പേജുകള്‍‌

2015, ജൂലൈ 18, ശനിയാഴ്‌ച

അമ്മയെന്ന എന്റെ മകൾ

(എന്റെ അമ്മയുടെ പുനർജന്മത്തിന്റെ കഥയാണിത്. എന്റെ മകളായി തന്റെ രണ്ടാംജന്മത്തിലൂടെ വളർന്ന് വീണ്ടും എന്റെ അമ്മയിലേയ്ക്ക് 
എത്തിച്ചേർന്ന കഥ. കുറച്ച് ആധികളുടെയും പിന്നെ കുറേ ആശങ്കകളുടെയും അതിലേറെ 
സങ്കടങ്ങളുടെയും അതിനെയെല്ലാം മറികടന്ന എന്റെ സന്തോഷത്തിന്റെയും കഥ)





ഒന്നരകൊല്ലം  മുൻപ് രണ്ടുമൂന്നു ദിവസമായി അമ്മയെ ഫോൺ വിളിച്ചാലും സംസാരിയ്ക്കുവാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല അമ്മയ്ക്ക്സാധാരണ എന്റെ ഫോൺ വിളികൾക്ക് ഒരുമണിക്കൂറിലധികമെങ്കിലും സംസാരിയ്ക്കുമായിരുന്നു
അന്നൊരു ശനിയാഴ്ച ഞാൻ ഫോൺ വിളിച്ചപ്പോൾ ‘പിന്നെ വിളിയ്ക്കൂ’ എന്ന് പറഞ്ഞ് അമ്മ ഫോൺ വെച്ചുഅമ്മയ്ക്ക് എന്നോട് സംസാരിയ്ക്കുവാൻ ഇത്രയും സമയമില്ലേ എന്ന് മനസിൽ എന്തോ ഒരു സങ്കടം തോന്നിപിറ്റേന്ന് വിളിച്ചപ്പോൾ 'എനിയ്ക്ക് വയ്യപിന്നെ വിളിയ്ക്കൂഎന്ന് വീണ്ടും അമ്മഎന്താണിത് എന്ന് സംശയം മനസിൽ ബാക്കിയായിപിറ്റേന്ന് തിങ്കളാഴ്ച വിളിച്ചപ്പോഴും 'എനിയ്ക്ക് വയ്യകിടക്കട്ടെഎന്ന്അന്നേരം എനിയ്ക്കെന്തോ പന്തികേട് തോന്നി
രണ്ടാഴ്ച മുൻപ് അമ്മയെ കണ്ട് തിരിച്ചു വന്നപ്പോൾ ഇനി അടുത്തേയ്ക്കൊന്നും നാട്ടിലേയ്ക്കില്ല എന്ന് തീരുമാനിച്ചിരുന്നുഎന്നാൽ രണ്ട് മൂന്നു ദിവസമായി നാട്ടിലേയ്ക്ക് പോകണം എന്നൊരു ത്വര മനസിൽ ഉയർന്ന് വന്നിരുന്നത് വെറും തോന്നലാണത് എന്ന് അതിനെ അടിച്ചമർത്തിപക്ഷേ അമ്മയുടെ ഒരേ വാക്കുകൾ മനസിൽ ആശങ്കയുണർത്തിനാട്ടിൽ വളരെ അടുപ്പമുള്ള സഹോദരതുല്യനായ ഒരു പയ്യനെ വിളിച്ചു 'ഒന്നവിടെ പോയി അന്വേഷിക്കടാഎന്ന് ചട്ടം കെട്ടിഅവൻ അന്നേരം ഓഫീസിലായിരുന്നതിനാൽ വീടിന്റെ തൊട്ടടുത്ത് താമസിയ്ക്കുന്ന അവന്റെ ആന്റിയെ ഏല്പിച്ചു
ആന്റി വീട്ടിൽ ചെന്നന്വേഷിച്ച് 'കുഴപ്പമൊന്നുമില്ലടീ അമ്മയ്ക്കൊരു ശർദ്ദിരണ്ട് ദിവസമായിഅതിന്റെയാണെന്ന് തോന്നുന്നു വയറ്റിൽ വേദനയുണ്ട്ഡോക്ടറെ കാണിച്ചു മരുന്ന് കഴിയ്ക്കുന്നുണ്ട്നീ വിഷമിയ്ക്കണ്ടാ എന്ന് പറയാൻ പറഞ്ഞു അമ്മഎന്നറിയിച്ചുപക്ഷേ വൈകിട്ട് വീണ്ടും അമ്മയെ ഫോൺ വിളിച്ചപ്പോൾ അസുഖം മാറി എന്ന് തോന്നിയില്ലമാത്രമല്ല കൂടുതൽ ക്ഷീണിതയായതുപോലെപിന്നെ ഒട്ടും അമാന്തിയ്ക്കാതെ വൈകിട്ട് നാട്ടിലേയ്ക്കുള്ള ട്രെയിൻ കയറി
