാതായതുകൊണ്ട് അമ്മ ശരിക്കും പേടിച്ചു പോയിരുന്നു. എങ്ങോട്ടേയ്ക്കെങ്കിലുമൊക്കെ
പോകും എന്നൊക്കെ പറഞ്ഞാലും അമ്മയെ വിട്ട് ഞാനെങ്ങോട്ട് പോകാൻ??!! എന്നും അമ്മയുടെ ഉപഗ്രഹമാണല്ലോ
ഞാൻ... അത് ഒരിക്കലും അമ്മ അറിഞ്ഞിട്ടില്ല എങ്കിലും...
അമ്മയുടെ
ശാരീരികപ്രവർത്തനങ്ങൾ സാധാരണ നിലയിൽ എത്തുന്നതിന്റെ മുന്നോടിയായി ആദ്യശോധന വന്നു. കമ്മോഡിൽ
അമ്മയെ മലശോധനയ്ക്കിരുത്തി. കഴിഞ്ഞപ്പോൾ അമ്മയ്ക്ക് തനിയെ കഴുകാൻ സാധ്യമല്ലാത്തതിനാൽ
ഞാൻ തന്നെ കഴുകി വൃത്തിയാക്കി. അമ്മയ്ക്കത് വല്ലാത്ത മനഃപ്രയാസമായിരുന്നു. “അതിനെന്താണമ്മേ..
വേറാരുമല്ലല്ലോ.. ഞാൻ അമ്മയുടെ മോളല്ലേ?” എന്ന് ഞാനമ്മയെ ആശ്വസിപ്പിച്ചു.
കുറച്ചൊന്ന്
ആരോഗ്യം വരുന്നതുവരേയും അമ്മയ്ക്കാ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനാണല്ലോ കഴുകുന്നത്
എന്ന വിമ്മിട്ടം. അറിവില്ലാത്ത പ്രായത്തിൽ അമ്മയുടെ സാരിയിൽ കാര്യം സാധിച്ച എന്നെക്കുറിച്ച്
അമ്മ പറഞ്ഞറിവുണ്ട് എനിയ്ക്ക്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ മടിയിലാണ്
അന്നത് ഞാൻ ചെയ്തത്. അത്രയ്ക്കൊന്നുമില്ലല്ലോ ഇത് എന്ന് ഞാൻ പറഞ്ഞു. “അന്ന് നീ കുഞ്ഞായിരുന്നു.
ഞാനങ്ങനെയാണോ?” “ഓ.. എനിയ്ക്കൊരു വല്യ കുഞ്ഞിനെ കിട്ടി എന്ന് ഞാനങ്ങ് കരുതിക്കോളാം” പിന്നെ അമ്മ ഒന്നും
പറഞ്ഞില്ല. കാര്യമായ എതിർപ്പുകളും ഇല്ല. അത് നിസ്സഹായതയിൽ നിന്നുള്ള മൗനമായിരുന്നു
എന്നെനിയ്ക്ക് മനസിലാകുമല്ലോ...
ഹോസ്പിറ്റലിൽ
അഡ്മിറ്റായി കൃത്യം ഒരുമാസം തികയുന്നതിനു രണ്ട് ദിവസം മുൻപ് ഡോക്ടർ അറിയിച്ചു “നാളെ
കഴിഞ്ഞ് എന്ന് വേണമെങ്കിലും ഡിസ്ചാർജ്ജ് ചെയ്യാം അമ്മയെ”. ആ ദിവസങ്ങളിലെന്നോ
ആണ് സജിത ചെറിയമ്മ പറഞ്ഞത് അമ്മയുടെ അവസ്ഥ നന്നാകുവാനും കാലക്കേട് മാറാനും ശിവക്ഷേത്രത്തിൽ
മൃത്യുഞ്ജയ ഹോമം നടത്തുവാൻ. അന്വേഷിച്ചപ്പോൾ അതിന് കാര്യമായ പണച്ചിലവില്ല എന്നറിഞ്ഞ്
ഹോസ്പിറ്റലിനടുത്തുള്ള ശിവക്ഷേത്രത്തിൽ അന്ന് വൈകിട്ടു തനെ മൃത്യുഞ്ജയഹോമത്തിനുള്ള
ഏർപ്പാടാക്കി വന്നു.
