കഞ്ചാവടിയ്ക്കുക
എന്നത് വർഷങ്ങളോളമായി എന്നെ പ്രലോഭിപ്പിച്ചിരുന്ന ഒരു
വസ്തുതയാണ്. പലപ്പോഴും പല സുഹൃത്തുക്കളും
കഞ്ചാവ് കയ്യിലെടുത്ത് തന്ന് പ്രലോഭിപ്പിച്ചിട്ടുണ്ട്. അന്നെല്ലാം അതിൽ
നിന്നും ഒഴിഞ്ഞു മാറാനായിരുന്നു മനസ്
പ്രേരിപ്പിച്ചത്. പക്ഷേ അടുത്തകാലത്ത് ഒരു
ആഗ്രഹം. വലിയ പാരാവാരങ്ങളൊക്കെ പറഞ്ഞു
കേൾക്കുന്ന കഞ്ചാവനുഭൂതി എന്തെന്നറിയണം എന്ന്. വിശ്വസിയ്ക്കാവുന്ന ഒരു
സുഹൃത്തിനോട് കാര്യം പറഞ്ഞു. അവൻ
സംഘടിപ്പിക്കാമെന്ന് സംഗതി ഏറ്റു. സമയവും
കാലവും സ്ഥലവും എല്ലാം മുൻകൂർ തീരുമാനിച്ച്
പദ്ധതി പ്രകാരം പുറപ്പെട്ടു. ഒരു
വെള്ളിയാഴ്ച ഉച്ചയ്ക്ക്.
എം.
മുകുന്ദൻ എന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ
'ഹരിദ്വാരിൽ മണിമുഴങ്ങുന്നു' എന്ന നോവൽ പണ്ടെങ്ങോ വായിച്ചപ്പോൾ
മുതൽ മനസിൽ മുട്ടി
നിന്നിരുന്ന ഒരു മോഹമാണ്
സാക്ഷാത്ക്കരിയ്ക്കുവാൻ പോകുന്നത് എന്നതിന്റെ ആവേശവും
ഉള്ളിലുണ്ടായിരുന്നു.
മനസിൽ ഒരുപാട് ഭാവനകളായിരുന്നു!! കഞ്ചാവടിച്ച്
പറന്നു നടക്കുന്ന ഞാൻ.. അതെങ്ങിനെയായിരിക്കും
എന്ന ആകാംക്ഷ, അങ്ങിനെയങ്ങിനെ...
പോകുന്ന വഴിയ്ക്ക് വേണ്ടപ്പെട്ട ഒരു
സുഹൃത്തിനെ കണ്ടു. ഞാൻ അദ്ദേഹത്തെ
കാണുന്നത് അന്ന് രണ്ടാമത്തെ തവണയായിരുന്നു
എങ്കിലും ആ രണ്ടാമത്തെ
തവണ അയാൾ എന്നെ
കണ്ടു. അത് മനസിലാക്കിയിട്ടും
കാണാത്ത മട്ടിൽ എന്റെ വണ്ടി
ഞാൻ നിർത്താതെ യാത്ര
തുടർന്നു. ചെയ്തതെല്ലാം ചെയ്തില്ല എന്നും പറഞ്ഞതൊന്നും
പറഞ്ഞില്ല എന്നുമൊക്കെ ആരെയൊക്കെയോ ബോധ്യപ്പെടുത്തുവാൻ തത്രപ്പെടുന്ന അദ്ദേഹത്തെ ഞാനായിട്ട് ബുദ്ധിമുട്ടിയ്ക്കണ്ടാ
എന്ന് കരുതി.
സുഹൃത്തിന്റെ
വീട്ടിലെത്തിയപ്പോഴേയ്ക്കും, കൂടിക്കാഴ്ചയെ തുടർന്ന് ലഭ്യമായ പരിഭവസന്ദേശത്തിൽ മനസുരുക്കാതെ കൂട്ടുകാരനെ പാചകത്തിൽ സഹായിയ്ക്കുവാൻ ഞാനും
കൂടി. കൂട്ടുകാരൻ
പാചകം ചെയ്ത ചോറും കറിയും
വയറു നിറയെ കഴിച്ച്
സ്റ്റാമിന കൂട്ടി. കഞ്ചാവ് എന്നത്
എന്തോ വലിയ ഒരു സംഭവമാണ്
എന്ന എന്റെ ചിന്ത
ഭക്ഷണം നന്നായി കഴിയ്ക്കുവാൻ പ്രേരിപ്പിച്ചു.
ഭക്ഷണം കഴിച്ച് ആ വിശുദ്ധകർമ്മത്തിലേയ്ക്ക്
കടന്നു!!
