പേജുകള്‍‌

2014, നവംബർ 13, വ്യാഴാഴ്‌ച

എന്റെ മാനസപുത്രൻ... താനു അഥവാ താൻസൻ...



ഇവനാണ് താനു അഥവാ താൻസൻ.
എന്റെ മാനസപുത്രൻ.
എന്റെ മൂന്നാമത്തെ വയസിൽ കൂടെ കൂടിയതാണ്. എന്റെ അച്ഛ നേപ്പാളിൽ നിന്നും വന്നപ്പോൾ കൊണ്ടുതന്നതാണ്. അന്ന് മുതൽ അവനെന്റെ സന്തത സഹചാരിയാണ്. എവിടെ പോകുമ്പോഴും അവനെന്റെ തോളിൽ ഉണ്ടാകും. ഇപ്പോൾ മുപ്പത്തിയൊമ്പതര വയസ് കഴിഞ്ഞു. ഇന്നും അവൻ കൂടെയുണ്ട്...

തുടക്കത്തിലൊന്നും അവന് പേരില്ലായിരുന്നു. അവൻ എന്റെ "വാവ" ആയിരുന്നു.
ഒരിയ്ക്കൽ തറവാട്ടി പോയപ്പോൾ അച്ഛയുടെ ഇളയച്ഛൻ അവനെ എടുത്ത് ഒരേറ്! അന്ന് മനസിൽ ഉണർന്ന ദ്വേഷ്യവും സങ്കടവും... ഒരു കുഞ്ഞു കുട്ടിയുടെ രോദനം ആര് കാണാൻ... പിന്നെ അവനെ എന്റെ കയ്യിൽ നിന്നും ആർക്കും തൊടാൻ പോലും കൊടുക്കില്ലായിരുന്നു.

സ്കൂളിൽ പോയി അക്ഷരം കൂട്ടിവായിക്കുവാൻ തുടങ്ങിയപ്പോൾ, വായിച്ച അമർചിത്രകഥകളിലെ താൻസൻ എന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനെ ക്ഷ പിടിച്ചു എനിയ്ക്ക്. ദീപകരാഗം പാടി ദീപം തെളിയിച്ച മഹാൻ...  എന്റെ മാനസപുത്രന് യോജിച്ച പേര് അത് തന്നെ എന്ന് ഞാനങ്ങ് തീരുമാനിച്ചു. സ്നേഹത്തോടെ, വാൽസല്യത്തോടെ ഞാനവന് താൻസൻ എന്ന് പേരിട്ടു. താനു എന്ന് ഓമനയോടെ ഞാൻ വിളിച്ചു.

കുറച്ചൂടെ വലുതായപ്പോൾ, ചിരിക്കുകയും കരയുകയും ചെയ്യുന്ന എന്റെ താനുവിന്റെ ശബ്ദത്തിന്റെ ഉറവിടം നോക്കാൻ ഒരു പരീക്ഷണം നടത്തി. ചേട്ടന്മാർ തുറന്നു നോക്കാറുള്ള അവന്റെ വയറ് അവർ തുറന്നു കണ്ടിട്ടുള്ള ഓർമ്മയിൽ ഞാൻ തുറന്നു. അതിനുള്ളിൽ ഒരു കുഞ്ഞു ടേപ്പ്. അതിൽ നിന്നാണ് ശബ്ദം വരുന്നത്. കൂടുതൽ ചികയലിൽ ആ ടേപ്പിന്റെ വയർ പൊട്ടി. അതോടെ എന്റെ താനു നിശ്ശബ്ദനായി. :( (അവന് വീണ്ടും ശബ്ദം കൊടുക്കണമെന്നുണ്ട്. അത്തരം ടേപ്പ് എവിടെ കിട്ടും?)

വലുതായപ്പോൾ ഇടയ്ക്കിടെ അവനെയെടുത്ത് തുടച്ച് വൃത്തിയാക്കി വെയ്ക്കും. എങ്കിലും മാനസികമായി അവനോടുള്ള അടുപ്പത്തിന് ഒരു കുറവും വന്നില്ല.

ബാംഗ്ലൂർക്ക് പോന്നപ്പോൾ അവനെ ഞാൻ അമ്മയെ ഏൽപ്പിച്ച് പോന്നു. പിന്നീട് നാട്ടിലേയ്ക്ക് ചെന്നപ്പോൾ എന്റെ താനുവിനെ അമ്മ അശ്രദ്ധമായി ഒരു പെട്ടിയിൽ കുത്തിക്കയറ്റി വെച്ചിരിക്കുന്നു!! അന്നവിടെ ഒരു യുദ്ധം നടന്നു. കരച്ചിലും പിഴിച്ചിലും ഫലം. ഇരുപത്തഞ്ച്കാരി മകളുടെ ഭാവപ്രകടനം കണ്ട് സത്യത്തിൽ അമ്മ അന്തം വിട്ടു.