പിറ്റേന്ന്
അമ്മയെ ഡിസ്ചാർജ്ജ് ചെയ്തു കൊണ്ടുപോകാനുള്ള ഏർപ്പാടാക്കി. ബാക്കി അടയ്ക്കുവാനുള്ള
പണം എത്രയെന്നറിയുവാൻ അക്കൌണ്ട് സെക്ഷനിൽ ഞാൻ ചെന്നു. ഓപ്പറേഷനും റൂം വാടകയും മറ്റും
ചേർന്ന് മൊത്തം ഒരു ലക്ഷമായി. ഇനിയും 50000 രൂപയോളം ബാക്കിയടയ്ക്കാനുണ്ട്. എണ്ണിപ്പെറുക്കിയെടുത്തപ്പോൾ
10000 രൂപ ഇനിയും വേണം. ഇനിയാരോട് കടം വാങ്ങും എന്നറിയാതെ ഞാൻ ചിന്തിച്ചിരുന്നു. അതടയ്ക്കാതെ
അമ്മയെ കൊണ്ടുപോകാനാവില്ല. ഏട്ടനെ വിളിച്ച് പറഞ്ഞപ്പോൾ പണമില്ല, രണ്ട് ദിവസം കഴിയട്ടെ
എന്ന്. രണ്ട് ദിവസം കൂടെ ഹോസ്പിറ്റലിൽ താമസിക്കാൻ അവരനുവദിക്കില്ലല്ലോ.. അമ്മയോട്
‘ഒരുങ്ങിയിരുന്നോളൂ’
എന്നും പറഞ്ഞാണ് ഞാൻ പോന്നിരിക്കുന്നത്. ബാക്കിയുള്ള പണത്തിനു വേണ്ടി എന്ത് ചെയ്യും
എന്ന് ഹോസ്പിറ്റലിലെ റിസപ്ഷനു മുന്നിലെ കസേരയിലിരുന്ന് ചിന്തിക്കവേ “ഡീ…” എന്നൊരു വിളി.
തിരിഞ്ഞു
നോക്കിയപ്പോൾ ഞങ്ങൾ കൂട്ടുകാർ ‘ഡാവ്’ എന്ന് വിളിക്കുന്ന എന്റെ സഹപാഠി പ്രശാന്താണ്.
അവൻ 10000 രൂപ കയ്യിലെടുത്തുതന്നുകൊണ്ട് പറഞ്ഞു “7000 രൂപയേ ഉണ്ടായിരുന്നുള്ളൂ..
3000 കൂടി കൂട്ടി ഞാൻ 10000 ആയി തരുന്നതാ” എന്ന്. ദൈവദൂതൻ എന്നൊക്കെ പറയുന്നത് ഇങ്ങനെയുള്ള
സന്ദർഭങ്ങളിൽ ഇതുപോലെ നമ്മളെ സമീപിക്കുന്നവരാണ് എന്ന് ഞാൻ മനസിലാക്കിയത് അപ്പോഴാണ്.
മുൻപും
എന്റെ സുഹൃത്തുക്കൾ ഞാനറിയാതെ പിരിവെടുത്ത് എന്നെ സഹായിച്ച കാര്യം ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്.