ഒക്ടോബർ ഒന്നിന് അതിരാവിലെ വീട്ടിൽ കയറി ചെന്നപ്പോൾ വാതിൽ കുറ്റിയിട്ടിട്ടില്ലക്ഷീണിച്ച സ്വരത്തിൽ അമ്മയത് വിളിച്ചു പറയുന്നുണ്ട്വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോൾ കാണുന്നത്ഊണുമുറിയിലെ കട്ടിലിൽ ഏകദേശം അർദ്ധബോധാവസ്ഥയിൽ എന്നതുപോലെ അമ്മ കിടക്കുന്നുഒരു കണ്ണ് പാതി തുറന്നിരിക്കുന്നുഒരുകണ്ണ് പൂർണ്ണമായും അടഞ്ഞിരിക്കുന്നുചുണ്ട് ഒരുവശത്തേയ്ക്ക് കോടിയിരിക്കുന്നു
വൃത്തി ഒരു മുദ്രാവാക്യം എന്നതു പോലെ കൊണ്ടുനടക്കുന്ന ആളാണ് അമ്മവൃത്തിഹീനമായി ഒന്നും കാണില്ല അമ്മയുള്ളിടത്ത്പക്ഷേ അന്ന് ഞാൻ കയറി ചെല്ലുമ്പോൾ ഊണുമേശയിൽ രണ്ട്മൂന്നു ദിവസങ്ങളോളം പഴക്കം വന്ന കഞ്ഞിയും ചോറുമെല്ലാം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിയ്ക്കുന്നുഎത്രമാത്രം അവശയായിട്ടാണ് അമ്മയങ്ങിനെ കിടക്കുന്നത് എന്ന തിരിച്ചറിവ് ഞെട്ടലുളവാക്കിഉടൻ തന്നെ എല്ലാം വൃത്തിയാക്കി അമ്മയ്ക്ക് ചൂടോടെ കുറച്ച് കഞ്ഞി അരച്ചു കൊടുത്തുകഴിയ്ക്കുന്നതെല്ലാം ശർദ്ദിയ്ക്കുന്നതിനാൽ ദഹനം എളുപ്പമാകുന്നതിനായിരുന്നു അത്
ഉച്ചയോടെ അമ്മയുടെ അനുജത്തി വന്നുരണ്ട് ദിവസം മുൻപ് തുടങ്ങിയ അസുഖം അന്യനാട്ടിൽ കഴിയുന്ന ഞങ്ങൾ മക്കളെ വിളിച്ചറിയിച്ച് വിഷമിപ്പിക്കണ്ട എന്ന് പറഞ്ഞതുകൊണ്ട് അവരെല്ലാം അത് ഞങ്ങളിൽ നിന്നും മറച്ചു വെയ്ക്കുകയായിരുന്നത്രെ!! (എല്ലാ അമ്മമാരുടെയും ചിന്ത എപ്പോഴും ഇങ്ങിനെ തന്നെ)  ദഹനത്തിന്റെ വല്ല പ്രശ്നവുമാണോ എന്ന് കരുതി ഞങ്ങൾ ചില നാട്ടു മരുന്നുകളും ചെയ്തുകൂട്ടത്തിൽ തലേന്ന് ഡോക്ടർ കൊടുത്ത മരുന്നുകളുംഎന്നിട്ടും കുറവൊന്നും കാണുന്നില്ലമാത്രമല്ല അമ്മയുടെ വയർ വീർത്തു വീർത്തു വരുന്നു
വൈകിട്ടായപ്പോഴേയ്ക്കും ഇളയമ്മ പോയിഅമ്മയുടെ വീർത്തുവരുന്ന വയർ കാണുന്തോറും ഉള്ളിൽ ഭയം നുരഞ്ഞുപൊന്തിക്കൊണ്ടേയിരുന്നു. പക്ഷേ അത് അമ്മയുടെ മുന്നിൽ പ്രകടിപ്പിച്ചില്ല. പിറ്റേന്നായപ്പോഴേയ്ക്കും അമ്മയ്ക്ക് കൂടുതൽ ക്ഷീണം. വയർ കൂടുതൽ വീർത്തുവന്നിരിക്കുന്നു. ഉച്ചയായപ്പോഴേയ്ക്കും അമ്മ തന്നെ പറഞ്ഞു 'നമുക്ക് അടുത്തുള്ള ഹോസ്പിറ്റലിൽ പോകാം' എന്ന്. സാധാരണ ഒരുവിധം അസുഖങ്ങൾക്കെല്ലാം നല്ല ചികിൽസ ലഭിയ്ക്കുന്ന ചെറിയ ആശുപത്രിയാണത്.



