പേജുകള്‍‌

2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

പാലപ്പെട്ടി അമ്മ ഭഗവതി

എന്റെ നാട്ടിൽ പാലപ്പെട്ടി എന്നൊരു സ്ഥലമുണ്ട്. ഞങ്ങൾ തട്ടകത്തമ്മ എന്ന് വിളിയ്ക്കുന്ന പാലപ്പെട്ടി ഭഗവതിയുടെ കാവ് അവിടെയാണ്. കൊടുങ്ങല്ലൂർ ഭഗവതി കാവും എന്റെ നാട്ടിൽ തന്നെയാണ്. 10-15 കിലോമീറ്റർ ദൂരത്തിലാണ് ഈ രണ്ട് കാവുകളും. 'കൊടുങ്ങല്ലൂരമ്മയ്ക്ക് ഐശ്വര്യോം സമ്പത്തും പാലപ്പെട്ട്യമ്മയ്ക്ക് ആവലാതീം കണ്ണീരും!!!' അങ്ങിനെയൊരു ചൊല്ലുണ്ട് എന്റെ നാട്ടിൽ.



          പാലപ്പെട്ടി ഭഗവതി കാവ് 



കൊടുങ്ങല്ലൂർ ഭഗവതി കാവ്


പാലപ്പെട്ടിയമ്മയെ എല്ലാവരും ഓർക്കുക സങ്കടങ്ങളും അസുഖങ്ങളുമൊക്കെ വരുമ്പോഴാണ്. അപ്പോൾ അവിടെ ചെന്ന് സങ്കടങ്ങളുടെ പ്രാരാബ്ധപ്പെട്ടി തുറക്കുകയായി. എന്നാൽ സന്തോഷം വരുമ്പോൾ വഴിപാടും കാണിയ്ക്കയുമൊക്കെയായി കൊടുങ്ങല്ലൂരമ്മയുടെ അടുത്ത് പോകും എല്ലാവരും. പാലപ്പെട്ടിയമ്മ ശാന്തസ്വരൂപിണിയാണ്. കൊടുങ്ങല്ലൂരമ്മ രൗദ്രരൂപിയും.

പാലപ്പെട്ടിയമ്മയുടെ കഥ പറഞ്ഞതുപോലെയാണ് എന്റെ അവസ്ഥ!! എല്ലാവരും അവർക്ക് സങ്കടമോ അസുഖമോ ഒക്കെ വരുമ്പോൾ മാത്രമാണ് എന്നെ ഓർക്കുക. അന്നേരം അവർ എന്നെ തേടും. എന്നാൽ അവർക്ക് സന്തോഷിയ്ക്കുവാനോ കറങ്ങാനോ അർമാദിയ്ക്കുവാനോ ഒക്കെ അവസരമുണ്ടാകുമ്പോൾ അവർക്ക് അവരുടെ കൂട്ടുകാരന്മാരായി, കൂട്ടുകാരികളായി. ഞാൻ അവരുടെ ചിന്തയുടെ ഏഴയലത്ത് പോലും ഉണ്ടാവില്ല!!!

എനിയ്ക്കറിയില്ല എന്താണിവരൊക്കെ എന്നെ കുറിച്ച് ചിന്തിച്ച് വച്ചിരിക്കുന്നത് എന്ന്. എനിയ്ക്ക് എന്റേതായ സങ്കടങ്ങൾ തന്നെ ഇഷ്ടം പോലെയുണ്ട്. 'സാരമില്ലടീ.. എല്ലാം ശരിയാകും. ഞങ്ങളൊക്കെയില്ലേ..?' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാൻ ഒരാളെയും ഞാൻ എന്റെ കാര്യത്തിൽ കാണാറേയില്ല. കണ്ടിട്ടുമില്ല. മാത്രമല്ല അത്തരം സന്ദർഭങ്ങളിൽ വളരെ ഫോർമലായി ഏതോ അപരിചയോട് പെരുമാറുന്നത് പോലെ പെരുമാറി പോകുന്നവരെയേ കണ്ടിട്ടുള്ളൂ. ബെസ്റ്റ് ഫ്രന്റ് എന്ന് വിശ്വസിച്ചവർ പോലും അങ്ങിനെയേ പെരുമാറിയിട്ടുള്ളൂ!!! മനസിൽ ഇന്നും തങ്ങി നിൽക്കുന്നത് ഒരു സുഹൃത്ത് എന്റെ അച്ഛ മരിച്ചിരിക്കുമ്പോൾ എനിയ്ക്കെഴുതിയ ഒരു ഔദ്യോഗിക സന്ദേശമാണ്. അതും എന്റെ ബെസ്റ്റ് ഫ്രന്റ്!! ബെസ്റ്റ് ഫ്രന്റിന്റെ കാര്യം അങ്ങിനെയാകുമ്പോൾ പിന്നെ മറ്റുള്ളവരെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.