അന്നും ഡാവ് തന്നെയാണ് അതെല്ലാം സ്വരൂപിച്ച് കൊണ്ടുവന്നത്. പിന്നീട് പണത്തിന്റെ ആവശ്യം
വന്നപ്പോഴൊന്നും അവരെ അറിയിക്കാൻ എന്റെ മനസനുവദിച്ചില്ല. 35000 രൂപ അന്ന്, “തിരിച്ചു
തരാനായി നീ വിഷമിക്കണ്ട, തിരിച്ചു തന്നില്ലെങ്കിലും കുഴപ്പമില്ല” എന്ന് പറഞ്ഞ് എന്നെ
ഏല്പ്പിച്ചതാണവൻ. ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല എന്ന് ചിന്തിച്ചു. പക്ഷേ
എന്റെ ആവശ്യം അറിഞ്ഞെന്നതുപോലെ, അന്ന് അവൻ എത്തി. വീണ്ടും പിരിച്ചെടുത്ത് 10000 ആയി
തികച്ച് തന്നതാണവൻ. അന്നനുഭവിച്ച ഒരു സമാധാനം... അറിയാതെ മനസ് നിറഞ്ഞ് ദൈവത്തെ വിളിച്ചു
പോയി ഞാൻ.
റൂമൊഴിയാൻ
ഡാവ് കൂടെ നിന്നു. തിരിച്ച് വീട്ടിലേയ്ക്ക്. പിന്നീട് ആശുപത്രിയിലേയ്ക്ക് ചെക്കിംഗിനുള്ള
യാത്രയിൽ ഡോക്ടർ വർഗ്ഗീസിന്റെ സഹായി ശ്രീജ പറഞ്ഞാണ് ഞാനറിഞ്ഞത്, ഡോക്ടർ ഇത്തവണ ഞാൻ
ആവശ്യപ്പെടാതെ തന്നെ 30000 രൂപയുടെ സ്ഥാനത്ത് വെറും 3000 രൂപ മാത്രമേ എടുത്തുള്ളൂ എന്ന്.
എന്നോട് അമ്മയെ സംബന്ധിച്ച കാര്യങ്ങളല്ലാതെ വ്യക്തിപരമായ ഒന്നും ചോദിച്ചറിഞ്ഞിരുന്നില്ലെങ്കിലും സൊസൈറ്റി വായ്പയ്ക്കും അപ്പോഴത്തെ ആവശ്യത്തിന്
കൈവായ്പ ഒപ്പിക്കുവാനുമുള്ള എന്റെ വീട്ടിലേയ്ക്കുള്ള ഓട്ടത്തെ കുറിച്ച് നഴ്സുമാരിൽ
നിന്നും ലഭിച്ച അറിവുകളിൽ നിന്നായിരിക്കാം എന്റെ സാമ്പത്തിക പരാധീനതകൾ അദ്ദേഹം മനസിലാക്കിയിരുന്നു.
ആരെയും കൂടെ കാണാത്തതുകൊണ്ട് എന്റെ ഒറ്റപ്പെടലിന്റെ ആഴവും അദ്ദേഹം മനസിലാക്കിയിരുന്നു. രോഗിയുടെ അരികിൽ നില്ക്കുന്ന ബൈസ്റ്റാന്റർ കുറച്ച്
നേരത്തേയ്ക്ക് പോലും മാറി നിന്നാൽ അദ്ദേഹം റൗണ്ട്സിനു വരുമ്പോൾ കണ്ടില്ലെങ്കിൽ പിന്നീട്
അവരെ വഴക്ക് പറയുന്ന അദ്ദേഹം, പലവട്ടം നഴ്സുമാരെ ഏല്പ്പിച്ച് ഞാൻ വീട്ടിൽ പോയി എന്നറിയുമ്പോഴും
തിരിച്ച് വന്ന് അദ്ദേഹത്തെ കാണുവാൻ ചെല്ലുന്ന എന്നെ ഒരിക്കൽ പോലും വഴക്ക് പറഞ്ഞിട്ടില്ല. അദ്ദേഹത്തിനറിയാം ഞാൻ എന്തിനാണ്
പോയിരിക്കുന്നത് എന്ന്.
എന്തായാലും
എല്ലാവരും നല്കിയ പ്രത്യേക പരിഗണന സ്വീകരിച്ച് അത്തവണത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് ഞങ്ങൾ
വീട്ടിലെത്തി.
(തുടരും...)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