പേജുകള്‍‌

2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

ഒരു വിളംബരം - കേട്ടറിവ്


ഇല ചെന്ന് മുള്ളിന്മേൽ വീണാലും മുള്ള് ചെന്ന് ഇലയിന്മേൽ വീണാലും ഇനി കേട് വീഴുന്ന മുള്ളുകൾക്കാ. ഇലയ്ക്കിനി ഒന്നും നോക്കാനില്ല. വന്നുവീഴുന്ന മുള്ളുകൾക്ക് അതുവരെ സുതാര്യമായിരുന്ന കുടുംബബന്ധവും ദാമ്പത്യഭദ്രതയും നഷ്ടപ്പെടും എന്ന കേട് ഉറപ്പ്.

വളരെ വളരെ വേണ്ടപ്പെട്ടവരിൽ നിന്നും അർഹിയ്ക്കുന്ന പരിഗണന പോലും ഇലയ്ക്ക് കിട്ടാത്ത സ്ഥിതിയ്ക്ക് ഇനി എന്തിന് ഇല നേരിട്ട് അറിയുക പോലുമില്ലാത്തവരെ പരിഗണിയ്ക്കുകയും വ്യാകുലപ്പെടുകയും ചെയ്യണം.  അതൊക്കെ അവർക്ക് വേണ്ടപ്പെട്ടവർ വേണമെങ്കിൽ ചെയ്തോളും.

ഇലയ്ക്കിനി ഇലയുടെ സന്തോഷം. ഇതുവരെ കയ്യിലിരുപ്പ് കൊണ്ട് വേണ്ടാ എന്ന് വച്ച ഒരുപാട് സൗഹൃദങ്ങൾ. അതിന്റെ ഫലമായി അനുഭവിച്ച ഏകാന്തത. അതിനൊരു അറുതി എന്തായാലും വേണം. നല്ല കയ്യിലിരുപ്പുകളുള്ളവരെ സമൂഹത്തിന് ആവശ്യമില്ല. എങ്കിൽ ആ കയ്യിലിരുപ്പ് ഒന്ന് മാറ്റിപ്പിടിച്ചേക്കാം.  നഷ്ടങ്ങളുടെ പട്ടികയിൽ ഇനി പ്രത്യേകിച്ചൊന്നും കൂടാനില്ല.

വളരെ വേണ്ടപ്പെട്ടവർ ആഗ്രഹിക്കാതെ തന്നെ ചാർത്തിത്തന്ന 'രഹസ്യസുഹൃത്ത്' എന്ന സ്ഥാനപ്പേര് അറിഞ്ഞുകൊണ്ടുതന്നെ സ്വമേധയാ മറ്റുള്ളവരുടെ ജീവിതത്തിൽ എടുത്തണിയുകയാണ്. ഒറ്റപ്പെടലുകൾക്കും മാനസികപ്രശ്നങ്ങൾക്കും അറുതി വരുത്തുവാൻ അതാണ് സഹായിയ്ക്കുന്നതെങ്കിൽ പിന്നെ എന്തിന് വെറുതെ...

വരുന്നിടത്ത് വച്ച് ഇനി കാണാം. എന്താണ് സംഭവിയ്ക്കുന്നത് എന്ന് കണ്ടറിയാമല്ലോ. നഷ്ടമായാലും ലാഭമായാലും ഒരേപോലെ!!!

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

'ആർ യു വെർജിൻ?'

ചില ആണുങ്ങളുണ്ട്(എല്ലാവരും എന്നല്ല). ചാറ്റ് ചെയ്ത് തുടങ്ങി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേയ്ക്കും സ്ത്രീകളോട് ചോദിയ്ക്കും 'ആർ യു വെർജിൻ?' എന്ന്. എന്ത് ധൈര്യത്തിലാണ് ഇവരിങ്ങനെ ചോദിയ്ക്കുന്നത്!!  യാതൊരു ജളുത്വമോ ഉളുപ്പോ ഇല്ലാതെ ഇവർ എന്തുകൊണ്ടിങ്ങനെ ചോദിയ്ക്കുന്നു എന്ന് തോന്നാറുണ്ട് എപ്പോഴും. 

മറ്റുള്ളവരുടെ സ്വകാര്യതകൾ അറിയുവാനുള്ള അവരുടെ ത്വര അവരിലെ മാന്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നു എന്ന് അവർ അറിയുന്നില്ല. എവിടെയോ താമസിയ്ക്കുന്ന സ്ത്രീ സുഹൃത്ത് കന്യകയായാലും ഇല്ലെങ്കിലും ഇവർക്കെന്ത്??!! നേരിട്ട് അത് പറഞ്ഞാലും പിന്നെയും ചോദിയ്ക്കും നാണമില്ലാത്ത ചിലർ. എല്ലാവരും അങ്ങിനെയാണെന്നല്ല. എങ്കിലും ഒരു 60% ആണുങ്ങളും അങ്ങിനെയാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. തോന്നൽ തെറ്റായിരിക്കാം.

എന്തുകൊണ്ടാണ് ഇവർ ആ ചോദ്യം ചോദിയ്ക്കുന്നത്? അഥവ കന്യക അല്ല എങ്കിൽ ഒരു കൈ നോക്കാം എന്നാണോ ഇവരുടെ മനസിലിരുപ്പ്? മനസിലാകുന്നേയില്ല!! അങ്ങിനെ ഒരു മനസിലിരുപ്പുണ്ടെങ്കിൽ തന്നെ, കന്യകയല്ലാത്ത സ്ത്രീകൾ ഇവരുടെ വിളിപ്പുറത്ത് എത്തും എന്ന അമിത ആത്മവിശ്വാസമാണോ അത്തരം ചോദ്യത്തിന് പിന്നിലെ ചേതോവികാരം??!! എങ്കിൽ അവർ എത്ര തെറ്റിദ്ധരിച്ചിരിക്കുന്നു!!!

