പേജുകള്‍‌

2016 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

വസ്ത്രം

“മോള്‌ ആ വീട്ടിൽ പണിയ്ക്ക് വരുന്നതാണോ?”
“അല്ല. എന്തേ?”
“മോളെപ്പോഴും അവിടെ അടിച്ചു തുടച്ചും ചെടിയ്ക്ക് വെള്ളമൊഴിച്ച് നില്ക്കുന്നതുമൊക്കെ കാണാറുണ്ട്. അതുകൊണ്ട് ചോദിച്ചതാ”
“ഞാനവിട്യാ താമസിയ്ക്കുന്നത്”
“വേറാരാ കൂടെയുള്ളത്?”
“ആരുമില്യ. ഞാനൊറ്റയ്ക്കാ”
“അപ്പൊ എത്രയാ വാടക കൊടുക്കുന്നത്?”
“9,000”
“അത്രയ്ക്കുണ്ടോ? എത്ര റൂമാ?”
“ഒരു ബെഡ്രൂം, ഹാൾ പിന്നെ അടുക്കളയും ബാത്രൂമും”
“ഹൊ!! ഒറ്റയ്ക്ക് 9000 കൊടുക്കുന്നുണ്ടല്ലേ? അതിനുള്ളതൊക്കെ മോൾക്ക് കിട്ടുമോ?”
“ആ കുഴപ്പമില്ല”
“എത്ര കിട്ടും?”
“വല്യ തെറ്റില്ലാതെ ഒക്കെ കിട്ടുന്നുണ്ട്”
“എത്ര കിട്ടും?”
“എനിയ്ക്ക് ജീവിയ്ക്കാനുള്ളതും റെന്റ് കൊടുക്കാനുള്ളതുമൊക്കെ കിട്ടുന്നുണ്ട്”
“എത്ര? ഒരു 10,000 ഒക്കെ കിട്ടുമോ?”
ഒന്നും പറഞ്ഞില്ല.. ചിരിച്ചു. അതിനെ കുറിച്ച് പറയാൻ താല്പര്യമില്ല എന്ന് സൂചിപ്പിക്കുന്ന വിധത്തിൽ.
തിരിച്ചു പോരാൻ നേരം അവർ പിന്നെയും
“മോളെന്താ ചെയ്യുന്നത്?”
“ഞാനൊരു ചെറിയ ബിസിനസ് ചെയ്യുകാ.. പഠിയ്ക്കുന്നുമുണ്ട്. എൽ.എൽ.ബി.യ്ക്ക്”
“ഒഹ്!! ഞാൻ വിചാരിച്ചിരുന്നത് മോള്‌ വീടുകളിൽ പണി ചെയ്ത് ജീവിക്കുകാന്നാ...” എന്നിട്ടെന്റെ വസ്ത്രത്തിലേയ്ക്കൊന്ന് നോക്കി.
ഒന്നും മിണ്ടിയില്ല. അതിനും ചിരിച്ചുകൊണ്ട് ഞാൻ നടന്ന് നീങ്ങി.
അപ്പുറത്തെ സ്ട്രീറ്റിലെ ഫ്ലാറ്റിലുള്ള ഒരു
മലയാളി ചേച്ചി അവിടെ നിന്ന് നോക്കി എന്നെ അനലൈസ് ചെയ്തിരുന്ന കാര്യമാണ്‌. കുറച്ചു ദിവസം മുൻപ് കടയിൽ പോയപ്പോൾ അവരുമുണ്ടായിരുന്നു അവിടെ. അന്നേരം അവർ അവരുടെ അനലൈസിംഗ് ഒന്ന് അന്വേഷിച്ച് ഉറപ്പാക്കിയതാ. പക്ഷേ പാടെ തെറ്റിപ്പോയെന്നു മാത്രം.
അവിടന്നുള്ള തിരിച്ച് വരവിലാ ഞാനെന്റെ വസ്ത്രധാരണത്തെ കുറിച്ച് ചിന്തിച്ചത്. വല്യ പുതുമയൊന്നും തോന്നാത്ത - സാധാരണ ഇനീം ഇടാൻ പറ്റൂല എന്നവസ്ഥ വന്നാലെ ഞാൻ വസ്ത്രം പുതിയത് വാങ്ങാറുള്ളൂ - ഒരു സാധാരണ വസ്ത്രം. കയ്യിൽ കിട്ടുന്ന ടീ ഷർട്ടും 3/4 - ഉം ഇടും. അത് കൂറയാണോ പുതിയതാണോ എന്നൊന്നും നോക്കാറില്ല.
അത് തന്നെയിട്ട് അടുത്തുള്ള കടകളിലും മറ്റും ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഞാൻ പോകും. വസ്ത്രത്തിന്റെ ഭംഗിയെക്കുറിച്ചൊന്നും ഞാൻ ഒട്ടുമേ ആകുലപ്പെടാറില്ല എന്നതാണ്‌ സത്യം.
അങ്ങനെ കണ്ട് കണ്ടാണെന്ന് തോന്നുന്നു അവർക്ക് ഞാൻ വീട്ടുവേലയ്ക്ക് നടക്കുന്ന ആളാണെന്ന് തോന്നിയത്.
വസ്ത്രധാരണത്തിലൊക്കെ ഇത്രേം കാര്യങ്ങൾ ഉണ്ടെന്ന് അവരുമായുള്ള സംഭാഷണത്തിൽ നിന്ന് അന്നെനിയ്ക്ക് മനസിലായി. പക്ഷേ എന്ത് കാര്യം!! ഞാനിപ്പൊഴും പഴയപടി തന്നെ. എന്നെ എന്തിന്‌ തല്ലുന്ന്..? ഞാൻ നന്നാവൂല.