അങ്ങോട്ട് അമ്മയെ കൊണ്ടുപോയി. അവിടെയുള്ള നഴ്സുമാർ അമ്മയ്ക്ക് ശർദ്ദി നിൽക്കുവാനുള്ള ഇഞ്ജക്ഷൻ കൊടുത്തു. അതോടെ അമ്മയ്ക്ക് ഒരു സമാധാനം കിട്ടിയതുപോലെ. അവർ തന്നെ പറഞ്ഞതുപ്രകാരം സർജൻ വരുന്നത് കാത്തിരുന്നു. അദ്ദേഹം ഡോ.രാജീവ് മേനോൻ കരാഞ്ചിറ ഹോസ്പിറ്റലിലെ വിസിറ്റിംഗ് സർജനാണ്. അദ്ദേഹം വന്നതിനുശേഷം എക്സ് - റേ എടുത്തു. വയറ്റിലെന്തോ ബ്ലോക്ക് ഉണ്ട് എന്ന് മനസിലായതിനാൽ 48 മണിക്കൂർ നിരീക്ഷിച്ചതിനുശേഷം ബ്ലോക്ക് ഉണ്ടെങ്കിൽ ഒരുപക്ഷേ സർജറി വേണ്ടി വന്നേക്കാമെന്നതിനാൽ അദ്ദേഹം സ്ഥിരമായി പ്രാക്റ്റീസ് ചെയ്യുന്നതും കൂടുതൽ സൗകര്യങ്ങൾ ഉള്ളതുമായ ഇരിഞ്ഞാലക്കുട കോ - ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നതിനായി അദ്ദേഹം ഒരു എഴുത്ത് നൽകി. 



കരാഞ്ചിറയിൽ നിന്നും കോ-ഓപറേറ്റീവ് ഹോസ്പിറ്റലിൽ ചെന്നയുടൻ തന്നെ അമ്മയെ ഐ.സി.യു.വിൽ അഡ്മിറ്റ് ചെയ്തു. മൂക്കിലൂടെ റ്റ്യൂബ് ഇട്ട് വയറ്റിൽ കെട്ടിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേയ്ക്ക് എടുത്തു തുടങ്ങി. 48 മണിക്കൂറിനു ശേഷത്തെ നിരീക്ഷണത്തിനുശേഷം സ്കാൻ ചെയ്ത് നോക്കിയപ്പോൾ വയറ്റിൽ ബ്ലോക്ക് ഉണ്ടെന്ന് മനസിലാവുകയും തുടർന്ന് അമ്മയെ സർജറിയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കയറ്റുകയും ചെയ്തു.



