പേജുകള്‍‌

2013, ജൂലൈ 20, ശനിയാഴ്‌ച

അമ്മായിയമ്മയ്ക്ക് കല്ലുമിടിയ്ക്കും...

ചില ആണുങ്ങളുടെ പ്രകൃതം കണ്ടാൽ തോന്നും എന്താ ഇവരിങ്ങനെ എന്ന്. അമ്മായിയമ്മയ്ക്ക് കല്ലുമിടിയ്ക്കും സ്വന്തം അമ്മയ്ക്ക് നെല്ലുമിടിയ്ക്കില്ല എന്ന രീതി.

ഒരു നല്ല ശതമാനം ആണുങ്ങളും അങ്ങിനെ തന്നെയാണെന്ന് തോന്നുന്നു. വിവാഹിതർ എന്നോ അവിവാഹിതർ എന്നോ അതിൽ വകഭേദമില്ല. തങ്ങളുടെ ആർഭാടങ്ങൾക്കും ആഹ്ലാദങ്ങൾക്കും വേണ്ടി ചിലവഴിയ്ക്കുവാൻ അവർക്ക് യാതൊരു മടിയും ഉണ്ടാകില്ല. എന്നാൽ സ്വന്തം അമ്മയ്ക്ക് വേണ്ടിയാണെങ്കിൽ അവരുടെ കയ്യിൽ പണമുണ്ടാകില്ല!!!

സുഹൃത്തുക്കൾക്ക് വേണ്ടിയോ പ്രണയിനിയ്ക്ക് വേണ്ടിയോ ഭാര്യയ്ക്ക് വേണ്ടിയോ മക്കൾക്ക് വേണ്ടിയോ ചിലവഴിയ്ക്കുവാൻ അവരുടെ കയ്യിൽ ധാരാളം ഉണ്ടാകും. അവർക്കൊക്കെ വേണ്ടി എങ്ങിനെ വേണമെങ്കിലും അവർ പണമുണ്ടാക്കുകയും കയ്യയച്ച് നിർലോഭം ചിലവാക്കുകയും ചെയ്ത് എത്ര കഷ്ടപ്പെടുവാനോ പട്ടിണി കിടക്കാനോ അവർക്ക് യാതൊരു മടിയും ഉണ്ടാകില്ല.

എന്നാൽ സ്വന്തം അമ്മയ്ക്ക് വേണ്ടി ചെയ്യുവാൻ പറഞ്ഞാൽ പണമുണ്ടാക്കുവാനുള്ള മാർഗ്ഗം അവർക്കുണ്ടാകില്ല. അന്നേരം അവർക്ക് പണം ഉണ്ടാക്കുവാനുള്ള മാർഗ്ഗം മനസിൽ തെളിയുകയേ ഇല്ല. അഥവാ ചെയ്താലോ ഏറ്റവും ചിലവ് കുറഞ്ഞ കാര്യങ്ങളേ അവർക്ക് ചെയ്യുവാൻ സാധിയ്ക്കൂ!!!

ചിലരുണ്ട്, വിവാഹം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ അവർക്ക് ഏറ്റവും നല്ലത് അമ്മായിയമ്മയും ഭാര്യയുടെ ആൾക്കാരുമായിരിക്കും. കാമുകിമാരുള്ള അവിവാഹിതരാണെങ്കിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളുമാണ് ഈ ഭൂമിയിലെ ഏറ്റവും നല്ലവർ!!   സ്വന്തം അമ്മയ്ക്ക് അവരുടെ ഏഴയലത്ത് സ്ഥാനമുണ്ടാകില്ല!!

അമ്മമാരുടെ മനസ് പലപ്പോഴും പല ആൺമക്കളും കാണാതെ പോകുന്നു!!! അതെന്തുകൊണ്ടാണങ്ങിനെ?  എത്രയായാലും സ്വന്തം അമ്മമാർക്ക് ഉണ്ടാകുന്ന ആത്മാർത്ഥത മറ്റുള്ളവർക്ക് ഉണ്ടാകില്ല എന്ന് ഇവരെന്തേ തിരിച്ചറിയാതെ പോകുന്നു??!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