കന്യകയല്ലാത്ത പെണ്ണിന് കാണുന്നവരുടെയൊക്കെ കൂടെ കിടക്കുവാനുള്ള മാനസികാവസ്ഥയാണ് എന്നാണോ ഇവരുടെ ധാരണ? ജീവൻ നിലനിർത്തുവാൻ വേണ്ടി അത് തൊഴിലാക്കിയവർ ഉണ്ട്. അവർ പോലും കണ്ണിക്കണ്ടവന്റെയൊക്കെ കൂടെ കിടക്കുവാനുള്ള മാനസികാവസ്ഥ കൊണ്ടല്ല അത് ചെയ്യുന്നത്. നിവൃത്തികേടു കൊണ്ടുമാത്രമാണ്. അവർക്കും ഒരു മനസുണ്ട്. അവർക്കും മറ്റ് സ്ത്രീകളെ പോലെ സ്വപ്നങ്ങളുണ്ടായിരുന്നു. പക്ഷേ വിധിവൈപരീത്യം അവരെ അഴുക്കുചാലിൽ എത്തിച്ചതുകൊണ്ട് മാത്രം അവർ അങ്ങിനെ ആകുന്നതാണ്.


ഏതൊരു സ്ത്രീയ്ക്കും, ഒരുപുരുഷനോട് ഉള്ളിന്റെയുള്ളിൽ ഒരു ഇഷ്ടം തോന്നാതെ കൂടെ കിടക്കുവാൻ തയ്യാറാവില്ല. 'എല്ലാ സ്ത്രീകൾക്കും എന്റെ കൂടെ കിടക്കുവാൻ ഇഷ്ടമാണ്' എന്ന് അമിത ആത്മവിശ്വാസത്തോടെ തെറ്റിദ്ധരിച്ചുവെച്ചിരിക്കുന്ന പുരുഷന്മാരായിരിക്കാം ഒരുപക്ഷേ ഇത്തരം ചോദ്യങ്ങൾ രണ്ടോ മൂന്നോ ചാറ്റ് കഴിയുമ്പോഴേയ്ക്കും എവിടെയോ ഉള്ള അപരിചിതകളോട് ചോദിയ്ക്കുവാൻ ഒരുമ്പെടുന്നത്.

അഥവാ കന്യകയായാലും അല്ലെങ്കിലും ഇവരിങ്ങനെ ചോദിയ്ക്കുമ്പോഴേയ്ക്കും സ്ത്രീകൾ ഉള്ളത് പറയുമെന്നാണോ ഇവർ ചിന്തിച്ചു വെച്ചിരിക്കുന്നത്??!! സ്ത്രീയായാലും പുരുഷനായാലും ഓരോരുത്തരുടെയും സ്വകാര്യമാണത്. സ്ത്രീസംസർഗ്ഗത്തെക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ ഗീർവാണം നടത്തുന്ന പുരുഷന്മാരുണ്ടായിരിക്കാം. പക്ഷേ സാധാരണയായി സ്ത്രീകൾ... അടുത്ത സുഹൃത്തിനോട് പോലും തനിയ്ക്കുണ്ടായ പുരുഷസംസർഗ്ഗത്തെ കുറിച്ച് പറയാൻ വളരെയധികം മടിയ്ക്കും. പിന്നെയാണോ ഇങ്ങിനെ ചോദ്യം ചോദിയ്ക്കുന്ന രണ്ടോ മൂന്നോ നാളത്തെ ചാറ്റ് ബന്ധം മാത്രമുള്ള ഇത്തരം വിവരദോഷികളോട്!!! ഇത്തിരി പക്വതയുള്ളവർ ഇത്തരം വിവരം കെട്ട ചോദ്യങ്ങൾ ചോദിയ്ക്കാറില്ല എന്നത് ശ്രദ്ധേയമാണ്.

കന്യകയാണ് എന്നെങ്ങാൻ പറഞ്ഞാൽ ചിലർ ഉപദേശിയ്ക്കുവാൻ തുടങ്ങും 'കന്യകയായി മരിയ്ക്കരുതേ...' എന്ന്. സ്ത്രീകൾ കന്യകയായോ അല്ലാതെയോ മരിച്ചാൽ ഇവർക്കെന്ത്? അതും മനസിലാകുന്നില്ല. ജീവിത സുഖങ്ങൾ അറിയാതെ മരിയ്ക്കരുത് എന്നാണോ അവർ ഉദ്ദേശിയ്ക്കുന്നത്? അതോ അത് മാത്രമാണ് ജീവിതസുഖം എന്നാണോ..? എങ്ങിനെയായാലും അത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ? കന്യകയായോ അല്ലാതെയോ മരിയ്ക്കുന്നതോ ജീവിയ്ക്കുന്നതോ എല്ലാം...  ഇത്തരത്തിൽ സ്ത്രീകളെ ഉപദേശിയ്ക്കുവാൻ അവരെ ആരാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്?!!! 

