പേജുകള്‍‌

2015, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

അമ്മയെന്ന എന്റെ മകൾ Part 4



മുൻ ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പതുക്കെ പതുക്കെ ആരോഗ്യം കിട്ടിത്തുടങ്ങിയപ്പോൾ ട്രക്യോസ്റ്റമി ഹോളിൽ കൈ വെച്ച്‌ മറച്ച് (എങ്കിലേ ശബ്ദം വരൂ) അമ്മ ഡോക്ടറോട്‌ വാശി പിടിച്ചു തുടങ്ങി, “എനിയ്ക്ക്‌ വീട്ടിൽ പോണം.” എന്റെ പണത്തിനുള്ള കഷ്ടപ്പാട്‌ അമ്മ അറിയുന്നുണ്ടായിരുന്നു. വീണ്ടും വീണ്ടും അമ്മ വാശിപിടിച്ചുകൊണ്ടേയിരുന്നു.

ഒടുവിൽ, അമ്മയുടെ വാശിയ്ക്ക്‌ മുന്നിൽ  ഡോക്ടർമാർ വഴങ്ങി. പേഷ്യന്റ്‌ ആവശ്യപ്പെടുമ്പോൾ അത്‌ കേൾക്കണം, അതാണ്‌ രോഗിയുടെ ആരോഗ്യത്തിന്‌ നല്ലതെന്ന്‌... അമ്മയെ ഡിസ്ചാർജ്ജ് ചെയ്യാൻ തീരുമാനിച്ചതിന്റെ രണ്ടോ മൂന്നോ ദിവസം മുൻപ് അമ്മയുടെ കൊളോസ്റ്റമി ബാഗ് മാറ്റുവാൻ ഡോക്ടർ വന്നു. സാധാരണ നഴ്സുമാർ കൊളോസ്റ്റമി ബാഗ് മാറ്റുമ്പോൾ ഞാൻ അവിടെ നില്ക്കാറില്ല. ഏടത്യമ്മ വന്നതുകൊണ്ട്, അവർ പറഞ്ഞു “നമുക്ക് പുറത്തേയ്ക്ക് പോകാം ഉണ്ണീ... എനിയ്ക്ക് പേടിയാ അത് കാണാൻ എന്ന്. അവരുടെ കൂടെ പുറത്തേയ്ക്ക് പോകാനൊരുങ്ങുന്ന എന്നെ കണ്ട് ഡോക്ടർ ചോദിച്ചു “നീയെങ്ങോട്ടാ പോകുന്നത്? ഇവിടെ നില്ക്ക്. ഇനി നീയാണിതൊക്കെ ചെയ്യേണ്ടത് അമ്മയെ വീട്ടിൽ കൊണ്ടുപോയാൽ. അതുകൊണ്ട് നീയിത് കണ്ട് പഠിക്കണം.” ഞാൻ സ്തബ്ദ്ധിച്ച് പോയി. പിന്നെ അവിടെ തന്നെ നിന്നു. അവർ ചെയ്യുന്നതെല്ലാം കണ്ട് മനസിലാക്കി. കൂടാതെ ജിയോ ബ്രദർ കൊളോസ്റ്റമി ബാഗ് എങ്ങനെയാണ്‌ ഘടിപ്പിക്കുക എന്നതിന്റെ ഒരു വീഡിയോ ക്ലിപ്പും തന്നു എന്റെ സഹായത്തിന്‌. ഇനിയിതെല്ലാം ഞാൻ തനിയെ ചെയ്യണം.  ഡിസ്ചാർജ്ജിനു മുൻപ് ഏടത്ത്യമ്മയെ ഏട്ടൻ തിരികെ വിളിച്ചു. അമ്മയെ കാണാതെ അവരുടെ ഇളയ കുഞ്ഞിന്‌ പനി. അവർ തിരികെ പോയി.