'നിങ്ങളോട് മറ്റുള്ളവർ എങ്ങിനെ പെരുമാറണം എന്ന് നിങ്ങൾ പ്രതീക്ഷിയ്ക്കുന്നുവോ.., അതുപോലെ നിങ്ങൾ മറ്റുള്ളവരോട് പെരുമാറുക' എന്ന ബൈബിൾ വചനം പ്രാവർത്തികമാക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ ഞാൻ മനസിലാക്കുന്നത്, മറ്റുള്ളവരോട് നമ്മൾ പെരുമാറുവാൻ ആഗ്രഹിയ്ക്കുന്ന വിധത്തിലാണ് അവർ എന്നോട് പെരുമാറുന്നത്.

അതുകൊണ്ടു തന്നെ ഞാനും തീരുമാനിച്ചു, ഇനി പുറത്ത് നിന്നും ആവലാതികളും കണ്ണീരുമെടുക്കുന്നില്ല!! പാലപ്പെട്ടി അമ്മയാവാൻ ഞാൻ ഇനി തയ്യാറല്ല. അത്ര തന്നെ. അവർ ഐശ്വര്യവും സമ്പത്തും വരുമ്പോൾ ഓർക്കുന്ന കൊടുങ്ങല്ലൂർ അമ്മമാരെയും അച്ഛന്മാരെയും തന്നെ ആവലാതിയും കണ്ണീരും ഉണ്ടാകുമ്പോൾ ഓർത്താൽ മതി. എനിയ്ക്കിനി എന്റെ പാടായി കാര്യങ്ങളായി. നിർത്തി പരോപകാരം. അല്ലപിന്നെ!!!

എത്ര പുറംകാലുകൊണ്ട് തൂത്തെറിഞ്ഞാലും എത്ര അപമാനിച്ചാലും ആവശ്യസമയങ്ങളിൽ  എനിയ്ക്കവരോടുള്ള ആത്മാർത്ഥതയുടെയും സ്നേഹത്തിന്റെയും പേരിൽ എല്ലാം മറന്ന് ഞാൻ ഓടിച്ചെല്ലും എന്നൊരു ധാരണയുണ്ട് പലർക്കും. ഇനി അതില്ല. ഞാനും മനുഷ്യൻ തന്നെയാണല്ലോ. ഭഗവതിയൊന്നുമല്ല എല്ലാം മറക്കുവാനും പൊറുക്കുവാനും പിന്നെയെടുത്ത് തോളിലേറ്റുവാനും താരാട്ട് പാടുവാനും!!!

2013 ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

ജീവിതം എന്ന മൂന്നക്ഷരം...

ജനനം എന്ന മൂന്ന് അക്ഷരങ്ങൾക്കും മരണം എന്ന മൂന്ന് അക്ഷരങ്ങൾക്കും ഇടയിലുള്ള മൂന്നക്ഷരങ്ങളാണ് ജീവിതം.

പ്രാണൻ, ശിശുത്വം, കൗമാരം, യൗവനം, വാർദ്ധക്യം, വിശ്വാസം, വഞ്ചന, പ്രത്യാശ, പ്രതീക്ഷ, നിരാശ, ആഗ്രഹം, പ്രണയം, വിരഹം, വിവാഹം, സംന്യാസം, കാമന, ആശങ്ക, ജിജ്ഞാസ, ആഹാരം, ശോധനം, ഇണക്കം, പിണക്കം, ഇറക്കം, കയറ്റം, അടുപ്പം, അകലം, വേദന, ഉദ്യോഗം, ഉദ്വേഗം, ആശ്വാസം, ആനന്ദം എന്നിങ്ങനെ ഒരുപാടൊരുപാട് മൂന്നക്ഷരങ്ങളുടെ സമന്വയമാണ് ജീവിതം എന്ന മൂന്നക്ഷരം.

2013 ഓഗസ്റ്റ് 11, ഞായറാഴ്‌ച

പേവിഷബാധ

അടുത്തുള്ള കടയിലേയ്ക്ക് നടന്നു പോകുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഒരു തെരുവുനായ വന്ന് അവളുടെ കാൽവണ്ണയിൽ കടിച്ച് ഓടിപ്പോയത്. ഒരുനിമിഷം അവൾ പകച്ചുപോയി.