ഇനി കന്യകയല്ലെന്ന് പറഞ്ഞാലോ... പിന്നീടുള്ള സംസാരത്തിൽ മഞ്ഞയും നീലയുമൊക്കെ തരാതരം വരുകയായി!! പല സ്ത്രീ സുഹൃത്തുക്കളും പറഞ്ഞറിഞ്ഞിട്ടുള്ളതാണിത്.

പുറമേ മാന്യത നടിയ്ക്കുമെങ്കിലും യഥാർത്ഥത്തിൽ മാന്യതയുടെ ഒരംശം പോലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നപുംസകങ്ങളാണ് ഇത്തരം ചോദ്യങ്ങൾ ചോദിയ്ക്കുവാനും ഇത്തരം ഉപദേശങ്ങൾ നൽകുവാനും ഒരുമ്പെടുന്നത് എന്നാണ് ഞാൻ വിശ്വസിയ്ക്കുന്നത്. അങ്ങിനെയുള്ളവരെ അകറ്റി നിർത്തേണ്ടത് അനിവാര്യമാണ് എന്ന ഒരു അപകടസന്ദേശം അന്നേരം മനസ് നൽകുന്നു.

ഇത്തരക്കാർ മനസിലാക്കുന്നില്ല, അങ്ങിനെയൊരു ചോദ്യം അല്ലെങ്കിൽ ഉപദേശം അവരിൽ നിന്നും കേൾക്കുന്ന ആ നിമിഷം ഒട്ടുമിക്ക സ്ത്രീകളും അവരെ മനസിലെ ചവറ്റുകുട്ടയിലേയ്ക്ക് വലിച്ചെറിയുന്നു എന്ന്. അന്നേ വരെ അവർക്ക് മനസിൽ നൽകിയ സ്ഥാനം, അത് പാവനമോ മാന്യമോ എന്തുമാകട്ടെ, പിന്നീട് അത് ചവറ്റുകുട്ടയിലായിരിക്കും എന്ന്. പുറമേയ്ക്ക് പ്രകടിപ്പിച്ചില്ല എങ്കിലും അത്തരക്കാരിൽ നിന്നും ഒരു അകലം സൂക്ഷിയ്ക്കുവാൻ ഒരുമാതിരിപ്പെട്ട സ്ത്രീകളും പെൺകുട്ടികളും മുൻകരുതലുകളെടുക്കും.

അത്തരക്കാരെ ലക്ഷ്യം വെയ്ക്കുന്ന സ്ത്രീകൾ അത്തരം ചോദ്യങ്ങളെയും ഉപദേശങ്ങളെയും പ്രോൽസാഹിപ്പിക്കും എന്നത് മറക്കുന്നില്ല. അതുതന്നെയായിരിക്കാം ഒരുപക്ഷേ ഇവർ അങ്ങിനെ ഒരു ചോദ്യം ആളും തരവും നോക്കാതെ ഉന്നയിയ്ക്കുന്നതിന്റെ ഉദ്ദേശ്യം. കാടടച്ച് വെടിവെയ്ക്കുമ്പോൾ ഒരുപക്ഷേ ഒരു ഇരയെയെങ്കിലും കിട്ടാതിരിക്കില്ല എന്ന പ്രതീക്ഷ.

2013, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

രാത്രി യാത്ര



ചെറുപ്പത്തിലെന്നോ (അതെന്റെ പത്താം വയസിലാണെന്ന് തോന്നുന്നു) ഒരു മരണവീട്ടിലേയ്ക്ക് കാറിൽ നടത്തിയ രാത്രി യാത്രയാണ്  ഇരുചക്രവാഹനത്തിൽ ഒരു രാത്രിയാത്ര എന്ന ആഗ്രഹം മനസിൽ ഉണർത്തിയത്. അന്നൊന്നും അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. 

പിന്നീട്, ജീവിതയാത്രയിൽ ഒരുപാട് ആൺസുഹൃത്തുക്കൾ ഉണ്ടായപ്പോൾ അവരിൽ വിശ്വസിയ്ക്കാവുന്ന ചിലരോടൊക്കെ ഈ ആഗ്രഹം പറഞ്ഞു. എല്ലാവരും 'ഒരുദിവസം പോകാം' എന്ന് ഉറപ്പ് നൽകിയെങ്കിലും ആരും അതിന് മുന്നിട്ടിറങ്ങിയില്ല. 

പ്രണയിച്ച വ്യക്തിയ്ക്ക് ആ പ്രണയകാലത്ത് ഒരു ഇരുചക്രവാഹനം സ്വന്തമായി ഉണ്ടായിരുന്നില്ല. ഒടുവിൽ അദ്ദേഹം ഒരു ഇരുചക്രവാഹനം സ്വന്തമാക്കിയപ്പോഴേയ്ക്കും അതിന് അവകാശിയായി മറ്റൊരാൾ വന്നിരുന്നു.

കഴിഞ്ഞ ആഴ്ച കണ്ട 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി' എന്ന സിനിമ ആ ആഗ്രഹത്തിന് കൂടുതൽ തീവ്രത നൽകി. 

അങ്ങിനെ ഒട്ടുമിക്ക സാധ്യതകളും അടഞ്ഞിരിക്കുന്ന അവസ്ഥയിൽ, മറ്റൊരു സുഹൃത്തിനോട് ആവശ്യം ഉന്നയിച്ചു. ഒരുവർഷക്കാലത്തെ നിരന്തര അഭ്യർത്ഥനയുടെ  ഫലമായിട്ടായിരുന്നു അവൻ ഇപ്പോൾ ആ ആവശ്യം അംഗീകരിച്ചത്. അവൻ പറഞ്ഞു 'നമുക്ക് ഒരു രാത്രി പോകാം' എന്ന്. ഒരുപാട് തിരക്കുകളുള്ള അവൻ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ ഒരു ദിവസമായിരുന്നു അത്. 

