പേജുകള്‍‌

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

സ്വർണ്ണയും ഞാനും പിന്നെ ചാരവും :)

ഓർമ്മ വെച്ചകാലം മുതൽ എന്റെ കൂട്ടുകാരിയാണ്‌ സ്വർണ്ണ. ഇളയച്ഛയുടെ മകൾ എന്നതിലുപരി എന്റെ ആത്മസഖിയാണവൾ.
അഞ്ച് ആറ്‌ വയസ്സുള്ളപ്പോഴാണെന്നാണോർമ്മ. അമ്മയുടെ ഉച്ചയുറക്കസമയത്ത് ഒറ്റയ്ക്കാകുന്ന ഞാൻ, ഒരുപറമ്പ് അപ്പുറത്തുള്ള വലിയ തറവാട്ടിലേയ്ക്ക് പോകുക പതിവായിരുന്നു. അമ്മയുടെ ഉറക്കം കണക്കാക്കി പമ്മി പമ്മിയാണ്‌ ഈ പോക്ക്. അവിടെ എന്നെ കാത്തിരിയ്ക്കാൻ സ്വർണ്ണയുണ്ട്. ഞങ്ങൾ രണ്ടും കൂടെ പറമ്പിലൊക്കെ കളിച്ചു നടക്കും. ഉറക്കമുണർന്ന് “മോളേ..” എന്ന് അമ്മ ഉറക്കെ എന്നെ തിരികെ വിളിയ്ക്കുന്ന ഒച്ച കേൾക്കുന്നതുവരെയും ആ കളിയങ്ങനെ നീളും. അമ്മയ്ക്കും അറിയാം എന്റെയീ പമ്മിപ്പോക്ക്. ഇടയ്ക്കൊക്കെ അമ്മ കള്ളയുറക്കം നടിച്ച്, എന്റെ യാത്രകളെ പാതിവഴിയിൽ നിർത്തുമായിരുന്നു. സ്വർണ്ണയുടെ വീട് വലിയ തറവാടിന്റെ കിഴക്കേലാണ്‌
അന്നും അങ്ങനൊരു ഉറക്കസമയമായിരുന്നു. ഞാൻ പമ്മി പമ്മി തെക്കേ പറമ്പ് കടന്നു ഒറ്റയോട്ടം വെച്ചുകൊടുത്തു. കാത്തിരിക്കുന്ന സ്വർണ്ണയുമായി തറവാട്ട് പറമ്പിൽ കറങ്ങി നടക്കുമ്പോഴാണ്‌ തെങ്ങിൽ ചുവട്ടിൽ ചവർ കത്തിച്ച ചാരം കണ്ടത്. ചാരത്തിൽ ചവിട്ടുന്നത് നല്ല സുഖമുള്ള ഏർപ്പാടാണ്‌. പതുപതുന്ന് കിടക്കുന്ന ചാരത്തിൽ ഇങ്ങനെ ചവിട്ടുക. രസമുള്ള ഒരു കളി.
ഒരു തെങ്ങിന്റെ തടത്തിൽ ചെന്ന് സ്വർണ്ണയെ നോക്കി. രാവിലെയോ മറ്റോ കത്തിച്ച ചാരമാണ്‌ എന്നാണ്‌ ധാരണ. അതുറപ്പിക്കാനായി അവളോട് ചോദിച്ചു. രാവിലെ കത്തിച്ചതാരിക്കും എന്നവളും. ചവിട്ടട്ടേ? എന്ന എന്റെ ചോദ്യത്തിന്‌ അവളുടെ പ്രോൽസാഹനം. അവൾക്ക് ചാരത്തിൽ ചവിട്ടുന്നതിലൊന്നും വല്യ താല്പര്യമില്ല. അതാണ്‌ എന്നെ പ്രോൽസാഹിപ്പിച്ചത്. പിന്നെ ഒന്നും ആലോചിച്ചില്ല. ചാരത്തിൽ വലത് കാലെടുത്ത് വെച്ചു. പതുപതുപ്പിലമരുന്ന സുഖത്തിനു പകരം നല്ല പൊള്ളൽ ആരുന്നു കിട്ടിയത്. ചവറൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട് അധികം നേരമായിട്ടില്ലാരുന്നു. ചാരം മൂടിക്കിടക്കുന്ന കനലായിരുന്നു അത്. പൊള്ളലിന്റെ നീറ്റത്തിൽ ഞാൻ അലറി തിരിഞ്ഞു നോക്കിയപ്പോൾ ഒരു പച്ചയുടുപ്പ് കിഴക്കേ പറമ്പിലേയ്ക്ക് പാഞ്ഞ് പോകുന്നത് മാത്രമാണ്‌ കണ്ടത്!!
അതിന്‌ ശേഷം എന്താണുണ്ടായത് എന്ന് എനിയ്ക്കോർത്തെടുക്കാൻ സാധിച്ചിട്ടില്ല. ആ സംഭവം ചിന്തിക്കുമ്പോഴൊക്കെ പറന്നു പോകുന്ന ഒരു പച്ചയുടുപ്പ് മാത്രമാണ്‌ മനസിലും കണ്ണിലും.
അന്ന് മനസിലാക്കിയ കാര്യമാണ്‌, സൗഹൃദം എത്ര ഗാഢമായാലും, അത് തരുന്ന പിന്തുണയിൽ, വസ്തുതകൾ മനസിലാക്കാതെ ഒന്നിലേയ്ക്കും എടുത്ത് ചാടരുത് എന്ന്.
അന്നും ഇന്നും എന്നും എന്റെ ഏത് കാര്യത്തിനും പിന്തുണയായി സ്വർണ്ണ എന്ന ആത്മസഖി എനിയ്ക്കൊപ്പമുണ്ട്. എങ്കിലും അന്ന് ലഭിച്ച ആ പാഠം... അത് വളരെ വിലപ്പെട്ട ഒന്നാണ്‌.
കുറിപ്പ്: ഇന്നും ഇടയ്ക്കിടക്ക് അവളെ അത് പറഞ്ഞ് ഞാൻ കുത്തിനോവിയ്ക്കാറുണ്ട്. “എന്നാലും നീയെന്നെ അവിടെയിട്ട് ഓടിപ്പോയില്ലേഡീ​‍ീ” എന്ന്. അത് കേൾക്കുമ്പോ അവൾക്ക് കുറ്റബോധം ഫീൽ ചെയ്യും. “അങ്ങനെ പറയല്ലേഡീ.. കുട്ടിയല്ലാരുന്നോ ഞാൻ. പേടിച്ചു പോയി” എന്ന് അവൾ 