അന്ന്‌ നവംബർ 12. അമ്മയെ വെസ്റ്റ്‌ ഫോർട്ട്‌ ഹൈടെക്കിൽ അഡ്മിറ്റ്‌ ചെയ്തിട്ട്‌ മാസം ഒന്ന്‌ തികയുന്നു. അന്ന്‌ അമ്മയെ ഡിസ്ചാർജ്ജ്‌ ചെയ്തു.  പണമടയ്ക്കാൻ ഓടി നടക്കുകയാണ്‌. ഇനി എത്ര കൊടുക്കണം എന്നറിയില്ല. ചെറിയച്ഛ സഹായവുമായി വന്നു. തികയാതെ വന്ന പണം ചെറിയച്ഛ തന്നു. വീട്ടിൽ ചെന്നാലുള്ള ആവശ്യത്തിലേയ്ക്ക്‌ കുറച്ച്‌ പണം അക്കൌണ്ടിൽ മാറ്റി വെച്ചിരുന്നു ഞാൻ. രണ്ട് ലക്ഷം രൂപ ഹോസ്പിറ്റലിൽ വാടകയും ഓപ്പറേഷൻ ചിലവും ഐ.സി.യു വാടകയുമൊക്കെ കൂടി ആയി. പിന്നെ ആദ്യത്തെ 20 ദിവസത്തോളം ദിവസേന 20000 - 30000 രൂപ നിരക്കിൽ മരുന്നും ടെസ്റ്റുകളും മറ്റുമൊക്കെയായി ഇതോടൊപ്പം മൊത്തം 7.1/2 ലക്ഷം രൂപ അപ്പോഴേ തീർന്നുകിട്ടിയിരുന്നു. അമ്മയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നതാണ്‌ ഏറ്റവും വലിയ അടിയായത്. ഇൻഷുറൻസ് എടുക്കാം എന്ന് പറയുമ്പോഴൊക്കെ “ഞാൻ നിന്റെ അച്ഛ പോയ പോലെ പിടഞ്ഞ് വീണ്‌ മരിക്കുകയേയുള്ളൂ എന്ന് അമ്മ പറയുമായിരുന്നു.  അച്ഛ ഞങ്ങളുടെ വീട്ടിൽ നിന്നും സെന്ററിലേയ്ക്കുള്ള 20 മിനുട്ട് ദൂരം 6-7 മിനുട്ട് കൊണ്ട് നടന്നെത്തിയപ്പോൾ (അദ്ദേഹം ഒരു ഹാർട്ട് രോഗിയായതുകൊണ്ട് ഒന്നിനും അധികം വേഗത പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. അന്ന് പക്ഷേ അത്യാഹ്ലാദം തരുന്ന അദ്ദേഹത്തിന്റെ ഒരു വ്യക്തിഗത സന്തോഷത്തിൽ  നിർദ്ദേശങ്ങളെല്ലാം അദ്ദേഹം മറന്നുപോയി) ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

“ഹൊ!! പിടഞ്ഞ് വീണ്‌ മരിച്ചിട്ട് ഇത്ര!! അപ്പോൾ പിടയാതെ വീണിരുന്നെങ്കിൽ എന്താകുമാരുന്നു അവസ്ഥ!!!” എന്ന് പിന്നീട് പലപ്പോഴും ഞാൻ അമ്മയെ കളിയാക്കാറുണ്ട്.

ഡോക്ടർ വർഗ്ഗീസിനെ ബില്ലിംഗ്‌ ദിവസത്തിനും ഒരു ദിവസം മുൻപ്‌ ചെന്ന്‌ കണ്ട്‌ ഫീസിനത്തിൽ എന്തെങ്കിലും ഇളവ്‌ തരണം എന്ന്‌ ഞാൻ അപേക്ഷിച്ചിരുന്നു. പിന്നീട്‌, ഡോക്ടറുടെ അസിസ്റ്റന്റ്‌ ശ്രീജ ഹോസ്പിറ്റൽ ബിൽ കണ്ടപ്പോൾ പറഞ്ഞത്, “ഒരു പൂജ്യം കുറവുണ്ടല്ലോ അദ്ദേഹത്തിന്റെ ഫീസിൽ എന്നാണ്‌. ഡോക്ടർ വർഗ്ഗീസ്‌ എനിയ്ക്കുള്ള ബില്ലിൽ അന്ന്‌ ഈടാക്കിയ ഫീസ്‌ വെറും 3000 രൂപയായിരുന്നു...