രാത്രി 12.45 ഓടെ ഞങ്ങൾ ഇറങ്ങി. മനസിൽ വല്ലാത്ത ആവേശമായിരുന്നു, ഒരുപാട് കാലമായി മനസിൽ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകുവാൻ പോകുന്നതിന്റെ ആവേശം. തുടക്കത്തിൽ കാര്യമായ വേഗതയൊന്നും ഉണ്ടായില്ല. യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ അവൻ വാഹനത്തിന്റെ വേഗത വർദ്ധിപ്പിച്ചു. 130 കി.മി. വേഗതയിൽ ഞങ്ങളുടെ വാഹനം ആ വിജനമായ വഴിത്താരയിലൂടെ കുതിച്ചു പാഞ്ഞു. ഹാാാാാ.... 

അതൊരു അനുഭവം തന്നെയായിരുന്നു!!! പറഞ്ഞറിയിക്കുവാനാകാത്ത ഒരു അനുഭവം. വാഹനത്തിന്റെ വേഗതയുടെ ഫലമായി കാലുകളിൽ കാറ്റിന്റെ വീചികൾ ചീള് ചീളായി കുത്തിക്കയറുന്നുണ്ടായിരുന്നു. ഹെൽമറ്റ് വച്ചിരുന്നതിനാൽ കാറ്റ് കാഴചയെ മറച്ചില്ല. ദ്രുതഗതിയിൽ മിന്നിമറയുന്ന വഴിയോരക്കാഴ്ചകൾ... അതിനിടയിൽ മൽസരയോട്ടത്തിന് വന്ന ഒരു ഇന്നോവ കാർ. ഒടുവിൽ അത് പിന്നിൽ എവിടെയോ മറഞ്ഞു.

പാതി പിന്നിട്ട യാത്രയിൽ വാഹനത്തിന്റെ വേഗത കുറച്ച് അവൻ ചോദിച്ചു 'നിനക്ക് സന്തോഷമായോ..? ഇങ്ങിനെയായിരുന്നോ നീ ഇക്കണ്ടകാലം ആഗ്രഹിച്ചുനടന്നിരുന്നത്?' 'വളരെയധികം സന്തോഷമായി എനിയ്ക്ക്. ഇതായിരുന്നു ഞാൻ ആഗ്രഹിച്ചത്' എന്ന് ഞാൻ മറുപടി നൽകി. അത് സത്യമായിരുന്നു. ഞാൻ ആഗ്രഹിച്ചതിനേക്കാൾ മനോഹരമായി എനിയ്ക്കത് ലഭിച്ചു. ഈയിടെയായി, വർഷങ്ങളായി മനസിൽ ഒളിപ്പിച്ചു വെച്ച് ഞാൻ കൊണ്ടു നടന്നിരുന്ന ഇത്തരം കൊച്ചുകൊച്ച് ആഗ്രഹങ്ങൾ ഞാൻ നിനച്ചിരിക്കാതെ സഫലമാകുന്നു!!

പുരുഷന്മാരോട് അസൂയ തോന്നിയ പല അവസരങ്ങളിൽ ഒന്നായി ഇതും.  ആ യാത്ര ഞാൻ ഏറെ ഇഷ്ടപ്പെട്ടെങ്കിലും ജീവിതത്തിൽ ഇനിയും അങ്ങിനെയൊരു അവസരം ഞാൻ ചോദിച്ചു വാങ്ങിയെന്ന് വരില്ല. സുഹൃത്തുക്കളാണെങ്കിലും ചിലതൊക്കെ ആവർത്തിച്ച് ആവശ്യപ്പെട്ട് അവരെ അലോസരപ്പെടുത്തുന്നത് ശരിയല്ലല്ലൊ. പക്ഷേ കനിഞ്ഞു ലഭിച്ച ആ അവസരം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത സന്ദർഭങ്ങളിൽ ഒന്നായി ഇതും എന്റെ മനസിൽ എന്നും ഇടം പിടിയ്ക്കും. എന്റെ സ്വകാര്യ സന്തോഷങ്ങളിൽ ഒന്ന്...

അടുത്തത്, ഇരുചക്രവാഹനത്തിൽ ലക്ഷ്യമില്ലാതെ വടക്കേ ഇന്ത്യയിലേയ്ക്ക് ഒരു യാത്രയാണ്. എന്നെങ്കിലും അതും സഫലമാകും. ഏതെങ്കിലും ഒരു നല്ല സുഹൃത്ത് അതിന് തയ്യാറാകും ഒരിയ്ക്കൽ... ആ പ്രതീക്ഷയിലാണ് ഞാനിപ്പോൾ.

എന്റെ പ്രണയം... അതിപ്പോൾ യാത്രകളോടാണ്. യാത്രകളോട് മാത്രം. ജീവിതവും ഒരു യാത്രയാണല്ലോ...

2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

വിശ്വാസത്തിലെ വിള്ളലുകൾ...