2016 ജൂലൈ 22, വെള്ളിയാഴ്‌ച

അനുഗ്രഹങ്ങൾ

മനസറിഞ്ഞ് നല്കുന്ന അനുഗ്രഹങ്ങൾ ചിലപ്പോൾ നമ്മുടെ കണ്ണുകൾ അറിയാതെ നിറയ്ക്കും.

ഇക്കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ അങ്ങനെയൊരനുഭവമുണ്ടായി. സെന്ററിലുള്ള ചെരുപ്പുകുത്തിയുടെ അടുത്ത് ചെരുപ്പ് നന്നാക്കാൻ നില്ക്കുമ്പോഴാണ്‌ റോഡിന്റെ അപ്പുറത്തെ വശത്ത് കൂടെ രമണി ടീച്ചർ പോകുന്നത് കണ്ടത്. അത് ടീച്ചർ തന്നെയല്ലേ എന്നുറപ്പ് വരുത്താൻ സൂക്ഷിച്ചു നോക്കി നില്ക്കുമ്പോൾ പെട്ടന്ന് ടീച്ചർ മുഖമുയർത്തി എന്നെ നോക്കി. എനിയ്ക്കൊരു വിശ്വാസമുണ്ട്. മനസിൽ ദൈവികതയുള്ളവർക്ക് തങ്ങളെ ആരെങ്കിലും അവരറിയാതെ ദൂരെ നിന്നായാൽ പോലും സൂക്ഷിച്ചു നോക്കിയാൽ കൃത്യം നോക്കുന്ന ആളുടെ നേർക്ക് നോട്ടം പായിയ്ക്കാൻ സാധിയ്ക്കും എന്ന്. ടീച്ചർ എന്നെ നോക്കിയപ്പോൾ ആ വിശ്വാസം ഒന്നുകൂടി ഉറച്ചു.

