കണ്ണുനിറയെ
പ്രകൃതിദൃശ്യങ്ങൾ കാണിച്ചു തരാമെന്നുള്ള വാഗ്ദാനവുമായി
ലക്ഷ്മിയെന്ന് ഞാൻ സ്നേഹത്തോടെ
വിളിയ്ക്കുന്ന എന്റെ സഹമുറിയത്തി.
അവളുടെ
പ്രലോഭനങ്ങളിൽ വശംവദയായി കണ്ണൂരിലേയ്ക്കൊരു യാത്ര.
യാത്രയുടെ തുടക്കത്തിലുണ്ടായ വിരസത, ഇതിനോ ഞാൻ
പുറപ്പെട്ടത് എന്ന ചോദ്യം മനസ്സിലുയർത്തി.
പേരറിയാത്ത നാടുകളിലൂടെ കടന്നു പോകുമ്പോൾ ഒരു
തിരിച്ചു പോക്കിനായി മനസ് വെമ്പി.
എന്നിട്ടും തുടർന്ന യാത്രയിലെവിടെയോ വെച്ച്
ഭൂമീദേവിയ്ക്കൊരു പ്രണാമം (തല്ലിയലച്ചൊരു വീഴ്ച
വീണു.., ഹീലുള്ള ചെരുപ്പുമിട്ട് പാറപ്പുറത്തൂടെ
ഓടിയപ്പോൾ..!!)
ഇതിനായിരുന്നോ
അവൾ കാത്തിരുന്നത്?
എന്റെ പ്രണാമത്തിൽ സന്തുഷ്ടയായെന്ന പോലെ, വിരസതയ്ക്ക് വിരാമമിട്ടുകൊണ്ട്
പ്രകൃതിദൃശ്യങ്ങളുടെ ഘോഷയാത്ര!!
ഹരിതാഭ നിറഞ്ഞ വനാന്തരങ്ങൾക്കിടയിലൂടെ വളഞ്ഞും
പുളഞ്ഞും പോകുന്ന പാത മനസ്സിൽ
എന്തോ ഒരാശ്വാസം നൽകി.
പ്രകൃതിയുടെ
കുളിര് ഉള്ളിലേയ്ക്ക് അരിച്ചിറങ്ങുന്നു.
ഇലത്തുമ്പുകളിൽ
നിന്ന് ഇറ്റിറ്റ് വീഴുന്ന ജലകണികകൾ..
അവ പ്രകൃതിയുടെ രത്നഹാരങ്ങളോ അതോ കണ്ണുനീരോ?
ഇടയ്ക്കെപ്പൊഴോ
മൂടൽ മഞ്ഞ് വന്ന്
വഴിയോരക്കാഴ്ചകൾ മറച്ചപ്പോൾ അറിയാതെ അത്ഭുതം
കൂറിപ്പോയി.
ഇവിടെ ഇങ്ങിനെയും ഒരു കാഴ്ചയോ?
എനിയ്ക്കായി
പ്രകൃതിയുടെ വഴിത്താരകളിൽ മഞ്ഞ് നിറഞ്ഞ ആ
നശ്വര നിമിഷത്തിൽ മനസ്സിലും ഒരു
സാന്ത്വനത്തിന്റെ മഞ്ഞ്കണം...
ഒരു കുളിരലയായി, ഭൂമീദേവി
അവളുടെ മൃദുലകരങ്ങളാൽ മെല്ലെ എന്നെയൊന്ന് തലോടിയോ?
അതാ, ഒരു നവോഢയെപ്പോലെ
മനോഹാരിണിയായ വസുന്ധര, മൂടൽ മഞ്ഞാകുന്ന
തന്റെ വസ്ത്രത്തുമ്പിനാൽ മുഖം മറച്ച് തെല്ലൊരു
നാണത്തോടെ ഒളിഞ്ഞു നോക്കുന്നു!!
ഹാ... ഭൂമീ നീ ഇത്ര
സുന്ദരിയോ?
ഇവിടെ, ഇവൾക്ക് ഇങ്ങനെയും ഒരു
മുഖമോ?