വല്യമ്മയുടെ മകന്റെ വീട്ടിലേയ്ക്ക് പോയാൽ മതി എന്ന് അമ്മ ആവശ്യപ്പെട്ടു. സന്ദർശകരെ അനുവദിക്കുവാൻ പാടില്ലാത്തതുകൊണ്ട് അതാണ്‌ നല്ലതെന്ന് എനിയ്ക്കും തോന്നി.

ദീപൻ ചേട്ടനും സുജ ചേച്ചിയും (വല്യമ്മയുടെ മൂത്ത മകനും മരുമകളും) കാറുമായി വന്നു അമ്മയെ കൊണ്ടുപോകുവാൻ. ട്രക്യോസ്റ്റമി ചെയ്തുണ്ടായ തൊണ്ടയിലെ ദ്വാരം അപകടകാരിയാണ്‌. പ്രത്യേക ശ്രദ്ധ വേണം എന്ന് ഡോക്ടർ പറഞ്ഞു. അവിടെ വൃത്തിയാക്കി ബാന്റേജ് വച്ചിട്ടുണ്ട്. പുറത്തെ പൊടിയും രോഗാണുക്കളും മറ്റും അതിലൂടെ അകത്തേയ്ക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് മുറിവുണങ്ങുന്നതുവരെ പ്രത്യേകം ശ്രദ്ധിക്കണം. ഞാൻ ബാന്റേജിനു മുകളിൽ മൃദുവായി എന്റെ കൈപ്പത്തി വെച്ചു. അമ്മ എന്റെ മടിയിൽ തലവെച്ച് കിടക്കുകയാണ്‌. അവശയാണ്‌ എങ്കിലും വീട്ടിൽ പോകുന്നതിന്റെ സന്തോഷമുണ്ട്.

അവിടെ ചെന്ന് ഒരു രാത്രി കഴിഞ്ഞു. പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും അമ്മ വാശി തുടങ്ങി. “എനിയ്ക്ക് വീട്ടിൽ പോണം. നമുക്ക് നമ്മുടെ വീട്ടിൽ പോകാം.” 

അമ്മേ.., അവിടെ യൂറോപ്യൻ കക്കൂസില്ല. മൂത്രമൊഴിക്കാനൊക്കെ അമ്മയ്ക്ക് ബുദ്ധിമുട്ടാകും ഞാൻ പറഞ്ഞു. (അമ്മയ്ക്ക് അന്നേരം അതിന്റെ ആവശ്യമില്ല. വയറ്റീന്നുള്ളതെല്ലാം കൊളോസ്റ്റമി ബാഗിൽ എത്തും. മൂത്രത്തിനാണെങ്കിൽ കത്തീറ്ററും ഉണ്ട്. പക്ഷേ അമ്മയെ പിന്തിരിപ്പിക്കാൻ വേണ്ടി എന്തെങ്കിലുമൊക്കെ പറഞ്ഞേ മതിയാകൂ...)
“സാരമില്ല. എനിയ്ക്ക് വീട്ടിൽ പോണം അമ്മ കൊച്ചുകുട്ടികളെ പോലെ വാശി പിടിയ്ക്കുന്നു. തൊണ്ടയിലെ ദ്വാരം അടച്ച് പിടിച്ച് പകുതി കാറ്റും പകുതി ശബ്ദവുമായിട്ടാണീ വാശി.

“അമ്മേ അവിടെ അപ്പിടി പൊടി പിടിച്ച് കിടക്കുകയായിരിക്കും. അമ്മയ്ക്ക് പൊടിയൊന്നും പാടില്ല.” ഞാൻ പിന്നെയും വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് യാതൊരു കുലുക്കവുമില്ല. ഒടുവിൽ അമ്മാവന്റെ മകനെ വിളിച്ചു പറഞ്ഞു. “ചേട്ടാ കാറും കൊണ്ടൊന്നു വരാമൊ? അമ്മയ്ക്ക് വീട്ടിൽ പോണം ന്ന് വാശിപിടിക്കുന്നു