അതിനിടയിൽ കഴിഞ്ഞ രണ്ടുദിവസത്തെ ഹോസ്പിറ്റൽ വാസത്തിനിടയിൽ അവിടത്തെ തന്നെ കന്റീനിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് ശർദ്ധിയും തലചുറ്റലുമായി ഞാൻ അവശനിലയിലായിരുന്നു. ഓപ്പറേഷന്റെ  അന്ന് വല്യേട്ടൻ വന്നു എങ്കിലും ഞാൻ അവശനില തുടരുകയായിരുന്നു. ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ ഏട്ടനെ ഇരുത്തി ഞാൻ മുറിയിൽ പോയി കിടന്നുറങ്ങി. 



12 മണിയോടെ ഓപ്പറേഷൻ തിയറ്ററിലേയ്ക്ക് കയറ്റിയ അമ്മയെ പുറത്തുകൊണ്ടു വരുന്നത് നാലുമണിയോടെയായിരുന്നു. അമ്മയുടെ വയറ്റിൽ നിന്നും കുടലിന്റെ അറ്റത്തായി ചെറിയ ഒരു മുഴയോടെ ഒന്നരയടി (34 ഇഞ്ച്) നീളത്തിൽ ഓപ്പറേറ്റ് ചെയ്ത് നീക്കിയ ഭാഗം ഡോക്ടർ ഏട്ടനെ വിളിച്ചു കാണിച്ചു കൊടുത്തു. ഉറക്കത്തിലായിരുന്ന എന്നെ ഏട്ടൻ വിളിച്ചുണർത്തി ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തുകൊണ്ടുവന്ന അർദ്ധ മയക്കത്തിലുള്ള അമ്മയെ  കാണിച്ചു തന്നു. ഞാൻ ഒരു സ്ത്രീയായതുകൊണ്ടോ എന്തോ മുറിച്ചു നീക്കിയ കുടൽ ഭാഗം എന്നെ കാണിച്ചില്ല. ഇനി ഏഴുദിവസം ഐ.സി.യു.വിൽ കിടക്കണമെന്നും പിന്നീട് മുറിയിലേയ്ക്ക് മാറ്റുമെന്നും എന്നെ ഡോക്ടർ അറിയിച്ചു. പ്രശ്നങ്ങളൊന്നുമില്ലാത്ത അവസ്ഥയായതുകൊണ്ട് ഏട്ടൻ രണ്ടു ദിവസം കഴിഞ്ഞ് തിരിച്ച് ബാംഗ്ലൂരിലേയ്ക്ക് പോയി. എന്റെ അസുഖങ്ങളും മാറി. ഇനി അമ്മയെ റൂമിലേയ്ക്ക് മാറ്റുന്നതിനുള്ള കാത്തിരുപ്പ്. 



ഒക്റ്റോബർ നാലിനായിരുന്നു അമ്മയുടെ സർജറി. എട്ടാം തിയതി അമ്മയ്ക്ക് ആൽബുമിൻ പ്രോട്ടീൻ ആവശ്യമാണ് എന്നറിയിച്ചു. തൃശ്ശൂർ ഐ.എം.എ.യിൽ നിന്നും അത് എത്തിച്ചുകൊടുത്തു. ഒൻപതാം തിയതി ഐ.സി.യു.വിൽ നിന്നും അമ്മയുടെ മാറ്റിയ വസ്ത്രം കിട്ടിയത് കഴുകിയപ്പോൾ അതിൽ എന്തോ വഴുവഴുപ്പ് എനിയ്ക്ക് അനുഭവപ്പെട്ടു. മുറിവിൽ പുരട്ടിയ മരുന്നിന്റെയോ ഓയിന്റ്മെന്റിന്റെയോ ആകാം അത് എന്ന് ഞാൻ കരുതി. കഴുകിയ വസ്ത്രം ഉണക്കാനായി മുറിയിൽ തന്നെ വിരിച്ചിട്ടതിനുശേഷം മുറിയടച്ച് പുറത്ത് പോയി തിരിച്ചു വന്നപ്പോൾ മുറിയാകെ മീൻ ചീഞ്ഞതുപോലെയൊരു നാറ്റം അനുഭവപ്പെട്ടു. അപ്പോഴും അപകടം എനിയ്ക്ക് മനസിലായില്ല. പിറ്റേന്ന് ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു "അമ്മയുടെ സർജറിയുടെ മുറിവിൽ കുറേശ്ശെ ഇൻഫെക്ഷൻ ഉണ്ട്. വയസായതുകൊണ്ടും പ്രമേഹമുള്ളതുകൊണ്ടും (അമ്മയ്ക്ക് ഈ അസുഖം വരുന്നതു വരെയും പ്രമേഹം ഇല്ലായിരുന്നു. നാലുദിവസത്തെ വയറ്റിലെ ബ്ലോക്ക് മൂലമാകാം അമ്മയ്ക്ക് പ്രമേഹത്തിന്റെ കൗണ്ട് വളരെയധികമുണ്ടായിരുന്നു) മുറിവുണങ്ങാൻ ചെറിയ പ്രശ്നമുണ്ട്. ഞങ്ങൾ ചെയ്യാവുന്നതെല്ലാം ഇവിടെ ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലൊന്നും മറ്റെവിടെയും ചെയ്യുകയില്ല. പേടിയ്ക്കാനൊന്നുമില്ല". ഡോക്ടറിൽ വിശ്വാസമർപ്പിച്ച് ഞാൻ മുറിയിലേയ്ക്ക് പോന്നു. അവർക്കുള്ള അറിവ് നമുക്കില്ലാലോ. ഇവിടെ ചെയ്യുന്നതിനേക്കാൾ കൂടുതലായി മറ്റെവിടെയും ചെയ്യാനില്ല എന്നത് ഡോക്ടറുടെ ഉറപ്പായി ഞാൻ കരുതി. 



