പേജുകള്‍‌

2013, ജൂലൈ 18, വ്യാഴാഴ്‌ച

എന്താലേ...??!!!



നമ്മളെ ആത്മാർത്ഥമായി വിശ്വസിയ്ക്കുന്ന ആരോടെങ്കിലും നമ്മൾ വിശ്വാസ വഞ്ചന കാണിച്ചാൽ അധികം വൈകാതെ തന്നെ നമ്മൾ ആത്മാർത്ഥമായി വിശ്വസിയ്ക്കുന്ന ആളുകളിൽ ആരെങ്കിലും ഒരാൾ നമ്മളോട് അതേ നിലയിൽ വിശ്വാസവഞ്ചന ചെയ്യും. അനുഭവമാണ്. പലപ്പോഴും സങ്കടത്തോടെ ചിന്തിച്ചിട്ടുണ്ട്, ചില അനിഷ്ടങ്ങളെല്ലാം ജീവിതത്തിൽ സംഭവിച്ചത് എന്നെ ആത്മാർത്ഥമായി വിശ്വസിച്ച, ഇപ്പോഴും വിശ്വസിയ്ക്കുന്ന ഒരാളോട് ഞാൻ നയപരമായി വിശ്വാസവഞ്ചന ചെയ്തതുകൊണ്ടാണ് എന്ന്. ആ ചിന്ത മനസിനെ ഓരോ നിമിഷവും നീറ്റുന്നുണ്ട്... പക്ഷേ സംഭവിച്ചത് സംഭവിച്ചല്ലോ എന്ന് ചിന്തിച്ച് ആശ്വസിയ്ക്കുന്നു... ആവർത്തിയ്ക്കാതിരിക്കാൻ ആത്മാർത്ഥമായി ശ്രമിയ്ക്കുന്നു, അതിന് ഒരുപക്ഷേ ആരെയെങ്കിലുമൊക്കെ വേദനിപ്പിക്കേണ്ടി വരുന്നുണ്ടെങ്കിലും.


മനസിലാക്കിയ ഒരു വസ്തുത, ഇത്തരം വിശ്വാസവഞ്ചനകൾക്ക് ഒരു തുടർക്കഥയുണ്ട് എന്നതാണ്!!! വഞ്ചിയ്ക്കുന്നവർ ഓരോരുത്തരും വൈകാതെ തന്നെ വഞ്ചിയ്ക്കപ്പെട്ടുകൊണ്ടേയിരിക്കും, അതും അവർ അന്ധമായും ആത്മാർത്ഥമായും വിശ്വസിക്കുന്നവരാൽ തന്നെ!!! ആ കണ്ണികൾ അനന്തമായി തുടർന്നുകൊണ്ടേയിരിക്കും, ആരെങ്കിലും ഒരാൾ തന്നെ വിശ്വസിയ്ക്കുന്നവരിൽ ആരെയും ഒരാളെ വഞ്ചിയ്ക്കാതിരിക്കാതിരിക്കുവോളം... 

അതുപോലെ തന്നെയാണ് കളഞ്ഞു കിട്ടിയ പണമെടുത്ത് ഉപയോഗിയ്ക്കുമ്പോഴും. ലഭിയ്ക്കുന്നത് അഞ്ച് രൂപയോ അൻപത് രൂപയോ അഞ്ഞൂറ് രൂപയോ ആകട്ടെ.., നമ്മളതെടുത്ത് ഉപയോഗിച്ചാൽ ഏറെ താമസിയാതെ തന്നെ ലഭിച്ചതിന്റെ ഒരുപാട് മടങ്ങ് നമ്മളിൽ നിന്നും നഷ്ടപ്പെട്ടിരിക്കും... യാതൊരു ആവശ്യവുമില്ലാതെ... പിന്നീട് ആ പണം അനാവശ്യമായി നഷ്ടപ്പെട്ടല്ലോ എന്ന് നമ്മൾ ഒരുപാട് തവണ സങ്കടപ്പെടും. അതും അനുഭവമാണ്. പക്ഷേ എന്തുകൊണ്ടോ കളഞ്ഞു കിട്ടുന്ന ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ നാണയങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള നഷ്ടങ്ങൾ സംഭവിയ്ക്കാറില്ല. ഈയടുത്ത് ആരോ പറഞ്ഞ് കേട്ടതു പോലെ കളഞ്ഞു കിട്ടുന്ന നാണയങ്ങൾ ഭാഗ്യമായതുകൊണ്ടായിരിക്കാം.. അത്തരം നാണയങ്ങൾ സൂക്ഷിച്ചു വെച്ചാൽ ആഗ്രഹിയ്ക്കുന്നത് ലഭിയ്ക്കുമത്രേ...!!! അതിൽ അനുഭവമില്ലാത്തതുകൊണ്ട് ആ വിശ്വാസത്തിന്  എത്ര മാത്രം ആധികാരികതയുണ്ട് എന്നറിയില്ല.

എന്തുകൊണ്ടാണ് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഋണാത്മകമായ  (നെഗറ്റീവ്) ഫലങ്ങൾ ലഭിയ്ക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ട്. ഒരുപക്ഷേ വഞ്ചിയ്ക്കപ്പെട്ട അല്ലെങ്കിൽ നഷ്ടം സംഭവിച്ച ആളുടെ മനസിന്റെ വിശ്വാസത്തിലെ ആത്മാർത്ഥതയോ നിഷ്കളങ്കതയോ മനസിലെ സങ്കടമോ ഒക്കെയായിരിക്കാം നമ്മളിൽ സങ്കടത്തിന് ഹേതുവായി മാറുന്നത്... 

എന്തായാലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയതുകൊണ്ടായിരിക്കാം എന്നിൽ ആത്മാർത്ഥമായ വിശ്വാസം അർപ്പിക്കുന്നവരോ അല്ലാത്തവരോ ആയ ആരോടും വിശ്വാസവഞ്ചന ചെയ്യാതിരിയ്ക്കുവാൻ പരമാവധി ശ്രമിയ്ക്കുന്നു. അതുപോലെ തന്നെ കളഞ്ഞു കിട്ടുന്നത് നാണയമാണെങ്കിലും രൂപയാണെങ്കിലും അതിന്റെ കൂടെ കയ്യിൽ നിന്നും എന്തെങ്കിലും കൂട്ടി അർഹരായ, പ്രത്യേകിച്ചും അവശരായ വൃദ്ധർക്ക് ദാനം ചെയ്യും. ജീവിതത്തിലോ മനസമാധാനത്തിലോ നേട്ടമില്ലെങ്കിലും നഷ്ടമെങ്കിലും ഇല്ലാതിരിക്കുമല്ലോ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