എന്നെ കണ്ടപ്പോൾ ടീച്ചറുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഞാൻ വേഗം റോഡ് മുറിച്ചു കടന്ന് ടീച്ചറുടെ അരികിലേയ്ക്ക്...
“അനുമോളേ.. നീ ഓരോ തവണയും കുഞ്ഞായി വരുകയാണല്ലോടീ..” എന്നും പറഞ്ഞാണ്‌ ടീച്ചറെന്റെ കയ്യിൽ പിടിച്ചത്. ഞാൻ നാലാം ക്ലാസിൽ എത്തിയപ്പോഴാണ്‌ രമണി ടീച്ചറും സുമന ടീച്ചറും പുതിയതായി ഞങ്ങളുടെ എസ്.ആർ.വി.സ്കൂളിൽ വന്നത്. സുമന ടീച്ചർ ഉടുക്കുന്ന സാരിയും അതുടുക്കുന്ന രീതിയും (മുന്താണി കണങ്കാലുവരെ നീട്ടി) ഞങ്ങൾ ആരാധിയ്ക്കുകയും ടീച്ചററിയാതെ സാരിയിൽ തെരുപ്പിടിച്ച് അഭിമാനത്തോടെ കൂട്ടുകാരെ നോക്കുകയും ചെയ്തിരുന്നപ്പോൾ, രമണി ടീച്ചറുടെ സൗന്ദര്യമായിരുന്നു ഞങ്ങൾ ആരാധിച്ചിരുന്നത്.
സ്കൂളിലെ കലാപരിപാടികളിലും, എന്നും ഏറ്റവും പിന്നിലായി അവസാനിപ്പിക്കുമെങ്കിലും കായികമൽസരങ്ങളിലും സജീവമായിരുന്നതിനാൽ സ്കൂളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. (“അനുമോൾ ഓടുന്നത് ഡാൻസ് കളിയ്ക്കുന്നത് പോലെയാണ്‌" എന്ന് പറഞ്ഞ് ചിരിച്ചിരുന്നു ടീച്ചർമാരും മാഷുമാരും. എങ്കിലും കായികമൽസരയിനങ്ങളിൽ പങ്കെടുക്കുന്നത് നിർത്തിയിരുന്നില്ല.)

വലുതായതിനു ശേഷം ബാംഗ്ലൂരിൽ നിന്ന് ഇടയ്ക്ക് നാട്ടിൽ ചെല്ലുമ്പോഴൊക്കെ സ്കൂളിൽ കയറി ടീച്ചർമാരെ കാണുക പതിവാണ്‌. ഓരോ തവണ കാണുമ്പോഴും എന്റെ കല്യാണക്കാര്യമായിരുന്നു വിഷയം. വേഗം കല്യാണം കഴിയ്ക്കൂ എന്ന ഉപദേശം മേമ്പൊടിയായുണ്ടാകും.
പിന്നീടറിഞ്ഞു രമണി ടീച്ചർ വിരമിച്ചു എന്ന്. കൂട്ടുകാരുമായുള്ള സംഭാഷണത്തിൽ നിന്ന് ടീച്ചറുടെ ഭർത്താവ് മരിച്ച വിവരവും അറിഞ്ഞു. അതിനുശേഷം ടീച്ചറെ വർഷങ്ങൾക്ക് ശേഷം കാണുകയാണ്‌. കയ്യിൽ പിടിച്ചു നിന്നുകൊണ്ട് ടീച്ചർ വിശേഷങ്ങൾ ചോദിയ്ക്കുകയും പറയുകയും ചെയ്തു.

സംസാരത്തിനിടയിൽ പെട്ടന്നെന്തോ ടീച്ചർ എന്നെ കയ്യിൽ പിടിച്ച് മെല്ലെ വലിച്ചടുപ്പിച്ചു. കയ്യിലെ പിടി വിട്ട് ടീച്ചർ വലതുകൈ കൊണ്ട് എന്റെ തലയുടെ പിന്നിലൂടെ എന്റെ മുഖം പിടിച്ചടുപ്പിച്ച് എന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചു. ഹൈവെയുടെ അരികിൽ നിന്നിട്ടാണിതെല്ലാം. ഞാൻ പെട്ടന്ന് ആ പഴയ അനുമോളായി മാറി. ടീച്ചറെ മുഖമുയർത്തി നോക്കിയപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞ വാൽസല്യം ഞാൻ കണ്ടു. രണ്ട് കൈകളും എന്റെ ശിരസിൽ വെച്ച് “നീ നന്നായി വരും മോളേ..” എന്ന് ടീച്ചർ പറഞ്ഞപ്പോൾ എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞു.