ആഹ്ലാദവും
അത്ഭുതവും ഒന്നിച്ചെന്നെ ആലിംഗനം ചെയ്ത നിമിഷങ്ങൾ..
വീണ്ടും മുന്നോട്ട്..
പാതയുടെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ്, നോക്കെത്താദൂരത്തോളം വിശാലമായി പരന്ന് കിടക്കുന്ന
കാപ്പിത്തോട്ടങ്ങൾ...
ഇതുവരെ കണ്ട കാനനഭംഗിയിൽ നിന്ന്
വ്യത്യസ്തമായ കാഴ്ച.
ദീർഘമായ ആ കാഴ്ചകൾക്ക്
ശേഷം ജനവാസത്തിന്റെ സൂചനകളായ
കടകളും വീടുകളും.
ഇനി, കാലത്തിന്റെ ദ്രുതഗതിയേക്കാൾ വേഗത്തിൽ കാമുകനോട് ചേരുവാൻ
കുതിച്ചൊഴുകുന്ന ഒരു പുഴ
കടക്കൽ... ഇരിട്ടിപ്പുഴ.
പുഴയിലെ പാലത്തിലൂടെ ബസ്സോടിയപ്പോൾ വെറുതെ പുഴയിലേയ്ക്ക് നോക്കി.
ഭീമാകാരനായ
ഒരു രൂപം വായ്പിളർത്തി
നിൽക്കുന്നതുപോലെ ഒരു പാറ.
അതോ, മറ്റെന്തെങ്കിലുമോ?
ആ രൂപം എന്റെ ഭാവനാസൃഷ്ടിയാണെന്ന്
എന്റെ സഹയാത്രിക ലക്ഷ്മി. അത്
ശരിയ്ക്കുമൊരു ഭാവനാസൃഷ്ടിയായിരുന്നുവോ? ആ... എനിയ്ക്കറിയില്ല.
ഇരിട്ടി ബസ്റ്റാന്റിലെത്തുമ്പോൾ പകൽ വിടവാങ്ങുവാനൊരുങ്ങുന്നു.
സന്ധ്യമയങ്ങിയ ആ നേരത്ത്
അപരിചിതമായ സ്ഥലത്ത്...
പേടിയ്ക്കേണ്ട,
നിനക്ക് പ്രകാശമേകുവാൻ ഞാനുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊണ്ട്
ആകാശത്ത് ചന്ദ്രന്റെ ഒരു വെള്ളിക്കല
മേഘക്കീറുകൾക്കുള്ളിൽ നിന്ന് എന്നെ എത്തിനോക്കി.
അവിടെ നിന്നും വീണ്ടുമൊരു ബസ്
യാത്ര.. കാലാങ്കിയിലേയ്ക്ക്...
കാലാങ്കിയിൽ
നിന്നും നെല്ലിമല മാണിസാറിന്റെ വീട്ടിലേയ്ക്ക്
ജീപ്പിലൊരു യാത്ര... (ആദ്യമായിട്ടാണ് ജീപ്പിൽ
യാത്ര ചെയ്യുന്നത്)
മഞ്ഞ് നിറഞ്ഞ്, കാഴ്ച മറയ്ക്കുന്ന
ദുർഘടമായ പാത...
ആ ഇരുണ്ട പാതയിലെ ഇരുട്ടിനെ
കീറിമുറിച്ചുകൊണ്ട് ജീപ്പിന്റെ പ്രകാശം...
കുലുങ്ങിയും
ഉലഞ്ഞും പോകുന്ന ജീപ്പിലെ യാത്ര
ആസ്വദിച്ചുകൊണ്ട് മുൻസീറ്റിൽ തന്നെ ഇരിപ്പുറപ്പിച്ചു
ഞാൻ.
ഉരുളൻ കല്ലുകൾ നിറഞ്ഞ വഴി
ചെറിയ ഭയം നിറച്ചുവോ
മനസിൽ...
ഇടയ്ക്കെപ്പോഴോ,
ആർത്തലച്ചു പോകുന്ന കാട്ടരുവിയുടെ കളകളാരവം
കേട്ടു.