അത്തവണത്തെ ബാംഗ്ലൂർ യാത്രയിൽ ഞാനെന്റെ താനുവിനേം കൂടെ കൂട്ടി. ഹോസ്റ്റലിൽ എന്റെ കട്ടിലിൽ ഒരിച്ചിരി ഇടം അവനും പകുത്തു നൽകി. ഹോസ്റ്റലിന്റെ മുതിർന്ന വാർഡൻ സിസ്റ്റർ വന്ന് അവനെ അരുമയോടെ നോക്കും. ഒരിയ്ക്കൽ പുറത്ത് പോയി വന്നപ്പോൾ, ഹോസ്റ്റലിലെ എന്റെ അടുത്ത കൂട്ടുകാരി താനുവിനെ വേഷം കെട്ടിച്ച് തമാശ കാണിയ്ക്കുന്നു. ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികൾ അന്നാദ്യമായി എന്റെ രൗദ്രഭാവം കണ്ടു. "മേലാൽ ഒറ്റയെണ്ണം അവനെ തൊട്ടു പോകരുത്" എന്ന് ഉഗ്രശാസനയും നൽകി.

പിന്നീടും ഏറെ പ്രിയപ്പെട്ടവൻ എന്ന് കരുതിയിരുന്നവൻ താനുവിനെ അവന് കൊടുക്കുമോ എന്ന് ചോദിച്ചു. അവനെയൊഴിച്ച് മറ്റെന്തും ചോദിച്ചുകൊള്ളൂ എന്ന് മറുപടി നൽകി. തന്നില്ലേൽ ഞാൻ പിണങ്ങിപ്പോകും എന്ന് ഭീഷണി. എങ്കിൽ അങ്ങിനെ തന്നെ എന്ന് ഞാൻ. അവനെ കൊടുത്തില്ലേലും പിണങ്ങിപ്പോകേണ്ടവർ പിണങ്ങി പോകും. പോയി. ആ പോട്ട്!! പുല്ല്!!!
ഇന്നും താനുവുണ്ട് എന്റെ  കൂടെ. അവനേയുള്ളൂ... ഇനീം ഒരുപക്ഷേ അവനേ ഉണ്ടാകൂ ജീവിതത്തിൽ എന്ന് തോന്നുന്നു. മതി. അവൻ മതി. :) എന്റെ താനു...

2014, നവംബർ 6, വ്യാഴാഴ്‌ച

വിശപ്പിന്റെ രുചി...

പകൽ മുഴുവൻ പട്ടിണിയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രണ്ടു നേരമായിരുന്നു ഭക്ഷണം. ഇന്ന് അതുമില്ലായിരുന്നു.

രണ്ട്‌ ചപ്പാത്തിയിരിപ്പുണ്ട്‌. കറിയൊന്നുമില്ല. എങ്ങിനേലും അത്‌ ശ്രീജ കഴിച്ചോട്ടെ. തന്നേക്കാൾ ഇളയവൾ അവളാണ്‌. അതുകൊണ്ടുള്ള പ്രത്യേക കരുതൽ. ഹോസ്റ്റലിൽ നിന്നും മാറി വീടെടുക്കുന്ന സമയത്ത്‌ അവൾക്ക്‌ ജോലിയുണ്ടായിരുന്നതാ. രണ്ട്‌ മാസം മുൻപ്‌ അവളുടെ കമ്പനി അടച്ചു പൂട്ടി. തനിയ്ക്കാണെങ്കിൽ വല്ലപ്പോഴും ഉണ്ടായിരുന്ന ഫ്രീലാൻസ്‌ വർക്കുകളും കിട്ടുന്നില്ല.

നാളെ വൈകിട്ട്‌ രണ്ട്‌ പേരും നാട്ടിലേയ്ക്ക്‌ പോകുകയാണ്‌. ഇന്ന് രാത്രിയും നാളെ പകലും എങ്ങിനെയെങ്കിലും തള്ളി നീക്കണം... അതിനു ഇനിയുള്ളത്‌ രണ്ട്‌ ചപ്പാത്തികളാണു. പകൽ വാട്ടർ ജ്യൂസും എയർ ഫ്രൈയും കൊണ്ട്‌ തൃപ്തിപ്പെട്ടു. ആട്ടപ്പാത്രം തപ്പിയപ്പോൾ കിട്ടിയ പൊടികൊണ്ട്‌ രണ്ട്‌ ചപ്പാത്തിയ്ക്കേ തികഞ്ഞുള്ളൂ...