ടീച്ചറെ യാതൊരു പ്രകോപനവുമില്ലാതെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരുന്നു എന്നെനിയ്ക്കിപ്പോഴും മനസിലാകുന്നില്ല. ഇതിലും മുൻപ് എത്രയോ തവണ ഞാൻ ടീച്ചറെ കണ്ടിരിക്കുന്നു. അന്നൊന്നുമില്യാത്ത ഒരു അനുഭവം. മനസിൽ ഒരിയ്ക്കലും മറക്കാതെ ഇനിയുള്ള ജീവിതത്തിൽ ഉണ്ടായിരിക്കും...

നമ്മൾ എത്ര പ്രായമായാലും നമ്മുടെ അച്ഛനമ്മമാർക്കും നമ്മുടെ അധ്യാപകർക്കും നമ്മൾ എന്നും കുട്ടികളായിരിക്കും എന്ന് തിരിച്ചറിയുന്നു..

2016 ജൂൺ 29, ബുധനാഴ്‌ച

ജീവിതപങ്കാളി

കാമുകനിലൂടെ/ഭർത്താവിലൂടെ (കാമുകി/ഭാര്യയിലൂടെ) പരിചയപ്പെട്ട വ്യക്തിയോടാണ്‌  പങ്കാളിയേക്കാൾ വിശ്വാസവും സൗഹൃദവും എന്ന് മറുപങ്കാളിയായ സ്ത്രീ/പുരുഷൻ പറയുമ്പോൾ, ആ കാമുകൻ/ഭർത്താവ് (കാമുകി/ഭാര്യ)  എത്ര ദയനീയമായ പരാജയമാണല്ലേ?

ശരിയ്ക്കും സഹതാപം അർഹിയ്ക്കുന്നത്ര പരാജയം!!!

2016 മേയ് 23, തിങ്കളാഴ്‌ച

പടർപ്പൻ വള്ളികൾ

പടർപ്പൻ വള്ളികൾ പടർന്നു കൊണ്ടേയിരിക്കും. ഒരു മരം വെട്ടിക്കളഞ്ഞാലും പടർന്ന് കയറുവാനായി മറ്റൊരു മരം അത് തേടി കണ്ടുപിടിയ്ക്കുക തന്നെ ചെയ്യും.


2016 ജനുവരി 15, വെള്ളിയാഴ്‌ച

കടമ്പ് മരം... പിന്നെ മുല്ലവള്ളിയും


ഒരു പുഴക്കരയിലായിരുന്നു ആ കടമ്പ് മരം നിന്നിരുന്നത്. കാലങ്ങളോളമായുള്ള ആ നില്പിൽ പുഴയിൽ ഒരുപാട് വെള്ളം ഒഴുകി പോകുന്നത് കടമ്പ് മരം കണ്ടുനിന്നു...

അങ്ങനെയിരിക്കെ ഒരു മുല്ലവള്ളി കടമ്പ് മരത്തിനോട് കൂട്ടുകൂടാൻ വന്നു. തന്നിലേയ്ക്ക് ചാഞ്ഞ്, പതുക്കെ പടർന്ന് കയറാൻ തുടങ്ങിയ മുല്ലവള്ളിയോട് കടമ്പ് മരം ചോദിച്ചു. “പത്ത് വർഷം കഴിഞ്ഞാലും നീയെന്നോടൊപ്പം ഉണ്ടാകുമോ?”

“നമ്മൾ അപ്പോഴും ഇങ്ങനെ തന്നെയുണ്ടായിരിക്കും” മുല്ലവള്ളി കടമ്പ് മരത്തിനോട് കൂടുതൽ ചാഞ്ഞ്കൊണ്ട് പറഞ്ഞു. കടമ്പ് മരം ഒന്നും മിണ്ടാതെ അത് കേട്ട് നിന്നു.