ഒരുപാട് വർഷങ്ങളുടെ സൗഹൃദമുള്ള എന്റെ വളരെ അടുത്ത ഒരു ആൺസുഹൃത്തിനോട് സന്ദർഭവശാൽ അവന്റെ ചില പെൺസുഹൃത്തുക്കളെ വിശകലനം ചെയ്ത് സംസാരിച്ചപ്പോൾ അടുത്തകാലത്ത്, ഏറിയാൽ ഒന്നര വർഷം മുൻപ് അവനുമായി സൗഹൃദം സ്ഥാപിച്ച വിവാഹിതയായ ഒരു സ്ത്രീ സുഹൃത്തിനെ കുറിച്ച് 'അവർ ആളത്ര ശരിയാണെന്ന് ഞാൻ കരുതുന്നില്ല' എന്നൊരു അഭിപ്രായം ഞാൻ പറഞ്ഞു. അവൻ എനിയ്ക്ക് കാണിച്ചു തന്ന അവരുടെ ഫോട്ടോകളും അവനോടുള്ള അവരുടെ സംസാരങ്ങളും മറ്റും വിശകലനം ചെയ്തപ്പോൾ എനിയ്ക്ക് തോന്നിയ കാര്യമായിരുന്നു അത്.

'നിന്റെ നിഗമനം ശരിയല്ല. അവർ തീർത്തും മാന്യയായ ഒരു സ്ത്രീയാണ്' എന്ന് എന്റെ സുഹൃത്ത് എന്നെ തിരുത്തി. അവരെ കുറിച്ച് അവൻ പറഞ്ഞുള്ള അറിവ് മാത്രമേ എനിയ്ക്കുള്ളൂ. അതുകൊണ്ടുതന്നെ എന്റെ നിഗമനത്തിൽ തെറ്റുണ്ടായിരിക്കാം എന്ന് കരുതി. അവനോട് ഒരു സോഷ്യൽ സൈറ്റിലൂടെ പരിചയം സ്ഥാപിച്ച സ്ത്രീയ്ക്ക് അവരെ ജീവനു തുല്യം സ്നേഹിയ്ക്കുന്ന ഭർത്താവുണ്ടത്രേ. അവരുടെ കാമനകളെ തൃപ്തിപ്പെടുത്തുകയും അവരെ ആത്മാർത്ഥമായി സ്നേഹിയ്ക്കുകയും ചെയ്യുന്ന ഭർത്താവാണെങ്കിലും അയാളെ ഇഷ്ടപ്പെടാതെ നിവൃത്തികേടിന്റെ ചില പ്രത്യേക സാഹചര്യത്തിലാണത്രേ വിദ്യാസമ്പന്നയായ ആ മാന്യസ്ത്രീ തന്നേക്കാൾ ഏറെ കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ള അയാളെ വിവാഹം കഴിച്ചത്. ഭർത്താവിന്റെ വിദ്യാഭ്യാസക്കുറവിൽ വളരെയധികം അതൃപ്തിയും അവർക്കുണ്ട്.

എന്നിരുന്നാലും ഇപ്പോൾ തന്റെ ഭർത്താവ് കഴിഞ്ഞേ തനിയ്ക്കെന്തുമുള്ളൂ എന്ന് അവർ പറയാറുണ്ടത്രേ! അത്രമാത്രം തന്നെയും താനും ജീവന് തുല്യം സ്നേഹിയ്ക്കുന്ന ഭർത്താവുമായുള്ള വേഴ്ചകൾക്ക് ശേഷം ഉറങ്ങുന്ന ഭർത്താവിന്റെ അടുത്ത് കിടന്ന് നട്ടപ്പാതിരയ്ക്ക് പരപുരുഷനെ, അത് സുഹൃത്താണെങ്കിലും, ഫോൺ വിളിച്ച്, ഭർത്താവുമായി കഴിഞ്ഞ വേഴ്ചയെ നാടകമെന്ന് വിശേഷിപ്പിച്ച് സുഹൃത്തെന്ന് വിളിയ്ക്കുന്ന പരപുരുഷനുമായി സിരകളിൽ തീ പടർത്തുന്ന സംഭാഷണം നടത്തുന്ന, ഒരുപക്ഷേ അതിനുമപ്പുറത്തേയ്ക്ക് കടന്നെന്ന് പറയപ്പെടുന്ന ബന്ധം പുലർത്തുന്ന സ്ത്രീ ഇപ്പറയുന്ന മാതിരി മാന്യയായ ഒരുത്തിയാണോ എന്ന് തിരിച്ചു ചോദിയ്ക്കണമെന്നുണ്ടായിരുന്നു എനിയ്ക്ക്. പക്ഷേ എന്തുകൊണ്ടോ ഞാൻ അപ്പോൾ നയപരമായ മൗനം പാലിച്ചു.

‘മാന്യത വേഷഭൂഷാദികളിൽ മാത്രം വേണ്ട ഒന്നാണോ? പ്രവൃത്തിയിലും ചിന്തയിലും അത് വേണ്ടെന്നോ?’  എന്ന ചോദ്യം എന്റെ മനസിൽ സ്വാഭാവികമായി ഉരുത്തിരിഞ്ഞു.