ചന്നപിന്നം
മഴ പെയ്യുന്ന ആ
നനഞ്ഞ രാത്രിയിൽ ഞാനവിടെയെത്തി. നെല്ലിമല
മാണിസാറിന്റെ വീട്ടിൽ.
ഗ്രാമീണതയുടെ
എല്ലാ നിഷ്കളങ്കതയോടും കൂടിയ ഊഷ്മളമായ സ്വീകരണം..
മനസ് നിറഞ്ഞു.
ചൂടുവെള്ളത്തിൽ
ഒരു കുളിയും കൂടി
കഴിഞ്ഞപ്പോൾ യാത്രാക്ഷീണവും അകന്നു.
എന്നെ കാണുവാൻ കാത്തിരുന്ന ഒരു
കുടുംബം.
എന്റെ സഹയാത്രികയുടെ സംസാരങ്ങളിൽ നിന്നും ഏറെ സുപരിചിതനായ
ഉണ്ണിയെന്ന അവളുടെ കൊച്ചനുജന്റെ കണ്ണുകളിൽ
നാണത്തിന്റെ മിന്നലാട്ടം.
അമ്മയുടെ ചേലത്തുമ്പിന്റെ മറവിലേയ്ക്ക് ഒളിയ്ക്കുന്ന ഉണ്ണി!
അപരിചിതത്വത്തിന്റേയും
നാണത്തിന്റെയും പാടയ്ക്ക് ആ രാത്രിയുടെ
ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.. പിറ്റേന്ന് മുതൽ ഞാനും
അവർക്ക് പ്രിയപ്പെട്ട ചേച്ചി.
സുഖകരമായ ഒരു ഉറക്കത്തിലൂടെ
ഒഴിഞ്ഞു മാറിയ യാത്രാക്ഷീണം പ്രഭാതത്തിന്
ഉന്മേഷം പകർന്നു.
പക്ഷേ... ഞാൻ വന്നത്
ഇഷ്ടപ്പെടാഞ്ഞിട്ടോ, അതോ എന്റെ
ആഗമനത്തിലുണ്ടായ ആനന്ദക്കണ്ണീരോ..
മഴ വീണ്ടും പെയ്യുവാൻ തുടങ്ങി.
മഴയുടെ ആ കുറുമ്പിനെ
അവഗണിച്ചുകൊണ്ട് ഞാനും ലക്ഷ്മിയും ഉണ്ണിയും
മലകയറുവാൻ തുടങ്ങി.
ഉറക്കെ പാട്ടുപാടിയും കൂവിവിളിച്ചും ഒരു മലകയറ്റം.
സമീപപ്രദേശത്താരുമില്ല
എന്ന ധൈര്യം ആ
ഉല്ലാസത്തിമിർപ്പിന് അകമ്പടിയായി.
മലകറുമ്പോൾ
സമീപമലകളുടെയും വനങ്ങളുടെയും ദൂരക്കാഴ്ച.
ചേതോഹരമായ
ദൃശ്യം.
മഞ്ഞ് മൂടി പതിഞ്ഞു കിടക്കുന്ന
മലമടക്കുകൾ..
കാർമേഘക്കീറിനിടയിലൂടെ,
അബദ്ധത്തിൽ എത്തിനോക്കുന്ന സൂര്യകിരണങ്ങൾ മലമടക്കുകളിലെ മഞ്ഞുടയാടകളിൽ വെള്ളിക്കസവുകൾ തീർത്തു.
നിരന്ന് കിടക്കുന്ന മലകളുടെ മനോഹാരിത
മഞ്ഞിനാൽ മൂടിക്കിടക്കുന്നു.
ഇവൾ, എനിയ്ക്ക് പ്രിയപ്പെട്ടവൾ.. എന്റെ
സ്വകാര്യശേഖരം കണ്ടോട്ടെ എന്ന് പ്രകൃതി
ചിന്തിച്ചുവോ?
ഏതാനും നിമിഷങ്ങളിലേയ്ക്ക്... ഏതാനും നിമിഷങ്ങളിലേയ്ക്ക് മാത്രം...