കാലങ്ങൾ കടന്ന് പോയി. പുഴയിലെ വെള്ളം പിന്നെയും കുറേയേറെ ഒഴുകി പോയി. ഇതിനിടയിൽ മുല്ലവള്ളി കടമ്പ് മരത്തിൽ നിന്നും ഒഴിഞ്ഞ് അടുത്തുള്ള മറ്റ് മരങ്ങളിലേയ്ക്കെല്ലാം പടർന്ന് കയറുകയും ഇറങ്ങുകയും ചെയ്തു.

ഒടുവിൽ മുല്ലവള്ളി പുതുതായി വളർന്ന ഒരു തേന്മാവിലേയ്ക്ക് ചാഞ്ഞു.., പടർന്നു... കടമ്പ് മരം അപ്പോഴും മാറ്റമില്ലാതെ നിസ്സംഗതയോടെ അതും കണ്ടു നിന്നു.

തന്നിലേയ്ക്ക് പടർന്ന് കയറിയ മുല്ലവള്ളിയെ തേന്മാവ് സന്തോഷത്തോടെ തന്നിലേയ്ക്ക് സ്വീകരിച്ചു. പക്ഷേ...

മുല്ലവള്ളിയറിയാതെ, തേന്മാവ് അപ്പുറത്തെ കോളാമ്പിച്ചെടിയെ പ്രണയപൂർവം തന്റെ കൈകൾ നീട്ടി തലോടി...

കടമ്പ് മരം അപ്പോഴും ഒറ്റയ്ക്ക് തന്നെ നിന്നു... പങ്കാളിയുടെ അവിഹിതം ഏറ്റവും ഒടുവിൽ അറിയുന്ന ആൾ അവരുടെ മറുപങ്കാളിയാണെന്ന സത്യം മനസിലോർത്തുകൊണ്ട്... ഇതെല്ലാം കണ്ടിട്ടും കാണാതെ...



2015 ഡിസംബർ 3, വ്യാഴാഴ്‌ച

ഭീരുത്വം

ഭീരുത്വം പല തരത്തിലുണ്ട്, ഭീരുക്കളും. ഒളിച്ചോടുന്നവർ. ചിലർ ജീവിതത്തിൽ നിന്നും ഒളിച്ചോടുന്നു. ചിലർ യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നു. ചിലർ ബന്ധങ്ങളിൽ നിന്നും ചിലർ വാഗ്ദാനങ്ങളിൽ നിന്നും ചിലർ വ്യക്തികളിൽ നിന്നും ചിലർ ലോകത്തിൽ  നിന്നും തന്നെ ഒളിച്ചോടുന്നു.

ഞാനും ഭീരുവാണ്‌. വിവാഹം എന്ന യാഥാർത്ഥ്യത്തിൽ നിന്നും നിരന്തരം ഒളിച്ചോടുവാൻ പ്രവണതയുള്ള ഭീരു! സ്നേഹിയ്ക്കുകയും വിശ്വസിയ്ക്കുകയും ചെയ്ത വ്യക്തികളുടെ സുന്ദരമായ മുഖത്തിനും പെരുമാറ്റത്തിനും പിന്നിൽ മറഞ്ഞിരുന്ന രക്തമൊലിയ്ക്കുന്ന ദംഷ്ട്രകൾ പിന്നീട് അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതിൽ നിന്നും ഉരുത്തിരിഞ്ഞ ഭീരുത്വമാണെനിയ്ക്കത്.

ഇതുപോലെ, ഓരോ ഭീരുക്കൾക്കും തങ്ങളുടെ ഭീരുത്വത്തിന്റെ ന്യായീകരണമായി പറയുവാൻ കാരണങ്ങൾ ഉണ്ടാകും. പക്ഷേ ഓരോ ഒളിച്ചോട്ടങ്ങളുടേയും ആത്യന്തിക കാരണം, പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കുവാനുള്ള ഭയമാണ്‌.