അവിടെയുണ്ടായിരുന്ന ആളുകൾ വന്ന് നായ കടിച്ച ഭാഗത്ത് നിന്നും കുറേ രക്തം ഞെക്കിക്കളഞ്ഞു.  ഡോക്ടറെ കണ്ട് കുത്തിവെപ്പ് നടത്താൻ ഉപദേശിച്ച് അവളെ പറഞ്ഞു വിട്ടു.


റൂമിൽ തിരിച്ചെത്തിയ അവൾ കടികൊണ്ട ഭാഗം നന്നായി സോപ്പിട്ടു കഴുകി. പേവിഷബാധയേറ്റുള്ള ഭീകരവും ക്രൂരവും ദാരുണവുമായ അന്ത്യത്തെക്കുറിച്ച് നല്ല അറിവുണ്ടായിട്ടും ഡോക്ടറെ കാണുവാനോ കുത്തിവെയ്പ്പെടുക്കുവാനോ ശ്രമിയ്ക്കാതെ എന്തോ തീരുമാനിച്ചതുപോലെ അവളാ സംഭവത്തെ നിസ്സാരമായി തള്ളിക്കളഞ്ഞു.

ദിവസങ്ങൾ കൊഴിഞ്ഞു പോകെ തന്നിൽ ജലത്തിനോടുള്ള ഭയം മുള പൊട്ടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ... പ്രതീക്ഷിതമായത് സംഭവിച്ചു എന്ന തിരിച്ചറിവിൽ, പൂമുഖവാതിൽ പുറത്ത് നിന്നും തള്ളിത്തുറക്കാവുന്ന വിധത്തിൽ അവൾ ചേർത്തടച്ചു. കിടപ്പറയിൽ കയറി വാതിൽ പൂട്ടി താക്കോൽ ജനലഴിയിലൂടെ അകലേയ്ക്ക് വലിച്ചെറിഞ്ഞു...

2013 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ബന്ധം



ഈയടുത്ത കാലത്ത് ഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈൽ നാമം കണ്ടു. 

I want an honest relationship. No secrets. No cheating. No lies.  

എല്ലാവരും അതു തന്നെയല്ലേ ആഗ്രഹിയ്ക്കുന്നത്? സത്യസന്ധമായ, രഹസ്യങ്ങളില്ലാത്ത, വഞ്ചനകളില്ലാത്ത, നുണകൾ പറയാത്ത ഒരു ബന്ധം..?

അപ്പൂപ്പൻ താടികൾ...





ആകാശത്തിലെ നക്ഷത്രങ്ങളെ ചെപ്പിലടയ്ക്കുവാൻ ഞാൻ മോഹിച്ചു... 

എനിയ്ക്ക് ലഭിച്ചതെല്ലാം സ്നേഹഭാരത്താൽ ഭൂമിയെ സ്പർശിച്ച അപ്പൂപ്പൻ താടികളായിരുന്നു 

അരുമയോടെ പെറുക്കിയെടുത്ത് ഞാൻ ചെപ്പിലടച്ച അപ്പൂപ്പൻ താടികളെല്ലാം 

സ്നേഹത്തിന്റെ ഭാരം കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ പറന്നു പോയി...

2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

പ്രഹസനങ്ങൾ...

വൈൻ ഉണ്ടാക്കുക എന്നത് എന്റെ ഇഷ്ടവിനോദങ്ങളിലൊന്നാണ്. കൊള്ളാവുന്ന എന്ത് കിട്ടിയാലും വൈൻ ഉണ്ടാക്കും ഞാൻ. കഴിഞ്ഞ തവണ നാട്ടിൽ ചെന്നപ്പോൾ അയൽവക്കത്തെ ടീച്ചർ കുറേ പാഷൻ ഫ്രൂട്ട് തന്നു. ഞാനും അമ്മയുമല്ലാതെ അതൊക്കെ തിന്നു തീർക്കാൻ വേറെ ആരുമില്ലാത്തതുകൊണ്ട് ഞാനത് വൈൻ ആക്കി.