മഞ്ഞുടയാടകൾ അഴിഞ്ഞു വീണു... അതോ
സ്വയം ഊരിയെറിഞ്ഞതോ..?
നഗ്നയായ ഭൂമിയുടെ ഹരിതാഭമായ നഗ്ന
സൗന്ദര്യം!!
താരുണ്യത്തിന്റെ
പ്രാരംഭദിശയിലെത്തി നിൽക്കുന്ന ഒരു അതിസുന്ദരി!!
അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുവാൻ സൂര്യദേവൻ
സമ്മാനിച്ച തങ്കപ്പതക്കം!!
ഹ!! എത്ര മനോഹരിയാണിവൾ...!!
കവികളുടെ വർണ്ണനകൾക്ക് ജീവൻ വച്ചപ്പോൾ അവൾ,
ധരിത്രി.., ഒരു മോഹനാംഗിയായി
മാറി.
ഇത്, എനിയ്ക്ക് വേണ്ടി വസുന്ധരയുടെ
സ്നേഹോപഹാരം!
എല്ലാം ഒരു നിമിഷത്തേയ്ക്ക്
മാത്രം... ഒരേയൊരു നിമിഷം!!
അഴിഞ്ഞു വീണ തന്റെ
മഞ്ഞുടയാടകൾ വാരിയെടുത്ത് മാറോടടുക്കി തെല്ലൊരു നാണത്തോടെ ഒളികണ്ണാലെന്നെ
നോക്കി, വസ്ത്രത്തുമ്പിൽ മുഖം മറച്ചു അവൾ...
മതി.. ഇത് മതിയെനിയ്ക്ക്..
ഈയൊരു നിമിഷം മാത്രം മതി
എന്നും മനസിലോർത്തു വെയ്ക്കുവാൻ...
എന്റെ മനസ്സ് നിറഞ്ഞു...
മലമുകളിൽ നിന്നും മടക്കയാത്ര...
ആ യാത്രയുടെ ക്ഷീണം തീർക്കുവാൻ
ഒരു പകലുറക്കം.
ഉറക്കമുണർന്നപ്പോൾ
ലക്ഷ്മിയുടെ മറ്റൊരു അനുജനായ ന്യൂമാനും
എത്തിച്ചേർന്നു, ബന്ധുവീട്ടിൽ നിന്നും.
ആഹ്ലാദകരമായ
കൂടിക്കാഴ്ച, ബഹളം, തിമിർപ്പ്...
മനസ്സിലെപ്പോഴോ
ഇങ്ങോട്ടുള്ള ആദ്യവരവിൽ കേട്ട കാട്ടരുവിയുടെ
ആരവം ഉയർന്നു വന്നു.
ഇപ്പോഴും കേൾക്കുന്ന ആ ആരവം
എന്തെന്നറിയുവാനുള്ള ത്വര. അതെവിടെയാണെന്നറിയുവാനുള്ള ആകാംക്ഷ..
ഉൽസാഹത്തോടെ
യാത്ര പുറപ്പെട്ടു, ഞാനും ലക്ഷ്മിയും ഉണ്ണിയും
ന്യൂമാനും.
വൃക്ഷനിബിഡമാർന്ന്
പരന്ന് കിടക്കുന്ന പറമ്പിലൂടെ ചിരിച്ചും
കളിച്ചും കളിപറഞ്ഞും ഞങ്ങൾ നാൽവർ സംഘം.
പറമ്പിന്റെ
വിവിധഭാഗങ്ങളിലൂടെ ഒഴുകി വരുന്ന കൊച്ചരുവികൾ.
ഇവരുടേതായിരുന്നു ആ ആരവം!
ആർത്തുല്ലസിച്ച്,
ഉരുളൻ പാറകളിൽ തട്ടിച്ചിതറി, ഒരു
അടക്കമില്ലാത്ത പെണ്ണിനെ പോലെ പൊട്ടിച്ചിരിച്ച്,
വശങ്ങളിൽ പാൽനുരയുണ്ടാക്കി ഒരു കൗമാരക്കാരിയായി
ഒഴുകുന്ന അരുവികളുടെ ഒഴുക്ക് മനസ്സിലും
സന്തോഷത്തിന്റെ കൊച്ചരുവികൾ സൃഷ്ടിയ്ക്കുന്നു.