മുഖാമുഖം വരുവാൻ സാധ്യതയുള്ള പ്രശ്നങ്ങളെ അഭിമുഖീകരിച്ചാൽ ന്തൂട്ടാണ്ടാവ്‌‍ാ എന്നൊരു ചിന്തയെ മനസിൽ ഊട്ടിയുറപ്പിച്ച് യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ചാൽ തീരാവുന്ന കാര്യങ്ങളേയുള്ളൂ!! അതിന്റെ ഫലം ചിലപ്പോൾ നല്ലതാകാം ചീത്തയാകാം. എന്നിരുന്നാലും അതും കടന്നു പോകും എന്ന് ചിന്തിച്ചാൽ.. ഇതിത്രയേ ഉണ്ടാകൂ എന്ന് വിശ്വസിച്ചാൽ... തീർന്നു എല്ലാ ഭീരുത്വവും. പക്ഷേ അങ്ങനെയൊന്നും ചിന്തിക്കുവാൻ മിനക്കെടുകയേയില്ല.

ഭീരുക്കൾ ഒളിച്ചോടിക്കൊണ്ടേയിരിക്കും. മറ്റുള്ളവരിൽ അവനവനോട് അവജ്ഞ സൃഷ്ടിച്ചുകൊണ്ട് ഓട്ടം തുടർന്നുകൊണ്ടേയിരിക്കും. 

2015 നവംബർ 29, ഞായറാഴ്‌ച

സുഷുപ്തി

രാവേറെ ചെല്ലുവോളം സംസാരിച്ചിരുന്ന് ഒടുവിൽ അവരൊരുമിച്ചാണ്‌ ഉറങ്ങാൻ കിടന്നത്. അവനും അവളും. അവന്റെ ബലിഷ്ഠമായ നീണ്ട ഇടത് കൈത്തണ്ടയിൽ തലവെച്ച് അവൾ കിടന്നു. അവളെ തന്റെ ഇടത് കൈകൊണ്ട് ചുറ്റി തന്നോട് ചേർത്ത് അവനും. 

തന്റെ ഗാഢമായ ഉറക്കത്തിലും, അവളെ ചുറ്റിയ കൈകൾ അയഞ്ഞ് പോകാതെ അവൻ.. അവൾ ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവന്റെ കൈവലയം അവളെ ഉപേക്ഷിയ്ക്കുന്നില്ലായിരുന്നു. അവന്റെ ബലിഷ്ഠമായ കൈയ്യിന്റെ സുരക്ഷിതത്വവും സ്നേഹവും ശ്രദ്ധയും അവൾ തൊട്ടറിഞ്ഞു. 

അയാളുടെ അബോധമനസിലും തന്നെക്കുറിച്ചുള്ള കരുതലുണ്ടല്ലോ എന്നവൾ ഉറക്കത്തിനിടയിലെ ഉണർച്ചയിലും ആനന്ദിച്ചു. താനാഗ്രഹിച്ചതുപോലെ ഒരാളുടെ കൂടെ, അവന്റെ കൈത്തണ്ടയിൽ തല വെച്ച് അയഞ്ഞുപോകാത്ത അവന്റെ കരവലയത്തിലൊതുങ്ങി ഏറ്റവും സന്തോഷത്തോടെ ചിലവഴിയ്ക്കുന്ന ഈ നിമിഷങ്ങളിൽ, താനാണിപ്പോൾ ഈ ലോകത്തിലെ ഏറ്റവും  വലിയ ഭാഗ്യവതി എന്ന ചിന്തയിൽ തന്നെ അവൾ ഗാഢമായ സുഷുപ്തിയിലലിഞ്ഞു ചേർന്നു.

സുഖസുഷുപ്തിയുടെ ആലസ്യത്തിൽ നിന്നും പ്രത്യേകമൊരു സന്തോഷത്തോടെയാണവൾ പിറ്റേന്ന് രാവിലെ ഉണർന്നത്. തന്റെയരികിൽ, തന്നെ ചുറ്റിയണച്ചു കിടന്നിരുന്ന അയാൾ എവിടെ..? അവൾ ആകുലതയോടെ ചുറ്റും പരതി നോക്കി. ആരുമില്ലായിരുന്നു അവിടെ. 

അപ്പോൾ... അപ്പോൾ മാത്രമാണവളറിഞ്ഞത്... അതൊരു സുന്ദര സ്വപ്നമായിരുന്നു എന്ന്.. വെറുമൊരു സ്വപ്നം മാത്രം...