ആദ്യമായി കഞ്ചാവ് വലിയ്ക്കുന്നവർ 'ഭം
ഭം മഹാദേവ!!' എന്ന്
പ്രാർത്ഥിയ്ക്കണം എന്ന സുഹൃത്തിന്റെ ഉപദേശം
ശിരസ്സാവഹിച്ചു. അവനിത് രണ്ടാമത്തെ അനുഭവമായിരുന്നു.
എങ്ങാനും കഞ്ചാവടിച്ച് ഞാനെന്ന തുടക്കക്കാരി കിറുങ്ങുകയാണെങ്കിൽ
കെട്ട് വിടുവിക്കാൻ വേണ്ടി തൈര്, ചെറുനാരങ്ങ
തുടങ്ങിയ സാമഗ്രികൾ അവൻ സൂക്ഷിച്ചിരുന്നു.
അങ്ങിനെ സുഹൃത്തിന്റെ ഉപദേശപ്രകാരം 'ഭം ഭം
മഹാദേവ!!' എന്ന് പ്രാർത്ഥിച്ച് അവൻ
നീട്ടിയ കഞ്ചാവ് ബീഡി വലിയ്ക്കുവാൻ
തുടങ്ങി, ഭയഭക്തി ബഹുമാനപുരസ്സരം!
വലിച്ചപ്പോൾ
പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇനി വലിയ്ക്കുന്നതു
ശരിയാവാത്തതുകൊണ്ടായിരിക്കാം എന്ന ചിന്തയിൽ ആഞ്ഞാഞ്ഞ്
വലിച്ചു. അവന്റെ കണ്ണുകളിൽ കലക്കത്തിന്റെ
ചുവപ്പുരാശി തെളിഞ്ഞു തുടങ്ങിയിരുന്നു.
'എടാ.. നിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നു'
എന്ന് ഞാൻ ഓർമ്മിപ്പിച്ചു.
'എനിയ്ക്ക്
ഏതാണ്ട് പോലെയൊക്കെ തോന്നുന്നുണ്ട്' എന്ന്
അവൻ. ഒരേയൊരു കഞ്ചാവ്
ബീഡിയുണ്ടായിരുന്നത് തീർന്നപ്പോഴേയ്ക്കും അവൻ കിറുങ്ങി
തുടങ്ങിയിരുന്നു. ഞാനപ്പോഴും ഒരു കുഴപ്പവുമില്ലാതെ
പയറുമണി പോലെ ഒന്നും തോന്നാതെ
ഇരുന്നു. അവൻ അടുക്കളയിൽ
പോയി ഒരു ഗ്ലാസ്
വെള്ളം കുടിച്ച് ഉടൻ തന്നെ
സ്വീകരണമുറിയിലെ സോഫയിൽ കിടന്നു. ഞാൻ
അടുത്തിരുന്ന കസേരയിലിരുന്ന് അവനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
നിരീക്ഷിച്ചുകൊണ്ടിരുന്നു.
'എടാ.. നിനക്ക് ഇപ്പോൾ എന്താ
തോന്നുന്നത്?' ഞാൻ ചോദിച്ചു.
അവൻ ചിരിച്ചു. ഒരുമാതിരി
റിലേ വിട്ട ചിരി!
'അധികം ചിരിയ്ക്കണ്ടാ. നിർത്താൻ പറ്റില്ല എന്നാ
കേട്ടിരിക്കുന്നത്' ഞാൻ പറഞ്ഞു.
'എനിയ്ക്ക്
ചിരിയുടെ ഞരമ്പുകളിൽ എന്തൊക്കെയോ തോന്നുന്നു'
എന്നവൻ.
'എന്ത് തോന്നുന്നു?'
'എന്തോ തോന്നുന്നു.' (പിന്നീടവൻ പറഞ്ഞു ആ എന്തോ തോന്നലിന്റെ പേര് ഇക്കിളി എന്നായിരുന്നു എന്ന്!!)
'എങ്കിൽ നീ ഇനി
ചിരിക്കണ്ടാ, നിർത്താൻ പറ്റിയില്ലെങ്കിലോ..?'
അവൻ ചിരി നിയന്ത്രിച്ചു. എന്നിട്ടും
ഒരു പുഞ്ചിരി അവന്റെ
മുഖത്ത് തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു.
'ഇപ്പോൾ നിനക്കെന്ത് തോന്നുന്നെടാ? നീ കിറുങ്ങിയോ?'
'ഉവ്വ്. ഞാൻ കിറുങ്ങി.