സാധാരണ വൈൻ ഉണ്ടാക്കുമ്പോൾ ഞാൻ റം അല്ലെങ്കിൽ ബ്രാണ്ടി ചേർക്കാറുണ്ട്. വൈൻ പുളിച്ചു പോകാതിരിക്കാൻ. ബാംഗ്ലൂരിൽ ഇവയൊന്നും വാങ്ങാൻ ഒരു ബുദ്ധിമുട്ടുമില്ല. സൂപ്പർ മാർക്കറ്റ് പോലെ മദ്യം തിരഞ്ഞെടുക്കാവുന്ന ഷോപ്പുകളുണ്ട്. പക്ഷേ നാട്ടിൽ അതല്ലാലൊ സ്ഥിതി. സദാചാരവും സദാചാരപ്പോലീസും പിന്നെ മദ്യം വാങ്ങാൻ എത്തുന്ന പെണ്ണും. പോരേ പൂരം!!! അതുകൊണ്ട് ആ റിസ്ക് എടുത്തില്ല. അവയൊന്നും ചേർക്കണ്ടാ എന്ന് തീരുമാനിച്ചു.

ബാംഗ്ലൂരിൽ വന്നതിനു ശേഷമാണ് ഓർത്തത്, എന്റെ അച്ഛ കുടിച്ച് ബാക്കി വെച്ച റം ഇരിപ്പുണ്ട്. അതെടുത്ത് ഒഴിയ്ക്കാമല്ലോ എന്ന്. അച്ഛ 2010 ഇൽ മരിച്ചു. ഇനിയതാരും എടുത്തുപയോഗിയ്ക്കുവാനും പോകുന്നില്ല. ഞാൻ അമ്മയോട് പറഞ്ഞ് അതെടുത്ത് വൈനിൽ ഒഴിപ്പിച്ചു.

ഇക്കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു 'നീ ചെയ്തത് ഒട്ടും ശരിയായില്ല. അച്ഛ ഉപയോഗിച്ചത് അച്ഛയുടെ എക്കാലത്തേയും ഓർമ്മയ്ക്കായി എടുത്തു വയ്ക്കണമായിരുന്നു' എന്ന്. എനിയ്ക്കതിലൊന്നും വലിയ കാര്യം തോന്നിയില്ല. സ്നേഹിയ്ക്കേണ്ടത് ജീവനോടെയിരിക്കുമ്പോഴാണ്. മരിച്ചു പോയിട്ട് പ്രഹസനം പോലെ ഇങ്ങിനെയൊക്കെ ചെയ്യുന്നതിലെന്തർത്ഥം!!

പിന്നീട് അതേ കുറിച്ചാലോചിച്ചപ്പോഴാണ് ഇപ്പറഞ്ഞ സുഹൃത്ത് അയാളുടെ മുൻ കാമുകി ഉപയോഗിച്ച വസ്തുക്കൾ ഇപ്പോഴും വളരെ ഭദ്രമായി സൂക്ഷിയ്ക്കുന്ന കാര്യം ഓർമ്മയിൽ വന്നത്. ഇന്നും എവിടെയോ ജീവിച്ചിരിക്കുന്ന അവൾ ഉപയോഗിച്ച വസ്തുവകകൾ ഇത്ര ഭദ്രമായി അയാൾ സൂക്ഷിച്ചു വയ്ക്കുന്നതിൽ പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്.

 ഇപ്പോൾ മനസിലാകുന്നു; അയാളുടെ മനസിൽ അവൾ മരിച്ചതുകൊണ്ടായിരിക്കാം അവൾ ഉപയോഗിച്ച വസ്തുക്കളെല്ലാം ഇപ്പോഴും അയാൾ ഭദ്രമായി സൂക്ഷിയ്ക്കുന്നത്. പക്ഷേ ആ ആത്മാർത്ഥത അവളോട് യഥാർത്ഥത്തിൽ ഉണ്ടായിരുന്നെങ്കിൽ  ജീവിതത്തിൽ മറ്റ് കൂട്ട് തേടി അയാൾ പോകില്ലായിരുന്നു അവളെ മറന്ന്!!!

പിന്നെ ഇത്തരം പ്രഹസനങ്ങളിൽ എന്തർത്ഥമാണുള്ളത്??!!! ആരെയൊക്കെയോ ബോധിപ്പിക്കുവാനോ..??? അതോ തന്നെ കുറ്റപ്പെടുത്തുന്ന സ്വന്തം മനഃസാക്ഷിയെ വഞ്ചിയ്ക്കുവാനോ...

ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ....

ഒരുസമയം ഒത്തിരി സുഹൃത്തുക്കളുണ്ടായിരുന്നു എനിയ്ക്ക്. ആൺ സുഹൃത്തുക്കളും പെൺ സുഹൃത്തുക്കളും. പോകെ പോകെ അവരെല്ലാം എവിടെയൊക്കെയോ ആയി. പഴയതുപോലെ ബന്ധപ്പെടാറില്ല. ഇപ്പോൾ വളരെ കുറവ് സുഹൃത്തുക്കളേയുള്ളൂ. വിരലിലെണ്ണുകയാണെങ്കിൽ രണ്ട് കൈകളിലെ വിരലുകളും വേണ്ട. അത്ര കുറവ്. അവരിൽ എല്ലാവരും നല്ല സുഹൃത്തുക്കൾ തന്നെ.