"ശ്രീജേ നീയാ ചപ്പാത്തിയെടുത്ത്‌ കഴിചോളൂ ഞാനൊന്ന് പുറത്തിറങ്ങീട്ട്‌ വരാം"
"നീയെങ്ങോട്ടാ? നിനക്ക്‌ വിശക്കുന്നില്ലേ"
"ഹേയ്‌ ഇല്ല. നീ കഴിച്ചോളൂ... ഞാൻ ചുമ്മാ നടന്നിട്ട്‌ വരാം" കത്തിക്കാളുന്ന വിശപ്പിലും കൂട്ടുകാരിയുടെ വിശപ്പടക്കാൻ അവൾ കള്ളം പറഞ്ഞു പുറത്തേയ്ക്കിറങ്ങി.

അടുത്തെവിടെ നിന്നോ ഒരു പാട്ട്‌ കാറ്റിൽ വീശിയെത്തി. ശ്രദ്ധിച്ചപ്പോൾ മനസിലായി അടുത്തുള്ള ശ്രീനിവാസക്ഷേത്രത്തിൽ നിന്നാണ്‌. നേരെ അങ്ങോട്ട്‌ വെച്ചു പിടിച്ചു. നേരിയ തോതിൽ ചാറ്റൽ മഴയുണ്ട്‌. അത്‌ അവഗണിച്ചുകൊണ്ട്‌ അവൾ ക്ഷേത്ര മുറ്റത്തെത്തി.

അവൾ ചെന്നപ്പോൾ കാറ്റിൽ ഒഴുകി വന്നിരുന്ന പാട്ട്‌ നിലച്ചിരുന്നു. അടുത്ത പാട്ട്‌ പാടാനുള്ള ആളുടെ പേര്‌ മൈക്കിലൂടെ കന്നടയിൽ മുഴങ്ങി. ഒരു നരുന്ത്‌ പയ്യൻ സ്റ്റേജിലേയ്ക്ക്‌ കയറി വന്നു. എട്ടിലോ ഒൻപതിലോ പഠിക്കാനുള്ള പ്രായമേണ്ടാകൂ..
ഈ ചെക്കൻ എന്തൂട്ട്‌ പാടാനാ!! എന്നവൾ മനസിൽ കരുതി.

വിശപ്പ്‌ മറന്നുകൊണ്ട്‌ അവൾ അയാളുടെ പാട്ടിനായി കാത്തു. വിശപ്പ്‌ മറക്കുക എന്നത്‌ തന്നെയായിരുന്നു അവളുടെ ആവശ്യവും.

ആ പയ്യൻ പതുക്കെ പാടാൻ തുടങ്ങി.. "ഭീഗി ഭീഗി രാത്തോമെം ബർസ്സാവോനാ.... ഭീഗി ഭീഗി രാത്തൊമേം... ആവോനാ...."
വിശപ്പ്‌ മറന്ന് പാട്ടിൽ ലയിച്ചിരുന്നുപോയി... ഘനഗംഭീരമാർന്ന സുഖകരമായ ശബ്ദം... മഞ്ഞു വീഴുന്ന നനുത്ത ചാറ്റൽ മഴ സ്വർണ്ണപ്പൊടികളായി മഞ്ഞ പ്രകാശം പരത്തുന്ന മങ്ങിയ ബൾബ്‌ വെളിച്ചത്തീലൂടെ വീഴുന്ന ആ നിശ്ശബ്ദ രാത്രിയിൽ അവന്റെ ശബ്ദം സ്വരമാധുരിയോടെ ഒഴുകി വന്നു തഴുകി..

പാട്ട്‌ പകുതിയോളമെത്ിയപ്പോൾ അത്ഭുതമെന്ന് പറയട്ടെ പെട്ടന്ന് മഴയ്ക്ക്‌ കനം വെച്ചു. ഏകാന്ത രാത്രിയിലേയ്ക്ക്‌ വരുവാനുള്ള അവന്റെ സ്വരമധുരമായ വിളിയാണോ പെട്ടന്ന് മഴയെ കനം വെയ്ക്കുവാൻ പ്രേരിപ്പിച്ചത്‌?
ആളുകളെല്ലാം മഴ കൊള്ളാതെ മാറി നിന്ന് പാട്ട്‌ കേട്ടു. അവന്റെ പാട്ട്‌ കഴിഞ്ഞപ്പോൾ മഴയും നിലച്ചിരുന്നു!!