സ്ത്രീയുടെ കാപട്യം നിറഞ്ഞ മാന്യതയ്ക്കൊപ്പം തന്നെ എന്റെ മനസിൽ ഉരുത്തിരിഞ്ഞു വന്ന മറ്റൊന്ന് എന്റെ സുഹൃത്തിന്റെ നടപടിയാണ്. സ്ത്രീയിലൂടെ പരിചയപ്പെട്ട് വളരെ നല്ല സൗഹൃദബന്ധം പുലർത്തുന്ന, ഭാര്യയുടെ സുഹൃത്തെന്ന രീതിയിൽ ഇപ്പറഞ്ഞ എന്റെ സുഹൃത്തിനെ വിശ്വസിയ്ക്കുന്ന അവരുടെ ഭർത്താവിനെ മറച്ചും മറന്നുമുള്ള സ്ത്രീയുടെ ഇത്തരമൊരു സംഭാഷണങ്ങളേയും ബന്ധത്തിനെയും പ്രോൽസാഹിപ്പിക്കുന്ന എന്റെ സുഹൃത്ത്, അവൻ അവിവാഹിതനാണെങ്കിലും, ചെയ്യുന്നത് സത്യത്തിൽ വഞ്ചനയല്ലേ? അവരുടെ ഇത്തരം കീഴ്വഴക്കങ്ങളെ പ്രോൽസാഹിപ്പിച്ചുകൊണ്ട് തന്റെ ഭാര്യയും അവളുടെ സുഹൃത്തും തന്നെ വഞ്ചിക്കില്ല എന്ന അവരുടെ ഭർത്താവിന്റെ വിശ്വാസത്തെയല്ലേ അവർ രണ്ട്പേരും ചേർന്ന് ചൂഷണം ചെയ്യുന്നത്? ഭാവിയിൽ സ്വന്തം ഭാര്യ അവനോട് ഇതുപോലെ ചെയ്താൽ... 

 പുരുഷൻ ചളി കാണുമ്പോൾ ചവിട്ടുകയും വെള്ളം കാണുമ്പോൾ കഴുകുകയും ചെയ്യുന്നവനാണ് എന്ന ആപ്തവാക്യവും ചിന്തിയ്ക്കേണ്ടത് സ്ത്രീയാണ് എന്ന കാഴ്ചപ്പാടും ഭാര്യയ്ക്ക് ഭർത്താവിനോടില്ലാത്ത ആത്മാർത്ഥത തനിയ്ക്കെന്തിന് എന്ന പുരുഷചിന്തയും ചേർന്നാണോ ഇത്തരം ബന്ധങ്ങളുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നത്?

കള്ളത്തരങ്ങൾ ചെയ്യുന്നവർക്ക് ഒരു ധാരണയുണ്ട്. ബുദ്ധി അവർക്ക് മാത്രമേ ഉള്ളൂ, ബാക്കിയുള്ളവർക്കെല്ലാം ഒറ്റബുദ്ധി മാത്രമാണ് എന്ന്. പക്ഷേ അവർ മനസിലാക്കുന്നില്ല മറ്റുള്ളവരും കുറഞ്ഞത് സാമാന്യബുദ്ധിയുള്ളവരെങ്കിലും ആണെന്ന്. കുറച്ച് വൈകിയാണെങ്കിലും അവർക്ക് മുന്നിൽ വസ്തുതകൾ സ്വമേധയാ ചെന്നെത്തും എന്ന്, അത് സത്യമായാലും കള്ളമായാലും.  എല്ലാത്തിലും വലിയവനായ ദൈവം എന്നൊരാൾ എവിടെയോ ഉണ്ടല്ലോ!!!

ഒരു കാര്യം ഉറപ്പാണ്. പലനാൾ കള്ളൻ ഒരുനാൾ പിടിയ്ക്കപ്പെടും. അത് കള്ളനായാലും കള്ളിയായാലും കള്ളത്തരമായാലും. അതിന് എത്ര മാന്യതയുടെ മുഖംമൂടി അണിഞ്ഞു കൊടുത്താലും. അവരുടെ ബന്ധത്തിന് അധികം ആയുസ്സുണ്ടാകില്ല. 'മൂന്നാമതൊരാൾ' ആയി ഒരു കുടുംബകലഹത്തിന് എന്റെ പ്രിയസുഹൃത്ത് താമസിയാതെ ഹേതുവാകുമെന്ന് കുറച്ച് വേദനയോടെ തന്നെ എന്റെ മനസ് മന്ത്രിക്കുന്നു.  താൻ വിശ്വസിയ്ക്കുന്ന തന്റെ ഭാര്യയാലും അവൾ തനിയ്ക്ക് പരിചയപ്പെടുത്തിയ അവളുടെ സുഹൃത്തിനാലും വഞ്ചിക്കപ്പെട്ടു എന്നറിയുന്ന നിമിഷം ഭർത്താവിന്റെ ഉള്ളിൽ നിന്നും ഉയരുന്ന വേദന നിസ്സഹായന്റെ കണ്ണുനീരിൽ നിന്നും രൂപം കൊള്ളുന്ന കടുത്ത ശാപമായി എന്റെ സുഹൃത്തിന്റെ ജീവിതത്തിനുമേൽ പതിയ്ക്കാതിരിക്കട്ടെ എന്ന് അല്പം സ്വാർത്ഥതയോടെ, അതിലധികം ആത്മാർത്ഥതയോടെ ഞാൻ പ്രാർത്ഥിയ്ക്കുന്നു.

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ബന്ധങ്ങളിലെ ഒറ്റപ്പെടൽ



https://plus.google.com/u/0/photos/107236832361013505349/albums/5914938876989116337/5914938877757304114?pid=5914938877757304114&oid=107236832361013505349

കാത്തുനിൽപ്

നീളമേറിയ പാതയിൽ അവൻ വന്നെത്തുന്ന പതിവ് വണ്ടിയും കാത്ത് അവനെ വരവേൽക്കുവാനായി അവൾ നിൽക്കുമായിരുന്നു എന്നും.