പ്രകൃതിയുടെ
മേലുള്ള സർവേശ്വരന്റെ ഈ കരവിരുതിനെ
എന്തിനോടാണുപമിയ്ക്കുക? പ്രകൃതിയെ ഇത്ര മനോഹരിയാക്കുവാൻ
മറ്റാരുടെ കരങ്ങൾക്കാണ് കലാചാതുര്യമുള്ളത്?
ഒരിടത്ത് കൗമാരക്കാരിയാകുന്ന കൊച്ചരുവി മറ്റൊരിടത്ത് ഗൗരവക്കാരിയായി
മാറുന്നു. ഇനിയൊരിടത്തോ കോപിഷ്ഠയായ യുവതി. മറ്റു
ചിലപ്പോൾ കൈക്കുമ്പിളിൽ മുഖം കോരിയെടുത്ത് കൊഞ്ചിയ്ക്കുവാൻ
തോന്നുന്ന ഒരു പൊന്നോമനക്കുഞ്ഞ്!!
എത്ര ചേതോഹരമാണ് ഈ ഭാവമാറ്റങ്ങൾ!!
ഇനിയുമിനിയും
ഈ ഭാവമാറ്റങ്ങൾ കാണുവാൻ,
കണ്ടാസ്വദിയ്ക്കുവാൻ മനം വെമ്പൽ
കൊള്ളുന്നു.
'പ്രകൃതീ...
നീയെത്ര സുന്ദരി..' എന്ന് ഉറക്കെ
വിളിച്ചു പറയുവാൻ, അവളുടെ തെളിമയാർന്ന
സൗന്ദര്യത്തിൽ ലയിച്ചു ചേരുവാൻ...
ലക്ഷ്മി വിവരിച്ച നയനാനന്ദകരദൃശ്യങ്ങൾ കണ്ട്,
മനസിന്റെ ഉള്ളറകളിൽ ആവോളം നിറച്ച്,
നാട്ടിലേയ്ക്ക് തിരിച്ചു പോകുവാൻ ഒരുങ്ങുന്നതിനു
മുൻപ് കാട് കാണുവാൻ ഒരു
യാത്ര.
പക്ഷേ... വനപാലകരുടെ ചില പ്രതിരോധ
നടപടികൾ കാടിനുള്ളിലേയ്ക്കുള്ള യാത്ര തടസ്സപ്പെടുത്തി.
എങ്കിലും കാടിന്റെ പുറംദൃശ്യം കാണാമെന്നുള്ള
പ്രതീക്ഷയോടെ ഞങ്ങൾ യാത്ര തുടർന്നു.
ഹരിതാഭമായ
കാനനം അംബരചുംബിയായി നിൽക്കുന്ന മരങ്ങളാൽ നിബിഡമായിരിയ്ക്കുന്നു.
അജാനുബാഹുവും
ശാന്തഗംഭീരനുമായ ഒരു പ്രൗഢവൃദ്ധന്റെ
കാൽക്കീഴിൽ നിൽക്കുന്ന ഒരു കൊച്ചുബാലികയായി
ആ കാനനമുത്തശ്ശന്റെ വന്യസൗന്ദര്യത്തിനു
മുന്നിൽ ഞാൻ...
എന്റെ പാദദ്വയങ്ങളെ നനച്ചുകൊണ്ട് പതഞ്ഞൊഴുകുന്ന കൊച്ചരുവി..
വാൽസല്യനിധിയായ
മുത്തശ്ശന്റെ അടുത്തെത്തിയ പ്രതീതി.
എത്ര നേരമെന്നറിയില്ല ആ പ്രൗഢഗാംഭീര്യമാർന്ന
സൗന്ദര്യത്തെ കണ്ണിമയ്ക്കാതെ നോക്കിനിന്നു.
ഒരു ചെറിയ മൂടൽ മഞ്ഞ്
എങ്ങ് നിന്നോ വഴിതെറ്റി കടന്നു
വന്നു.