2018, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

സന്നിവേശം

ഞാനുറങ്ങുകയായിരുന്നു... ശീലം പോലെ, കമിഴ്ന്നുകിടന്ന്.

പാതിരാ കഴിഞ്ഞിട്ടുണ്ടാകുമെന്ന് തോന്നുന്നു. ഗാഢനിദ്രയിലായിരുന്ന എന്റെ ദേഹത്തേയ്ക്ക് ഒരു കറുത്ത സത്വം അമർന്നു ചേർന്നു. ഞാനത് എന്റെ ദേഹത്ത് അനുഭവിച്ചറിയുന്നുണ്ട്. കട്ടിലിനരികിലിരുന്ന ടീപ്പോയിയിൽ കുത്തിച്ചാടിയാണ്‌ അതെന്റെ ദേഹത്തേയ്ക്ക് വീണത്. വലിഞ്ഞു മുറുകിയ പേശികളോട് കൂടിയ, മൊട്ടത്തലയും മെഴുമെഴാ ദേഹവുമുള്ള ഒരു കറുത്ത  സത്വം.

അതിന്റെ ഭാരം ഞാനെന്റെ മുതുകിൽ കൃത്യമായി അറിയുന്നുണ്ട്! അതെന്നിലേയ്ക്ക് സന്നിവേശിയ്ക്കുകയാണ്‌. അതലിഞ്ഞലിഞ്ഞ് എന്നിലേയ്ക്ക് അപ്രത്യക്ഷമാകുന്നതു പോലെ. എന്തോ, ഉറക്കത്തിൽ ഞാൻ “അമ്മേ നാരായണ, ദേവീ നാരായണ” എന്ന് ജപിക്കുവാൻ തുടങ്ങി. അതിന്റെ അലിഞ്ഞില്ലാതാവൽ അഥവാ സന്നിവേശിക്കൽ നിലയ്ക്കുന്നില്ല. മുക്കാലോളം അതെന്നിൽ സന്നിവേശിച്ചു കഴിഞ്ഞിരിക്കുന്നു!!

പെട്ടെന്നെന്തോ ഉൾ വിളി വന്നതു പോലെ ഞാൻ “കാളീ.. കാളീ.. മഹാകാളീ... ഭദ്രകാളീ... നമോസ്തുതേ..” എന്ന് ജപിക്കാൻ തുടങ്ങി. പൈശാചികശക്തികൾക്ക് ഭയം കാളിയെയാണ്‌ എന്നോ മറ്റോ മനസ് മന്ത്രിച്ചിരിക്കാം. എന്നിൽ മുക്കാലും സന്നിവേശിച്ചിരുന്ന അത്, ഒരു കുടച്ചിലോടെ പുറത്തേയ്ക്ക് വന്നു. അപ്പോഴും അതിന്റെ ഭാരം ഞാൻ മുതുകിലറിയുന്നുണ്ടായിരുന്നു!