പക്ഷേ അന്ന്, അതിവേഗത്തിൽ ഓടിയെത്തിയ ഒരു ആംബുലൻസ് അവളുടെ കാത്ത് നില്പിനെ അവഗണിച്ചുകൊണ്ട് അവന്റെ ചേതനയറ്റ ശരീരവും വഹിച്ച് നിർത്താതെ പോയി...

പ്രണയം....





പ്രണയം.... നിറഞ്ഞ മധുചഷകം നുരയുന്നതുപോലെ പ്രണയത്താൽ നുരഞ്ഞുപതയുകയാണ് മനസ്... ഒരു മഴവിൽവർണ്ണ കുമിളയ്ക്കുള്ളിലിരുന്ന് ഒട്ടും ഭാരമില്ലാതെ ഉയർന്നുയർന്നു പോകുന്ന അനുഭൂതി... എപ്പോഴാണോ ഈ കുമിള പൊട്ടി 'ഠും' എന്ന് താഴേയ്ക്ക് വീഴുക!!!

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

അണ്ണാച്ചി എന്ന് വിളിപ്പേരുള്ള എന്റെ സഹപാഠി




ഇത്തവണ നാട്ടിൽ പോയപ്പോൾ ഒരു സഹപാഠിയെ കണ്ടു. 'ഹലോ' എന്നൊരു വിളി കേട്ടപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അവന്റെ ശരിയായ പേര്  ഒരുനിമിഷത്തേയ്ക്ക്  ഞാൻ മറന്നെങ്കിലും അവനെ കോളജിൽ വിളിച്ചിരുന്ന ചെല്ലപ്പേരാണ് അപ്പോൾ മനസിൽ വന്നത്. ' എടാ അണ്ണാച്ചീ...' എന്ന് വിളിച്ച് ഞാനവനോട് കുശലം ചോദിച്ചു. 21 വർഷങ്ങൾക്ക് ശേഷം കണ്ടിട്ടും അവനെന്നെ തിരിച്ചറിഞ്ഞു എന്നത് അത്ഭുതമുണ്ടാക്കി!!

അവനെ എത്ര വർഷം കഴിഞ്ഞാലും എനിയ്ക്ക് മറക്കുവാൻ സാധിയ്ക്കില്ലായിരുന്നു. കാരണം, എന്നോട് ആദ്യമായി ചുംബനം ചോദിച്ച കക്ഷിയാണവൻ! എന്റെ മനസിലെ സങ്കല്പങ്ങളിലെ ഒരു രൂപമാണവനുണ്ടായിരുന്നത്! കറുത്ത നിറവും നല്ല ഉയരവും മരം പോലത്തെ മുഖവും ഉറച്ച ദേഹവും പിന്നെ എനിയ്ക്കിഷ്ടമുള്ള പഴയ ഹിന്ദി സിനിമയിലെ വില്ലൻ നടൻ ഡാനിയുടെ പോലെയുള്ള കണ്ണുകളും!  ഇപ്പോൾ അവന്റെ കറുപ്പ് നിറത്തിൽ കുറച്ച് കുറവ് വന്നിട്ടുണ്ട്. ഇത്തിരി നിറം വച്ചു. മറ്റൊന്നും മാറ്റമില്ലാതെ നിൽക്കുന്നു. ‘അണ്ണാച്ചിഎന്ന പഴയ വിളിപ്പേരിന് ഇപ്പോൾ യോജിക്കില്ല അവന്റെ രൂപം.

എന്തുകൊണ്ടായിരുന്നെന്നറിയില്ല,  വർഷങ്ങൾക്ക് മുൻപ് കൂട്ടുകൂടി ഏതാനും മാസങ്ങൾക്കുള്ളിൽ എന്നോടവൻ ചുംബനം ആവശ്യപ്പെട്ടു. 21 വർഷം മുൻപ് (ഇന്നത്തെ അവസ്ഥയല്ല അന്ന്. ആൺകുട്ടികളോട് സംസാരിയ്ക്കുന്നതുപോലും വിലക്കുള്ള കാലം)  ഒരു പതിനാറുകാരിയോട് അങ്ങിനെ ചോദിച്ച അവനോട് പിന്നെ അടുത്തിടപഴകുവാൻ ഭയമായിരുന്നു.  വല്ലപ്പോഴും ക്ലാസ്സിൽ വന്നിരുന്ന അവൻ, വരുമ്പോഴൊക്കെ അവനാ ആവശ്യം ആവർത്തിച്ചു! ഒരുപാട് നാളുകൾ ആവശ്യവുമായി അവൻ നടന്നു...  പറ്റില്ല’ എന്ന് കർശനമായി പറഞ്ഞപ്പോൾ ഒടുവിൽ അവനൊരു വ്യവസ്ഥ വെച്ചു. അവന്റെ കവിളിനോട് ചേർന്ന് ഒരു പുസ്തകം വെയ്ക്കാം. അതിനു മുകളിൽ ഒരു ചുംബനം മതി! അതും സാധ്യമല്ല എന്ന് പറഞ്ഞ് കണ്ണുകളിൽ അഗ്നിയെടുത്തണിഞ്ഞു അന്ന് ഞാനെന്ന പതിനാറുകാരി!  