ചേട്ടൻ ഭാര്യ ദിവ്യയേയും കൂട്ടി വന്നു. മനസില്ലാമനസ്സോടെ വല്യമ്മയും ദീപൻ ചേട്ടനും സുജേച്ചിയും ഞങ്ങളെ യാത്രയാക്കി. തിരിച്ച് വീട്ടിലേയ്ക്ക്. വീട്ടിലെത്തി ഞാനും ദിവ്യയും അകത്ത് കയറി ചടുപിടുന്നനെ അമ്മയ്ക്ക് കിടക്കാനുള്ള കട്ടിൽ ശരിയാക്കി. മുറികളെല്ലാം ഒന്നോടിച്ച് തുടച്ചു. ഇല്ലെങ്കിൽ പൊടി അമ്മയ്ക്ക് പ്രശ്നമാകും.

കിടപ്പുമുറിയിലല്ല അമ്മയെ കിടത്തിയത്. ഊണുമുറിയിൽ കട്ടിലെടുത്തിട്ട് അവിടെയാണ്‌ അമ്മയ്ക്ക് കിടക്കാനുള്ള സൗകര്യമൊരുക്കിയത്. അതാകുമ്പോൾ അമ്മയ്ക്ക് ജനാലയിലൂടെ പച്ചപ്പൊക്കെ കണ്ട് കിടക്കാം. ചില്ല് ജാലകങ്ങളാണ്‌. കിടപ്പുമുറിയ്ക്ക് പലക ജനാലയാണ്‌. മുറിയിൽ ഇരുട്ട് കൂടുകെട്ടും ജനാലയടച്ചാൽ. ഊണുമുറിയിൽ ചില്ല് ജാലകമായതുകൊണ്ട് ജനാലയടച്ചാലും വെളിച്ചം കിട്ടും. ഒരു രോഗിയ്ക്ക് അതും ആവശ്യമാണല്ലോ... ശുദ്ധവായുവും കാറ്റും വെളിച്ചവും. വൈകുന്നേരങ്ങളിൽ മാത്രമേ ജനാലയടയ്ക്കാറുള്ളൂ.

അമ്മയെ കാറിൽ നിന്നും പൊന്നുച്ചേട്ടനും ദിവ്യയും ഞാനും ചേർന്ന് പതുക്കെ ഇറക്കി. വീട്ടിലേയ്ക്ക് കയറാൻ മൂന്ന് സ്റ്റെപ്പുകളുണ്ടായിരുന്നു. ഞങ്ങൾ താങ്ങിപ്പിടിച്ചപ്പോൾ അമ്മ തന്നെ സ്റ്റെപ്പുകൾ കയറി. അത് കയറിക്കഴിഞ്ഞപ്പോഴേയ്ക്കും അമ്മയുടെ ദേഹം വിറയ്ക്കുവാൻ തുടങ്ങി. കട്ടിലിന്റടുത്തെത്തിയപ്പോഴേയ്ക്കും അമ്മയ്ക്ക് ബോധം മറഞ്ഞു. ഒരുവിധം കട്ടിലിൽ പിടിച്ചിരുത്തി പൊന്നുച്ചേട്ടൻ “അമ്മായീ... അമ്മായീ...” എന്ന് വിളിക്കുന്നുണ്ട്. ദിവ്യ അമ്മയെ കെട്ടിപ്പിടിച്ച് “അമ്മായീ..” എന്ന് കരയുന്നുണ്ട്. ഞാനൊരുനിമിഷം പകച്ചു പോയി. പെട്ടന്ന് വിപതിധൈര്യം വീണ്ടെടുത്ത് ഞാൻ അടുക്കളയിലേയ്ക്കോടി വെള്ളമെടുത്ത് കൊണ്ടുവന്ന് അമ്മയുടെ മുഖത്ത് തളിച്ചു.