എന്റെ എല്ലാ സുഹൃത്തുക്കളേയും എന്റെ അമ്മയ്ക്ക് വളരെ നന്നായറിയാം. 'പേര് കേട്ടാൽ മതി ഗുണനിലവാരമതിലടക്കം' എന്ന ചെട്ടിനാട് സിമന്റ് പരസ്യം പോലെയാണ് എന്റെ അമ്മയ്ക്ക് എന്റെ എല്ലാ കൂട്ടുകാരും. പേര് പറഞ്ഞാൽ മതി, അവരിലോരോരുത്തരുമായുള്ള എന്റെ ബന്ധത്തിന്റെ ആഴം എത്രയെന്ന് എന്റെ അമ്മയ്ക്കറിയാം. ഓരോ പുതിയ കൂട്ടുകാരെ പരിചയപ്പെടുമ്പോഴും ഞാൻ എന്റെ അമ്മയോട് അവരുടെ എല്ലാ വിവരങ്ങളോടും കൂടിയ ഒരു വിവരണം നൽകും.

ഈയടുത്ത കാലത്ത് രാഹുൽ (പേരുകൾ യഥാർത്ഥമല്ല) എന്ന എന്റെ ഒരു സുഹൃത്ത്  സാം കുട്ടി എന്ന എന്റെ മറ്റൊരു സുഹൃത്തിനെ കുറിച്ച് അപവാദം പറഞ്ഞു. ഞാനും സാം കുട്ടിയും തമ്മിൽ അവിഹിതമാണെന്ന്!! കേട്ടപ്പോൾ അന്നേരം ഒരു സങ്കടം തോന്നി. എന്റെ ഏറ്റവും അവശമായ ഒരു കാലത്ത് കേറിക്കിടക്കുവാൻ ഒരു സ്ഥലം പോലുമില്ലാഞ്ഞപ്പോൾ എനിയ്ക്ക് അഭയം നൽകിയവനാണ് സാം കുട്ടി. അവന്റെ കൂടെ നടക്കുമ്പോഴുള്ള സുരക്ഷിതബോധം ഒരിയ്ക്കൽ പോലും രാഹുലിന്റെയെന്നല്ല മറ്റൊരു ആൺസുഹൃത്തുക്കളുടെ കൂടെ നടക്കുമ്പോഴും എനിയ്ക്ക് തോന്നിയിട്ടില്ല. ഞാനത് രാഹുലിനോട് ഭാവിച്ചിട്ടില്ലെങ്കിലും. എന്തായാലും അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോൾ അമ്മ പറഞ്ഞു 'സാരമില്യ. അവന്റെ മനസിന്റെ പക്വത കുറവ് കൊണ്ട് പറഞ്ഞതാണെന്ന് കരുതി തള്ളിക്കളഞ്ഞേക്കൂ... നമുക്ക് നമ്മുടെ മനഃസാക്ഷിയെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി' എന്ന്. അതെ. അതങ്ങിനെ തള്ളിക്കളഞ്ഞു.

ഏതായാലും ഈയാഴ്ച ഞാൻ സാം കുട്ടിയെ കാണുവാൻ തീരുമാനിച്ചു. വളരെയേറെ മാസങ്ങളായി അവനെ കണ്ടിട്ട്. അതുകൊണ്ട് ഈയാഴ്ച തന്നെയാകട്ടെ കൂടിക്കാഴ്ച എന്ന് തീരുമാനിച്ചു. അവന്റെ ഇരുചക്രവാഹനത്തിൽ ഒരു സ്പീഡ് റൈഡും ശേഷം ഒരു ചെറിയ ഷോപ്പിംഗും കൂട്ടത്തിൽ നല്ലൊരു ഡിന്നറും കഴിഞ്ഞ് അവന്റെ വീട്ടിൽ തന്നെ രാത്രി കൂടാനാണ് പദ്ധതി. ഇതു വരെ സംഭവിയ്ക്കാത്തതൊന്നും ഇനിയും ഞങ്ങളുടെ ഇടയിൽ സംഭവിയ്ക്കുവാൻ പോകുന്നില്ല എന്ന ഉറപ്പുണ്ട്.

ഇനി എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.... ;)