എന്റെ ജപം പൂർവ്വാധികം ശക്തിയിലായി. അത്, എന്റെ വായ് മൂടി ജപം മുടക്കുവാൻ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. ഒരു വിധത്തിലും അതിനനുവദിയ്ക്കാതെ ഞാൻ പൊരുതിക്കൊണ്ടേയിരുന്നു, ജപം മുടക്കാതെ തുടർന്നുകൊണ്ടേയിരുന്നു... എത്ര നേരം ആ പോര്‌ നടന്നെന്നറിയില്ല. ഒടുവിൽ, ജപത്തിനിടയിൽ തന്നെ ഞാനതിനോട് ചോദിച്ചു “നീയാരാണ്‌? എന്താണ്‌ നിനക്ക് വേണ്ടത്? ചുമ്മാ ബലം പ്രയോഗിയ്ക്കാതെ ഒന്ന് സമവായത്തിൽ വാ.. എന്താ കാര്യം എന്ന് നമുക്ക് സംസാരിക്കാം” ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നു!! സ്വപ്നത്തിലായാലും ഉറക്കത്തിലായാലും അത്തരമൊരു സത്വത്തിനോട് സമവായം സംസാരിക്കാൻ പോയ ഞാൻ!!

ഒടുവിൽ ഞാൻ ആവർത്തിച്ചുകൊണ്ടേയിരുന്നത്, “നീയാരാണ്‌?” എന്ന ചോദ്യമായിരുന്നു. പിന്നെ ഞാൻ കേൾക്കുന്നത്,  എന്റെ ശബ്ദമാണ്‌. “നീയാരാണ്‌?” എന്ന് ഞാൻ ഉറക്കെ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു!

ഞാനത് കേട്ട് ഉറക്കത്തിൽ നിന്നും ബോധത്തിലേയ്ക്ക് വന്നു തുടങ്ങിയ ആ  നിമിഷം, എന്റെ ശരീരത്തിലെ ഭാരം ഒഴിഞ്ഞു പോയി. ഞാൻ പാതിബോധത്തിൽ നിന്നും പൂർണ്ണബോധത്തിലേയ്ക്ക് തിരികെയെത്തി, എന്റെ തന്നെ ചോദ്യം കേട്ടുകൊണ്ട്. പക്ഷേ, എഴുന്നേറ്റ് സമയം നോക്കാനുള്ള ധൈര്യമില്ലായിരുന്നു. കണ്ണിൽ ചുറ്റിയിരുന്ന റൗണ്ട് ക്യാപ്പ് പൊക്കി നോക്കാനും. (കിടക്കുമ്പോൾ കണ്ണിനു മുകളിൽ റൗണ്ട് ക്യാപ്പിട്ടിട്ടാണ്‌ കിടക്കാറ്‌). ആ ഇരുട്ടിൽ തന്നെ ഞാൻ അനങ്ങാതെ കിടന്നു. സത്യത്തിൽ ദേഹം അനക്കാൻ പോലുമുള്ള ധൈര്യം ശേഷിക്കുന്നില്ലാരുന്നു!! എണീറ്റ് പോയി മൂത്രമൊഴിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിയ്ക്കാവതില്ലായിരുന്നു!!!
പിന്നെ എപ്പൊഴോ അതേ കിടപ്പിൽ വീണ്ടും ഉറങ്ങിപ്പോയി.

നേരം വെളുത്തെണീറ്റ് നോക്കുമ്പോൾ അപ്പുറത്തെ മുറിയിൽ ഒരു പൂച്ച കിടക്കുന്നു. അവളീയിടെയായി എന്നോട് മിണ്ടീം പറഞ്ഞും ഇരിക്കാൻ വരാറുണ്ട്. ഇനിയിപ്പോൾ അവളെങ്ങാനും ജനൽ വഴി ചാടി പുതപ്പിനടിയിൽ ഞാൻ കിടക്കുന്നതറിയാതെ എന്റെ മേലെ കൂടി നടന്ന് പോയതാണോ... അതാണോ ഒരു ഭാരം ശരിയ്ക്കും മുതുകിൽ അനുഭവപ്പെട്ടത് എന്നറിയില്ല.

എന്തായാലും, ഇപ്പോഴും ആ കറുത്ത സത്വത്തിന്റെ രൂപം മനസിൽ ഉണ്ട്. അതെന്തായിരുന്നോ എന്തോ... എന്താണോ അങ്ങനെയൊരു സ്വപ്നം കണ്ടതാവോ...