അവന്റെ വ്യവസ്ഥ അംഗീകരിയ്ക്കില്ല എന്ന് പറഞ്ഞപ്പോൾ അവൻ നയം മാറ്റി. ഭീഷണിയുടെ സ്വരം എടുത്തിട്ടു. സ്വമനസാലെ ചുംബനം നൽകിയില്ലെങ്കിൽ ബലം പ്രയോഗിച്ച് അവനെന്നെ ചുംബിയ്ക്കും എന്നായിരുന്നു അവന്റെ ഭീഷണി!! 'എങ്കിൽ എന്റെ കൈ നിന്റെ കവിളത്ത് പതിയ്ക്കും' എന്ന് എന്റെ മറുഭീഷണി! (എന്റെ കൈ അവന്റെ കവിളത്ത് പതിയ്പ്പിക്കണമെങ്കിൽ ഞാൻ വല്ല മുട്ടിപ്പലകയിന്മേലൊ പീഠത്തിന്മേലോ കയറി നിൽക്കണമായിരുന്നു എന്നത് വേറെ കാര്യം!! പിന്നെ എല്ലാം ഒരു ധൈര്യമല്ലേ!!)  'അങ്ങിനെയുണ്ടായാൽ എന്നെ അടിയ്ക്കുന്ന ഏക പെൺകുട്ടി നീയായിരിക്കും. എന്നാലും ഞാൻ പിന്തിരിയില്ല' എന്ന് അവൻ.


ചെറുവിരലിനോളം പോലും പൊക്കമില്ലാത്ത ഞാൻ അന്ന് എങ്ങിനെ ധൈര്യം സംഭരിച്ച് അവനെ പേടിപ്പിച്ചു എന്ന് ഇപ്പോഴും അറിയില്ല!! ധൈര്യം പുറമേയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ.  പിന്നെ അവനെ കാണുമ്പോൾ ഒഴിഞ്ഞു മാറി നടക്കുവാൻ തുടങ്ങി. 'നിന്നെ എനിയ്ക്കിഷ്ടമല്ല' എന്ന് അവനോട് നേരിട്ട് പറഞ്ഞെങ്കിലും (അങ്ങിനെ പറഞ്ഞതിന് ശേഷം പിന്നെ അവൻ വന്നിട്ടില്ല എന്റെയടുത്തേയ്ക്ക്. പരുഷമായ ആ വാക്കുകളിലൂടെ ഒരു വ്യക്തിയുടെ മനസിനെ ഞാൻ മുറിപ്പെടുത്തി എന്ന വേദന പിന്നീട് എന്നും ഉള്ളിലുണ്ടായിരുന്നു. പക്ഷേ അന്ന് എനിയ്ക്കത് പറയേണ്ടത് അനിവാര്യമായിരുന്നു...) അവനോടൊരു ഇഷ്ടം ഉള്ളിലുണ്ടായിരുന്നു.  പ്രണയമൊന്നുമല്ല. രൂപത്തിനോടും പിന്നെ അവന്റെ കുറുമ്പിനോടുമുള്ള ഇഷ്ടം. ഒരുപക്ഷേ അന്ന്  മറ്റൊരു പ്രണയത്തിൽ ഞാൻ പെട്ടില്ലായിരുന്നു എങ്കിൽ ഞാൻ അവനെ പ്രണയിച്ചേനെ എന്ന് തോന്നുന്നു!!! മനസിലെ ഒരു കോണിൽ ഒരിത്തിരി സ്ഥലത്ത് ഞാനവനെ മാറ്റി വെച്ചിരുന്നു.

കഴിഞ്ഞു പോയ വർഷങ്ങളിലൊക്കെ എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു അവനെ ഒരിയ്ക്കലെങ്കിലും ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന്... ഒന്നിനുമല്ല. വെറുതെ ഒരു സോറി പറയുവാൻ. മനഃപൂർവം അവനെ വേദനിപ്പിക്കാൻ, അങ്ങിനെ അവനെ ഒഴിവാക്കുവാൻ വേണ്ടി അന്ന് അവനോട് പറഞ്ഞ പരുഷവാക്കുകൾക്ക്…

വർഷങ്ങൾക്ക് ശേഷംവീണ്ടും കണ്ടപ്പോൾ ഫോൺ നമ്പറൊക്കെ കൊടുത്ത് പഴയ സഹപാഠിയുമായുള്ള സൗഹൃദം പുതുക്കി. സംസാരത്തിനിടയ്ക്ക് പഴയതൊക്കെ അവനിന്നും ഓർക്കുന്നു എന്ന് അറിഞ്ഞു.  അതൊക്കെ അങ്ങിനെയങ്ങ് മറക്കുവാൻ പറ്റുമോ?’ എന്ന് അവന്റെ ചോദ്യം!!
ജീവിതത്തിൽ നേരിടേണ്ടി വന്ന എന്തൊക്കെയോ കാരണങ്ങളാൽ അവനും അവിവാഹിതജീവിതം തുടരുന്നു. കേട്ടപ്പോൾ ചുമ്മാ ഒരു സന്തോഷം തോന്നി. കാരണം, ഞങ്ങളുടെ ബാച്ചിൽ ഞാൻ മാത്രമാണ് ഇപ്പോഴും ഒറ്റത്തടിയായി ജീവിയ്ക്കുന്നത് എന്നായിരുന്നു ധാരണ. അങ്ങിനെയല്ല എന്ന് അറിഞ്ഞതിന്റെ സന്തോഷം. തുല്യദുഃഖിതർ വേറെയും ഉണ്ടല്ലോ...  അതും പണ്ടെങ്ങോ മനസിന്റെ ഒരുകോണിൽ ആരുമറിയാതെ, അവൻ പോലുമറിയാതെ,  ഇടം കൊടുത്ത വ്യക്തി!!