10-ആം തിയതി ഡോക്ടർ വിളിച്ച് പറഞ്ഞു "ഞാൻ ലീവിൽ പോകുകയാണ്. എന്റെ അസിസ്റ്റന്റ് ഡോ.നഥാനിയേൽ അമ്മയുടെ കാര്യങ്ങൾ നോക്കിക്കോളും. അപ്പോഴും അപകടം മണത്തില്ല. ഡോക്ടറിലുള്ള വിശ്വാസം അത്രമാത്രമായിരുന്നു. അമ്മയുടെ വസ്ത്രം മാറ്റിയയുടൻ തരാതെ ഐ.സി.യു.വിലെ നഴ്സുമാർ അത് ഡെറ്റോളിൽ മുക്കിയാണ് നൽകിയിരുന്നത്  എങ്കിലും അമ്മയുടെ വസ്ത്രത്തിൽ കൂടിക്കൂടി വരുന്ന വഴുവഴുപ്പ് എന്നിൽ അസ്വസ്ഥതയുളവാക്കി. 
11-ന് ഡോ.നഥാനിയേൽ വിളിച്ച് പറഞ്ഞു "അമ്മയുടെ മുറിവുണങ്ങാൻ ബുദ്ധിമുട്ട് കാണുന്നു. ആൽബുമിൻ പ്രോട്ടീൻ കുറവാണ് അമ്മയുടെ ശരീരത്തിൽ. അത് വാങ്ങിക്കൊണ്ടു വരണം. ടൗണിൽ കിട്ടും." ഞാൻ ഉടൻ തന്നെ ടൗണിലുള്ള വല്യമ്മയുടെ മകനെ വിളിച്ച് ആൽബുമിൻ പ്രോട്ടീൻ വാങ്ങിപ്പിച്ചു. ഐ.എം.എ. യിൽ നിന്നാണ് അത് ലഭിക്കുക. ചേട്ടൻ അത് വാങ്ങിക്കൊണ്ടു തന്നു.