അമ്മ ബോധക്കേടിൽ നിന്നും ഉണർന്നു. അപ്പോഴും ദിവ്യ അമ്മയെ ചേർത്ത് പിടിച്ച് നില്ക്കുന്നു. പൊന്നുച്ചേട്ടൻ പരിഭ്രമിച്ച മുഖത്തോടെ നില്ക്കുന്നു. ബോധമുണർന്ന അമ്മ, പൊന്നുച്ചേട്ടനെ കണ്ട്, “ങ് ഹാ... പൊന്നുവാ..? നീയെപ്പോ വന്നു?” എന്നൊരു ചോദ്യം!! അതുവരെയും ആളുടെ കാറീൽ ഇരുന്ന്, ആള്‌ അകത്തേയ്ക്ക് പിടിച്ചുകയറ്റി, എന്നിട്ടാണാ ചോദ്യം. ചിരിയും സങ്കടവും ഒരുമിച്ച് വന്നു എനിയ്ക്ക്.

അമ്മയെ സൗകര്യപ്രദമായി കിടത്തി, അവർ പോകാനൊരുങ്ങി. രാത്രി ഒമ്പത് മണിയായിട്ടുണ്ടായിരുന്നു. കൂടെ നില്ക്കണോ എന്നവർ ചോദിച്ചെങ്കിലും അസുഖമുള്ള അമ്മാവനേയും അതിനേക്കാൾ, പേടിത്തൊണ്ടിയായ അമ്മായിയേയും പിന്നെ ഏട്ടന്റെ കുഞ്ഞുമക്കളേയും ഓർത്ത് ഞാനാ വാഗ്ദാനം നിരസിച്ചു.

അമ്മയ്ക്കുള്ള 50 മി.ലി. ദ്രാവകഭക്ഷണം കൊടുത്തു അമ്മയെ ഉറങ്ങാൻ കിടത്തി. ഞാനും അമ്മയുടെ കട്ടിലിനു താഴെ കിടക്ക വിരിച്ചു കിടന്നു. പക്ഷേ ഉറങ്ങാൻ പറ്റില്ല. അമ്മയുടെ കൊളോസ്റ്റമി ബാഗ് നിറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇടയ്ക്കിടെ ഉണർന്നും ഉറങ്ങിയും നേരം വെളുപ്പിച്ചു.

തലേദിവസത്തെ ഓട്ടവും ഉറക്കമില്ലായ്മയും കാരണം എനിയ്ക്ക് ഒരു പനിക്കോള്‌ തുടങ്ങി. എന്റെ ഭയം കൂടി. മാറി നില്ക്കാൻ സാധിക്കില്ല. അമ്മയ്ക്കാണെങ്കിൽ ചെറിയൊരു ഇൻഫെക്ഷൻ മതി എല്ലാം തലതിരിയുവാൻ. ട്രക്യോസ്റ്റമി ചെയ്ത ദ്വാരം അതിനുള്ള സാധ്യതയാണ്‌. തലേദിവസം അതൊന്ന് വൃത്തിയാക്കുവാൻ ഞാൻ നോക്കിയപ്പോൾ അവിടം ഒരു ഇരുട്ടാണ്‌ ഞാൻ കണ്ടത്. ഒരു അഗാധഗർത്തത്തിലേയ്ക്ക് നോക്കുന്നതുപോലെയാണ്‌ എനിയ്ക്കനുഭവപ്പെട്ടത്. അതുകൊണ്ടുതന്നെ വല്ലാത്ത ഭയം എനിയ്ക്കതേ കുറിച്ച് തോന്നിയിരുന്നു.

നേരം വെളുത്തപ്പോഴേക്കും അമ്മയുടെ മട്ടും ഭാവവും പിന്നെയും മാറി. “എനിയ്ക്കെന്റെ ചേച്ചീടടുത്ത് പോണം വാശിയുടെ പുതിയ കാരണം. വന്നിടത്തേയ്ക്ക് തന്നെ പോണം എന്നാണാവശ്യം. എനിയ്ക്കും ആ വാശി നല്ലതായി തോന്നി. അവിടെയാകുമ്പോൾ സുജേച്ചിയുണ്ട്. ചേച്ചി ജോലിയ്ക്ക് പോയിക്കഴിഞ്ഞാലും വല്യമ്മയുണ്ട്. വല്യമ്മ സുരച്ചേട്ടന്റെ 9വല്യമ്മയുടെ ഇളയമകൻ) വീട്ടിലാണ്‌. അവിടെ ചേട്ടനും ചേച്ചിയും ജോലിയ്ക്ക് പോകുകയും കുട്ടികൾ കോളജിലേയ്ക്ക് പോകുകയും ചെയ്താൽ വല്യമ്മ ഇങ്ങോട്ട് വരും. അതെനിയ്ക്ക് ഉപകാരമാണ്‌. കൊളോസ്റ്റമി ബാഗ് മാറ്റാനൊന്നും മറ്റാർക്കും കഴിയുകയില്ല. അത് ഞാൻ തന്നെ ചെയ്യണം. ഭക്ഷണം കൊടുക്കലും.  എങ്കിലും, ആരെങ്കിലുമൊക്കെ ഉണ്ടല്ലോ എന്നൊരു ആശ്വാസം.