എന്റെ തലയുടെ ഭാരം ഇല്ലാതായിരിക്കുന്നു'
'ഓഹോ.. കിറുങ്ങാൻ വന്ന ഞാനപ്പോ
ശശിണിയായിലേ? ദാ അവൻ
കിറുങ്ങിക്കെടക്കുന്നു!!' അവൻ മായാത്ത
പുഞ്ചിരിയുമായി കിടന്നതേയുള്ളൂ.
'എടാ നിനക്കിപ്പോൾ എന്ത് തോന്നുന്നു?' വീണ്ടും
എന്റെ ചോദ്യം.
'എന്റെ ദേഹത്തിന്റെ ഭാരം പോയി.' അവന്റെ
മറുപടി.
കുറച്ച് കഴിഞ്ഞു വീണ്ടും എന്റെ
ചോദ്യം.
'എന്റെ കാലിന്റെ ഭാരം പോയി.'
അല്പസമയത്തിനുശേഷം
വീണ്ടും ചോദ്യം.
'ഇപ്പോൾ ഞാൻ പറന്നു
നടക്കുകയാ... എന്തൊരു സുഖം'
കേട്ടപ്പോൾ
കൊതിതോന്നിപ്പോയി!! പറന്നു നടക്കാൻ വന്നത്
ഞാൻ!! പറന്നു നടന്നത് അവൻ!!!
ഞാനങ്ങിനെ മിഴുങ്ങസ്യാന്ന് അവനെയും നോക്കിയിരുന്നു. അവന്റെ
കൺപോളകളിൽ ഉറക്കം തത്തിക്കളിയ്ക്കുന്നത് ഞാൻ
കണ്ടു.
'ഉറക്കം വരുന്നെങ്കിൽ
ഉറങ്ങിക്കോടാ' എന്ന് ഞാൻ പറഞ്ഞു. അപ്പോഴും മുഖത്തെ മായാത്ത പുഞ്ചിരിയുമായി അവൻ കിടന്നു.
കുറച്ചുനേരം
ഞാൻ പുറത്തു പോയി
നിന്നു. തലയ്ക്ക് പിടിയ്ക്കാനായി തല
കുടഞ്ഞു നോക്കി. കുനിഞ്ഞിരുന്നപ്പോൾ അവന്
തലയ്ക്ക് എന്തോ തോന്നുന്നു എന്ന്
പറഞ്ഞ ഓർമ്മ വെച്ച് ഞാനും
തല കുനിച്ചിരുന്നു. ഒരു
രക്ഷയുമില്ല!!
ആകെ തോന്നിയത് എന്റെ കൺപോളകളിൽ
ഘനം വെച്ചുവരുന്ന ഉറക്കഭാരമാണ്.
വന്നുനോക്കിയപ്പോൾ അവൻ പതുക്കെ
ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നു. മുൻ_വശത്തെ വാതിലടച്ച് വെളിച്ചവും
കെടുത്തി ഞാൻ അകത്തെ
മുറിയിൽ പോയി കിടന്നു. കിടന്നതേ
ഓർമ്മയുണ്ടായുള്ളൂ. പിന്നെ എണീറ്റപ്പോൾ സന്ധ്യയായിരുന്നു.
ഒന്നുമറിയാതെ തുടർച്ചയായി രണ്ട് മണിക്കൂർ ഉറങ്ങി.
എപ്പോൾ ഉറങ്ങിയാലും, അതെത്ര കുറഞ്ഞ നേരത്തേയ്ക്കാണെങ്കിൽ
പോലും ഒരുപാട് സ്വപ്നം കാണുന്നവളാണ്
ഞാൻ. മാത്രമല്ല കാണുന്ന
സ്വപ്നങ്ങളൊക്കെ ഉണർന്നാൽ വ്യക്തമായി ഓർക്കുകയും
ചെയ്യും. പക്ഷേ അന്ന് ഞാൻ
യാതൊരു സ്വപ്നങ്ങളുമില്ലാതെ ശാന്തമായും സമാധാനത്തോടെയും ഉറങ്ങി.
അന്ന് എന്റെ ഉറക്കത്തിൽ നിന്നും
എനിയ്ക്ക് നഷ്ടപ്പെട്ട എന്റെ സ്വപ്നങ്ങൾ ഇതുവരെയും
തിരിച്ചു കിട്ടിയിട്ടില്ല എന്നതാണ് കഞ്ചാവടിയിൽ നിന്നും
എനിയ്ക്കുണ്ടായ ഫലം. പറഞ്ഞു കേട്ടതു
പോലെ മറ്റൊരു അനുഭൂതിയും
എനിയ്ക്കതിൽ നിന്നും കിട്ടിയില്ല!!! ഇതാണോ
ഒരുപാട് കൊട്ടിഘോഷിയ്ക്കപ്പെട്ട കഞ്ചാവനുഭൂതി??!!!