12 - ആം തിയതി ഡോ.നഥാനിയേൽ എന്നെ വിളിച്ചു പറഞ്ഞു, "അമ്മയുടെ പ്രായവും പിന്നെ പ്രമേഹവും കാരണം അമ്മയുടെ മുറിവ് ഉണങ്ങുവാൻ കാലതാമസമെടുക്കുന്നുണ്ട്.  മാത്രമല്ല, ഇപ്പോൾ തന്നെ നിങ്ങൾക്ക് ആൽബുമിൻ പ്രോട്ടീൻ എത്തിയ്ക്കുവാൻ ടൗൺ വരെ പോകേണ്ടി വന്നു. അത്തരം കാര്യങ്ങൾ എളുപ്പമാക്കുവാൻ ടൗണിലാണ് സൗകര്യം. പിന്നെ പ്രധാന ഡോക്ടർ അവധിയിലാണ്. അടുത്ത തിങ്കളാഴ്ചയെ അദ്ദേഹം വരൂ. അതുകൊണ്ട് അമ്മയെ ടൗണിലുള്ള മറ്റൊരു ഹോസ്പിറ്റലിലേയ്ക്ക് മാറ്റുന്നത് നല്ലതായിരിക്കും. അതിനാൽ ഞാൻ വെസ്റ്റ് ഫോർട്ട് ഹൈടെക് ഹോസ്പിറ്റലിലേയ്ക്ക് റഫ്റൻസ് തരാം. അമ്മയെ എത്രയും പെട്ടന്ന്  അങ്ങോട്ടു കൊണ്ടു പോയ്ക്കോളൂ.."
ഉള്ളിൽ ഒരു സ്ഫോടനം ഉണ്ടായോ... എങ്കിലും മനസിൽ അത്രവലിയ അപകടസൈറൺ മുഴങ്ങിയില്ല. എന്നാലും എന്തോ ഒരു... ആരും കൂടെയില്ല. ഒറ്റയ്ക്കാണ്. എന്തോ മനസിൽ സങ്കടം തിക്കിമുട്ടിവരുന്നു, നിസ്സഹായതയും. അമ്മയെ ഏത് വിധേനയും ഉടൻ ഇപ്പറഞ്ഞ ഹോസ്പിറ്റലിലേയ്ക്ക് മാറ്റണം. അതുമാത്രമാണ് ചിന്ത. സാമ്പത്തികം ഞെരുക്കത്തിലാണ്.



എങ്കിലും അത് പ്രശ്നമല്ല. ശരിയാക്കാം എന്നൊരു ധൈര്യം ഉണ്ട്. ഏട്ടനേയും ഏടത്ത്യമ്മയേയും വിളിച്ചു പറഞ്ഞു. ഏട്ടനെ വിളിച്ചപ്പോൾ ഏട്ടൻ തളർന്നു. ഏടത്ത്യമ്മയ്ക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. അവരോട് സംസാരിച്ചപ്പോൾ എന്റെ മനസിലെ സങ്കടം അണപൊട്ടി. "ഏത് വിധേനയും എനിയ്ക്ക് എന്റെ അമ്മയെ രക്ഷിയ്ക്കണം. അതുകൊണ്ട് ഞാൻ അമ്മയെ കൊണ്ടുപോകുകയാണ്." എന്ന് കരഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ പറഞ്ഞത്. മനസിന്റെ തളർച്ച കൂടുകയാണ്. ആരെങ്കിലും ഒരാൾ അരികിൽ ഉണ്ടായിരുന്നെങ്കിൽ. വെറുതെ ഒരു സ്പർശനം മതി ഞാൻ തളർച്ചയിൽ നിന്നും ഉണരാൻ. പക്ഷേ... 



വീടിന്നടുത്തുള്ള സഹോദരതുല്യനായ മുത്തുവിനെ വിളിച്ചു കുറച്ച് പണവുമായി വരാൻ പറഞ്ഞു. അവൻ എത്തിയപ്പോഴേയ്ക്കും ഹോസ്പിറ്റലിലെ പണമിടപാടുകളെല്ലാം തീർത്ത് എവിടെയും ഇരിപ്പുറയ്ക്കാതെ പരതി പരതി നടക്കുകയാണ് ഞാൻ. മുത്തുവിനെ കണ്ടപ്പോൾ ഞാൻ ഓടിചെന്ന് അവന്റെ കൈത്തണ്ടയിലൊന്നു തൊട്ടു. ഊർന്നുപോയ ഊർജ്ജം എവിടെനിന്നൊക്കെയോ എന്നിലേയ്ക്ക് തിരിച്ചൊഴുകുന്നത് ഞാനറിഞ്ഞു. കാരണം, എനിയ്ക്ക് തളരാനാവുകയില്ല. ഞാൻ തളർന്നാൽ എന്റെ ധൈര്യത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്ന എന്റെ വീട്ടുകാർ തളരും. എന്റെ അമ്മ തളരും. അതുകൊണ്ട് ഞാൻ തളരുവാൻ പാടില്ല. വീണ്ടും ഊർജ്ജസ്വലയായി ഞാൻ നിന്നു. 