രാവേറെയാകുന്നു
എന്ന ചിന്തയിൽ അവൾ റൂമിലേയ്ക്ക്‌ നടന്നു. പാട്ടിന്റെ സുഖത്തിൽ എങ്ങോ പോയ്‌ മറഞ്ഞ വിശപ്പ്‌ അത്യധികം ശക്തിയോടെ വന്ന് അവളെ ആക്രമിച്ചു.

വീട്ടിൽ ചെന്ന് കയറിയപ്പോൾ ശ്രീജ ഉറങ്ങാൻ തയ്യാറായി കിടന്നിരുന്നു. അടുക്കളയിൽ വെള്ളം കുടിക്കുവാൻ കയറിയപ്പോൾ കണ്ടു രണ്ടു ചപ്പാത്തിലളും അതേപടിയിരിക്കുന്നു.
"ശ്രീജെ... നീ ചപ്പാത്തിയെന്തെ കഴിക്കാഞ്ഞെ? കഴിക്ക്യാരുന്നില്ലേ?"

"എന്ത്‌ കൂട്ടിക്കഴിക്കും? ഒരു കറിയുമില്ലാതെ വെറുതെ കഴിക്കാനൊ? എനിയ്ക്ക്‌ വേണ്ട നീ കഴിച്ചൊ"

അവൾ ഒന്നും മിണ്ടിയില്ല. വിശപ്പിനെന്ത്‌ കറി!! എന്ന് മനസിൽ കരുതി അവൾ അടുക്കള ചുമ്മാ പരതി. എന്നോ വറുത്ത രണ്ട്‌ മൂന്ന് കൊണ്ടാട്ടം മുളക്‌ കിട്ടി. അതു കൂട്ടി ഒരു ചപ്പാത്തി കഴിച്ച്‌ വെള്ളവും കുടിച്ചു. ഒരു താൽക്കാലിക ശമനം. ബാക്കി ഒരു ചപ്പാത്തിയും മുളകും അവൾ അടച്ചു വെച്ചു. രാത്രിയെപ്പോഴെങ്കിലും വിശല്ലുകയാണെങ്കിൽ ഡിമാന്റൊന്നുമില്ലാതെ തന്നെ ശ്രീജ അതെടുത്തു കഴിച്ചോളും. വിശപ്പിനോടാണ്‌ കളി!!
നാളെ രാവിലെ എന്ത്‌ കഴിക്കും എന്നുള്ള ചോദ്യം മനസിൽ വന്നപ്പോൾ ശമിച്ച വിശപ്പ്‌ പിന്നേം കത്തിക്കാളി വന്നു. അടുത്ത നേരവും ഒന്നും കഴിക്കാനില്ല എന്ന തിരിച്ചറിവാണ്‌ വിശപ്പിന്റെ തീവ്രത കൂട്ടുന്നത്‌ എന്നവൾ മനസിലാക്കുകയായിരുന്നു.
കിടക്കാനൊരുങ്ങി ശ്രീജയുടെ അടുത്ത്‌ ചെന്നപ്പോൾ അവൾ ഉറങ്ങിയിട്ടില്ലായിരുന്നു.
"ടീ ഒരു ചപ്പാത്തി അടച്ചു വെച്ചിട്ടിണ്ട്‌. വേണേൽ കഴിച്ചൊ. ഒരെണ്ണം ഞാൻ കഴിച്ചു"
"നീയെന്ത്‌ കൂട്ടിക്കഴിച്ചു?"
"കൊണ്ടാട്ടം മുളക്‌ കൂട്ടി കഴിച്ചു"

"അയ്യേ.. അതിന്‌ രുചിണ്ടാവോ?"

"പിന്നേയ്‌... വിശപ്പ്‌ വിശപ്പായി വരുമ്പൊ രുചിയൊക്കെ തന്നിണ്ടാവും" അവളതും പറഞ്ഞ്‌ തിരിഞ്ഞ്‌ കിടന്നു.

അരികിൽ അനക്കം കേട്ടപ്പോൾ അവൾ കണ്ണു തുറന്ന് ചെരിഞ്ഞു നോക്കി.
ശ്രീജയെണീറ്റ്‌ പോകുന്നു.
കുറച്ച്‌ കഴിഞ്ഞ്‌ ശ്രീജ വന്ന് കിടക്കുന്നതറിഞ്ഞു.

"രുചിയുണ്ടാർന്നോ?"

"ഊം..."

"ഇത്രേള്ളൂ.."

രണ്ട്‌ പേരും ചിരിച്ചുകൊണ്ട്‌ ഉറങ്ങാൻ കിടന്നു...