എന്നാലും ഈ പനിയും  അമ്മയുടെ കഴുത്തിലെ ദ്വാരവും വെച്ച് വീണ്ടും 30-35 കിലോമീറ്റർ പൊടിയും മണ്ണും നിറഞ്ഞ റോഡ് യാത്ര അപകടകരമായതിനാൽ ഞാൻ അമ്മയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അമ്മ പിടിവാശി കുറച്ചില്ല. കൂടുതൽ ശക്തിപ്രാപിക്കുകയും ചെയ്തു.

വേഗം തന്നെ അടുത്തുള്ള ജയൻ ചേട്ടന്റെ ടാക്സി കാർ വിളിച്ചു. വീണ്ടും വല്യമ്മയുടെ വീട്ടിലേയ്ക്ക്. അപ്പോഴേയ്ക്കും എന്റെ പനി സ്ഥിരീകരിച്ചിരുന്നു. എന്റെ മടിയിൽ തലവെച്ചുകിടക്കുന്ന അമ്മയ്ക്ക് ഇൻഫെക്ഷൻ ആകാതിരിക്കാൻ മാസ്ക്കൊക്കെ ഇട്ട് ഞാനിരുന്നു. അമ്മയുടെ മുറിവുകൾ വൃത്തിയാക്കി പ്ലാസ്റ്റർ വെയ്ക്കുമ്പോഴും കൊളോസ്റ്റമി ബാഗ് വൃത്തിയാക്കുമ്പോഴും മാസ്ക്കും കയ്യുറയും ധരിക്കണമെന്ന് ഡോക്ടർമാർ നേരത്തേ പറഞ്ഞിരുന്നു. എനിയ്ക്ക് പനിയായപ്പോൾ മൊത്തം സമയവും ഞാൻ മാസ്ക് ധരിച്ചു.

വീണ്ടും ദീപൻ ചേട്ടന്റെ വീട്ടിൽ. അമ്മ കിടക്കുന്നതിനു താഴെ ഞാൻ പനിപിടിച്ച് കിടന്നു. എങ്കിലും ഓരോ അര മണിക്കൂറിലും അമ്മയ്ക്ക് വേണ്ട ഭക്ഷണവും മരുന്നും കൊടുക്കലും പിന്നെ ബാഗ് വൃത്തിയാക്കലും മുടക്കമില്ലാതെ ഞാൻ ചെയ്തു. ഉറങ്ങണം എന്നാഗ്രഹിച്ചിട്ടും പറ്റുന്നില്ല. അമ്മയുടെ ഭക്ഷണവും ബാഗ് വൃത്തിയാക്കലും എനിയ്ക്ക് ഉറങ്ങാൻ  തടസ്സമായിരുന്നു. എന്നിരുന്നാലും രാവിലെ 5 മണി മുതൽ കുറച്ച് സമയം എനിയ്ക്കുറങ്ങാൻ സാധിക്കുമായിരുന്നു. കാരണം സുജച്ചേച്ചി രാവിലെ എണീറ്റതിനു ശേഷം ജോലിയ്ക്ക് പോകുന്നതുവരെ അമ്മയുടെ ഭക്ഷണകാര്യം ശ്രദ്ധിക്കും. ബാഗ് നിറയുമ്പോൾ മാത്രം എന്നെ വിളിയ്ക്കും. അത് വൃത്തിയാക്കി ഞാൻ പിന്നെയും ഉറങ്ങും. പക്ഷേ അതും വല്യമ്മ വരുന്നതു വരെ മാത്രമേ സാധിക്കൂ...