അമ്മയെ ട്രോളിയിൽ കിടത്തി ആംബുലൻസിലേയ്ക്ക് കയറ്റുവാനായി കൊണ്ടുവന്നു. നടന്ന് ഹോസ്പിറ്റലിലേയ്ക്ക് കയറിയ അമ്മയാണ് തീരെ അവശയായി ട്രോളിയിൽ ആംബുലൻസിലേയ്ക്ക് കയറുന്നത്. തികട്ടിവന്ന സങ്കടം ഞാൻ അമർത്തി. കടുത്ത വേദനയാൽ കരയുന്ന അമ്മയുടെ മുന്നിൽ ഞാനും കരഞ്ഞാൽ അമ്മയുടെ ധൈര്യം പോകും. അമ്മയ്ക്ക് കാരണം മനസിലായിട്ടില്ല എന്തിനാണ് ഹോസ്പിറ്റൽ മാറ്റുന്നത് എന്ന്. ഡോക്ടർ അവധിയിലായതിനാൽ, ആൽബുമിൻ പ്രോട്ടീനൊക്കെ വാങ്ങുവാനുള്ള എളുപ്പത്തിന് അമ്മയെ ടൗണിലേയ്ക്ക് മാറ്റുന്നു എന്നാണ് അമ്മയോട് ഞാൻ പറഞ്ഞത്. എന്നിട്ടും ആംബുലൻസിലേയ്ക്ക് കയറ്റുമ്പോൾ ട്രോളിയിൽ കിടന്ന് അമ്മ എന്നോട് ചോദിച്ചു, "അമ്മ മരിച്ചു പോകുമോ മോളേ...?" തിരയിളകി വന്ന സങ്കടക്കടൽ അടക്കി ഞാൻ അമ്മയോട് ദ്വേഷ്യപ്പെട്ടു, "ചുമ്മാ വേണ്ടാത്ത കുരുത്തക്കേടൊന്നും പറയാതെ മിണ്ടാതെ കിടക്കൂ". അതുപറഞ്ഞ് ഞാൻ മുഖം തിരിച്ചു നിറഞ്ഞു വരുന്ന കണ്ണുകൾ അമ്മ കാണാതെ തുടച്ചു.


മുത്തു അവന്റെ കാറിൽ ആംബുലൻസിനെ അനുഗമിയ്ക്കുന്നു എന്ന അറിവ് അമ്മയ്ക്ക് ഞാൻ ഒറ്റയ്ക്കല്ല എന്ന ആശ്വാസം  നൽകി. ആംബുലൻസിൽ അമ്മ എന്റെ മടിയിൽ തലവെച്ചു കിടന്നു. ഇത് അമ്മ അവസാനമായിട്ടായിരിക്കുമോ എന്റെ മടിയിൽ തലവെച്ചുകിടക്കുന്നത് എന്ന ഒരു ചിന്ത മിന്നൽ പോലെ മനസിലൂടെ കടന്നുപോയി. അതിവേഗം പായുന്ന ആംബുലൻസിലിരുന്ന് ഞാൻ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. (മുൻപൊക്കെ ആംബുലൻസിന്റെ വിളിയൊച്ച കേൾക്കുമ്പോൾ അതിൽ അത്യാസന്നരായി കിടക്കുന്ന വ്യക്തി രക്ഷപ്പെടണേ എന്ന് കൂടെയുള്ള ആളുടെ മാനസികാവസ്ഥയെക്കുറിച്ച് അത്രയൊന്നും അറിയാതെത്തന്നെ ഞാൻ വെറുതെ പ്രാർത്ഥിയ്ക്കുമായിരുന്നു. ആംബുലൻസിൽ അത്തരമൊരു സാഹചര്യത്തിൽ ഇരിയ്ക്കേണ്ടി വന്നപ്പോൾ പിന്നീടുള്ള അത്തരം പ്രാർത്ഥനകൾക്ക് കൂടുതൽ ആത്മാർത്ഥതയുണ്ടായിത്തീർന്നു.)

                              (തുടരും...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