ആ ഗാംഭീര്യത്തിന് ഒന്നുകൂടെ ഘനം വച്ചത്
പോലെ...
ആർത്തിരമ്പി
വരുന്ന അരുവി മനസ്സിന്റെ കോണിൽ
ഒരു നീർച്ചാൽ സൃഷ്ടിച്ചു...,
ആനന്ദത്തിന്റെ!!
മനസില്ലാമനസ്സോടെ
അവിടെ നിന്ന് തിരിച്ചപ്പോൾ ആരോ
പിൻവിളി വിളിച്ചുവോ...
പതിവഴി പിന്നിട്ട്, പോകല്ലേയെന്ന് പറയാതെ പറയുന്ന വനമുത്തശ്ശന്റെ
അരികിലേയ്ക്ക് ഒരിയ്ക്കൽ കൂടി തിരിഞ്ഞോടി...
വീണ്ടും പുറപ്പെട്ടു, തിരിച്ചു വിളിയ്ക്കുന്ന കാനനമുത്തശ്ശനോട്,
'എനിയ്ക്ക് പോകുവാൻ ഒട്ടും മനസ്സില്ല
മുത്തശ്ശാ..' എന്ന് ഉള്ളിൽ കേണ്,
ഒരു വിങ്ങലോടെ യാത്ര
പറഞ്ഞ്...
ഇനിയും വരുമെന്നുറപ്പു നൽകി, മനസിന്റെ കോണിലെവിടെയോ
ഉതിർന്ന വേദനയടക്കി തിരിച്ചു പോന്നു.
മടക്കയാത്രയിൽ,
മലമുകളിലുള്ള ഏതോ ഒരമ്പലത്തെ
കുറിച്ചു വന്ന സംസാരം യാത്രയെ
അങ്ങോട്ടു തിരിച്ചു വിട്ടു.
ദീർഘമായ മലകയറ്റത്തിനൊടുവിൽ ഒരു കൊച്ചുക്ഷേത്രം.
ദേവീപ്രതിഷ്ഠയാണെന്ന്
ന്യൂമാന്റെ വെളിപ്പെടുത്തൽ.
കുളിയ്ക്കുവാൻ
പനിയനുവദിയ്ക്കാഞ്ഞതിനാൽ ക്ഷേത്രത്തിനു പുറത്തുനിന്ന് പ്രാർത്ഥിച്ച് മലയിറങ്ങി.
കണ്ണൂരിൽ,
രണ്ട് നിമിഷങ്ങളെ പോലെ കൊഴിഞ്ഞു
വീണ രണ്ട് ദിനങ്ങൾ...
സ്വന്തം നാട്ടിലേയ്ക്ക് യാത്ര തിരിച്ചപ്പോൾ, ഇതെല്ലാം
വിട്ടുപിരിയണ്ടേ എന്ന സത്യം ഉള്ളിലെവിടെയോ
കോളുത്തി വലിച്ചു...
ഒരു നീറ്റൽ...
പക്ഷേ ഇത് അനിവാര്യമാണല്ലോ...
ഒരിയ്ക്കൽ,
സുന്ദരമായ ഈ ഭൂമി
പോലും ഉപേക്ഷിച്ചു പോകേണ്ടവരല്ലേ നമ്മൾ... ആ നഗ്നസത്യത്തിനുമപ്പുറം
മറ്റെന്തുണ്ട്!!??
കാലാങ്കിയേയും
അവളുടെ പ്രകൃതിരമണീയതയേയും ഉണ്ണിയേയും ന്യൂമാനേയും മറ്റും
വിട്ടു പോന്നപ്പോൾ, കൺകോണിൽ ഒരു നീർത്തുള്ളി
ഉറവ പൊട്ടിയോ..?
ഇതിനുത്തരം
പറയുവാതിരിയ്ക്കാനാണെനിയ്ക്കിഷ്ടം..
ഇതിന്റെ മറുപടി എന്റെ സ്വകാര്യമായിരിക്കട്ടെ...
എന്റെ മാത്രം സ്വകാര്യം!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