വല്യമ്മയ്ക്ക് 75 വയസിലധികമുണ്ട്. വല്യമ്മ ഇളയമകന്റെ കൂടെയാണ്‌ താമസം. ചേട്ടനും ചേച്ചിയും ഓഫീസുകളിലേയ്ക്കും കുട്ടികൾ കോളേജിലേയ്ക്കും പോയി കഴിയുമ്പോൾ വല്യമ്മ ഇങ്ങോട്ട് വരും. വല്യമ്മ വരുമ്പോൾ കാണുന്നത് ഉറങ്ങുന്ന എന്നെയാണ്‌. പെൺകുട്ടികൾ നേരം വെളുത്തും കിടന്നുറങ്ങാൻ പാടില്ല എന്നും പറഞ്ഞ് വല്യമ്മ എന്നെ കുത്തിപ്പൊക്കും. അവർക്കറിയില്ലല്ലോ ഞാൻ രാത്രി ഉറങ്ങുന്നില്ല എന്ന്... എത്ര പറഞ്ഞാലും മനസിലാകുകയുമില്ല.

അതിനിടയിൽ പനി മാറി. ഏട്ടന്റെ വീട്ടിൽ ഒരാഴ്ച കഴിഞ്ഞു. ഡോക്ടറെ കാണാൻ ചെല്ലാൻ പറഞ്ഞിട്ടുള്ളതുകൊണ്ട് 19 - തിന്‌ ഇറങ്ങണം. 18 - ന്‌ വല്യേട്ടൻ ബാംഗ്ളൂരിൽ നിന്നും വന്നു. ഏട്ടനെ അപ്പൊഴേ വീട്ടിൽ യൂറോപ്യൻ കക്കൂസ് വെയ്പ്പിക്കാൻ   പറഞ്ഞു വിട്ടു.

ആൾക്ക് 19 - ന്‌ തിരിച്ചു പോണം. അതിനിടയിൽ യൂറോപ്യൻ കക്കൂസ് യുദ്ധകാലാടിസ്ഥാനത്തിൽ ബെഡ് റൂമിൽ വെപ്പിച്ചു.

അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. കത്തീറ്റർ മാറ്റി, വീട്ടിലേയ്ക്ക്… ഏട്ടൻ എല്ലാം ശരിയാക്കിയിരുന്നു. രാത്രിയായി വീട്ടിലെത്തിയപ്പോൾ. ഏട്ടൻ അന്ന് പോയില്ല. അതൊരു ആശ്വാസം. വീട്ടിൽ കൊണ്ടുവന്നപ്പോൾ കഴിഞ്ഞ തവണത്തെ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു. അടുത്ത വീട്ടിലെ അജയൻ മാഷും ടാക്സി ഡ്രൈവർ ജയൻ ചേട്ടനും (ജയൻ ചേട്ടം വല്യേട്ടന്റെ ക്ലാസ്മേറ്റാണ്‌) വല്യേട്ടനും ചേർന്ന് അമ്മയെ കസാരയിലിരുത്തി അകത്ത് കയറ്റി. കഴിഞ്ഞ തവണ ആ ബോധം ഉണ്ടായില്ലായിരുന്നു. അമ്മയെ വീണ്ടും വല്യമ്മയുടെ വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി കാറിൽ കയറ്റാൻ അജയൻ മാഷും ജയൻ ചേട്ടനും ഞാനും ചേർന്ന് ആലോചിച്ചുണ്ടാക്കിയതാണാ വഴി. കാരണം, അമ്മയ്ക്ക് നടക്കാൻ പോലുമുള്ള ത്രാണി ഇല്ലായിരുന്നു. അതായിരുന്നു അമ്മ അന്ന് ബോധം കെടാൻ കാരണം. സ്റ്റെപ്പ് തനിയെ  കയറിയപ്പോഴേ അമ്മയുടെ ശക്തി ക്ഷയിച്ചു പോയി അന്ന്.

ഇനിയാണ്‌ എന്റെ പരീക്ഷണകാലഘട്ടം തുടങ്ങുന്നത്...

                                  (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